ADVERTISEMENT

മുൻ പ്രധാനമന്ത്രിയെ കാണാൻ സുഹൃത്തുക്കൾ എത്തിയപ്പോൾ അദ്ദേഹം അവർക്കു നൽകിയത് ശർക്കരച്ചായ. പഞ്ചസാരയിട്ട ചായ കൊടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, റേഷൻ വിഹിതമായി കിട്ടുന്ന പഞ്ചസാര പരിമിതം. അതുകൊണ്ടാണു ശർക്കരയിട്ട ചായ നൽ‌കി സൽക്കരിച്ചത്. പ്രധാനമന്ത്രിയുടെ അവസ്ഥ മനസ്സിലാക്കിയ സുഹൃത്തുക്കൾ പിന്നീട് അദ്ദേഹത്തെ കാണാൻ ചെല്ലുന്നത് പഞ്ചസാരപ്പൊതികളുമായിട്ടായിരുന്നു. 

പ്രധാനമന്ത്രി പദം ഒഴിഞ്ഞ് കാൽ‌ നൂറ്റാണ്ട് തികയും മുൻപ്, 1972 ജൂൺ 15ന് ആ പ്രധാനമന്ത്രി മരിച്ചതു ജന്മനാട്ടിൽ തന്നെയുള്ള വാടകവീട്ടിൽ!  പഴയ കൊച്ചി രാജ്യത്ത് നിയമ സമാധാന മന്ത്രിയും ഒരു വർഷത്തോളം പ്രധാനമന്ത്രിയുമായിരുന്ന ടി.കെ.നായർ എന്ന തിരുവില്വാമലക്കാരൻ തൊഴൂർ കൃഷ്ണൻ നായരുടെ കഥയാണിത്. 

തിരുവില്വാമല കൂട്ടാല നാരായണൻ നായരുടെയും തൊഴൂർ മാധവി അമ്മയുടെയും മകനായി 1896 മേയ് 22ന് ജനിച്ച ടി.കെ.നായരെക്കുറിച്ച് തിരുവില്വാമലക്കാർക്കു പോലും ഇന്ന് അധികമൊന്നും അറിയില്ല. കൊച്ചി മുൻ പ്രധാനമന്ത്രിയുടെ പേരിൽ എടുത്തുപറയാവുന്ന ഒരു സ്മാരകം പോലും ജന്മനാട്ടിൽ ഇല്ല. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന ആ പ്രധാനമന്ത്രിക്ക് അധികമാരും ശ്രദ്ധിക്കാത്ത ഒരു പഞ്ചായത്ത് റോഡ് മാത്രമാണ് ഏക സ്മാരകം. റോഡിന്റെ തുടക്കത്തിലുള്ള ഫലകത്തിൽ ടി.കെ.നായരുടെ പേരു വായിക്കുന്നവർ, ഒരു പ്രധാനമന്ത്രിയെയാണ് ആ ഫലകം ഓർമപ്പെടുത്തുന്നതെന്നു പറഞ്ഞാൽ ചിരിച്ചു തള്ളും. ആ പ്രധാനമന്ത്രിയുടെ 125ാം ജന്മവാർഷികമാണു വരുന്നത്. 

പക്ഷേ, ടി.കെ.നായരെ എന്നെന്നും മലയാളി ഓർമിക്കാൻ പോന്ന ഒരു സ്മാരകം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ വികെഎൻ പതിറ്റാണ്ടുകൾക്കു മുൻപേ സമ്മാനിച്ചിട്ടുണ്ട്. പിതാമഹൻ എന്ന നോവലിലെ സർ ചാത്തു എന്ന കഥാപാത്രം ടി.കെ.നായരെയും അദ്ദേഹത്തിന്റെ അച്ഛൻ കൂട്ടാല നാരായണൻ നായരെയും സന്നിവേശിപ്പിച്ചു സൃഷ്ടിച്ചതാണ് എന്ന് തിരുവില്വാമലക്കാർക്കെല്ലാം അറിയാവുന്ന കഥ. ടി.കെ.നായരുടെ ബന്ധു കൂടിയാണ് വികെഎൻ. 

VKN
വികെഎൻ

കൊച്ചി തുറമുഖത്തെത്തിയ അരി വിഷൂചികാ ബാധിതമായ പൊന്നാനി വഴിക്കാണു കൊണ്ടുവന്നത് എന്ന കാരണത്താൽ ഇറക്കാൻ സമ്മതിക്കാത്ത ആരോഗ്യവകുപ്പ് കംഷ്ണറുടെ നടപടിയിൽ പ്രതിഷേധിച്ച് പുഴക്കരത്തറവാട്ടിൽ ചാത്തു നായർ അരി കൂട്ടിയിട്ടു കത്തിക്കുന്നതാണു പിതാമഹന്റെ ആദ്യ അധ്യായം. അത് യഥാർഥത്തിൽ നടന്ന സംഭവം തന്നെയെന്ന് ടി.കെ.നായരുടെ സഹോദരീപുത്രന്റെ മകൾ എൺപതുകാരി കീഴേപ്പാട്ട് ശ്രീദേവി സക്ഷ്യപ്പെടുത്തുന്നു. ടി.കെ.നായരുടെ അച്ഛൻ നാരായണൻ നായരാണ് ആ കൃത്യം ചെയ്തത്. 

പിതാമഹനിൽ പിന്നീടു വിവരിക്കുന്ന സന്ദർഭങ്ങളെല്ലാം അച്ഛന്റെയോ മകന്റെയോ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെ. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണം സംബന്ധിച്ചുള്ള രസകരമായ കഥാസന്ദർഭങ്ങളെല്ലാം ചേലക്കര മണ്ഡലത്തിൽ ടി.കെ.നായരുടെ പ്രചാരണത്തിനിടെ ഏറിയും കുറഞ്ഞും സംഭവിച്ചതു തന്നെയെന്നും ശ്രീദേവി. 

നാരായണൻ നായരുടെ പ്രമാണിത്തവും ഗാംഭീര്യവും ആണ് സർ ചാത്തുവിൽ കാണുന്നതെങ്കിൽ, നോവലിലെ സന്ദർഭങ്ങൾ മിക്കതും ടി.കെ.നായരുടെ ജീവിതത്തിലേതാണ്. അധികാരത്തിന്റെ പാരമ്യത്തിൽ എത്തിയപ്പോഴും ടി.കെ.നായർ വിനയാന്വിതനായിരുന്നു. വിനയത്തിന്റെ പാരമ്യത്തിൽ വിക്ടോറിയ മഹാറാണി ചാത്തുവിനു സർ സ്ഥാനം കൽപിച്ചരുളിയ കഥയാണു പിതാമഹൻ എന്ന് വികെഎൻ ആദ്യഖണ്ഡികയിൽ തന്നെ പറയുന്നത് ടി.കെ.നായരെ മനസ്സിൽ കണ്ടാണെന്നു തീർച്ച. യഥാർഥത്തിൽ നായർക്കു ലഭിച്ചത് റാവു ബഹാദൂർ പദവി ആയിരുന്നു. നോവലിൽ അത് സർ പദവിയായി എന്നു  മാത്രം. 

ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ മൗണ്ട് ബാറ്റൻ പ്രഭു കൊച്ചി രാജ്യം സന്ദർശിക്കാൻ എത്തിയപ്പോൾ പത്നി ലേഡി മൗണ്ട് ബാറ്റനു പ്രധാനമന്ത്രി ടി.കെ.നായരെ പരിചയപ്പെടുത്തിയത് അദ്ഭുത മനുഷ്യൻ എന്നാണ്. 

അദ്ദേഹത്തെ അടുത്തറിയുന്ന ആർക്കും ഗവർണർ ജനറലിന്റെ ആ പരിചയപ്പെടുത്തലിൽ അദ്ഭുതം തോന്നില്ല. കുടുംബസ്വത്ത് ആയി ഓട്ടുകമ്പനിയും കമ്പനി ബംഗ്ലാവ് എന്ന് അറിയപ്പെട്ടിരുന്ന വീടും സ്വന്തം നിലയിൽ തുടങ്ങിയ സിനിമാ തിയറ്റർ അടക്കം അനേകം സംരംഭങ്ങളും എല്ലാം ഉണ്ടായിരുന്ന ടി.കെ.നായർ ഒടുക്കം എങ്ങനെ വാടകവീട്ടിൽ എത്തി എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ആ അദ്ഭുത മനുഷ്യന്റെ രാഷ്ട്രീയ ജീവിതം. രാഷ്ട്രീയ പ്രവർത്തനത്തിനും നാട്ടിലെ ക്ഷേമ പ്രവർത്തനങ്ങൾക്കും വികസനങ്ങൾക്കുമായി കയ്യിലെ സ്വത്തു വിറ്റ ടി.കെ.നായർ രാഷ്ട്രീയം ഉപജീവനമാക്കിയവരെ മാത്രം പരിചയമുള്ള ഇന്നത്തെ കാലത്ത് അന്നത്തെക്കാൾ വലിയ അദ്ഭുതമാണെന്ന് അദ്ദേഹത്തിന്റെ മറ്റൊരു സഹോദരീപുത്രിയായ കമലമ്മ പറയുന്നു. 

1925ൽ നിലവിൽ വന്ന കൊച്ചി നിയമസഭയിൽ, ആദ്യത്തേത് ഒഴിച്ചുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം ചേലക്കര മണ്ഡലത്തിൽ നിന്നു വിജയിച്ചത് ടി.കെ.നായർ ആയിരുന്നു. തിരഞ്ഞെടുപ്പു കാലത്തെല്ലാം അദ്ദേഹത്തിന്റെ ഉപദേശനിർദേശങ്ങൾ തേടി മറ്റു പല മണ്ഡലങ്ങളിലെയും സ്ഥാനാർഥികളും നേതാക്കളും തറവാട്ടിൽ എത്തിയിരുന്നതായി തിരുവില്വാമലയിലു​ള്ള അദ്ദേഹത്തിന്റെ അനന്തരവൾ മാധവിക്കുട്ടി ഇപ്പോഴും ഓർക്കുന്നു. 1947 ഓഗസ്റ്റ് 14ന് ദിവാന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന വകുപ്പുകൾ സാമാജികർക്കു വിട്ടുകൊടുത്തതോടെ ടി.കെ.നായർ നിയമ സമാധാന വകുപ്പു മന്ത്രിയായി. ഒക്ടോബറിൽ പനമ്പിള്ളി ഗോവിന്ദ മേനോൻ പ്രധാനമന്ത്രി പദം രാജി വച്ചതോടെ ടി.കെ.നായർ പ്രധാനമന്ത്രിയായി. മന്ത്രിയായിരിക്കെ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം കണക്കു നോക്കാതെയാണു പണം ചെലവഴിച്ചതെന്ന് അന്നത്തെ രാഷ്ട്രീയ എതിരാളികളും സമ്മതിച്ച കാര്യമാണ്. 

തിരുവില്വാമലയിലെ ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തോടു ചേർന്നുള്ള വില്വമലയിൽ ഇന്നുള്ള കൂറ്റൻ ശുദ്ധജല ടാങ്കും അതിൽ നിന്നുള്ള വിതരണ പൈപ്പുകളും ഒക്കെ അദ്ദേഹം മന്ത്രിയായിരിക്കെ സ്ഥാപിച്ചവയാണ്. ഭാരതപ്പുഴയിൽ നിന്ന് അധികം ദൂരെയല്ലെങ്കിലും കുടിവെള്ളം കിട്ടാക്കനിയായിരുന്ന, മലയോടു ചേർ‌ന്നുള്ള ഈ പ്രദേശങ്ങളിൽ അത് അന്നത്തെ എത്ര വലിയ ജനകീയ ആവശ്യമായിരുന്നുവെന്ന് അടുത്ത തിരഞ്ഞെടുപ്പി‍ൽ അദ്ദേഹത്തിന്റെ പ്രചാരണഗാനം കേട്ടാലറിയാം. 

ഓടുന്ന ഭാരതവെള്ളം

‘മലപ്പുറ’ത്തോടു–

മാറാക്കിയ ധന്യശീലൻ!!

.................................................

പച്ചമരതകപ്പെട്ടി നിറയ്ക്കുവാൻ

കച്ച കെട്ടീടുവിൻ നാട്ടുകാരേ... 

ഓരോ സ്ഥാനാർഥിക്കുമുള്ള വോട്ട് ഓരോ പെട്ടിയിൽ ഇട്ട് വോട്ടെടുപ്പ് നടത്തിയിരുന്ന അക്കാലത്ത് ടി.കെ.നായരുടെ പെട്ടി പച്ചനിറത്തിലായിരുന്നു. ആ തിരഞ്ഞെടുപ്പിൽ പീപ്പിൾസ് കോൺഗ്രസ് അമ്പേ പരാജയപ്പെട്ടപ്പോഴും ചേലക്കരയിൽ പച്ചപ്പെട്ടി നിറഞ്ഞു. പക്ഷേ, പാർട്ടിയുടെ തിരഞ്ഞെടുപ്പു പരാജയത്തെ തുടർന്ന് 1948 സെപ്റ്റംബർ 19ന് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. 

TK-with-mount-batton
കൊച്ചി സന്ദർശനത്തിനെത്തിയ ഗവർണർ ജനറൽ മൗണ്ട് ബാറ്റൻ പ്രഭുവിനും പത്നി ലേഡി മൗണ്ട് ബാറ്റനുമൊപ്പം ടി.കെ.നായർ

കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര ശുഭകരമല്ലെന്ന് അദ്ദേഹം മനസ്സിലാക്കിയത് മന്ത്രിപദം ഒഴിഞ്ഞപ്പോണ്. രാഷ്ട്രീയ പ്രവർത്തനം തന്റെ കുടുംബസ്വത്തും സംരംഭങ്ങളും നോക്കിനടത്തുന്നതിനു തടസ്സമാവുകയായിരുന്നു എന്ന തിരിച്ചറിവിലാണ് ടി.കെ.നായർ സജീവ രാഷ്ട്രീയത്തിൽ നിന്നു പിൻവാങ്ങിത്തുടങ്ങിയത് എന്നു പറഞ്ഞാൽ ഇന്നത്തെ കാലത്തിന് അതു വലിയൊരു തമാശയായി തോന്നാം. പൊതുപ്രവർത്തനം വഴി കൈവന്ന ബാധ്യതകൾ തീർക്കാനാണ് ഓട്ടുകമ്പനിയും ഭൂസ്വത്തിന്റെ വലിയൊരു ഭാഗവും വിറ്റത്. തിരഞ്ഞെടുപ്പു ചെലവുകൾ കണ്ടെത്തുന്നതിനായി നായർ എഴുതിക്കൊടുത്ത പ്രോ നോട്ട് ഉപയോഗപ്പെടുത്തി ഒരു സുഹൃത്ത് ഭൂസ്വത്ത് ജപ്തി ചെയ്തെടുത്തതോടെ തകർച്ച പൂർണമായി. 

വീണ്ടും തിരഞ്ഞെടുപ്പിനു നിൽക്കാൻ കൊച്ചിയിലെയും തിരുവിതാംകൂറിലെയും പല നേതാക്കളും അദ്ദേഹത്തെ വീണ്ടും പ്രോത്സാഹിപ്പിച്ചപ്പോൾ, ജനസേവനത്തിനായി ഇനി വിൽക്കാൻ ഭൂമിയില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. 

ഗവൺമെന്റിലേക്ക് അളക്കാൻ ഉറപ്പു നൽകിയ 10,000 പറ നെല്ലു മുളച്ചു പോയതിനെ തുടർന്ന് സർക്കാരിനോടു കടക്കാരനാവുകയുമുണ്ടായി ഈ പ്രധാനമന്ത്രി. ഭാര്യ അമ്മുക്കുട്ടിയുടെ ചികിത്സയ്ക്കു വേണ്ടി ധാരാളം പണം കണ്ടെത്തേണ്ടി വന്നപ്പോഴും പഴയ ബന്ധങ്ങൾ പറഞ്ഞ് സൗജന്യങ്ങൾക്കോ ആനുകൂല്യങ്ങൾക്കോ അദ്ദേഹം ശ്രമിച്ചില്ല. ഭാര്യയുടെ മരണശേഷം 1964ൽ അദ്ദേഹം സൗഹൃദവലയത്തെ വിട്ട് തൃശൂരിൽ വാടക വീടു കണ്ടെത്തി അഞ്ജാതവാസത്തിനു പോയി. ചെയ്തു പോയ തെറ്റുകൾ ഒളിച്ചു വയ്ക്കാനുള്ള അഞ്ജാതവാസമല്ല; പ്രതാപത്തോടെ കഴിഞ്ഞിരുന്ന നാട്ടിൽ എല്ലാം നഷ്ടപ്പെട്ട് അനാഥനാവാൻ വയ്യാത്തതിന്റെ അഞ്ജാതവാസം. 

ലോറി വാങ്ങി വാടകയ്ക്കു നൽകി വരുമാനം കണ്ടെത്താനായിരുന്നു ഇക്കാലത്തു ശ്രമം. പക്ഷേ, 2 വർഷത്തിനു ശേഷം അദ്ദേഹം തിരുവില്വാമലയിലേക്കു തന്നെ മടങ്ങി. നാടിനോടുള്ള നായരുടെ അഭിനിവേശം ദുരഭിമാനബോധത്തെ തോൽപ്പിച്ചു. എല്ലാ മനുഷ്യർക്കും സ്വന്തം നാട് അങ്ങനെയാണെന്നു തന്നെ ടി.കെ.നായർ കരുതിയിരുന്നുവെന്നത് സർ ചാത്തുവിനെ സൃഷ്ടിച്ചപ്പോൾ വികെഎനും മനസ്സിലാക്കിയിരിക്കണം. കൊച്ചി ദിവാൻ പദവി ഒഴിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ആവാൻ പോകുന്ന നിക്സൺ പ്രഭുവിനെപ്പറ്റി സർ ചാത്തു നിരൂപിക്കുന്നത് ഇങ്ങനെയാണ്: ‘‘കൊച്ചി ദിവാന്റെ പദവി ഒരു അമേരിക്കൻ പ്രസിഡന്റിനു സ്വപ്നേപി ചിന്തിക്കാൻ കഴിയില്ലെങ്കിലും സ്വന്തം നാട്ടിലാണല്ലോ ജോലി എന്നൊരാശ്വാസമുണ്ട്. നിത്യവും വീട്ടിൽ നിന്നു പോയി വരാം.’’ 

നാട്ടി‍ൽ തിരിച്ചെത്തിയ ടി.കെ.നായർ പിന്നെ വാടകവീടു കണ്ടെത്തി അവിടെയായി താമസം. തിരഞ്ഞെടുപ്പിനു നിൽക്കുന്നവരും സാമാജികരും പല പല ഉപദേശങ്ങൾ തേടി അദ്ദേഹത്തെ വന്നു കണ്ടുകൊണ്ടിരുന്നു അക്കാലത്തും. ആ വീട്ടിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. അന്തിയുറക്കത്തിനു കിടന്ന അദ്ദേഹം പിറ്റേന്നു രാവിലെ ഉണർക്കമുണർന്നില്ല. 

ബന്ധുനിയമനങ്ങളും സ്വജനപക്ഷപാതവും രാഷ്ട്രീയത്തിന്റെ പര്യായമായി മാറുന്ന കാലം മുൻകൂട്ടി കണ്ടാണോ ടി.കെ.നായർ രാഷ്ട്രീയത്തിൽ നിന്നു നേരത്തേ വിട്ടുനിന്നത് എന്നു സംശയിച്ചാൽ തെറ്റില്ല. റേഷൻ വ്യാപാരിയായിരുന്ന തന്റെ അടുത്ത ബന്ധു കരിഞ്ചന്ത കേസിൽ പെട്ടപ്പോൾ അദ്ദേഹത്തെ രക്ഷിക്കാനായി പല ഭാഗത്തു നിന്നു സമ്മർദങ്ങൾ ഉണ്ടായിട്ടും മന്ത്രിയുടെ അധികാരം ഉപയോഗിക്കാൻ തയാറായില്ല ടി.കെ.നായർ.

ബന്ധുനിയമനത്തിനുള്ള മന്ത്രിയുടെ ‘അധികാരം’ വിനിയോഗിക്കുമെന്നു കരുതി എത്തിയ ബന്ധുവിനോട്, അർഹതയുണ്ടെങ്കിൽ കിട്ടും എന്നു പറയാൻ ആർജവം കാണിച്ച സൗമ്യനായിരുന്നു ടി.കെ.നായർ. വയസ്സു തികയും മു‍ൻപേ മകൾ മരിച്ചപ്പോൾ മരുമകൻ ഗോവിന്ദനെയാണ് അനന്തരാവകാശിയുടെ സ്ഥാനത്തു കണ്ടിരുന്നത്. ഗോവിന്ദന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൻ കൃഷ്ണൻകുട്ടിയായി ടി.കെ.നായരുടെ സന്തതസഹചാരി. കൃഷ്ണൻകുട്ടിക്കു ജോലി നൽകാൻ തയാറാണെന്നും ടി.കെ.നായരുടെ ശുപാർശക്കത്തു മാത്രം മതിയെന്നും പറഞ്ഞു സമീപിച്ചവരെ, ‘‘അരുതാത്തത് ചെയ്യാൻ എന്നെ നിർബന്ധിക്കരുതേ’’ എന്ന അപേക്ഷയോടെ മടക്കുകയായിരുന്നു മുൻപ്രധാനമന്ത്രി. 

നാമക്കലിലെ അദ്ദേഹത്തിന്റെ എസ്റ്റേറ്റ് വാങ്ങിയവർ മാസങ്ങൾക്കു ശേഷം അദ്ദേഹത്തെ കാണാനെത്തി. അളവിൽ കൂടുതൽ ഭൂമി കൈമാറിയിട്ടുണ്ടെന്നും അതു തിരിച്ചു രേഖയിലാക്കി തരാമെന്നും പറഞ്ഞ് എത്തിയ അവരെ അദ്ദേഹം സ്നേഹപൂർവം തിരിച്ചയച്ചു. കാലം പോകെപ്പോകെ മൗണ്ട് ബാറ്റന്റെ അന്നത്തെ വാക്കുകൾക്കു ശക്തി കൂടുന്നു; അദ്ഭുത മനു​ഷ്യൻ!! 

എന്നാൽ, നിയമസഭയ്ക്കകത്ത് ഈ മനുഷ്യൻ അത്ര സൗമ്യനായിരുന്നില്ല എന്നു തെളിയിക്കുന്നവയാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ. കൊച്ചിൻ മുനിസിപ്പൽ ബില്ലിനെക്കുറിച്ചുള്ള പ്രസംഗത്തിൽ  ദിവാൻ സർ ഷൺമുഖം ചെട്ടിക്കെതിരെ അദ്ദേഹം ആഞ്ഞടിക്കുന്നുണ്ട്. സഭയ്ക്കുള്ള അധികാരങ്ങൾ കവർന്നെടുക്കുകയാണ് ദിവാനെന്നും തെറ്റു പറ്റിയാൽ അതു തുറന്നു സമ്മതിക്കാനുള്ള മനഃസ്ഥിതിയാണു ഭരണാധികാരികൾക്കു വേണ്ടതെന്നും അദ്ദേഹം ആ പ്രസംഗത്തിൽ പറയുന്നുണ്ട്. ഇതേ ദിവാൻ, ചുമതല കൈമാറിപ്പോകുന്ന വിവരം രഹസ്യമായി അറിഞ്ഞ നായർ അദ്ദേഹം പോകുന്ന വഴി ചെറുതുരുത്തിയിൽ വച്ചു കണ്ടുമുട്ടി ഹൃദ്യമായ യാത്രയയപ്പു നൽകിയതും ചരിത്രം.

പിതാമഹനിൽ സർ ചാത്തു അടക്കം 101 പേർ പന്തം കൊളുത്തി ലക്കിടിയിൽ ട്രെയിൻ തടഞ്ഞ് ട്രെയിനിന് അകത്തുണ്ടായിരുന്ന ദിവാനു യാത്രയയപ്പു നൽകുന്ന രംഗം ഈ സംഭവത്തിന്റെ അതിഭാവുകത്വം കലർന്ന ഒരു വികെഎൻ ഭാവന മാത്രം. ആശയങ്ങളുടെ പേരിൽ വിമർശനം ഉന്നയിക്കുന്നവർ അതിന്റെ ബാക്കിയായി തെരുവിൽ ഏറ്റുമുട്ടുന്ന കാലത്തോടു യോജിക്കാൻ ആവാത്തതിനാലാവാം ടി.കെ.നായർ നേരത്തേ രാഷ്ട്രീയം വിട്ടത്. 

കൊച്ചി നിയമസഭയും ടി.കെ.നായരും

മൊൺടേഗ് ചെംസ്ഫോഡ് ഭരണ പരിഷ്കാരമനുസരിച്ച് 1925ൽ കൊച്ചിയിൽ നിയമസഭ നിലവിൽ വന്നു. നികുതിദായകർക്കു മാത്രം വോട്ടവകാശമുള്ള അക്കാലത്ത് 30 പേരെയാണ് സഭയിലേക്കു തിരഞ്ഞെടുത്തിരുന്നത്. (സീറ്റുകളുടെ എണ്ണം പിന്നീട് കൂട്ടി). ആദ്യത്തെ തിരഞ്ഞെടുപ്പിനു ശേഷം എല്ലാ തിരഞ്ഞെടുപ്പിലും ചേലക്കര മണ്ഡലത്തിൽ നിന്നു ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് ടി.കെ.നായർ ആയിരുന്നു. 

1947 ജൂലൈയിൽ കൊച്ചിയിൽ ഉത്തരവാദ ഭരണം ഏർപ്പെടുത്തേണ്ടതാണെന്ന് ഇടക്കാല പ്രധാനമന്ത്രി  ജവാഹർ  ലാൽ നെഹ്റുവിന്റെ നിർദേശം എത്തി. ദിവാന്റെ നിയന്ത്രണത്തിലായിരുന്ന നിയമ സമാധാനം, ധനകാര്യം വകുപ്പുകൾ ജനകീയ മന്ത്രിമാർക്കു വിട്ടു കൊടുത്തു കൊണ്ടുള്ള വിളംബരം ഓഗസ്റ്റ് 14ന് കൊച്ചിരാജാവ് പുറപ്പെടുവിച്ചു. നിയമ സമാധാന വകുപ്പ് തന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയിരിക്കുമെന്നും വിശ്വസ്തനായ ആൾക്കു മാത്രമേ വിട്ടു കൊടുക്കുകയുള്ളൂ എന്നും രാജാവു തീരുമാനമറിയിച്ചു. 

പനമ്പിള്ളി ഗോവിന്ദമേനോൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിസഭയിൽ നിയമ സമാധാന വകുപ്പിന്റെ ചുമതല പീപ്പിൾസ് കോൺഗ്രസിലെ ടി.കെ.നായർക്കായിരുന്നു. 1947 ഒക്ടോബറിൽ രാജേന്ദ്രമൈതാനത്തു നടന്ന ലാത്തിച്ചാർജ് സംബന്ധിച്ച് അന്വേഷണം വേണമെന്ന പനമ്പിള്ളിയുടെ ആവശ്യത്തെ നിയമ മന്ത്രി ടി.കെ.നായർ  നിരാകരിച്ചതു വിവാദമായി. അങ്ങനെ പനമ്പിള്ളിയും മറ്റു മന്ത്രിമാരും രാജിവച്ചു. തുടർന്ന് 1947 ഒക്ടോബർ 27ന് ടി.കെ.നായർ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കൊച്ചി രാജ്യത്ത് ക്ഷേത്രപ്രവേശന വിളംബരം ഈ മന്ത്രിസഭയുടെ കാലത്താണ്. 

1948 സെപ്റ്റംബറിൽ പുതിയ കൊച്ചി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 43 സ്ഥാനങ്ങൾ കൈക്കലാക്കി പ്രജാമണ്ഡലം ആധിപത്യം നേടി. പീപ്പിൾസ് കോൺഗ്രസ് 4 സ്ഥാനങ്ങളിൽ മാത്രമേ വിജയിച്ചുള്ളു. അതിൽ ടി.കെ.നായരും ഉൾപ്പെട്ടിരുന്നു. പാർട്ടിയുടെ തിരഞ്ഞെടുപ്പു പരാജയത്തെ തുടർന്ന് 1948 സെപ്റ്റംബർ 19ന് നായർ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.

(‌ടി.കെ.നായരുടെ ജീവചരിത്രം പുറത്തിറക്കാനായി അന്തരിച്ച തിരുവില്വാമല വില്വതിലകം സി. രാ‌ഘവൻ നായർ തയാറാക്കിയ കയ്യെഴുത്തുപ്രതികൂടി അവലംബിച്ചു തയാറാക്കിയത്)

English Summary: Sunday special story on life of T.K. Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com