ADVERTISEMENT

ജീവിതം സമ്മാനിച്ച കയ്പേറിയ അനുഭവങ്ങളോടു പോരടിച്ച് ജീവിച്ചു കയറിയ കൊട്ടിയൂരിലെ അക്ഷരയുടെയും അനന്തുവിന്റെയും ഇപ്പോഴത്തെ അവസ്ഥയറിയാം. ജോലിക്കായുള്ള അവരുടെ കാത്തിരിപ്പറിയാം..

ജീവിച്ചതൊക്കെയും സങ്കടങ്ങൾ മാത്രം േപറിയാണ്... സഹിച്ചത് അങ്ങേയറ്റം അവഗണനകൾ! മാറ്റിനിർത്തലുകളും വിവേചനവുമാണ് ഇവരെ വീണ്ടും നോവിക്കുന്നത്. കണ്ണൂർ കൊട്ടിയൂരിലെ അക്ഷരയെയും അനന്തുവിനെയും ഓർമിക്കുന്നില്ലേ... ആ കുട്ടികൾ വീണ്ടും കേരളത്തോടു ചേദിക്കുകയാണ്, ഇനിയുമെന്തിനാണ് ‍ഞങ്ങളോട് ഈ അവഗണന..?

കഴി‍ഞ്ഞ 18 വർഷങ്ങൾ

മലയാളികളുടെ മനസ്സിൽ അക്ഷരയും അനന്തുവും ഇന്നും കൊച്ചുകുട്ടികൾ തന്നെയാവും. സ്കൂളിൽ പ്രവേശനം നിഷേധിച്ച, അമ്മ രമ സെക്രട്ടേറിയറ്റിനു മുൻപിൽ സമരം ചെയ്തതു വഴി വിദ്യാഭ്യാസ സ്വപ്നങ്ങൾക്കു വീണ്ടും ചിറകു മുളച്ച, സ്കൂളിൽ പഠിക്കുന്ന അക്ഷരയും അനന്തുവുമാകും നമ്മുടെയൊക്കെ മനസ്സിൽ. എന്നാൽ കാലത്തിന്റെ മാറ്റം കഴിഞ്ഞ 18 വർഷങ്ങൾ കൊണ്ട് അക്ഷരയുടെയും അനന്തുവിന്റെയും ജീവിതത്തിലുമുണ്ടായി. അവരേറെ വളർന്നു, ചുറ്റുമുള്ള സമൂഹത്തെ മനസ്സിലാക്കിത്തന്നെ. ആ വളർച്ചയിൽ നമ്മളറിയാത്ത ഒട്ടേറെ കടമ്പകൾ അവർ കടന്നു. 

കൊട്ടിയൂർ കൊറ്റൻചിറ ഷാജി എയ്ഡ്സ് ബാധിതനായി മരിക്കുന്നത് 2003ലാണ്. വീട്ടിലെ കാര്യങ്ങൾ മാത്രം നോക്കി ജീവിച്ച രമ പോരാടാനുറച്ചു സമൂഹത്തിനു മുൻപിലേക്കിറങ്ങുന്നത്, മക്കൾക്കു വിദ്യാഭ്യാസം നിഷേധിച്ചപ്പോഴാണ്. തങ്ങൾക്കു േവണ്ടി സംസാരിക്കാൻ മറ്റാരുമില്ലെന്ന് ഉറപ്പായ ഘട്ടത്തിൽ അതേറെ ആവശ്യവുമായിരുന്നു. ആ അമ്മയുടെ പോരാട്ടത്തിനു മറ്റെന്തിനെയും തോൽപ്പിക്കാനായി. മക്കൾക്കു വിദ്യാഭ്യാസം ഉറപ്പാക്കി. ആദ്യത്തെ 6 മാസം പ്രത്യേകം തയാറാക്കിയ ക്ലാസ്മുറിയിലായിരുന്നു അക്ഷരയും അനന്തുവും. പിന്നീട് ഇവരെ മറ്റു കുട്ടികൾക്കൊപ്പം ക്ലാസിലിരുത്തി. 

‘പലയിടത്തുനിന്നും മാറ്റിനിർത്തലുകൾ ഉണ്ടായിട്ടുണ്ട്. വയനാട്ടിലെ ഒരു കോളജിൽ ഡിഗ്രി പഠനത്തിനു പ്രവേശനം ലഭിച്ചു. എനിക്കവിടെ പഠിക്കാം. എന്നാൽ ഹോസ്റ്റലിൽ അ‍ഡ്മിഷൻ തരുമായിരുന്നില്ല. അതിനാൽ പിന്നീടു കണ്ണൂർ ജില്ലയിലെ തന്നെ ഒരു കോളജിൽ അഡ്മിഷനെടുത്തു. അവിടെയും സ്ഥിതി ഇതു തന്നെ. അവർ എനിക്കായി ഒരു താമസസ്ഥലം കണ്ടെത്തി. പ്രായമായവരും മാനസിക വെല്ലുവിളി നേരിടുന്നവരുമൊക്കെ താമസിക്കുന്ന സ്ഥലമായിരുന്നു അത്! ഏറ്റവുമൊടുവിൽ പോരാടി ഹോസ്റ്റലിൽ പ്രവേശിച്ചു. അവിടെ എനിക്കു മാത്രമായി ഒരു കുഞ്ഞുമുറി. ഇതുപോലെ ഒട്ടേറെ കാര്യങ്ങളിൽ മാറ്റിനിർത്തലുകൾ നേരിടേണ്ടി വന്നു,’ ജീവിതം നേടിക്കൊടുത്ത പോരാട്ടവീര്യത്തിന്റെ കരുത്തിൽ അക്ഷര പറഞ്ഞതിങ്ങനെ.

വേണം, സ്വന്തം കാലിൽ നിൽക്കാനൊരു ജോലി

അക്ഷരയ്ക്ക് ഇപ്പോൾ വയസ്സ് 25, അനന്തുവിന് 23. അക്ഷര 2018ൽ ബിഎസ്ഡബ്ല്യു പൂർത്തീകരിച്ചു. അനന്തു ബികോം ബിരുദധാരിയാണ്. ‘എന്റെ മക്കൾക്ക്, എന്നെക്കൊണ്ടു സാധിക്കും പോലെ ഞാൻ നല്ല വിദ്യാഭ്യാസം നൽകി. സ്വന്തം കാലിൽ നിൽക്കാൻ അവരെ പ്രാപ്തരാക്കുകയായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. ഞങ്ങൾക്കു ജീവിക്കാൻ പണമില്ലെന്നു പറഞ്ഞ് ഇനിയാരുടെയും മുൻപിൽ കൈ നീട്ടാൻ എനിക്കു താൽപര്യമില്ല. പ്രായമായ കുഞ്ഞുങ്ങളാണവർ. അവർ ജോലി നേടി സ്വന്തം കാലിൽ നിൽക്കുന്നതാണ് എനിക്കു കാണേണ്ടത്.’ ഇതു പറഞ്ഞു നിർത്തുമ്പോൾ രമയുടെ ശബ്ദമിടറിത്തുടങ്ങി. 

രമയും മക്കളായ അക്ഷരയും അനന്തുവും മാത്രമാണ് എച്ച്ഐവി പോസിറ്റീവ്്. മൂത്തമകൾക്കു രോഗമില്ല. എങ്കിൽപ്പോലും, എംടെക് പൂർത്തീകരിച്ച അവൾക്കും ഇതുവരെ ജോലിയില്ല. ഒട്ടേറെ ഇന്റർവ്യൂകളിൽ പങ്കെടുത്തിട്ടുണ്ട്. 

പലയിടത്തും ഒന്നാമതുമായി. എങ്കിലും ഏറ്റവുമൊടുവിൽ അവൾക്കു േകൾക്കേണ്ടി വരുന്നൊരു ചോദ്യമുണ്ട്, ‘നിങ്ങളുടെ സാഹചര്യങ്ങളറിയാമല്ലോ’യെന്ന്. അവിടെ വീണ്ടും നിസ്സഹായരാവുകയാണു രമയും മക്കളും. ‘ഈ വീട്ടിൽ ഞങ്ങൾ 4 പേരാണു താമസിക്കുന്നത്. ഇത്രയും വർഷം ഒരുമിച്ചു ജീവിച്ചിട്ടും മൂത്ത ചേച്ചിക്ക് എച്ച്ഐവിയില്ല. ഒപ്പം താമസിച്ചതു കൊണ്ടോ അടുത്തിരുന്നതു കൊണ്ടോ ഞങ്ങളിൽനിന്നു രോഗം പകരുമായിരുന്നെങ്കിൽ എത്ര മുൻപേ ആകാമായിരുന്നു.’ അക്ഷര പറഞ്ഞു നിർത്തി.

കുടുംബം നോക്കാൻ ഒരു സർക്കാർ ജോലിയാണ് ഇവർക്കു വേണ്ടത്. തങ്ങൾക്കു വിദ്യാഭ്യാസം നൽകുന്നതിനായി പോരാടിയ അമ്മയെ ഇനിയുള്ള കാലമെങ്കിലും സന്തോഷത്തോടെ നോക്കാനാണത്. ‘ഇതുവരെ സർക്കാരിൽ നിന്നു ലഭിച്ചത് 18 വർഷങ്ങൾക്കു മുൻപു കിട്ടിയ 26,000 രൂപ മാത്രമാണ്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.െക.ആന്റണി സഹായമായി നൽകിയതാണ് 25,000 രൂപ. കലക്ടറും ഡിഎംഒയും 500 രൂപ വീതം നൽകി. പിന്നീടാരും ഞങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ല. മക്കൾക്കൊരു ജോലിയെങ്കിലും നൽകാൻ സർക്കാർ ഇടപെടൽ നടത്തണം.’ 

ഇത്രയും പറഞ്ഞു നിർത്തുമ്പോൾ രമയുടെ മുഖത്തെ സങ്കടം കൂടിക്കൂടി വന്നു. മക്കളുടെ നിസ്സഹായതയും. 

English Summary: HIV positive students Kottiyoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com