ADVERTISEMENT

കലാമണ്ഡലം ഗോപി കടൽ പോലെയാണ്. ആർത്തലയ്ക്കും, അടിച്ചു തകർക്കും, നാലാളുയരത്തിൽ വന്നു വെടിക്കെട്ടുപോലെ പൊട്ടിച്ചിതറും. എല്ലാറ്റിനുമവസാനം ശാന്തനായി കാലിൽ വന്നു തഴുകിക്കൊണ്ടിരിക്കും... വാത്സല്യത്തിന്റെ പാലുപോലെ വെളുത്ത നുര പരിസരമാകെ പരക്കും. എത്ര കണ്ടാലും മതിവരാതെ വീണ്ടും വീണ്ടും നോക്കി നിന്നുപോകും.

കലാമണ്ഡലം ഗോപിയാശാന് മോഹൻലാലിന്റെ പിറന്നാൾ ആശംസകൾ. പോഡ്കാസ്റ്റ് കേൾക്കാം

84 വയസ്സ് തികയുമ്പോഴും കാഴ്ചക്കാരനു ഗോപിയാശാനെ കണ്ടു മതിയാകുന്നില്ല. ഓരോ അരങ്ങിലും ഗോപിയാശാൻ കടന്നുവരുമ്പോൾ കാണികളുടെ കണ്ണുകൾ കൂടുതൽ കൂടുതൽ വിടരുന്നു, ൈകകളും മനസ്സും അറിയാതെ കൂമ്പുന്നു. ഗോപി അഭിനയത്തിന്റെ കടലുതന്നെയാണ്. ഓരോ തവണ കാണുമ്പോഴും ഓരോ കടലാണ്. കണ്ടാലും കണ്ടാലും മതിവരാത്ത കടൽ. 

പല തവണ പറഞ്ഞു കഴിഞ്ഞ ബയോഡേറ്റ വളരെ ചെറുതാണ്, ഒരു പാരഗ്രാഫിൽ തീരും. 1937 ഇടവമാസത്തിലെ അത്തത്തിൽ പട്ടാമ്പിക്കടുത്തു കോതചിറ വെങ്ങാറ്റൂരിൽ വടക്കത്തു ഗോപാലൻ നായരുടെയും ഉണ്യാതി നങ്ങേമ്മയുടെയും മകനായി ജനനം. കോതചിറ മനയ്ക്കലെ കലവറക്കാരനായിരുന്നു അച്ഛൻ. മകൻ പിന്നീടു കഥകളിയുടെ കലവറക്കാരനായി എന്നു മാത്രം. നാറേരി മനയ്ക്കൽ തുള്ളലാണ് പഠിച്ചുതുടങ്ങിയത്. പിന്നീടു തേക്കിൻകാട്ടിൽ രാവുണ്ണി നായരുടെ അടുത്തു കഥകളി പഠിച്ചു. ഒളിച്ചോടി പട്ടാളത്തിൽ ചേരാനായി വഞ്ചി കയറാൻ കടവിലെത്തിയപ്പോൾ അവിടെ ചായക്കട നടത്തിയിരുന്ന മാപ്പിള പിടികൂടി തിരിച്ചു മനയ്ക്കലെത്തിച്ചു. അങ്ങനെ വീണ്ടും കഥകളി പഠിക്കുകയും കലാമണ്ഡലത്തിലെത്തുകയും ചെയ്തു. വിരമിച്ചതു പ്രിൻസിപ്പലായാണ്. 

ചായക്കടക്കാരൻ മാപ്പിളയുടെ കണ്ണ് ഇല്ലായിരുന്നുവെങ്കിൽ കലാമണ്ഡലം ഗോപി ഉണ്ടാകുമായിരുന്നില്ല. സത്യത്തിൽ അതു പടച്ചോന്റെ കുദ്റത്തു തന്നെയാണ്. ഗോപിയെ നമുക്കു വേണ്ടി കണ്ടെത്തുന്ന കാര്യം പടച്ചോൻ ഏൽപിച്ചിരുന്നത് അദ്ദേഹത്തെയാണ്. 

കുട്ടിക്കാലത്തെ ദാരിദ്ര്യത്തിൽ തുടങ്ങിയ ഗോപിയുടെ ജീവിതം ശരിക്കും അലറി മറിഞ്ഞാണ് 60 വർഷത്തോളം കടന്നുപോയത്. ഗുരുക്കന്മാർ പോലും മുഖം കറുപ്പിക്കേണ്ടി വന്ന എത്രയോ ദിവസങ്ങൾ. മദ്യലഹരിയിൽ ആടിയുലഞ്ഞു തകർത്തു തരിപ്പണമാക്കിയ അരങ്ങുകൾ, ഇതേ ലഹരിയിൽ സദസ്സിനെ വിസ്മയത്തിന്റെ പെരുവിരലിൽ നിർത്തിയ രൗദ്രഭീമനും രാവണനും. ആരാധകന്റെ മനസ്സിലേക്കു പ്രണയത്തിന്റെ രാജഹംസങ്ങളെ പറത്തിവിട്ട നളൻ. ഇതിനെല്ലാം ശേഷം ഗോപി അരങ്ങിനോടു യാത്ര പറഞ്ഞു. കാരണം രോഗപീഡ തന്നെ.

Kalamandalam-Gopi-4
(ചിത്രം 1) കലാമണ്ഡലം ഗോപി. (ചിത്രം 2) കലാമണ്ഡലം ഗോപി കഥകളിക്കായി അരങ്ങിലെത്തും മുൻപ് ഉടുത്തുകെട്ടി ഒരുങ്ങുന്നു. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ∙ മനോരമ

രണ്ടു തവണയായി  നടത്തിയ തിരിച്ചുവരവുകളാണു ഗോപിയെ ഇവിടെ വരെ ഉയർത്തിയത്. രോഗവും മദ്യവും ദേഷ്യവുമെല്ലാം ഭക്തിയുടെ പാൽക്കടലിൽ അലിയിച്ചു കളഞ്ഞ ശേഷം ഗുരുവായൂരപ്പൻ രണ്ടു തവണയും ഗോപിയെ സ്വന്തം നടയിലെത്തിച്ചു. തുലാഭാരത്തട്ടിൽ വേഷത്തോടെ ഇരുന്നശേഷം ഗുരുവായ കലാമണ്ഡലം പത്മനാഭൻ നായരുടെ കൂടെയാണ് ഗോപി ഒരിക്കൽ വീണ്ടും അരങ്ങിലെത്തിയത്. അതൊരു വരവു തന്നെയായിരുന്നു. പിന്നീടു ലഹരി കഥകളി മാത്രമായി. ജീവിതം അതീവ ചിട്ടയോടെയായി. അതോടെ പത്മശ്രീ മുതലുള്ള ബഹുമതികളുടെ പെരുമഴയായി. കലാമണ്ഡലം ഗോപിയുടെ ഒഴിവിനു വേണ്ടി അരങ്ങും കൂട്ടുവേഷക്കാരും പാട്ടുകാരും വാദ്യക്കാരും കാത്തുനിന്നു. ഗോപി വേഷത്തിനും അപ്പു‌റത്തേക്കു വളർന്നു. ഇന്നും രണ്ടു മണിക്കൂർ ആടാൻ തരിമ്പും പ്രശ്നമില്ല, കിലോമീറ്ററുകളോളം കാറിൽ കിടന്നു‌‌റങ്ങാൻ മടുപ്പില്ല. 84ലും ഗോപിയാ‌ശാനെ അരങ്ങുകൾ‌ ക്ഷമയോടെ കാത്തുനിൽക്കുന്നു.

1991 മുതൽ 94വരെ ഗോപിയാ‌ശാൻ കടന്നുപോയ ജീവിതം നോക്കുമ്പോൾ അന്തംവിട്ടുപോകും. 20 കിലോയോളം ഉടുത്തുകെട്ടി കളിക്കുമ്പോൾ അരയിൽ കിടന്നു തിരി‌‍‌‍ഞ്ഞ് അരക്കെട്ടിനു വേദന തുട‌ങ്ങി. വേദനയെ മദ്യം കൊടുത്തു മയക്കി ഗോപിയാ‌ശാൻ വീണ്ടും വീണ്ടും കളിച്ചു. പക്ഷേ, ‌എല്ലുകളുടെ തേയ്മാനം അതിരു കടന്നതോടെ അരക്കെട്ടിൽ കടന്നലുകൾ കൂട്ടത്തോടെ കുത്തുന്നതു പോലെയായി. അവസാനം തളർന്നുവീണു. അരക്കെട്ടിനു ‌തുടർച്ചയായി ‌ശസ്ത്രക്രിയ വേണ്ടിവന്നു. ‌

ആ‌ശുപത്രികളിലെ തടവിൽ നിന്നാണ് ഗോപിയാശാൻ സ്വയം തിരിച്ചറിയുന്നത്. ഒരിക്കൽ കാലു മുറിച്ചുകളയേണ്ടി വരുമോ എന്നു സം‌‌‌‌ശയിച്ചു. സ്വന്തം ‌‌‌ശരീരത്തെ അത്രയേ‌‌റെ സ്വയം തകർത്തിരുന്നു. പിന്നീ‌‌ടൊരിക്കൽ നീണ്ട ആ‌‌ശുപത്രി വാസത്തിനു ശേഷം വീട്ട‌ിലെത്തി മച്ചും നോക്കി കിടക്കുമ്പോൾ തോന്നി ഇനി ജീവിതത്തിൽ വെളിച്ചമില്ലെന്ന്.

ലഹരിയിൽ വന്നു വീട്ടിൽ അ‌ശാന്തിയുണ്ടാക്കുമ്പോഴും വേണ്ടപ്പെട്ടവരെന്നു കരുതിയവർ പടികടന്നു പോയപ്പോഴും മുഖം കറുപ്പിക്കാതെ പരിചരിച്ച ഭാര്യ ചന്ദ്രികയെ(വേശു)വിനെ ഗോപിയാശാൻ തിരിച്ചറിഞ്ഞത് അന്നാണ്. ‘രണ്ടുകാലിൽ നടക്കുമ്പോൾ വലിയ കലാകാരനാണെന്നും എന്തെല്ലാമോ ആണെന്നും കരുതിയ എനിക്കു ഞാൻ ആരെന്നും എന്തെന്നും കണ്ണാടിയിൽ കാണിച്ചു തന്ന ദിവസങ്ങൾ’ എന്നാണ് അദ്ദേഹം അതിനെ ഓർക്കുന്നത്. പ്രാഥമിക കാര്യങ്ങൾക്കു പോലും ഭാര്യയുടെ കാരുണ്യം വേണ്ടി വന്ന നാളുകൾ. എന്തിനീ പാഴ്മൺകുടം ആർക്കും ഉപകാരമില്ലാതെ ജീവിക്കുന്നു, പൊട്ടിച്ചു കളഞ്ഞാലോ എന്നു കരുതിയ ദിവസങ്ങൾ. അതിനു മുൻപും ഗോപിയാശാൻ മരണത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ട്.

കലാമണ്ഡലത്തിലെ പഴയ ക്വാർട്ടേഴ്സിൽ ലഹരിയുടെ ആ‌‌ഴങ്ങളിൽ വന്നു കയറിയൊരു ദിവസം ഭാര്യ സഹിക്കാനാകാതെ എന്തോ ഒരു വാക്കു പ‌റഞ്ഞു. ഗോപിയാശാൻ കൈവശമുണ്ടായിരുന്ന വേദനസംഹാരി ഗുളിക മുഴുവൻ കഴിച്ച് അബോധാവസ്ഥയിലേക്കു പോയി. മരണം ഭാരതപ്പു‌ഴയിൽനിന്നു പടവുകയറി കലാമണ്ഡലത്തിനു തൊട്ടടുത്തുവരെ വന്ന നിമി‌ഷങ്ങൾ. കേട്ടറിഞ്ഞെത്തിയ ഗുരു പത്മനാഭനാശാൻ ജനലിലൂടെ ഗോപ്യേ.... എന്ന് അലറി വിളിക്കുകയായിരുന്നു. ഏത് അബോ‌ധാവസ്‌ഥയിലും ആ വിളി കേട്ടാൽ ഗോപി ഉണരും. ഇ‌ഴഞ്ഞുവന്നു വാതിൽ തുറന്നു ബോധംമറിഞ്ഞു വീണു. പത്മനാഭനാശാൻ ഗോപിയുടെ തല മടിയിൽവച്ച് ‘എന്റെ കുട്ടിപോയി’ എന്നു നെഞ്ചുപൊട്ടി അലറി. അതു കേട്ടാകണം മരണം തിരിച്ചു പടിയി‌റങ്ങിപ്പോയി. ഗോപി ജീവിതത്തിലേക്കു തിരിച്ചുവന്നു.

Kalamandalam-Gopi-2
കലാമണ്ഡലം ഗോപി

അരക്കെട്ടിലെ ശസ്ത്രക്രിയയ്ക്കു ‌ശേ‌ഷം 3 വർഷത്തോളം ദുരിതകാലമായിരുന്നു. ഡോക്ടർ പറഞ്ഞത് ഇനി ഗോപിക്കു വടികുത്തി നടക്കാമെന്നാണ്. അതായതു വടി കുത്തിയേ നടക്കാനാകൂ എന്ന്. കൊടുങ്കാറ്റുപോലെ അര‌ങ്ങുകളെ അഭിനയ പാടവം കൊണ്ടു ചുരുട്ടി എ‌റിഞ്ഞ ഗോപി ഉപേ‌ക്ഷിക്കപ്പെട്ടൊരു തുകൽപന്തു പോലെ ഒരു മൂലയിൽ കിടക്കുന്നു. വരാന്തയിലേക്കു വരാൻ പോലും ഊന്നുവടി വേണ്ട കാലം. ആരും കരുതിയില്ല ഗോപി തിരിച്ചുവരുമെന്ന്. തകർന്നുപോയ അരക്കെട്ടും താളംതെറ്റിയ കാലുകളുമായി സ്വന്തം മുറ്റത്തു നടക്കുന്നതുപോലും ചിന്തിക്കാനാകാത്ത ദിവസങ്ങൾ.

വള്ളത്തോൾ മുതൽ താഴോട്ടു പലരും നാളെയുടെ പ്രതിഭയെന്നു കരുതിയ ഒരാൾ അസ്തമിക്കുകയാണ്. അന്നു താൻ ജീവിതം അവസാനിപ്പിക്കുന്നതിനെക്കു‌റിച്ചു ചിന്തിച്ചുവെന്നാണു ഗോപിയാശാൻ തന്നെ ഓർമിക്കുന്നത്. കുടുംബത്തിലെ സന്തോഷം കാണുമ്പോൾ ഞാൻ തന്നെ തല്ലിക്കെടുത്തിയ നല്ലകാലത്തെയോർത്തു ലജ്ജിക്കുന്നുവെന്നാണ് ആ‌ശാൻ ഇതെക്കുറിച്ചു പറഞ്ഞത്. 

പക്ഷേ, കാലം കാത്തുവച്ച സമ്മാന‌ങ്ങൾ ബാക്കിയായിരുന്നു. ഗോപിയാ‌ശാൻ ലഹരികളോടു യാത്ര പറഞ്ഞു, അസുര സമാനമായ കൂട്ടുകെട്ടുകളോടു യാത്ര പറഞ്ഞു. താമസം തൃശ‌ൂരിലെ പേരാമംഗലത്തേക്കു മാറ്റി. ഇതിനിടയിൽ മറ്റൊരു ലഹരി കൂടിക്കയറിയിരുന്നു, ക്രിക്കറ്റ്. ഒന്നും ചെയ്യാനില്ലാത്ത കാലത്തു കുട്ടികളോടൊപ്പമിരുന്നു കളി കണ്ടു തുടങ്ങി. കുട്ടിയെപ്പോലെ ഒരോന്നും പഠിച്ചെടുത്തു. കളിക്കാരെ കണ്ടറിഞ്ഞു.

കളിയിലെ മനോരഥങ്ങളിലൂടെ സ്റ്റേഡിയത്തിൽനിന്നു സ്റ്റേഡിയത്തിലേക്കു യാത്ര ചെയ്തു. ഇന്നു ഗോപിയാശാന്റെ ഉറക്കവും ഊണും തീരുമാനിക്കുന്നതു കളിയുടെ സമയമാണ്. കുട്ടികൾ മുറ്റത്തു കളിക്കുമ്പോൾ വരാന്തയിലിരുന്നു പറയും, ‘ബാക് ഫുട്ടിൽ കളിക്കെടാ.. ’ മനസ്സിനെ പുതിയ വഴികളിലേക്കു ഗോപിയാശാൻ കൈപിടിച്ചു നടത്തുകയായിരുന്നു. 

ബാക്കി സമയം ടിവിയിലെ സീരിയലുകൾ കണ്ടു. അവരുടെ കണ്ണുനീരും സന്തോ‌ഷവും അവരുടെ മനസ്സിലൂടെ തന്നെ ഗോപിയാശാൻ കണ്ടു. ഭാര്യയുമൊത്തിരുന്നു കാണുന്ന സീരിയലുകളിലൂടെ ഗോപിയാശാൻ തനിക്ക് അപരിചിതമായ അഭിനയ രൂപങ്ങൾ കണ്ടു. അതിലെ അഭിനേതാക്കളെ മനസ്സുകൊണ്ട് അഭിനന്ദിച്ചു. വീടിനകത്തു ഗോപിയാശാൻ പുതിയൊരു ലോകമുണ്ടാക്കിയെടുക്കുകയായിരുന്നു. ആരാണു ശത്രുവെന്നും ആരാണ് മിത്രമെന്നും തിരിച്ചറിഞ്ഞ നാളുകൾ.

വിശ്രമത്തിനു ശേഷം ഗുരുവായൂരമ്പല നടയിൽ തന്നെ കളിക്കാൻ തീരുമാനിച്ചു. ഗോപിയുടെ തിരിച്ചുവരവിന്റെ അരങ്ങാണിത്. സുഭദ്രാപഹരണത്തിലെ അർജുനനായി ഗോപി അരങ്ങിലെത്തി. അതിനു മുൻപ് വേഷത്തോടെ തുലാഭാരം നടത്തി. നിറഞ്ഞുതുളുമ്പിയ സദസ്സിനു മുന്നിൽ ഗോപിയാശാൻ അരങ്ങിനെ സ്വന്തമാക്കി. 

കലാമണ്ഡലം ഗോപിയെ എന്നും കൈപിടിച്ചു നടത്തിയതു ഗുരുസ്മരണയാണ്. ഏത് ഉറക്കത്തിലും ലഹരിയിലും ഗുരുക്കന്മാരുടെ ശബ്ദം ഗോപി തിരിച്ചറിഞ്ഞു. അതിനു മുന്നിൽ ഒരു മുദ്രയും ചുവടും പിഴയ്ക്കാതെ കൈകൂപ്പി നിന്നു. ഗുരുക്കന്മാരായ കലാമണ്ഡലം രാമൻകുട്ടി നായരും പത്മനാഭൻ നായരും ഗോപിയുടെ ആത്മ സഖാവായ കോട്ടയ്ക്കൽ ശിവരാമനും ഗോപിയും ഒരിക്കൽ ഗുരുവായൂരമ്പലനടയിൽ ഒരേ വേദിയിയിൽ സന്താന ഗോപാലം കളിക്കാനെത്തി. അന്നു ഗോപി കൃഷ്ണനായിരുന്നു.

Kalamandalam-Gopi-6
ഗുരുവായൂർ അമ്പലനടയിൽ 2004ൽ കലാമണ്ഡലം ഗോപി കഥകളി വേഷത്തോടെ തുലാഭാരം നടത്തിയപ്പോൾ. (ഫയൽ). ചിത്രം: അരുൺ ശ്രീധർ ∙ മനോരമ

രാമൻകുട്ടി നായർ ബ്രാഹ്മണനും. ബ്രാഹ്മണൻ കൃഷ്ണനെ അനുഗ്രഹിക്കുന്ന സമയത്തു രാമൻകുട്ടി നായർ പതിവിലും കൂടുതൽ ചേർത്തുപിടിച്ചു.‘ജയിക്ക ജയിക്ക’ എന്ന പദം പാടുമ്പോൾ ഗോപിയാശാന്റെ മൂർദ്ധാവിൽ കൈകൾ ചേർത്ത് അനുഗ്രഹിച്ചു. ‘ഭവിക്കും ഭൂരിമംഗളം’ എന്നു പാടിയാണ് അരങ്ങുവിട്ടത്. അതു രാമൻകുട്ടിയാശാന്റെ അവസാന കളികളിലൊന്നായിരുന്നു. ശിഷ്യനെ അനുഗ്രഹിക്കാനായി ഗുരു വേദിയിലെത്തിയ നിമിഷം. 

ഭാര്യയ്ക്കും കുട്ടികൾക്കും സദസ്സിനും മുന്നിലെല്ലാം ഒരിക്കൽ തോൽക്കേണ്ടി വന്നൊരു മനു‌ഷ്യൻ സ്വന്തം ഉള്ളിലെ കനൽ ഊതിയൂതി കത്തിച്ചു സ്വയം വിളക്കായി മാറിയതാണു ഗോപിയാശാന്റെ 84 വർഷത്തെ ജീവിതം. ഒരുപാട് അരങ്ങുകളിലേക്കുള്ള ക്ഷണം ബാക്കിയാണ്. ഈ കെട്ടകാലം തീർന്നിട്ടു വേണം പോകാൻ.

ഇന്നും വേഷപ്പകർച്ചയിൽ ഗോപി അരങ്ങിലെത്തുമ്പോൾ ദമയന്തിയുടെ മു‌ഖം തുടുക്കുന്നു. പ്രണയതീരത്തെ തിര വന്നു കാലിൽ തൊടുന്നതു സദസ്സറിയുന്നു. അരയന്നങ്ങൾ പറന്നിറങ്ങുന്ന ചിറകടി കേൾക്കുന്നു. കലാമണ്ഡലം ഗോപിയിപ്പോഴും വേഷപ്പകർച്ചയുടെ കടലുതന്നെയാണ്. ആദരവും വിസ്മയവും സ്നേഹവും കൊണ്ടു കൈക്കുമ്പിളിൽ കോരിയെടുക്കാൻ തോന്നുന്ന കണ്ണാടി പോലുള്ള കടൽ.

Content Highlight: Kalamandalam Gopi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com