ADVERTISEMENT

ഒരു ബിൽഡ‍റോട് 100 കിടക്കകളുള്ള ആശുപത്രി നിർമിക്കാമോ എന്ന ചോദ്യം‌ വന്നാൽ ആരും ‘യെസ്’ പറയും. പക്ഷേ, പിന്നാലെ വന്ന ചോദ്യമായിരുന്നു ചാല‌ഞ്ച്. തൃശൂർകാരനായ ജോസഫ് മാത്യുപറഞ്ഞത് ‘ഇമ്മിണി ബല്യ യെസ്’!

 

മിസ്റ്റർ ജോസഫ്, 6 ബ്ലോക്കുകളിലായി 100 കിടക്കകളുള്ള ഒരു ആശുപത്രി നിർമിക്കാമോ?

അന്വേഷണം വന്നത് ബെംഗളൂരുവിലെ ഒരു സംഘടനയിൽനിന്ന്. ബെംഗളൂരു നിംഹാൻസ് ആശുപത്രിയുടെ കോംപൗണ്ടിലാണു നിർമിക്കേണ്ടത്. 

ബെംഗളൂരുവിൽ കെട്ടിടനിർമാണ കമ്പനികൾക്കു ക്ഷാമം ഇല്ലല്ലോ, പിന്നെന്തിനു കേരളത്തിൽ, തൃശൂരിലുള്ള തന്നെത്തേടി ആ അന്വേഷണം വരുന്നു എന്നു ചിന്തിക്കുമ്പോഴേക്കും വന്നു അടുത്ത ചോദ്യം: 26 ദിവസംകൊണ്ട് പണി തീർക്കണം. കെട്ടിടം, ‌എയർകണ്ടീഷൻ, ഫാൻ, കിടക്കകൾ ഇവയെല്ലാം സഹിതം.

26 ദിവസം?

ആ ചോദ്യത്തിനു മുന്നിൽ പല നിർമാതാക്കളും രണ്ടാമതൊന്നു ചിന്തിച്ചതിനാലാണ് തന്നെത്തേടി ആ ചോദ്യമെത്തിയതെന്ന് തിരിച്ചറിഞ്ഞു. സ്ട്രക്ചറൽ ‌എൻജിനീയറും ബിസിനസുകാരനുമായ ജോസഫ് മാത്യു ശങ്കൂരിക്കൽ ഒരു യെസ് പറഞ്ഞു. 

ഒരു വലിയ ‘യെസ്’.

ആ ‘യെസ്’ തലയ്ക്കു മീതേ തൂങ്ങിക്കിടക്കുന്ന ഒരു വാളിന്റെ ശീൽക്കാര ശബ്ദമായിരുന്നു. കാരണം, കേരളം കോവിഡ് ലോക്ഡൗണിൽ, കർണാടക ലോക്ഡൗണിൽ. റോഡ്, കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു. പിന്നെങ്ങനെ 26 ദിവസംകൊണ്ട് ഒരു തൃശൂർകാരൻ ബെംഗളൂരുവിൽ ആശുപത്രി നിർമിക്കും?

– നിർമിക്കും. ഒരു മലയാളി തീരുമാനിച്ചാൽ... 

 

joseph
ജോസഫ് മാത്യു ശങ്കൂരിക്കൽ ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ

രക്തഗ്രൂപ്പ് എൻജിനീയറിങ് +ve

ജോസഫ് മാത്യു ശങ്കൂരിക്കൽ എന്ന സ്ട്രക്ചറൽ എൻജിനീയറുടെ പിതാവ് എസ്.ജെ. മാത്യു തൃശൂർ അതിരൂപതയുടെ കെട്ടിടങ്ങൾ നിർമിക്കുന്ന എൻജിനീയറായിരുന്നു. മകൻ ജോസഫ് കെർബി ഇന്റർനാഷനൽ എന്ന കുവൈത്ത് കമ്പനിയിൽ എൻജിനീയർ ആയി. ഈ കമ്പനിയുടെ വിയറ്റ്നാം സിഇഒ ആയിരിക്കെയാണ് ജോലി വിടുന്നത്. 2008ൽ. അപ്പോഴേക്കും 2006 മുതൽ പാനലുകൾ നിർമിക്കുന്ന ബിസിനസിലേക്കു കടന്നു. ചൂടുകുറയ്ക്കുന്ന സാൻവിജ് പാനലുകളും മറ്റും നിർമിച്ചു തുടങ്ങി. കഞ്ചിക്കോട് കിൻഫ്രയിലായിരുന്നു ആദ്യ ഫാക്ടറി. ഇരിങ്ങാലക്കുട കോണത്തു കുന്നിലും മുണ്ടൂർ അച്ചൻകുന്ന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലും ഫാക്ടറികൾ തുടങ്ങി. റാസൽ ഖൈമയിലും മെൽബണിലും കാലുറപ്പിച്ചെങ്കിലും പ്രൈം മെറ്റൽ ബിൽഡിങ് സിസ്റ്റംസിന്റെ സാരഥി ജോസഫ് മാത്യുവിനെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു 26 ദിവസത്തിന്റെ ആ ‘യെസ്’. അത് 24 മണിക്കൂർ പോലങ്ങു പോവുകയും ചെയ്തു. 

ലൈൻ ‘വല’ച്ചു തുടക്കം

ആറ് യൂണിറ്റുകളായാണ് 100 ബെഡ് ആശുപത്രി നിർമിക്കേണ്ടത്. ഒരു സ്റ്റാഫ് യൂണിറ്റ്. 20 ബെഡ് വീതമുള്ള 5 കോവിഡ് ഐസിയുകൾ. അതിൽ ഒരെണ്ണം സമ്പൂർണ സംവിധാനങ്ങളുള്ള ഐസിയു. 40 ശുചിമുറികൾ... ഓരോ ബെഡിനും ഓക്സിജൻ ഉറപ്പാക്കണം. മുഴുവൻ ഓക്സിജൻ ലൈനും മണ്ണിനടിയിലൂടെ വലിക്കണം. 

ഗ്രൗണ്ട് ക്ലിയറിങ്ങിലൂടെ ജോലി തുടങ്ങിയതും തലയ്ക്കുമുകളിലെ വാൾ ഒന്നു മൂളി. കാരണം എവിടെ ജെസിബികൊണ്ടു മാന്തിയാലും കേബിളുകൾ. നിംഹാൻസ് പോലുള്ള വലിയൊരു ആശുപത്രിയിലേക്കുള്ള പ്രധാനപ്പെട്ട ലൈനുകളാണ്. ഏതെങ്കിലും പൊട്ടിയാൽ ആശുപത്രിയിലേക്കുള്ള എന്തെങ്കിലും സംവിധാനം നിലച്ചാൽ ജീവന്റെ പ്രശ്നമാണ്. 

രണ്ടു ദിവസംകൊണ്ടു തീരേണ്ട ഗ്രൗണ്ട്, ഫൗണ്ടേഷൻ ജോലിക്കു വേണ്ടിവന്നത് 5 ദിവസം. പിന്നെയുള്ളത് വെറും 21 ദിവസം. ജോലി വൈകിയാൽ ഒരാഴ്ച 10 ലക്ഷം രൂപവീതം പിഴ എന്ന കരാറിലാണ് ജോലി. 

ആ വല ഒരു തുടക്കം മാത്രമായിരുന്നു. ബെംഗളൂരുവിൽ മൊത്തം കോവിഡ്. ജോലിക്കാരെ കിട്ടാൻ ബുദ്ധിമുട്ട്. 78 ജോലിക്കാർ ഒരേസമയം സൈറ്റിൽ വേണം. 50% സാധനങ്ങൾ ബെംഗളൂരുവിൽനിന്നു തന്നെ വാങ്ങണം. കടകൾ തുറന്നിട്ടില്ല.

വർക്കിന്റെ ‘ടെംപോ’

ജോസഫ് മാത്യു തൃശൂരിൽനിന്ന് ഒരു ടെംപോ ട്രാവലർ ഒരുമാസത്തെ വാടകയ്ക്കെടുത്തു. അതിൽ അരിയും മറ്റു സാധനങ്ങളുമടക്കം അത്യാവശ്യം വേണ്ടതെല്ലാം പാക്ക് ചെയ്തു.  26 ജീവനക്കാരെ അതിനുള്ളിൽ കയറ്റി ബെംഗളൂരുവിനു വിട്ടു. അവരെ സൈറ്റിനടുത്തുള്ള ഫ്ലാറ്റുകളിലും മറ്റുമായി താമസിപ്പിച്ചു. ബാക്കി തൊഴിലാളികളെ അവിടെനിന്നു സംഘടിപ്പിച്ചു. നിർമാണത്തിനാവശ്യമായ വസ്തുക്കൾ ഉള്ള കടകൾ തുറക്കാൻ ബെംഗളൂരു കമ്മിഷണറുടെ പ്രത്യേക ഉത്തരവ് സംഘടിപ്പിച്ചു. അതുകൊണ്ടുമായില്ല, പാലക്കാട്ടെയും തൃശൂരിലെയും പ്രൈം ഫാക്ടറികൾ തുറക്കാൻ അനുമതി വേണം. സ്റ്റീൽ പൈപ്പുകളും റൂഫിങ് സാമഗ്രികളും ഇവിടെനിന്നു കൊണ്ടുപോകണം. 

നിംഹാൻസിന്റെ മാനേജിങ് ഡയറക്ടറുടെ കത്ത് അവിടുത്തെ ചീഫ് സെക്രട്ടറിക്ക്. കർണാടക ചീഫ് സെക്രട്ടറിയുടെ കത്ത് തൃശൂർ,പാലക്കാട് കലക്ടർമാർക്ക്. ഫാക്ടറി തുറക്കാനും സാധനസാമഗ്രികളും ജോലിക്കാരുമായി സഞ്ചരിക്കാനും ഇരുവരും അനുമതി നൽകി. 

അപ്പോഴും സൈറ്റിൽ ഏതുസമയവും കോവിഡ് ബാധിക്കാമെന്നതിന്റെ ‘റിസ്ക്’ ഉണ്ടായിരുന്നു. കർണാടക സർക്കാർ എല്ലാവർക്കും വാക്സീൻ നൽകി. 

ജീവനക്കാർ ആരും പുറത്തു പോകാൻ പാടില്ലെന്നായിരുന്നു ജോസഫ് മാത്യുവിന്റെ ടീമിന്റെ തീരുമാനം. എല്ലാവരുടെയും അരയിൽ ഒരു ബാഗ് കെട്ടി നൽകി. അതിൽ കുടിക്കാനുള്ള വെള്ളം, അത്യാവശ്യം മരുന്ന്, സാനിറ്റൈസർ, മാസ്ക്കുകൾ...

ജോലി തുടങ്ങിക്കഴിഞ്ഞും പലരും നിരുൽസാഹപ്പെടുത്തി. സാധാരണ നിലയിൽ 6–8 മാസം വേണ്ട ജോലിയാണ് ചെയ്യുന്നത്. എൻജിഒ ഏർപ്പെടുത്തിയ നിഷ മേരി പൗലോസ് എന്ന ആർക്കിടെക്ട് ജോലിക്കു മേൽനോട്ടം വഹിച്ചു. 

നിർമിക്കുന്ന കെട്ടിടങ്ങൾക്കുമുണ്ടായിരുന്നു പ്രത്യേകത. 2 വർഷം കഴിഞ്ഞാൽ, കോവിഡ് മടങ്ങിയാൽ, അതേപടി അഴിച്ചു മാറ്റി ഗ്രാമങ്ങളിൽ കൊണ്ടുപോയി സ്ഥാപിക്കാം.

ഉഷസായി, സന്ധ്യയായി ഒന്നാം ദിവസം 

2021 മേയ് 25. ജോലി തുടങ്ങി. കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആലുവ സ്വദേശി ജെഫ്രി സൈറ്റ് ചാർജ് ഏറ്റെടുത്തു. അഞ്ചാംദിവസം ഗ്രൗണ്ട് ക്ലിയർ. എട്ടാം ദിവസം 20 ബെഡിന്റെ സ്ട്രക്ചർ തയാർ. പിന്നെ മലയാളി തനിനിറം കാട്ടിത്തുടങ്ങി. 11–ാം ദിവസം 3 യൂണിറ്റ് തയാർ. 12–ാം ദിവസം കേരളത്തിൽനിന്ന് പാനൽ നിർമാണം പൂർത്തിയാക്കി എത്തിച്ചു. 14–ാം ദിവസം എല്ലാ യൂണിറ്റിന്റെയും സ്ട്രക്ചർ പൂർത്തീകരിച്ചു തറ നിർമാണം തുടങ്ങി. 17–ാം ദിവസം എസിയുടെ ഡക്ട് പൂർത്തിയായി. 18–ാം ദിവസം ഭിത്തികൾ സാൻവിജ് പാനലുപയോഗിച്ചു നിർമിച്ചു തുടങ്ങി. 21–ാം ദിവസം ആറു യൂണിറ്റിന്റെയും ഭിത്തി തീർത്തു. 110 ജനാലകൾ സ്ഥാപിക്കാനായി പാനൽ കട്ടിങ് തുടങ്ങി. ജനാലകൾ നിർമിച്ച് സൈറ്റിലെത്തിച്ചു. 22ന് ഇലക്ട്രിക്കൽ ജോലികൾ. 23ന് വാതിലുകളും ജനാലകളും മൊത്തമായി ഘടിപ്പിച്ചു തീർത്തു. 

ഇനി ഫ്ലോറിങ് ബാക്കി. ഒറ്റദിവസം കൊണ്ട് മുഴുവൻ വിനൈൽ ഫ്ളോറിങ് തീർത്തു. ശുചിമുറികളിലും തറയിൽ വിനൈൽ ഷീറ്റ് വിരിക്കാനായിരുന്നു കരാർ. എന്നാൽ രോഗികൾ തെന്നിവീഴാനുള്ള സാധ്യത ചർച്ചയായി. 

ടൈൽ വിരിക്കാനാവുമോ എന്നായി ചോദ്യം. മുകളിൽ ‘വാൾ’ വീണ്ടും മുരണ്ടു. പക്ഷേ, അതും ടീം ഏറ്റെടുത്തു. ഗ്രിപ്പ് ഉള്ള ടൈലുകളെത്തിച്ച് 40 ശുചിമുറികളുടെ തറയും പൂർത്തിയാകുമ്പോൾ കലണ്ടറിൽ 25–ാം ദിവസവും വെട്ടിക്കഴിഞ്ഞിരുന്നു.

ഉഷസായി സന്ധ്യയായി 26–ാം ദിവസം

എല്ലാ ബെഡിലും ഓക്സിജൻ സൗകര്യമടക്കം ആശുപത്രി തയാറാക്കി ടീം പുറത്തിറങ്ങി. 110 ജനാലകളും 75 വാതിലുകളും 140 ഫാനുകളുമുള്ള 15,000 ചതുരശ്രയടി ആശുപത്രി തയാറായിരുന്നു. 100 മീ‌റ്റർ ഓടിത്തീർന്ന ഉസൈൻ ബോൾട്ടിന്റേതുപോലൊരു ഫിനിഷിങ്.

വെൽഡിങ്ങിനുള്ള ഓക്സിജന്റെ ക്ഷാമമായിരുന്നു നേരിട്ട വലിയൊരു പ്രശ്നം. ഇന്ത്യ മുഴുവൻ ഓക്സിജൻ കിട്ടാതെ വലയുന്ന സമയം. വെൽഡിങ്ങിനുള്ള ഓക്സിജൻ വിദേശത്തു നിന്നെത്തിച്ചായിരുന്നു ജോലികൾ.

തൃശൂരിൽ 7 നിലയുള്ള ആശുപത്രിക്കെട്ടിടം സ്റ്റീൽ സ്ട്രക്ചറിൽ നിർമിച്ചതും നെടുമ്പാശേരി വിമാനത്താവളത്തിൽ കാർഗോ സിസ്റ്റം നിർമിച്ചതുമൊക്കെ ജോസഫ് മാത്യുവിന്റെ ക്രെഡിറ്റിലുണ്ടെങ്കിലും ഇതു കോവിഡ് രോഗികൾക്കു വേണ്ടി ‘അത്യാസന്നനിലയിൽ അതിവേഗം’ നിർമിച്ച ജോലി; ജോസഫിനും ടീമിനും തലയുയർത്തി നിൽക്കാം. 26 ദിവസംകൊണ്ട് 100 കിടക്കകളുള്ള ആശുപത്രി നിർമിച്ച സൈന്യം. കോവിഡ് മുന്നണിപ്പോരാളികൾ. അവർക്കൊരു സല്യൂട്ട്!‌

English Summary: Bengaluru Nimhans covid hospital builder Joseph Mathews

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com