ADVERTISEMENT

ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ച ശേഷം റബർ ഉൽപന്നങ്ങളിൽ ഗവേഷണം തുടങ്ങിയ എം.ടി. തോമസ് 87–ാം വയസ്സിൽ നേടിയതു 2 പേറ്റന്റുകൾ.

ഇത്രയും പ്രായമുള്ള ഒരാൾക്ക് പരിശീലനം നൽകാൻ സാധിക്കില്ല. ഇതു ചെറുപ്പക്കാർക്കുള്ളതാണ്. താങ്കൾ പുറത്തുപോകണം.’ 15 വർഷം മുൻപു മഞ്ചേരിയിൽ വ്യവസായവകുപ്പ് സംഘടിപ്പിച്ച, റബർ മുല്യവർധിത ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട പരിശീലനത്തിനെത്തിയ കോഴിക്കോട് സ്വദേശി എം.ടി. തോമസിനോടു സംഘാടകർ പറഞ്ഞതാണിത്. എന്നാൽ, 40 വയസ്സിനു താഴെയുള്ളവർക്കായി സംഘടിപ്പിച്ച പരിശീലനത്തിൽനിന്ന് 72 വയസ്സുണ്ടായിരുന്ന തോമസ് പിന്മാറാൻ ഒരുക്കമല്ലായിരുന്നു. ക്ലാസുകൾ പുറത്തു മാറിനിന്നു കേട്ടു. അവസാനദിവസം ക്ലാസെടുക്കാനെത്തിയ ആളുടെ മുന്നിലെത്തി തോമസ് ആവശ്യപ്പെട്ടു; ‘റബർ ഷീറ്റ് ഉരുക്കുന്നതിനുള്ള ഏതെങ്കിലും സാങ്കേതികവിദ്യ പഠിപ്പിച്ചുതരണം.’

തോമസിന്റെ ഉത്സാഹം മനസ്സിലാക്കിയ അദ്ദേഹം തനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞുകൊടുത്തു. അന്നു നേടിയ അറിവുകളുടെ അടിത്തറയിൽ നടത്തിയ ഗവേഷണങ്ങളിലൂടെ 87–ാം വയസ്സിൽ തോമസ് നേടിയെടുത്തത് 2 പേറ്റന്റുകൾ!

പ്രകൃതിദത്ത റബറിൽനിന്നു പെയിന്റും ലീക്ക് പ്രൂഫ് ഉൽപന്നവും വികസിപ്പിച്ചതിനാണ് കഴിഞ്ഞമാസം കേന്ദ്രസർക്കാരിന്റെ പേറ്റന്റുകൾ ലഭിച്ചത്. ഈ പ്രായത്തിൽ പെൻഷൻ തുകയും വാങ്ങി വീട്ടിൽ സ്വസ്ഥമായി ഇരുന്നാൽ പോരേ എന്ന മട്ടിലുള്ള ചോദ്യങ്ങളെ റബർപന്തു പോലെ അടിച്ചകറ്റുകയാണ് തോമസ്.

റബറിന്റെ ‘അദ്ഭുതസിദ്ധികൾ’

കെഎസ്ഇബി സിവിൽ വിങ്ങിൽ എൻജിനീയറായിരുന്ന തോമസും റബറും തമ്മിലുള്ള ചങ്ങാത്തത്തിന് 22 വർഷത്തെ പഴക്കമുണ്ട്. 1999ൽ വീടിന്റെ കോൺക്രീറ്റ് മേൽക്കൂരയിൽ ചോർച്ച ഉണ്ടായപ്പോഴാണ് ഇതു പരിഹരിക്കാൻ എന്താണു മാർഗമെന്നു ചിന്തിച്ചത്. പതിറ്റാണ്ടുകൾക്കു മുൻപു കണ്ണൂരിലെ പോളിടെക്നിക്കിൽനിന്നു പഠിച്ചെടുത്ത സാങ്കേതിക വിദ്യകൾ തോമസിന്റെ മനസ്സിലേക്ക് ഓടിയെത്തി. ബാലുശേരിയിലെ റബർ തോട്ടത്തിൽ നിന്നെത്തിച്ച പാൽ വീട്ടുമുറ്റത്തെ സംഭരണിയിലുണ്ടായിരുന്നു. പാലിൽ ചില രാസപദാർഥങ്ങൾകൂടി ചേർത്തശേഷം മേൽക്കൂരയ്ക്കു മുകളിൽ ചോർച്ചയുള്ള ഭാഗത്ത് ഒഴിച്ചു. പിന്നീടുള്ള മഴകളിൽ തോമസിന്റെ വീട് ചോർന്നിട്ടില്ല. സംഗതി വിജയിച്ചതോടെ റബറിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ തുടക്കമിട്ടു. വീടിനു മുകളിൽ ചെറിയൊരു പരീക്ഷണശാലയൊരുക്കുകയാണ് ആദ്യം ചെയ്തത്.

പരിചയക്കാരുടെ വീടുകളിൽ ഇത്തരം ചോർച്ചകൾ അടച്ചുകൊടുത്തായിരുന്നു തുടക്കം. ചിലയിടത്തൊക്കെ സംഗതി പരാജയപ്പെട്ടു. എന്നാൽ, പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്ന തോമസ് മെച്ചപ്പെട്ട സാങ്കേതിക വിദ്യകൾ കണ്ടെത്തി. അതിനിടെ റബർഷീറ്റിൽ നിന്ന് പെയിന്റും വികസിപ്പിച്ചു. 7 അടിസ്ഥാന നിറങ്ങളിൽ നിന്ന് 67 നിറങ്ങളിലുള്ള പെയിന്റുകൾ തോമസ് നിർമിച്ചെടുത്തിട്ടുണ്ട്. അതും യന്ത്രസഹായമില്ലാതെ.

വീടിനു മുകളിലെ പരീക്ഷണ ശാലയ്ക്ക് പല നിറങ്ങളാണ് നൽകിയിരിക്കുന്നത്. കാരണം, തോമസ് വികസിപ്പിച്ചെടുക്കുന്ന പെയിന്റ് ആദ്യം പരീക്ഷിക്കുന്നത് അവിടെയാണ്. വീടിന്റെ പെയിന്റും സ്വന്തമായി വികസിപ്പിച്ചതു തന്നെ. ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന ഫാൻപോലും പരീക്ഷണ വസ്തുവായതിനാൽ വിവിധ വർണങ്ങളണിഞ്ഞിട്ടുണ്ട്.

thomas
തോമസ്

ഏകാന്ത ഗവേഷണം

പെയിന്റും ലീക്ക് പ്രൂഫ് ഉൽപന്നവും തോമസ് വിവിധ സ്ഥലങ്ങളിൽ നടന്ന പ്രദർശനങ്ങളിൽ കൊണ്ടുപോയിട്ടുണ്ട്. അത്തരമൊരു പ്രദർശനത്തിലാണ് കേന്ദ്രമന്ത്രിയായിരുന്ന ഒ. രാജഗോപാൽ തോമസിന്റെ കണ്ടുപിടിത്തങ്ങൾ ശ്രദ്ധിക്കുന്നത്. റെയിൽവേയുടെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കായി ലീക്ക് പ്രൂഫ് ഉൽപന്നം നിർമിച്ചു നൽകാമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തയാറാണെന്നു മറുപടി കൊടുത്ത തോമസ്, അതിനായി ഐസിഎച്ച് ആസ്ഥാനത്തു പോയി. ഉദ്യോഗസ്ഥരുടെ പരിശോധനകൾക്കുശേഷം തോമസ് വികസിപ്പിച്ച ഉൽപന്നം തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, വലിയ തോതിൽ താൻ തന്നെ ഇതു നിർമിച്ചു തരണമെന്ന ആവശ്യം നിറവേറ്റാൻ തോമസിനു സാധിക്കാഞ്ഞതോടെ പദ്ധതി മുടങ്ങി.

കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ ഗവേഷണ സ്ഥാപനങ്ങളിൽ 80–ാം വയസ്സിലും തോമസ് കയറിയിറങ്ങി. പ്രായക്കൂടുതൽ കാരണം മിക്കവരും തോമസിനെ ഗൗരവത്തിലെടുത്തില്ല എന്നതാണ് വാസ്തവം. എങ്കിലും പരിമിതമായ സൗകര്യങ്ങളിൽ തോമസ് ഗവേഷണം തുടർന്നു. കെഎസ്ഇബിയിൽനിന്നു ലഭിക്കുന്ന പെൻഷൻ ഉപയോഗിച്ചാണ് ഗവേഷണങ്ങൾ നടത്തുന്നത്. 2 പതിറ്റാണ്ടായി ഒരു രൂപപോലും തനിക്ക് ഇതിൽനിന്ന് ലാഭമായി ലഭിച്ചിട്ടില്ലെന്നും തോമസ് പറയുന്നു.

ഒരിക്കൽ ഒരു സർക്കാർ സ്ഥാപനത്തെ സമീപിച്ചപ്പോൾ, താനെന്തിനാണ് വെറുതെ ഇതുകൊണ്ടു നടക്കുന്നതെന്ന ചോദ്യം നേരിടേണ്ടി വന്നു. ഈ ചോദ്യം തോമസിനെ തളർത്തിയില്ല, കൂടുതൽ വാശിയോടെ പ്രവർത്തിക്കാൻ ഊർജം നൽകി.

വിപണിയിലേക്ക്

ഏഴു വർഷം മുൻപാണു താൻ വികസിപ്പിച്ച പെയിന്റ് വിപണിയിലിറക്കാൻ തോമസ് തീരുമാനമെടുക്കുന്നത്. മക്കളായ ടോസി, ഷെർളി, ടിജി എന്നിവരോടു കാര്യങ്ങൾ ചർച്ചചെയ്തു. അവരുടെ പിന്തുണയോടെ ഒരു ഫാക്ടറി സജ്ജീകരിക്കാൻ തീരുമാനിച്ചു. താമരശേരി അടിവാരത്തിനടുത്ത് സുഹൃത്തിന്റെ സ്ഥലത്താണ് ഫാക്ടറി ഒരുക്കിയത്. പഴയ പെയിന്റ് മിക്സിങ് യന്ത്രങ്ങളും വാങ്ങി.

പുകയ്ക്കാത്ത റബർ ഷീറ്റുകൾ കർഷകരിൽനിന്നു വാങ്ങിയാണ് പെയിന്റ് നിർമാണം. ഷീറ്റുകൾ ഉരുക്കി ദ്രാവകമാക്കി മാറ്റും. ഒരു കിലോഗ്രാം റബറിൽനിന്ന് 30 ലീറ്റർ പെയിന്റ് നിർമിക്കാം. ഉയർന്ന നിലവാരമുള്ളതും വാട്ടർപ്രൂഫുമാണു പെയിന്റെന്നു തോമസ് പറയുന്നു.പെയിന്റ് വിപണിയിലിറക്കണമെങ്കിൽ പേറ്റന്റ് എടുക്കണമെന്ന ഉപദേശത്തെ തുടർന്ന് 2016ലാണ് അതിനായി ശ്രമിച്ചത്. ഒട്ടേറെ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷം ഇപ്പോഴാണ് 2 പേറ്റന്റുകൾ ലഭിച്ചത്.

‘സിംറ്റി നാച്വറൽ ഡ്രൈ റബർ പ്രോഡക്ട്സ്’ എന്നപേരിൽ അധികം വൈകാതെ പെയിന്റ് വിപണിയിലെത്തും. വിലയിടിവിൽ നട്ടംതിരിയുന്ന റബർ കർഷകരെയും തന്റെ കണ്ടുപിടിത്തം സഹായിക്കുമെന്ന് തോമസ് പറയുന്നു.കമ്പനിയൊക്കെ തുടങ്ങി വെറുതെയിരിക്കാൻ തോമസ് ആഗ്രഹിക്കുന്നില്ല. കേൾവിശക്തി കുറഞ്ഞെങ്കിലും ബുദ്ധികൂർമതയ്ക്ക് ഇപ്പോഴും ഒരു കുറവുമില്ല. അതുള്ളിടത്തോളം കാലം ഗവേഷണങ്ങൾ തുടരാനാണ് തോമസിന്റെ തീരുമാനം.

English Summary: Calicut native MT Thomas register 2 patents in on rubber research

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com