ADVERTISEMENT

1921 സെപ്റ്റംബർ 22.
തലേന്നു മധുരയിലെത്തിയ ഗാന്ധിജി രാവിലെ കാരൈക്കുടിയിലേക്കു പോകുന്നതറിഞ്ഞു ജനങ്ങൾ റോഡരികിൽ നിരന്നു. വഴിയിൽ, കാമരാജ്ശാലയിൽ അദ്ദേഹം നെയ്ത്തുകാരുടെ ഒരു യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നു. പൊടിപറക്കുന്ന തെരുവിലൂടെ ഗാന്ധിജിയും സംഘവുമായി നാലു കാറുകൾ യോഗസ്ഥലത്തെത്തി. ഒരുമുഴം വീതിയുള്ള ഖദറുടുത്ത്, മുണ്ഡനം ചെയ്ത തലയോടെ പുറത്തിറങ്ങിയ ഗാന്ധിജിയെക്കണ്ടു മധുരയാകെ ഞെട്ടിയിരിക്കണം. 

വിൻസ്റ്റൻ ചർച്ചിൽ ‘അർധനഗ്നനായ ഫക്കീർ’ എന്നു വിശേഷിപ്പിച്ച നേതാവ്, അവിടെ പിറവിയെടുക്കുകയായിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരനായുള്ള മഹാത്മാഗാന്ധിയുടെ ആ വേഷപ്പകർച്ചയ്ക്ക് നൂറു വയസ്സ്.

മാറ്റിവച്ച തീരുമാനം

ഒറ്റമുണ്ടിലേക്കുള്ള ഗാന്ധിജിയുടെ മാറ്റം പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല. മുൻപു രണ്ടുതവണ താൻ അതെക്കുറിച്ച് ആലോചിച്ചിരുന്നതായി 1921 ഒക്ടോബർ 2ന് ‘നവജീവനിൽ’ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗാന്ധിജി പറയുന്നു. ഉടുക്കാനോ കഴിക്കാനോ വകയില്ലാതെ ജനം വലയുമ്പോൾ, ഉള്ള വസ്ത്രങ്ങൾ ഉപേക്ഷിച്ചു ഖാദി സ്വീകരിക്കാൻ അവരോട് ആവശ്യപ്പെടുന്നതിലെ പൊരുത്തക്കേടു ഗാന്ധിജിയെ അസ്വസ്ഥനാക്കി. ഖാദി ലഭ്യമല്ലാത്തതും ലഭ്യമെങ്കിൽത്തന്നെ വാങ്ങി ഉപയോഗിക്കാൻ പണമില്ലാത്തതും മൂലം ജനം വിഷമി‌ക്കുന്നതു തന്റെ യാത്രകളിൽ അദ്ദേഹം കണ്ടറിഞ്ഞു. ഈ സാഹചര്യത്തിൽ, വിദേശ വസ്ത്ര ബഹിഷ്കരണത്തിനു കരുത്തുപകരാൻ സ്വയം മാതൃക കാട്ടണമെന്നായിരുന്നു ഗാന്ധിജിയുടെ ചിന്ത.

മധുര പകർന്ന ധൈര്യം

തിരുച്ചിറപ്പള്ളി–ഡിണ്ടിഗൽ വഴി ട്രെയിനിൽ സെപ്റ്റംബർ 21ന് വൈകിട്ടാണ് ഗാന്ധിജി മധുരയിലെത്തിലെത്തിയത്. വെസ്റ്റ് മാസി സ്ട്രീറ്റിൽ ഉത്തരേന്ത്യൻ വ്യാപാരി രാംജി കല്യാൺജിയുടെ 251എ എന്ന വീടിന്റെ മുകൾ നിലയിലാണ് അദ്ദേഹത്തിനു താമസം ഒരുക്കിയിരുന്നത്. ഗാന്ധിജി താമസിച്ച ആ മുറി ഇന്നും സ്മാരകമായി നിലനിർത്തിയിട്ടുണ്ട്.

ഗാന്ധിജിയുടെ സഹചാരിയായിരുന്ന കൃഷ്ണദാസ്, നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം പറയുന്ന ‘മഹാത്മാ ഗാന്ധിക്കൊപ്പം ഏഴു മാസം’ എന്ന പുസ്തകത്തിൽ ആ ദിവസത്തെക്കുറിച്ച് കുറിക്കുന്നു: ‘‘തന്നെ കാണാനെത്തിയവരോടെല്ലാം സംസാരിച്ചെങ്കിലും ഗാന്ധിജിയുടെ മുഖത്തു ഗൗരവം കാണാമായിരുന്നു. രാത്രി 10 മണിയോടെ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം തല മുണ്ഡനം ചെയ്യാൻ ആളെത്തി. ഒരു സന്യാസ ജീവിതത്തിന്റെ തുടക്കമാകുമോ അത് എന്നു പലരും ആശങ്കപ്പെട്ടു.’’ 

പിറ്റേന്ന് അതിരാവിലെ ഉണർന്ന ഗാന്ധിജി ഖാദി ഒറ്റമുണ്ട് അരയിൽ ചുറ്റി. കൈവശമുണ്ടായിരുന്ന വസ്തുക്കൾ ഒരു ഖദർ സഞ്ചിയിലാക്കി. രാജഗോപാലാചാരിയടക്കം ഗാന്ധിജിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം തീരുമാനത്തിൽ ഉറച്ചുനിന്നു. സന്യാസിയാവാനുള്ള പുറപ്പാടല്ല തന്റെ വസ്ത്രങ്ങളെന്നു ഗാന്ധിജി കൂടെയുള്ളവർക്ക് ഉറപ്പുനൽകി. ഒറ്റമുണ്ടുടുത്ത്, മുണ്ഡനം ചെയ്ത തലയുമായി അദ്ദേഹം കാറിൽ കയറുമ്പോൾ അവിടെ കൂടിയിരുന്ന എല്ലാവരും ദുഃഖം കൊണ്ടു തലതാഴ്ത്തി.

ജനങ്ങൾക്കിടയിൽ

തന്റെ തീരുമാനം എല്ലാവർക്കും ഒരുപോലെ ഉൾക്കൊള്ളാനാവില്ലെന്നു ഗാന്ധിജിക്കു തീർച്ചയായിരുന്നു. താൻ ഒരു ഭ്രാന്തനാണെന്നു ജനം കരുതിയാലോ? കൂടെയുള്ളവർ പോലും ഈ മാതൃക പിന്തുടർന്നില്ലെങ്കിലോ? സംശയങ്ങൾ ഗാന്ധിജി തന്നെ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ അവയ്ക്കുള്ള മറുപടിയും അദ്ദേഹം തന്നെ പറയുന്നു. ആരും അനുകരിക്കാനായി ഞാൻ ചെയ്ത കാര്യമല്ല ഇത്. ലക്ഷ്യമാണു പ്രധാനം. വിദേശ വസ്തുക്കളുടെ ബഹിഷ്കരണം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് എല്ലാവരും തിരിച്ചറിയണം. ഖാദി വസ്ത്രങ്ങൾ കൂടുതലായി ഉൽപാദിപ്പിക്കണം. സ്വദേശിയിലേക്കു തിരിയണം. പ്രതിഷേധത്തിനും ബഹിഷ്കരണത്തിനും സമര പ്രഖ്യാപനത്തിനുമൊപ്പം, ലളിതജീവിതത്തിന്റെ മാതൃകകൂടിയായിരുന്നു ആ മാറ്റം. രാജ്യത്തെ ലക്ഷക്കണക്കിനു കർഷകരുടെയും പാവങ്ങളുടെയും വസ്ത്രം അവരുടെ നേതാവും സ്വീകരിക്കേണ്ടതല്ലേ എന്ന ന്യായം. 

gandhiji-dress
ഗാന്ധിജി വെടിയേറ്റു മരിക്കുമ്പോൾ ധരിച്ചിരുന്ന മുണ്ട്, മധുരയിലെ ഗാന്ധി സ്മാരക മ്യൂസിയത്തിൽ.

ഗാന്ധിജിയുടെ വസ്ത്രങ്ങൾ

ഗാന്ധിജിയുടെ ഏഴാം വയസ്സിലേതാണ് അദ്ദേഹത്തിന്റേതായി ലഭ്യമായതിൽ ഏറ്റവും പഴയ ചിത്രങ്ങളിലൊന്ന്. മുണ്ടും കോട്ടും ധരിച്ച്, കഴുത്തിൽ മാലയിട്ട്, തൊപ്പിവച്ചു കസേരയിലിരിക്കുന്ന ഊർജസ്വലനായൊരു  ബാലനെയാണു നമുക്കതിൽ കാണാനാവുക. വിവാഹത്തിനും അച്ഛന്റെ മരണത്തിനും ശേഷം 1888ൽ അദ്ദേഹം നിയമപഠനത്തിനു ലണ്ടനിലേക്കു തിരിച്ചു. അവിടെ വേഷത്തിലും ഭാവത്തിലും അദ്ദേഹം ഒരു ഇംഗ്ലിഷ് ജന്റിൽമാനായി. ലണ്ടൻ ഫാഷൻ കേന്ദ്രമായ ബോണ്ട് സ്ട്രീറ്റിൽ നിന്ന് 10 പൗണ്ട് മുടക്കി ഈവനിങ് സ്യൂട്ട് വാങ്ങുന്ന യുവാവിനെ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിൽ’ കാണാം.

1891ൽ ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം വീട്ടിൽപോലും അദ്ദേഹം പാശ്ചാത്യ രീതികൾ പിന്തുടർന്നു.

യുവനിയമജ്ഞനായി ദക്ഷിണാഫ്രിക്കയിലെത്തുമ്പോൾ അദ്ദേഹം കരുതിയത് യൂറോപ്യൻ ശൈലിയിലുള്ള തന്റെ വസ്ത്രങ്ങൾ മറ്റുള്ളവരിൽ നിന്നു ബഹുമാനം നേടിത്തരും എന്നാണെന്നു ഗാന്ധി ചരിത്രകാരനായ പീറ്റർ ഗോൺസാൽവസ് പറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ പ്രതീക്ഷകളെ പാടേ തകർക്കുന്നതായിരുന്നു ആ രാജ്യത്തെ അനുഭവങ്ങൾ. യൂറോപ്യൻ വസ്ത്രവും ഒന്നാം ക്ലാസ് ടിക്കറ്റും ഉണ്ടായിരുന്നെങ്കിലും പീറ്റർമാരിറ്റ്സ്ബർഗിൽ ട്രെയിനിൽ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു. നീണ്ട ദക്ഷിണാഫ്രിക്കൻ വാസകാലത്തെ അനുഭവങ്ങൾ ലളിതജീവിതത്തിനൊപ്പം ലളിത വസ്ത്രങ്ങൾ സ്വീകരിക്കുന്നതിലേക്കും ഗാന്ധിജിയെ നയിച്ചു.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മടക്കത്തിൽ ബോംബെയിൽ കപ്പലിറങ്ങിയ അദ്ദേഹം ധരിച്ചിരുന്നത് ഇന്ത്യൻ മിൽ തുണികൊണ്ടുള്ള ഷർട്ടും മുണ്ടും മേൽക്കുപ്പായവും സ്കാർഫുമായിരുന്നു.

പാവപ്പെട്ടവർക്കിടയിൽ പ്രവർത്തിക്കാൻ അവരുടെ വസ്ത്രങ്ങൾ തന്നെ തിരഞ്ഞെടുത്തു. യൂറോപ്യൻ വസ്ത്രങ്ങൾ അനുകരിക്കുന്നതു നാണക്കേടാണെന്ന് ചമ്പാരൻ സമരത്തോടനുബന്ധിച്ച് എഴുതിയ കത്തിൽ പറയുന്നു. കാലാവസ്ഥയ്ക്കിണങ്ങിയതും ലളിതവും ചെലവു കുറഞ്ഞതുമായ ഇന്ത്യൻ വസ്ത്രത്തിനു മേൽ മറ്റൊന്നില്ലെന്നു വാദിച്ച അദ്ദേഹം ഇനി മേലിൽ കൈകൊണ്ടു തുന്നിയ ഖാദി വസ്ത്രങ്ങൾ മാത്രമേ ധരിക്കൂ എന്ന് 1920 ഓഗസ്റ്റ് 31ന് പ്രതിജ്ഞ ചെയ്തു. ഇതിൽ നിന്ന് ഒരു പടികൂടി കടന്നായിരുന്നു വേഷം ഒറ്റമുണ്ടാക്കാൻ മധുരയിൽ വച്ചു സ്വീകരിച്ച തീരുമാനം.

പിന്നീട്, 1931ൽ രണ്ടാം വട്ടമേശ സമ്മേളനത്തിലും തുടർന്ന്, ബക്കിങ്ങാം കൊട്ടാരത്തിൽ ജോർജ് അഞ്ചാമൻ രാജാവുമായുള്ള കൂടിക്കാഴ്ചയിലും ഒറ്റമുണ്ടുടുത്ത് എത്തുമ്പോൾ അത് അധിനിവേശത്തിനെതിയെയുള്ള പ്രതിഷേധവും രാജ്യത്തെ പാവങ്ങളോടുള്ള കൂറും ഒരുപോലെ വിളിച്ചുപറഞ്ഞു. പരമാവധി ഒരു മാസത്തേക്ക് എന്ന നിലയിൽ സ്വീകരിച്ച പുതുവേഷം തന്റെ മരണം വരെ ഗാന്ധിജി മാറ്റിയില്ല.

ചോരപുരണ്ട ഒറ്റമുണ്ട്

ഒറ്റമുണ്ടുടുത്ത് ഗാന്ധിജി ആദ്യമായി ജനങ്ങളോടു പ്രസംഗിച്ച കാമരാജ് ശാലയിലെ റോഡരികിൽ ഇന്ന് ഒരു വെങ്കല പ്രതിമയുണ്ട്. ഗാന്ധി പോട്ടാൽ എന്ന് അവിടം അറിയപ്പെടുന്നു.

മധുരയിലെ ഗാന്ധി മെമ്മോറിയൽ മ്യൂസിയത്തിലെത്തിയാൽ ചില്ലിട്ട പേടകത്തിൽ സൂക്ഷിച്ചിട്ടുള്ള ഒരു ഒറ്റമുണ്ടു കാണാം. ജീവൻ വെടിയുമ്പോൾ ഗാന്ധിജി ധരിച്ചിരുന്ന വസ്ത്രം. അതിൽ ഇപ്പോഴും രക്തക്കറയുണ്ട്. മരണം വരെ പാവങ്ങൾക്കൊപ്പം നിന്ന നേതാവിന്റെ രക്തം. പാവപ്പെട്ടവന്റെ വേദനയറിയാനും അവരിലൊരാളായി ജീവിക്കാനും അത് ഓരോ പൗരനെയും വിളിക്കുന്നു; ഗാന്ധിജി ജീവിച്ചുകാട്ടിയ സന്ദേശം പോലെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com