ADVERTISEMENT

മൈലാടി ഇപ്പോൾ മലയാളത്തിന്റെ വഴിയിലാണ്. തമിഴകത്തെ ഈ ഗ്രാമമാകെ മുഴങ്ങിക്കേൾക്കുന്നതു മലയാളത്തിന്റെ കാഴ്ചയും ശബ്ദവും. കൃഷ്ണശിലകളിൽ മൃദുവായി ഉളികൾ  കൊത്തിയെടുക്കുന്നതു മലയാളത്തിന്റെ അഴകും വടിവും. നാഗർകോവിലിനും കന്യാകുമാരിക്കും ഇടയിലാണ് മൈലാടി. തഞ്ചാവൂർ കഴിഞ്ഞാൽ തെക്കേയിന്ത്യയിൽ ശിൽപ നിർമിതിക്കു പേരുകേട്ട പ്രദേശം. 

രാജ്യത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലെയും പ്രതിഷ്ഠകൾ ഇവിടെ കൊത്തിയെടുത്തതാണ്. ശിൽപവേല ചെയ്യുന്ന ആലയ്ക്കു തമിഴിൽ ‘പട്ടറ’ എന്നാണു പറയുന്നത്. മൈലാടിയിലെ പ്രധാനപ്പെട്ട കല്ലുകൊത്തു പട്ടറകളിൽ ഉളിയും ചുറ്റികയും താളാത്മകമായി കൊത്തിയെടുക്കുന്നതു മലയാളത്തിലെ അൻപത്തിയൊന്ന് അക്ഷര ദേവതാ ശിൽപങ്ങൾ. മൂന്നു വർഷം മുൻപ് ആരംഭിച്ച ഈ അപൂർവ ശിൽപനിർമാണം ഏതാണ്ട് അവസാന ഘട്ടത്തോട് അടുക്കുകയാണ്. 

അക്ഷരങ്ങളിൽ ഈശ്വരനുണ്ടെന്ന ചിന്തയുടെ പിറകെ സഞ്ചരിച്ച ഒരുകൂട്ടം ഭാഷാസ്നേഹികളും ആധ്യാത്മികാചാര്യന്മാരുമാണു മലയാള ഭാഷയിലെ ഓരോ അക്ഷരത്തിന്റെയും ഉപാസനാ മൂർത്തികളെ ശിൽപ രൂപത്തിൽ ആവിഷ്കരിക്കാൻ ശ്രമം തുടങ്ങിയത്. അതിനു വേണ്ടിവന്നതു നീണ്ട ഒരു വ്യാഴവട്ടക്കാലത്തെ സമയം. കേരളത്തിലെ തന്ത്രി മുഖ്യരിൽ പ്രമുഖരായ മിത്രൻ നമ്പൂതിരിപ്പാട്, മള്ളിയൂർ ശങ്കരൻ നമ്പൂതിരി, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവരാണ് അക്ഷരദേവതമാരെ ജീവസ്സുറ്റ ശിൽപങ്ങളായി ആവിഷ്കരിക്കണമെന്ന ചിന്തയ്ക്കു ദീപം കൊളുത്തിയത്. 

തമിഴ്നാട്ടിലെ മൈലാടിയിൽ അക്ഷരദേവതാ ശിൽപനിർമാണത്തിനു നേതൃത്വം നൽകുന്ന എം.എസ്. ഭുവനചന്ദ്രൻ (വലത്) മുഖ്യശിൽപി മദൻകുമാറിനു നിർദേശം നൽകുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
തമിഴ്നാട്ടിലെ മൈലാടിയിൽ അക്ഷരദേവതാ ശിൽപനിർമാണത്തിനു നേതൃത്വം നൽകുന്ന എം.എസ്. ഭുവനചന്ദ്രൻ (വലത്) മുഖ്യശിൽപി മദൻകുമാറിനു നിർദേശം നൽകുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതനും ശ്രീപത്മനാഭസ്വാമിയുടെ പ്രതിനിധിയും സംസ്കൃത പണ്ഡിതനുമായ പുഷ്പാഞ്ജലി സ്വാമിയാർ അച്യുതഭാരതി, എം.എസ്. ഭുവനചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു വർഷങ്ങളോളം നീണ്ടുനിന്ന പഠനഗവേഷണങ്ങളുടെ ഭാഗമായി അൻപത്തിയൊന്നു ദേവതമാരെ ശിൽപങ്ങളിലൂടെ പുനഃസൃഷ്ടിക്കുന്നത്. അക്ഷരങ്ങളുടെയും വാക്കുകളുടേയും ശക്തി തിരിച്ചറിഞ്ഞ് ആദികാല ശാസ്ത്രജ്ഞരായ ഋഷീശ്വരന്മാർ അവ രേഖപ്പെടുത്തി വച്ചതായി അസംഖ്യം തെളിവുകളുണ്ട്. ഇതു ശാസ്ത്രീയമായി ക്രോഡീകരിച്ച് ഓരോ ദേവതയ്ക്കും ജീവരൂപം നൽകുകയായിരുന്നു ആദ്യത്തെ കടമ്പ. ഇതിനു നൂതന ടെക്നോളജിയും ഉപയോഗപ്പെടുത്തി. 

അക്ഷരങ്ങളുടെ കൂട്ടായ്മയായ മന്ത്രത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് ആധുനിക പഠനശാലകളും സർവകലാശാലകളും പാശ്ചാത്യ ലോകവും അവയെ പഠനവിധേയാക്കിയിട്ടുണ്ട്. ഇത്തരം ഗവേഷണങ്ങളുടെ ഫലങ്ങളും വേദങ്ങളിൽ രേഖപ്പെടുത്തിയതും താരതമ്യം ചെയ്തു ശാസ്ത്രീയമായി ഉറപ്പിച്ചു.

അക്ഷരത്തിനു ശക്തിയുണ്ടെന്നു പറയുമ്പോൾ അതു മലയാള ഭാഷയിലെ അക്ഷരങ്ങളിൽ മാത്രമായി ഒതുങ്ങുന്നില്ല എന്നതാണ് പരമമായ സത്യം. ഭാഷ ഏതായാലും അക്ഷരത്തിനു ശക്തിയുണ്ടെന്നു വേദം പറയുന്നു. 

ഋഗ്വേദമുൾപ്പെടെയുള്ള വേദങ്ങൾ, ശിവസംഹിത, ദേവീഭാഗവതം, ഹരിനാമകീർത്തനം, ശങ്കരാചാര്യരുടെ കൃതികൾ എന്നിവയെ ആധാരമാക്കിയാണ് മലയാളത്തിലെ ഓരോ അക്ഷരത്തിനും പിന്നിലുള്ള ഉപാസനാമൂർത്തിയെ കണ്ടെത്തിയത്. ഫലം രസാവഹമായിരുന്നു. എല്ലാവരും സ്ത്രീകൾ. ഓരോ അക്ഷരവും ദേവീസങ്കൽപത്തിലാണ് നിലകൊള്ളുന്നത്. അങ്ങനെ കണ്ടെത്തിയ അൻപത്തിയൊന്ന് അക്ഷരദേവിമാരാണ് മൈലാടിയിൽ ശിൽപങ്ങളായി പുനർജനിച്ചിരിക്കുന്നത്. ഓരോ ദേവതയുടെയും ശിൽപത്തിനു താഴെ അവർ പ്രതിനിധാനം ചെയ്യുന്ന അക്ഷരങ്ങളും കമനീയമായി കൊത്തിയിരിക്കുന്നു. ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്തകവി തുഞ്ചത്ത് എഴുത്തച്ഛന്റെ ‘ഹരിനാമകീർത്തന’ത്തിലെ പതിനാലാം ശ്ലോകം മുതൽ അറുപതാം ശ്ലോകം വരെ അക്ഷരദേവതകളെപ്പറ്റി വ്യക്തമായ പരാമർശമുണ്ടെന്നു പുഷ്പാഞ്ജലി സ്വാമിയാർ പറയുന്നു. 

അക്ഷരത്തിന്റെ ദേവതയായി സരസ്വതീദേവിയുടെ ചിത്രവും നാമവും മാത്രമാണു പൊതുവെ കണ്ടിരിക്കുന്നതും പ്രചരിപ്പിക്കുന്നതും. അൻപത്തിയൊന്ന് അക്ഷരദേവതമാരിൽ ഒരാൾ മാത്രമാണ് സരസ്വതി. ‘ത’ എന്ന അക്ഷരത്തെയാണു സരസ്വതി പ്രതിനിധാനം ചെയ്യുന്നത്. ഇരുട്ടിനെ അകറ്റുന്നത് എന്ന അർഥത്തിൽ ‘തമസ്യാദേവി’ എന്നും പേരുണ്ട്. വേദങ്ങളിലും പുരാണങ്ങളിലും അൻപത്തിയൊന്ന് അക്ഷരങ്ങൾ ചേർത്ത സ്ഫടികമാല അണിഞ്ഞ കാളീദേവിയെ അവതരിപ്പിക്കുന്നുണ്ട്. കാളി തലയോട്ടിമാലയും അണിഞ്ഞിട്ടുണ്ട്. ഇത് അക്ഷരങ്ങളാണെന്നു വേദങ്ങളും ഉപനിഷത്തുക്കളും പുരാണവും സമർഥിക്കുന്നു. അക്ഷരത്തിനു നാശമില്ലാത്തത് എന്ന അർഥം കൂടിയുണ്ട്. മൃത്യുവിനു നാശം വരുത്താനാവാത്ത ഒന്നായി തലയോട്ടി കാളിയുടെ കഴുത്തിൽ ആഭരണമായി വിലസുന്നു.

ദേഹം മണ്ണായാലും അതുച്ചരിച്ച അക്ഷരം ക്ഷയിക്കുന്നില്ല എന്നു തെളിയിക്കുന്നതാണ് കാളിയുടെ കണ്ഠമാല. ഇന്ത്യയിൽ നൂറ്റിയെട്ടു ശക്തിപീഠങ്ങളും അൻപത്തിയൊന്ന് അക്ഷര ശക്തിപീഠങ്ങളും ആരാധിക്കപ്പെടുന്നുണ്ട്. ശക്തിപീഠമായി പരിണമിച്ച സ്ഥലങ്ങൾ സതീദേവിയുടെ (പാർവതി) ശരീരഭാഗങ്ങൾ വീണവയാണെന്ന വിശ്വാസവുമുണ്ട്. പന്ത്രണ്ടു വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ഈ ഉദ്യമം പൂർത്തിയാകുന്നതെന്നു പദ്ധതിയുടെ മുഖ്യ ചുമതലക്കാരനായ എം.എസ്. ഭുവനചന്ദ്രൻ പറയുന്നു.

മൈലാടിയിൽ പിറവിയെടുത്ത അൻപത്തിയൊന്ന് ദേവിമാരുടെയും കാഴ്ചകൾ വ്യത്യസ്തമാണ്. രൂപവും ഭാവവും വസ്ത്രവിധാനവും ആഭരണങ്ങളും ആയുധങ്ങളും വാഹനവും ഒന്നിനൊന്നു വൈവിധ്യം നിറഞ്ഞത്. അടിസ്ഥാന ഗ്രന്ഥങ്ങളിൽനിന്നു വിവരങ്ങൾ ശേഖരിച്ച ശേഷം ഇവ കംപ്യൂട്ടറിൽ ശാസ്ത്രീയമായി വരച്ചെടുക്കുകയായിരുന്നു. ഓരോ അക്ഷരദേവതയെയും സംബന്ധിച്ച വിവരങ്ങൾ തെറ്റു കൂടാതെ രേഖപ്പെടുത്തുക എന്നതായിരുന്നു വെല്ലുവിളി. പുരികവും കൺപീലിയും വരെ ഇഴകീറി പരിശോധിക്കേണ്ടതുണ്ടായിരുന്നു. ഇതിനുശേഷമാണ് ത്രിമാന സ്വഭാവത്തിലുള്ള ചിത്രങ്ങൾ മൈലാടിയിലെ ശിൽപികൾക്കു കൈമാറിയത്. എന്നാൽ ചിത്രം ലഭിച്ചതു കൊണ്ടു മാത്രം അവർക്കു നിർമാണം ആരംഭിക്കുവാൻ കഴിയുമായിരുന്നില്ല.

ഓരോ ചിത്രവും പഠിക്കാൻ ശിൽപികളും സമയമെടുത്തു. കേവലം ഒരു ശിൽപം നിർമിക്കുന്നു എന്നതിനപ്പുറം ധ്യാനവും മനനവും വേണ്ട ഒന്നായിരുന്നു അത്. ദേവീസങ്കൽപത്തിലുള്ള അക്ഷരങ്ങളെയെല്ലാം ശിൽപമായല്ല, അറിവും വെളിച്ചവും അനുഗ്രഹവും നൽകുന്ന ശക്തിസ്വരൂപിണികളായാണ് കൊത്തിയെടുക്കേണ്ടിയിരുന്നതെന്നു മുഖ്യശിൽപി മദൻ കുമാർ പറയുന്നു.

മുൻപു തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു മൈലാടി. തിരുവിതാംകൂർ മഹാരാജാവ് മൈലാടിയെ ശിൽപനിർമാണ മേഖലയായി പ്രഖ്യാപിക്കുകയും ശിൽപികൾക്കു ഭൂമിയിൽ പ്രത്യേക അവകാശം നൽകുകയുമായിരുന്നു. കറുത്തതും കരുത്തു നിറഞ്ഞതുമായ പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നു മൈലാടി. ഇന്നു കല്ലുകൾ സുലഭമല്ല. പാറ പൊട്ടിച്ചെടുക്കുന്നതിനും ക്വാറികൾ നടത്തുന്നതിനും സർക്കാരിന്റെ നിയന്ത്രണങ്ങളുമുണ്ട്.  കൊത്തുമ്പോൾ അടർന്നു പോകാത്ത ഉറപ്പുള്ള കല്ലുകളാണു ശിൽപത്തിനു വേണ്ടത്. അക്ഷരദേവതാ വിഗ്രഹത്തിനൊപ്പം തന്നെ ഒരേ കല്ലിൽ തന്നെ വലുപ്പത്തിൽ അക്ഷരവും കൊത്തിയെടുക്കുകയായിരുന്നു. 

അതുകൊണ്ടു തന്നെ വിഗ്രഹവും അക്ഷരവും കൊത്തുന്നതിനു ഗുണമേന്മയുള്ള കൃഷ്ണശില തന്നെ വേണ്ടിയിരുന്നു. തമിഴ്നാട്ടിലെ തന്നെ നാമക്കൽ, ഡിണ്ടിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ പോയാണ് ഇത്തരത്തിലുള്ള കൃഷ്ണശിലകൾ പ്രത്യേകമായി കണ്ടെത്തിയത്. പതിനഞ്ചടി നീളവും പത്തടി കനവുമുള്ള ശിലകൾ ഒന്നൊന്നായി മൈലാടിയിലെത്തിച്ചു.

‘സൂക്ഷ്മമായി വിഗ്രഹങ്ങൾ കൊത്തിയെടുക്കുന്നതിനു ശിൽപവേലയിൽ പ്രത്യേകമായ പാണ്ഡിത്യവും തഴക്കവും വേണം. മുഖ്യശിൽപി മദൻകുമാറിന്റെ അച്ഛനും മുത്തച്ഛനും തമിഴകത്തു കല്ലിൽ വിസ്മയം തീർത്ത ശിൽപികളും കൊത്തുവേലപ്പണിക്കാരുമായിരുന്നു.

അക്ഷരദേവതാ ശിൽപങ്ങൾ സ്ഥാപിക്കാനൊരുങ്ങുന്ന തിരുവനന്തപുരം വെങ്ങാനൂർ ചാവടിനട പൗർണമികാവ് ക്ഷേത്രം.
അക്ഷരദേവതാ ശിൽപങ്ങൾ സ്ഥാപിക്കാനൊരുങ്ങുന്ന തിരുവനന്തപുരം വെങ്ങാനൂർ ചാവടിനട പൗർണമികാവ് ക്ഷേത്രം.

മലയാളം നന്നായി അറിയില്ല എന്നതായിരുന്നു മൂന്നു വർഷം മുമ്പ് ഈ വേല ഏറ്റെടുക്കുമ്പോൾ മൈലാടിയിലെ ശിൽപികൾ നേരിട്ട പ്രശ്നം. മലയാളത്തിലെ ചില അക്ഷരങ്ങൾ കണ്ടു പരിചയച്ചിട്ടുണ്ട് എന്നല്ലാതെ മലയാളവുമായി ആത്മബന്ധം ഇല്ലായിരുന്നുവെന്നു മദൻകുമാർ പറയുന്നു. തമിഴിൽ 247 അക്ഷരങ്ങൾ ഉണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോൾ മലയാളത്തിൽ അക്ഷരങ്ങൾ കുറവാണ്. വളരെ വ്യക്തിത്വമുള്ളവയാണ് മലയാള അക്ഷരമാല. 

‘ജ’എന്ന അക്ഷരം മാത്രമാണ് രണ്ടു ഭാഷയിലും കാണുന്ന സാമ്യമുള്ള ഒരക്ഷരം. അ... ആ.. ഇ.. ഈ തുടങ്ങി മലയാളത്തിലെ അക്ഷരങ്ങളെല്ലാം ഗാംഭീര്യത്തോടെ തലയുയർത്തി ഒറ്റയ്ക്കൊറ്റയ്ക്കു നിൽക്കുന്നവയാണ്. 

അക്ഷരത്തെ പ്രതിനിധാനം ചെയ്യുന്ന ദേവിമാരും ആകാര സൗഷ്ഠവത്തിൽ ഇതേപോലെ വിഭിന്നരാണ്. ഒരു ശിൽപം പോലെയല്ല മറ്റൊരു ശിൽപം പൂർത്തിയായി വരുന്നത്. ഉദാഹരണത്തിന് ‘എ’ എന്ന അക്ഷരത്തെ കുറിക്കുന്ന ഏകപാദാദേവിക്ക് ഇരുപതു കൈകൾ ഉണ്ട്. ഇവ ഓരോന്നും സൂക്ഷ്മമായി കൊത്തിയെടുക്കേണ്ടിയിരുന്നു. ഓരോ ശിൽപവും ഉപാസനയുടെ ചിഹ്നങ്ങൾ പേറുന്നവയാണ്. സരസ്വതിയുടെ കയ്യിലുള്ള വീണയും സ്ഫടികമാലയും വാഹനമായ ഹംസവും ഉപാസനയുടെ ചിഹ്നങ്ങളാണ്. 

മനുഷ്യശരീരത്തിലെ ശിരസ്സിനു സമാനമാണ് സരസ്വതിയുടെ വീണയുടെ ശിരോഭാഗം. മനുഷ്യനു നട്ടെല്ലും വീണയ്ക്ക് ഉദരവുമുണ്ട്. മുഖവും മൂക്കും കണ്ണും ഉള്ളതു പോലെ വീണയ്ക്കു സുഷിരങ്ങളുണ്ട്. കമ്പികൾക്കു സമാനമായി നട്ടെല്ലിലുള്ള ഇഡ, സുഷുമ്ന പിംഗള തുടങ്ങി ഏഴു നാഡികൾക്കും സ, രി, ഗ, മ, പ, ധ, നി എന്ന സപ്തസ്വരങ്ങളാണ്. ഇത്തരം അറിവുകൾ ഉൾച്ചേർത്താണ് ഓരോ അക്ഷരദേവതയെയും സൃഷ്ടിക്കേണ്ടിയിരുന്നത്. ഒരാൾ തന്റെ സാധനയിലൂടെയും ഭക്തിയിലൂടെയും വീണയായിത്തീരുമ്പോൾ അയാളുടെ വാക്കുകൾക്കും എഴുത്തിനും ജീവിതത്തിനും മാധുര്യവും മൂല്യവും ഏറുന്നു. മലയാള അക്ഷരമാല പഠിച്ചും വരച്ചുകിട്ടിയ ദേവിമാരുടെയും ചിത്രങ്ങൾ കണ്ടുമാണു വേല ആരംഭിച്ചത്. 31 ശിൽപികളാണ് അക്ഷരദേവീ ശിൽപ നിർമാണത്തിൽ പങ്കാളികളായിട്ടുള്ളത്. 

‘ലോകത്ത് മറ്റൊരു ഭാഷയിലും അക്ഷരസങ്കൽപത്തെ ഇതേപോലെ ബൃഹത്തായി ശിൽപരൂപത്തിൽ അവതരിപ്പിച്ചതായി അറിവില്ലെന്ന് എം.എസ്. ഭുവന ചന്ദ്രൻ പറയുന്നു. തിരുവനന്തപുരത്തു വെങ്ങാനൂർ ചാവടിനട  പൗർണമി കാവ് ക്ഷേത്രസമുച്ചയത്തിലാണ് അക്ഷരദേവതാ ശിൽപങ്ങൾ സ്ഥാപിക്കുക. 

Content Highlight: Malayalam letters sculpture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com