ADVERTISEMENT

കരിങ്കല്ലിൽ ഉറഞ്ഞ കാവ്യങ്ങൾ, കഥകൾ, പുരാണങ്ങൾ. ദ്രൗപദിയും സീതയും കണ്ണകിയും അഹല്യയുമൊക്കെ കവിതയാണോ കൊത്തുപണിയാണോ എന്നു വേർതിരിച്ചറിയാനാകാത്തതു പോലെ കൽശിൽപങ്ങളായി വിരിഞ്ഞു നിൽക്കുന്നു. പ്രകൃതിയുടെ നിമ്നോന്നതങ്ങളിൽ മുളച്ചു പൊന്തിയതു പോലെ ചിതറി നിൽക്കുന്ന ശിൽപ ശേഖരം. അഹല്യ ശിൽപോദ്യാനം ഒരുക്കുന്നതു കാഴ്ചയുടെ മാത്രമല്ല, കാവ്യങ്ങളുടെയും പ്രകൃതിയുടെയും സ്ത്രീത്വത്തിന്റെയും വസന്തോത്സവം.

കുന്നും പാറക്കെട്ടും മരങ്ങളും പുല്ലും പൂക്കളും കുളങ്ങളുമുള്ള പ്രകൃതിമനോഹരമായ 10 ഏക്കർ സ്ഥലം. അവിടെ പലയിടങ്ങളിലായി 108 കൂറ്റൻ കരിങ്കൽ ശിൽപങ്ങൾ. മിക്കതും രണ്ടാൾ ഉയരമുള്ളത്. കലാകേരളത്തിന് അഭിമാനമാകാനായി ശിൽപോദ്യാനം ഒരുങ്ങുകയാണു പാലക്കാട് കഞ്ചിക്കോടിനടുത്തുള്ള അഹല്യ ഹെൽത്ത്, ഹെറിറ്റേജ് ആൻഡ് നോളജ് വില്ലേജിൽ.

ചെറുധാരയായി ഒഴുകിയിറങ്ങുന്ന കാവേരീനദിയാണ് ആദ്യശിൽപമായി കാണുക. ആ ഒഴുക്കിൽ തന്നെ അറിയാതെ നീങ്ങിയെത്തുന്നതു ചേര, ചോള, പാണ്ഡ്യ രാജവംശങ്ങളുടെ കൊടിയടയാളങ്ങളിലേക്ക്. പിന്നെ കാണാം ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ. മരത്തിനു ചുറ്റും കൂട്ടുകാരികൾക്കൊപ്പം കളിക്കുന്ന കണ്ണകിയിൽ തുടങ്ങുന്നു. കോവിലനും നർത്തകി മാധവിയുമൊക്കെയെത്തുന്നു പിന്നാലെ. പാണ്ഡ്യ രാജസദസ്സിൽ ചിലമ്പുമായി നിൽക്കുന്ന കണ്ണകിയും മാറിടം അറുത്തെറിയുന്ന കണ്ണകിയും കണ്ണിലെ പ്രതികാരാഗ്നിയാൽ മധുരാനഗരിയെ ചുട്ടെരിക്കുന്ന കണ്ണകിയും കടന്ന് ഒടുവിൽ മോക്ഷപ്രാപ്തിക്കായി കദംബ വൃക്ഷത്തിനു ചുവട്ടിൽ ഇന്ദ്രദേവനെത്തുന്നതും കാത്തുനിൽക്കുന്ന കണ്ണകി വരെ. അതിനിടയിൽ കണ്ണകി – കോവിലൻ – മാധവി ത്രികോണ പ്രണയവും കാവേരീതീരത്ത് യാഴ് സംഗീതോപകരണം വായിക്കുന്ന കോവിലനും മാധവിയും ഗോപികാ നൃത്തവും കണ്ണകിയുടെ കൂട്ടുകാരി ജൈനമുനി കവുന്തിയും കണ്ണകിയുടെ ദേവീസങ്കൽപവും കോവിലന്റെ തലയും വാളും അടക്കം ഒട്ടേറെ ശിൽപങ്ങൾ. മുട്ട വിരിഞ്ഞു പുറത്തുവരുന്ന ഗരുഡൻ, സർപ്പക്കാവ്, കാള, നാരദൻ, സൂര്യൻ, കാലനും പോത്തും, വരുണൻ, ചന്ദ്രൻ, കൂനുള്ള സ്ത്രീ, താലപ്പൊലി പെൺകുട്ടി, ആലിംഗനം, കടുവ, ശംഖ്, നൃത്തശിൽപം, സപ്തസ്വരം തുടങ്ങി കാഴ്ചയുടെ വിരുന്നൊരുക്കുന്ന കരിങ്കൽ ശിൽപങ്ങൾ വേറെ. 

ahalia--

‘സ്ത്രൈണം’ എന്ന പൊതുവിഷയത്തിലാണ് അഹല്യ കരിങ്കൽ ശിൽപോദ്യാനത്തിലെ സൃഷ്ടികൾ. ഇളങ്കോവടികളുടെ തമിഴ് കാവ്യം ‘ചിലപ്പതികാരം’ അടിസ്ഥാനമാക്കിയവയാണ് ഇവയിൽ പ്രധാനം. 60 ശിൽപങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. വരും മാസങ്ങളിൽ ബാക്കികൂടി തയാറാകും. 2016 ൽ ആരംഭിച്ച ക്യാംപിലാണു ശിൽപ നിർമാണത്തിന്റെ തുടക്കം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രശസ്ത ശിൽപികളാണ് ഇതുവരെ ക്യാംപുകളിൽ പങ്കെടുത്തു സുന്ദര ശിൽപങ്ങൾ തീർത്തിട്ടുള്ളത്. 15 ദിവസം നീണ്ട അഞ്ചാമത്തെ ക്യാംപ് കഴിഞ്ഞ മാസമാണു സമാപിച്ചത്. കോവിഡിന്റെ സാഹചര്യത്തിൽ ഇത്തവണ കേരളത്തിൽ നിന്നു തന്നെയുള്ള 17 ശിൽപികളാണു പങ്കെടുത്തത്.

2016ലെയും 2017ലെയും ക്യാംപുകളിലാണു മിക്ക ചിലപ്പതികാരം ശിൽപങ്ങളും ഒരുങ്ങിയത്. അ‍ഞ്ചാമത്തേതിന്റെ വിഷയവും ചിലപ്പതികാരമായിരുന്നു. പഞ്ചകന്യകമാരായ സീത, താര, ദ്രൗപദി, അഹല്യ, മണ്ഡോദരി എന്നിവരുടെ കഥകളും സത്യവാൻ സാവിത്രിയും മറ്റുമായിരുന്നു മറ്റുള്ള ക്യാംപുകളിൽ വിഷയങ്ങൾ. ‘സ്ത്രൈണം’ എന്ന വിഷയത്തിലെ മറ്റു ചില ശിൽപങ്ങളും ഒപ്പമുണ്ട്. പരമ്പരാഗത ശൈലിയിലുള്ളതും അമൂർത്തമായതുമായ ശിൽപങ്ങളുണ്ട് ഉദ്യാനത്തിൽ.

 പാലക്കാട് കവളപ്പാറ സ്വദേശിയായ കലാകാരൻ ദേവൻ മടങ്ങർളി ആണ് അഹല്യ ശിൽപോദ്യാനത്തിന്റെ ആർട്ട് കൺസൽറ്റന്റും ക്യാംപ് കോഓർഡിനേറ്ററും.

അഹല്യ ഇന്റർനാഷനൽ ഫൗണ്ടേഷനു കീഴിലുള്ള അഹല്യ ഹെൽത്ത്, ഹെറിറ്റേജ് ആൻഡ് നോളജ് വില്ലേജിന്റെ 300 ഏക്കറോളം വരുന്ന ക്യാംപസിലെ 10 ഏക്കറിലാണ് ശിൽപോദ്യാനം. പ്രകൃതിയുടെ തനതു രൂപത്തിന് ഒട്ടും പരുക്കേൽപിക്കാതെയാണ് ഉദ്യാനം ഒരുക്കുന്നത്. 

ahalia----

കാവേരീനദിയുടെ ഉത്ഭവ ശിൽപത്തിൽ നിന്നു തുടങ്ങി ചിലപ്പതികാരവും പഞ്ചകന്യകമാരും സത്യവാൻ സാവിത്രിയും കടന്നു മറ്റു സ്ത്രൈണ ശിൽപങ്ങളിൽ അവസാനിക്കുന്ന തരത്തിലാണ് ഉദ്യാനത്തിലെ വഴി ഒരുക്കുന്നത്. ഇതിനുള്ളിലെ രണ്ടു ചെറുകുളങ്ങളിലും ശിൽപങ്ങൾ വരും. സ്ഥലം മൊത്തത്തിൽ മനോഹരമാക്കാനുള്ള പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.

വിനോദ് കുമാർ, ഹോചിമിൻ, എം.െക. ജോൺസൺ, സനുൽ, മിബിൻ, ജോസഫ് എം. വറുഗീസ്, ചിത്ര, ശ്രീകുമാർ, ജോൺസ് മാത്യു, നിഷാദ്, രാജൻ അരിയല്ലൂർ, വിനു, ദീപു മോഹൻ, ശരത് കുമാർ, അജേഷ് കണ്ടലൂർ, സബിത കടന്നപ്പള്ളി, ഹർഷ (എല്ലാവരും കേരളം), ഈനാസ്, സുനിത, കോശൽ കുമാർ, വിപുൽ കുമാർ, ദീപിക ഗൗതം (അഞ്ചു പേരും ഡൽഹി), കാന്തകിഷോർ മഹാറാണ (ഒഡീഷ), ഹരി റാം ഫാഡ്, ബാപു സാൻജെ (ഇരുവരും മഹാരാഷ്ട്ര), ഓംകാരമൂർത്തി, വെങ്കിടേഷ് (ഇരുവരും കർണാടക), ശിവകുമാർ, രാംകുമാർ കണ്ണദാസൻ (ഇരുവരും തമിഴ്നാട്), വെങ്കിടേഷ് സബ്ബവപ്പു റാവു (ആന്ധ്ര), ചന്ദർ പ്രകാശ്, സോനു അഗർവാൾ (ഇരുവരും ജമ്മു കശ്മീർ), രേണു ബാല (പഞ്ചാബ്) എന്നിവരാണ് വിവിധ ക്യാംപുകളിലായി ശിൽപങ്ങൾ നിർമിച്ചത്.

അഹല്യയുടെ വിവിധ സ്ഥാപനങ്ങൾ ഈ 300 ഏക്കറിൽ പ്രവർത്തിക്കുന്നുണ്ട്. 

ആയുർവേദ മെഡിക്കൽ കോളജ്, സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, സ്കൂൾ ഓഫ് ഒപ്റ്റോമെട്രി, സ്കൂൾ ഓഫ് പാരാമെഡിക്കൽ സയൻസസ്, സ്കൂൾ ഓഫ് ഫാർമസി, സ്കൂൾ ഓഫ് മാനേജ്മെന്റ്, അഹല്യ പബ്ലിക് സ്കൂൾ, സ്കൂൾ ഓഫ് കൊമേഴ്സ് ആൻഡ് മാത്തമാറ്റിക്സ്, മൾട്ടി സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ, ഡയബറ്റിസ് ഹോസ്പിറ്റൽ, ആയുർവേദ ആശുപത്രി, ആയുർവേദ മെഡിക്കൽ കോളജ് ആശുപത്രി, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആശുപത്രി എന്നിവയുമുണ്ട് ഇവിടെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com