ബുദ്ധവഴിയിലെ വെളിച്ചം; ദ് ലൈറ്റ് ഓഫ് ഏഷ്യയും എസ്എൻഡിപി യോഗവും തമ്മിലെന്താണ് ബന്ധം?

The-light-of-Asia-2
ജയ്റാം രമേഷ്
SHARE

ശ്രീബുദ്ധന്റെ ജീവിതം വരച്ചിട്ട സർ എഡ്വിൻ ആർനോൾഡിന്റെ ദ് ലൈറ്റ് ഓഫ് ഏഷ്യ എന്ന കാവ്യവും എസ്എൻഡിപി യോഗവും തമ്മിലെന്താണ് ബന്ധം? അസമത്വത്തിനും ഉച്ചനീചത്വത്തിനുമെതിരായ കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളുടെ നിലപാടുകളെ ശ്രീബുദ്ധൻ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്? ബുദ്ധന്റെ ജീവിതത്തിന്റെ സാംസ്കാരികമായ വശമാണോ രാഷ്ട്രീയ വശമാണോ ഇന്ത്യൻ സമൂഹത്തിൽ കൂടുതൽ സ്വാധീനം ചെലുത്തിയത്?

ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്കു വെളിച്ചം വീശാൻ ശ്രമിക്കുകയാണ് കോൺഗ്രസ് നേതാവും എഴുത്തുകാരനുമായ ജയ്റാം രമേഷ്. ‘ലൈറ്റ് ഓഫ് ഏഷ്യ’ എന്ന കാവ്യത്തിന്റെ പശ്ചാത്തലത്തിലെഴുതിയ പുതിയ പുസ്തകത്തിലാണിത്.

The-light-of-Asia
സർ എഡ്വിൻ ആർനോൾഡ്

ബുദ്ധന്റെ ജീവിതത്തെയും ബോധനത്തെയും ലോകത്തിനു പരിചയപ്പെടുത്തിയ കാവ്യമാണ് 1879ൽ പ്രസിദ്ധീകരിച്ച ‘ ദ് ലൈറ്റ് ഓഫ് ഏഷ്യ’. ബുദ്ധന്റെ പുനർജനി പോലെയാണ് ആ പുസ്തകത്തിന്റെ സ്വാധീനം പടർന്നത്. തലമുറകളായി പല മേഖലകളെയും സ്വാധീനിച്ച കാവ്യത്തിന്റെ ഇന്ത്യയിലെ സ്വാധീനമാണ് ജയ്റാം രമേഷ് പുതിയ പുസ്തകമായ ‘ദ് ലൈറ്റ് ഓഫ് ഏഷ്യ ദ് പോയം ദാറ്റ് ഡിഫൈൻഡ് ദ് ബുദ്ധ’യിലൂടെ വിശദീകരിക്കുന്നത്. ദലൈലാമയാണ് പുസ്തകത്തിന് ആമുഖമെഴുതിയിരിക്കുന്നത്.

സ്വാമി വിവേകാനന്ദൻ മുതൽ ലോകത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ച പല നേതാക്കളെയും എഴുത്തുകാരെയും ആഴത്തിൽ സ്വാധീനിച്ച കൃതിയായിരുന്നു ഇത്. ടഗോറും ഗാന്ധിജിയും നെഹ്റുവും സി.വി.രാമനും ആൽഫ്രഡ് നൊബേലും ഡി.എച്ച് ലോറൻസും തുടങ്ങി ആ പട്ടികയ്ക്ക് അന്തമില്ല. ഇപ്പോഴും അതേ ആവേശത്തോടെ പുസ്തകത്തിന്റെ വിവിധ മാനങ്ങൾ ലോകമെമ്പാടും ഗവേഷണ പ്രബന്ധങ്ങളെയും പഠനങ്ങളെയും ആകർഷിക്കുന്നു.

അറിഞ്ഞോ അറിയാതെയോ ഭാരതീയരുടെ ജീവിതത്തെ സ്വാധീനിച്ച ബുദ്ധന്റെ ജീവിതത്തെ ഇത്രമാത്രം സത്യസന്ധമായി സമീപിക്കുന്ന ലൈറ്റ് ഓഫ് ഏഷ്യയുടെ ചരിത്രവും അത് എന്തുകൊണ്ട് ഇപ്പോഴും ജനകീയമായി തുടരുന്നുവെന്നതും വിശദീകരിക്കേണ്ടത് കടമയാണെന്ന തോന്നലി‍ൽ നിന്നാണ് പുസ്തകത്തിന്റെ പിറവിയെന്നു ജയ്റാം രമേഷ് പറയുന്നു. സാംസ്കാരികവും ആധ്യാത്മികവും മാത്രമല്ല, രാഷ്ട്രീയ മാനങ്ങളും ബുദ്ധന്റെ ജീവിതം നൽകുന്നുണ്ട്. കേരളമടക്കമുള്ള പലയിടങ്ങളിലും സാമൂഹിക പരിഷ്കർത്താക്കളെ സ്വാധീനിച്ചത് ആ രാഷ്ട്രീയവശമായിരുന്നുവെന്ന് അനുമാനിക്കാവുന്നതാണ്.

Edwin Arnold, Kumaranasan, Nalappattu Narayana Menon
സർ എഡ്വിൻ ആർനോൾഡ്, കുമാരനാശാൻ, നാലപ്പാട്ട് നാരായണ മേനോൻ

ഭഗവദ്ഗീതയുടെ ഇംഗ്ലിഷ് പരിഭാഷയായ ‘ദ് സോങ് സെലസ്റ്റിയലും’ ആർനോൾഡിന്റേതാണ്. എന്നാൽ അതിനെക്കാൾ ഇന്ത്യയെ സാംസ്കാരികമായും സാമൂഹികമായും സ്വാധീനിച്ചത് ലൈറ്റ് ഓഫ് ഏഷ്യയായിരുന്നു.

ലൈറ്റ് ഓഫ് ഏഷ്യയ്ക്ക് ദക്ഷിണേന്ത്യൻ ഭാഷകളിൽ കൂടുതൽ പരിഭാഷകളുണ്ടായത് 1910കളിലാണ്. സാമൂഹിക പരിഷ്കർത്താക്കൾ കൂടിയായ കുമാരനാശാനും നാലപ്പാട്ട് നാരായണ മേനോനും ഈ കാലഘട്ടത്തിലാണ് ലൈറ്റ് ഓഫ് ഏഷ്യയ്ക്കു മലയാള ഭാഷ്യം ചമച്ചത്. 1914ൽ നാരായണ മേനോന്റെ പൗരസ്ത്യദീപം പുറത്തു വന്നു; ഒരു വർഷത്തിനിപ്പുറം കുമാരനാശാന്റെ ശ്രീ ബുദ്ധ ചരിതവും. നാലപ്പാടനാണ് മലയാളത്തിൽ ആദ്യമായി ലൈറ്റ് ഓഫ് ഏഷ്യ പരിഭാഷപ്പെടുത്തിയതെന്നാണ് കരുതപ്പെടുന്നതെങ്കിലും അദ്ദേഹത്തിനും മുൻപ് 1912ൽ തറവത്ത് അമ്മാളു അമ്മയുടെ ബുദ്ധ ചരിതം എന്ന ഗദ്യം പുറത്തിറങ്ങിയിരുന്നു. അവർ മലയാളം, തമിഴ്, ഇംഗ്ലിഷ്, സംസ്കൃതം ഭാഷകളിൽ വിദൂഷിയായിരുന്നു. ബുദ്ധന്റെ നിർവാണത്തെക്കുറിച്ച് എഡ്വിൻ ആർനോൾഡ് നൽകിയ വിശദീകരണങ്ങളിൽ തൃപ്തി പോരാതെ മറ്റു ചില പുസ്തകങ്ങളിൽ നിന്നു കൂടിയുള്ള വിവരങ്ങൾ ചേർത്ത് അവർ ബുദ്ധന്റെ മാനസാന്തരത്തിന്റെ വിവരണം കൂടുതൽ പുഷ്ടിപ്പെടുത്തി.

സംസ്കൃതമറിയാമായിരുന്നെങ്കിലും നാരായണമേനോൻ ലൈറ്റ് ഓഫ് ഏഷ്യ തിരഞ്ഞെടുത്തതിനു പിന്നിൽ ആർനോൾഡിനോടുള്ള ആരാധന കൂടി ഘടകമായിരുന്നുവെന്ന് ജയ്റാം രമേഷ് പറയുന്നു. ‘സോങ് സെലസ്റ്റിയലി’ൽ താൽപര്യമുണ്ടായിരുന്നെങ്കിലും ബുദ്ധന്റെ ജീവിതം പരിഭാഷപ്പെടുത്താൻ മേനോൻ തീരുമാനിച്ചതിനു പിന്നിലും ഈ ആരാധനയായിരുന്നു. കേരളീയ സമൂഹത്തിലെ ബ്രാഹ്മണാധിപത്യത്തെ ചെറുക്കാൻ മേനോന് പ്രേരണയായതും അതാണ്.

Buddha-Statue

കുമാരനാശാൻ കൊൽക്കത്തയിലും ബെംഗളൂരുവിലും മദ്രാസിലും ജീവിച്ച സമയത്താണ് ബുദ്ധന്റെ തത്വങ്ങളോട് അടുക്കുന്നത്. 1903ൽ നാരായണ ഗുരു എസ്എൻഡിപി യോഗം ആരംഭിച്ചത് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. എസ്എൻഡിപിയുടെ ആദ്യ ജനറൽ സെക്രട്ടറിയായി 16 വർഷം പ്രവർത്തിച്ച ആശാൻ 1908ലാണ് ലൈറ്റ് ഓഫ് ഏഷ്യയുടെ പരിഭാഷ ആരംഭിച്ചത്. ആദ്യ രണ്ട് കാണ്ഡങ്ങൾ 1915ൽ വന്നു. അടുത്ത രണ്ടെണ്ണം 1917ൽ. അഞ്ചാമത്തേത് ആശാന്റെ മരണത്തിനു ശേഷം 1929ൽ അദ്ദേഹത്തിന്റെ പത്നിയാണ് പ്രസിദ്ധപ്പെടുത്തിയത്. അവസാനത്തെ മൂന്നു കാണ്ഡങ്ങൾ മുതുകുളം പാർവതി അമ്മ ശ്രീ ബുദ്ധ ചരിതം എന്ന അതേ പേരിൽ 1947ൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു.

‘‘എസ്എൻഡിപി യോഗം തുടങ്ങിയതിനു പിന്നിലെ പ്രേരണ ലൈറ്റ് ഓഫ് ഏഷ്യയുടെ സ്വാധീനമാണെന്നു ഞാൻ പറയില്ല. പക്ഷേ ശ്രീനാരായണഗുരുവിനെ ശ്രീബുദ്ധന്റെ ജീവിതം ഏറെ സ്വാധീനിച്ചിരുന്നു. യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി 16 വർഷം പ്രവർത്തിച്ച കുമാരനാശാനിൽ ഈ കാവ്യം വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു. നമ്മെ വിട്ടുപോയ കവയിത്രി സുഗതകുമാരിയും മരണത്തിന് ഏതാനും നാൾ മുൻപ് ഈ കാവ്യം ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചു പറഞ്ഞിരുന്നു. തന്റെ ജീവനിൽ സഹാനുഭൂതി, മനുഷ്യരോടുമാത്രമല്ല, സകല ജീവജാലങ്ങളോടും നിറച്ചുവെന്നും ആ സഹാനുഭൂതിയാണ് ആക്ടിവിസ്റ്റെന്ന നിലയിൽ തന്റെ ഊർജമെന്നും സുഗതകുമാരി കരുതിയിരുന്നു.’’ ജയ്റാം പറയുന്നു.

ജയ്റാം രമേഷ്
ജയ്റാം രമേഷ്

മലയാളത്തിന്റെ കവികളെയും എഴുത്തുകാരെയും ലൈറ്റ് ഓഫ് ഏഷ്യ സ്വാധീനിച്ചിരുന്നുവെന്ന് പുസ്തകത്തിൽ ജയ്റാം രമേഷ് വിശദീകരിക്കുന്നു. മഹാകവി എം.പി. അപ്പന്റെ ദിവ്യദീപം(1936) അത്തരത്തിലൊന്നായിരുന്നു. തമിഴിലും തെലുങ്കിലും ഒട്ടേറെ എഴുത്തുകാരെയും ലൈറ്റ് ഓഫ് ഏഷ്യ സ്വാധീനിച്ചു. ആശാന്റെ സ്വാധീനത്തിന്റെ ഫലമായി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ആറും ഏഴും കാണ്ഡങ്ങൾ ആശാന്റെ കൃതിക്കു തുടർച്ചയെന്നോളം 1962ൽ പ്രസിദ്ധീകരിച്ചു. സിദ്ധാർഥ ചരിതം എന്നായിരുന്നു പേര്.

മലയാളത്തിലും തമിഴിലും സാമൂഹിക പരിഷ്കരണത്തിന്റെ വെളിച്ചമായി മാറിയതു പോലെയല്ല, ബംഗാളിയിലും മറാഠിയിലും തെലുങ്കിലും പുസ്തകത്തിന്റെ പരിഭാഷകൾ പ്രവർത്തിച്ചത്. സ്വാമി വിവേകാനന്ദൻ, ടഗോർ, ഗാന്ധിജി, നെഹ്റു തുടങ്ങി പലരെയും ബുദ്ധന്റെ ആധ്യാത്മികവും സാംസ്കാരികവുമായ വശമാണ് ആകർഷിച്ചത്. എന്നാൽ ധർമാനന്ദ് കൊസാംബിയും ഡോ. അംബേദ്കറും ജാതീയതയ്ക്കെതിരെ പോരാടിയ വിപ്ലവകാരിയായാണ് ബുദ്ധനെ കണ്ടത്. ഈ വൈരുധ്യമാണ് പുസ്തകത്തിലൂടെ വിശദീകരിക്കാൻ ശ്രമിക്കുന്നത്.

Content Highlight: Sunday special story about The light of Asia and SNDP Yogam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA