ADVERTISEMENT

സ്വന്തം വീട്ടിൽനിന്നു കഷ്ടിച്ചു 100 മീറ്റർ മാത്രം അകലെയുള്ള വീട്ടിലെ ഒറ്റമുറിയിൽ ആരുമറിയാതെ 10 വർഷക്കാലം ഒളിവിൽ ജീവിക്കുക.  ആദ്യകേൾവിയിൽ ആർക്കും വിശ്വസിക്കാ‍നാവാത്ത ഈ രഹസ്യജീവിതത്തെക്കുറിച്ച് റഹ്മാനും സജിതയും വെളിപ്പെടുത്തുന്നു.  

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു വെറും കെട്ടുകഥകളാണ് 

– ബെന്യാമിൻ, ആടുജീവിതം.

റഹ്മാൻ മുഹമ്മദ് ഖനിയുടെയും സജിത വേലായുധന്റെയും പത്തു വർഷത്തെ ജീവിതം കേൾക്കുന്നവരെല്ലാം ഒന്നേ പറയൂ; ഭാവനാസൃഷ്ടി. പക്ഷേ, നീണ്ട കാത്തിരിപ്പിനൊടുവിൽ പകൽവെട്ടത്തിൽ, മനുഷ്യർക്കു മുന്നിൽ കൈകോർത്തു നിൽക്കുന്ന സജിതയുടെ കണ്ണുകളിലെ നക്ഷത്രത്തിളക്കം വിളിച്ചു പറയുന്നുണ്ട് കുടുസ്സുമുറിയിലെ ഇത്തിരി വട്ടത്തിൽ ദശാബ്ദക്കാലം നേരിട്ട വെല്ലുവിളികൾ, സങ്കടങ്ങൾ, കൊച്ചുകൊച്ചു സന്തോഷങ്ങൾ.

രഹസ്യമായി വിവാഹം കഴിച്ച് പാലക്കാട് നെന്മാറ അയിലൂരിലെ സ്വന്തം വീട്ടിൽ കുടുംബാംഗങ്ങൾ പോലുമറിയാതെ ഇക്കാലമത്രയും താമസിച്ച റഹ്മാനും ഭാര്യ സജിതയും ഓർമിച്ചെടുക്കുകയാണ് സമ്മർദങ്ങളെയും പ്രതിസന്ധികളെയും പ്രണയംകൊണ്ട് അതിജീവിച്ച കാലം.

ബാല്യകാല സുഹൃത്തുക്കൾ

കഷ്ടിച്ചു 100 മീറ്ററാണ് റഹ്മാന്റെയും സജിതയുടെയും വീടുകൾ തമ്മിൽ അകലം. ഇടയ്ക്ക് നാലോ അഞ്ചോ വീടുകൾ മാത്രം. നാലുമക്കളിൽ ഇളയവനാണു റഹ്മാൻ. മൂത്ത സഹോദരനും തൊട്ടുതാഴെ രണ്ടു സഹോദരിമാരും. സജിതയ്ക്ക് ഒരു ചേച്ചിയും അനുജത്തിയും. എല്ലാവരും ഒരുമിച്ചു കളിച്ചു വളർന്നവർ. 4 വയസ്സ് വ്യത്യാസമുണ്ട് ഇരുവരും തമ്മിൽ. പഠനത്തിൽ പിന്നോട്ടായതുകൊണ്ട് റഹ്മാനും കാൽമുട്ടിലെ വിട്ടുമാറാത്ത വേദനമൂലം നടക്കാൻ ബുദ്ധിമുട്ടു വന്നതോടെ സജിതയും ഒൻപതാം ക്ലാസിൽ പഠനം നിർത്തി. സജിതയുടെ പഠനകാലം കഴിഞ്ഞതോടെ ഇരുവർക്കും ഒന്നിച്ചിരിക്കാൻ കൂടുതൽ സമയം കിട്ടി. കളിക്കൂട്ടുകാർ പ്രണയത്തിലായി.

റഹ്മാന്റെ ചേച്ചിയാണ് ഇരുവരുടെയും അടുപ്പം ആദ്യം അറിഞ്ഞത്. ഇരു വീടുകളിലും പ്രശ്നമായതോടെ തമ്മിൽ കാണുന്നതിനു വിലക്കു വന്നു. പ്രണയത്തിനു വേലികെട്ടാൻ ആർക്കു കഴിയും! ഇരുവരും വീണ്ടും കണ്ടു. 18 വയസ്സ് തികഞ്ഞപ്പോൾ ഒരു ദിവസം സജിത നെല്ലിക്കുളങ്ങരക്കാവിൽ ചെന്ന് ഒരു താലി പൂജിച്ചു വാങ്ങി. 2009 മേയ് 10ന് ആരുമില്ലാത്തൊരു ഉച്ചനേരത്ത് അതേ കാവിലെത്തി റഹ്മാൻ താലി സജിതയുടെ കഴുത്തിൽ ചാർത്തി. ആഴ്ചയിൽ 500 രൂപ അടയ്ക്കുന്ന എൽഐസി പോളിസി തുടങ്ങിയിരുന്നു റഹ്മാൻ. അതിൽ ഒരു തുകയാകുമ്പോൾ വാടകവീടെടുത്ത് ഒന്നിച്ച് താമസം തുടങ്ങുന്നതിനെക്കുറിച്ച് അന്നുമുതൽ ഇരുവരും സ്വപ്നം കണ്ടു.

ഇതിനിടെ, ചേച്ചിയുടെ വിവാഹം ഉറപ്പിച്ചതിനു പിന്നാലെ സജിതയ്ക്കും ആലോചനകൾ വന്നുതുടങ്ങി. വീട്ടിൽ തുടരാനാകില്ലെന്നു ബോധ്യമായതോടെ 2010 ഫെബ്രുവരി 2ന് രാത്രി 4 ജോഡി വസ്ത്രങ്ങളുമെടുത്ത് സജിത റഹ്മാന്റെ വീട്ടുമുറ്റത്തെത്തി. ആരുമറിയാതെ റഹ്മാൻ അകത്തു കയറ്റി. ഏറിയാൽ ഒരാഴ്ച ആരുമറിയാതെ സജിതയെ മുറിയിലൊളിപ്പിക്കുകയായിരുന്നു അപ്പോൾ മനസ്സിലുണ്ടായിരുന്ന വെല്ലുവിളി. ആ ഒരാഴ്ച നീണ്ട്, നീണ്ടുനീണ്ട് കടന്നുപോയതു 10 വർഷം!

sajitha-room
സജിത ഒളിച്ചു താമസിച്ചിരുന്ന മുറി.

സമ്മർദങ്ങളുടെ വീട്

‘ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്നത് നാളെ ഇവളെയുംകൂട്ടി പുറത്തുകടക്കാനാകുമോ എന്നു ചിന്തിച്ചാണ്’ – റഹ്മാൻ പറയുന്നു. റഹ്മാന്റെ സഹോദരൻ വളരെ മുൻപേ വിവാഹശേഷം മാറിത്താമസിച്ചു. ചേച്ചിമാരിൽ ആദ്യത്തെയാൾ അവിവാഹിതയാണ്. രണ്ടാമത്തെയാളുടെ ആദ്യഭർത്താവ് മരിച്ചതോടെ രണ്ടാമതു വിവാഹം കഴിച്ചയച്ചു. ആദ്യ വിവാഹത്തിലെ കുട്ടി ഇവർക്കൊപ്പമുണ്ട്. കൂലിപ്പണിക്കാരാണു മാതാപിതാക്കൾ.

മുറിയിൽ സജിത എത്തിയതോടെ റഹ്മാന്റെ ഓരോ നിമിഷങ്ങളും സമ്മർദങ്ങളുടേതായിരുന്നു. ചിലപ്പോഴൊക്കെ പെരുമാറ്റം വിചിത്രമായി തോന്നിയ വീട്ടുകാർ, സജിത കൈവിഷം നൽകിയതുകൊണ്ടാണു മകനു മാറ്റങ്ങളുണ്ടായതെന്നു സംശയിച്ചു. ഒറ്റപ്പാലത്തിനടുത്തൊരു ഉൾഗ്രാമത്തിലുള്ള മന്ത്രവാദിയുടെ അടുത്തെത്തിച്ചു. അയാൾ ചില പച്ചമരുന്നുകൾ നൽകി. രാവിലെ ഈ മരുന്നുകളും അൽപം പഞ്ചസാരയും കഴിച്ചാൽ കൈവിഷം പുറത്തുവരുമെന്നായിരുന്നു വാദം. ദിവസങ്ങളോളം മറ്റു ഭക്ഷണങ്ങൾ നൽകിയില്ല. ഈ ദിവസങ്ങളിൽ സജിതയും പട്ടിണിയായി. ദിവസം മുഴുവൻ തലവേദനയും ഛർദ്ദിയുമായി ആകെ ക്ഷീണിച്ച റഹ്മാൻ പ്രതികരിച്ചു തുടങ്ങിയതോടെ മാനസികരോഗിയാക്കി. ഒരു ദിവസത്തേക്കു മാനസിക രോഗാശുപത്രിയിലുമാക്കി.

‘ചികിത്സ’ വൈകാതെ അവസാനിപ്പിച്ചെങ്കിലും, വീട്ടിലെത്തി ആദ്യ കാലങ്ങളിൽ ഇതിന്റെ പേരിലുള്ള വഴക്കുകൾ തുടർക്കഥയായിരുന്നെന്നു സജിത ഓർക്കുന്നു. വീട്ടിലെല്ലാവരും കഴിച്ച ശേഷം ചോറും അച്ചാറും മാത്രമാണു ഭക്ഷണമായി നൽകുക. ഇതു സജിതയുമായി പങ്കിടും. അർധപട്ടിണിയുടെ നാളുകൾ. ഇടയ്ക്കിടെ മന്ത്രവാദി വീട്ടിലെത്തി റഹ്മാന്റെ മുറിയിലുള്ള ദുഷ്ടശക്തിയെ പുറത്താക്കാൻ ‍വീടിന്റെ നാലു കോണിലും മന്ത്രിച്ച തകിടുകൾ കുഴിച്ചിടുന്നതിനും ആഭിചാര ക്രിയകൾ നടത്തുന്നതിനുമൊക്കെ മുറിക്കുള്ളിലിരുന്നു സജിത സാക്ഷിയായി.

സങ്കടവീട്

സജിതയെ കാണാതായതോടെ വീട്ടുകാർ നെന്മാറ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് റഹ്മാന്റെ വീട്ടിലുമെത്തി. റഹ്മാനോടും കുടുംബാംഗങ്ങളോടും വിവരങ്ങളന്വേഷിക്കുന്നത് അകത്തിരുന്ന് സജിത കേട്ടു. സജിതയുടെ അച്ഛൻ വേലായുധനും അമ്മ ശാന്തയും 3 വർഷം പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി. തുമ്പൊന്നും കിട്ടാതായതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. വസ്ത്രങ്ങളുമായി കാണാതായതിനാൽ അപായപ്പെട്ടതല്ലെന്നും മകൾ എവിടെയോ ജീവിച്ചിരിക്കുന്നെന്നും വീട്ടുകാർ വിശ്വസിച്ചു. തുടക്കത്തിൽ റഹ്മാനെ സംശയിച്ചെങ്കിലും പതിവായി കൺമുന്നിലുള്ള കുട്ടിക്കു മകളുടെ തിരോധാനത്തിൽ പങ്കില്ലെന്നു പിന്നീടു വിശ്വസിച്ചു. കാലം വീണ്ടും പിന്നിട്ടതോടെ, മകൾ തിരിച്ചുവരുമെന്ന പ്രതീക്ഷ എന്നെന്നേക്കുമായി ഇരുവരും കൈവിട്ടു.

sajitha-electric-lock
സജിത ഒളിച്ചു താമസിച്ചിരുന്ന മുറിയുടെ വാതിലിൽ ഘടിപ്പിച്ച ഇലക്ട്രിക് പൂട്ട്

സന്തോഷക്കൂട്

തുടക്കത്തിൽ ആലത്തൂരിലെ വർക്‌ഷോപ്പിൽ ജോലി ചെയ്തിരുന്ന റഹ്മാൻ ചെറിയ അപകടത്തെത്തുടർന്ന് ജോലി നിർത്തിയിരുന്നു. എന്നാൽ, പിന്നീടു കിട്ടുന്ന ജോലികൾക്കെല്ലാം പോയിത്തുടങ്ങി. ഏക സുഹൃത്ത് ഹരിലാലിന്റെ സഹായത്തോടെയാണു പെയിന്റിങ് ജോലി തുടങ്ങിയത്. രാവിലെ പോകുമ്പോൾ ഉച്ചഭക്ഷണം പൊതിഞ്ഞെടുക്കും. ഇതാണ് ദിവസവും സജിതയുടെ ആദ്യ ഭക്ഷണം. റഹ്മാൻ ഹോട്ടലിൽനിന്നു കഴിക്കും. വൈകിട്ട് തിരിച്ചെത്തുമ്പോൾ രണ്ടാൾക്കുള്ള ഭക്ഷണം പ്ലേറ്റിലെടുത്ത് മുറിയടയ്ക്കും. ആരോടും സംസാരിക്കാതെയും ഒറ്റയ്ക്ക് മുറിയടച്ചു മാത്രം ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്ന റഹ്മാന്റെ രീതികളുമായി വീട്ടുകാർ പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. പരസ്പരം വാരിക്കൊടുത്താണ് ദിവസവും അത്താഴം കഴിക്കുക. ചില ദിവസങ്ങളിൽ വീട്ടിലെല്ലാവരും പുറത്തുപോകും. അന്നു ജോലിക്കു പോകാതെ റഹ്മാൻ വീട്ടിലിരിക്കും. യൂട്യൂബ് നോക്കി റഹ്മാൻ ഓരോ വിഭവങ്ങൾ ഉണ്ടാക്കും. പാട്ടുകൾ കേൾക്കും. മുറികളിൽ കയറിയിറങ്ങും.

നെല്ലിക്കുളങ്ങരക്കാവിലാണു പ്രശസ്തമായ നെന്മാറ വേല നടക്കുന്നത്. കുട്ടിക്കാലത്ത് കുടുംബാംഗങ്ങൾക്കൊപ്പം പോകുമായിരുന്നു സജിത. അവസാനം കാവിൽ പോയത് താലിചാർത്താനാണ്. പിന്നീടിന്നുവരെ റഹ്മാനും നെന്മാറ വേലയ്ക്കു പോയില്ല. ഇരുവരും ഒന്നിച്ചു മുറിയിലിരുന്നു ടിവിയിൽ കാണും. തമിഴ്നാട്ടിൽനിന്നു സംഘടിപ്പിച്ച ‘അമ്മ ടിവി’യിൽ ഹെഡ്ഫോൺ ഉപയോഗിക്കാനുള്ള സൗകര്യം റഹ്മാൻ ഒരുക്കിയിട്ടുണ്ട്. പകൽസമയങ്ങളിൽ ടിവി കണ്ടാണു സജിത സമയംകൊല്ലുക.

കുടുസ്സുമുറിയിലെ ഇവരുടെ ലോകത്ത് ആഘോഷങ്ങളൊന്നും മുടങ്ങിയില്ല. വിശേഷദിവസങ്ങളിൽ സദ്യയും ബിരിയാണിയുമൊക്കെ റഹ്മാൻ വാങ്ങിക്കൊണ്ടുവരും. പിറന്നാളിനു കേക്ക് മുറിക്കും. ഇടയ്ക്കിടെ ഫാൻസി കമ്മലുകളും മാലയും വളയുമൊക്കെ വാങ്ങി നൽകും. വസ്ത്രങ്ങളും വാങ്ങും. എല്ലാവരും ഉറങ്ങിയെന്നുറപ്പിച്ച് ചില രാത്രികളിൽ നിലാവെട്ടത്ത് പാടവരമ്പിലൂടെ നടക്കാനിറങ്ങും. സജിതയുടെ വീടിനു മുന്നിലൂടെയാണു പാടത്തേക്കുള്ള വഴി. ഓരോ തവണയും തിരിച്ചെത്തി ആരുടെയും കണ്ണിൽപെടാതിരുന്നതോർത്ത് ഇരുവരും അത്ഭുതംകൂറും.

റഹ്മാൻ ഇടയ്ക്കൊരു സ്മാർട്ഫോൺ സമ്മാനിച്ചെങ്കിലും അധികം വൈകാതെ കേടുവന്നു. പിന്നീടതു നന്നാക്കാനോ പുതിയതു വാങ്ങാനോ കഴിഞ്ഞില്ല. എങ്കിലും റഹ്മാന്റെ ഫോണിലൂടെ ഫെയ്സ്ബുക്കും വാട്സാപ്പുമുൾപ്പെടെ നാട്ടുവിശേഷങ്ങളൊഴുകുന്ന പുതുവഴികൾ സജിത അറിയുന്നുണ്ടായിരുന്നു.

ചില്ലുവാതിലിനപ്പുറം അമ്മ, അച്ഛൻ

റഹ്മാന്റെ വീടിന്റെ മുൻവശത്ത് ചെറിയൊരു ചില്ലുവാതിലുണ്ട്. മറ്റാരുമില്ലാത്തപ്പോൾ റഹ്മാൻ വീട്ടിലുണ്ടെങ്കിൽ മുറിയിൽനിന്നു പുറത്തിറങ്ങി അതിലൂടെ പുറം കാഴ്ചകൾ കാണും. സജിത കുടുംബാംഗങ്ങളെയെല്ലാം അങ്ങനെ കണ്ടിട്ടുണ്ട് പലപ്പോഴും. ചേച്ചിയുടെയും അനുജത്തിയുടെയും കല്യാണം സജിത ഇറങ്ങിപ്പോന്നതിനു ശേഷമായിരുന്നു. രണ്ടാളെയും ഒരേ വീട്ടിലേക്കാണു വിവാഹം കഴിച്ചയച്ചത്. അവരുടെ ഭർത്താക്കന്മാരെയും കുട്ടികളെയുമെല്ലാം റോഡിലൂടെ നടന്നുപോകുമ്പോൾ കൺനിറയെ കണ്ടു. മരിച്ചുപോയെന്നു കരുതിയ മകൾ തൊട്ടരികിലെ വീടിന്റെ ഭിത്തിക്കപ്പുറത്തിരുന്നു തങ്ങളെക്കാണുന്നതറിയാതെ വേലായുധനും ശാന്തയും ദിവസം പലകുറി അതുവഴി അങ്ങോട്ടുമിങ്ങോട്ടും നടന്നു. അവരെ കാണുമ്പോഴാണ് സജിതയുടെ കണ്ണുകൾ നിറഞ്ഞു കണ്ടിട്ടുള്ളത്, മറ്റൊരു പ്രതിസന്ധിയും അവളെ തളർത്തിയിരുന്നില്ലെന്ന് റഹ്മാൻ പറയുന്നു.

പ്രണയംകൊണ്ട് അതിജീവനം

മറ്റാർക്കും കഴിയാത്തവിധം കരുതലും സ്നേഹവുമാണു റഹ്മാൻ തരുന്നതെന്നു സജിത. ഈ പ്രണയമാണ് അതിജീവനത്തിനു കരുത്തായത്. ചെറുപ്പത്തിലേയുള്ള മുട്ടുവേദന ഇടയ്ക്കിടെ കലശലാകുന്നതൊഴിച്ചാൽ അസുഖങ്ങളൊന്നും വന്നില്ല. വർക്​ഷോപ്പിലുണ്ടായ അപകടത്തെ തുടർന്ന് ഇടുപ്പിനും കാലിനും വേദന റഹ്മാനു സ്ഥിരമായുണ്ട്. ദിവസവും രാത്രി ഏറെ സമയം ഉഴിഞ്ഞുകൊടുക്കും. ആദ്യത്തെ കുറച്ചു മാസങ്ങൾ പിന്നിട്ടതോടെ പുതിയ വീട്ടിലേക്കു മാറണമെന്നോ ഇതിലും മികച്ചൊരു ജീവിതം വേണമെന്നോ സജിത തിരക്കുകൂട്ടിയില്ല. എക്കാലത്തും ഒന്നിച്ചുണ്ടാകണമെന്നു മാത്രമായിരുന്നു പ്രാർഥന. ഇടക്കാലത്ത് ഇലക്ട്രിക്കൽ വർക്കുകൾക്ക് പോയ പരിചയത്തിലാണ് വൈദ്യുതപ്പൂട്ടുൾപ്പെടെ സുരക്ഷാ സജ്ജീകരണങ്ങളൊരുക്കിയത്. ആദ്യമൊക്കെ വീട്ടുകാർ റഹ്മാൻ പുറത്തുപോകുന്ന സമയത്തു മുറി തുറക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് ആ ശ്രമങ്ങളൊക്കെ ഉപേക്ഷിച്ചു.

പുതിയ ലോകം

മന്ത്രവാദവും പ്രശ്നങ്ങളുമൊക്കെ വീട്ടുകാർ വീണ്ടും തുടങ്ങിയതിനു പുറമേ, ലോക്ഡൗണിൽ അച്ഛനും മകനും കാര്യമായ ജോലിയൊന്നും ഇല്ലാതെ വന്നതോടെ പല ദിവസങ്ങളിലും ഭക്ഷണത്തിനു ബുദ്ധിമുട്ടു കൂടിയായതോടെയാണു റഹ്മാൻ എങ്ങനെയെങ്കിലും വീടിനു പുറത്തുകടക്കണമെന്നു തീരുമാനിച്ചത്. 2000 രൂപ വാടകയ്ക്കു വീട് ശരിയായി. പതിറ്റാണ്ടിനു ശേഷം മറ്റൊരു പാതിരായ്ക്ക് സജിതയുടെ രണ്ടാം കൂടുമാറ്റം. വീട്ടുകാരുമായി പിണങ്ങിയിറങ്ങിയതാണെന്നു മാത്രം പുതിയ അയൽക്കാരോടു പറ‍ഞ്ഞു. എല്ലാവരുമായി പെട്ടെന്ന് അടുപ്പത്തിലായി. ഏറെ നേരം അയൽവീടുകളിൽ പോയി സംസാരിച്ചിരിക്കാനുള്ള സജിതയുടെ ഇഷ്ടം റഹ്മാനും പ്രോത്സാഹിപ്പിച്ചു. സത്യങ്ങൾ പുറത്തറിഞ്ഞതോടെ അവരൊക്കെ ചെറിയ അകലമിടുന്നെന്ന സങ്കടമുണ്ട്. 

ലോകത്തിനു മുന്നിലേക്ക് 

വീട്ടിൽനിന്നിറങ്ങിയിട്ട് 3 മാസം പിന്നിട്ടിരുന്നു. എവിടെയാണെന്നറിയാൻ വീട്ടുകാർ ഫോണിൽ വിളിച്ചിട്ടുപോലുമില്ലെന്നു റഹ്മാൻ പറയുന്നു. വൈദ്യുതി ബിൽ അടച്ചു മടങ്ങുംവഴി നെന്മാറ ടൗണിൽ പൊലീസ് സ്കൂട്ടർ തടഞ്ഞു. അവരോടു കാര്യം വിശദീകരിക്കുന്നതിനിടെ അതുവഴി വന്ന സഹോദരൻ സ്കൂട്ടർ കണ്ടു തിരിച്ചറിഞ്ഞത് വഴിത്തിരിവായി. അങ്ങനെയാണു ചോദ്യംചെയ്യലിനു പൊലീസ് കൊണ്ടുപോയതും വിവരങ്ങളൊക്ക പുറത്താകുന്നതും. 

 ‘‘സ്കൂട്ടർ തിരികെ വേണമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം. ഞാനും അച്ഛനും ചേർന്നാണു സ്കൂട്ടർ വാങ്ങിയത്. അതിന്റെ വായ്പ അടയ്ക്കാൻ അവിടെനിന്ന് ഇറങ്ങുന്നതു വരെ പണം നൽകിയിരുന്നു’’.

 ഉറ്റവരുടെ വീണ്ടെടുപ്പ് 

താൻ മരിച്ചതായി വീട്ടുകാരും വിശ്വസിച്ചതൊക്കെ സജിത അറിയുന്നുണ്ടായിരുന്നു. 

‘‘കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തി അച്ഛനുമമ്മയും കണ്ടു. വീട്ടിലേക്കു വരുന്നോയെന്ന് അമ്മ ചോദിച്ചു. തൽക്കാലം ഇല്ലെന്നു പറഞ്ഞു. പിറ്റേന്നു ചേച്ചിയും അനുജത്തിയും വിളിച്ചു. കഴിഞ്ഞതൊന്നുമോർത്തു സങ്കടപ്പെടരുതെന്നും ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കണമെന്നും പറഞ്ഞു. കാണാൻ കൊതിയുണ്ടെന്നും ലോക്ഡൗൺ കഴിഞ്ഞാലുടൻ മക്കളെക്കൂട്ടി വരുമെന്നും പറഞ്ഞു. ഇത്തരമൊരു ദിവസമൊക്കെ സ്വപ്നത്തിൽനിന്നു തന്നെ എന്നേ മാഞ്ഞുപോയിരുന്നതാണ്’’.

‘സ്റ്റോക്ഹോം സിൻഡ്രോം ബാധിച്ചിട്ടില്ലെന്ന്  കരുതുന്നു’ 

''റഹ്മാൻ പറഞ്ഞ കഥകൾ തീർത്തും അവിശ്വസനീയമായിരുന്നു. മറ്റു 4 അംഗങ്ങളുള്ള വീട്ടിൽ ചെറിയ കാലമല്ലല്ലോ, 11 വർഷമാണ് ആരുമറിയാതെ ആ പെൺകുട്ടി കഴിഞ്ഞുകൂടിയത്. മുറിയിലൊരുക്കിയിരുന്ന സജ്ജീകരണങ്ങളെല്ലാം ഇരുവരും ചേർന്നു കാണിച്ചു തന്നു. മൊഴികൾ വിശ്വാസത്തിലെടുക്കാവുന്ന സാഹചര്യവും അന്തരീക്ഷവുമാണ് അവിടെ. ആ മുറിയിൽ ആരും കയറാൻ റഹ്മാൻ അനുവദിക്കില്ലെന്നും ഭക്ഷണം മുറിയിലിരുന്നു മാത്രമേ കഴിക്കൂ എന്നുമുൾപ്പെടെ കുടുംബാംഗങ്ങളുടെ മൊഴിയും ഇതു ശരിവയ്ക്കുന്നതായിരുന്നു.

വീട്ടുകാരില്ലാത്ത സമയത്തു മുറിക്കു പുറത്തിറങ്ങിയും രാത്രികളിൽ പുറത്തു നടക്കാനിറങ്ങിയുമൊക്കെ മുറിക്കുള്ളിലെ ശ്വാസംമുട്ടൽ അതിജീവിക്കാൻ കഴിഞ്ഞതുകൊണ്ടാകണം, സജിതയുടെ മാനസികാരോഗ്യത്തെ ഈ ഒറ്റപ്പെടൽ ബാധിച്ചിട്ടില്ല. ദീർഘകാലം തടവിൽ കഴിയുന്നവർ ആ സാഹചര്യത്തെ ഇഷ്ടപ്പെട്ടു തുടങ്ങുന്ന ‘സ്റ്റോക്ഹോം സിൻഡ്രോം’ പെൺകുട്ടിയെ ബാധിച്ചിട്ടില്ലെന്നാണ് നിഗമനം. റഹ്മാൻ ഇല്ലാതിരുന്ന സമയത്തു മാത്രമാണല്ലോ അവർ ഒറ്റയ്ക്കായത്. ഒന്നിച്ചുള്ള സമയങ്ങൾ ഇരുവരും പരമാവധി ആസ്വദിക്കുകയും ചെയ്തിരുന്നു. വൈദ്യുതപ്പൂട്ടും മറ്റു സജ്ജീകരണങ്ങളുമൊക്കെ അതിജീവനത്തിനു വേണ്ടി ഒരുക്കിയതാണ്. ആർക്കും പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല''

എ. ദീപകുമാർ സർക്കിൾ ഇൻസ്പെക്ടർ, നെന്മാറ

sajitha-father
സജിതയുടെ മാതാപിതാക്കൾ വേലായുധനും ശാന്തയും

‘ജീവനോടെയുണ്ടെന്ന് അറിഞ്ഞല്ലോ, അതുമതി’’

മരിച്ചെന്നു കരുതിയ മകൾ ഉറക്കെയൊന്നു വിളിച്ചാൽ കേൾക്കാവുന്ന ദൂരത്ത് ഇത്രയും കാലം ഉണ്ടായിരുന്നെന്നറിയുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത വികാരങ്ങളാണു വേലായുധനും ശാന്തയ്ക്കും.

‘‘വിവരമറിഞ്ഞ ദിവസം സ്റ്റേഷനിൽ ചെന്നു കണ്ടിരുന്നു. എനിക്കു കരച്ചിൽവന്നു. മകളുടെ മുന്നിൽ കരയുന്നതെങ്ങനെ? കണ്ണുനിറയാതെ പിടിച്ചുനിന്നു. അവളെന്നോടൊന്നും മിണ്ടിയില്ല. പേടിച്ചിട്ടാണ്. ഇങ്ങനെയൊരവസ്ഥയിൽ ഇത്രയും കാലം അവൾ മനശ്ശക്തിയോടെ പിടിച്ചുനിന്നല്ലോ. അവരുടെ സ്നേഹത്തിന്റെ ആഴം ബോധ്യപ്പെട്ടു. സന്തോഷമായി കഴിയട്ടെ. കണ്ണുനിറച്ചൊന്നു കാണാൻ പറ്റിയില്ല’’ – രാവിലെ മുതൽ ടിവി ചാനലുകൾ മാറിമാറി വച്ച് മകളെ കാണുന്നതിനിടെ വേലായുധൻ പറഞ്ഞു.

പിന്നാലെ ഇരുവരും താമസിക്കുന്ന വാടകവീട്ടിലെത്തി മാതാപിതാക്കൾ സജിതയെ കണ്ടു. എല്ലാവരെയും പേടിച്ചിട്ടാണ് ഇങ്ങനെയൊക്കെ വേണ്ടിവന്നതെന്നു പറഞ്ഞ മകളെ ചേർത്തു പിടിച്ചു, ഇനി പേടിക്കേണ്ടെന്നും സന്തോഷത്തോടെ ജീവിക്കാനും നിറകണ്ണുകളോടെ അമ്മയുടെ ഉപദേശം. ഉയരം വച്ചെങ്കിലും തീരെ മെലിഞ്ഞുപോയെന്നും ശരീരം നന്നാക്കണമെന്നും കാണാതാകുമ്പോൾ തോളൊപ്പമുണ്ടായിരുന്ന മുടി ഇപ്പോൾ മുട്ടോളമെത്തിയെന്നും ശാന്ത. ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞല്ലോ, ഇനി കൂടുതലൊന്നും വേണ്ട. അവൾ പോയതിനു ശേഷം പണിത വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. കാണാനാഗ്രഹമുള്ളപ്പോൾ വരട്ടെ. വിലക്കില്ല, നിർബന്ധിക്കുകയുമില്ല. അവൻ നന്നായി നോക്കുമെന്ന് ഉറപ്പുണ്ടെങ്കിലും ആരോഗ്യം വീണ്ടെടുത്ത് നന്നായി ജീവിച്ചുകാണണമെന്നേ ഇനി ആഗ്രഹമുള്ളൂവെന്നും ശാന്ത പറയുന്നു.

വിവരങ്ങൾ കേട്ടറിഞ്ഞ് ആളുകളെത്തിത്തുടങ്ങിയതോടെ കടുത്ത സമ്മർദത്തിലാണു റഹ്മാന്റെ മാതാപിതാക്കൾ.

 മകൻ പറയുന്ന കാര്യങ്ങൾ തികച്ചും അവിശ്വസനീയമാണെന്നും ആ മുറിയിൽ ഇത്രയും കാലം തങ്ങളറിയാതെ ഒരാള്‍ക്കു താമസിക്കാൻ കഴിയില്ലെന്നുമാണ് ഇരുവരുടെയും വാദം. സഹോദരിയുടെ വിവാഹവും ഇടക്കാലത്തു വീട് പുതുക്കിപ്പണിതതുമെല്ലാം ഇവർ ചൂണ്ടിക്കാട്ടുന്നു. 

എന്നാൽ, ഇടക്കാലത്തു മന്ത്രവാദത്തിന്റെ പേരിലുണ്ടായ പ്രശ്നങ്ങളൊഴിവാക്കിയാൽ വീട്ടിലാരും തന്റെ കാര്യത്തിൽ ഇടപെടുകയോ മുറി പരിശോധിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന വാദത്തിൽ റഹ്മാൻ ഉറച്ചുനിൽക്കുകയാണ്. സഹോദരിയുടെ രണ്ടാം വിവാഹമാണു സജിത എത്തിയ ശേഷം നടത്തിയത്. ആഘോഷങ്ങളൊന്നുമില്ലാതെ നടത്തിയ ചടങ്ങിൽ ആർക്കും ക്ഷണം പോലുമുണ്ടായിരുന്നില്ലെന്നും റഹ്മാൻ പറയുന്നു.

English Summary: Kerala man hid lover in his room for 10 years: story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com