ADVERTISEMENT

നൂറാം പിറന്നാൾ വേളയിൽ ഡോ. പി.കെ. വാരിയർ സംസാരിക്കുന്നു

അമ്മയാണ് വീട്ടിലെ ആദ്യ വൈദ്യൻ (ശാരീരികമായും മാനസികമായും) എന്നു പറയാറുണ്ട്. അമ്മയിൽനിന്നു കൈമാറിക്കിട്ടിയ പ്രധാനഗുണവും ഔഷധവും എന്തായിരുന്നു?

‘‘ ഞാൻ ഏറ്റവും ഇളയകുട്ടിയായിരുന്നു. അതുകൊണ്ട് അമ്മയ്ക്ക് എന്നോടു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. അമ്മ നൽകിയ ഏറ്റവും വലിയ ഔഷധം മുലപ്പാലല്ലാതെ മറ്റെന്താണ്? മുലപ്പാലിന്റെ മഹത്വവും ഗുണവും എനിക്കു ബോധ്യപ്പെടുന്നത് വൈദ്യം പഠിച്ചപ്പോഴും പ്രാക്ടീസ് തുടങ്ങിയപ്പോഴുമാണ്. എല്ലാ കാര്യങ്ങളും കൃത്യനിഷ്ഠയോടെ ചെയ്യണമെന്നുള്ളത് അമ്മയുടെ ശീലമായിരുന്നു. കോട്ടയ്ക്കൽ താഴത്തെവാരിയത്തായിരുന്നു ഞങ്ങൾ കുട്ടിക്കാലത്ത്.

വലിയമ്മാമനുള്ള സമയത്ത് കൈലാസമന്ദിരകാര്യങ്ങൾ നോക്കിയിരുന്നത് നാടകക്കാരും ജീവനക്കാരുമൊക്കെയാണ്. പിന്നീട് ആ ഉത്തരവാദിത്തം അമ്മയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അമ്മ മാതൃകാപരമായി ചുമതല നിറവേറ്റി. എല്ലാവരോടും അനുകമ്പയോടും സ്നേഹത്തോടുംകൂടിയും പെരുമാറാൻ ശീലിച്ചത് അങ്ങനെയാണ്. അമ്മയ്ക്ക് അർബുദരോഗം ബാധിച്ചിരുന്നു. രോഗം മൂലം വളരെ ബുദ്ധിമുട്ടി. അർബുദരോഗത്തിനായി മാത്രം ചാരിറ്റബിൾ ഹോസ്പിറ്റലിൽ ഒരു പ്രത്യേക വിഭാഗം തുടങ്ങിയതിന് പരോക്ഷമായി അമ്മയെക്കുറിച്ചുള്ള ഓർമകളും പ്രേരണയായിട്ടുണ്ട്. അമ്മയുടെ മുഖം ഇപ്പോഴും മുന്നിലുണ്ട്.

ലളിതജീവിതരീതിയെക്കുറിച്ച് സ്വന്തം അനുഭവം

ഒന്നിനോടും അമിതമായ ആസക്തിയില്ല. യാഥാർഥ്യബോധം കൈവിടാറില്ല. മറ്റുള്ളവർക്കു ദോഷം വരുന്ന കാര്യങ്ങൾ മനഃപൂർവം ചെയ്യാറില്ല. പ്രകൃതിയോട് ഇണങ്ങി ആയുർവേദ ഉപദേശങ്ങൾ അനുസരിച്ച് ജീവിക്കുക. എന്നും ഹിതവും മിതവുമായേ ആഹാരം കഴിക്കാവൂ എന്ന് വാഗ്ഭടൻ ഉപദേശിക്കുന്നുണ്ട്. അതാണ് ഒരു വൈദ്യൻ എന്ന നിലയിൽ എന്റെ മാർഗം. വലിയമ്മാമനും ആഹാരകാര്യത്തിൽ മാതൃകയാണ്.

ചികിത്സാജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ സന്ദർഭം ഏതാണ്?

ഇനി ഒന്നും ചെയ്യാനില്ല എന്നുപറഞ്ഞ് ഒട്ടേറെ ഇടങ്ങളിൽനിന്നു മടക്കിയ രോഗികൾക്ക് ഇവിടെ വന്ന് ചികിത്സചെയ്തു രോഗത്തിനു ശമനമുണ്ടായിക്കാണുമ്പോൾ ആനന്ദം തോന്നാറുണ്ട്. അതിൽനിന്ന് ഒന്നു മാത്രമായി തിരഞ്ഞെടുക്കുക വയ്യ. എങ്കിലും ഒരു അനുഭവം പറയാം. 

ps-warrier
കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപകൻ വൈദ്യരത്നം പി.എസ്. വാരിയർ

ഏറെക്കാലം എന്നോടൊപ്പം സമർഥനായ ഒരു ഭരണാധികാരിയായി പ്രവർത്തിച്ച റിട്ടയർ ചെയ്ത ഐഎഎസുകാരനുണ്ടായിരുന്നു. പേര് പറയുന്നില്ല. മസ്തിഷ്ക്കാഘാതം മൂലം അബോധാവസ്ഥയിലായി കിടന്ന അദ്ദേഹത്തെ അലോപ്പതി ആശുപത്രിയിൽ വച്ചുതന്നെ ചികിത്സിക്കേണ്ടി വന്നു. തുമ്പപ്പൂവും ജീരകവും ചേർത്തു തയാറാക്കിയ വറവ് കഷായം, മുലപ്പാൽ, ശിരസ്സിൽ കിഴി എന്നിവയാണ് പ്രയോഗിച്ചത്. രണ്ട് ദിവസം മാറ്റമൊന്നുമുണ്ടായില്ല. മൂന്നാം ദിവസം അദ്ദേഹത്തിനു ബോധം തിരിച്ചുകിട്ടി. കോട്ടയ്ക്കൽ വന്ന് നഴ്സിങ്ഹോമിൽ കിടന്ന് ചികിത്സ തുടർന്ന് പിന്നീട് പൂർവസ്ഥിതിയിലേക്കു തിരിച്ചു വന്നു. ഏറെക്കാലം ഞങ്ങളോടൊപ്പമുണ്ടായിരുന്നു.

ഏറ്റവും സങ്കടം തോന്നിയ സന്ദർഭം?

ഈ കാര്യം മുൻപൊരിക്കൽ എന്നോട് എന്റെ ഒരു സഹായി മുരളി ചോദിച്ചതാണ്. അതേ ഉത്തരം തന്നെയേ പറയുവാനുള്ളൂ. കാലം ആയുർവേദത്തെ കഠിനമായി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ എന്നുപറയുന്നതു പോലും ഒരു പഴയകാലത്തെയാണ് സൂചിപ്പിക്കുന്നത്. കാലത്തിന്റെ വേഗത്തെ അതിജീവിച്ചു മുന്നേറാൻ ആയുർവേദം ക്ലേശിക്കുന്നുണ്ട് എന്ന് എനിക്കു തോന്നുന്നു. മറ്റൊന്ന് വൈദ്യശാസ്ത്രത്തിന്റെ പരിമിതിയാണ്. കൈനീട്ടി മുന്നിൽ എത്തുന്നവർക്ക് ഒന്നും കൊടുക്കാനില്ലാത്ത അവസ്ഥയുള്ളപ്പോൾ ഞാൻ ഏറെ സങ്കടപ്പെടുന്നു.

ജീവിതത്തിലെ സൗഭാഗ്യമായി വിലയിരുത്തുന്നത്?

ആതുരർക്ക് എല്ലാവർക്കും സുഖവും സ്വാസ്ഥ്യവും നൽകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥാപനമാണ് ആര്യവൈദ്യശാല. ഈ സ്ഥാപനത്തെ സ്ഥാപകൻ വലിയമ്മാവൻ ഉദ്ദേശിച്ചരീതിയിൽ മുമ്പോട്ടുകൊണ്ടുപോകാൻ സാധിക്കുന്നത് ജീവിതത്തിൽ ഏറ്റവും വലിയ ഒരു കാര്യമായി കരുതുന്നു.

എന്താണ് അങ്ങയുടെ സ്വപ്നം?

ഞാൻ സ്വപ്നങ്ങളെക്കാൾ യാഥാർഥ്യങ്ങളിൽ വിശ്വസിക്കുന്നു. വലിയമ്മാവൻ ആഗ്രഹിച്ച തരത്തിലുള്ള ആയുർവേദത്തിന്റെ ഉന്നമനം തന്നെയാണ് എന്റെയും വലിയ ലക്ഷ്യം. ലോകവ്യാപകമായുള്ള ആയുർവേദത്തിന്റെ അംഗീകാരം, സ്ഥാപനത്തിന്റെ വ്യാപനം, വിപുലനം എന്നിവയൊക്കെയാണ് എന്നും സ്വപ്നങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. തീവ്രമായ ആഗ്രഹമാണല്ലോ സ്വപ്നങ്ങളാകുന്നത്.

Content Highlight: P.K. Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com