ADVERTISEMENT

സ്വതന്ത്ര ഇന്ത്യ ആരൊക്കെ ചേർന്നു ഭരിക്കുമെന്ന് എഴുതിത്തയാറാക്കി, കത്ത് കവറിലാക്കി ജവാഹർലാൽ നെഹ്റു പോയതു വൈസ്രോയി ഹൗസിലേക്കാണ്. വൈസ്രോയിയും തുടർന്നു ഗവർണർ ജനറലുമായിരുന്ന മൗണ്ട്ബാറ്റണെ കാണാൻ. പക്ഷേ, കൈമാറിയ കവറിൽ കത്തോ മന്ത്രിമാരുടെ പേരോ ഉണ്ടായിരുന്നില്ലെന്നു മൗണ്ട് ബാറ്റണിന്റെ പ്രസ് സെക്രട്ടറി അലൻ കാംപെൽ–ജോൺസൺ പറഞ്ഞിട്ടുണ്ട്.

തിരക്കിനിടയിൽ കത്ത് കവറിലിടാൻ മറന്നതായിരുന്നു. ഏതായാലും സത്യപ്രതിജ്ഞാച്ചടങ്ങിനു മുൻപു തന്നെ യഥാർഥപട്ടിക എത്തിച്ചു നൽകിയതോടെ ഇന്ത്യ പുതുഭരണ ചരിത്രത്തിലേക്കു കാൽവച്ചു. അധികാരകൈമാറ്റത്തിനായി നേരത്തെ രൂപംകൊണ്ട ഇടക്കാല മന്ത്രിസഭയിൽ നെഹ്റുവിനും പട്ടേലിനുമൊപ്പം അംഗങ്ങളായ പലരും ആദ്യ മന്ത്രിസഭയുടെയും ഭാഗമായി.  

ജവാഹർലാൽ നെഹ്റു (പ്രധാനമന്ത്രി, വിദേശകാര്യം, കോമൺവെൽത്ത് ബന്ധങ്ങൾ, ശാസ്ത്ര ഗവേഷണം) 

ഇന്ത്യയുടെ സ്വാതന്ത്ര്യസമരപോരാട്ടത്തിൽ മുൻനിരയിൽനിന്ന നെഹ്റു 58–ാം വയസ്സിലാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാകുന്നത്. കശ്മീരിൽനിന്ന് അലഹാബാദിലേക്കു കുടിയേറിയ കുടുംബത്തിലായിരുന്നു ജനനം. അച്ഛൻ മോത്തിലാൽ നെഹ്‌റു സ്വാതന്ത്ര്യസമരസേനാനിയും പ്രശസ്ത അഭിഭാഷകനുമായിരുന്നു. വിദേശപഠനശേഷം ഇന്ത്യയിൽവന്ന് പിതാവിനൊപ്പം അഭിഭാഷകനായി പ്രവർത്തിക്കുമ്പോഴാണു ജവാഹർലാൽ നെഹ്റു കോൺഗ്രസിൽ ആകൃഷ്ടനാകുന്നത്. തുടർന്നുള്ള പ്രധാന സമരങ്ങളുടെയെല്ലാം മുൻനിരയിൽ നെഹ്റു ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് അധ്യക്ഷനായെന്ന ഖ്യാതിയും നെഹ്റുവിന്റെ പേരിലാണ്. 1964ൽ മരിക്കുംവരെ പ്രധാനമന്ത്രി പദവിയിൽ തുടർന്നു. 

സർദാർ വല്ലഭ്ഭായ് പട്ടേൽ (ഉപപ്രധാനമന്ത്രി, ആഭ്യന്തരം, വാർത്താ-വിനിമയം) 

സ്വാതന്ത്ര്യസമര പോരാട്ടത്തിലും ദേശീയരാഷ്ട്രീയത്തിൽതന്നെയും കരുത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന നേതാവ്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് അധ്യക്ഷനുമായിരുന്നു. ഗുജറാത്തിൽ ജനിച്ച പട്ടേൽ ബർദോളി നികുതിനിഷേധസമരം ഉൾപ്പെടെ മുന്നിൽനിന്നു നയിച്ചു. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം പട്ടേലിന്റെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. പദവിയിലിരിക്കെ 1950ൽ ആയിരുന്നു വിയോഗം. 

ambedkar
ഡോ. ബി.ആർ.അംബേദ്കർ, മൗലാന അബുൽ കലാം ആസാദ്, റാഫി അഹ്മദ് കിദ്‌വായ്, ജഗ്ജീവൻ റാം

ഡോ. രാജേന്ദ്ര പ്രസാദ് (കൃഷി, ഭക്ഷ്യവകുപ്പ്) 

സ്വാതന്ത്ര്യസമര പോരാട്ടത്തിൽ കൂടുതൽ സജീവമാകുംവരെ അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായി തിളങ്ങിയിരുന്നു ഡോ. രാജേന്ദ്ര പ്രസാദ്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് അധ്യക്ഷനായിരുന്നു. ബിഹാർ ഗാന്ധിയെന്ന വിശേഷണത്തിന് ഉടമയായ അദ്ദേഹം, ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷനായിരുന്നു. കേന്ദ്രമന്ത്രിയായ ശേഷമാണു 1950ൽ രാഷ്ട്രപതിയായതും തുടർച്ചയായി കൂടുതൽകാലം ആ പദവി അലങ്കരിച്ചതും.

ഡോ. ബി.ആർ.അംബേദ്കർ (നിയമം) 

‌ഒരേസമയം രാഷ്ട്രീയ നേതാവും സാമൂഹിക പരിഷ്കർത്താവുമായി മാറിയ സമുന്നത നേതാവ്. മഹാരാഷ്‌ട്രയിലെ രത്നഗിരി ജില്ലയിൽ അംബർവാഡി എന്ന ഗ്രാമത്തിലെ ക്ലേശപൂർണമായ ബാല്യം പിന്നിട്ട് സ്വപ്രയത്നം കൊണ്ടായിരുന്നു ആ വളർച്ച. രാജ്യത്തിനു പറ്റിയ ഭരണഘടനയ്ക്കു രൂപംനൽകാൻ നിയോഗിക്കപ്പെട്ട സമിതിയുടെ അധ്യക്ഷനായിരുന്ന അംബേദ്കർ ഭരണഘടനാശിൽപിയായാണ് അറിയപ്പെടുന്നത്. 

മൗലാന അബുൽ കലാം ആസാദ് (വിദ്യാഭ്യാസം) 

സ്വാതന്ത്ര്യം എന്നർഥം വരുന്ന ആസാദ് എന്ന വാക്ക് പേരിനൊപ്പം ചേർത്ത സ്വാതന്ത്ര്യസമര സേനാനി. എഴുത്തുകാരനായും പത്രപ്രവർത്തകനായും ശ്രദ്ധ നേടി. 1920ൽ ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ച വഴിത്തിരിവായി. 1923–ൽ 35ാം വയസ്സിൽ കോൺഗ്രസ് പ്രസിഡന്റായി. ക്വിറ്റ് ഇന്ത്യ സമരകാലത്തും ആസാദായിരുന്നു അധ്യക്ഷൻ. 1958ൽ മരിക്കുന്നതു വരെ വിദ്യാഭ്യാസ മന്ത്രിയായി തുടർന്ന അബുൽ കലാമാണ് യുജിസിയും എഐസിടിഇയും ഉൾപ്പെടെ സ്ഥാപിച്ചു വിദ്യാഭ്യാസരംഗത്തെ വിപ്ലവങ്ങൾക്കു മുന്നിൽനിന്നത്. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 11 ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുന്നു. 

റാഫി അഹ്മദ് കിദ്‌വായ് (കമ്യൂണിക്കേഷൻസ്)

ഉത്തർപ്രദേശിലെ ബിരാബംകി സ്വദേശിയായ റാഫി അഹമ്മദ് കിദ്‍വായ്, ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായത്. 1935 മുതൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സജീവപ്രവർത്തകൻ. ആഗ്ര, അവധ് എന്നീ സ്വതന്ത്ര ഭരണപ്രദേശങ്ങളിൽ മന്ത്രിയായി ഭരണപരിചയമുണ്ടായിരുന്ന അദ്ദേഹം, 1946ൽ യുപിയിലെ ആഭ്യന്തര മന്ത്രിയുമായിരുന്നു. 1952ലെ പൊതു തിരഞ്ഞെടുപ്പിനുശേഷം കൃഷി– ഭക്ഷ്യ വകുപ്പുകൾ ഏറ്റെടുത്ത കിദ്‌വായ് 1954ൽ മന്ത്രിപദവിയിലിരിക്കെ മരിച്ചു. 

rajkumari
രാജ്കുമാരി അമൃത കൗർ, ഡോ. ജോൺ മത്തായി, സർദാർ ബൽദേവ് സിങ്, ആർ.കെ. ഷൺമുഖം ചെട്ടി

ജഗ്ജീവൻ റാം (തൊഴിൽ) 

സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ വിദ്യാർഥിയായിരിക്കുമ്പോഴേ ചോദ്യം ചെയ്ത ജഗ്ജീവൻ റാം, കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോഴേക്കും ഗാന്ധിയൻ സമരപ്രവർത്തനങ്ങളുടെ ഭാഗമായി ജയിലിലായി. നെഹ്റു മന്ത്രിസഭയിലെ പ്രായം കുറഞ്ഞവ്യക്തി. ദീർഘകാലം കേന്ദ്രമന്ത്രി പദവിയിൽ തുടർന്നതിന്റെ ഖ്യാതിയും പിന്നീടു സ്വന്തമായി. 1971ൽ ഇന്ത്യ– പാക്ക് യുദ്ധ സമയത്തു പ്രതിരോധമന്ത്രിയായി. പിന്നീടു കോൺഗ്രസ് വിട്ട ഇദ്ദേഹം 1979ൽ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയുമായി. 

രാജ്കുമാരി അമൃത കൗർ (ആരോഗ്യം) 

കപൂർത്തല രാജകുടുംബാംഗമെന്ന നിലയിൽ രാജകീയജീവിതം നയിക്കാൻ അവസരമുണ്ടായിട്ടും സ്വാതന്ത്യ്രസമരാവേശത്തിലേക്കു വന്നയാളാണ് അമൃത് കൗർ. ലക്നൗവിൽ ജനിച്ച അവരുടെ ജീവിതത്തിൽ വഴിത്തിരിവായതു ജാലിയൻ വാലാബാഗ് സംഭവമായിരുന്നു. 16 വർഷം മഹാത്മാഗാന്ധിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. ഇന്ത്യയിലെ ആദ്യ വനിതാ കേന്ദ്രമന്ത്രിയായ അമൃത് കൗർ 1947 മുതൽ 1957 വരെ ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്നു. 

syamaprasad
ശ്യാമപ്രസാദ് മുഖർജി, എൻ.വി. ഗാഡ്ഗിൽ, സി.എച്ച്. ഭാഭ

ഡോ. ജോൺ മത്തായി (റെയിൽവേയും ഗതാഗതവും) 

കേന്ദ്രമന്ത്രിസഭയിൽ അംഗമാകുന്ന ആദ്യ മലയാളി. യുണൈറ്റഡ് പ്രോവിൻസിൽനിന്നുള്ള കോൺസ്‌റ്റിറ്റ്യുവന്റ് അസംബ്ലി അംഗമായിരിക്കെയാണു കേന്ദ്ര മന്ത്രിസഭയിലെത്തിയത്. അധ്യാപകനായും സാമ്പത്തിക വിദഗ്ധനായും പേരെടുത്തിരുന്നു. 1948ൽ ധനമന്ത്രിയുമായി. മുംബൈ, കേരള സർവകലാശാലകളുടെ വൈസ് ചാൻസലറുമായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രഥമ ചെയർമാനുമായി. കോട്ടയം സിഎംഎസ് ഹൈസ്‌കൂൾ ഹെഡ്‌മാസ്‌റ്ററായിരുന്ന തോമസ് മത്തായിയുടെയും അന്നയുടെയും മകനായി 1886ൽ കോഴിക്കോട്ടായിരുന്നു ജനനം. 

സർദാർ ബൽദേവ് സിങ് (പ്രതിരോധം) 

ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ പഞ്ചാബിൽനിന്നുള്ള പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു. ഇന്ത്യാവിഭജനം ഉൾപ്പെടെയുള്ള ചർച്ചകളിൽ സിഖ് സമൂഹത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തതും ബൽദേവ് സിങ്ങാണ്. വിഭജനകാലത്തെ സുരക്ഷ, ആശ്വാസ നടപടികളായിരുന്നു പ്രതിരോധ മന്ത്രിയെന്ന നിലയിലെ ആദ്യ വെല്ലുവിളി. 

ആർ.കെ. ഷൺമുഖം ചെട്ടി (ധനകാര്യം)

നിയമജ്ഞനും സാമ്പത്തിക വിദഗ്ധനുമായ ഷൺമുഖം ചെട്ടി കോയമ്പത്തൂർ സ്വദേശിയായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് അദ്ദേഹമാണ്; 1947 നവംബർ 26ന്. സ്വരാജ് പാർട്ടിയിലും ജസ്റ്റിസ് പാർട്ടിയിലും പ്രവർത്തിച്ചായിരുന്നു രാഷ്ട്രീയ പ്രവേശം. 1935 മുതൽ 1941 വരെ കൊച്ചി ദിവാനായിരുന്നു. കൊച്ചിയെ അറബിക്കടലിന്റെ റാണി എന്നു വിശേഷിപ്പിച്ചതും ഷൺമുഖം ചെട്ടിയായിരുന്നു. 

ശ്യാമപ്രസാദ് മുഖർജി (വ്യവസായം, സപ്ലൈസ്) 

കൽക്കട്ട സർവകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായി നിയമിക്കപ്പെടുമ്പോൾ മുഖർജിക്ക് 33 വയസ്സായിരുന്നു. പിന്നീട്, ബംഗാൾ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു മത്സരിച്ചതോടെയാണു സജീവരാഷ്ട്രീയത്തിന്റെ ഭാഗമായത്. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഭാഗമായിരുന്നെങ്കിലും വൈകാതെ അഭിപ്രായഭിന്നത തുടങ്ങി. തുടർന്നും സ്വതന്ത്രനായി ലെജിസ്ലേറ്റീവ് കൗൺസിലിലെത്തി. ഹിന്ദു മഹാസഭയിലും അംഗമായിരുന്നു. ഗാന്ധിവധത്തിന്റെ പേരിൽ പിന്നീടു മഹാസഭയുമായി അഭിപ്രായ ഭിന്നതയിലായി. പാക്കിസ്ഥാനോടുള്ള നെഹ്റുവിന്റെ നിലപാടുകളോടു വിയോജിച്ചു മന്ത്രിസഭയിൽനിന്നു പിന്നീടു രാജിവച്ച മുഖർജി 1951ൽ ബിജെപിയുടെ പൂർവ സംഘടനയായ ഭാരതീയ ജനസംഘം സ്ഥാപിച്ചു. 

എൻ.വി. ഗാഡ്ഗിൽ (ഊർജകാര്യം) 

ബാൽഗംഗാധര തിലകിന്റെയും ഗാന്ധിജിയുടെയും സ്വാധീനത്തിൽ സ്വാതന്ത്ര്യസമരത്തിലേക്ക് എത്തിയ മറാഠാ നേതാവ്. എഴുത്തുകാരനുമായിരുന്നു. കോളജ് പഠനം കഴിഞ്ഞയുടൻ കോൺഗ്രസിൽ ചേർന്നു. പാർട്ടിയിലും സെൻട്രൽ ലെജിസ്ലേറ്റീവ് കൗൺസിലിലും ഉൾപ്പെടെ പദവികൾ വഹിച്ച ശേഷമാണു മന്ത്രിസഭയിലെത്തിയത്. പിന്നീടു പഞ്ചാബ് ഗവർണറായി. 

സി.എച്ച്. ഭാഭ  (വാണിജ്യം) 

അതുവരെ രാഷ്ട്രീയ മേഖലയിൽ വലിയ പരിചിതമല്ലാതിരുന്ന പേരായിരുന്നു മുംബൈ വ്യവസായിയായ സി.എച്ച്.ഭാഭയുടേത്. പാഴ്സി വിഭാഗത്തിന്റെ പ്രതിനിധിയെന്ന നിലയിലാണു മന്ത്രിസഭയിലെത്തിയത്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ ഡയറക്ടറായി പ്രവർത്തിച്ചുള്ള പരിചയവും മുതൽക്കൂട്ടായി. 

പിന്നീടു പലഘട്ടങ്ങളായി ഇവരിൽ ചിലർ മാറി. എൻ. ഗോപാലസ്വാമി അയ്യങ്കാർ, കെ.സി. നിയോഗി, ജെ. ദൗലത്റാം എന്നിവർ കാബിനറ്റ് മന്ത്രിമാരാകുകയും ചെയ്തു. സഹമന്ത്രിമാരായി മോഹൻ ലാൽ സക്സേന, കെ.സന്താനം, ആർ.ആർ. ദിവാകർ, സത്യനാരായണൻ സിൻഹ, ഡപ്യൂട്ടി മന്ത്രിമാരായി ഖുർഷദ് ലാൽ, ബി.വി. കെസ്കർ എന്നിവരും പിന്നീട് ആദ്യ നെഹ്റു മന്ത്രിസഭയുടെ ഭാഗമായി

English Summary: India's first ministers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com