ADVERTISEMENT

സ്വപ്ന സഞ്ചാരികളായ ചെറുപ്പക്കാർക്കു വേഗച്ചിറകുകൾ സമ്മാനിച്ച രാജ്യമാണു ജപ്പാൻ. യമഹയും സുസുക്കിയും ഹോണ്ടയും നിർമിച്ച ബൈക്കുകളിൽ അതിവേഗത്തിന്റെ ചരിത്രമെഴുതിയ തലമുറകൾ എത്രയെത്ര. പുതിയ വേഗവും ഉയരവും കരുത്തും തേടിയെത്തുന്ന 11,000 അത്‍‌ലീറ്റുകൾക്ക് 23 മുതൽ ഇതേ ജപ്പാൻ ചിറകൊരുക്കും, കൂടൊരുക്കും; 8 വർഷത്തെ കാത്തിരിപ്പിനൊടുവിൽ. ടോക്കിയോ ഒളിംപിക്സിലേക്ക് ഇനി 5 പകലുകളുടെ ദൂരം മാത്രം. 

2013ലാണ് 2020ലെ ഒളിംപിക് വേദി ജപ്പാനും ടോക്കിയോയ്ക്കും അനുവദിച്ചു കിട്ടുന്നത്. തലസ്ഥാന നഗരമായ ടോക്കിയോയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി മഹാമേളയ്ക്കു തയാറെടുക്കുന്നതിനിടെയാണ് കോവിഡ് ആഞ്ഞടിച്ചത്. അതോടെ 2020ലെ മേള ഈ വർഷത്തേക്കു മാറ്റിവയ്ക്കേണ്ടി വന്നു. യുദ്ധമല്ലാതെ മറ്റു കാരണങ്ങളാൽ ഒളിംപിക്സ് മാറ്റിവയ്ക്കുന്നതു ചരിത്രത്തിലാദ്യമാണ്. ഈ മാറ്റിവയ്ക്കൽ ചരിത്രത്തിന്റെ ആദ്യ കണ്ണികളിലൊന്ന് ജപ്പാനായിരുന്നുവെന്നതും ഒളിംപിക്സ് ചരിത്രത്തിലെ അപൂർവതയാണ്. 1940ലെ ഒളിംപിക്സിനു വേദിയാകേണ്ടിയിരുന്നതു ടോക്കിയോ ആയിരുന്നു. എന്നാൽ, ചൈനയുമായുള്ള യുദ്ധംമൂലം 1938ൽ ഗെയിംസ് നടത്തിപ്പിൽനിന്നു ജപ്പാൻ പിൻമാറി. ഹെൽസിങ്കിയെ പുതിയ വേദിയായി തിരഞ്ഞെടുത്തെങ്കിലും 2–ാം ലോകയുദ്ധം മൂലം ഒളിംപിക്സ് റദ്ദാക്കി. പിന്നീട്, 24 വർഷത്തെ കാത്തിരിപ്പായിരുന്നു. ഒടുവി‍ൽ 1964ൽ ഒളിംപിക്സിനു ടോക്കിയോ വേദിയൊരുക്കി. അന്നത്തെ പ്രധാന വേദിയായിരുന്ന ഒളിംപിക് സ്റ്റേഡിയമാണ് ഇത്തവണത്തെയും മുഖ്യവേദി. 2021ലാണു നടക്കുന്നതെങ്കിലും ടോക്കിയോ 2020 എന്നാകും ഈ ഒളിംപിക്സ് അറിയപ്പെടുക. 

കാണികളില്ലാതെ വിശ്വമാമാങ്കം

ചരിത്രത്തിലാദ്യമായി ഒളിംപിക് വേദികളിലേക്കു കാണികൾക്കു പ്രവേശനമില്ല. കോവിഡ് ഭീഷണി മൂലമാണു സംഘാടകരുടെ നടപടി. ഒളിംപിക് സംഘടിപ്പിക്കുന്നതു കോവിഡ് പെരുകാനിടയാക്കുമെന്നും ജനജീവിതം അപകടത്തിലാക്കുമെന്നുമുള്ള തദ്ദേശീയരുടെ വിമർശനവും സംഘാടകർ കണക്കിലെടുത്തു. വിദേശി, സ്വദേശി കാണികൾക്കു വിലക്കേർപ്പെടുത്തിയതോടെ ഗെയിംസിനോടുള്ള ജപ്പാൻകാരുടെ എതിർപ്പ് ഒരുപരിധിവരെ തണുക്കുമെന്നാണു പ്രധാനമന്ത്രി യോഷിഹിദെ സുഗയുടെയും ഭരണകക്ഷിയുടെയും പ്രതീക്ഷ. ഫലത്തിൽ, ഗാലറികളുടെ ആരവം ടോക്കിയോയിൽ അത്‌ലീറ്റുകൾക്കു കൂട്ടുണ്ടാവില്ല. ആരാധകരുടെ കട്ടൗട്ടുകൾ സ്ഥാപിച്ചും റോബട്ടുകളെ നിരത്തിയും ആർപ്പുവിളികളുടെ ഓഡിയോ ക്ലിപ്പുകൾ പ്രക്ഷേപണം ചെയ്തും ‘ഓളമുണ്ടാക്കാൻ’ സംഘാടകർ ശ്രമിക്കുന്നുണ്ടെങ്കിലും വെല്ലുവിളിയാണ്. 

tokyo-post

സ്വർണം നേടൂ, തപാൽപെട്ടി നിറം മാറും

ഒളിംപിക്സിൽ സ്വർണം നേടുന്ന താരങ്ങൾക്കായി ജപ്പാൻ സർക്കാർ ഒട്ടേറെ പാരിതോഷികങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അക്കൂട്ടത്തിൽ വ്യത്യസ്തമായ പ്രഖ്യാപനം ജപ്പാനിലെ തപാൽ വിഭാഗത്തിന്റേതാണ്. സ്വർണ മെഡൽ നേടുന്ന ഓരോ ജപ്പാൻ താരത്തിന്റെയും ജൻമനാട്ടിലെ തപാൽ പെട്ടികൾ സ്വർണ നിറമടിക്കുമെന്നാണ് അവരുടെ പ്രഖ്യാപനം. സ്വർണം നേടുന്ന അത്‌ലീറ്റിന്റെ പേരും മത്സരയിനവും ജാപ്പനീസിലും ഇംഗ്ലിഷിലും ബോക്സിനു പുറത്തെഴുതുകയും ചെയ്യും. നിലവിൽ ചുവപ്പു നിറമാണ് തപാൽപെട്ടികളുടേത്. സ്വർണനേട്ടക്കാരുടെ ഓർമയ്ക്കായി എക്കാലത്തേക്കും ‘സുവർണ പെട്ടികൾ’ നിലനിർത്താനാണു തീരുമാനം. 2016 റിയോ ഗെയിംസിൽ 12 സ്വർണമുൾപ്പെടെ 41 മെഡലുകൾ സ്വന്തമാക്കി മെഡൽ പട്ടികയിൽ ആറാമതായിരുന്നു ജപ്പാൻ. നാട്ടിലെ മേളയിൽ ഇരുപതിലേറെ ഇനങ്ങളിലാണ് സ്വർണം പ്രതീക്ഷിക്കുന്നത്.  

tokyo-sky-tree

രാഷ്ട്രീയത്തിന്റെ ഒളിംപിക് ഗോദ

രണ്ടാം ലോകയുദ്ധത്തിലെ കനത്ത തോൽവിക്കുശേഷം 1964ൽ ജപ്പാൻ ആദ്യമായി ഒളിംപിക്സിന് ആതിഥ്യമരുളിയതു ലോകവേദിയിലേക്കുള്ള ആ രാജ്യത്തിന്റെ തിരിച്ചുവരവിനു കളമൊരുക്കാനാണ്. ഹിരോഷിമയും നാഗസാക്കിയും ഫുകുഷിമയും സൃഷ്ടിച്ച മുറിവുകൾ ഉണക്കിയെങ്കിലും നീറുന്ന ഓർമകൾ ആ രാജ്യത്തിന്റെ ചങ്കിൽ ഇപ്പോഴും ബാക്കിയാണ്. സൂനാമി സൃഷ്ടിച്ച തിരകൾ അടങ്ങിയെങ്കിലും അതിന്റെ കാഠിന്യം ഓ‍ർത്തിരിക്കുന്ന തലമുറയും ശാന്തസമുദ്രത്തിന്റെ തീരത്തു കിടക്കുന്ന ഈ ദ്വീപ് രാഷ്ട്രത്തിലുണ്ട്. 2008ൽ ബെയ്ജിങ്ങിൽ ചൈന ആതിഥ്യം വഹിച്ചശേഷം ഒളിംപിക്സ് ഒരിക്കൽക്കൂടി ഏഷ്യയിലേക്കു വരുമ്പോൾ അതിനു വേദിയൊരുക്കുന്ന ജപ്പാൻ വൻകരയിലെ സാമ്പത്തിക മേധാവിത്തം ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ ചൈനയ്ക്കൊരു സന്ദേശം നൽകാനും ശ്രമിക്കുന്നു.

പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ എതിർപ്പുയർന്നെങ്കിലും മേളയുമായി മുന്നോട്ടുപോകാൻ യോഷിഹിദെ സുഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം തീരുമാനിച്ചത് അതുകൊണ്ടാണ്. കോവിഡിനു മുന്നിൽ തലകുനിച്ച് ഒളിംപിക്സ് റദ്ദു ചെയ്യുന്നതു ജപ്പാന്റെ ആത്മാഭിമാനത്തിനു ക്ഷതമേൽപിക്കുമെന്ന ചിന്തയും ഭരണത്തിലുള്ള ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയെ മുന്നോട്ടു നയിച്ചു. ടോക്കിയോ മെട്രോപ്പൊലിറ്റൻ അസംബ്ലി തിരഞ്ഞെടുപ്പിൽ സുഗയുടെ പാർട്ടി തിരിച്ചടി നേരിട്ടെങ്കിലും ഒളിംപിക്സ് വിജയകരമായി പൂർത്തിയാകുന്നതോടെ ലോകവേദിയിലും ജപ്പാനിലും ജനവികാരം ഭരണകക്ഷിക്ക് അനുകൂലമാകുമെന്ന ശുഭപ്രതീക്ഷയാണു നേതൃത്വത്തിനുള്ളത്. 

tokyo-medal
ടോക്കിയോ ഒളിംപിക്സിനായി തയാറാക്കിയ സ്വർണമെഡൽ

മെഡൽ, മൊബൈലിൽ നിന്ന്

പ്രാചീന ഒളിംപിക് ഗെയിംസിൽ വിജയികൾക്കു നൽകിയിരുന്നത് ഒലിവ് ഇലകൊണ്ടുള്ള കിരീടമായിരുന്നു. കാലം മാറിയതോടെ സമ്മാനത്തിൽ മാറ്റം വന്നു. ആധുനിക ഒളിംപിക്സിലാണു മെഡൽ കൊടുത്തു തുടങ്ങുന്നത്. 1912 വരെ സ്വർണ മെഡലുകൾ പൂർണമായും സ്വർണത്തിൽ തന്നെയാണു നിർമിച്ചിരുന്നത്. ഒന്നാം സ്ഥാനക്കാർക്ക് ഇപ്പോൾ നൽകുന്ന മെഡലുകളിൽ 6 ഗ്രാം വരെ സ്വർണമുണ്ടാകും. ബാക്കി വെള്ളിയാണ്. വെള്ളിക്കുമേൽ സ്വർണം കൊണ്ടു പ്ലേറ്റ് ചെയ്യുന്നതാണു പതിവ്.

സ്വർണ മെഡലിന് ഏകദേശം 556 ഗ്രാം ഭാരമുണ്ടാകും. വെള്ളി മെഡലിന് 550 ഗ്രാമും വെങ്കലത്തിന് 450 ഗ്രാമും. ഗ്രീക്ക് വിജയദേവതയായ നൈക്കിയുടെ ചിത്രവും ഒളിംപിക് വളയങ്ങളും ഗെയിംസിന്റെ പേരുമാണു മെഡലുകളിൽ ആലേഖനം ചെയ്യുക. ടോക്കിയോ ഒളിംപിക്സിന്റെ പ്രത്യേകത മെഡലുകൾ നിർമിക്കാനുള്ള മുഴുവൻ ലോഹവും പഴയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നാണു ശേഖരിച്ചിട്ടുള്ളത്. കേടായ മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ ഉൾപ്പെടെ ജനങ്ങളുടെ ഇടയിൽനിന്നു സംഭരിച്ചത് 78,985 ടൺ ഉപകരണങ്ങളാണ്. ഇവയിൽ നിന്നായി 32 കിലോ സ്വർണം, 3500 കിലോ വെള്ളി, 2200 കിലോ ചെമ്പ് എന്നിവ വേർതിരിച്ചെടുത്തു. അതിൽനിന്നാണു മുഴുവൻ മെഡലുകളും നിർമിച്ചത്. 339 മത്സര വിഭാഗങ്ങളിലെ ജേതാക്കൾക്കാണു മെഡലുകൾ സമ്മാനിക്കേണ്ടത്. 

sushi
ജാപ്പനീസ് വിഭവമായ സുഷി

തീൻമേശയിൽനിന്ന് സുഷി പുറത്ത്

ജപ്പാൻ എന്നു കേൾക്കുമ്പോഴേ ഭക്ഷണപ്രേമികളുടെ നാക്കുകളിൽ നൃത്തം വയ്ക്കുന്നതു ‘സുഷി’ വിഭവങ്ങളുടെ ചിത്രങ്ങളാകും. പച്ചക്കറികളും വേവിക്കാത്ത പച്ചമീനും ചേർത്തു വിളമ്പുന്ന സുഷിയുടെ (വിനാഗിരി ചേർത്ത ചോറ്) രുചി പരീക്ഷിക്കാമെന്ന മോഹത്തോടെയാണ് ലോകതാരങ്ങൾ ടോക്കിയോയിലേക്കു വിമാനം കയറുന്നതെങ്കിൽ നിരാശപ്പെടും. ഒളിംപിക് വില്ലേജിലെ അടുക്കളയിൽ പരമ്പരാഗത സുഷി ഉണ്ടാവില്ല. നന്നായി വേവിച്ച ചെമ്മീൻ, ട്യൂണ (ചൂര ഇനത്തിൽ‍പെട്ട മീൻ) എന്നിവ വിളമ്പിയാൽ മതിയെന്നാണു തീരുമാനം. കോവിഡ് പേടി മൂലമാണു വേവിക്കാത്ത മത്സ്യം, മാംസം, പച്ചക്കറി എന്നിവ ഒഴിവാക്കുന്നത്. ഒളിംപിക് വില്ലേജിൽ‍ നിന്നു പുറത്തിറങ്ങി സുഷി രുചിക്കാമെന്നു വച്ചാലും രക്ഷയില്ല. കാരണം, അത്‌ലീറ്റുകൾ പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നതു സംഘാടകർ വിലക്കിയിട്ടുണ്ട്. 

ദിവസവും 48,000 പേർക്കു ഭക്ഷണം തയാറാക്കാവുന്ന അടുക്കളയാണ് ഒളിംപിക് വില്ലേജിലേത്. കഫറ്റേരിയകൾ 24 മണിക്കൂറും പ്രവർത്തിക്കും. കോവിഡ് നിയന്ത്രണമുള്ളതിനാൽ ഭക്ഷണ ഹാളുകളിൽ കൂട്ടമായി ഇരുന്നുള്ള കഴിക്കലിനു നിയന്ത്രണമുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 700 മെനു അനുസരിച്ചാണു വിഭവങ്ങൾ തയാറാക്കുന്നത്. 2000 ജോലിക്കാരാണു താരങ്ങൾക്കു ഭക്ഷണമൊരുക്കാനായി ജോലി ചെയ്യുന്നത്. 

olympics

ജപ്പാനിലെ വിഭവങ്ങളേറെയുണ്ട് അടുക്കളയിൽ. വാഗ്യു എന്ന ജാപ്പനീസ് ഇനത്തിൽപെടുന്ന പോത്തിന്റെ ഇറച്ചി കൊണ്ടുള്ള ഗ്രിൽഡ് ബീഫ്, കടൽ വിഭവങ്ങളും വറുത്ത പച്ചക്കറികളും ചേർത്തുണ്ടാക്കുന്ന ടെമ്പുര എന്നിവയാണു മറ്റു സ്പെഷലുകൾ. ഒസാകയിൽ നിന്നുള്ള ഒകനോമിയാകി (കാബേജ്, പന്നിയിറച്ചി എന്നിവ ചേർന്ന പാൻകേക്ക്), ടകോയാകി (നീരാളിയെ കഷണങ്ങളാക്കി വേവിച്ച് ഉരുളയാക്കി ഉണ്ടാക്കുന്ന വിഭവം) എന്നിവയുടെ രുചിയും നുകരാം. 

ജനങ്ങൾക്കിടയിൽ മത്സരം നടത്തി തിരഞ്ഞെടുത്ത ചില നാടൻ വിഭവങ്ങളും ഗെയിംസ് വില്ലേജിലെ തീൻമേശകളി‍ൽ വിളമ്പും. ഒളിംപിക്സ് നീട്ടിവച്ചതോടെ പാചക മത്സരം വീണ്ടും നടത്തിയാണു മികച്ച വിഭവങ്ങൾ തിരഞ്ഞെടുത്തത്. സാൽമൺ മത്സ്യത്തിന്റെ തൊലിയുൾപ്പെടെ ചേർത്ത്, വേവിച്ച ചിക്കനൊപ്പം വിളമ്പുന്ന വിവിധതരം നൂഡിൽസ് വിഭവങ്ങളാണു നാടൻ ഇനങ്ങളിൽ പ്രധാനം. 

ജപ്പാനിലെ 47 മേഖലകളിൽ നിന്നായി ശേഖരിക്കുന്ന വിഭവങ്ങളും പാചകത്തിനായി ഉപയോഗിക്കുമെന്നാണു സംഘാടകരുടെ അറിയിപ്പ്. ഭൂകമ്പം, സൂനാമി എന്നിവ മൂലം തകർന്ന മേഖലകളിലെ വിഭവങ്ങൾക്കു പ്രത്യേക പരിഗണനയുണ്ടാവും. ഓരോ അത്‍ലീറ്റിനും അവരുടെ ഡയറ്റീഷ്യൻ നിർദേശിക്കുന്ന വിഭവങ്ങളടങ്ങിയ ആഹാരം ക്രമീകരിക്കാനും വില്ലേജിൽ സൗകര്യമുണ്ട്. 

English Summary: Tokyo Olympics without spectators

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com