പുഴയൊഴുകും പാട്ടിന്റെ തീരം

sreevalsan
ശ്രീവത്സൻ ജെ. മേനോനും അലീസയും.
SHARE

ബ്രസീലിലെ ആഫ്രോ–അമേരിക്കൻ പാട്ടുകാരി അലീസ സാൻഡേഴ്സും മലയാളികളുടെ സംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോനും ഈ മഴക്കാലത്ത് ഒരു പുഴയ്ക്കരികിൽ പാട്ടിന്റെയൊഴുക്കിൽ സംഗമിക്കുന്നു. നാളെ രാജ്യാന്തര സംഗീതദിനം.

പുഴ നിറയെ മഴ. നിന്നു പെയ്യുകയാണ്. പുഴ ഹൃദയത്തെ നിറയ്ക്കുന്നുവെന്ന് അലീസ. ‘പുഴ’ എന്നു പറയണമെന്നുണ്ട്, മഴയെന്നും. പക്ഷേ, മഴയിലെയും പുഴയിലെയും നനവിൽ ‘ഴ’ എന്ന അക്ഷരവും ശബ്ദവും കഴുകിയെടുക്കാൻ അലീസയ്ക്കു കഴിയുന്നില്ല. വഴുതിപ്പോവുകയാണു ‘ഴ’.

മലയാളത്തിന്റെ പ്രിയങ്കരനായ ശ്രീവത്സൻ ജെ. മേനോൻ കടന്നുവരുന്നത് ഈ ഘട്ടത്തിലാണ്. മഴയെ വ്യത്യസ്തരാഗങ്ങളിൽ ചിട്ടപ്പെടുത്തിയ ശ്രീവത്സൻ സംഗീതത്തിന്റെ തഴുകലുമായി വന്ന് ബ്രസീലിന്റെ പാട്ടുകാരി അലീസ സാൻഡേഴ്സിനെ കൈപിടിച്ചു നടത്തി. എറണാകുളം ജില്ലയിലെ രാമമംഗലത്ത്, പുഴയോരത്തെ വീട്ടിൽ, മഴ കണ്ടിരുന്ന്, മഴ കേട്ടിരുന്ന് അലീസ പാട്ടിലലിഞ്ഞു. പിന്നെ, ഏറ്റുപാടാൻ തുടങ്ങി.

ആഫ്രിക്കൻ വംശജരുടെ കുടുംബത്തിൽ, യുഎസിൽ ജനിച്ചു വളർന്നവൾ അലീസ. അമേരിക്കൻ എയർലൈൻസ് തുടങ്ങിയ വിമാനക്കമ്പനികളിലെ ക്യാബിൻ ക്രൂ ജോലി ഉപേക്ഷിച്ചു പാട്ടുകാരിയായി. ജാസ്... ബ്ലൂസ്... സംഗീതം എന്നും ആത്മാവിലുണ്ടായിരുന്നു, എഴുത്തും. ബ്രസീലിനെ പ്രണയിച്ച് അവിടെ താമസമാക്കി. മലയാളി സുഹൃത്തുക്കൾ വഴി ഇന്ത്യയോടും ഇഷ്ടമായി. സംഗീതം, ആയുർവേദം, യോഗ, ആധ്യാത്മികത.  ഇന്ത്യയിലേക്ക്, പ്രത്യേകിച്ചു കേരളത്തിലേക്കു വരണമെന്ന ആഗ്രഹം ഏറെ നാളായുണ്ട്. വന്നപ്പോൾ മഴ, കോവിഡ്, ലോക്ഡൗൺ. 

കാണുന്നതിനു തലേന്നുമാത്രം അലീസയും ശ്രീവത്സനും സുഹൃത്തുക്കൾ വഴി പരസ്പരം അറിഞ്ഞു. മഴ പൊട്ടിവീണ ഒരു വൈകുന്നേരത്ത്. പിറ്റേന്നു പുലർമഴയിൽ കണ്ടുമുട്ടി. ഫൊണറ്റിക് സ്ക്രിപ്റ്റ്, ശബ്ദങ്ങൾ കൂടുതലുള്ളതു മലയാളത്തിലാണ് എന്നതിൽ അലീസയ്ക്ക് അദ്ഭുതം. ഒരേ നാവുതന്നെ ‘റ്റ’യും ‘ഴ’യും തമ്മിൽ, അകത്ത്, ഒരേയിടത്ത് ഒളിച്ചുകളിച്ച് അലീസയെ കബളിപ്പിക്കുന്നു. അതിനെയെല്ലാം വെല്ലുന്ന കൂട്ടുകളുമായി ശ്രീവത്സൻ വരുന്നു. അലീസയുടെ കൂട്ടുകാരി, ബ്രസീലുകാരി കരീനയെ ജീവിതസഖിയാക്കിയ കൊച്ചിക്കാരൻ ആനന്ദജ്യോതിയുടെ പാലയ്ക്കാപ്പിള്ളി ആനന്ദമനയായിരുന്നു വേദി. വർഷകാലത്തു പുഴ കയറിയിറങ്ങുന്ന വീട്.

ബ്രസീലിൽ വിവിധ നിറമുള്ളവരും വിവിധ വംശജരും സംഗമിക്കുന്ന ബായിയ എന്ന പുരാതന നാട് തന്റെ മനസ്സുനിറച്ചു എന്നായിരുന്നു അലീസയുടെ സ്വയം പരിചയപ്പെടുത്തൽ. അതുകൊണ്ടുതന്നെ അവിടെ താമസമാക്കിയ കഥയും പറഞ്ഞു. ബായിയയുടെ തലസ്ഥാനമായ സാൽവദോറിലാണ് അലീസയും മാതാപിതാക്കളും. യുഎസിലെ ബർക്‌ലി സർവകലാശാലയിലെ പഠനവും ക്യാബിൻക്രൂ എന്ന പ്രഫഷനൽ ജീവിതവും അലീസ പിന്നിട്ടുകഴിഞ്ഞു. ഇനി പാട്ടുമാത്രം.

കർണാടക സംഗീതവും ഹിന്ദുസ്ഥാനിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞാണ് ശ്രീവത്സൻ തുടങ്ങിയത്. കോറൽ സിങ്ങിങ് എന്ന പാശ്ചാത്യരീതിയും പരാമർശിച്ചു. ആരോഹണവും അവരോഹണവും അലീസയെ സ്തബ്ധയാക്കി. 

ശ്രീവത്സൻ: ‘‘ഐ വിൽ മെയ്ക്ക് ഇറ്റ് ഈസി...’’

‘സാ..രി... ഗ...മ...’ എന്നിങ്ങനെ തുടക്കം. അലീസ ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല... ‘ത... രാ... രാ... രാ...’ എന്ന പകർച്ചയാണു ശ്രീവത്സൻ പരിചയപ്പെടുത്തിയത്.  പിന്നീട്  ‘ആാആാആാ...’ അതിന്റെ കയറ്റിറക്കങ്ങൾ‍... ‘ലാ... ലാ...ലാ... ലാ... ലാ’ എന്നിങ്ങനെ അലീസയെക്കൊണ്ടു ശ്രീവത്സൻ പാടിച്ചു. ഓരോ ‘ലാ...’യുടെയും ശബ്ദതന്ത്രവും രസതന്ത്രവും കയറ്റിറക്കങ്ങളും ‘ആനന്ദമന’യുടെ അകത്തളത്തിൽ നിറഞ്ഞു. 

‘‘ശബ്ദത്തിന്റെ സൗന്ദര്യം മറക്കുക, സംഗീതത്തിന്റെ ശുദ്ധിമാത്രം മതി. ശബ്ദനിയന്ത്രണം സാധ്യമായാൽ സൗന്ദര്യം താനേ വരും.’’

‘‘എന്റെ സംഗീതത്തിന്റെ ശീലങ്ങൾ മറികടക്കാൻ ഞാനിവിടെ ശ്രമിക്കുകയാണ്. എന്റെ ശബ്ദം ഇവിടെ ഞാൻ ഒളിപ്പിക്കുകയാണ്.’’

‘‘വേണ്ട...’’ ശ്രീവത്സന്റെ മറുപടി: ‘‘അലീസ, നിങ്ങളുടെ കലർപ്പില്ലാത്ത വികാരങ്ങൾ, നിങ്ങളുടെ തനതു ശബ്ദത്തിൽ വരട്ടെ... അതാണു നിങ്ങൾ... സൗന്ദര്യാത്മകത... അതാണ് ആദ്യം ഉള്ളിൽ നിറയേണ്ടത്, പിന്നീടതു സംഗീതമാകും. ആവിഷ്കാരം സൗന്ദര്യാത്മകതയെ പിന്തുടരും. നിങ്ങൾ, നിങ്ങളെത്തന്നെ ഓരോ ദിവസവും കണ്ടെത്തുക. നിങ്ങളുടെ സംഗീതം. അതിന്റെ പൂർണത...’’

‘‘അതേ, ഞാൻ എന്നെത്തന്നെ പല ദിവസവും സെൻസ് ചെയ്യുന്നുണ്ട്.’’

ശ്രീവത്സൻ: ‘‘വാഴത്തോപ്പു കണ്ടിട്ടുണ്ടോ. എന്റെ ഗുരു ചോദിക്കുമായിരുന്നു. തോട്ടത്തിൽ വാഴകളുടെ ഭൂമിശാസ്ത്രപരമായ നിലനിൽപു ശ്രദ്ധിച്ചിട്ടുണ്ടോ? അതിന്റെ സന്തുലനം... അനുപാതവും യോജിപ്പും... തിരിച്ചറിയുമോ? പ്രകൃതിയുടെ അനുപാതവും സന്തുലനവും നിങ്ങൾക്കു സ്വന്തം സംഗീതത്തിനെക്കുറിച്ചു തിരിച്ചറിവു നൽകും.’’

3 മണിക്കൂർ. അലീസയ്ക്കായി ശ്രീവത്സൻ പങ്കുവച്ചതു തന്റെ തിരിച്ചറിവുകൾ മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ ഗുരു നെയ്യാറ്റിൻകര വാസുദേവന്റെ സംഗീത തീർഥയാത്രയുടെ പുണ്യവും, തുടരുന്ന അന്വേഷണവും കൂടിയായിരുന്നു. 

രണ്ടു വ്യത്യസ്ത വൻകരകളിൽ ജീവിക്കുന്നവർ. ശ്രീവത്സൻ ഒട്ടേറെ പരിശീലനക്കളരികൾ നയിച്ചിട്ടുള്ളയാൾ. അലീസ ആദ്യത്തെ കളരിയിലെ ആദ്യപടവിൽ. കിട്ടിയത് ആദ്യ പാഠങ്ങൾ. ‘‘ഇനിയും വരും...’’ കഴിഞ്ഞ ദിവസം വിമാനം കയറുമ്പോൾ ശിഷ്യ മന്ത്രിച്ചു. മുളപൊട്ടാനിരിക്കുന്ന പാടങ്ങളിൽ പാട്ടിനെ നട്ടുവച്ചാണ് അലീസ പോകുന്നത്.

English Summary: Talk with Sreevalsan J Menon and Alissa Sanders

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA