അക്ഷരം വിളയുന്ന ഗ്രാമം

bappuji-vayanasala
പെരുകുംളം ബാപ്പുജി സ്മാരക വായനശാല. ചിത്രം: രാജൻ എം. തോമസ് ∙ മനോരമ
SHARE

കൊട്ടാരക്കര ഗണപതിക്ഷേത്രം– മണ്ണടി റോഡ്. പോരാട്ടവീര്യവുമായി ധീരദേശാഭിമാനി വേലുത്തമ്പിദളവ കടന്നുപോയ ചരിത്രവഴി. നാലുകിലോമീറ്റർ പിന്നിട്ടാൽ തെങ്ങും മരച്ചീനിയും ഇടവിളകളും തഴയ്‌ക്കുന്ന തകിടികൾ. കുന്നിൻചെരുവുകളിൽ തണലായി റബർമരങ്ങൾ. സുഭിക്ഷ കേരളം പദ്ധതിയിലൂടെ മടങ്ങിവരവിന്റെ പച്ചപ്പുകാട്ടുന്ന ഏലകൾ... പെരുംകുളത്തിന്റെ പതിവു കാഴ്‌ചവട്ടങ്ങൾക്കും മുകളിൽ ഇപ്പോൾ തല ഉയർത്തി നിൽക്കുന്നത് പാതയോരങ്ങളിലെ 12 പുസ്‌തകക്കൂടുകൾ. വൈകുന്നേരങ്ങളിൽ ചൂടുചായ ഊതിക്കുടിച്ച് നാടൻപലഹാരങ്ങളും കഴിച്ച് വെടിവട്ടം പറഞ്ഞിരിക്കാൻ സൊറവരമ്പ്. വായനയ്‌ക്കായി പതിനായിരത്തോളം പുസ്‌തകങ്ങൾ. മാസം തോറും വായനാ ചാലഞ്ചുകൾ. ഓൺലൈൻ കേട്ടെഴുത്ത് മൽസരങ്ങൾ. പുസ്‌തകക്കുറിപ്പുകൾ. 5000 ഡിജിറ്റൽ മാഗസീനുകൾ. ഇ വായനയ്‌ക്ക് ടാബുകൾ. കേരളത്തിൽ എവിടെ നിന്നും ബാപ്പുജി സ്‌മാരക വായനശാലയിൽ ഡിജിറ്റൽ അംഗത്വം. 

വിതച്ചാൽ പൊലിക്കുന്ന നാടിന്റെ മണ്ണു കണ്ടറിഞ്ഞ് ബാപ്പുജി സ്‌മാരക വായനശാല, പെരുംകുളത്ത് നാലുവർഷമായി വായനയും നാട്ടുനന്മകളും ചേർത്ത് അക്ഷരവിത്തു വിതയ്‌ക്കുകയാണ്.

സമ്മിശ്രകൃഷിക്ക് നാട് വെള്ളവും വളവും അറിഞ്ഞു നൽകിയതോടെ സംസ്‌ഥാനത്തെ ആദ്യ പുസ്‌തക ഗ്രാമമായി പെരുംകുളം വിളഞ്ഞു.  വായനയുടെ രസച്ചരട് പൊട്ടാതെ എല്ലാതലങ്ങളിലുള്ളവരിലേക്കും എത്തിച്ച പ്രവർത്തനങ്ങളെ പുസ്‌തകഗ്രാമ പദവി നൽകി സംസ്‌ഥാനസർക്കാരും ഇപ്പോൾ അംഗീകരിച്ചിരിക്കുന്നു.

കേരളത്തിന്റെ അക്ഷരഭൂമികയിൽ പുത്തൻ കഥാപരിസരം വികസിപ്പിച്ച ബാപ്പുജി സ്‌മാരക വായനശാല, പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തത് വേറിട്ട വഴികളായിരുന്നു. 

രക്ഷാധികാരി എം.മുകുന്ദന്റെ പേരിൽ ഫാൻസ് അസോസിയേഷൻ രൂപീകരിച്ച ആരാധകക്കൂട്ടം, 2019ലെ വായനാദിനത്തിൽ കൊട്ടാരക്കരയിലെ തിരഞ്ഞെടുത്ത ഓട്ടോറിക്ഷകളിൽ യാത്രക്കാർക്ക് പുസ്‌തകം ലഭ്യമാക്കിയതുപോലെ ഫലം കണ്ട വായന മാർഗങ്ങൾ. ദിവസം അഞ്ചു പേജ് എങ്കിലും വായിക്കാൻ ശീലിക്കൂ എന്ന ആമുഖ നോട്ടിസുമായി 2020ലെ വായനാദിനത്തിൽ കൊട്ടാരക്കര കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിലെത്തി യാത്രക്കാരെ സമീപിച്ചതടക്കമുള്ള പുതിയ വായനക്കാഴ്‌ചകൾ.  

bapuji-book
തുറവരമ്പിൽ സ്ഥാപിച്ചിരിക്കുന്ന പുസ്തക്കൂട്.

യാത്രക്കാർക്കായി ബസിനുള്ളിൽ ആരാധകക്കൂട്ടം വായിച്ച എം.മുകുന്ദന്റെ ‘രാധ രാധ മാത്രം’ എന്ന കഥയിലെ ചോദ്യങ്ങൾക്ക് എസ്‌എംഎസ് വഴി ശരിയുത്തരം അയച്ചവർക്ക് എഴുത്തുകാരന്റെ കയ്യൊപ്പോടുകൂടിയ പുസ്‌തകം സമ്മാനം. 

 നാട്ടിലെ സാഹിത്യ തൽപരരായ 21 പേരെ കൂട്ടി നോവൽ രചന (2021 ഓഗസ്‌റ്റിൽ പൂർത്തിയാവുന്ന രചന അവസാന മിനുക്കുപണിയിലാണ്). നാടറിഞ്ഞ വായനശീലങ്ങൾ സമൂഹമാധ്യമങ്ങൾ വഴി അറിഞ്ഞ ഓസ്‌ട്രേലിയൻ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ജാക്കി മൻസൂരിയുടെ വായനശാല സന്ദർശനവും സമീപത്തെ പ്രാഥമിക വിദ്യാലയത്തിലെ കുട്ടികളുമായി സംവാദവും. വായനശാലയുടെ ധനസമാഹരണത്തിനായി ഓസ്‌ട്രേലിയയിൽ സിനിമാപ്രദർശനം. പുത്തൂർ തേവലക്കരയിൽ പുതിയ ശാഖ. പെരുംകുളത്തെ പുസ്‌തകഗ്രാമമായി വിശേഷിപ്പിച്ച് മലയാളത്തിന്റെ പ്രിയകഥാകാരൻ എം.ടി. വാസുദേവൻനായരുടെ പ്രഖ്യാപനം...

സമാനതകളില്ലാത്ത അക്ഷരവഴികളിലൂടെ സഞ്ചരിക്കുമ്പോഴും മണ്ണിലൂടെ വേരുപടരണമെന്ന നിർബന്ധം വായനശാല സൂക്ഷിച്ചു വരികയാണ്. നാടിന്റെ കാർഷിക സംസ്‌കാരം തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെ വായനശാലയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കൈരളി കലാസാംസ്‌കാരിക സമിതി ഓണക്കാലത്ത് വയൽവാണിഭം പോലെയുള്ള പരിപാടികൾ പതിവായി സംഘടിപ്പിച്ചു വരുന്നു (കോവിഡ് പ്രോട്ടോക്കോൾ കാരണം കഴിഞ്ഞ വർഷം മുടങ്ങിയ വയൽവാണിഭം ഇക്കുറി നടത്താമെന്ന പ്രതീക്ഷയിലാണ് സംഘാടകർ). നാട്ടിലെ ആളൊഴിഞ്ഞ സ്‌ഥലങ്ങൾ മാലിന്യം തള്ളാനാണെന്ന ധാരണ തിരുത്തുകയായിരുന്നു മൂന്നുലക്ഷം രൂപ ചെലവഴിച്ച് പാതയോരത്ത് കൈരളി ഒരുക്കിയ സൊറവരമ്പ്. കർഷകരുടെ ഉൽപന്നങ്ങൾ ഇടനിലക്കാരുടെ ഇടപെടൽ കൂടാതെ വിൽക്കാൻ ആഴ്‌ചച്ചന്തയായ പീടികപ്പച്ച, രൂപമാറ്റം വരുത്തിയ വയലേലകളിലേക്ക് നെൽക്കൃഷി തുടങ്ങിയ പദ്ധതികളും കൈരളിയിലൂടെ വായനശാല നടപ്പാക്കുന്നു. നിരാലംബരായ രോഗികൾക്കായി മാസം തോറും നൽകിവരുന്ന ഇളനീർ പെൻഷൻ, കാൻസർ രോഗികൾക്കുള്ള ധനസഹായ പദ്ധതിയായ കരുതൽ തുടങ്ങിയ സാമൂഹിക സുരക്ഷാപദ്ധതികളും വായനശാലയുടേതായുണ്ട്. നാട്ടിലെ കുട്ടികൾക്ക് കളിയിടത്തിനായി 60 സെന്റ് സ്‌ഥലം വാങ്ങി നൽകിയതും വായനശാലയുടെ നേതൃത്വത്തിലുള്ള പെസ്‌പോയാണ്. ഗവൺമെന്റ് വെൽഫയർ സ്‌കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ സ്‌ഥലം, പോസ്‌റ്റ് ഓഫിസ് പുനരുദ്ധാരണം തുടങ്ങിയ പ്രവർത്തനങ്ങളും വായനശാല ഏറ്റെടുത്തു നടപ്പാക്കി. 2018ലെ മഹാ പ്രളയത്തിൽ നോട്ടുപുസ്‌തകങ്ങൾ നഷ്‌ടമായ ആലപ്പുഴ ജില്ലയിലെ കുട്ടികൾക്കായി പകർത്തിയെഴുതാം നന്മ എന്ന പേരിൽ വായനശാല നേതൃത്വം നൽകി നടത്തിയ നോട്ടെഴുത്ത് പരിപാടിയുടെ വിജയം പൊതുസമൂഹത്തിനിടയിലെ വായനശാലയുടെ സ്വീകാര്യതയുടെ തെളിവായിരുന്നു.

പെരുംകുളത്തിന്റെ മണ്ണിൽ വായനയുടെ വിത്തുവീണിട്ട് ഏഴു പതിറ്റാണ്ടു കഴിഞ്ഞു. 1948 ജനുവരി 30ന് ഗാന്ധിജി കൊല്ലപ്പെട്ടതറിഞ്ഞ വേദനയിൽ യുവാക്കളുടെ ഒരുസംഘം കുഴയ്‌ക്കാട്ടു വീട്ടിൽ കുഞ്ഞുകൃഷ്‌ണപിള്ളയുടെ നേതൃത്വത്തിൽ ഒത്തുകൂടി. സങ്കടക്കടലിൽ നിൽക്കുമ്പോഴും സമൂഹത്തിന് ഉപകാരപ്പെടുന്ന എന്തെങ്കിലും നാട്ടിൽ ചെയ്യണമെന്ന ചിന്തയായിരുന്നു എല്ലാവർക്കും. വലിയ ആലോചനകൾ കൂടാതെ എടുത്ത തീരുമാനത്തിൽ ബാപ്പുജി സ്‌മാരക വായനശാല പിറന്നു. അവസ്‌ഥ മോശമായതോടെ എൺപതുകളുടെ തുടക്കത്തിൽ വായനശാലയ്‌ക്കു പൂട്ടുവീണു. 17 വർഷങ്ങൾക്കു ശേഷം 1997ൽ വീണ്ടും തുറന്നു. 

ലിറ്റിൽ ഫ്രീ ലൈബ്രറി എന്ന ആശയം ഉൾക്കൊണ്ട് 2017 ജനുവരി ഒന്നിന് സംസ്‌ഥാനത്തെ ആദ്യ പുസ്‌തകക്കൂട് പെരുംകുളം റേഡിയോ ജംക്‌ഷനിൽ സ്‌ഥാപിച്ച് പുസ്‌തകഗ്രാമം എന്ന ആശയത്തിന് തുടക്കമിട്ടു. ഒന്നരക്കിലോമീറ്റർ വരുന്ന പ്രധാനപാതയിൽ പ്ലാമൂട്, റേഷൻകടമുക്ക്, സൊറവരമ്പ്, പെരുംകുളം ക്ഷേത്രം ജംക്‌ഷൻ, വിളികേൾക്കും പാറ, ഗവ.എൽപിഎസ് എന്നിവിടങ്ങളിൽ വൈകാതെ പുസ്‌തകക്കൂടുകൾ നിരന്നു. മൂന്നു പഞ്ചായത്തുകളിലെ അഞ്ചു വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന വായനശാലാപരിധിയിലെ പ്രധാന ജംക്‌ഷനുകളായ കൊടിതൂക്കംമുകൾ, കളീലുവിള ജംക്‌ഷൻ, എൻഎസ്‌എസ് കരയോഗം ജംക്‌ഷൻ, കളീപ്പടിക്കൽ, ചൂളറ എന്നിവിടങ്ങളിലും പുസ്‌തകക്കൂടുകൾ ഇടംപിടിച്ചതോടെയാണ് പെരുംകുളം പുസ്‌തകഗ്രാമ പദവിയിലേക്ക് അടുത്തത്. 2020 ജൂൺ 19ലെ വായനാദിനത്തിൽ മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി.വാസുദേവൻനായർ പുസ്‌തകഗ്രാമ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും ഔദ്യോഗിക പദവി ലഭിച്ചത് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതോടെയാണ്.


English Summary: Perumkulam Bappuji Smaraka Vayanasala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA