ADVERTISEMENT

ശരീരസൗന്ദര്യവും ഗുസ്തിയും കൊണ്ട് കായികലോകം വെട്ടിപ്പിടിച്ച മനുഷ്യൻ പിന്നീട് ജീവിതവഴിയിൽ ഈശ്വരനെ തേടി. ബ്രഹ്മശ്രീ ഹനുമാൻസ്വരൂപ സ്വാമി മഹാരാജയെന്ന പേരു സ്വീകരിക്കും മുൻപ്  ഗുസ്തി ചാംപ്യനും ദേശീയ പരിശീലകനുമായിരുന്നു എൻ. കാർത്തികേയൻ നായർ. ഇഷ്ടമൂർത്തിയായ ഹനുമാൻ സ്വാമിക്കായി ക്ഷേത്രം നിർമിച്ച് അതിൽ സമാധിമണ്ഡപമൊരുക്കി മോക്ഷം കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം, ആവേശം ജ്വലിച്ചുനിന്ന ഗോദയിൽനിന്ന് ആത്മീയതയുടെ പ്രകാശവഴികൾ തേടിപ്പോയൊരു തീർഥയാത്രകൂടിയാണ്. 

1960 ലെ അ‍ഞ്ചാമത് കേരള സ്പോർട്സ് ഫെസ്റ്റിവൽ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിനു നടുവിലെ ഗോദയിൽ പകൽച്ചൂടിനെ നിഷ്പ്രഭമാക്കി ഗുസ്തി മത്സരത്തിന്റെ ‘ചൂടൻ ഇടി’ പൊടിപൊടിക്കുന്നു. കാണികളുടെ ആർപ്പുവി‌ളികൾ അലകടലായി; മിന്നൽ വേഗത്തിൽ എതിരാളിയെ എടുത്തുയർത്തി വായുവിലൊന്നു വട്ടംകറക്കി മലർത്തിയടിച്ച് എൻ. കാർത്തികേയൻ നായർ എന്ന യുവാവ് ചാംപ്യനായി.

hanuman-maharaja-1
എൻ. കാർത്തികേയൻ നായർ. (ഫയൽ ചിത്രം)

മത്സരം കാണാൻ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയും ഉണ്ടായിരുന്നു. വിജയത്തിന്റെ കാർത്തികദീപം തെളിഞ്ഞപ്പോൾ ഇരിപ്പിടത്തിൽനിന്നു ചാടിയെഴുന്നേറ്റ്, അദ്ദേഹം നേരേ ഗോദയിലെത്തി; ചാംപ്യനെ ചേർത്തുനിർത്തി അഭിനന്ദിച്ചു.

ശരീരസൗന്ദര്യം, ഗുസ്തി, വെയ്റ്റ് ലിഫ്റ്റിങ്, ജിംനാസ്റ്റിക്സ് തുടങ്ങിയ ഇനങ്ങളിലെല്ലാം സമ്മാനം നേടിയ കാർത്തികേയൻ, ഏറ്റവും കൂടുതൽ പോയിന്റ് നേടി ചാംപ്യനായി. തിരുവനന്തപുരം ജില്ലയ്ക്കു ലഭിച്ച 78 പോയിന്റിൽ മുപ്പത്തിനാലും നേടിയത് കാർത്തികേയൻ ഒറ്റയ്ക്ക്.

ട്രോഫികൾ സ്വീകരിക്കാൻ വീണ്ടും വീണ്ടും കാർത്തികേയൻ എത്തിയപ്പോൾ പട്ടം താണുപിള്ളയുടെ കുസൃതിച്ചോദ്യം: ‘ഈ സമ്മാനമെല്ലാം ഒരാൾതന്നെ വാങ്ങിച്ചു കൊണ്ടുപോയാൽ മതിയോ?’– കാർത്തികേയനൊപ്പം സ്റ്റേഡിയവും ആ ചോദ്യച്ചിരിയിൽ മുങ്ങി.

നാലാംക്ലാസും മെയ്ക്കരുത്തുംകൊണ്ട് കേരളത്തിന്റെ കായിക ചരിത്രത്തിൽ വ്യക്തിമുദ്ര പതിച്ച കാർത്തികേയൻ നായർ, പിന്നീടു കേരള സ്പോർട്സ് കൗൺസിലിന്റെയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ആദ്യ പരിശീലകരിൽ ഒരാളായി.എന്നാൽ, പഴയ ഗുസ്തി ചാംപ്യനെ തേടിച്ചെന്നാൽ ഇന്നു കാണുക കാഷായവേഷം ധരിച്ച ബ്രഹ്മശ്രീ ഹനുമാൻ സ്വരൂപ സ്വാമി മഹാരാജയെയാണ്. തിരുവനന്തപുരം കഴക്കൂട്ടത്തു സ്വന്തമായി ഹനുമാൻ സ്വാമിയുടെ ക്ഷേത്രവും സമാധി മണ്ഡപവും പണിത് മരണവും കാത്തിരിക്കുന്ന എൻ. കാർത്തികേയൻ നായരുടെ ജീവിതം മണൽത്തരികളെ ത്രസിപ്പിച്ച ഗോദയിൽനിന്ന് ആത്മീയതയുടെ വഴിയിലേക്കുള്ള പ്രയാണമാണ്.

കുട്ടിക്കാലത്തെ ഉരുളൻ കല്ലുകൾ

ആലപ്പുഴ മറ്റത്തെ കുടുംബത്തിൽ നാരായണക്കുറുപ്പ്–കാർത്ത്യായനി അമ്മ ദമ്പതികളുടെ 10 മക്കളിൽ ആറാമനാണ് കാർത്തികേയൻ. അച്ഛനു മുണ്ടക്കയത്തു ചായക്കടയുണ്ടായിരുന്നു. ഇതിൽനിന്നുള്ള വരുമാനത്തിലാണ് 12 അംഗങ്ങളുള്ള കുടുംബം കഴിഞ്ഞിരുന്നത്. പഠിക്കാൻ ഏറെ ഇഷ്ടമായിരുന്നു കാർത്തികേയന്. വീട്ടിലെ സാഹചര്യം കാരണം നാലാം ക്ലാസിൽ പഠനം നിർത്തി. അച്ഛനെ സഹായിക്കാൻ മുണ്ടക്കയത്തേക്കു പറിച്ചുനട്ടു.

വലിയ ഉരുളൻ കല്ലുകൾ പൊക്കിയെടുത്ത്, കൈക്കരുത്ത് പരീക്ഷിക്കുന്നതും ഉയർത്തിക്കെട്ടിയ മരച്ചില്ലയിൽ തൂങ്ങി ആടികളിക്കുന്നതുമെല്ലാം കുട്ടി കാർത്തികേയന്റെ ഇഷ്ടങ്ങളായിരുന്നു. മെയ്ക്കരുത്തും കൈക്കരുത്തും കെട്ടുപിണയുന്ന കായിക വിനോദങ്ങളിലേക്കു കാർത്തികേയനെ വഴി നടത്തിയതും ആ കുട്ടിക്കാല ഹരങ്ങളാണ്.

ചാരായ ഷാപ്പിലെ ‘വെയ്റ്റർ’

തൊടുപുഴയിലെ ചാരായഷാപ്പിൽ കുപ്പി എടുത്തു കൊടുക്കലായിരുന്നു ആദ്യ ജോലി. പിന്നീട്, കൊല്ലത്തു ഹോട്ടലിൽ രാത്രിയിൽ ബില്ലെഴുത്തുകാരനായി. കേശവൻ നായർ എന്ന അമ്മാവനാണ് നല്ല ശരീരമാണെന്നു പറഞ്ഞ് ജിംനേഷ്യത്തിലേക്ക് ആദ്യമായി കൂട്ടിക്കൊണ്ടു പോയത്. അന്നു വയസ്സ് 15. ഇഷ്ടങ്ങളോടു ചേർന്നു നിൽക്കുന്ന പുതിയൊരു ലോകമായിരുന്നു കാർത്തികേയനു ജിംനേഷ്യം. ഹോട്ടലിലെ ബില്ലെഴുത്ത് രാത്രിയിലായതിനാൽ പകൽ 6–7 മണിക്കൂർ വരെ പലവിധ അഭ്യാസങ്ങളും പരിശീലനവുമായി ജിമ്മിൽ ചെലവഴിച്ചു. അങ്ങനെയാണ് ഗുസ്തിയിലേക്കുള്ള രംഗപ്രവേശം. അന്നൊക്കെ മൺ‌ഗോദയാണ്. മണ്ണിൽ കിടന്നു മല്ലിട്ടാണ് ശരീരത്തിലെ ചുണങ്ങു മാറിയതെന്നു കാർത്തികേയൻ പറയുന്നു.

ബസിലെ പ്രണയവും പാറുക്കുട്ടിയും

കുറച്ചുനാൾ സ്വകാര്യ ബസിൽ കണ്ടക്ടറായി. ജിമ്മിലെ കഠിന പരിശീലനത്തിലൂടെ നല്ല ശരീരവടിവു നേടിയ കാർത്തികേയൻ ചെറുപ്പക്കാർക്കിടയിൽ ശ്രദ്ധാകേന്ദ്രമായി. ബസിൽ കയറുന്ന സ്ത്രീകളോടൊക്കെ ചിരിക്കുകയും വർത്തമാനം പറയുകയും ചെയ്യും. കൂട്ടത്തിൽ തന്നെ ശ്രദ്ധിക്കാത്ത പെൺകുട്ടിയെ കാർത്തികേയൻ പ്രത്യേകം ശ്രദ്ധിച്ചു; വിവരങ്ങൾ തിരക്കി. അടുത്തൊരു സ്ഥാപനത്തിലെ ടൈ‍പ്പിസ്റ്റാണ്. പേര് പാറുക്കുട്ടി. ഇഷ്ടം കൂടിയതോടെ വീടു തേടിപ്പോയി, താൽപര്യം അറിയിച്ചു. വൈകാതെ വിവാഹം നടന്നു.

മത്സരങ്ങൾ, വഴിത്തിരിവുകൾ

സംസ്ഥാന സ്പോർട്സ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ നിർബന്ധിച്ചതു സുഹൃത്തുക്കളായിരുന്നു. ഗുസ്‍തി, ജിംനാസ്റ്റിക്സ്, ഭാരോദ്വഹനം, ബോഡി ബിൽഡിങ് എന്നിങ്ങനെ വിവിധ ഇനങ്ങളിൽ മത്സരിച്ചു. ഫലം വന്നപ്പോൾ ശരീര സൗന്ദര്യ മത്സരത്തിനു മാത്രം രണ്ടാം സ്ഥാനം. മറ്റെല്ലാറ്റിനും ഒന്നാം സ്ഥാനം. ‘മലയാള മനോരമ’ ഉൾപ്പെടെയുള്ള പത്രങ്ങളിൽ വാർത്തയും ചിത്രവും പ്രസിദ്ധീകരിച്ചു.

പിന്നീടു മത്സര വേദികളിലെ സ്ഥിരം സാന്നിധ്യമായി. തുടർച്ചയായി ഏഴുവർഷം സംസ്ഥാന ഗുസ്തി ചാംപ്യനായി. ദേശീയ ചാംപ്യൻഷിപ്പുകളിൽ കേരളത്തെ പ്രതിനിധീകരിച്ചു. ജിംനാസ്റ്റിക്സ് മത്സരങ്ങളിലും ഒരു കൈ നോക്കി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കായിക മന്ത്രി അമൃത് കൗർ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരെ കൊണ്ടുവന്നു ദേശീയ തലത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതും കാർത്തികേയനു ഗുണകരമായി. യോഗയും അഭ്യസിച്ചു.

കായിക രംഗത്തെ പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഗതാഗത വകുപ്പിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ലഭിച്ചു. പരിശീലകനായി അരങ്ങേറ്റം കുറിക്കുന്നതും അക്കാലത്താണ്. ജോലിക്കു ശേഷം സ്പോർട്സ് കൗൺസിലിലെത്തി കുട്ടികളെ പരിശീലിപ്പിച്ചു. കാർത്തികേയന്റെ പരിശീലനം പുതുപ്രതിഭകൾക്കു ഗുണകരമാണെന്നു കണ്ടതോടെ സ്പോർട്സ് കൗൺസിൽ 300 രൂപ പ്രതിമാസ ഇൻസെന്റീവും നൽകി.

 ‘ഫോളോ നായരും’ ഒന്നാം റാങ്കും'

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) പട്യാലയിൽ ജിംനാസ്റ്റിക്സിൽ ഡിപ്ലോമ കോഴ്സ് ആരംഭിച്ചുവെന്നറിഞ്ഞ് അപേക്ഷ നൽകി. 6 പേരിൽ ഒരാളായി പ്രവേശനം കിട്ടി. പക്ഷേ, ഗതാഗത വകുപ്പിൽനിന്നു പോകാൻ അനുവാദം നൽകാത്തതിനാൽ ജോലി രാജിവച്ചു. നാലാം ക്ലാസ് യോഗ്യത മാത്രമേയുള്ളൂ എന്നതായിരുന്നു അടുത്ത വെല്ലുവിളി. കായിക മികവിനു മുന്നിൽ വിദ്യാഭ്യാസ യോഗ്യതയിൽ ഇളവു കിട്ടി. പട്യാലയിൽ കോഴ്സിനു ചേരേണ്ട അതേ ദിവസമാണ് ഭാര്യ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചത്. അതോടെ 10 ദിവസം താമസിച്ചാണ് കോഴ്സിനു ചേർന്നത്. റഷ്യൻ കോച്ച് സ്‌മോളോ വ‌‌െ‌സ്കിയാണു ക്ലാസുകൾ നയിച്ചത്. റഷ്യൻ ഭാഷയിൽ‌നിന്നു ഹിന്ദിയിലേക്കു മൊഴിമാറ്റാനായി നിയോഗിക്കപ്പെട്ടതു കൊല്ലംകാരൻ ഉണ്ണിത്താൻ ആയിരുന്നു. ഹിന്ദിയറിയാത്ത കാർത്തികേയനു മലയാളത്തിൽ കാര്യങ്ങൾ വിശദീകരിച്ചു നൽകിയത് ഉണ്ണിത്താനായിരുന്നു. ജോലി രാജിവച്ചാണ് കാർത്തികേയൻ കോഴ്സിനെത്തിയതെന്ന് അറിഞ്ഞതോടെ വിവരം കേന്ദ്ര സർക്കാരിനെ അറിയിച്ചതും ഗുണകരമായി. കോഴ്സ് കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ കാർത്തികേയനെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നു കേന്ദ്രം കേരള സർക്കാരിനു നിർദേശം നൽകി. പഠിക്കണം, പഠിച്ചുയരണം എന്ന കുട്ടിക്കാലത്തെ ആഗ്രഹം തിരികെക്കിട്ടിയ നാളുകളായിരുന്നു അത്. രാത്രിയിൽ സഹപാഠികൾ ഉറങ്ങുമ്പോൾ ഹാർഡ്ബോർഡ് കൂട്ടിൽ ബൾബ് ഇറക്കിവച്ചു വെളിച്ചം ഉണ്ടാക്കി ആർക്കും തടസ്സമാകാതെ പുലർച്ചെ രണ്ടുമണി വരെ പഠനം. ബുക്കിന്റെ ഒരുവശത്തു ജിംനാസ്റ്റിക്സിലെ ഓരോ അഭ്യാസങ്ങളും പെൻസിൽകൊണ്ട് വരച്ചും, മറുവശത്തു വിശദമായ പാഠങ്ങൾ എഴുതിയുണ്ടാക്കിയുമായിരുന്നു പഠനം. ഇതുകണ്ട പരിശീലകൻ മറ്റുള്ളവരെ ഉപദേശിച്ചു: "ഫോളോ നായർ". അവിടുന്ന് ഒന്നാം റാങ്കുകാരനായാണ് പഴയ നാലാം ക്ലാസുകാരൻ കോഴ്സ് പൂർത്തിയാക്കിയത്.

കായികാധ്യാപകന്റെ കുപ്പായം

കോഴ്സിനു ശേഷം വീണ്ടും ഗതാഗത വകുപ്പിൽ ജോലിക്കു കയറി. പക്ഷേ, അവധി കിട്ടാൻ ബുദ്ധിമുട്ടായി. ഏതാനും മാസങ്ങൾക്കു ശേഷം കേരള സ്പോർട്സ് കൗൺസിലിൽ ജിംനാസ്റ്റിക്സ് കോച്ച് ആയി ജോലിയിൽ പ്രവേശിപ്പിച്ചതോടെയാണ് ആ പ്രതിസന്ധി അവസാനിച്ചത്. കൗൺസിലിനു കീഴിലെ ആദ്യ ‘ട്രെയിൻഡ് കോച്ച്’ ആയിരുന്നു കാർത്തികേയൻ.

ഒരുവർഷം കഴിഞ്ഞപ്പോൾ ആകസ്മികമായി ഒരു ഉത്തരവ് കയ്യിൽ കിട്ടി. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ പരിശീലകനായി നിയമിച്ചിരിക്കുന്നു!

1963ൽ ആദ്യ നിയമനം അഹമ്മദാബാദിൽ; അന്നത്തെ ഏറ്റവും ഉയർന്ന ശമ്പളത്തോടെ. സബർമതി ആശ്രമത്തോടു ചേർന്നാണ് സ്ഥലം. വൈകാതെ ദേശീയ സ്കൂൾ ഗെയിംസ് അവിടെ സംഘടിപ്പിക്കപ്പെട്ടു. അവിടെവച്ചു പരിചയപ്പെട്ട മധ്യപ്രദേശ് സർക്കാർ പ്രതിനിധികൾക്കു കാർത്തികേയനോടു താൽപര്യം തോന്നി. മധ്യപ്രദേശിലേക്കു വരാൻ ഇഷ്ടമുണ്ടോ എന്നു ചോദിച്ചു. വരാമെന്ന മറുപടിയും നൽകി. അന്നു ഛത്തീസ്ഗഡിലേക്കു സ്ഥലംമാറ്റം കിട്ടിയ സമയമാണ്. എന്നാൽ ഉടൻതന്നെ മറ്റൊരു കത്ത് കിട്ടി; ഛത്തീസ്‌ഗഡിലേക്കല്ല, മധ്യപ്രദേശിലേക്കാണ് സ്ഥലമാറ്റം.

മധ്യപ്രദേശിലെ ശിവപുരിയി‍ൽ6 വർഷത്തോളം ജോലി ചെയ്തു. തുടർന്ന് ആന്ധ്രയിലേക്കു സ്ഥലംമാറ്റം. ഒടുവിൽ കേരളവും. 1987ൽ വിരമിച്ചു. സായിയുടെ ആദ്യത്തെ ജിംനാസ്റ്റിക്സ് കോച്ച് ആയിരുന്നു കാർത്തികേയൻ. ഉത്തരേന്ത്യയിൽ കൈക്കൂലി വാങ്ങി ഉദ്യോഗക്കയറ്റം നൽകുന്ന ഏർപ്പാടുണ്ട്. അതിനു പോകാത്തതിനാൽ കാർത്തികേയനു കാര്യമായ ഉദ്യോഗക്കയറ്റം കിട്ടിയില്ല. എന്നാൽ, ഓഡിറ്റിങ്ങിൽ ഇക്കാര്യം മനസ്സിലാക്കിയ സർക്കാർ മുൻകാല പ്രാബല്യത്തോടെ ഉദ്യോഗക്കയറ്റവും മുടങ്ങിയ ശമ്പള വർധനയും കാർത്തികേയനു നൽകി.

hanuman-temple
കഴക്കൂട്ടത്തെ ശ്രീ മഹാഹനുമാൻ ക്ഷേത്രം, ശ്രീ സങ്കടമോചന മാരുതി മഠം.

 ആത്മീയതയുടെ വഴിത്താര

സന്യാസത്തിലേക്ക് എങ്ങനെയെത്തി എന്ന ചോദ്യത്തോട്, പുരുഷാർഥത്തിന്റെ നാലു തൂണുകളായ ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യാസം ഇതിലൂടെയെല്ലാം മനുഷ്യൻ കടന്നുപോകണം എന്ന മറുപടിയാണ് ഹനുമാൻ സ്വരൂപ സ്വാമി എന്ന കാർത്തികേയനിൽനിന്നു ലഭിച്ചത്. പരമശിവനും ഹനുമാനുമാണ് ഇഷ്ടമൂർത്തികൾ. സ്പോർട്സിൽ തിളങ്ങി നിന്നപ്പോഴാണ്, കായിക താരങ്ങൾ ഹനുമാൻ സ്വാമിയെ പൂജിക്കുന്നതു നല്ലതാണെന്ന് അമ്മാവൻ ഉപദേശിച്ചത്. കുറച്ചു സുഹൃത്തുക്കൾ കൂടി ഹനുമാനെക്കുറിച്ചു വർണിച്ചപ്പോൾ അതിയായ അഭിനിവേശം തോന്നി. ഉത്തരേന്ത്യൻ ജീവിത കാലത്തു പുണ്യസ്ഥലങ്ങൾ സന്ദർശിച്ചു. സ്വാമിക്കു പൂജകൾ ചെയ്തു. കായിക ജീവിതം അവസാനിപ്പിച്ചതോടെ മത്സ്യവും മാംസവും ഉപേക്ഷിച്ചു. ദിവസവും കഴിച്ചുകൊണ്ടിരുന്ന ഇഷ്ടഭക്ഷണമായ സൂപ്പ് പിന്നീടു രുചിച്ചിട്ടില്ല. ആജ്ഞേയനു വേണ്ടി മാത്രമായി പിന്നീടുള്ള ജീവിതം.

ജീവിതത്തിന്റെ ഗോദയിൽ കട്ടയ്ക്കു നിന്ന ഭാര്യ പാറുക്കുട്ടി സന്യാസത്തിലേക്കുള്ള യാത്രയിലും കൂടെനിന്നു. വാഴൂർ തീർഥപാദ ആശ്രമത്തിൽ വച്ചാണ് സന്യാസം സ്വീകരിച്ചത്. എൻ. കാർത്തികേയൻ നായർ എന്ന പേരുമാറ്റി ഹനുമാൻസ്വരൂപ സ്വാമി എന്ന പേരിലേക്കു പരകായപ്രവേശം ചെയ്തു. ശമ്പളവും പെൻഷനും ചെലവഴിച്ചാണ് ‘ശ്രീ മഹാ ഹനുമാൻ ക്ഷേത്രം ശ്രീ സങ്കടമോചന മാരുതി മഠം’ പണിതത്.

ക്ഷേത്രത്തിനു മുന്നിൽ, ഭഗവത്ഗീതയിലെ ഹനുമാന്റെ ശരീര അളവുകൾ പ്രകാരം വലിയൊരു വിഗ്രഹവും പണികഴിച്ചു. 28 വർഷമായി ഇവിടെ ജീവിക്കുന്നു. കാലശേഷം ക്ഷേത്രം വിശ്വഹിന്ദു പരിഷത്തിനു ദാനം ചെയ്തിരിക്കുകയാണ്. നവംബർ 19 തൃക്കാർത്തികയ്ക്ക് 92 തികയുന്ന സ്വാമിജി സമാധിമണ്ഡപം ഒരുക്കി മരണം കാത്തിരിക്കുന്നു. 93 വയസ്സും ഏതാനും മാസങ്ങൾക്കുമുള്ളിൽ സമാധിയാകും എന്നാണ് അദ്ദേഹം പറയുന്നത്. മരണശേഷം തനിക്കായി ആരും ഒരു രൂപപോലും ചെലവഴിക്കരുതെന്ന തീരുമാനമാണ് സമാധിമണ്ഡപം നിർമിച്ചതിനു പിന്നിൽ. പ്രായാധിക്യംമൂലം ഇളയ മകളുടെ കൂടെയാണ് ഇപ്പോൾ പാറുക്കുട്ടിയുടെ താമസം. പുനർജന്മത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും, ജന്മമോക്ഷത്തിനായി ഭഗവാന്റെ വരവുംകാത്ത് ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ഇന്ത്യൻ കായിക രംഗത്തെ പഴയ മിന്നുംതാരം.

English Summary: Hanuman Swaroopa Swami Maharaja, wrestling career and life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com