ADVERTISEMENT

കേരള പൊലീസിലെ മലയാളി ‘സിങ്കവും’ സൂപ്പർ ഹീറോയുമാണ് ഋഷിരാജ് സിങ് ഐപിഎസ്. 36 വർഷത്തെ സർവീസിനിടെ മേലോട്ടു പിരിച്ചുവച്ച കൊമ്പൻ മീശ ആരുടെ മുന്നിലും താഴ്ത്തിയ ചരിത്രമില്ല. ഋഷിരാജ് സിങ് 31നു പൊലീസ് ജീവിതത്തിന്റെ പടിയിറങ്ങുന്നു. വേഷങ്ങളും വിവാദങ്ങളും സംഗീതവും സിനിമയും റൂട്ട് മാർച്ച് നടത്തിയ ആ ജീവിതത്തിലൂടെ...

രാജസ്‌ഥാൻ ബിക്കാനീറിലെ പുഗൽ  എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. – തിരുവനന്തപുരം പൂജപ്പുരയിലെ ജയിൽ അസ്ഥാനത്തെ ഓഫിസ് മുറിയിലിരുന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ് സംസാരിച്ചു തുടങ്ങി.  പരേതരായ ഇന്ദ്രജിത് സിങ്–ശോഭ കൺവാർ ദമ്പതികളുടെ അഞ്ചു മക്കളിൽ മൂത്തയാൾ.

ഒരിക്കലും തോൽക്കാൻ തയാറാകാത്ത യോദ്ധാക്കളെക്കുറിച്ചു മുത്തശ്ശി സൂരജ് കൺവാർ പറഞ്ഞ കഥകൾ കേട്ടാണ് ഞാൻ വളർന്നത്. എന്റെ ഗ്രാമത്തിൽനിന്നു 50 കിലോമീറ്റർ ദൂരമേയുള്ളൂ പാക്കിസ്‌ഥാനിലേക്ക്. അതിർത്തി പ്രദേശമായതിനാൽ പാക്കിസ്‌ഥാനിൽനിന്നു കൊള്ളക്കാർ ഇവിടെയെത്താറുണ്ട്. കൊള്ളക്കാരെ നിർഭയരായി നേരിടുന്ന ഗ്രാമീണരുടെ ചങ്കൂറ്റം എന്റെ മനസ്സിൽ അന്നേ പതിഞ്ഞിരുന്നു. 

സിരകളിൽ പൊലീസ് രക്തം

കുടുംബത്തിലെ ഏഴാമത്തെ പൊലീസ് ഓഫിസറാണ് ഞാൻ. അച്ഛൻ ഇന്ദ്രജിത് സിങ് പൊലീസിലായിരുന്നു. രാജസ്‌ഥാനിൽ എസ്‌ഐ ആയി തുടങ്ങി അഡീഷനൽ എസ്‌പിയായി വിരമിച്ചു. കുട്ടിക്കാലത്ത് അച്ഛൻ എന്നെ പൊലീസ് സ്‌റ്റേഷനിൽകൊണ്ടു കൊണ്ടുപോകുമായിരുന്നു. അച്ഛന്റെയും അമ്മയുടെയും കുടുംബത്തിൽ ഏറെയും പൊലീസുകാരായിരുന്നു. കുടുംബത്തിലെ ആദ്യ ഐപിഎസുകാരൻ ഞാൻ മാത്രം. 

ദേ പോകുന്നു ‘മുറിച്ചുണ്ടൻ’...

ജൻമനാ എനിക്കു മുറിച്ചുണ്ടായിരുന്നു (മുച്ചുണ്ട്). അമ്മയ്ക്കു മാത്രമേ ഞാൻ പറയുന്നത് മനസ്സിലാക്കാൻ കഴിയുമായിരുന്നുള്ളൂ. വൈകല്യത്തിന്റെ പേരിൽ എന്നെ പലരും അപമാനിച്ചു, കളിയാക്കിച്ചിരിച്ചു. വിക്കി വിക്കി പറയുമ്പോൾ ക്ലാസിൽ കൂട്ടച്ചിരി മുഴങ്ങും.   പക്ഷേ, തോൽക്കാൻ ഞാൻ തയാറായിരുന്നില്ല. എന്റെ നാട്ടിൽ മുറിച്ചുണ്ട് മാറ്റാനുള്ള ചികിത്സാ സൗകര്യങ്ങൾ ഇല്ലായിരുന്നു. 18–ാം വയസ്സിൽ എന്റെ അമ്മാവൻ ഡോ. കുമർ സിങ് ആണ് ചണ്ഡീഗഡിലെ  ആശുപത്രിയിൽ എന്നെ കൊണ്ടുപോയത്. പല തടസ്സങ്ങളും ആശുപത്രി അധികൃതർ പറഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ മരിച്ചാലും കുഴപ്പമില്ല,  മുറിച്ചുണ്ടിന്റെ പേരിൽ ഇനിയും അപമാനിതനാകാൻ വയ്യെന്നായിരുന്നു എന്റെ ഉറച്ച നിലപാട്. 5 മണിക്കൂർ നേരത്തെ പ്ലാസ്റ്റിക് സർജറിക്കൊടുവിൽ എന്റെ മൗനം മുറിഞ്ഞു. ജീവിതത്തിലാദ്യമായി ഞാൻ സ്ഫുടമായി  സംസാരിച്ചു തുടങ്ങി.  

Rishiraj-Singh
ഋഷിരാജ് സിങ്

പഠിക്കണം, പഠിച്ചുയരണം

കുട്ടിക്കാലം മുതൽ ക്രിക്കറ്റായിരുന്നു മനസ്സിൽ. കോളജിൽ ഞാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. ക്രിക്കറ്റ് കളിച്ചു നടന്നാൽ ഒരിടത്തുമെത്തില്ലെന്ന് മനസ്സു പറഞ്ഞു. ബാറ്റും ബോളും സ്റ്റംപും അടങ്ങിയ കിറ്റ് അധ്യാപകനു തിരിച്ചേൽപ്പിച്ചു, ടീമിനോട് വിടചൊല്ലി. എനിക്കു പഠിക്കണം, പഠിച്ചുയരണം എന്നു മാത്രമായിരുന്നു മനസ്സിൽ. 

ചരിത്രം പഠിച്ചതും പഠിപ്പിച്ചതും

പെട്ടെന്നു തീരുമാനമെടുക്കാൻ ചരിത്രപഠനം എന്നെ സഹായിച്ചു. എന്തു കൊണ്ട് രാജാക്കന്മാർ തോറ്റു, എന്തുകൊണ്ട് രാജാവ് ഭരണത്തിൽ മികവു പുലർത്തി എന്നൊക്കെ ചരിത്രം എന്നെ പഠിപ്പിച്ചു. രാജാക്കന്മാരുടെ കുറ്റങ്ങളും കുറവുകളും പഠിച്ചപ്പോൾ ഭരണത്തിന്റെ മികവും മികവില്ലായ്‌മയും തിരിച്ചറിഞ്ഞു. പൊലീസിൽ പെട്ടെന്നു തീരുമാനമെടുക്കാൻ എന്നെ സഹായിച്ചത് ചരിത്രപഠനമായിരുന്നു. 

അമിനുദ്ദീൻ സാർ

ബിരുദാനന്തര ബിരുദ പരീക്ഷയിൽ സ്വർണമെഡലോടെ പാസായി. സിവിൽ സർവീസ് പരീക്ഷ എഴുതാൻ മോഹം. ചരിത്ര അധ്യാപകനായ അമിനുദ്ദീൻ സാർ എന്നെ പ്രോത്സാഹിപ്പിച്ചു. വൈകുന്നേരങ്ങളിൽ സാറിന്റെ വീട്ടിലെത്തി, സിവിൽ സർവീസസ് പരീക്ഷയ്‌ക്കായി ചരിത്രപഠനം. ഓരോ ചാപ്‌റ്ററിനും ഓരോ ചോദ്യത്തിനും ഓരോ പുസ്‌തകംവീതം വായിച്ചു. ഒരു കോളജിൽ ലീവ് വേക്കൻസിയിൽ ലക്ചററായി. രാവിനെ പകലാക്കി പഠിച്ച നാളുകൾ. അമിനുദ്ദിൻ സാറിന്റെ വീട്ടിലേക്ക് 4 വർഷം മുടക്കമില്ലാതെ തുടർന്ന യാത്ര ഫലംകണ്ടേ അവസാനിപ്പിച്ചുള്ളൂ. സിവിൽ സർവീസ് പരീക്ഷയ്ക്കും ഇന്റർവ്യുവിനും പരിശീലിപ്പിച്ചതും സാർ തന്നെ. ജീവിതത്തിൽ 2 പരീക്ഷകളേ ഞാൻ എഴുതിയിട്ടുള്ളൂ. രാജസ്‌ഥാൻ അഡ്‌മിനിസ്‌ട്രേഷൻ സർവീസിലേക്കുള്ള ആദ്യ പരീക്ഷയിൽ പരാജയപ്പെട്ടു. സിവിൽ സർവീസസ് പരീക്ഷയായിരുന്നു രണ്ടാമതെഴുതിയത്. 1985ൽ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസസ് പരീക്ഷ പാസായി. 120 പേരെയാണ് അന്ന് ഐപിഎസിലേക്കു തിരഞ്ഞെടുത്തത്. 20–ാമത്തെ റാങ്കായിരുന്നു എനിക്ക്. അന്നെനിക്ക് 24 വയസ്സ്. 

മദ്രാസ് Via ട്രിവാൻഡ്രം!

കേരളത്തിലേക്ക് പോസ്‌റ്റിങ് കിട്ടി. തിരുവനന്തപുരത്തു ജോയിൻ ചെയ്യാനായിരുന്നു നിർദേശം. റെയിൽവേയിൽ ജോലിക്കാരനായ നാട്ടിലെ എന്റെ അയൽക്കാരൻ വഴി തിരുവനന്തപുരത്തേക്കു ടിക്കറ്റ് തരപ്പെടുത്തി. പെട്ടികളെടുത്ത് ടിക്കറ്റ് ഒന്നുകൂടി നോക്കുമ്പോൾ മദ്രാസിലേക്കാണ് ടിക്കറ്റെടുത്തിരിക്കുന്നതെന്നു മനസ്സിലായത്. മദ്രാസിന്റെ അടുത്താണ് തിരുവനന്തപുരമെന്നും ടാക്സിയോ, ഓട്ടോയോ പിടിച്ചാൽ മതിയെന്നും പറഞ്ഞ് അയൽക്കാരൻ എന്നെ ആശ്വസിപ്പിച്ചു. സ്ഥലത്തെക്കുറിച്ച് ധാരണയില്ലാത്തതിനാലും മറ്റു മാർഗമില്ലാത്തതിനാലും ട്രെയിനിൽ കയറി. പെട്ടികൾക്കു പുറത്താണ് കിടന്നത്. മദ്രാസിലെത്തി തിരക്കിയപ്പോഴാണ് കേരളത്തിലേക്കുള്ള ദൂരമെത്രയെന്ന് അറിഞ്ഞത്. കോറമാണ്ഡൽ എക്സ്പ്രസിൽ  തിരുവനന്തപുരത്തേക്കു ടിക്കറ്റെടുത്തു, ട്രെയിനിൽ കയറി. നന്നായി ഉറങ്ങി. കണ്ണു തുറക്കുമ്പോൾ ട്രെയിൻ കൊല്ലത്തിനടുത്തെത്താറായിരുന്നു. കായലോളങ്ങളും കയർ പിരിക്കുന്നവരും ഇഴചേരുന്ന പുതിയ നാട്... പുതിയ വേഷങ്ങൾ, കേരളക്കരയുടെ ഗന്ധമുറങ്ങുന്ന മണ്ണ്... സ്വപ്നത്തിലെന്ന പോലെയായിരുന്നു ആ കാഴ്ചകൾ. തിരുവനന്തപുരത്ത് എത്തുന്നതുവരെ ജാലകക്കാഴ്ചകളിൽനിന്നു ഞാൻ കണ്ണെടുത്തില്ല. 

പിടിസി എന്ന കോളജ്!

തിരുവനന്തപുരത്തിറങ്ങുമ്പോൾ എനിക്ക് ആകെ അറിയാവുന്നത് പൊലീസ് ട്രെയിനിങ് കോളജിൽ (പിടിസി) എത്തണമെന്നായിരുന്നു. മലയാളം ഒരക്ഷരം അറിയില്ല. എന്റെ ഹിന്ദി ഈ നാട്ടുകാർക്ക് അറിയുകയുമില്ല. ആകെ ആശ്രയം ഇംഗ്ലിഷ്. പൊലീസ് ട്രെയിനിങ് കോളജ് ഇംഗ്ലിഷിലായാലും ഹിന്ദിയിലായാലും ഒരേപോലെയല്ലേ എന്നു സമാധാനിച്ചു. കോളജിൽ പോകണം എന്നു റയിൽവേ പൊലീസ് വഴി ടാക്സിക്കാരനോടു പറഞ്ഞപ്പോൾ ടാക്‌സിക്കാരൻ കൈമലർത്തി. പലരോടും ചോദിച്ചു. എനിക്ക് ദേഷ്യം വന്നുതുടങ്ങി. ഐപിഎസ് ട്രെയിനിങ്ങിന് ചാർജെടുക്കാൻ വന്നതാണ്, പൊലീസ് ട്രെയിനിങ് ക്യാംപിലാണ് പോകേണ്ടത്. എന്ന് ഇത്തിരി ശൗര്യത്തിൽ പറഞ്ഞപ്പോൾ അതുകേട്ട് ആളുകൂടി. അതിലൊരാളാണ് നിസ്സാരമായി പ്രശ്‌നം പരിഹരിച്ചത്. ‘എടേയ്, അത് നമ്മുടെ പിടിസി. ഈ നെടുങ്കൻ പേരുകളൊന്നും പറയാതെ സാറിനെ പിടിസിയിൽ വിട്’– മലയാളത്തോട് എന്നെ ആദ്യമായി അടുപ്പിച്ച ആ വാക്കുകൾ മറക്കില്ല. 

Rishiraj Singh
ഋഷിരാജ് സിങ്

കടൽ കാണൽ, ആദ്യ ഷെഡ‍്യൂൾ

ഞാനും മുൻ ഡിജിപിമാരായ ലോക്നാഥ് ബെഹ്റ, ജേക്കബ് തോമസ് എന്നിവരും ഒരുമിച്ചാണ് മസൂറിയിൽ പരിശീലനത്തിനു ചേർന്നത്. ജോയിൻ ചെയ്യാനെത്തിയ ആദ്യ ദിവസങ്ങളിൽ ലോക്നാഥ് ബെഹ്റയും ജേക്കബ് തോമസും വന്നില്ല. ആ നാളുകളിൽ എനിക്കു പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽവച്ച്, അന്ന് സീനിയർ എഐജിയും മുൻ ഡിജിപിയും കൂടിയായ ജേക്കബ് പുന്നൂസ് സാർ പറഞ്ഞു. ‘ഒപ്പമുള്ള ലോക്‌നാഥ് ബെഹ്‌റയും ജേക്കബ് തോമസുമൊക്കെ എത്തിയാലേ ശരിയായ രീതിയിൽ ട്രെയിനിങ് തരാനൊക്കൂ. ഋഷി ഒരുകാര്യം ചെയ്യൂ. ഇവിടമൊക്കെ ചുറ്റിനടന്ന് നാടും നഗരവുമൊക്കെ ഒന്നു കാണൂ. തിരുവനന്തപുരത്തെ ഒന്നു പരിചയപ്പെടൂ. അതും പരിശീലനത്തിനു വേണ്ടതല്ലേ.‘എനിക്ക് അതിയായ സന്തോഷം. അങ്ങനെ ഞാൻ തിരുവനന്തപുരം കാണാനിറങ്ങി. കടൽ കാണണമെന്നായിരുന്നു ആഗ്രഹം. കേരളത്തിൽ വന്നതിനു ശേഷമാണ് ജീവിതത്തിൽ ആദ്യമായി കടൽ കാണുന്നത്. തിരുവനന്തപുരത്തുനിന്ന് സിറ്റി ബസിൽ കയറി കോവളത്തു പോയി കൺനിറയെ കടൽ കണ്ടു. 

സിനിമ കണ്ട്, പാട്ടു കേട്ട് മലയാളം പഠിച്ചു

പൊലീസ് ഹെഡ്‌ക്വാർട്ടേഴ്‌സിൽ അന്ന് എം.കെ. ജോസഫ് സാറും ടി.വി. മധുസൂദനൻ സാറുമായിരുന്നു ഞങ്ങൾക്കു പരിശീലനം നൽകാൻ മേൽനോട്ടം വഹിച്ചിരുന്നത്. പക്ഷേ, മലയാളം എനിക്കത്ര വശമില്ലായിരുന്നു. പുനലൂർ എഎസ്പിയായിരുന്നപ്പോൾ മലയാളം പഠിക്കാത്തതിന്റെ പേരിൽ ഫയർഫോഴ്സ് മുൻ ഡിജിപി സുകുമാരൻ നായർ എന്നോടു ചൂടായി. ഒരു മലയാള പത്രം എനിക്കു തന്നശേഷം വായിക്കാൻ പറഞ്ഞു. പത്രത്തിന്റെ പേരുപോലും വായിക്കാനാകാതെ ഞാൻ വെള്ളം കുടിച്ചു. 2 വർഷമായി കേരളത്തിലെത്തിയിട്ടും ഭാഷ അറിയാതെ എങ്ങനെ പ്രവർത്തിക്കുമെന്നും പോസ്റ്റിങ് എങ്ങനെ നൽകുമെന്നും സുകുമാരൻ സാർ ചോദിച്ചപ്പോൾ എനിക്കു മറുപടിയില്ലായിരുന്നു. മലയാള സിനിമകൾ തുടർച്ചയായി കാണണമെന്നും ഡ്രൈവറോടോ ഗൺമാനോടോ ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കണമെന്നും ഉപദേശിച്ചു. അന്നുമുതൽ എല്ലാ ദിവസവും രാത്രി 9ന് ഞാൻ ഗൺമാനോടൊപ്പം നഗരത്തിലെ തിയറ്ററിലെത്തും. സിനിമകൾ കാണും, സംശയം ചോദിക്കും, പതിയെ മലയാളം എനിക്കു നന്നായി വശമായി. പാട്ടുകൾ കേട്ടുപഠിച്ചു. മലയാളം പഠിപ്പിക്കാൻ അധ്യാപകനും എത്തിയതോടെ കാര്യങ്ങൾ ഉഷാർ. മലയാളം അറിയാത്ത ഞാൻ പിന്നീട് ‘വൈകും മുൻപേ’ എന്നപേരിൽ മലയാളത്തിൽ പുസ്തകവുമെഴുതി. എക്സൈസ് കമ്മിഷണറായിരിക്കുമ്പോഴാണ് പുസ്തകം എഴുതിയത്. 

പ്രേംനസീർ, ഷീല, സുകുമാരൻ, ശോഭന...

ശനി, ഞായർ ദിവസങ്ങളിൽ സെക്കൻഡ് ഷോയ്ക്കു പോകും. മണിച്ചിത്രത്താഴ്, ഷോലെ, ഒരു വടക്കൻ വീരഗാഥ, ചെമ്മീൻ, പഞ്ചാബി ഹൗസ്, ഗോഡ് ഫാദർ എന്നിവ ഇഷ്ട സിനിമകൾ. ക്ലാസ്മേറ്റ്സ് 3 തവണ കണ്ടു. ആദ്യകാലത്തു മലയാള സിനിമകൾ കാണുമ്പോൾ അദ്‌ഭുതപ്പെടുത്തിയ താരജോടികളായിരുന്നു പ്രേംനസീറും ഷീലയും, സുകുമാരനും ശോഭനയും. പൊലീസ് വേഷങ്ങളിൽ സുരേഷ്‌ഗോപിയെ ഇഷ്‌ടമാണ്. കമ്മിഷണർ എന്ന ചിത്രം സൂപ്പറല്ലേ? ഷാജി കൈലാസിന്റെ ഏകലവ്യൻ എത്രകണ്ടാലും മതിവരില്ല. മമ്മൂട്ടിയുടെ ഡയലോഗ് പ്രസന്റേഷനും മോഹൻലാലിന്റെ സ്വതസിദ്ധമായ അഭിനയശൈലിയും ഇഷ്‌ടമാണ്. ആവനാഴിയിലെ ഇൻസ്പെക്ടർ ബൽറാം എന്ന മമ്മൂട്ടി വേഷം ഏറെ പ്രിയപ്പെട്ടത്. 

ഋഷിരാജ് സിങ് എന്ന പാട്ടുകാരൻ

കോളജിൽ പഠിക്കുന്ന കാലത്ത് പാടുമായിരുന്നു. 4 വർഷം മുൻപ് പൊലീസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ‘നീ മധു പകരൂ’ എന്ന ഗാനം ആലപിച്ചിരുന്നു. ഭാര്യ ദുർഗേശ്വരിക്ക് ഏറ്റവും ഇഷ്ടം ഈ പാട്ടാണ്. നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ പാട്ടുകളോടു വലിയ ഇഷ്ടമാണ്, പ്രത്യേകിച്ച് ‘ആരെയും ഭാവ ഗായകനാക്കും...’, മഞ്ഞൾ പ്രസാദവും... എന്നത്. ‘ചന്ദനലേപ സുഗന്ധം...’ എന്ന ഗാനവും വേദികളിൽ പാടിയിട്ടുണ്ട്. സംഗീതത്തോടുള്ള കമ്പംകാരണം കുറച്ചുകാലം ശാസ്ത്രീയ സംഗിതവും പഠിച്ചു. പഴയ പാട്ടുകൾ ഹരമാണ്. ഗാനഗന്ധർവൻ യേശുദാസ് എന്റെ ജീവൻ. ഒഴിവു വേളകളിൽ പുസ്തകങ്ങൾ വായിക്കും. ആയിരത്തിലധികം പുസ്തകങ്ങളുടെ സമ്പാദ്യമുണ്ട്. 

ആശ, മീശ, ദോശ... 

അറ്റം പിരിച്ചു വയ്ക്കുന്ന കൊമ്പൻ മീശ ഏറെ ഇഷ്ടം. ഒരു ദിവസം കുറഞ്ഞത് 10 മിനിറ്റെങ്കിലും മീശയെ പരിപാലിക്കും. ജെൽ പുരട്ടി മീശയെ വരച്ച വരയിൽ നിർത്തും. ജോലി രാജിവയ്ക്കാം, പക്ഷേ മീശയെ തൊട്ടുള്ള കളി വേണ്ട. പണ്ടത്തെ പൊലീസുദ്യോഗസ്ഥർക്ക് നല്ല മീശയുണ്ടായിരുന്നു. ഇപ്പോഴുള്ളവരിൽ പലർക്കും മീശയില്ല. എന്റെ മീശ എന്റെ ഭാര്യയ്ക്ക് ഇഷ്ടമാണ്. തമിഴ്നാട്ടിലും ബിഎസ്എഫിലും മീശ വയ്ക്കുന്നതിന് പ്രത്യേക അലവൻസ് നൽകാറുണ്ട്. തമിഴ്നാട് മുൻ ഡിജിപി വാൾട്ടർ ദേവാരത്തിന്റെയും മുൻ കന്റോൺമെന്റ് അസി. കമ്മിഷണർ മുകുന്ദന്റെ മീശയും വേറിട്ടത്. കോവിഡ് വന്നശേഷം മാസ്ക് ധരിക്കുന്നതിനാൽ ആരും എന്റെ മീശ കാണാറില്ല, ഇക്കാരണത്താൽ പുറത്തിറങ്ങുമ്പോൾ ആരും മൈൻഡ് ചെയ്യുന്നില്ല! ദോശയും ഇടിയപ്പവുമാണ് ഏറെ ഇഷ്ടം. ഇപ്പോൾ വെജിറ്റേറിയൻ. മധുര പലഹാരങ്ങൾ പൊതുവേ കഴിക്കാറില്ല. രാവിലെ അഞ്ചിനുണരും. ഒന്നര മണിക്കൂർ ജിമ്മിൽ. 22 കിലോമീറ്റർ സൈക്കിൾ ചവിട്ടും. പിന്നെ പത്രവായന, പ്രഭാത ഭക്ഷണത്തിനു ശേഷം രാവിലെ 9.45ന് ഓഫിസിലെത്തും. രാത്രി 11ന് ഉറങ്ങാൻ കിടക്കും. സിഗററ്റ് വലിക്കാറില്ല, മദ്യപിക്കാറില്ല. പ്രത്യേകിച്ച് ആശകളൊന്നുമില്ല. 

Rishiraj Singh

സ്കാർഫ് ഇഷ്ടം, വാച്ചു കെട്ടില്ല

സമയനിഷ്ഠ കൃത്യമായി പാലിക്കണമെന്ന് നിർബന്ധമുണ്ട്. ഇതുവരെ വാച്ചു കെട്ടിയിട്ടില്ല. ഓരോ നാട്ടിലെയും കാലാവസ്ഥയ്ക്കനുസരിച്ചാണു വസ്ത്രം ധരിക്കുന്നത്. സ്കാർഫ് ധരിക്കുന്നത് ഇപ്പോഴും തുടരുന്നു. ബ്രാൻഡഡ് ഉൽപന്നങ്ങളോട് വെറുപ്പാണ്. പെർഫ്യൂം ഉപയോഗിച്ചാൽ തലവേദനയെടുക്കും. മൊബൈലിൽ ആരു വിളിച്ചാലും ഞാൻ ഫോണെടുക്കും, രാത്രി 12 മുതൽ രാവിലെ 6 വരെയുള്ള സമയം ഒഴികെ. മനുഷ്യൻ മനുഷ്യനെ എന്തിനു പേടിക്കണം? ഫോൺ നമ്പരുകളും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ജൻമദിനം, വിവാഹ വാർഷികം എന്നിവയും കാണാപ്പാഠം. 

സിങ്കം, പുലി, മൂന്നാറിലെ പൂച്ച, വേഷങ്ങൾ

നാട്ടുകാർ എന്നോടു കാട്ടുന്ന ബഹുമാനമായിട്ടേ ഈ പേരുകളെ ഞാൻ കാണുന്നുള്ളൂ. ഏറ്റെടുക്കുന്ന ജോലി കൃത്യമായും ഭംഗിയായും ആത്മാർഥമായും ചെയ്യുക. നിയമം നടപ്പാക്കുക. വിട്ടുവീഴ്ച പാടില്ല. ഇത് എന്റെ പോളിസി. ഞാൻ വേഷം മാറുന്നു എന്നൊക്കെ പറച്ചിൽ മാത്രം. ഹൈവേ പട്രോൾ സംഘത്തിന്റെ പ്രവർത്തനം പരിശോധിക്കാൻ ആവശ്യപ്പെട്ടപ്പോൾ ലുങ്കിയും ടീ ഷർട്ടുമിട്ട് ലോറി ക്ലീനറായി അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധനയ്ക്ക് ഇറങ്ങി. ട്രാഫിക് വകുപ്പ് കൈകാര്യം ചെയ്തപ്പോഴും വേഷംമാറി കൈക്കൂലിക്കാരെ പിടികൂടി. ഇതൊക്കെ ജോലിയുടെ ഭാഗമല്ലേ? തിരുവനന്തപുരത്തെ ഗുണ്ടകളെ ഒതുക്കണമെന്നു മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ പറഞ്ഞത് അതേപടി അനുസരിച്ചു. കോഴിക്കോട്ടെയും കൊച്ചിയിലെയും ഗുണ്ടാപ്പടയെ അടിച്ചമർത്തിയത് അന്നത്തെ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണിയുടെയും ഇ.കെ. നായനാരുടെയും നിർദേശത്തെ തുടർന്നായിരുന്നു. അതൊക്കെ എന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമാണ്. കൈക്കൂലി വാങ്ങുന്നവരെ പിടിക്കണ്ടേ? അതിനു വേഷംകെട്ടലൊക്കെ വേണ്ടിവരും. 

∙ `ഞാൻ കേരളത്തെ സ്നേഹിച്ചു, കേരളം എന്നെയും

ഞാൻ ഒരു ഔട്ട്സൈഡർ അല്ല. 26 വർഷമായി ഈ നാട്ടുകാരനാണ് ഞാൻ. 10 വർഷം മാത്രം ഡപ്യൂട്ടേഷനിൽ കേന്ദ്ര സർവീസിലായിരുന്നു. ബിക്കാനീറിൽ ഇപ്പോൾ എനിക്കാരുമില്ല. അച്ഛനും അമ്മയും മരിച്ചു. സഹോദരിമാർ വിവാഹിതരായി കഴിയുന്നു. എനിക്കു കുടുംബ വീട്ടിലൊരു മുറിയുണ്ട്. അതു വാടകയ്ക്കു കൊടുത്തിരിക്കുകയാണ്. എനിക്കു കേരളമാണ് ഇഷ്ടം. കേരളം അത്രമേൽ എന്നെ സ്വാധീനിച്ചു. ഈ നാട്ടുകാരും നാടും എനിക്ക് ഏറെ പ്രിയപ്പെട്ടത്. എനിക്കു ബഹുമാനം കിട്ടിയത് ഈ നാട്ടിൽനിന്നാണ്. എവിടെ പോയാലും എന്നെ ജനം തിരിച്ചറിയും. അവരിലൊരാളാണ് ഞാൻ. കുട്ടിക്കാലത്തു ബിക്കാനീറിലെ പ്രിൻസ് ബിജയ് സിങ് മെമ്മോറിയൽ മെഡിക്കൽ കോളജിൽ എത്തിയപ്പോൾ എന്നെ പരിചരിച്ചത് പത്തനംതിട്ടയിലെ മലയാളി നഴ്സായിരുന്നു. 1988ൽ നെടുമങ്ങാട് എഎസ്പിയായിരുന്നപ്പോഴാണ് ആദ്യമായി ഓണസദ്യയുണ്ടത്. നിയമത്തെ ആദരിക്കുന്നവരും പേടിയുള്ളവരുമാണ് മലയാളികൾ. മറ്റു നാടുകളിൽ പോയി കഠിനമായി അധ്വാനിക്കുമെങ്കിലും സ്വന്തം നാട്ടിലെ മലയാളികൾക്ക് മടി ഇത്തിരി കൂടുതലാണ്.  

കുടുംബം 

ഭാര്യ ദുർഗേശ്വരി സിങ്. 1987ൽ കേരളപ്പിറവി ദിനത്തിലായിരുന്നു ഞങ്ങളുടെ വിവാഹം. നേരത്തേ ഡൽഹിയിൽ പ്രൈവറ്റ് സെക്യൂരിറ്റി കമ്പനിയിലായിരുന്നു ദുർഗേശ്വരി. ഇപ്പോൾ വീട്ടമ്മ. മക്കൾ. ചക്രസാൽ സിങ് (അനിമേറ്റർ, കാനഡ), യശോധര (ജയ്പൂരിലെ സ്കൂളിൽ സൈക്കോളജിസ്റ്റ്). മരുമക്കൾ: ദേവിക (കമ്പനി സെക്രട്ടറി, കാനഡ), മേജർ അരവിന്ദ് സിങ് റാത്തോർ (കോംബാറ്റ് എൻജിനീയർ, ഇന്ത്യൻ ആർമി). രണ്ടു മക്കൾക്കും സിവിൽ സർവീസിൽ വരുന്നതിനോടു താൽപര്യമില്ല. എന്റെ 60–ാം പിറന്നാൾ വെള്ളിയാഴ്ചയായിരുന്നു (ജുലൈ 23). ഞാൻ ദൈവ വിശ്വാസിയല്ല, പക്ഷേ, ഭാര്യ വലിയ വിശ്വാസിയാണ്, എല്ലാ ക്ഷേത്രങ്ങളിലും പോകും. 

വിരമിച്ച ശേഷം? 

സർവീസ് സ്റ്റോറി എഴുതില്ല. കേരളത്തിലെ ജയിലുകളെക്കുറിച്ചും വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ചും പുസ്തകം എഴുതുന്നുണ്ട്. ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്നപ്പോൾ കേരളത്തിലെ റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞതും പുസ്തകമാക്കും. വിരമിച്ചാലും ഞാനും കുടുംബവും തിരുവനന്തപുരത്തു തുടരും. പൂജപ്പുരയിൽ വാടക വീടെടുത്തു. ഞാൻ ഇവിടെത്തന്നെ ഉണ്ടാകും, 90480 44411 എന്ന മൊബൈൽ നമ്പരിൽ ഒരു വിളിപ്പാടകലെ. ആർക്കും എന്നെ വിളിക്കാം. 

ഋഷിരാജ് സിങ്

പുനലൂർ എഎസ്പിയായി തുടക്കം. നെടുമങ്ങാട് എഎസ്പി, റെയിൽവേ എസ്പി, കണ്ണൂർ എസ്പി, എംഎസ്പി കമൻഡാന്റ്, തിരുവനന്തപുരം സിറ്റി ഡപ്യുട്ടി പൊലീസ് കമ്മിഷണർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ കമ്മിഷണർ, കോട്ടയം എസ്പി, 1999 മുതൽ 2004 വരെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് എസ്പിജിയിൽ, 2004 ൽ ഐജി (ബറ്റാലിയൻ), കെഎസ്ഇബിയിൽ ചീഫ് വിജിലൻസ് ഓഫിസർ, ക്രൈംബ്രാഞ്ച് ഐജി, 2008 മുതൽ 2013 വരെ സിബിഐയിൽ ജോയിന്റ് ഡയറക്ടർ, തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ, എക്സൈസ് കമ്മിഷണർ. 2019 മേയ് മുതൽ ജയിൽ ഡിജിപി. ജയിൽ വകുപ്പിലെ 37–ാമത്തെ ഡിജിപിയാണ്. 

English Summary: Rishi Raj Singh retires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com