ADVERTISEMENT

സോണൽ നൊറോണയെന്ന മുൻ കായികതാരം വയലിലും ജലാശയത്തിലും നടത്തുന്ന കൃഷിപരീക്ഷണങ്ങൾ കേരളത്തിനാകെ മാതൃകയാണ്. കുട്ടനാടൻ കർഷകന്റെ അതിജീവനത്തിന്റെ പ്രതീകം കൂടിയാണ് സോണൽ 

എറിയുമ്പോൾ നീട്ടിയെറിയുന്നതാണ് സോണലിന്റെ രീതി. പഠനകാലത്ത് ഗ്രൗണ്ടിന്റെ അതിർത്തിയിലേക്ക് ജാവലിൻ പായിച്ചാണ് ശീലം. ഒപ്പം, ഡിസ്കസും ഷോട്ടും ഹാമറും മോശമായില്ല. അതുകൊണ്ടുതന്നെയാണ് സ്കൂൾ കായിക മേളയിലെ സ്ഥിരം സാന്നിധ്യമായതും. എന്നാൽ, എറിഞ്ഞെറിഞ്ഞ് തോളൊരു പരുവമായപ്പോൾ 1984ൽ കായിക മോഹം അവസാനിപ്പിച്ചു.

പിന്നെ കൈവച്ചത് മീൻ വളർത്തലിൽ. അപ്പോഴും നീട്ടിത്തന്നെയെറിഞ്ഞു. ഇന്നു കേരളത്തിൽ മത്സ്യം വളർത്തലിൽ ഇത്രയേറെ പരീക്ഷണങ്ങൾ നടത്തുന്ന വേറൊരാളുണ്ടാവില്ല. ആലപ്പുഴയിലെ തകഴിയിൽ ജലാശയത്തിലും വയലിലും നേട്ടങ്ങൾ വലവീശിയെടുക്കുകയാണ് സോണൽ നൊറോണ എന്ന പഴയ കായികതാരം. പ്രതിസന്ധിയിൽ തളരാത്ത കുട്ടനാടൻ കർഷകന്റെ അതിജീവനത്തിന്റെ പ്രതീകം കൂടിയാണ് സോണൽ.

ആലപ്പുഴ ലിയോ തേർട്ടീൻത് സ്കൂളിൽ പഠിക്കുമ്പോൾ ജാവലിൻ ത്രോയിൽ രണ്ടുവട്ടം സംസ്ഥാന റെക്കോർഡ് തിരുത്തി. ദേശീയ സ്കൂൾ ഗെയിംസിൽ രണ്ടാം സ്ഥാനത്തുമെത്തി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലായിരുന്നു പ്രീഡിഗ്രി. 1984ൽ നാഷനൽ അത്‌ലറ്റിക് മീറ്റിൽ 67.68 മീറ്റർ എന്ന ദൂരം കണ്ട സോണലിനു പക്ഷേ തോളിനേറ്റ പരുക്ക് വിനയായി.

തകഴിയിലേക്കു മടങ്ങിയെത്തിയ സോണൽ എടത്വ സെന്റ് അലോഷ്യസ് കോളജിൽനിന്ന് ബിരുദവും എൻഐഐടിയിൽ (ബെംഗളൂരു)നിന്ന് കംപ്യൂട്ടർ ഡിപ്ലോമയും ഭുവനേശ്വർ സിഫയിൽ നിന്ന് (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ് വാട്ടർ അക്വാ കൾച്ചർ) മത്സ്യം വളർത്തലിൽ പരിശീലനവും നേടി. 1991ൽ നാട്ടിലെ കൃഷിയിടത്തിലേക്കിറങ്ങി.

നെല്ലിൽനിന്നു മീനിലേക്ക്

തകഴിയിലെ പുലിമുഖം തറവാടിന് ആ പേരു വന്നത് അവിടെ പണിത പുലിമുട്ടിൽ നിന്നാണ്. പമ്പയാർ അതിരിടുന്ന കൃഷിയിടം. മൂന്നൂറോളം ഏക്കർ തറവാട്ടുവകയായിട്ടുണ്ടായിരുന്നു. വിളവെടുത്ത് നിറയ്ക്കാനായി മൂന്നു നെല്ലറകളും. പാടമൊക്കെ വിഭജിച്ചുപോയി. സോണലിന്റെ പിതാവ് പരേതനായ സ്റ്റീഫൻ നൊറോണയ്ക്ക് 84 ഏക്കറോളം കൃഷിയുണ്ടായിരുന്നു.  

സോണൽ കൃഷിയിലേക്കു തിരിയുമ്പോൾ കൃഷിയിടത്തിന്റെ വിസ്തൃതി നന്നേ കുറഞ്ഞിരുന്നു. ‘ഒരു നെല്ലും മീനും’ എന്നൊക്കെ കേട്ടുതുടങ്ങിയ കാലം. മത്സ്യക്കൃഷിയിൽ ശ്രദ്ധയൂന്നാനായിരുന്നു തീരുമാനം. നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്സസിലെ വി.എസ്.ബഷീറായിരുന്നു പ്രചോദനം. കായൽ ഗവേഷണ കേന്ദ്രം മേധാവി കെ.ജി.പത്മകുമാർ കൂടെ നിന്നു.

1991 സെപ്റ്റംബർ 22ന് പുലിമുഖം ഹാച്ചറീസിനു തുടക്കമായി. ആദ്യ പരീക്ഷണം പാളി, പക്ഷേ പിന്മാറിയില്ല. പതിയെ അലങ്കാര മത്സ്യക്കൃഷിയിലേക്കു മാറി. അതു പച്ചപിടിച്ചതോടെ ഭക്ഷ്യയോഗ്യമായ മത്സ്യക്കൃഷിയിലേക്കു തിരിച്ചെത്തി. അതിനിടെ എംപിഇഡിഎയുടെ (മറൈൻ പ്രോഡക്ട്സ് ആൻഡ് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റി) ഇപ്പോഴത്തെ ഡയറക്ടർ അനിൽകുമാർ ഇസ്രയേലിൽ നിന്നുള്ള വിദഗ്ധൻ ജോസഫ് ഇസ്കോവിച്ചിന്റെ സഹായം ലഭ്യമാക്കി. 3 വർഷത്തോളം ഇസ്കോവിച്ച് കൂടെയുണ്ടായിരുന്നു. അതൊരു വലിയ സഹായമായിരുന്നു. മത്സ്യക്കൃഷിയിൽ 30 വർഷം പൂർത്തിയാകുമ്പോൾ നൂതന പരീക്ഷണങ്ങളും മത്സ്യോത്പാദനവും മത്സ്യക്കുഞ്ഞുങ്ങളുടെ വൻതോതിലുള്ള വിതരണവുമായി സജീവമാണ് സോണലിന്റെ പുലിമുഖം ഹാച്ചറീസ്.

തീരാതെ പരീക്ഷണങ്ങൾ

തിലാപ്പിയ തന്നെയാണ് പുലിമുഖത്തെ പ്രധാനി. പ്രത്യേകം കുളം ഉണ്ടാക്കി തിലാപ്പിയ വളർത്തിത്തുടങ്ങിയ സോണൽ ഇന്നെത്തിനിൽക്കുന്നത് കൂട് കൃഷി സമ്പ്രദായത്തിലാണ്. പ്രത്യേകം കുളം നിർമിച്ച് മത്സ്യം വളർത്തുമ്പോൾ ശ്രദ്ധയേറെ വേണം. വെള്ളത്തിന്റെ ഗുണനിലവാരം ശ്രദ്ധിച്ചുകൊണ്ടേയിരിക്കണം. ഇല്ലെങ്കിൽ മത്സ്യം ചത്തുപൊങ്ങും. ചെലവും കൂടുതലാണ്.

ഇതിനിടെ ഛത്തീസ്ഗഡിൽ വ്യത്യസ്തമായ മാർഗം സ്വീകരിക്കുന്നതറിഞ്ഞ് സോണലും ചുവടു മാറ്റി. മത്സ്യം സ്വാഭാവികമായി വളരുന്ന ജലാശയത്തിൽതന്നെ കൂട് നിർമിക്കുക. കണ്ണിയടുപ്പമുള്ള വലയാണ് ഉപയോഗിക്കുക. തീരത്തോട് ചേർന്ന് ആറ്റിലേക്ക് താഴ്ത്തുന്ന കാറ്റാടിക്കഴയിൽ വല ഉറപ്പിക്കും. നാലുവശങ്ങളിലും അടിവശത്തും മുകളിലും വലയുണ്ട്.

6 മീറ്റർ നീളവും 2 മീറ്റർ ആഴവും 4 മീറ്റർ വീതിയുമുള്ള ഇത്തരം കൂട്ടിൽ നിന്ന് 2000 കിലോയോളം മത്സ്യം 6 മാസം കൊണ്ട് ഉൽപാദിപ്പിക്കാം. തിലാപ്പിയയ്ക്ക് ഇന്ന് രാജ്യാന്തര തലത്തിലുള്ള വില കണക്കാക്കിയാൽ പോലും 3 ലക്ഷം രൂപയിലേറെ വിലയുള്ള മത്സ്യം (ആഭ്യന്തര വിപണിയിൽ ഇതിൽ കൂടുതൽ വിലയുണ്ട്). ഒരു കിലോ മീനിന് ഉൽപാദനച്ചെലവ് 75 രൂപയെന്നു കണക്കാക്കിയാൽ പോലും ഒരു ലക്ഷം രൂപയിലേറെ ലാഭം. ഇത്തരം 6000 കൂടുകൾ ഒരു പരിസ്ഥിതി പ്രശ്നവും ഇല്ലാതെ തകഴി പഞ്ചായത്തിൽ മാത്രം സ്ഥാപിക്കാമെന്നാണ് സോണൽ പറയുന്നത്. 6 മാസം കൊണ്ട് 180 കോടി രൂപയുടെ മത്സ്യം. കർഷകർക്കു വരുമാനമേറും, തൊഴിലവസരവും കൂടും. പാടത്തേക്കും ഈ കൃഷി വ്യാപിപ്പിക്കാം. നിലവിൽ ഒരു ഏക്കർ പാടത്തുനിന്ന് 54000 രൂപയുടെ നെല്ലാണ് കിട്ടുന്നതെങ്കിൽ മത്സ്യം കൂടി വളർത്തിയാൽ വരുമാനം ലക്ഷങ്ങളിലെത്തും. കൃഷി നഷ്ടത്തിന്റെ പേരു പറഞ്ഞ് ആർക്കും കുട്ടനാട് വിടേണ്ടിവരില്ല. മത്സ്യത്തെ കൂട്ടിൽ വളർത്തി വിജയിച്ച സോണലിന്റെ ഉപദേശം സ്വീകരിച്ച് സ്വകാര്യ സംരംഭകർ മീൻ വളർത്തലിനു തുടക്കമിട്ടു തുടങ്ങിയിട്ടുണ്ട് തകഴിയിൽ. സോണലിന്റെ ഫാമിൽ പത്തിലേറെ പേർക്ക് സ്ഥിരം ജോലിയുണ്ട്. മത്സ്യക്കു‍ഞ്ഞുങ്ങളെ വാങ്ങാനെത്തുന്നവരുടെ തിരക്കാണ് എപ്പോഴും.

നഷ്ടപ്പെട്ടുപോകുന്ന നാടൻ മത്സ്യയിനങ്ങളുടെ ഉൽപാദനത്തിലും ശ്രദ്ധാലുവാണ് സോണൽ. തിലാപ്പിയയ്ക്കൊപ്പം മഞ്ഞക്കൂരിയും കൂടുകളിൽ വളരുന്നു. ആഫ്രിക്കൻ മുഷിയുടെ കടന്നുവരവിൽ നാടൻ മുഷിയിനങ്ങൾ ഏതാണ്ട് നാമാവശേഷമായിരുന്നു. എന്നാൽ ഇടുക്കിയിൽ നിന്നുവരെ തേടിപ്പിടിച്ചുകൊണ്ടുവന്ന നാടൻ മുഷിയെ വളർത്തിയെടുത്ത് കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നുണ്ട് ഹാച്ചറിയിൽ. ഇവയും അടുത്ത വർഷത്തോടെ വിപണനത്തിന് തയാറാകും. നാടൻ കാരിയും വരാൽ കുഞ്ഞുങ്ങളും ഹാച്ചറിയിൽ വളരുന്നു.

വെള്ളപ്പൊക്കത്തിൽ

2018ലെ വെള്ളപ്പൊക്കത്തിൽ ഒരുകോടി രൂപ മതിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളും വളർച്ചയെത്തിയ മത്സ്യങ്ങളും നഷ്ടമായി. അതിൽ തളർന്നുപോകാതെ അതിജീവനത്തിന്റെ പാത തെളിക്കുകയാണ് സോണൽ. വലിയ പ്ലാസ്റ്റിക് വീപ്പകളിൽ കാറ്റു നിറച്ച് സീൽ ചെയ്ത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കൂടുകൾ ഉണ്ടാക്കിയിരിക്കുകയാണ് ഇപ്പോൾ. വെള്ളം പൊങ്ങിയാൽ കൂട് ഒന്നടങ്കം പൊങ്ങും. മത്സ്യം നഷ്ടപ്പെട്ടുപോകുമെന്ന ഭീതി വേണ്ട. തുടക്കത്തിൽ അൽപം ചെലവേറുമെന്നേയുള്ളു.

വെള്ളപ്പൊക്കത്തെത്തുടർന്ന് കുട്ടനാട് വാസം അവസാനിപ്പിച്ചവർ ഏറെയാണ്. എന്നാൽ പുതിയ വീട് പണിയാനായിരുന്നു സോണലിന്റെ തീരുമാനം. ഇനി വെള്ളപ്പൊക്കം ഉണ്ടായാൽ വീട്ടിൽ വെള്ളം കയറില്ല. അടിത്തറ അത്ര ഉയർത്തി. പക്ഷേ ഈ അടിത്തറയ്ക്കുള്ളിൽ രണ്ടര ലക്ഷം ലീറ്ററോളം കൊള്ളുന്ന മഴവെള്ള സംഭരണിയാണ് ഒളിപ്പിച്ചിരിക്കുന്നത്. വെള്ളം പൊങ്ങുമ്പോൾ കുട്ടനാട്ടിൽ ഏറ്റവും ക്ഷാമം ശുദ്ധജലത്തിനാണ്. 

എന്നാൽ സോണലിനും അയൽക്കാർക്കും ആ പേടി വേണ്ട. വീട് പൂർത്തിയാകുമ്പോൾ സംഭരണിയും തയാർ. ‘വീട് പണിയാനുള്ള തീരുമാനം വെള്ളപ്പൊക്കത്തിനു മുൻപേ എടുത്തതാണ്. എന്നാൽ പണി തുടങ്ങാൻ വൈകിയത് രക്ഷയായി. അതുകൊണ്ടാണല്ലോ ഈ പുതിയ ആശയം കിട്ടിയത്’.– സോണൽ പറയുന്നു. 

ഏലവും വഴങ്ങും

മത്സ്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല പരീക്ഷണങ്ങൾ. രോഗബാധ കുറഞ്ഞ നെല്ലിനങ്ങൾ കേരള ക്രോപ്സ് ആൻഡ് പെസ്റ്റ് മാനേജമെന്റിലെ സ്മിത ബാലന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത സോണൽ പരീക്ഷണാടിസ്ഥാനത്തിൽ അതു കൃഷിയും ചെയ്തിട്ടുണ്ട്.   

1995ൽ വൈപ്പിൻകാരി സെന്റയെന്ന ഹൈസിന്തിനെ വീട്ടുകാരിയായി കൂടെക്കൂട്ടിയതിൽ പിന്നെ രണ്ടുപേരും ചേർന്നായി മത്സ്യക്കൃഷി. മക്കൾ മൂന്നുപേരും പിതാവിന്റെ വഴിയിലാണ്. മൂത്തമകൾ ഹാമിയ അക്വാ കൾച്ചറിൽ ബിരുദം നേടിയ ശേഷം യുകെയിലെ സ്റ്റെർലിങ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദം നേടി. റിസർച്ച് ചെയ്യാൻ ആഗ്രഹിക്കുന്ന ഹാമിയക്ക് ഇവിടെ താമരകളുടെ വലിയ ശേഖരം തന്നെയുണ്ട്. മോശമല്ലാത്ത വരുമാനവും. മകൻ സാനിയും അക്വാ കൾച്ചർ ബിരുദ വിദ്യാർഥിയാണ്. ഇളയ മകൾ ഹാഷ്‌ലിനും പ്ലസ് ടു കഴിഞ്ഞാൽ അക്വാ കൾച്ചർ പഠിക്കാനാണ് ഇഷ്ടം. അമ്മ ബാബ്സിക്കുമൊപ്പം തകഴിയിലെ പുലിമുഖം വീട്ടിൽ പരീക്ഷണ നിരീക്ഷണങ്ങളുമായി കഴിയുന്ന സോണലിനു പ്രതീക്ഷയുണ്ട്... പുതിയ കാലം കുട്ടനാടിന്റെ നല്ല കാലമായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com