ADVERTISEMENT

1971 സെപ്റ്റംബർ 17

പകൽ 11.

കൊടുങ്ങല്ലൂർ എറിയാട് കേരളവർമ സ്കൂളിനു മുന്നിൽ എസ്എഫ്ഐ– കെഎസ്‌യു സംഘർഷം. സ്കൂളിന്റെ തൊട്ടരികിലുള്ള ഐക്യവിലാസം വീട്ടിൽ നിന്ന് മുൻ എംഎൽഎ പി.കെ. അബ്ദുൽ ഖാദർ സംഭവസ്ഥലത്തേക്കെത്തുന്നു. പോകരുതെന്നു പലരും പറഞ്ഞെങ്കിലും കൂസാതെയുള്ള വരവ്. സംഘർഷത്തിനിടെ കത്തിയെടുത്ത ഒരാളെ അബ്ദുൽ ഖാദർ പിടിച്ചുനിർത്തി. പിന്നീടു കേട്ടത് വെടിയൊച്ചയാണ്. 

ആൾക്കൂട്ടത്തിനു മുന്നിൽ പി.കെ. അബ്ദുൽഖാദർ എന്ന മുൻ കൊടുങ്ങല്ലൂർ എംഎൽ‌എ വീഴുമ്പോൾ ശരീരത്തിൽ നാലു വെടിയുണ്ടകൾ. ഒന്ന്, വലതുകണ്ണിനരികിൽ. ഒന്നു വായിൽ. മറ്റൊന്നു വയറ്റിൽ, അവസാനത്തേതു പിൻഭാഗത്ത് അരക്കെട്ടിലും.

അബ്ദുൽഖാദറിന്റെ സഹായിയും സുഹൃത്തുമായിരുന്ന അഹമ്മു(24)വിനു വെടിയേറ്റതു കഴുത്തിലാണ്. അഹമ്മു നിൽക്കാതെ ഓടി. ഒരു ഫർലോങ് (200 മീറ്ററിലേറെ) ദൂരത്തു വഴിയിലെവിടെയോ വീണു. അനുയായികൾ ‌തപ്പിപ്പിടിച്ചെത്തി അഹമ്മുവിനെ തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. അബ്ദുൽ ഖാദറിനെ കൊടുങ്ങല്ലൂർ ആശുപത്രിയിലും. 

എറിയാട്  മണപ്പാട്ട് തറവാട് ഇപ്പോൾ. ഇവിടേക്കാണ് അബ്ദുൽഖാദറിന്റെ മൃതദേഹം  കൊണ്ടുവന്നത്. ചിത്രം: റസൽ ഷാഹുൽ ∙ മനോരമ
എറിയാട് മണപ്പാട്ട് തറവാട് ഇപ്പോൾ. ഇവിടേക്കാണ് അബ്ദുൽഖാദറിന്റെ മൃതദേഹം കൊണ്ടുവന്നത്. ചിത്രം: റസൽ ഷാഹുൽ ∙ മനോരമ

മരണത്തിലേക്ക് ഒരു മരണമൊഴിയുടെ മാത്രം ദൂരമേ ഉണ്ടായിരുന്നുള്ളൂ ഇരുവർക്കും. രാഷ്ട്രീയ വൈരത്തിന്റെ തോക്കിൽ, കുടുംബ വൈരത്തിന്റെ ബുള്ളറ്റ് പാഞ്ഞതായിരുന്നു ആ  വെടിയൊച്ച. ആ ശബ്ദം ഈ 17ന് അരനൂറ്റാണ്ട് കടന്നു പോകുന്നു. 

കേരളത്തിലെ പ്രമുഖ കോൺഗ്രസ് പ്രവർത്തകനായിരുന്നു പി.കെ. അബ്ദുൽ ഖാദർ എംഎൽഎ 52–ാം വയസ്സിൽ മരിക്കുമ്പോൾ പക്ഷേ, പുതപ്പിക്കപ്പെട്ടത് ചെങ്കൊടി. അബ്ദുൽഖാദർ ഇപ്പോൾ സിപിഎമ്മിന്റെ രക്തസാക്ഷിപ്പട്ടികയിലൊരാൾ!

അബ്ദുൽഖാദർ; ഐക്യവിലാസം

കേരള മുസ്‌ലിം ഐക്യസംഘം എന്ന മുസ്‌ലിം നവോത്ഥാന പ്രസ്ഥാനം രൂപം കൊണ്ട എറിയാട് മണപ്പാട്ട് തറവാട്ടിലാണ് അബ്ദുൽഖാദർ ജനിച്ചത്. 1921 മാർച്ച് 17ന്. മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയെന്ന നവോത്ഥാന നായകന്റെ മകൻ. 

അബ്ദുൽഖാദർ പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. 1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിനു സ്കൂളിൽ നിന്നു പുറത്താക്കപ്പെട്ടു. കോൺഗ്രസ് പ്രവർത്തകനായി. 1960 മുതൽ 3 വർഷം ജില്ലാ കോൺഗ്രസ് അധ്യക്ഷനായി. 1954ലും 61ലും കൊടുങ്ങല്ലൂരിൽ നിന്ന് എംഎൽഎ ആയി. 

തിരഞ്ഞെടുപ്പു പ്രചാരണം ഉദ്ഘാടനം ചെയ്യാൻ ജവാഹർലാൽ െനഹ്റു വന്നതൊക്കെ ഇപ്പോഴും കൊടുങ്ങല്ലൂരിലെ പഴമക്കാരുടെ മനസ്സിലുണ്ട്. 

കോൺഗ്രസിൽ കരുണാകരൻ പക്ഷത്തിനെതിരെ നിലയുറപ്പിച്ചു പാളയത്തിൽ പട നയിച്ചതും അബ്ദുൽഖാദർ ആയിരുന്നു. കോ‌ൺഗ്രസിലെ പടലപിണക്കവും കേസുകളും. 

ഡിസിസി പ്രസിഡന്റ് പദവിയിലിരുന്ന കെപിസിസി അംഗമായ തന്നെ അച്ചടക്കവിരുദ്ധ പ്രവർത്തനം ആരോപിച്ചു പുറത്താക്കുക കൂടി ചെയ്തതോടെ അബ്ദുൽഖാദർ വേദനയോടെ ആ തീരുമാനമെടുത്തു: കോൺഗ്രസ് വിടുക. ആ തീരുമാനമെടുത്ത ദിവസം അബ്ദുൽഖാദറിന്റെ കണ്ണു നിറഞ്ഞതായി ഭാര്യ ഫാത്തിമ മക്കളോടു പറഞ്ഞിട്ടുണ്ട്. 

സിപിഎമ്മിൽ ചേർന്ന് അധികം വൈകിയില്ല. അതിനു മുൻപേ ആ ചോര വീണു. ഐക്യവിലാസം എന്നു വീട്ടുപേരുള്ള, പിച്ചവച്ചു വളർന്ന മണപ്പാട്ട് തറവാടിന്റെ വിളിപ്പാടകലെ നിന്നു കേട്ട വെടിയൊച്ച ആ ജീവനെടുത്തു. സംഘർഷം പടർന്നു. കൊടുങ്ങല്ലൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നാലു വെടിയുണ്ടകൾ പതിച്ച മ‌ൃതദേഹം പിറ്റേന്ന് ഈ വീട്ടുമുറ്റത്തേക്ക് എത്തിച്ചത് ഒരു ലോറിയിലാണ്. ചെങ്കൊടി പുതപ്പിച്ച്, കറുത്ത കൊടികൾ കുത്തിയ ലോറിയിൽ. ആയിരക്കണക്കിനാളുകളുടെ ഇരമ്പത്തോടെ. ആരും താമസമില്ലെങ്കിലും ആ തറവാട് ഇപ്പോഴും നിലാവിലെന്ന പോലെ പ്രകാശിച്ചു നിൽക്കുന്നുണ്ട്.

കൊടുങ്ങല്ലൂർ എറിയാട് കേരള വർമ സ്കൂളിനു മുന്നിൽ പി.കെ.അബ്ദുൽ ഖാദർ വെടിയേറ്റു മരിച്ച സ്ഥലത്ത് സിപിഎം സ്ഥാപിച്ച സ്മാരകം.
കൊടുങ്ങല്ലൂർ എറിയാട് കേരള വർമ സ്കൂളിനു മുന്നിൽ പി.കെ.അബ്ദുൽ ഖാദർ വെടിയേറ്റു മരിച്ച സ്ഥലത്ത് സിപിഎം സ്ഥാപിച്ച സ്മാരകം.

കൊലയ്ക്കു പിന്നിൽ?

വെടിയേറ്റു വീണ അബ്ദുൽ ഖാദർ കൊടുങ്ങല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടയുടൻ മജിസ്ട്രേട്ട് മൊഴിയെടുക്കാനെത്തി. വെടിവച്ചവരുടെ പേരുകൾ പറയും മുൻപേ അബ്ദുൽഖാദർ പറഞ്ഞതിങ്ങനെ: ‘ഞാനൊരു രാഷ്ട്രീയ പ്രവർത്തകനാണ്, ഇതൊക്കെ സംഭവിക്കും’. അതായിരുന്നു മരണമൊഴി. ഒരു ധീരനു മാത്രം പറയാവുന്നത്. ആ മൊഴിയെടുത്തു തീരും മുൻപ്, മജിസ്ട്രേട്ടിന്റെ കൺമുന്നിലായിരുന്നു അബ്ദുൽഖാദറിന്റെ മരണം.

അതേസമയത്ത് ജില്ലാ ആശുപത്രിയിൽ അഹമ്മുവിന്റെയും മരണമൊഴി രേഖപ്പെടുത്തുകയായിരുന്നു. ഇരുവരും പ്രതികളുടെ പേരുകളും പറഞ്ഞശേഷമാണു മരിക്കുന്നത്. 

കെ. അബ്ദുൽ സലാം, കെ. റഷീദ് എന്നീ സഹോദരന്മാർ, മടവന പടിഞ്ഞാറേവീട്ടിൽ പി.കെ. ഹൈദ്രോസ്, സഹോദരൻ പി.കെ. മുഹമ്മദലി, പടിഞ്ഞാറേ വെല്ലൂർ സ്വദേശി കൊടിയാറ്റിൽ മുഹമ്മദ് എന്നിവർ അറസ്റ്റിലായി. ജാമ്യത്തിലിറങ്ങിയ മുഹമ്മദലിയെ പിന്നീട് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയതും ദുരൂഹമായി. ഈ പ്രതികളെ എല്ലാം കോടതി വിട്ടയച്ചു.

പി.കെ.അബ്ദുൽ ഖാദറിന്റെ മകൻ ഡോ. മുഹമ്മദ് സഈദ്
പി.കെ.അബ്ദുൽ ഖാദറിന്റെ മകൻ ഡോ. മുഹമ്മദ് സഈദ്

ഒന്നാം പ്രതി ജബ്ബാറിനെയും രണ്ടാം പ്രതി കാക്കാച്ചി മുഹമ്മദിനെയും പുണെയിൽ ഒളിവിടത്തിൽ നിന്നാണു പിടികൂടിയത്. ഇവർ മാത്രമാണു ശിക്ഷിക്കപ്പെട്ടതും.

ജബ്ബാർ, ആദ്യം പിടിയിലായ അബ്ദുൽ സലാം ഇവരൊക്കെ അബ്ദുൽ ഖാദറിന്റെ പിതാവ് കുഞ്ഞുമുഹമ്മദ് ഹാജിയുടെ സഹോദരന്റെ മക്കൾ. ആ രാഷ്ട്രീയക്കൊലപാതകത്തിനു പിന്നിൽ കാഞ്ചി വലിച്ചതു കുടുംബ വൈരമാണോ? മകൻ ഡോ. മുഹമ്മദ് സഈദിനോട് ഈ ചോദ്യം ചോദിച്ചു.

വെടിയൊച്ച പോലെ കേട്ട അനൗൺസ്മെന്റ്

സംഭവം നടക്കുമ്പോൾ എറണാകുളം ജനറൽ ആശുപത്രിയിൽ ഒരു ശസ്ത്രക്രിയ നടത്തുകയായിരുന്നു ഡോക്ടർ മുഹമ്മദ് സഈദ്. അബ്ദുൽഖാദറിന്റെ ഏകമകൻ. ആശുപത്രിയിലെ ഫോണിൽ വിളി വന്നു. അബ്ദുൽ ഖാദറിനു വയ്യ. വേഗം വീട്ടിലെത്തണം. ശസ്ത്രക്രിയ പൂർത്തിയാക്കി ഡോക്ടർ കൊടുങ്ങല്ലൂരിലേക്കു കാറിൽ പുറപ്പെട്ടു.

‘‘അന്നെനിക്ക് 24 വയസ്സേയുള്ളൂ. മനസ്സിൽ ആപത്ശങ്കകൾ ഉണ്ടായിരുന്നു. പുല്ലൂറ്റ് പാലം കടക്കുമ്പോൾ ഒരു മൈക്ക് അനൗൺസ്മെന്റ് എതിരെ വന്നു. കാറിന്റെ ചില്ലിനിടയിലൂടെ ആ ശബ്ദം വെടിയൊച്ച പോലെ കേട്ടു. ‘നാടിന്റെ പൊന്നോമനപ്പുത്രൻ പി.കെ. അബ്ദുൽഖാദറിനെ രാഷ്ട്രീയ ഗുണ്ടകൾ വെടിവച്ചു കൊന്നു’ എന്ന വാചകം.!

വാപ്പ മരിച്ചെന്ന് അറിയുന്നതപ്പോൾ. ലോകം കീഴ്മേൽ മറിയുന്നതു പോലെ തോന്നി.’ കൊടുങ്ങല്ലൂർ മെഡി കെയർ ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ടും ലാപ്രോസ്കോപിക് സർജനുമായ ഡോ. പി.എ. മുഹമ്മദ് സഈദ് ആ ദിനം ഓർമിക്കുന്നു.

അഹമ്മു (ഫയൽ ചിത്രം)
അഹമ്മു (ഫയൽ ചിത്രം)

പിറ്റേന്ന്, പോസ്റ്റ്മോർട്ടം കഴിഞ്ഞു മൃതദേഹം മണപ്പാട്ട് തറവാട്ടിലേക്കു കൊണ്ടുവന്ന നിമിഷം ഇപ്പോഴും മനസ്സിലുണ്ട്. ഒട്ടേറെ രാഷ്ട്രീയക്കാർ വന്നു താമസിച്ചിരുന്നതാണ് ഈ തറവാട്ടിൽ. പി.ടി. ചാക്കോ സമ്മർദമേറുമ്പോൾ വച്ചുപിടിച്ചിരുന്നത് അബ്ദുൽഖാദറിന്റെ തറവാട്ടിലേക്കാണ്. അവിടെ താമസിച്ച് കുളത്തിൽ നീന്തിക്കുളിച്ചു കയറുമ്പോൾ മനസ്സ് ശാന്തമാകും. 

രാഷ്ട്രീയമോ, കുടുംബ വൈരമോ കൊലപാതക കാരണമെന്നു ചോദിച്ചപ്പോൾ ഡോക്ടർ ആശുപത്രിയിലെ പരിശോധനാ മുറിയിലിരുന്നു പറഞ്ഞു:

‘മൾട്ടിപ്പിൾ റീസൺസ്. ഇതു രണ്ടും അതിൽപെടും’ കൂടുതലൊന്നും പറഞ്ഞ് ആരെയും വേദനിപ്പിക്കാനില്ല. ഒരു ഹൃദയാഘാതത്തിനു പിന്നിൽ കൊളസ്ട്രോളും രക്തസമ്മർദവും ഒരുപോലെ കാരണമാകുന്നതു പോലെ...

ചോര ചുവപ്പിച്ച സ്തൂപം

അതു രാഷ്ട്രീയ കൊലപാതകമായിത്തന്നെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഡിസിസി പ്രസിഡന്റ് സിപിഎമ്മിൽ ചേർന്നതിന്റെ രാഷ്ട്രീയ പ്രതികാരം കോൺഗ്രസ് തീർത്തതാണെന്നു കമ്യൂണിസ്റ്റ് നേതാക്കളായ ഇ.കെ. ഇമ്പിച്ചിബാവയും അഴീക്കോടൻ രാഘവനും ആരോപിച്ചു. 

സിപിഎം അതേറ്റെടുത്തു. മണപ്പാട്ട് തറവാടിന്റെ ‘ഒരു വെടിയൊച്ച അകലെ’യുള്ള രക്തസാക്ഷി സ്തൂപത്തിലേക്ക് എല്ലാ വർഷവും സെപ്റ്റംബർ 17നു സിപിഎം റാലി നടത്താറുണ്ട്. 

പിണറായി വിജയൻ നടത്തിയ കേരളയാത്രയിൽ രക്തസാക്ഷികളുടെ കുടുംബത്തെ ആദരിച്ചപ്പോൾ ഡോ. മുഹമ്മദ് സഈദിനെയും അഹമ്മുവിന്റെ ഭാര്യ റാബിയയെയും പങ്കെടുപ്പിച്ചിരുന്നു. 

അതേസമയം, പാർട്ടിയുടെ ഏരിയാ സമ്മേളനത്തിൽ പലതവണ ആവശ്യമുയർന്നിട്ടും അദ്ദേഹത്തിന്റെ ചോര വീണ ചന്തപ്പുര– എറിയാട് റോഡിന് പി.കെ. അബ്ദുൽഖാദറിന്റെയും അഹമ്മുവിന്റെയും പേരിടണമെന്ന നിർദേശം പാർട്ടി നഗരസഭ ഭരിച്ചിട്ടും നടപ്പായിട്ടുമില്ല.

മനപ്പൂർവമല്ല; അദ്ദേഹത്തെ ലക്ഷ്യമിട്ടതുമല്ല: ഒന്നാം പ്രതി

‘അങ്ങനെ സംഭവിച്ചു പോയി. അപ്പോഴത്തെ സംഘർഷാവസ്ഥയിൽ സംഭവിച്ചു പോയതാണ്. ഒന്നും നിഷേധിക്കുന്നില്ല. പക്ഷേ, മനപ്പൂർവമല്ല, അബ്ദുൽഖാദറിനെ ലക്ഷ്യമിട്ടു വന്നു ചെയ്തതുമല്ല’’ കേസിലെ ഒന്നാം പ്രതിയായി ജീവപര്യന്തം ശിക്ഷ അനുഭവിച്ചു തിരിച്ചുവന്ന മണപ്പാട്ട് ജബ്ബാർ ‘മനോരമ’യോടു പറഞ്ഞു.

അദ്ദേഹത്തിനൊപ്പം വന്ന പലരുടെയും കയ്യിൽ ഞാൻ ആയുധങ്ങൾ കണ്ടു. എന്റെ കയ്യിൽ തോക്കുണ്ടായിരുന്നു. നിയന്ത്രണം വിട്ടു ചെയ്തുപോയതിൽ വിഷമമുണ്ട്. ആളെ തിരിച്ചുകൊടുക്കാൻ പറ്റില്ലല്ലോ. പൊറുതി കിട്ടാൻ പ്രാർഥിക്കുന്നുണ്ട്.’’

സംഭവം നടക്കുമ്പോൾ ജബ്ബാറിന് 21 വയസ്സ് മാത്രം. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടെങ്കിലും എട്ടുവർഷം ജയിലിൽ കിടന്ന ജബ്ബാറിനു നായനാർ സർക്കാർ 82ൽ ശിക്ഷ ഇളവു നൽകി. ഇപ്പോൾ കൊടുങ്ങല്ലൂരിലുണ്ട്.

വിദ്യാർഥി സംഘർഷം അറിഞ്ഞാണ് അവിടേക്കു പോയതെന്നു ജബ്ബാർ. ആ പോക്ക് ജീവിതം തന്നെ മാറ്റിമറിച്ചു; ജബ്ബാറിന്റെയും വലിയ ഉയരങ്ങളിലെത്തേണ്ടിയിരുന്ന കരുത്തനായ നേതാവ് അബ്ദുൽഖാദറിന്റെയും.

അഹമ്മുവിന്റെ മകൾ സുൽഫത്ത് വാപ്പ കൊല്ലപ്പെട്ടതിനെക്കുറിച്ചു പറയുന്നു.
അഹമ്മുവിന്റെ മകൾ സുൽഫത്ത് വാപ്പ കൊല്ലപ്പെട്ടതിനെക്കുറിച്ചു പറയുന്നു.

വാപ്പയെ കാണാൻ കഴിഞ്ഞില്ല: അഹമ്മുവിന്റെ മകൾ

അന്നെനിക്ക് 90 ദിവസം മാത്രമാണു പ്രായം. വാപ്പയെ കണ്ടിട്ടേയില്ല. ഞങ്ങളുടെ അത്താണിയാണു നഷ്ടപ്പെട്ടത്.’’ പി.കെ. അബ്ദുൽ ഖാദറിനൊപ്പം കൊല്ലപ്പെട്ട അഹമ്മുവിന്റെ മകൾ സുൽഫത്ത് പറയുന്നു. അഹമ്മുവിന് 2 വയസ്സുള്ള മകനുമുണ്ടായിരുന്നു. മുഹമ്മദ് സഗീർ. 15 വർഷം മുൻപു മരിച്ചു. അഹമ്മു കൊല്ലപ്പെട്ടു കഴിഞ്ഞപ്പോൾ റാബിയ വിധവയായി.

അഹമ്മുവിന്റെ അനുജൻ കുഞ്ഞുമുഹമ്മദിനോടു വാപ്പ പറഞ്ഞു: നീ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ റാബിയയെ കെട്ടണം. അവൾ വിധവയായി നിൽക്കാൻ പാടില്ല. അങ്ങനെ ആ കല്യാണം നടന്നു. അതിൽ 2 മക്കളുണ്ട്. അന്നു റാബിയയുടെ കയ്യിലുണ്ടായിരുന്ന സ്വർണവും പാർട്ടി പിരിച്ചെടുത്ത പണവുമുപയോഗിച്ചു സുൽഫത്തിന്റെയും സഗീറിന്റെയും പേരിൽ 10 സെന്റ് വീതം സ്ഥലം വാങ്ങി നൽകിയിരുന്നു. ഇപ്പോഴും രക്തസാക്ഷിത്വ ദിനത്തിൽ ഇവരെ ചടങ്ങുകളിലേക്കു ക്ഷണിക്കുന്നുമുണ്ട്. 

Content Highlight: P.K. Abdul Kahder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com