ADVERTISEMENT

ടൗട്ടെ ചുഴലിക്കാറ്റിൽ അറബിക്കടലിൽ അപകടത്തിൽപ്പെട്ട പി 305 ബാർജിന്റെ വാർത്തകൾക്കിടയിൽ മുങ്ങിപ്പോയ മറ്റൊരു അപകടം കൂടിയുണ്ടായിരുന്നു. ‘വരപ്രദ’ എന്നു പേരുള്ള ഒരു ടഗ്ബോട്ട് കടൽക്കലിയിലും ചുഴലിക്കാറ്റിലും കടലിൽ മുങ്ങി. 13 പേരുണ്ടായിരുന്ന ആ ബോട്ടിൽനിന്നു രക്ഷപ്പെട്ടത് 2 പേർ മാത്രം; അതിലൊരാളായ ആലപ്പുഴ അരൂർ സ്വദേശി ഫ്രാൻസിസ് കെ. സൈമൺ അദ്ഭുതകരമായ രക്ഷപ്പെടലിന്റെ നടുക്കുന്ന ഓർമകളിലൂടെ...

ഇതു രണ്ടാം ജന്മമാണ്!’ – ഫ്രാൻസിസ് കെ. സൈമണിന്റെ വിശ്വാസം അനുസരിച്ച് അദ്ദേഹത്തിന്റെ ഒന്നാം ജന്മം മേയ് 17ന് അറബിക്കടലിൽ അവസാനിച്ചു. ‘അന്നു ധൈര്യവും ദൈവവിശ്വാസവും തുഴയാക്കിയാണ് ജീവിതത്തിന്റെ കരയിലേക്കു വീണ്ടുമെത്തിയത്’ - അരൂരിലെ വീട്ടിലിരുന്ന് ഫ്രാൻസിസ് പറയുന്നു.

ടൗട്ടെ ചുഴലിക്കാറ്റിലും മഴയിലും അറബിക്കടലിൽ പി 305 ബാർജ് മുങ്ങിയപ്പോൾ അതിനൊപ്പം ഒരു ടഗ് ബോട്ട് മുങ്ങിയ വാർത്ത അധികമാരും അറിഞ്ഞിരുന്നില്ല. ഗാൽ കൺസ്ട്രക്റ്റർ എന്ന ഒരു ബാർജിലെ മുഴുവൻ പേരെയും മറ്റൊരു കപ്പലിനെയും രക്ഷപ്പെടുത്തിയ ശേഷം ജവാഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റിൽ (ജെഎൻപിടി) നങ്കൂരമിട്ടിരിക്കുകയായിരുന്നു വരപ്രദ എന്ന ടഗ്ബോട്ട് (വലിയ ബാർജുകളും മറ്റും വലിച്ചുകൊണ്ടുപോകുന്ന ശക്തിയേറിയ എൻജിനോടു കൂടിയ ബോട്ട്). ചുഴലിക്കാറ്റിൽപ്പെട്ട് ഉൾക്കടലിലേക്കൊഴുകി മുങ്ങിയ ആ ബോട്ടിൽ 13 പേരുണ്ടായിരുന്നു. അതിൽനിന്നു രക്ഷപ്പെട്ട രണ്ടുപേരിലൊരാളാണ് എൻജിനീയർ ആലപ്പുഴ അരൂർ കൈതവേലിക്കകത്ത് ഫ്രാൻസിസ് കെ. സൈമൺ (50).

Francis-K-Simon
ഫ്രാൻസിസ് കെ. സൈമൺ അരൂരിലെ വീട്ടിൽ ഭാര്യ ഷിജി, മക്കളായ സ്റ്റീവ്, ക്രിസ്റ്റഫർ എന്നിവർക്കൊപ്പം. ചിത്രം: അരുൺ ശ്രീധർ ∙ മനോരമ

കൺമുന്നിൽക്കണ്ട ദുരന്തത്തെക്കുറിച്ച് ഫ്രാൻസിസ് പറയുന്നു: ‘ബോംബെ ഹൈയിൽ ഒഎൻജിസിയുടെ റിഗ്ഗിനു സമീപമായിരുന്നു ഞങ്ങൾ. ഗാൽ കൺട്രക്റ്റർ എന്ന ബാർജിനെ ആവശ്യമനുസരിച്ചു വലിച്ചുനീക്കലും നങ്കൂരമിടാൻ സഹായിക്കലുമാണ്  വരപ്രദയെന്ന ഞങ്ങളുടെ ടഗ് ബോട്ടിന്റെ ചുമതല.  ടൗട്ടെ ചുഴലിക്കാറ്റിനെക്കുറിച്ചും തീവ്രതയെക്കുറിച്ചുമെല്ലാം നേരത്തേതന്നെ ഞങ്ങൾക്കു മുന്നറിയിപ്പു ലഭിച്ചിരുന്നു. എന്നാൽ, കമ്പനി തിരികെ വിളിക്കാതെ തീരത്തെത്താൻ കഴിയില്ല. ഒഎൻജിസിയോ കരാറെടുത്ത കമ്പനികളോ തിരികെ വിളിച്ചില്ല.

കാറ്റ് മുംബൈ തീരത്തേക്ക് എത്തുന്നതിനു മുൻപ്, അതായത് 12-ാം തീയതി  തന്നെ ഗാൽ കൺട്രക്റ്റർ എന്ന ബാർജ് തീരത്തെത്തിക്കാൻ കമ്പനി ക്യാപ്റ്റനു നിർദേശം നൽകേണ്ടതായിരുന്നു. അതുണ്ടായില്ല. കാറ്റ് ശക്തമായപ്പോൾ 14നാണ് ഞങ്ങൾക്കു നിർദേശം ലഭിക്കുന്നത്. ഏകദേശം 100 നോട്ടിക്കൽ മൈൽ* അകലെനിന്നാണ് ഗാൽ കൺസ്ട്രക്ടർ ബാർജിനെ ജെഎൻപിടിക്കു സമീപം സുരക്ഷിതസ്ഥാനത്ത് വലിച്ചെത്തിച്ചത്. 137 പേരാണ് ആ ബാർജിലുണ്ടായിരുന്നത്.

ഒഎൻജിസിയുടെ എണ്ണഖനന-ഉൽപാദന കേന്ദ്രമായ ബോംബെ ഹൈയിൽനിന്ന് ജെഎൻപിടി വരെ എത്താൻ 32 മണിക്കൂർ യാത്ര വേണ്ടി വന്നു. ഇതിനിടെ, എംവി വർക്ബോട്ട് 1 എന്ന ചരക്കുകപ്പലിനെയും നങ്കൂരം മാറ്റി രക്ഷപ്പെടാൻ ഞങ്ങൾ സഹായിച്ചു. അതിൽ അറുപതോളം പേരുണ്ടായിരുന്നു. അതിനു ശേഷം ജെഎൻപിടിക്ക് അടുത്തെത്തി വരപ്രദയും നങ്കൂരമിട്ടു. തുടർച്ചയായി 2 ദിവസത്തെ ജോലിയിൽ എല്ലാവരും ക്ഷീണിച്ചിരുന്നു’.

മുങ്ങി മറിയുന്ന ബോട്ട്...

ടഗ് നങ്കൂരമിട്ടിരുന്നത് കര കാണാവുന്നത്ര അകലത്തിലായിരുന്നെന്ന് ഫ്രാൻസിസ് പറയുന്നു. പക്ഷേ, കാറ്റ് ദിശമാറി ജെഎൻപിടിയിലേക്കെത്തി. ശക്തമായ കാറ്റിൽ, ഗാൽ കൺസ്ട്രക്ടർ ബാർജ് നങ്കൂരമിളകി ഒഴുകി. അതിനു മുൻപുതന്നെ അതിലുണ്ടായിരുന്നവരെയെല്ലാം സുരക്ഷിതസ്ഥാനത്ത് എത്തിച്ചിരുന്നു.

‘മേയ് 17 തിങ്കൾ. രാവിലെതന്നെ ചുഴലിക്കാറ്റ് ശക്തമായി. ഞങ്ങളുടെ നങ്കൂരം ഇളകി. ഉച്ചയോടെ ടഗ്ഗിനുള്ളിലേക്കു വെള്ളം കയറാൻ തുടങ്ങി’

അവസ്ഥ മോശമാണെന്നു മനസ്സിലായതോടെ ടഗ്ബോട്ട് നിയന്ത്രിക്കാനാകില്ലെന്നും രക്ഷപ്പെടുത്താനുള്ള സന്ദേശം നൽകണമെന്നും ഫ്രാൻസിസ് ക്യാപ്റ്റനോടു പറഞ്ഞു.  അപ്പോഴൊന്നും അദ്ദേഹം ഒന്നും ചെയ്തില്ല. നാവികസേനയിൽനിന്നു വിരമിച്ച നാഗേന്ദ്ര കുമാർ (62) ആയിരുന്നു ക്യാപ്റ്റൻ. അഞ്ചു മണിയോടെയാണ് അദ്ദേഹം  മാരിടൈം റെസ്ക്യൂ കോ ഓർഡിനേഷൻ സെന്ററിലേക്കു (എംആർസിസി) രക്ഷിക്കാൻ അഭ്യർഥിച്ച് അപായസൂചന നൽകിയത്. അപ്പോഴേക്കും 10 നോട്ടിക്കൽ മൈൽ ദൂരേക്കു ബോട്ട് ഒഴുകിപ്പോയിരുന്നു.

‘ബോട്ട് ഉപേക്ഷിക്കാൻ ക്യാപ്റ്റൻ തീരുമാനിച്ചു. ആറു മണിയാകാറായി. ഞങ്ങൾ ലൈഫ് ജാക്കറ്റ് ധരിച്ച് ചാടാൻ തയാറായി നിന്നു. ചാടി അൽപം കഴിഞ്ഞപ്പോഴേക്കും ബോട്ട് മറിയുകയും മുങ്ങുകയും ചെയ്തു. സ്ഥിരതയുള്ള ബോട്ട് ഒര‍ിക്കലും മറിയാനും മുങ്ങാനും പാടില്ല. സ്ഥിരതയില്ലാത്ത ബോട്ട് എങ്ങനെ പ്രവർത്തനക്ഷമമാണെന്ന സർട്ടിഫിക്കറ്റോടെ സർവീസ് നടത്തി?’

ക്യാപ്റ്റൻ ഉൾപ്പെടെ എട്ടു പേർ ബോട്ടിന്റെ ഒരു വശത്ത‍ും ഫ്രാൻസിസ് ഉൾപ്പെടെ അഞ്ച‍‍ു പേർ മറുവശത്തേക്കുമാണ് ചാടാൻ തീരുമാനിച്ചത്. കാരണം, രണ്ട് ലൈഫ് റാഫ്റ്റുകളാണ് (രക്ഷപ്പെടാൻ ഉപയോഗിക്കുന്ന പൊങ്ങിക്കിടക്കുന്ന കൂടാരം പോലുള്ള ട്യൂബ് ബോട്ട്) ബോട്ടിലുള്ളത്. ഫ്രാൻസിസിനൊപ്പമുണ്ടായിരുന്ന ഒരാൾ വെള്ളത്തിലേക്കു ചാടാൻ പേടിച്ച് നിന്നു. മറ്റു നാലു പേരും ചാടി.

‘സാർ, എനിക്ക‍ു നീന്താനറിയില്ല. രക്ഷിക്കണം ’ എന്ന‍ുള്ള കരച്ചിൽ ഫ്രാൻസിസ് ഇപ്പോഴും ഓർത്തു ഞെട്ടുന്നുണ്ട്. ചാടിയ രണ്ടു പേർക്കു നന്നായി നീന്താൻ അറിയില്ലായിരുന്നു. അവർ കുഴഞ്ഞുപോയി.

‘അപ്പോഴേക്കും ബോട്ടിന്റെ രണ്ടു ഭാഗത്തും ലൈഫ് റാഫ്റ്റുകൾ ഉയർന്നെങ്കിലും ശക്തമായ കാറ്റിൽ അത് അകലേക്കു നീങ്ങുകയായിരുന്നു. എനിക്കൊപ്പമുണ്ടായിരുന്ന രണ്ടു പേരും കുഴഞ്ഞു മുങ്ങിപ്പോകുന്നതു കണ്ടെങ്കിലും ഒന്നും ചെയ്യാനാകുമായിരുന്നില്ല. ബംഗാളിയായ സാഹിബ് ഭുനിയ എന്ന യുവാവ് ഒപ്പം നീന്തിയെത്തുന്നുണ്ടായിരുന്നു. 10 മീറ്റർ അകലെ ലൈഫ് റാഫ്റ്റ് കണ്ടതോടെ പ്രതീക്ഷയായി. നീന്തി അതിലേക്കു പിടിച്ചുകയറി. 20 പേർക്കു വരെ കയറാവുന്ന ആ റാഫ്റ്റിൽ ഞങ്ങൾ രണ്ടു പേർ മാത്രം.   ‘നമ്മളെ രക്ഷിക്കാൻ നേവി വരും, പേടിക്കരുത്’ എന്ന് ഭുനിയയെ ആശ്വസിപ്പിച്ചു. റാഫ്റ്റിനുള്ളിൽ റോക്കറ്റ് ഫ്ലെയർ (വെടിയുതിർത്ത് കപ്പലുകളുടെ ശ്രദ്ധയാകർഷിക്കുന്ന ഉപകരണം) ഉണ്ടായിരുന്നു.’

ഞങ്ങളുടെ ടഗ് ബോട്ടിന്റേത് തീർത്തും മനുഷ്യനിർമിതമായ ദുരന്തമാണ്. 34 വർഷം പഴക്കമുള്ളതായിരുന്നു അത്. കടലിൽ സുരക്ഷിതമായി പ്രവർത്തിക്കാൻ വേണ്ട പല സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. ചുഴലിക്കാറ്റിൽ എൻജിൻ റൂമിൽ വെള്ളം കയറിയപ്പോൾ അതു പുറന്തള്ളാൻ ഉപയോഗിക്കുന്ന മോട്ടർ പമ്പ് പോലും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. പലയിടങ്ങളിലും വെള്ളം അകത്തു കടക്കാവുന്ന വിധം വിടവുകളുണ്ടായിരുന്നു. കൃത്യമായ അറ്റകുറ്റപ്പണിയില്ലാതെയാണ് കടലിൽ പ്രവർത്തിക്കാനുളള അനുമതി ഉടമകൾ നേടിയെടുത്തത്.

പക്ഷേ, ലൈഫ് റാഫ്റ്റിൽ തുളവീണു കാറ്റു പോകാൻ തുടങ്ങി. കാറ്റ് നിറയ്ക്കാനുള്ള ഹാൻഡ് പമ്പ് അതിലുണ്ടായിരുന്നതിന‍ാൽ നിരന്തരം പമ്പു ചെയ്തുകൊണ്ടേയിരുന്നു. കനത്ത ഇരുട്ട്, വലിയ കല്ലുകൾ പോലെ പതിക്കുന്ന മഴത്തുള്ളികൾ, ശക്തമായ കാറ്റ്. നാലു മണിക്കൂർ അതിൽ ജീവിതം മുറുകെപ്പിടിച്ച് കാത്തിരുന്നു.

‘രാത്രി പത്തു മണിയോടെ അകലെ ഒരു സേർച്ച് ലൈറ്റ് കണ്ടു. പിന്നാലെ കപ്പലിന്റെ വലിയ പാമരവും. അപകടത്തിൽ മുങ്ങിയ പി 305 ബാർജിൽ കുടുങ്ങിയവരെ രക്ഷിക്കാൻ പോകുന്ന ഇന്ത്യൻ നേവിയുടെ ഐഎൻഎസ് കൊൽക്കത്ത എന്ന കപ്പലായിരുന്നു അത്. ഞാൻ റോക്കറ്റ് ഫ്ലെയർ പ്രയോഗിച്ചതു ‍നാവികസേനാംഗങ്ങൾ കണ്ടു. അവർ അടുത്തേക്കു വന്നു, മുകളിലേക്കു കയറാൻ വലയിട്ടു തന്നു. ആദ്യം ഭുനിയയെ കയറ്റിവിട്ട ശേഷം ഞാൻ കയറി. ഞങ്ങളെ പരിശോധിച്ചു. പരുക്കുകളൊന്നും ഇല്ലാത്തതിനാൽ തിരച്ചിൽ തുടരാൻ അവർ തീരുമാനിച്ചു’ ഫ്രാൻസിസ് പറയുന്നു.

ജീവനുള്ള മൂന്നു പേരെയും 18 മൃതദേഹങ്ങളെയും ആ തിരച്ചില‍ിൽ പിന്നെയും കണ്ടെത്തി. ഒരു ദിവസം കൂടി കഴിഞ്ഞ്, 19 ന് ആണ് ഫ്ര‍ാൻസിസ് തീരത്തെത്തിയത്. കുറച്ചു ദിവസങ്ങൾക്കു ശേഷം ക്യാപ്റ്റന്റെയും സെക്കൻഡ് എൻജിനീയർ ഉമ്മീദ് സിങ്ങിന്റെയും മൃതദേഹം ഗുജറാത്തിലെ വൽസാഡ് തീരത്തിനു സമീപം കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞതു ഫ്രാൻസിസാണ്. 

ഒന്നുമറിയാതെ കുടുംബം

ഫ്രാൻസിസ് നടുക്കടലിൽ ജീവനും മരണത്തിനുമിടയിൽ പൊരുതുമ്പോഴും അരൂർ കൈതവേലിക്കകത്ത് വീട്ടിൽ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. ബുധനാഴ്ച രാത്രി ഏഴു മണി കഴിഞ്ഞപ്പോൾ ഫ്രാൻസി വിളിച്ച് ‘ഞാൻ സേഫ്’ ആണെന്നു പറഞ്ഞ ശേഷമാണ് അപകടവിവരം അറിയിച്ചത്’– ഫ്രാൻസിസിന്റെ ഭാര്യ ഷിജി പറയുന്നു. ഇവർക്ക് രണ്ടു മക്കളാണ്. എട്ടാം ക്ലാസുകാരൻ സ്റ്റീവും നാലാം ക്ലാസുകാരൻ ക്രിസ്റ്റഫറും.

‘ഇതു മനുഷ്യനിർമിത ദുരന്തം’

ഫ്രാൻസിസ് കെ. സൈമൺ

ഒപ്പമുണ്ടായിരുന്നവർ, കൺമുന്നിലാണ് അവർ കടലിലേക്ക് ആഴ്ന്നുപോയത്. സഹപ്രവർത്തകർ ഒന്നൊന്നായി മുങ്ങിത്താഴുമ്പോൾ നിസ്സഹായനായി നോക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. കണ്ണീർപോലും ഇല്ലാത്ത മരവിപ്പായിരുന്നു അപ്പോൾ. ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന് ഒരു പ്രതീക്ഷയുമില്ലാതെ അലയുമ്പോഴാണ് നാവികസേനക്കപ്പൽ എത്തിയത്. വീട്ടുകാരുടെ പ്രാർഥനയും വല്ലാർ‍പാടത്തമ്മയുടെ അനുഗ്രഹവുമാണ് എന്നെ രക്ഷിച്ചത്. അതല്ലെങ്കിൽ, അപകടത്തിന്റെ ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഇൗശ്വരൻ ‍ഞങ്ങളെ ബാക്കിവച്ചതായിരിക്കും.

ഞങ്ങളുടെ ടഗ് ബോട്ടിന്റേത് തീർത്തും മനുഷ്യനിർമിതമായ ദുരന്തമാണ്. എൻജിനില്ലാത്ത ബാർജുകൾ വലിച്ചുകൊണ്ടുവരികയാണ് ഞങ്ങളുടെ പ്രധാനജോലി. 34 വർഷം പഴക്കമുള്ളതാണ് വരപ്രദയെന്ന ടഗ്ബോട്ട്. കടലിൽ സുക്ഷിതമായി പ്രവർത്തിക്കാൻ വേണ്ട പല സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. ഇൗ വർഷം ജനുവരിയിലാണ് അതിൽ ഞാൻ ജോലിക്കു േചർന്നത്. തുടർന്നാണ് പ്രശ്നങ്ങൾ മനസ്സിലാക്കിയത്. ചുഴലിക്കാറ്റിൽ എൻജിൻ റൂമിൽ വെള്ളം കയറിയപ്പോൾ അതു പുറന്തള്ളാൻ ഉപയോഗിക്കുന്ന മോട്ടർ പമ്പ് പോലും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. പലയിടങ്ങളിലും വെള്ളം അകത്തു കടക്കാവുന്ന വിധം വിടവുകളുണ്ടായിരുന്നു.

മുംബൈ നിവാസികളായ ബിഹാർ സ്വദേശികളുടെ നേതൃത്വത്തിലുള്ള ഗ്ലോറി എന്ന കമ്പനിയുടേതാണ് ടഗ് ബോട്ട്. ഉടമകളും ബോട്ട് പരിശോധിച്ച് പ്രവർത്തനാനുമതി നൽകിയ ഉദ്യോഗസ്ഥരുമാണ് അപകടത്തിന്റെ ഉത്തരവാദികൾ. ഞാനിതു പറയുന്നതുകൊണ്ട് പലർക്കും നീരസം തോന്നാം. എന്റെ തുടർന്നുള്ള പ്രവർത്തനങ്ങളിലും ബുദ്ധിമുട്ട് നേരിട്ടേക്കാം. എങ്കിലും, ഉത്തരവാദപ്പെട്ടവരുടെ വീഴ്ചകൊണ്ട് ഇനിയാർക്കും ഇത്തരമൊരു ദുരന്തം ഉണ്ടാകരുത് എന്ന ആഗ്രഹമാണ് ഇതൊക്കെ പറയാൻ പ്രേരിപ്പിക്കുന്നത്. 

ഞങ്ങളുടെ ബോട്ടിന്റെ ക്യാപ്റ്റന്റെ ഭാഗത്തും പിഴവുണ്ട്. അപകടസാധ്യത തിരിച്ചറിഞ്ഞപ്പോൾ നാവികസേനയുടെയും തീരസുരക്ഷാ സേനയുടെയും സഹായം തേടാൻ ഞാനടക്കം എല്ലാ ജീവനക്കാരും അദ്ദേഹത്തോട് അഭ്യർഥിച്ചിരുന്നു. ചെവിക്കൊണ്ടില്ല.   ബോട്ടിനെ വേണമെങ്കിൽ അവിടെ സുരക്ഷിത കേന്ദ്രത്തിലേക്കു കയറ്റിയിടാമായിരുന്നു. അതും ചെയ്തില്ല. ചിലപ്പോൾ ഉടമസ്ഥരുടെ അനുമതി ലഭിച്ചിട്ടുണ്ടാകില്ല. അതിനായി ചെലവാകുമായിരുന്ന ചെറിയ തുക ലാഭിക്കാൻ ഉടമസ്ഥർ ശ്രമിച്ചതായിരിക്കാം. ചെറിയ പിഴവ് എത്ര കുടുംബങ്ങളെയാണ് അനാഥമാക്കിയത്.

എണ്ണഖനന-സംസ്കരണ കേന്ദ്രങ്ങളിലെ അറ്റകുറ്റപ്പണിക്കായുള്ള ജീവനക്കാർക്ക് താമസിക്കാനും ജോലി ചെയ്യാനും സൗകര്യമുള്ള എൻജിനില്ലാത്ത, കപ്പലിനു സമാനമായ സംവിധാനമാണു ബാർജ്. അറബിക്കടലിൽ മുംബൈ തീരത്തിനോട് അടുത്ത് മുങ്ങിയ പി 305 ബാർജിൽ 261 ജീവനക്കാരാണ് ഉണ്ടായിരുന്നത്. എട്ടു മലയാളികളടക്കം അതിലെ 75 പേർ മരിച്ചപ്പോൾ ഇരുപതിലേറെ മലയാളികള്‍ ഉൾപ്പെടെ 186 പേർ രക്ഷപ്പെട്ടു. ജീവിതത്തിലേക്കു നീന്തിക്കയറിയവരുടെ നടുക്കം ഇനിയും മാറിയിട്ടില്ല. അവരുടെ ഓർമകളിലൂടെ... 

അകലെ കപ്പൽ കണ്ട്  അവിടേക്കു നീന്തി...

ആദിൽ ഷാ

Aadil
ആദിൽ ഷാ

12 മീറ്റർ വരെ ഉയരത്തിലായിരുന്നു തിരമാലകൾ. 17നു വൈകിട്ട് 5 മണിയായപ്പോഴേക്കും ക്യാപ്റ്റന്റെ നിർദേശം വന്നു. എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചു കടലിലേക്കു ചാടിക്കൊള്ളുക. ഒരുനിമിഷം പോലും ആലോചിച്ചുനിൽക്കാതെ മറ്റുള്ളവർക്കൊപ്പം എടുത്തുചാടി. 15 പേർ കൈകോർത്താണ് ആദ്യം കടലിൽ കിടന്നത്. ശക്തി കൂടിയ തിരമാലകൾ സംഘാംഗങ്ങളെ വേർപിരിച്ചു.

കടലിലേക്കു ചാടുന്നതിന്റെ തലേദിവസം മുതൽ പട്ടിണിയായിരുന്നു. കുറച്ചു പാക്കറ്റ് ഫുഡും ജ്യൂസും നൽകിയ ഊർജമെല്ലാം തീർന്നുതുടങ്ങി.  കരപറ്റാനാകുമോ എന്നുപോലും തോന്നിത്തുടങ്ങിയ നിമിഷങ്ങൾ. ഉപ്പുവെള്ളത്തിൽ കിടന്നു ശരീരം തളർന്നു. കൈകാലുകളുടെ ശക്തി കുറഞ്ഞു. ഒരുമണിയായിക്കാണണം. അകലെ ഐഎൻഎസ് കൊച്ചി കപ്പലിന്റെ വരവ് കണ്ടു. കപ്പൽ അടുത്തെത്തില്ല. നമ്മൾ നീന്തി കപ്പലിനടുത്തെത്തണം. അതാണ് രക്ഷാപ്രവർത്തനത്തിന്റെ പ്രോട്ടോക്കോൾ.

അടിച്ചെത്തിയ തിരകളുടെ ശക്തിയിൽ ഞങ്ങൾ കപ്പലിലേക്കടുത്തു. അവർ ഇട്ടുതന്ന വലയിൽ എങ്ങനെയാണു കയറിപ്പറ്റിയെന്നറിയില്ല. തണുത്തുറഞ്ഞു ചീർത്ത കൈകൾ വലക്കണ്ണിയിൽ പിടിച്ച് ഉറപ്പിക്കാനാകുന്നില്ല. ജീവനിൽ കൊതിയുള്ളതുകൊണ്ടു പിടിവിടാനുമാകുന്നില്ല. കപ്പലിലെത്തി തളർന്നുവീണതു മാത്രം ഓർമയുണ്ട്. പിറ്റേന്നു മുഴുവൻ ബോധമില്ലാതെന്നവണ്ണം കിടപ്പായിരുന്നു. അടുത്തദിവസം രാവിലെ വീട്ടിലേക്കു വിളിച്ചു.  ഉമ്മയുടെ ശബ്ദം ഇനിയൊരിക്കലും കേൾക്കാനാകുമെന്നു കരുതിയിരുന്നില്ല. 

(വയനാട് മേപ്പാടി ഷെഹിൻഷാ–സൽമാഷാ ദമ്പതികളുടെ മകനാണ് ഫയർമാനായ ആദിൽ ഷാ)  

നീന്തിത്തളർന്ന് 12 മണിക്കൂർ

ടി. കെ. ദീപക്

Deepak
ടി. കെ. ദീപക്

‘പന്ത്രണ്ടു മണിക്കൂറോളം കടലിൽ നീന്തിത്തളർന്ന ശേഷമാണ് ജീവിതത്തിലേക്ക് തിരികെവന്നത്. കരയിലെത്തിയിട്ടും കാത്തിരിപ്പായിരുന്നു; മരണമടഞ്ഞ സഹപ്രവർത്തകരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻവേണ്ടിയുള്ളതായിരുന്നു അത്. 17നു രാവിലെ ബാർജിന്റെ നങ്കൂരം പൊട്ടി. 5 നോട്ടിക്കൽ മൈൽ വേഗത്തിൽ ബാർജ് ഒഴുകാൻ തുടങ്ങി. പിന്നാലെ വൈദ്യുതി ഷോർട് സർക്യൂട്ടുണ്ടായി. ആശയവിനിമയ സംവിധാനം തകർന്നു.

നിയന്ത്രണം വിട്ട് ഒഴുകിയ ബാർജ്  ഒരു ഓയിൽ പ്ലാറ്റ്ഫോമിൽ പോയി ഇടിച്ചു. പിൻവശം തകർന്ന് വെള്ളം അകത്തുകയറാൻ തുടങ്ങി. ക്യാപ്റ്റൻ രാകേഷ് ബല്ലവ് അപകടസിഗ്നൽ മുഴക്കി. ഇനി നിന്നിട്ടു കാര്യമില്ല എന്നറിയിക്കാനായിരുന്നു അത്.  വൈകിട്ട് അഞ്ചരയോടെയാണ് കടലിൽ ചാടിയത്. ക്യാപ്റ്റൻ മരിച്ചു.

ബാർജിൽ 35 ലൈഫ്ബോട്ടുണ്ടായിരുന്നു. ഇതിൽ അഞ്ചെണ്ണം ഇറക്കി. എന്നാൽ ശക്തമായ കാറ്റിൽ ഇവ പൊളിഞ്ഞുതകർന്ന് മറിഞ്ഞു. ഒന്നുംചെയ്യാൻ കഴിയില്ലെന്ന് മനസിലായതോടെ ബാക്കി ലൈഫ്ബോട്ടുകൾ ഇറക്കിയില്ല. ഞങ്ങളെ രക്ഷപ്പെടുത്താൻ വന്ന ‌നാവികസേനക്കപ്പൽ ഐഎൻഎസ് കൊച്ചി നങ്കൂരമിട്ടു കടലിൽ ഉറപ്പിക്കുകയായിരുന്നു. മുന്നോട്ടുനീങ്ങിയാൽ ആ കപ്പലും അപകടത്തിൽപ്പെടുമെന്ന അവസ്ഥയായിരുന്നു.

(കോഴിക്കോട് ബേപ്പൂർ  മിനി കോട്ടേജിൽ പരേതനായ  ദേവാനന്ദന്റെയും ഉഷാറാണിയുടെയും മകനാണ് മെക്കാനിക്കൽ എൻജീനിയറായ ദീപക്.)

രണ്ടുംകൽപിച്ച് എടുത്തുചാടി

പി. എൻ. ബാലചന്ദ്രൻ

Balachandran
പി. എൻ. ബാലചന്ദ്രൻ

‘‘അലറിമറിയുന്ന കടലിലേക്ക് എടുത്തുചാടുമ്പോൾ ഒരു പ്രതീക്ഷയുമില്ലായിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ കപ്പലുകളിലെ ഉദ്യോഗസ്ഥർ ബാർജിൽനിന്നു കടലിലേക്കു ചാടാൻ പറഞ്ഞപ്പോൾ അനുസരിക്കുകയായിരുന്നു. കടലിൽ ചാടിയ ശേഷമുള്ള പതിനൊന്നു മണിക്കൂറും രക്ഷാക്കപ്പലിൽ കയറാനാണ് ശ്രമിച്ചത്. പക്ഷേ ശക്തമായ തിരമാലയടിച്ച് പല തവണ ഞങ്ങൾ പല ഭാഗത്തേക്ക് തെറിച്ചുപോയി. പതിനെട്ടോളം പേർ അടുത്തടുത്തുണ്ടായിരുന്നു. അതിൽ ഞങ്ങൾ ആറുപേർ മാത്രം കപ്പലിന്റെ ഒരുഭാഗത്തും ബാക്കിയുള്ളവർ മറുഭാഗത്തുമായി.18ന് പുലർച്ചെ നാലു മണിയോടെയാണ് ഐഎൻഎസ് കൊച്ചി കപ്പലിൽ കയറിപ്പറ്റാനായത്. 

ഫോണും സാധനങ്ങളും ബാർജിനൊപ്പം കടലിൽ മുങ്ങി. തിരിച്ചു മുംബൈയിലെത്തിയ ശേഷമാണ് വീട്ടിലേക്കു വിളിച്ചത്. 

പ്രിയപ്പെട്ട കൂട്ടുകാരൻ സുമേഷ് മരിച്ചത് വലിയൊരു ഞെട്ടലാണ്. ഇനി ജോലിക്കു തിരിച്ചുപോവണോയെന്നു തീരുമാനിച്ചിട്ടില്ല. ഭാര്യയും മക്കളും നാട്ടുകാരും സുഹൃത്തുക്കളുമൊന്നും സമ്മതിക്കുന്നില്ല. ’’

(കോഴിക്കോട് കാവിലുംപാറ സ്വദേശിയാണ് പി.എൻ.ബാലചന്ദ്രൻ)

ദൈവം പിടിച്ചുകയറ്റി

ആഗ്നൽ വർക്കി

Agnel-Varkey
ആഗ്നൽ വർക്കി

‘‘ ഒട്ടേറെത്തവണ മുങ്ങിത്താഴ്ന്നു. മൂന്നു തവണ നാവികസേനയുടെ കപ്പലിനരികെ  എത്തി. എന്നിട്ടും കയറാൻ പറ്റിയില്ല. നീന്തിനീന്തി കൈകളുടെ ബലം നഷ്ടപ്പെട്ടു. ദൈവാനുഗ്രഹം കൊണ്ടു  മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്.  തകർന്ന ബാർജിൽനിന്ന് 17ന് വൈകിട്ട് 5.30ന് കടലിൽ ചാടി. രാത്രി എട്ടുമണിയായപ്പോൾ‍ കനത്ത മഴയിൽ വിസിലും ലൈറ്റും തകരാറിലായി. ലൈഫ്ജാക്കറ്റിലും പ്രശ്നങ്ങൾ. കടലിൽ ജീവിതം അവസാനിക്കുകയാണെന്ന് ഭയപ്പെട്ടു. അടുത്ത ദിവസം പുലർച്ചെയാണ് ഐഎൻഎസ് കൊച്ചി കപ്പൽ കണ്ടത്.

കപ്പലിൽനിന്ന് വല ഇട്ടുതന്നു. പക്ഷേ നീന്തി കൈകൾ തളർന്നതിനാൽ‍ പിടിച്ചുകയറാൻ കഴിയുന്നുണ്ടായിരുന്നില്ല. ശക്തമായ തിരമാലകളുമുണ്ടായിരുന്നു. ഒടുവിൽ കപ്പലിന്റെ മുൻഭാഗത്തുകൂടി പിടിച്ചുകയറി. നീന്തിയും പരുക്കേറ്റും അവശനായതോടെ തളർന്നുവീഴുകയായിരുന്നു. ’’

(കോഴിക്കോട് ചെമ്പനോട വാതല്ലൂർകാലയിൽ സണ്ണിയുടെയും മേരിക്കുട്ടിയുടെയും മകനാണ് മെക്കാനിക്കൽ എൻജീനിയറായ ആഗ്നൽ)

Content Highlight: Maharashtra barge accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com