ADVERTISEMENT

കേരള ചരിത്രത്തിലെ ദുരൂഹതകളിലൊന്നായ എംവി കൈരളി കപ്പലിന്റെ തിരോധാനത്തിനു 42 വർഷം. 1979 ജൂൺ മുപ്പതിനു ഗോവയിൽനിന്നു പുറപ്പെട്ട കപ്പലിനെക്കുറിച്ച് ജൂലൈ 4 മുതൽ വിവരങ്ങളൊന്നുമില്ല. കഴിഞ്ഞ മേയ് 5നു കോഴിക്കോട് ബേപ്പൂർ തുറമുഖത്തുനിന്നു പുറപ്പെട്ട അജ്മീർ ഷാ എന്ന മീൻപിടിത്ത ബോട്ടിന്റെ കാണാതാകലിന് ഈ സംഭവവുമായി സമാനതകളേറെ. തമിഴ്നാട്ടിലെ കൊട്ടിൽപാട് ഗ്രാമത്തിലെ 12 പേരടക്കം 16 ജീവൻ എവിടെ എന്നതിന് ഇനിയുമില്ല ഉത്തരം.

ഏതു രാത്രിയിലും എത്തും ഒരു ഫോൺവിളി എന്ന കടലാഴമുള്ളൊരു പ്രതീക്ഷയിലാണ് തമിഴ്‌നാട് കുളച്ചലിലെ കൊട്ടിൽപാട് ഗ്രാമം. അവിടത്തെ 6 വീടുകളിൽ നിന്നുള്ള 12 പേരുടെ ജീവൻ അകലെയേതോ കരയിലുണ്ടെന്ന് ആ ഗ്രാമം പ്രതീക്ഷിക്കുന്നു. ഉണ്ടാവണേ എന്നു പ്രാർഥിക്കുന്നു.  

കോഴിക്കോട് ബേപ്പൂരിൽ നിന്നു മീൻപിടുത്തത്തിനു പോയ അജ്മീർ ഷാ എന്ന ബോട്ടിനൊപ്പം കടലിൽ മറ‍ഞ്ഞതു 16 പേരാണ്. 2 വീടുകളിൽ നിന്നായി ഏഴു സഹോദരന്മാരും ഒരു വീട്ടിലെ അച്ഛനും മകനും ഉൾപ്പെടെ 12 പേർ. ഇവർക്കൊപ്പം 4 ഇതരസംസ്ഥാനക്കാരും. കടലിൽ ബോട്ടിനെ അവസാനമായി കണ്ടതു 13ന്. പിന്നെ സൂചനകളൊന്നുമില്ല. കോസ്റ്റ്‌ ഗാർഡിന്റെ രണ്ടു കപ്പലുകളും വിമാനങ്ങളും കുളച്ചലിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളും ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും ഒരു തെളിവുപോലും കണ്ടെത്താനായില്ല. 

പോയി മറഞ്ഞു

മറ്റേതു സാധാരണ ദിവസവും പോലെയാണ് മേയ് 5നും അജ്മീർ ഷാ ബോട്ട് ബേപ്പൂർ ഹാർബറിൽ നിന്നു പുറപ്പെട്ടത്. ബേപ്പൂർ സ്വദേശി ഷംസുദ്ദീന്റെയാണ് ബോട്ട്. 16 തൊഴിലാളികളും സ്ഥിരമായി ഇതേ ബോട്ടിൽ ജോലി ചെയ്യുന്നവർ. 15 ദിവസം കഴിഞ്ഞാണു മീനുമായി ബോട്ട് തിരിച്ചെത്തുക. ബേപ്പൂരിൽ നിന്നുള്ള ബോട്ടുകൾ വടക്കോട്ടു മംഗളൂരു ഭാഗം വരെയാണു പോകാറ്. ചില സീസണുകളിൽ മഹാരാഷ്ട്ര തീരം വരെയും. കാണാതാകും മുൻപ് അജ്മീർ ഷായും മംഗളൂരു തീരമേഖലയിലാണ് ഉണ്ടായിരുന്നത്. 

ടൗട്ടേ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടർന്നു 13നു ബേപ്പൂരിൽ നിന്നുള്ള ബോട്ടുകളെല്ലാം മടങ്ങുകയോ മറ്റേതെങ്കിലും തീരത്ത് അടുപ്പിക്കുകയോ ചെയ്തിരുന്നു. പക്ഷേ, അജ്മീർ ഷാ എവിടെയും എത്തിയില്ല. 

മൽപെയിൽ മാഞ്ഞു

13ന് ഉച്ചയ്ക്കു മംഗളൂരു മൽപെ ഭാഗത്തുവച്ചാണ് ബേപ്പൂരിൽ നിന്നു തന്നെയുള്ള സിൽവർ ലൈൻ ബോട്ടിന്റെ സ്രാങ്ക് ആന്റണി അജ്മീർ ഷാ ബോട്ട് അവസാനമായി കണ്ടത്. കാർവാറിൽ നിന്ന് എകദേശം 60 നോട്ടിക്കൽ മൈൽ ദൂരത്തായിരുന്നു ഇത്. മീൻ കുറവായതിനാൽ 12 മണിയോടെ സിൽവർ ലൈൻ തെക്കോട്ടു പോയി. രണ്ടു മണിയോടെ ടൗട്ടേ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പു സന്ദേശം ലഭിച്ചതിനാൽ മൽപെ തീരത്തിനു സമീപം അടുപ്പിച്ചു. അന്നു രാത്രിയാണു ടൗട്ടേ വീശിയത്. മീൻ ലഭിക്കുന്നതും കാത്ത് അജ്മീർ ഷാ അവിടെത്തന്നെ തുടർന്നിരിക്കാമെന്നാണ് ആന്റണി പറയുന്നത്. കാറ്റിന്റെ വിവരം ലഭിച്ചിരിക്കാമെങ്കിലും ചുഴലിക്കാറ്റാകുമെന്നു കരുതിക്കാണില്ല. രാത്രി കാറ്റു വീശിയപ്പോൾ അതിൽപെട്ടു കാണും.

ബാക്കിയില്ല അടയാളങ്ങൾ

ചുഴലിക്കാറ്റിനു ശേഷം ദിവസങ്ങൾ കഴിഞ്ഞിട്ടും ബോട്ടിൽനിന്നു വിവരങ്ങളൊന്നും ലഭിച്ചില്ല. തുടർന്ന് ഉടമ ഷംസുദ്ദീൻ കോസ്റ്റൽ പൊലീസിൽ പരാതി നൽകി. 19 മുതൽ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. രാജ‌ദൂത്, വിക്രം എന്നീ കപ്പലുകളും ഡോണിയർ വിമാനവും കൊച്ചി മുതൽ ഗോവ വരെ ഒരാഴ്ചയോളം തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. സാധാരണഗതിയിൽ ബോട്ട് മുങ്ങിപ്പോകുമ്പോൾ അതിന്റെ ഭാഗങ്ങളും ഫ്ലോട്ട്, ബോയ, ജാക്കറ്റ് തുടങ്ങിയവയും കടലിൽ പൊന്തിക്കിടക്കാറുണ്ട്. ബോട്ടിലെ ഡീസലും അപകടസ്ഥലത്തു പരക്കാറുണ്ട്. എന്നാൽ അജ്മീർ ഷായുടെ കാര്യത്തിൽ അത്തരം ഒരു അടയാളവും എവിടെ നിന്നും ലഭിച്ചില്ല.

കോസ്റ്റ് ഗാർഡ് തിരച്ചി‍ൽ അവസാനിപ്പിച്ച ശേഷം കാണാതായവരുടെ ബന്ധുക്കൾ ബേപ്പൂരിലെത്തി ബോട്ടെടുത്തു തിരച്ചിൽ നടത്തിയിരുന്നു. മംഗളൂരു, കാർവാർ, ഗോവ, മഹാരാഷ്ട്ര തീരങ്ങളിലാണ് അവർ ദിവസങ്ങളോളം തിരച്ചിൽ നടത്തിയത്.  

അപകടമല്ലെങ്കിൽ...

തെളിവുകളൊന്നും ലഭിക്കാത്തതിനാ‍ൽ അപകടമല്ലാത്ത മറ്റു സാധ്യതകൾ സംബന്ധിച്ചും ആദ്യ ഘട്ടത്തിൽ സംശയം ഉയർന്നിരുന്നു. കനത്ത കാറ്റിൽപെട്ട് ഇന്ത്യൻ സമുദ്രാതിർത്തി വിട്ട് മറ്റേതെങ്കിലും രാജ്യത്തിന്റെ മേഖലയിൽ പ്രവേശിക്കുകയും അവിടെ കസ്റ്റഡിയിലാവുകയും ചെയ്തിരിക്കാം എന്നൊരു ആശങ്ക ഉണ്ട്. പാക്കിസ്ഥാന്റെ കസ്റ്റഡിയിലാണെങ്കിൽ മാസങ്ങൾ കഴിഞ്ഞാകും ചിലപ്പോൾ വിവരം പുറത്തു വരിക. ബോട്ട് തകരാറിലായി ആളില്ലാത്ത ഏതെങ്കിലും ചെറുദ്വീപിൽ അടുത്തിരിക്കാം എന്നൊരു സാധ്യതയും ബാക്കിയുണ്ട്. എന്നാൽ, ഇതു രണ്ടിനും സാധ്യത വളരെ കുറവാണെന്നു കോസ്റ്റ് ഗാർഡ് അധികൃതർ പറയുന്നു. മത്സ്യത്തൊഴിലാളികൾ തിരച്ചിൽ നടത്തിയ മേഖലകളിലെ ദ്വീപുകളിലെല്ലാം ബോട്ട് അടുപ്പിച്ച് അന്വേഷണം നടത്തിയിരുന്നു. വിദേശകാര്യ മന്ത്രാലയം വഴിയുള്ള ഇടപെടലിലൂടെയേ മറ്റേതെങ്കിലും രാജ്യത്തിന്റെ കസ്റ്റഡിയിലുണ്ടോ എന്ന വിവരം സ്ഥിരീകരിക്കാനാകൂ.

ഏറ്റവും അവസാനം ബോട്ട് കണ്ട സ്ഥലത്തു കടലിനു 120 മീറ്റർ ആഴമുണ്ടായിരുന്നതായി സിൽവർ ലൈൻ ബോട്ടിന്റെ സ്രാങ്ക് ആന്റണി പറയുന്നു. ഈ ആഴത്തിൽ കാറ്റിൽ പെട്ട് ബോട്ടു പൂർണമായി മുങ്ങുകയും ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ഒഴുക്കി‍ൽ പെടുകയും ചെയ്താൽ അവശിഷ്ടങ്ങൾ എത്തുക മറ്റേതെങ്കിലും തീരത്താകും. അങ്ങനയൊന്നും സംഭവിക്കല്ലേ എന്നാണ് മൽസ്യത്തൊഴിലാളികളുടെ പ്രാർഥന.    

അവസാനിക്കാത്ത പ്രതീക്ഷ

കാറ്റിൽപെട്ടു ബോട്ട് തകർന്നു എന്ന വാദത്തിനു 99 ശതമാനം സാധ്യതയും കൽപിക്കപ്പെടുമ്പോഴും അവസാനത്തെ ഒരു ശതമാനം ബാക്കി വയ്ക്കുന്ന പ്രതീക്ഷയിലാണ് കാണാതായവരുടെ കുടുംബങ്ങളുടെ ഇനിയുള്ള ജീവിതം. ഏതെങ്കിലും ഒരു തീരത്തു നിന്ന് എന്നെങ്കിലും വരാനുള്ള ഒരു ഫോൺ കോളിനായി കാത്ത് ആ വീടുകളിലെ വെളിച്ചം അണയാതെ തുടരും. പ്രതീക്ഷകൾ അസ്തമിക്കാതെയും.

Ship-Kairali-1248
എംവി കൈരളി കപ്പൽ (ഫയൽ ചിത്രം)

ഓർമയുണർത്തി കൈരളി

കേരള ചരിത്രത്തിലെ ദുരൂഹതകളിലൊന്നായി അവശേഷിക്കുന്ന കൈരളി കപ്പലിന്റെ തിരോധാനവും അജ്മീർ ഷാ ബോട്ടിന്റെ കാണാതാകലിനു സമാനമാണ്. ഒരു ദിവസം ഒരു തെളിവും അവശേഷിപ്പിക്കാതെ കപ്പൽ എങ്ങോട്ടോ മറഞ്ഞു.   

ഗോവയിൽ നിന്ന് 1979 ജൂൺ മുപ്പതിനു 20,583 ടൺ ഇരുമ്പയിരുമായി ആഫ്രിക്കയിലെ ജിബൂത്തി തുറമുഖം വഴി കിഴക്കൻ ജർമനിയിലെ റോസ്‌റ്റോക്കിലേക്കു പുറപ്പെട്ടതാണ് എം.വി. കൈരളി എന്ന മലയാളിക്കപ്പൽ. 

കേരള ഷിപ്പിങ് കോർപറേഷൻ  എം.വി. ഓസ്‌കോർസോർസ് എന്ന കപ്പൽ വാങ്ങി പുനർനാമകരണം ചെയ്‌തതായിരുന്നു കൈരളി. കപ്പലിനൊപ്പം കാണാതായത് ക്യാപ്‌റ്റൻ അടക്കം 49 പേരെയാണെന്നാണു കെഎസ്‌ഐഎൻസി പുറത്തുവിട്ട വിവരം. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ 51 പേരെ കാണാതായതായി പറയുന്നു. യാത്ര തുടങ്ങി ജൂലൈ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിൽ കപ്പലിൽ നിന്നു സന്ദേശങ്ങൾ ലഭിച്ചിരുന്നു. കേരള ഷിപ്പിങ് കോർപറേഷൻ കപ്പലിലേക്കു നാല്, അഞ്ച്, ആറ് തീയതികളിൽ സന്ദേശമയച്ചു. പക്ഷേ, മറുപടി കിട്ടിയില്ല.

ഇന്ധനം നിറയ്‌ക്കാൻ കൈരളി ജൂലൈ എട്ടിനു വടക്കുകിഴക്കൻ ആഫ്രിക്കയിലെ ജിബൂത്തിയിലെത്തേണ്ടതായിരുന്നു. കപ്പൽ വന്നില്ലെന്നു ജിബൂത്തിയിലെ ഷിപ്പിങ് ഏജന്റ് അറിയിച്ചതു ജൂലൈ പതിനൊന്നിനാണ്. നാവികസേന വിമാനങ്ങൾ ഉപയോഗിച്ചു വിശദമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല.

കപ്പൽ കാണാതായ സമയത്തു കാലാവസ്ഥ ശാന്തമായിരുന്നു. ഇരുമ്പയിര് കപ്പലിൽ പ്രത്യേക രീതിയിൽ സുരക്ഷിതമാക്കിയാണു സൂക്ഷിക്കുക. അതിനാൽ ഇരുമ്പയിര് മറ്റൊരു ഭാഗത്തേക്കു നീങ്ങി കപ്പൽ മറിയാൻ സാധ്യതയില്ല. വലിയ കപ്പൽ ഒരു അവശിഷ്‌ടവും അവശേഷിപ്പിക്കാതെ മുങ്ങാനും സാധ്യത കുറവ്. തിരച്ചിലിൽ കപ്പലിലെ വസ്‌തുക്കളോ എണ്ണയോ കടൽപ്പരപ്പിൽ ഒഴുകിനടക്കുന്നതായി കണ്ടെത്തിയിട്ടില്ല.

സൊമാലിയൻ കടൽക്കൊള്ളക്കാർ കപ്പൽ തട്ടിയെടുത്തെന്ന വാദം ശക്തമാണ്. കപ്പൽ തട്ടിയെടുത്തു രൂപമാറ്റം വരുത്താനോ പൊളിച്ചു വിൽക്കാനോ സാധ്യതകളുണ്ട്. ഏത് അപകടം കഴിഞ്ഞാലും അതു പുറം ലോകത്തിനു ബോധ്യപ്പെടുത്താൻ ഒരു തെളിവെങ്കിലും ബാക്കിയുണ്ടാകും. പക്ഷേ, കൈരളിയുടെ കാര്യത്തിൽ ഒരു തെളിവും ശേഷിച്ചിട്ടില്ല.

English Summary: Ajmeer Shah fishing boat missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com