പാരമ്പര്യത്തിന്റെ അരങ്ങ്

gayathri-kalanilayam
ഗായത്രി കലാനിലയം
SHARE

ഇഷ്ടപ്പെട്ട ജോലി ഉപേക്ഷിച്ച് നാടകത്തിന്റെ അനിശ്ചിതത്വത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നാടകാചാര്യൻ കലാനിലയം കൃഷ്ണൻ നായരുടെ പേരക്കുട്ടി

‘‘അതിജീവനത്തിന്റെ  ഈ അരങ്ങിൽ ഞാൻ ഉയിർത്തെഴുന്നേൽക്കുകയാണ് ഉടലായി മനസ്സായി ഞാൻ’’. 

‘ഞാൻ’ എന്ന നാടകത്തിൽ കൊച്ചുസീത പറയുന്നതിനു മുൻപേ ഗായത്രി എത്രയോ തവണ മനസ്സിൽ ഉരുവിട്ട മന്ത്രമാണിത്. അതിജീവനത്തിന്റെ അരങ്ങിലേക്ക് ഉടലും മനസ്സും അർപ്പിച്ചു നടന്നു കയറുകയായിരുന്നു, ഗായത്രി കലാനിലയം. 

ഇഷ്ടപ്പെട്ട ജോലി ഉപേക്ഷിച്ചു നാടകത്തിന്റെ അനിശ്ചിതത്വത്തിലേക്ക് അതേ ഇഷ്ടത്തോടെ ഇറങ്ങാൻ ഗായത്രിക്കു കരുത്തായത് ‘കലാനിലയം’ എന്ന പേരും രക്തത്തിൽ അലിഞ്ഞു ചേർന്ന നാടക പാരമ്പര്യവുമാണ്. നാടകാചാര്യൻ കലാനിലയം കൃഷ്ണൻ നായരുടെ പേരക്കുട്ടിക്കു നാടകത്തെ എങ്ങനെ ഉപേക്ഷിക്കാനാകും?! 

ജീവിതത്തിൽ സംഭവിച്ചതെല്ലാം അദ്ഭുതമാണെന്നു പറയും ഗായത്രി. അഭിനയം പരീക്ഷിച്ചു പോലും നോക്കിയിട്ടില്ലാത്ത ഒരാൾ പെട്ടെന്നു സ്റ്റേജിൽ കയറി അഭിനയിക്കുക, എംടെക് ഗോൾഡ് മെഡൽ നേടി പാസായി അധ്യാപികയായ ആൾ ജോലി വേണ്ടെന്നുവച്ചു നാടകത്തിനു പിറകെ പോവുക... ഇതൊന്നും ഗായത്രി നേരത്തേ തയാറാക്കിയ സ്ക്രിപ്റ്റിൽ ഇല്ലാത്തതായിരുന്നു. 

കലാനിലയത്തിന്റെ ‘ഹിഡിംബി’ എന്ന നാടകത്തിലൂടെയാണ് ഗായത്രി ആദ്യമായി അരങ്ങിലേക്കു വരുന്നത്. അതും തികച്ചും അപ്രതീക്ഷിതമായിരുന്നു. നടി ലക്ഷ്മിപ്രിയയാണ് ഹിഡിംബിയെ അവതരിപ്പിച്ചത്. ഒരു ഘട്ടത്തിൽ ആരോഗ്യകാരണങ്ങളാൽ അവർ പിന്മാറി. വേറെ ആളുകളെ നോക്കിയെങ്കിലും പരീക്ഷണമെന്ന നിലയ്ക്കു രണ്ടാഴ്ച കൊണ്ടു ഗായത്രി നാടകം പഠിച്ചെടുത്ത് അവതരിപ്പിച്ചു. 

gayathri
‘‍ഞാൻ’ എന്ന നാടകത്തിൽ കൊച്ചുസീതയായി ഗായത്രി കലാനിലയം.

രണ്ടു തവണ നാടകം കണ്ട പരിചയം മാത്രമേ അതുവരെ ‘ഹിഡിംബി’യും ഗായത്രിയും തമ്മിൽ ഉണ്ടായിരുന്നുള്ളൂ. രണ്ടു മണിക്കൂർ ആളുകളെ മടുപ്പിക്കാതെ നാടകം കൊണ്ടുപോകാൻ കഴിഞ്ഞെന്നു മനസ്സിലായപ്പോഴാണ് ആത്മവിശ്വാസം വന്നത്. പിന്നെ ജോലിയും നാടകവും ഒരുമിച്ചു കൊണ്ടുപോയെങ്കിലും ഒരു ഘട്ടത്തിൽ പറ്റാതായി. നാടകം മാത്രം മതിയെന്ന തോന്നൽ വന്നു. അതോടെ ഏറെ ഇഷ്ടപ്പെട്ട അധ്യാപനത്തോടു ബൈ ബൈ പറഞ്ഞു നാടകത്തട്ടിലേക്കു കയറി. പിന്നെയാണ് ഈ ലോക്‌ഡൗൺ കാലത്തെ ‘ഞാൻ’ എന്ന പരീക്ഷണ നാടകം. 

ഗായത്രിയുടെ നാടക പഠനങ്ങളുടെ ആവിഷ്കാരം കൂടിയായിരുന്നു ‘ഞാൻ’. വള്ളത്തോളിന്റെ കൊച്ചുസീത എന്ന കവിതയെ പുതിയ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്ന നാടകം. കലാനിലയത്തിന്റെ മറ്റു നാടകങ്ങളിൽ നിന്നു വ്യത്യസ്തമായി ചെറിയ ബജറ്റിൽ ചെയ്ത പരീക്ഷണം. 

കോവിഡ് കാലത്തിന്റെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ വലിയ ചെലവില്ലാത്ത നാടകം എന്ന ആലോചനയിലാണ് നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നൽകുന്ന ഏകാംഗ നാടകമായി ‘ഞാൻ’ പിറക്കുന്നത്. തൃശൂർ റീജനൽ തിയറ്ററിൽ മാർച്ചിൽ അവതരിപ്പിച്ച നാടകത്തിനു ലഭിച്ചത് വലിയ സ്വീകരണം. മറ്റു സ്റ്റേജുകളിലേക്കും ‘ഞാൻ’ പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുന്നത്.

ചെറുപ്പം മുതലേ നൃത്തം പഠിച്ചിട്ടുള്ള ഗായത്രി തന്നെയാണ് നാടകത്തിലെ ക്ലാസിക്കൽ, ഫ്യൂഷൻ നൃത്താവിഷ്കാരം നിർവഹിച്ചത്. നാടകത്തിനു വേണ്ടി അൽപം കഥകളിയും പഠിച്ചു.

‘ഹിഡിംബി’ ചെയ്യുന്ന സമയത്തു കോയമ്പത്തൂർ അമ‍ൃ‍ത യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറായിരുന്നു ഗായത്രി. ഒരു ദിവസം പോലും ജോലി മുടക്കാതെയായിരുന്നു റിഹേഴ്സൽ. ‘ഞാൻ’ എന്ന നാടകം ചെയ്യുന്ന സമയത്തു മകളുടെ കാര്യം നോക്കാനും മറ്റുമായി ഭർത്താവ് ഡോ. ഡി. ഗോവിന്ദ് അധ്യാപന ജോലിയിൽ നിന്ന് അവധിയെടുത്തു.  അമ്മ ബിന്ദുവും അച്ഛൻ അനന്തപത്മനാഭനും എല്ലാ പിന്തുണയുമായി മകൾക്കൊപ്പമുണ്ട്. മൂന്നു വയസ്സുകാരി ക്ഷേത്ര മകളാണ്.

‘ആദ്യമായി സ്റ്റേജിൽ കയറുമ്പോൾ അഭിനയത്തെക്കുറിച്ചു പറഞ്ഞുതരാൻ ആരും ഉണ്ടായിരുന്നില്ല. സ്വയം പരുവപ്പെടുത്തിയെടുത്തതാണ്. അച്ഛന്റെ അമ്മയും നാടകനടിയുമായിരുന്ന കൊടുങ്ങല്ലൂർ അമ്മിണിയമ്മയാണ് ഇക്കാര്യത്തിൽ ഏറെ സ്വാധീനിച്ചിട്ടുള്ളത്. മുത്തച്ഛന്റെ മരണശേഷം കലാനിലയം ഏറ്റെടുത്തുകൊണ്ടു നാടകത്തിലേക്ക് ഇറങ്ങാൻ അച്ഛൻ കാണിച്ച ധൈര്യം, സ്റ്റേജിനോടുള്ള സ്നേഹം ഇതെല്ലാം നാടകത്തോടു ചേർന്നുനിൽക്കാൻ പ്രേരണയായി’–ഗായത്രി പറഞ്ഞു.

English Summary: Acting career of Gayathri Kalanilayam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA