ബ്രണ്ണൻ വളർത്തിയ നേതാക്കൾ; ചരിത്രത്തിൽ പതിഞ്ഞ കാൽപാടുകൾ

Leaders-Brennen-College
പിണറായി വിജയൻ, കെ.സുധാകരൻ, എ.കെ.ബാലൻ, ഇ.അഹമ്മദ്, ഇ.വത്സരാജ്, വി.മുരളീധരൻ, പാട്യം ഗോപാലൻ, എ.കെ.പ്രേമജം, പി.സതീദേവി, ജയിംസ് മാത്യു, എ.എൻ.ഷംസീർ
SHARE

തലശ്ശേരി ബ്രണ്ണൻ കോളജ് എന്നത് ഒരു സംസ്കാരത്തിന്റെ പേരു കൂടിയാണ്. കലയ്ക്കും സാഹിത്യത്തിനും രാഷ്ട്രീയത്തിനും മതനിരപേക്ഷതയ്ക്കും പഠന മികവിനുമെല്ലാം വളക്കൂറുള്ള മണ്ണാണിത്. കൊളോണിയൽ കാലത്തെ സ്മരണകളും അടയാളങ്ങളും പേറുന്ന മലബാറിലെ ഏറ്റവും പഴക്കവും തലയെടുപ്പുമുള്ള കലാലയം. 159 വർഷത്തെ പഴക്കമുണ്ട് ഈ രാജകീയ സ്ഥാപനത്തിന്. തുടക്കത്തിൽ സ്കൂളായിരുന്നത് പിന്നീട് കോളജായി ഉയർത്തുകയായിരുന്നു. കോളജ് പദവി കിട്ടിയിട്ട് വർഷം 130 കഴിഞ്ഞു. 

സാഹിത്യത്തിലും കലയിലും കായിക രംഗത്തും സിനിമയിലും ഔദ്യോഗിക പദവികളിലുമെല്ലാം ശോഭിച്ച പൂർവവിദ്യാർഥികളെക്കൊണ്ടു സമ്പന്നമാണ് ബ്രണ്ണന്റെ ചരിത്രം. അക്കൂട്ടത്തിൽ ബ്രണ്ണനിൽ നിന്നു വളർന്നു വന്ന, കേരളത്തിനു പരിചിതരായ എത്രയോ രാഷ്ട്രീയ നേതാക്കളുമുണ്ട്.  

ചരിത്രത്തിൽ പതിഞ്ഞ കാൽപാടുകൾ

എഡ്വേഡ് ബ്രണ്ണൻ എന്ന വിദേശിയാണ് ബ്രണ്ണൻ കോളജ് സ്ഥാപിക്കുന്നത്. അദ്ദേഹം അറബിക്കടലിലൂടെ യാത്ര ചെയ്യുകയായിരുന്നപ്പോൾ കപ്പൽ അപകടത്തിൽപെട്ട് തലശ്ശേരി തീരത്ത് എത്തിയെന്നും തന്നെ രക്ഷിച്ച കരയിൽ തന്നെ ശിഷ്ടകാലം ജീവിച്ചുവെന്നുമാണു പറയുന്നത്. തലശ്ശേരി പോർട്ടിൽ മാസ്റ്റർ അറ്റൻഡറായി എഡ്വേഡ് ബ്രണ്ണൻ ജോലി ചെയ്തിരുന്നു. അദ്ദേഹമാണ് ഇംഗ്ലിഷ് വിദ്യാഭ്യാസത്തിനായി തലശ്ശേരിയിൽ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നത്. 1862 സെപ്റ്റംബർ ഒന്നിനാണ് ഇപ്പോഴത്തെ ബ്രണ്ണൻ കോളജിന്റെ ആദ്യ രൂപമായ പ്രീ സ്കൂളിനു തുടക്കം. 1872 മുതൽ ഗവൺമെന്റ്‌ ജില്ലാ സ്കൂൾ ആയിത്തീർന്നു. 1890-ൽ കലാലയ പദവി ലഭിച്ചു. 

ബ്രണ്ണൻ കോളജിൽ പണ്ടു നടന്ന ഒരു വിദ്യാർഥി സംഘട്ടനത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും തമ്മിലുണ്ടായ വാക്പോരിന്റെ അലയൊലികൾ തീർത്തും അവസാനിച്ചുവെന്നു പറയാറായിട്ടില്ല. മുഖ്യമന്ത്രിയിൽ നിന്നും കെപിസിസി പ്രസിഡന്റിൽ നിന്നും തുടങ്ങാം ബ്രണ്ണനിലൂടെ വളർന്ന നേതാക്കളുടെ കഥകൾ.

പിണറായി  വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ പഠിച്ച കോളജ് ഏതെന്നു ചോദിച്ചാൽ ഇപ്പോൾ എല്ലാവർക്കും അറിയാം. അടുത്തിടെയുണ്ടായ വിവാദത്തിൽ ഏറെ ഉയർന്നു കേട്ട പേരാണ് ബ്രണ്ണന്റേത്. കടവു കടത്തു നിരക്ക് കൂട്ടിയതിനെതിരെ കെഎസ്എഫ് (കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ, എസ്എഫ്ഐയുടെ ആദ്യ രൂപം) നടത്തിയ സമരത്തിൽ പങ്കാളിയായാണ് പിണറായി രാഷ്ട്രീയത്തിലേക്കു കടക്കുന്നത്. ക്യാംപസിന് അകത്തും പുറത്തും അനേകം സമരങ്ങൾക്കു പിന്നീട് അദ്ദേഹം നേതൃത്വം നൽകി. പ്രീഡിഗ്രിക്കും ഡിഗ്രിക്കുമാണ് പിണറായി ബ്രണ്ണൻ കോളജിൽ പഠിച്ചത്. ഇക്കണോമിക്സായിരുന്നു വിഷയം. 

കെഎസ്‌യുവിനു വൻ സ്വാധീനമുള്ള സമയത്താണ് പിണറായി കെഎസ്എഫുമായി ബന്ധപ്പെട്ട് വിദ്യാർഥി രാഷ്ട്രീയത്തിൽ ഇടപെട്ടു തുടങ്ങിയത്. പിൽക്കാലത്ത് ബ്രണ്ണനിൽ എസ്എഫ്ഐ പതാക പാറാൻ വിത്തുപാകിയവരുടെ മുൻനിരയിൽ പിണറായി വിജയൻ ഉണ്ടായിരുന്നു. 

വിജയന്റെ നാടായ പിണറായിയിൽ നിന്ന് അധികം അകലെയല്ല ഈ കലാലയം. ഇപ്പോൾ പിണറായിയുടെ മണ്ഡലത്തിലാണ് കോളജ്. മുഖ്യമന്ത്രിയെന്ന നിലയിലും കോളജിലെ പൂർവ വിദ്യാർഥിയെന്ന നിലയിലും ഏറെ പദ്ധതികൾ അദ്ദേഹം കോളജിനായി കൊണ്ടു വന്നിട്ടുണ്ട്. ബ്രണ്ണൻ കോളജിൽ സിന്തറ്റിക് ട്രാക്ക്  യാഥാർഥ്യമാക്കാൻ പിണറായിയും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും ഉണ്ടായിരുന്നു.  

സുധാകരനും പിണറായിയും ഒരേ സമയത്ത് ബ്രണ്ണനിൽ പഠിച്ചവരല്ല. പഠനം കഴിഞ്ഞ് പിണറായി വിജയൻ പോയതിനു ശേഷമാണ് സുധാകരൻ ബ്രണ്ണനിൽ എത്തുന്നത്. പിന്നീട് ഒരു പരീക്ഷയെഴുതാൻ പിണറായി കോളജിൽ വന്നപ്പോഴാണ് ഇപ്പോൾ വിവാദമായ വിദ്യാർഥി സംഘർഷമുണ്ടായത്. ബ്രണ്ണന്റെ പടി ചവിട്ടി രാഷ്ടീയത്തിലൂടെ സംസ്ഥാനത്തിന്റെ തലപ്പത്തെത്തിയിരിക്കുന്നു പിണറായി.  ഭരണത്തിൽ 5 വർഷം പൂർത്തിയാക്കി രണ്ടാം തവണയും മുഖ്യമന്ത്രിയായ പിണറായി വിജയൻ, ബ്രണ്ണന്റെ അഭിമാനങ്ങളായി തീർന്നവരുടെ മുൻനിരയിൽ തന്നെയുണ്ട്.  

കെ.സുധാകരൻ

പ്രീഡിഗ്രി മുതൽ ബിരുദാനന്തര ബിരുദം വരെ ബ്രണ്ണൻ കോളജിലാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി പഠിച്ചത്. സജീവ കെഎസ്‌യു പ്രവർത്തകനായിരുന്നു. സംഘടനാ കോൺഗ്രസ് രൂപീകരണ കാലത്ത് കുറച്ചുകാലം അതിന്റെ വിദ്യാർഥി സംഘടനയിലും പ്രവർത്തിച്ചു. വീണ്ടും കോൺഗ്രസ് പാതയിലേക്ക് എത്തുകയായിരുന്നു. സുധാകരൻ ബ്രണ്ണനിൽ പഠിക്കുന്ന കാലത്ത്   കെഎസ്എഫുമായി ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾ നടന്നിരുന്നു. അതിൽ ഒരു സംഘർഷമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ബ്രണ്ണനിൽ വേരു പിടിപ്പിക്കാൻ കെഎസ്എഫും അതിനെ ചെറുക്കാൻ കെഎസ്‌യുവും മുന്നിൽ നിന്നിരുന്ന കാലമാണത്.  

ഇപ്പോൾ വിവാദമായിരിക്കുന്ന സംഘർഷം നടക്കുന്ന സമയത്ത് പിണറായി ആയിരുന്നില്ല, മുൻ മന്ത്രി എ.കെ.ബാലനായിരുന്നു ബ്രണ്ണനിലെ കെഎസ്എഫ് നേതാവ്.  ലോക്സഭാംഗവും മന്ത്രിയുമെല്ലാമായിത്തീരാൻ സുധാകരനു മുന്നിൽ രാഷ്ടീയ വഴി വെട്ടിത്തെളിച്ചതിൽ ബ്രണ്ണന്റെ പങ്കു ചെറുതല്ല. 

രണ്ടു തവണ എംപിയും ഒരു തവണ മന്ത്രിയുമായ സുധാകരൻ കെപിസിസിയുടെ തലപ്പത്താണിപ്പോൾ. നേരത്തേ 4 തവണ എംഎൽഎയായിരുന്നിട്ടുണ്ട്. ബ്രണ്ണന്റെ രണ്ട് അഭിമാന താരങ്ങൾ രണ്ടു പാർ‍ട്ടികളിലായി അപ്പുറവും ഇപ്പുറവും നിൽക്കുന്ന കാര്യം കണ്ണൂരിനു വെളിയിലറിഞ്ഞത് പഴയ സംഘർഷ കഥ പൊങ്ങി വന്ന ശേഷമാണ്. 

എ.കെ.ബാലൻ

കെ.സുധാകരൻ ബ്രണ്ണൻ കോളജിൽ പഠിച്ചിരുന്ന സമയത്തു തന്നെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ.ബാലനും അവിടെ പഠിച്ചത്. സുധാകരൻ കെഎസ്‌യുവിന്റെയും പിന്നീട് സംഘടനാ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്ഒയുടെയും നേതാവായി. സുധാകരൻ കെഎസ്‌യുവിലായിരുന്നപ്പോൾ വിദ്യാർഥി രാഷ്ട്രീയത്തിൽ ഒരു ഭാഗത്ത് സുധാകരനും മറുഭാഗത്ത് ബാലനുമായിരുന്നു. എൻഎസ്ഒവിൽ ആയിരുന്നപ്പോൾ ഇരുകൂട്ടരും തമ്മിൽ വലിയ എതിർപ്പുകൾ ഉണ്ടായിരുന്നില്ല. 

കെഎസ്‌‌യുവിന് വൻ ആധിപത്യമുണ്ടായിരുന്ന ബ്രണ്ണനിൽ എസ്എഫ്ഐയുടെ ആദ്യ ചെയർമാനായത് എ.കെ.ബാലനാണ്. ബ്രണ്ണനിലൂടെ വളർന്ന ബാലൻ പിന്നീട് എംഎൽഎയും മന്ത്രിയുമെല്ലാമായി. സിപിഎമ്മിന്റെ ഉന്നത നേതൃപദവിയിലും ബാലനുണ്ട്. 

ഇ.വത്സരാജ്

കേരളത്തിനു മാത്രമല്ല പുതുച്ചേരി സംസ്ഥാനത്തിനും മന്ത്രിയെ സംഭാവന ചെയ്തിട്ടുണ്ട് ബ്രണ്ണൻ കോളജ്. പുതുച്ചേരിയിൽ മന്ത്രിയായിരുന്ന ഇ.വത്സരാജ് പ്രീഡിഗ്രിക്കു പഠിച്ചത് ബ്രണ്ണൻ കോളജിലാണ്. മയ്യഴിയെന്ന കൊച്ചു ദേശത്തു ജനിച്ച് കെഎസ്‌യുവിലൂടെ വളർന്ന വത്സരാജിനെ രാഷ്ട്രീയക്കാരനാക്കിയതിൽ പങ്കുവഹിച്ചത് ബ്രണ്ണൻ കോളജാണ്. തുടർച്ചയായി 6 തവണ വത്സരാജ് പുതുച്ചേരി നിയമസഭയിൽ മാഹിയെ പ്രതിനിധീകരിച്ചു. വി. ഷണ്മുഖം, എൻ.രംഗസ്വാമി, വി.വൈദ്യലിംഗം എന്നീ മുഖ്യമന്ത്രിമാരുടെ കീഴിൽ ആഭ്യന്തരം, ആരോഗ്യം, നിയമം, തൊഴിൽ, വ്യവസായം, തുറമുഖം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. മാഹി മുൻ എംഎൽഎ ഡോ.വി.രാമചന്ദ്രനും ബ്രണ്ണൻ കോളജിന്റെ സംഭാവനയാണ്. അദ്ദേഹം ഡിഗ്രിക്കു പഠിച്ചതു ബ്രണ്ണനിലായിരുന്നു. 

വി.മുരളീധരൻ

കേന്ദ്രമന്ത്രി വി.മുരളീധരൻ രാഷ്ട്രീയത്തിൽ എത്തിയതും ബ്രണ്ണൻ കോളജ് വഴിയാണ്. തലശ്ശേരി എരഞ്ഞോളി സ്വദേശിയായ മുരളീധരൻ തലശ്ശേരി സെന്റ് ജോസഫ്സ് സ്കൂളിലെ പഠനത്തിനു ശേഷം ബ്രണ്ണൻ കോളജിലാണു പഠിച്ചത്. ഇംഗ്ലിഷ് ബിരുദമെടുത്തതും ബ്രണ്ണനിൽ നിന്നു തന്നെ.  വി.മുരളീധരൻ അവിടെ പഠിക്കാൻ ചേരുമ്പോൾ എബിവിപി പ്രവർത്തനം സജീവമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. എബിവിപിയിലൂടെയാണ് മുരളീധരൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. അടിയന്തരാവസ്ഥക്കാലത്താണ് മുരളീധരൻ എബിവിപി നേതൃത്വത്തിലൂടെ ഉയർന്നു തുടങ്ങിയത്. 

പാട്യം ഗോപാലൻ

ബ്രണ്ണൻ കോളജിൽ എംഎ ഹിസ്റ്ററി തുടങ്ങിയ കാലത്താണ് സിപിഎം നേതാവായിരുന്ന പാട്യം ഗോപാലൻ അവിടെനിന്നു ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടുന്നത്. പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസവും ഡിഗ്രിയും അവിടെത്തന്നെയായിരുന്നു. കണ്ണൂർ കേരള രാഷ്ട്രീയത്തിനു സംഭാവന ചെയ്ത നേതാക്കളിൽ പ്രമുഖനാണ് പാട്യം ഗോപാലൻ. കേരള നിയമസഭയിലും ലോക്സഭയിലും അംഗമായിരുന്നു. ജില്ലയിലെ പല സിപിഎം നേതാക്കളുടെയും മാതൃകാ പുരുഷനായിരുന്നു പാട്യം ഗോപാലൻ. മുൻ രാജ്യസഭാംഗം സിപിഎം നേതാവ് പാട്യം രാജൻ ബിരുദമെടുത്തതും ബ്രണ്ണനിൽ നിന്നാണ്. 

Brennen-College
തലശ്ശേരി ബ്രണ്ണൻ കോളജ്. ചിത്രം: എസ്. എസ്. ഹരിലാൽ ∙ മനോരമ

ഇ.അഹമ്മദ്

മുൻ കേന്ദ്രമന്ത്രി മുസ്‌ലിം ലീഗിലെ ഇ.അഹമ്മദിനെ രാഷ്ട്രീയത്തിൽ എത്തിച്ചതിലും ബ്രണ്ണനു പങ്കുണ്ട്. അഹമ്മദ് ബിരുദത്തിനു പഠിക്കുമ്പോഴാണ് എംഎസ്എഫിലൂടെ മു‌സ്‌ലിം ലീഗിൽ സജീവമാകുന്നത്. ഇന്ത്യയെ യുഎന്നിൽ 10 തവണ പ്രതിനിധീകരിച്ചിട്ടുണ്ട് അഹമ്മദ്. കേന്ദ്ര മന്ത്രിയായിരുന്ന അദ്ദേഹം 6 തവണയാണ് ലോക്സഭയിലെത്തിയത്. 5 തവണ നിയമസഭയിലും  അംഗമായിരുന്നു. സംസ്ഥാന മന്ത്രിയെന്ന നിലയിലും പ്രവർത്തിച്ചു. പിൽക്കാലത്ത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ദേശീയ അധ്യക്ഷ പദവി വഹിച്ച ഇ.അഹമ്മദ് രാഷ്ട്രീയത്തിൽ പിച്ചവച്ചു തുടങ്ങിയത് ബ്രണ്ണന്റെ മുറ്റത്താണ്.

രണ്ട് വനിതാ എംപിമാർ

രണ്ട് വനിതാ മുൻ എംപിമാരും ബ്രണ്ണന്റെ പൂർവ വിദ്യാർഥി പട്ടികയിലുണ്ട്. എ.കെ.പ്രേമജവും പി.സതീദേവിയും. രണ്ടു പേരും സിപിഎമ്മിൽനിന്ന് എംപിമാരായി. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ പ്രേമജം ബിരുദത്തിനു പഠിച്ചിരുന്നത് ബ്രണ്ണനിലാണ്. പിൽക്കാലത്ത് അവർ കോഴിക്കോട് മേയറും തുടർന്ന് രണ്ടു തവണ എംപിയുമായി. കോഴിക്കോട് ഗവ.ആർട്സ് കോളജ് പ്രിൻസിപ്പലായിരുന്നു. സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്റെ സഹോദരിയും മുൻ എംപിയുമായ പി.സതീദേവി ബിഎയ്ക്കു പഠിച്ചതു ബ്രണ്ണനിലായിരുന്നു.  ഇപ്പോൾ സിപിഎമ്മിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

എംഎൽഎമാർ

തലശ്ശേരി എംഎൽഎ എ.എൻ.ഷംസീർ ബ്രണ്ണനിലെ പൂർവ വിദ്യാർഥിയാണ്. ബ്രണ്ണനിൽ നിന്ന് എസ്എഫ്ഐ സ്ഥാനാർഥിയായി മത്സരിച്ച് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ഷംസീർ കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ പ്രഥമ ചെയർമാനാകുന്നത്. എസ്എഫ്ഐയിലുടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് എത്തുന്നത്. മുൻ എംഎൽഎ ജയിംസ് മാത്യുവും ബ്രണ്ണനിലെ വിദ്യാർഥിയായിരുന്നു.   

ബ്രണ്ണനെന്ന അഭിമാനം

സ്വന്തം കലാലയത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നവരാണ് ബ്രണ്ണൻ കോളജിലെ പൂർവവിദ്യാർഥികളെല്ലാം. ഒരിക്കലെങ്കിലും ബ്രണ്ണൻ കോളജിൽ പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിക്കാത്തവർ ചുരുക്കം. വഴി മൂടി വീണു കിടക്കുന്ന ചുവന്ന വാകപ്പൂക്കളും  കളിചിരികളും കൂട്ടുകൂടലും രാഷ്ട്രീയവും പ്രണയവും സാഹിത്യവും കലയും പഠനവുമെല്ലാം കൂടിച്ചേർന്ന സാംസ്കാരിക ഇടമാണ് എന്നും ബ്രണ്ണന്റെ തിരുമുറ്റം. വിദ്യാർഥി രാഷ്ട്രീയത്തിന്റെ പേരിൽ ഒരിക്കൽ അവിടെ വീണ ചോര ഇപ്പോഴും ചർച്ചാ വിഷയമാണ്. എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഷ്റഫിനു കുത്തേറ്റത് ബ്രണ്ണനിലെ ഒരു സംഘർഷത്തിനിടയ്ക്കാണ്. പരുക്കുകൾ ചികിത്സിച്ചു മാറിയെങ്കിലും മാസങ്ങൾക്കകം വീണ്ടും ആശുപത്രിയിലാവുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നുവെന്നു പഴയ സഹപാഠികൾ ഓർക്കുന്നു. എസ്എഫ്ഐയുടെ രക്തസാക്ഷി പട്ടികയിൽ അഷ്റഫുമുണ്ട്. അഷ്റഫിന്റെ ഓർമകൾ ഇപ്പോഴും ബ്രണ്ണന്റെ നൊമ്പരമാണ്.

Content Highlight: Brennen College

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA