ADVERTISEMENT

നെടുമ്പാശേരി വിമാനത്താവളത്തിന്റെ ഒരു കോണിൽ ഒരു വിമാനം പൊടിപിടിച്ചു വെയിലേറ്റു വെറുതേ കിടപ്പുണ്ട്! കരയിലും വെള്ളത്തിലും ഇറക്കാവുന്ന ഒരു കുഞ്ഞൻ, എന്നാൽ ഉഗ്രൻ വിമാനം. ഒരു കാലത്തു കേരളം ഏറ്റവുമധികം ചർച്ച ചെയ്ത പല ജലവിമാന പദ്ധതികളിലൊന്നിലെ കേന്ദ്ര കഥാപാത്രം. പറക്കമുറ്റും മുൻപേ ഇതു നെടുമ്പാശേരിയിൽ കിടപ്പിലായിപ്പോയത് എന്തുകൊണ്ടാണ്? ഈ ചോദ്യത്തിന് ഉത്തരം തേടിയാൽ ഇന്ത്യയിലെ ‘ജലവിമാനങ്ങളുടെ ആശാൻ’ എന്നു വിളിക്കാവുന്ന ഒരു മലയാളിയുടെ ജീവിതത്തിലേക്കെത്താം. കൊച്ചിക്കാരൻ സൂരജ് ജോസാണ് ആ കഥയിലെ നായകൻ.

സൂരജിനെ പരിചയപ്പെടുത്തും മുൻപു നെടുമാരനെക്കുറിച്ചു പറയാം. ‘സാധാരണക്കാരനു താങ്ങാവുന്ന ചെലവിൽ വിമാനയാത്ര’ എന്ന സ്വപ്നവുമായി വ്യോമസേനയിലെ ജോലി വേണ്ടെന്നു വച്ച് ഇറങ്ങിത്തിരിച്ച നെടുമാരനുള്ളതു ‘സുരരൈ പോട്ര്’ എന്ന തമിഴ് സിനിമയിലാണ്. നടൻ സൂര്യ അനശ്വരമാക്കിയ വേഷം. തന്റെ ‘സ്വപ്നവിമാന പദ്ധതി ’ ഫയലിലാക്കി എത്രയോ തവണ വ്യോമയാന ഡയറക്ടറേറ്റിനു (ഡിജിസിഎ) മുന്നിൽ അയാൾ കാത്തിരുന്നു. എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചു. ആ സിനിമാക്കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ കൊച്ചിയിലെ സൂരജിന്റെയും നെടുമ്പാശേരിയിൽ പറക്കാതെ കിടക്കുന്ന വിമാനത്തിന്റെയും കഥയാകും. മുഴുവൻ സമയ പൈലറ്റ് ഇൻസ്ട്രക്ടർ ജോലി ഉപേക്ഷിച്ചു ജലവിമാനം എന്ന സ്വപ്നപദ്ധതിയുടെ പിന്നാലെപോയ ആളാണു സൂരജ്.

വർഷങ്ങൾക്കു മുൻപ്, വ്യോമയാന ഡയറക്ടറേറ്റിനു മുന്നിൽ സൂരജും കാത്തിരുന്നു. പല കാരണങ്ങൾകൊണ്ടു കേരളത്തിൽ യാഥാർഥ്യമാകാതെ പോയ ജലവിമാന പദ്ധതിയെന്ന ആശയത്തിന്റെ ഫയലും പിടിച്ച്. ഈ നിമിഷത്തിലും സൂരജ് വിശ്വസിക്കുന്നു, ജലാശയങ്ങൾക്കു കുറുകെ സീബേഡ് എന്നു പേരിട്ട തന്റെ ‘ക്വസ്റ്റ് കോഡിയാക്–100’ എന്ന വിമാനം പറന്നുയരുമെന്ന്.

ക്യാപ്റ്റൻ സൂരജ്

‘സുരരൈ പോട്ര്’ സിനിമയിൽ സൂര്യ അവതരിപ്പിച്ച കഥാപാത്രം, ഇന്ത്യൻ വ്യോമസേനയിൽ ക്യാപ്റ്റനായിരുന്നു. അവിടെ നിന്നാണ് അയാൾ തന്റെ സ്വപ്നത്തിലേക്ക് ഇറങ്ങിവരുന്നത്. എന്നാൽ, ഈ യഥാർഥകഥയിൽ സൂരജ് പൈലറ്റായിരുന്നു. ഐഎസ്ആർഒയിൽ എൻജിനീയറായിരുന്ന അച്ഛൻ നൽകിയ പുസ്തകങ്ങൾ വായിച്ചും റോക്കറ്റുകളെക്കുറിച്ചുള്ള കഥകൾ കേട്ടും വളർന്നയാൾ. അന്നേ സൂരജിന്റെ മനസ്സിൽ വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്തു തുടങ്ങിയിരുന്നു. തിരുവനന്തപുരം ആർട്സ് കോളജിൽ ബിഎ ഇക്കണോമിക്സ് പഠിക്കുന്ന കാലത്തു തിരുവനന്തപുരം ഫ്ലൈറ്റ് സ്കൂളിൽ ചേർന്നു. 1995ൽ പൈലറ്റ് ലൈസൻസ് നേടി. തുടർന്നു പഞ്ചാബ് ലുധിയാനയിലെ ഏവിയേഷൻ ക്ലബ്ബിലെത്തി. സർക്കാർ ജോലികൾ തേടി വന്നെങ്കിലും സൂരജിന്റെ മനസ്സിലെ ഇഷ്ടം മറ്റൊന്നായിരുന്നു– പൈലറ്റ് ഇൻസ്ട്രക്ടർ. അങ്ങനെ ലുധിയാന ക്ലബ്ബിൽതന്നെ ഇൻസ്ട്രക്ടറായി. നൂറിൽപരം വിദ്യാർഥികളെ പറക്കാൻ പഠിപ്പിച്ചു! ഇടയ്ക്ക് അവിടെനിന്നു രാജസ്ഥാനിലെ കോട്ടയിലുള്ള രജ്പുതാന ഏവിയേഷനിൽ ചേർന്നു. പിന്നെയും പല കമ്പനികളിലും ചാർട്ടേഡ് വിമാനങ്ങളിലും പൈലറ്റും പരിശീലകനുമായി. അങ്ങനെ പല ആകാശങ്ങൾ...

sooraj
ക്യാപ്റ്റൻ സൂരജ് ജോസ്. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ

ആദ്യ ശ്രമങ്ങൾ

ജോലിക്കൊപ്പം തന്നെ ഏവിയേഷൻ കൺസൽറ്റൻസിക്കായുള്ള ചില ഓഫറുകൾ ഏറ്റെടുത്തു ചെയ്തിരുന്നു. അതിലൊന്നു കൊച്ചിയിലായിരുന്നു. കേരളം കണ്ട ആദ്യ ജലവിമാന സ്വപ്നങ്ങളിലൊന്നിനൊപ്പമായിരുന്നു അത്. കൊച്ചിയിലെ ഒരു റിസോർട്ട് ഗ്രൂപ്പായിരുന്നു നിക്ഷേപകർ. ടൂറിസമായിരുന്നു അവരുടെ ഉദ്ദേശ്യം. ഇതിനായി ജലവിമാനങ്ങളെ സജ്ജമാക്കുന്ന കാര്യത്തിൽ വേണ്ട സഹായം ചെയ്തു നൽകണമെന്നതായിരുന്നു ചുമതല. ജലാശയങ്ങളിൽതന്നെ പറന്നുയരാനും ഒഴുകി നീങ്ങാനും ഇറങ്ങാനുമൊക്കെ കഴിയുന്ന വിമാനങ്ങളാണു ജലവിമാനങ്ങൾ.

സാധാരണ റൺവേകളിൽ ഇറക്കാൻ കഴിയുമെങ്കിലും വെള്ളത്തിനു മുകളിലാണു ജലവിമാനങ്ങളുടെ റൺവേ. കൊച്ചിയിൽ നിർദേശിക്കപ്പെട്ട പദ്ധതിക്കു സന്നദ്ധരായി മുന്നോട്ടുവരുമ്പോൾ ഡിജിസിഎയുടെ കയ്യിൽ ജലവിമാന പദ്ധതിയെക്കുറിച്ചുള്ള ചട്ടങ്ങൾ പോലുമില്ല. സാധാരണ വിമാനങ്ങൾക്കുള്ള നിബന്ധനകൾ പലതും അടിസ്ഥാനപ്പെടുത്തിയായിരുന്നു അപേക്ഷ സ്വീകരിച്ചത്. ഇന്ത്യയിലൊരു ജലവിമാനത്തിന് ആദ്യം അനുമതി ലഭിച്ചതു സത്യത്തിൽ ഈ കൊച്ചി പദ്ധതിക്കായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ മറ്റു ചില പ്രശ്നങ്ങളുടെ പേരിൽ കരാറും പദ്ധതിയും ഉപേക്ഷിക്കപ്പെട്ടു. ഇതു കൊണ്ടുണ്ടായ ഒരേയൊരു നേട്ടം ഒന്നുമില്ലാതിരുന്ന സ്ഥാനത്ത്, ജലവിമാനവുമായി ബന്ധപ്പെട്ട ചില അടിസ്ഥാനചട്ടങ്ങൾക്കു രൂപം നൽകാൻ ഡിജിസിഎയ്ക്കു കഴിഞ്ഞുവെന്നതാണ്.

സർക്കാർ വിളിച്ചപ്പോൾ

രണ്ടോ മൂന്നോ വർഷങ്ങൾക്കു ശേഷമാണ് ആൻഡമാൻ ആൻഡ് നിക്കോബാർ ഭരണകൂടം തങ്ങളുടെ ദ്വീപുകൾ കേന്ദ്രീകരിച്ചു ജലവിമാന പദ്ധതിയെന്ന ആശയവുമായി രംഗത്തുവരുന്നത്. സർക്കാർ നിയന്ത്രണത്തിൽ ഹെലികോപ്റ്ററുകൾക്കായുള്ള പവൻ ഹാൻസ് ലിമിറ്റഡിനായിരുന്നു പദ്ധതിയുടെ ചുമതല. എന്നാൽ, ജലവിമാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുൻപരിചയമില്ലാത്തതു കൊണ്ടു തന്നെ അവർ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിച്ചു. ജലവിമാനങ്ങളെക്കുറിച്ചു ധാരണയുള്ള ഒരാളെയായിരുന്നു അവർക്കു വേണ്ടിയിരുന്നത്. അവിടത്തെ ഉദ്യോഗസ്ഥരാണു സൂരജിനെ ബന്ധപ്പെടുന്നതും ആൻഡമാനിലെ ജലവിമാന പദ്ധതിയുടെ ഭാഗമാക്കുന്നതും.

sooraj-seaplane
കൊച്ചി വിമാനത്താവളത്തിൽ സൂക്ഷിച്ചിരിക്കുന്ന ക്വസ്റ്റ് കോഡിയാക്–100 ജലവിമാനത്തിനൊപ്പം ക്യാപ്റ്റൻ സൂരജ് ജോസ്.

ഡൽഹിയിൽവച്ചു തന്നെ സുഹൃത്തായിരുന്ന മലയാളി പൈലറ്റ് സുധീഷ് ജോർജുമൊത്ത് അങ്ങനെ ആൻഡമാനിലെത്തി. പ്രാഥമിക യോഗങ്ങൾക്കു ശേഷം 2008ൽ തന്നെ സർവേ നപടികളിലേക്കു കടന്നു. വിമാന സർവീസിനുള്ള ഓപ്പറേഷൻ പ്ലാനടക്കം സാങ്കേതിക റിപ്പോർട്ടും പൂർത്തിയാക്കി. ബാക്കി നടപടികൾക്കു ശേഷം 2010ൽ ആദ്യ ജലവിമാന സർവീസിന് ആൻഡമാനിൽ തുടക്കമിടുകയും ചെയ്തു. തുടർപരിശീലനം മുതലുള്ള അടിസ്ഥാന സഹായങ്ങളെല്ലാം ചെയ്തു നൽകി. പദ്ധതിയുടെ ഭാഗമായി തുടരാൻ ഓഫറുണ്ടായിരുന്നെങ്കിലും കേരളത്തിലേക്കു മടങ്ങി. വിനോദസഞ്ചാരികളും തദ്ദേശീയരുമെല്ലാമായി ആൻഡമാനിൽ ജലവിമാനം വിജയകരമായി പറന്നു തുടങ്ങിയെങ്കിലും മൂന്നു വർഷം കൊണ്ടതു പൂട്ടി. തുടക്കം മുതൽ നിശ്ശബ്ദമായി അരങ്ങേറിയിരുന്ന ചില ഒത്തുകളികളായിരുന്നു കാരണമെങ്കിലും ഏറ്റവുമൊടുവിൽ ഫയലിൽ കുറിക്കപ്പെ‌ട്ടതു സാമ്പത്തികമായി ലാഭമില്ലെന്നായിരുന്നു. ആ പദ്ധതിയും ചിറകറ്റു വീണു!

കേരളത്തിനു മോഹം

ആൻഡമാനിൽ പദ്ധതി തുടങ്ങാൻ വേണ്ട സഹായങ്ങൾ ചെയ്തതിനു പിന്നാലെ തിരികെ കേരളത്തിലേക്കു മടങ്ങിയെത്തിയ സൂരജ് ചില വിമാന കൺസൽറ്റൻസി ജോലികളുമായി മുന്നോട്ടു പോയി. അതിനിടയ്ക്കാണു 2010ൽ കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നു ജലവിമാന പദ്ധതിക്കായി താൽപര്യമെത്തുന്നത്. 

തൊട്ടു പിന്നാലെ വന്ന യുഡിഎഫ് സർക്കാരും ഇക്കാര്യത്തിൽ സജീവ താൽപര്യമെടുത്തു. സർക്കാർ, കൺസൽറ്റൻസി സഹായം തേടുന്നുവെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ, എന്തുകൊണ്ടു നിങ്ങൾക്കു തന്നെ തുടങ്ങിക്കൂടാ എന്നായിരുന്നു സർക്കാരിന്റെ ഭാഗത്തു നിന്നെത്തിയ ചോദ്യം. അധിക ഫണ്ടുൾപ്പെടെ ലഭ്യമാക്കാൻ കഴിയുന്ന ഏജൻസികൾ സർക്കാരിനു തന്നെയുണ്ടെന്ന ആത്മവിശ്വാസവും നൽകി. അങ്ങനെ 2012ൽ കൊച്ചി ആസ്ഥാനമായി സീബേഡ് സീ പ്ലെയിൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. വ്യോമയാന ഡയറക്ടറേറ്റിൽ അനുമതിക്കായി അപേക്ഷിച്ചു കാര്യങ്ങളുമായി മുന്നോട്ടുപോയി.

ചിറകുവയ്ക്കുന്നു

സർക്കാരിന്റെ എതിർപ്പില്ലാ രേഖ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വിമാനത്തിന് ഓർഡർ നൽകി മറ്റു തയാറെടുപ്പുകളിലേക്കു കടന്നു. സൂരജിനെയും സുധീഷിനെയും കൂടാതെ രണ്ടു പൈലറ്റുമാർക്കു കൂടി രാജ്യാന്തരനിലവാരമുള്ള പരിശീലനം ലഭ്യമാക്കി. യുഎസിൽനിന്നു വിദഗ്ധസംഘത്തെ എത്തിച്ചു സാങ്കേതിക സഹായത്തിനുള്ള ജീവനക്കാർക്കും ഡിജിസിഎ പ്രതിനിധികൾക്കും ദിവസങ്ങൾ നീണ്ട പരിശീലനം നൽകി. സീബേഡിന്റെ പ്രവർത്തനത്തിനും പരിശീലനത്തിനുമായി പ്രത്യേക സിലബസ് പോലും രൂപപ്പെടുത്തി.

seabird
ക്വസ്റ്റ് കോഡിയാക്–100 ജലവിമാനം.

വിമാനമെത്തുന്നു

ആൻഡമാനിൽ വളരെപ്പെട്ടെന്നു തന്നെ അനുമതി ലഭിച്ചതിന്റെ ആത്മവിശ്വാസത്തിൽ വിമാനം എത്തിക്കാനായി സൂരജും സുധീഷും യുഎസിലേക്കു പറന്നു. യുഎസ് കമ്പനിയായ ക്വസ്റ്റ് എയർക്രാഫ്റ്റ് നിർമിച്ച ക്വസ്റ്റ് കോഡിയാക്–100 ആയിരുന്നു വിമാനം. ‌വെള്ളത്തിലും കരയിലും ടേക് ഓഫ് ചെയ്യാനും ഇറക്കാനും കഴിയുന്ന ആംഫീബിയൻ വിമാനം. 10 പേർക്കിരിക്കാവുന്നത്. സാധാരണ ലാൻഡ് വിമാനങ്ങളിൽ മാറ്റം വരുത്തിയാണു ജലവിമാനങ്ങളാക്കുന്നത്. 6 മണിക്കൂർ തുടർച്ചയായി പറക്കാൻ കഴിയും.

അങ്ങനെ 4 ഭൂഖണ്ഡങ്ങൾക്കു മുകളിലൂടെ, 9 രാജ്യങ്ങളിൽ ഇറങ്ങി, 17,000 കിലോമീറ്റർ പിന്നിട്ട് 14 ദിവസം കൊണ്ടായിരുന്നു വിമാനം യുഎസിലെ മിനിസോട്ടയിൽനിന്നു നെടുമ്പാശേരിയിലെത്തിച്ചത്. സാധാരണഗതിയിൽ പ്രത്യേക ഏജൻസികൾ ചെയ്യുന്ന ദൗത്യം ചെലവു കുറയ്ക്കാമെന്ന പ്രതീക്ഷയിലാണു സൂരജും സുധീഷും ഏറ്റെടുത്തത്. ഏജൻസിക്കു നൽകിയിരുന്നെങ്കിൽ ചെലവാകുമായിരുന്നതിന്റെ നാലിലൊന്നു തുകയ്ക്കു വിമാനം കൊച്ചിയിലെത്തി. 

ഗ്രീസിൽവച്ചു ടേക്കോഫിനിടെ ടയർ പഞ്ചറായതുപോലുള്ള അനുഭവങ്ങൾകൂടി കടന്നാണ് സീബേഡ് കേരളത്തെ തൊട്ടത്. 14.5 കോടി രൂപയായിരുന്നു വിമാനത്തിന് ആകെ ചെലവ്. ഇന്ത്യയിലെത്തിച്ച വിമാനം ശ്രീലങ്കയിലേക്കുൾപ്പെടെ പരീക്ഷണപ്പറക്കലും നടത്തി കേരളത്തിന്റെ ആദ്യ ജലവിമാനമെന്ന റെക്കോർഡിലേക്കു ചിറകു വിരിക്കാൻ കാത്തു നിന്നു.

നീണ്ടുപോയ സ്വപ്നം

ആൻഡമാനിലേതു പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങൾ. ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ ഓഡിറ്റിങ്ങിൽ വീഴ്ചകളുണ്ടെന്ന വിലയിരുത്തലിനെ തുടർന്നു ഡിജിസിഎ തന്നെ പ്രശ്നത്തിൽപെട്ടു നിൽക്കുന്ന സമയം. കരിമ്പട്ടികയിലേക്കു വരുമെന്ന ഘട്ടത്തിൽ വൻപരിഷ്കാര നടപടികൾക്കു ഡിജിസിഎ തുടക്കമിട്ടതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. 

വൻവിമാനങ്ങൾക്കുള്ള അതേ നിബന്ധനകളും ചട്ടങ്ങളും ജലവിമാനം ഉൾപ്പെടെ ചെറുവിമാനങ്ങൾക്കും ബാധകമാക്കിയതോടെ ലൈസൻസ് ബാലികേറാമലയായി. ലോകത്തെല്ലായിടത്തും വലിയ വിമാനങ്ങൾക്കും ചെറുവിമാനങ്ങൾക്കും പ്രത്യേക ചട്ടങ്ങളുണ്ടെന്നിരിക്കെയായിരുന്നു ഇത്. തുടക്കം തന്നെ പാളി. 

കടലാസുകൾ നീങ്ങിക്കിട്ടാനുള്ള കാത്തിരിപ്പ്. സമയം വല്ലാതെ വൈകിയതിന്റെ പ്രശ്നങ്ങൾ വേറെ. ഡോളർ വിനിമയ നിരക്കിൽ വന്ന വ്യത്യാസംപോലും കണക്കുകൂട്ടലുകൾ തെറ്റിച്ചു.

സൂരജും സുധീഷും കമ്പനിയിൽ പങ്കാളിയായ മറ്റു ചിലരുമായിരുന്നു നിക്ഷേപകർ. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഇൻകെൽ ലിമിറ്റഡും പദ്ധതിയുടെ ഭാഗമായി. ഇതിനു പുറമേ 4 കോടിയിൽപരം രൂപയുടെ ബാങ്ക് വായ്പ. അന്തിമാനുമതിയുടെ ഘട്ടത്തിൽ പതിവു സർക്കാർ പ്രശ്നങ്ങൾ. ഡിജിസിഎയിൽ നിലനിന്ന അവ്യക്തതകളുടെ ഫയലിൽ പദ്ധതി കുരുങ്ങി.

കേരളത്തിന്റെ ആശങ്കകൾ

ജലവിമാന പദ്ധതി സംബന്ധിച്ചു പരിസ്ഥിതി പ്രവർത്തകരും മത്സ്യത്തൊഴിലാളി വിഭാഗങ്ങളും ഉയർത്തിയ ആശങ്കകളും ഒരുഭാഗത്തു ശക്തമായി. സംസ്ഥാന സർക്കാർ മുൻകയ്യെടുത്ത് അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, കൊച്ചി, ബേക്കൽ എന്നിവിടങ്ങളിൽ ജലവിമാനത്താവളങ്ങൾ നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ, ഇതു പരിസ്ഥിതിപ്രശ്നങ്ങൾ സൃഷ്ടിക്കും, ജലാശയങ്ങളിൽ വിമാനത്താവളങ്ങൾ നിർമിക്കുന്നതു മത്സ്യബന്ധനത്തെ ഗുരുതരമായി ബാധിക്കും, മലിനീകരണമുണ്ടാക്കും, ഹൗസ് ബോട്ടുകളിൽ കേന്ദ്രീകരിച്ച കായൽ ടൂറിസത്തിനു തടസ്സമാകും തുടങ്ങിയ പല ആശങ്കകളും ഒരുഭാഗത്ത് ഉയർന്നു.

കൈവിട്ടുപോയ വിമാനം

പദ്ധതി മുടങ്ങുകയും ഫെഡറൽ ബാങ്കിൽ നിന്നെടുത്ത വായ്പത്തുക തിരിച്ചടയ്ക്കാൻ കഴിയാതെ വരികയും ചെയ്തതോടെ വിമാനം 2018ൽ ജപ്തി ചെയ്യപ്പെട്ടു. അങ്ങനെ വിമാനത്തിന്റെ കൈവശാവകാശം ഫെഡറൽ ബാങ്കിനായി. 4.10 കോടി രൂപയുടെ ബാധ്യത കൂടിക്കൂടി വന്നു. ഇടയ്ക്കു രണ്ടുതവണ ലേലത്തിൽ വച്ചെങ്കിലും ആരും മുന്നോട്ടു വന്നില്ല. സീ ബേഡിന്റെ ഉടമസ്ഥാവകാശം കൈവിട്ടെങ്കിലും സൂരജ് ഇടവിട്ടു വിമാനത്താവളത്തിലേക്കു പോകും. സാധ്യമായ ചെറുപരിപാലന കാര്യങ്ങളെല്ലാം നോക്കും. ഒന്നു മിനുക്കിയെടുത്താൽ ഇപ്പോഴും പഴയ ഉശിരോടെ വിമാനം തയാറാണെന്നു സൂരജ് പറയുന്നു.

seaplane
യുഎസിൽ പരീക്ഷണപ്പറക്കൽ നടത്തുന്ന ക്വസ്റ്റ് കോഡിയാക്–100 ജലവിമാനം.

ചില ചിറകൊച്ചകൾ

കേരളത്തിൽ ഈ കാലത്തിനിടയിൽ വന്ന രണ്ടു സർക്കാരുകളും പലരീതിയിൽ പദ്ധതിയെ പുനരുജ്ജീവിപ്പിക്കാൻ പ്രോത്സാഹനം നൽകി. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ടു. പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഇപ്പോഴും അതേ പിന്തുണയുണ്ടെന്ന വിശ്വാസമാണ് സൂരജിന്. ഇതിനു പുറമേ, കേന്ദ്ര സർക്കാർ തുറമുഖങ്ങൾ കേന്ദ്രീകരിച്ചു ജലവിമാനങ്ങൾക്കു തുടക്കമിടാനെടുത്ത തീരുമാനവും പ്രതീക്ഷ നൽകുന്നു. ഇക്കാര്യങ്ങളിൽ ഇപ്പോഴും ചില ചർച്ചകൾ നടക്കുന്നുണ്ടെന്നു സൂരജ് പറയുന്നു. ഉഡാൻ പദ്ധതി പ്രകാരം 16 റൂട്ടുകളിൽ ജലവിമാന സർവീസ് ആരംഭിക്കാനുള്ള ആലോചനകളും സർക്കാരിൽ നിന്നുണ്ട്.

ഇതിനിടെ ഇന്ത്യയിൽ ഗുജറാത്തിലേക്ക് ഒരു ജലവിമാന സർവീസ് എത്തി. അഹമ്മദാബാദിലെ സബർമതി, സർദാർ സരോവർ (സ്റ്റാച്യു ഓഫ് യൂണിറ്റി) റൂട്ടിലാണ് ഗുജറാത്തിലെ ജലവിമാന പറക്കൽ.  ഡിജിസിഎയുടെ നിബന്ധനകൾക്കു കാത്തു നിൽക്കാതെ മാലദ്വീപിൽ റജിസ്റ്റർ ചെയ്ത ജലവിമാനമാണിത്. ഇന്ത്യയിൽ ഇറക്കുമതി ചെയ്തെത്തിക്കുമ്പോൾ 20 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകരുതെന്ന ഇന്ത്യൻ നിബന്ധനയൊന്നും ഗുജറാത്തിൽ പദ്ധതിക്കു തടസ്സമായില്ല. മാലദ്വീപിൽ റജിസ്റ്റർ ചെയ്യുമ്പോൾ 50 വർഷം പഴക്കമുള്ളതായിരുന്നു ഈ വിമാനമെന്നാണു േരഖകൾ. അപ്പോഴും വെയിലും കാറ്റുമേറ്റു നെടുമ്പാശേരിയിലുണ്ട് സീബേഡ്.

കേരളത്തിൽ ടൂറിസം സാധ്യത മാത്രമല്ല സൂരജും കൂട്ടുകാരും കാണുന്നത്. ലക്ഷദ്വീപിന്റെ അവസ്ഥയാണ് ഇതിനായി അവർ ചൂണ്ടിക്കാട്ടുന്നത്. 36 ദ്വീപുകളിൽ അഗത്തിയിൽ മാത്രം വിമാനത്താവളം. മറ്റിടങ്ങളിലേക്കെല്ലാം ബോട്ടാണു മാർഗം. കാത്തിരിപ്പും മറ്റു യാതനകളും അനുഭവിച്ചുള്ള യാത്രകളാണ് അവിടെ ദ്വീപുകാർക്ക്. ദ്വീപുകളെ ചുറ്റിയുള്ള കായൽപരപ്പുകളെ ഉപയോഗിച്ചാൽ ജലവിമാനങ്ങൾക്കു ദ്വീപുകളുടെ ജീവിതവേഗം കൂട്ടാമെന്നു ഇവർ സമർഥിക്കുന്നു. മറ്റു ഗതാഗത മാർഗങ്ങളിലെന്നപോലെ അടിസ്ഥാന സൗകര്യവികസനത്തിനു വേണ്ട പെടാപ്പാടുകളൊന്നുമില്ല. സാമ്പത്തികമായും ജലവിമാനങ്ങൾ ലാഭകരമാകുമെന്നു സൂരജ് പറയുന്നു. കഴിഞ്ഞവർഷം പവൻ ഹാൻസിൽ നിന്നു 1.44 കോടി രൂപയ്ക്കു കേരളം വാടകയ്ക്കെടുത്ത ഹെലികോപ്ടറിനെയാണ് ഇവർ ഉദാഹരണമാക്കുന്നത്. ഇതുമായുള്ള താരതമ്യത്തിൽ തുച്ഛമായ ചെലവു മാത്രമേ ജലവിമാന യാത്രയ്ക്കു വേണ്ടിവരൂ. ഏതു വിദൂര ഗ്രാമത്തിലും ജലസ്രോതസ്സുള്ള കേരളത്തിൽ ഗതാഗത സൗകര്യമെന്ന നിലയിലും ഇതു മെച്ചമാകും. ചികിത്സാർഥമുള്ള രക്ഷാശ്രമങ്ങൾ (മെഡിക്കൽ ഇവാക്വേഷൻ), കടലിൽ അപകടത്തിൽപെടുന്നവർക്കു വേണ്ടിയുള്ള രക്ഷാശ്രമങ്ങൾ തുടങ്ങിയവയ്ക്കും ഇതു സഹായകരമാകും. ദ്വീപുകൾക്കിടയിലെ ആവശ്യങ്ങൾക്കും അനുകൂലം.– സൂരജ് പറയുന്നു.

വെള്ളത്തിൽ ‘എയർപോർട്ട്’

ജലവിമാനങ്ങൾക്കു വമ്പൻ എയർപോർട്ട് സന്നാഹം വേണ്ട എന്നതാണു മറ്റൊരു പ്രധാന സൗകര്യം. 2500 അടി നീളവും 200 അടി വീതിയും 6 അടി താഴ്ചയുമാണ് ജലസ്രോതസ്സിനു മുകളിൽ വിമാനം ഇറക്കാൻ വേണ്ട സൗകര്യം. ഇതിനു പുറമേ, ബോട്ട്, റേഡിയോ, അഗ്നിശമന സേനാ സൗകര്യങ്ങൾ തുടങ്ങിയവ കൂടിയുണ്ടെങ്കിൽ ജലവിമാനത്താവളം സജ്ജമാകും. ആവശ്യമായ വെളിച്ചം ക്രമീകരിച്ചു രാത്രിയിലും ഇറക്കുന്നതു പ്രയാസകരമല്ലെങ്കിലും പൊതുവേ പകൽ സമയത്താണു ജലവിമാന സർവീസ്.

ആയാസരഹിതമായി, അതേസമയം മുന്നിലെ തടസ്സങ്ങളെ കരുതലോടെ കണ്ടു മുന്നോട്ടുപോകുന്ന പറവയെപ്പോലെയാണു പൈലറ്റുമാർ. ജലവിമാനത്തിന്റെ കാര്യത്തിൽ സൂരജ് മുന്നോട്ടു പോകുന്നതും അങ്ങനെ തന്നെ. വന്നുപെട്ട പ്രയാസങ്ങളൊക്കെയും സ്വാഭാവികമാണ്. സുരക്ഷിതമായ തുടർപറക്കലും ലാൻഡിങ്ങും പുതിയ ടേക്കോഫുകളുമാണ് വേണ്ടത്– അയാൾ യാത്ര തുടരുകയാണ്.

English Summary: Seaplane project Kerala; Sooraj Jose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com