‘പ്രമാണി’മാരെ പിന്തള്ളി ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ക്യാപ്റ്റൻ; നായകൻ നായിഡു

ck-nayudu-1248
സി.കെ. നായിഡ‍ു
SHARE

ഇന്ത്യൻ ക്രിക്കറ്റിൽ ‘ഇരട്ട ക്യാപ്റ്റൻസി’ ചർച്ചയാകുമ്പോൾ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് നായകൻ കേണൽ സി. കെ. നായിഡുവിന്റെ നിയമനത്തിനു പിന്നിലെ കഥ വായിക്കാം. നാട്ടുരാജാക്കൻമാരുടെ അപ്രമാദിത്തം ഇന്ത്യൻ ക്രിക്കറ്റിൽ നിറഞ്ഞുനിന്ന കാലത്ത് ‘പ്രമാണി’മാരെ പിന്തള്ളി ആദ്യ നായകനായത് സാധാരണക്കാരനായ നായിഡുവാണ്.

സ്വാതന്ത്ര്യത്തിനു മുൻപേ, 1932ൽ ടെസ്റ്റ് പദവി സ്വന്തമാക്കിയതിലൂടെ ഇന്ത്യയുടെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റത്തിനു വഴിതുറക്കപ്പെട്ടു. ഇതിനായി ഏറെ വിയർപ്പൊഴുക്കിയതും പണമെറിഞ്ഞതും ക്രിക്കറ്റ് താരങ്ങളായ ഒരുപറ്റം നാട്ടുരാജാക്കൻമാരായിരുന്നു. അക്കാലത്തു ക്രിക്കറ്റ് ടീമിൽ രാജകുടുംബാംഗങ്ങൾക്കായിരുന്നു അവസരമേറെ ലഭിച്ചിരുന്നത്. 

1932ൽ ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റ് പര്യടനത്തിന് അവസരം ലഭിച്ചു. ഇംഗ്ലണ്ട് ആയിരുന്നു വേദി. ഒരു ടെസ്‌റ്റ് ഉൾപ്പെടെ 26 മൽസരങ്ങൾ. ടീമിനെ തിരഞ്ഞെടുക്കും മുൻപേ ആരായിരിക്കണം ഇന്ത്യൻ നായകനെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) ചർച്ച ആരംഭിച്ചിരുന്നു. ടീമിന്റെ പരിശീലനം സംഘടിപ്പിച്ചതും പണം മുടക്കിയതും പട്യാല മഹാരാജാവ് ഭുപീന്ദർ സിങ് രജിന്ദർസിങ് ആണ്. ഇംഗ്ലണ്ടിലേക്കുള്ള യാത്രയുടെ മുഴുവൻ ചെലവുകളും അദ്ദേഹം തന്നെ മുടക്കാമെന്നേറ്റു. അങ്ങനെ, പട്യാല മഹാരാജാവിനെ ക്യാപ്റ്റനായും ലിമ്പിഡി രാജകുമാരൻ കെ. എസ്. ഗാൻശ്യാംസിങ്ങിനെ ഡപ്യൂട്ടി ക്യാപ്റ്റനായും വിജയനഗരത്തിലെ രാജകുമാരൻ ഡോ. ഗജപതിരാജ വിജയ ആനന്ദ് എന്ന വിസ്സിയെ ഡപ്യൂട്ടി വൈസ് ക്യാപ്റ്റനായും നിയമിച്ചു. സ്വാതന്ത്ര്യസമരവും നാട്ടുരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും അനാരോഗ്യവും മൂലം പട്യാല മഹാരാജാവ് പിന്തിരിഞ്ഞു. തന്നെ നായകനാക്കാത്തതിൽ പ്രതിഷേധിച്ച് വിസ്സിയും പിൻമാറി. 

ck-naidu-indian-cricket-team
1932ലെ ഇംഗ്ലണ്ട് പര്യടനത്തിൽ പങ്കെടുത്ത ഇന്ത്യൻ ക്രിക്കറ്റ് ടീം. നടുക്ക് ഇരിക്കുന്നവരിൽ കേണൽ സി. കെ. നായിഡു (ഇടതുനിന്ന് രണ്ടാമത്), പോർബന്തർ മഹാരാജാവ് നട്‌വർസിങ്‌ജി ഭാവ്‌സിങ്‌ജി (ഇടതുനിന്ന് മൂന്നാമത്), ലിമ്പിഡി രാജകുമാരൻ കെ. എസ്. ഗാൻശ്യാംസിങ് (ഇടതുനിന്ന് നാലാമത്)

വിവാദം ഉയർന്നതോടെ മാർച്ച് 15ന് പുതിയ ഇന്ത്യൻ ടീമിനെ ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചു. പോർബന്തർ മഹാരാജാവ് നട്‌വർസിങ്‌ജി ഭാവ്‌സിങ്ജിയോട് ക്യാപ്‌റ്റനാകാൻ ബിസിസിഐ ആവശ്യപ്പെട്ടു. എന്നാൽ, ജൂൺ 25ന് ലോഡ്‌സിൽ നടന്ന ഇന്ത്യയുടെ അരങ്ങേറ്റ ടെസ്‌റ്റിൽ കേണൽ കോട്ടാരി കനകയ്യ നായിഡു എന്ന സി. കെ. നായിഡു ഇന്ത്യയുടെ നായകനായി. ഇന്ത്യയുടെ ആദ്യത്തെ ടെസ്‌റ്റ് ക്യാപ്‌റ്റൻ. പര്യടനത്തിലെ ഏക ടെസ്‌റ്റായ ആ മൽസരത്തിലാവട്ടെ പോർബന്തർ മഹാരാജാവോ ലിമ്പിഡി രാജകുമാരനോ കളിച്ചതുമില്ല. ക്രിക്കറ്റിൽ വലിയ നേട്ടമൊന്നും ഇല്ലാത്ത പോർബന്തർ മഹാരാജാവ് പിൻവാങ്ങുകയായിരുന്നത്രേ! ലിമ്പിഡിയിലെ രാജകുമാരൻ പരുക്കുമൂലവും പിന്മാറി. അങ്ങനെയാണു സി.കെ. നായിഡു നായകനായത്. 

കേണൽ സി. കെ. നായിഡു (1895–1967)

ആന്ധ്രാപ്രദേശിൽനിന്നു നാഗ്‌പുരിലേക്കു കുടിയേറിയ കുടുംബത്തിലാണു ജനനം. ഹോൾക്കർ മഹാരാജാവിന്റെ സേനയിൽ അംഗമായതോടെയാണു കേണൽ പദവി കൈവന്നത്. ആറടി പൊക്കമായിരുന്നു അദ്ദേഹത്തിന്റെ ആകർഷണീയത. നാലു മൽസരങ്ങളിൽ ക്യാപ്‌റ്റനായ നായിഡു, മൂന്നിലും തോൽവി ഏറ്റുവാങ്ങി. ഒന്നു സമനിലയായി. 48 വർഷം നീണ്ടുനിന്ന നായിഡുവിന്റെ ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിച്ചത് 68–ാം വയസ്സിലാണ്. ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ 207 മത്സരങ്ങളിൽനിന്ന് 12,785 റൺസ്. 411 വിക്കറ്റുകൾ. 1956ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. 1967ൽ അന്തരിച്ചു.

English Summary: CK Nayudu, first captain of Indian cricket team, life and career

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA