ADVERTISEMENT

വ്യാപൃതമാകാൻ മറ്റു കാര്യങ്ങൾ കുറവായതിനാൽ നാം ഉറങ്ങുമ്പോൾ മനസ്സിനു കൂടുതൽ വിശദമായും കൃത്യതയോടെയും പ്രശ്നങ്ങൾ അപഗ്രഥിക്കുവാൻ കഴിയുമത്രേ. അതുകൊണ്ടു കൂടിയാണ് പലപ്പോഴും നാം കാണുന്ന സ്വപ്നങ്ങൾ സത്യമായി ഭവിക്കുന്നതെന്നു പല പഠനങ്ങളും പറയുന്നു. ബെംഗളൂരുവിൽ ഗണേശ വിഗ്രഹങ്ങൾ വിൽപന നടത്തുന്ന സുൽത്താൻ എന്നയാളുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്ന ഗണപതിയെയും അങ്ങനെ വിലയിരുത്തുകയാണ് എളുപ്പം. 

ഇതു ബോളിവുഡ് സുൽത്താൻ സൽമാൻ ഖാൻ ഗണേശ് ചതുർത്ഥിക്കു മുംബൈയിലെ പ്രസിദ്ധ ലാൽബാഗ് ചാ രാജാ പൂജാ പന്തൽ സന്ദർശിക്കാറുള്ളതിനെയോ, സഹോദരി അർപ്പിതയുടെ ഗണേശ് പൂജയിൽ പങ്കെടുത്തതിനെയോ കുറിച്ചുള്ള റിപ്പോർട്ട് അല്ല. എന്നാൽ ബെംഗളൂരുവിലെ എന്റെ സുഹൃത്ത് സുൽത്താനും സാക്ഷാൽ ഗണപതിയും തമ്മിലുള്ള ദശകങ്ങൾ പഴക്കമുള്ള ബന്ധത്തിന്റെ കഥയാണ്. ഒരു ശരാശരി ബോളിവുഡ് ചിത്രത്തിന്റെ തിരക്കഥ പോലെ തോന്നാമെങ്കിലും ഇതിൽ വെള്ളം ചേർത്തിട്ടില്ലെന്ന് ഉറപ്പു തരുന്നു.

സുൽത്താനെ പരിചയപ്പെടുന്നത് ഇരുപതു വർഷങ്ങൾക്കു മുൻപാണ്. ഇന്ത്യയിൽ സ്വകാര്യ സന്ദർശനം നടത്തുകയായിരുന്ന ഒരു അയൽരാജ്യത്തെ മുതിർന്ന നേതാവ് ബെംഗളൂരുവിലെ ചില പ്രമുഖ ഐടി സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷമാണു നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചത്‌. എന്തോ ചില കാരണങ്ങൾ മൂലം അദ്ദേഹത്തിനുള്ള സർക്കാർ വക പാരിതോഷികം ഡൽഹിയിൽ വച്ചു നൽകാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു ബെംഗളൂരുവിൽനിന്ന് ഇന്ത്യൻ സംസ്കാരത്തിനും അദ്ദേഹത്തിന്റെ സ്ഥാനത്തിനും അനുസരിച്ച് ഒരു പാരിതോഷികം വാങ്ങി ഡൽഹിയിലെ അദ്ദേഹത്തിന്റെ ആതിഥേയന്റെ പേരിൽ നൽകാൻ നിർദേശം വന്നു.

ബെംഗളൂരുവിലെ സർക്കാർ എംപോറിയങ്ങളിൽ അനുവദിച്ച ബജറ്റിൽ മനസ്സിനു തൃപ്തിയുള്ള ഒന്നും കിട്ടിയില്ല. അപ്പോഴാണു നഗരമധ്യത്തിൽ എംപോറിയങ്ങളിൽ നിന്നു ദൂരെയല്ലാതെ സുൽത്താന്റെ കരകൗശല ശാല കണ്ടത്. കൂടെയുണ്ടായിരുന്ന അതിഥിക്ക് ഏറെ ഇഷ്ടമായതു സുൽത്താൻ കാട്ടിത്തന്ന ഒട്ടേറെ ഗണേശ വിഗ്രഹങ്ങളിൽ ഒന്നായിരുന്നു. എന്നാൽ അതിന്റെ വില സർക്കാർ അനുവദിച്ച തുകയുടെ ഇരട്ടിയിലധികവും.

കാര്യം തുറന്നു പറഞ്ഞപ്പോൾ സുൽത്താൻ തന്ന മറുപടി എന്നെ അദ്ഭുതപ്പെടുത്തി. തന്റെ കടയിൽ വന്നു ഗണേശ വിഗ്രഹം ഇഷ്ടപ്പെട്ട ആരെയും വില പോരെന്നു പറഞ്ഞു അയാൾ മടക്കില്ലത്രേ. കൂടെ സർക്കാരിന്റെ അതിഥി അയാളുടെയും അതിഥിയല്ലേയെന്ന മേമ്പൊടിയും.

പിന്നീട് എംജി റോഡിൽ പോകുമ്പോഴെല്ലാം സുൽത്താന്റെ കടയിൽ വലിയ തിരക്കില്ലെങ്കിൽ അയാളോടു കുശലം പറയലും കടയിൽ അയാൾ തന്നെ ഉണ്ടാക്കുന്ന ഇറാനി ചായ കുടിക്കലും പതിവായി. അങ്ങനെയാണു സുൽത്താനും ഗണേശനും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ ചുരുളഴിഞ്ഞത്‌. അതോടൊപ്പം സുൽത്താന്റെ അതിസുന്ദരൻമാരായ ഗണേശൻമാരിൽ ചിലർ എന്റെ ക്വാർട്ടേഴ്സിലേക്കു താമസം മാറ്റുകയും ചെയ്തു. 

സുൽത്താന്റെ കുടുംബം ഗുജറാത്തിൽനിന്നു മുംബൈയിലേക്കു കുടിയേറിപ്പാർത്തവരാണ്. പിതാവ് അകാലത്തിൽ വിട പറഞ്ഞതോടെ അമ്മയെയും സഹോദരിമാരെയും നോക്കേണ്ട ഉത്തരവാദിത്തം കുഞ്ഞു സുൽത്താനായി. കുടുംബത്തിന്റെ വരുമാന മാർഗമായിരുന്ന പ്രിന്റിങ് പ്രസ്സ് നടത്താനൊന്നും സ്കൂൾ വിദ്യാർഥിയായിരുന്ന സുൽത്താനു വശമില്ലായിരുന്നു. അതിനിടെ അടിയന്തരാവസ്ഥ വന്നതോടെ പോസ്റ്ററോ നോട്ടിസോ അടിക്കാനുള്ള ഓർഡറുകൾ പോലും വിരളമായി. മഡ്ക്ക കളിക്കുമേൽ നിയന്ത്രണങ്ങൾ ശക്തമായതോടെ അതുമായി ബന്ധപ്പെട്ടു സ്ഥിരമായി കിട്ടിയിരുന്ന ചില ചില്ലറ പണികളും നിലച്ചു.

എന്നാൽ ഒന്നോ രണ്ടോ മഡ്ക്ക രാജാക്കന്മാർ അതീവ രഹസ്യമായി കളി തുടങ്ങിയപ്പോൾ അനുബന്ധ അച്ചടി ജോലികൾ ചെയ്യാൻ വൻകിട പ്രസ്സുകാർക്കൊന്നും ധൈര്യമില്ലായിരുന്നു. ഒരു ബോളിവുഡ് ചിത്രത്തിലെപ്പോലെ ഒരു വൻ മഡ്ക്ക രാജാവിന്റെ ഒളിത്താവളത്തിൽ എത്തിയ കുഞ്ഞു സുൽത്താൻ അവരുടെ അച്ചടി ജോലികൾ രഹസ്യമായി ചെയ്തു കൊടുക്കാം എന്നു വാഗ്ദാനം ചെയ്തു. അവർ ജോലി ആ ചെറുപയ്യനെ ഏൽപിച്ചില്ലെങ്കിലും സുൽത്താൻ അതോടെ അവരുടെയിടയിൽ പ്രസിദ്ധനായി. പക്ഷേ, അതുകൊണ്ടൊന്നും സുൽത്താന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുകയില്ലല്ലോ.

അങ്ങനെ വിഷമിച്ചു വൈകി ഉറങ്ങിയ ഒരു രാത്രിയിൽ സുൽത്താൻ കണ്ട സ്വപ്നത്തിൽ എത്തിയ ഗണേശൻ അവനെ ഉപദേശിച്ചു. പ്രസും വീടുമെല്ലാം വിറ്റു സഹോദരിമാരുടെ വിവാഹം നടത്തുക. ബാക്കി തുകയും കൊണ്ടു ബെംഗളൂരുവിലേക്കു പോകുക. അവിടെ അവനെ അവസരങ്ങൾ കാത്തിരിക്കുന്നു! കേട്ടവരെല്ലാം കുഞ്ഞു സുൽത്താനെ നിരുത്സാഹപ്പെടുത്തിയെങ്കിലും എന്തോ ഗണേശൻ പറഞ്ഞതുപോലെ ചെയ്യാനാണു സുൽത്താനു തോന്നിയത്.

ബെംഗളൂരുവിൽ എത്തിയപ്പോൾ കയ്യിൽ അത്യാവശ്യം പണമുണ്ടായിരുന്നതു കൊണ്ട് ഉപദേശകർക്കും കുറവുണ്ടായിരുന്നില്ല. ഉപദേശികളുടെ സമ്മർദം ഏറി വന്നപ്പോൾ ധൃതിയിൽ ഒരു തീരുമാനം എടുക്കാൻ സുൽത്താൻ നിർബന്ധിതനായി. നഗരമധ്യത്തിൽ എംജി റോഡിൽ ഒരു കരകൗശലശാല വിൽപനയ്ക്ക് ഉണ്ടായിരുന്നതു വാങ്ങുക. ധാരാളം വിനോദസഞ്ചാരികൾ വരുന്ന സ്ഥലമായതിനാൽ നല്ല ബിസിനസ് കിട്ടുമെന്നതു ശരിയായിരിക്കുമല്ലോ. എന്നാൽ അപ്പോഴത്തെ ഉടമ കട വിൽക്കാനുള്ള യഥാർഥ കാരണം സുൽത്താനിൽ നിന്നു മറച്ചുവയ്ക്കുകയായിരുന്നു.

കട വാങ്ങിയപ്പോൾ അതിലുണ്ടായിരുന്ന എല്ലാ കരകൗശല വസ്തുക്കൾക്കും അടക്കമായിരുന്നു വിലയിട്ടിരുന്നത്‌. കടയിൽ വരുന്ന വിനോദസഞ്ചാരികൾ ഒന്നു കറങ്ങിയിട്ട് ‘സീ യു’ എന്നു പറഞ്ഞ് ഇറങ്ങിപ്പോകുക പതിവായി. അധിക നാൾ കഴിയുന്നതിനു മുൻപു സുൽത്താന് ഒരു കാര്യം മനസ്സിലായി. കടയിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം വിൽക്കാച്ചരക്കുകളാണെന്ന്. ഒന്നും വിൽക്കാത്ത ദിവസങ്ങൾ മാസങ്ങൾ ആയി മാറിയപ്പോൾ തന്റെ തീരുമാനം തെറ്റായോ എന്നായി സുൽത്താനു സംശയം.

അങ്ങനെ ദുഃഖിതനായി കഴിയുന്ന ഒരു ദിവസം കർണാടകയുടെ ഉൾപ്രദേശങ്ങളിൽ എവിടെയോ നിന്ന് ഒരു വിഗ്രഹ നിർമാതാവ് കടയിൽ എത്തി. താൻ പണിത ഒരു ഗണേശ വിഗ്രഹം വിൽക്കാനായിരുന്നു അയാളുടെ വരവ്. വീട്ടുവാടക കൊടുക്കാൻ പോലും ബുദ്ധിമുട്ടുന്ന സുൽത്താൻ അയാളെ മടക്കി അയച്ചു. അതും കൂടുതലും വിദേശ വിനോദസഞ്ചാരികൾ വരുന്ന ആ സമുച്ചയത്തിൽ ആരാണു ഗണേശവിഗ്രഹം വാങ്ങുക?

അന്നു രാത്രി സുൽത്താന്റെ സ്വപ്നത്തിൽ വീണ്ടും ഗണേശൻ എത്തി. ഗണേശ വിഗ്രഹങ്ങളുടെ ഡിമാൻഡ് അഭൂതപൂർവമായി വർധിക്കുവാൻ പോവുകയാണ്, അതുകൊണ്ടു പകൽ തിരിച്ചയച്ച വിഗ്രഹനിർമാതാവുമായി നല്ല ബന്ധം സ്ഥാപിക്കാനായിരുന്നു ഇത്തവണ ഗണേശൻ ഉപദേശിച്ചത്. മൊബൈൽ ഫോണൊന്നും ഇല്ലാതിരുന്ന കാലമായിരുന്നിട്ടും സുൽത്താൻ അയാളെ അന്വേഷിച്ചു കണ്ടെത്തി. തിരിച്ചുവരുമ്പോൾ ആ വിഗ്രഹം വാങ്ങാനും മറന്നില്ല.

പക്ഷേ, സുൽത്താനെ കാത്തിരുന്നതു മറ്റൊരു വിനയാണ്. പഴയ ഉടമസ്ഥൻ വിൽപനശാല തുടങ്ങിയതു മുതലുള്ള നികുതിയും പിഴയും ചേർത്ത് ഉടനെ അടയ്ക്കാനുള്ള നോട്ടിസായിരുന്നു അത്. അയാൾക്കു താങ്ങാൻ പറ്റാത്തത്ര വലിയൊരു തുകയായിരുന്നു അത്. അയാളുടെ വാദങ്ങളും അപ്പീലുകളുമെല്ലാം നിരാകരിക്കപ്പെട്ടു.

കട പൂട്ടി എന്തെങ്കിലും ജോലിക്കു ശ്രമിച്ചാലോ എന്ന് ആലോചിക്കുമ്പോൾ വീണ്ടുമെത്തുന്നു വിനായകൻ. ‘നാളെ തന്നെ പോയി ആ ഉദ്യോഗസ്ഥനെ കാണൂ. പുതിയ അപ്പീലിനോടൊപ്പം അന്നു വാങ്ങിയ ഗണേശ വിഗ്രഹവും അദ്ദേഹത്തിനു കൊടുക്കൂ.’ അഴിമതിക്കാരനല്ലാത്ത ആ ഉദ്യോഗസ്ഥൻ ഗണേശ വിഗ്രഹം സ്വീകരിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും അയാൾ അങ്ങനെ തന്നെ ചെയ്തു.

സമ്മാനപ്പൊതി കണ്ടു കയർത്ത ഉദ്യോഗസ്ഥൻ അതിൽ ഒരു ഗണേശ വിഗ്രഹമാണെന്നു പറഞ്ഞപ്പോൾ ഒരു നിമിഷം എന്തോ ആലോചിച്ചു. പൊതി അഴിച്ചു കണ്ടപ്പോൾ മുഖത്ത് എന്തോ വികാര വിക്ഷോഭം മിന്നിമറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു വരൂ എന്നു പറഞ്ഞെങ്കിലും പിറ്റേ ദിവസം രാവിലെ സുൽത്താന് ടാക്സ് ഓഫിസിൽ നിന്നു ഫോൺ വിളി വന്നു. അപ്പീൽ ഒരു വൺ ടൈം സ്പെഷൽ കേസ് ആയി സ്വീകരിച്ചിരിക്കുന്നു, പിന്നെ ഒരു ചെറിയ ഫൈൻ അടയ്ക്കണം. കൂടെ ഒരു വാണിങ്ങും: ഇനി മുതൽ എല്ലാ റിട്ടേണുകളും കൃത്യമായി ഫയൽ ചെയ്തില്ലെങ്കിൽ ശക്തമായ നടപടി ഉണ്ടാകും!

പിന്നീടാണു കൂടുതൽ വിവരങ്ങൾ അറിയുന്നത്. ബെംഗളൂരുവിൽ പ്രസിദ്ധമായ സങ്കിഷ്ട (സങ്കടഹര) ചതുർഥി പൂജയ്ക്ക്‌ ഓഫിസറുടെ ഭാര്യയും ക്യാംപസിലെ കൂട്ടുകാരികളും ഓരോ മാസവും ഓരോ വീട്ടിലുമായി പൂജ നടത്താറുണ്ടായിരുന്നു. എല്ലാ കൂട്ടുകാരികളുടെ വീടുകളിലും നല്ല ഗണേശ വിഗ്രഹങ്ങൾ ഉണ്ടെങ്കിലും സീനിയർ ആയ നമ്മുടെ ഓഫിസറുടെ വീട്ടിലെ വിഗ്രഹം തീരെ പോരാ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയുടെ വിഷമം. ഭാര്യ കുറെ നാളുകളായി പറയുന്നുണ്ടെങ്കിലും പല കാരണങ്ങളാലും ഓഫിസർക്ക് ഒരു നല്ല വിഗ്രഹം വാങ്ങി ഭാര്യയെ സമാധാനിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അന്നു രാവിലെയും വീട്ടിൽ വഴക്കായിരുന്നു. അന്നു പുതിയ വിഗ്രഹം കിട്ടിയില്ലെങ്കിൽ പിറ്റേ ദിവസത്തെ പൂജ ക്യാൻസൽ ചെയ്യുമെന്നും കൂട്ടുകാരുടെ പൂജാ ഗ്രൂപ്പിൽ നിന്നു തന്നെ വിട്ടുപോരും എന്നുവരെ ഭാര്യ ഭീഷണിപ്പെടുത്തി. പതിവു പോലെ തിരക്കുകൾക്കിടയിൽ വിഗ്രഹത്തിന്റെ കാര്യം ഓഫിസർ മറന്നിരിക്കുമ്പോഴാണ് സുൽത്താൻ ഗണേശ വിഗ്രഹവുമായി എത്തുന്നത്. 

പിന്നീട് ആ വിഗ്രഹം കണ്ട ഓഫിസറുടെ അതിഥികൾക്കും അവരുടെ കൂട്ടുകാർക്കുമെല്ലാം അതു വാങ്ങിയ കടയുടെ മേൽവിലാസം വേണം. ഡിമാൻഡ് കൂടി വന്നപ്പോൾ എല്ലാ മാസവും പൂജയ്ക്കു രണ്ടുദിവസം മുൻപു സുൽത്താൻ ലോക്കൽ പത്രങ്ങളിൽ   പരസ്യം കൊടുക്കും. ‘‘സങ്കിഷ്ട ചതുർത്ഥി പൂജയ്ക്ക് യോജ്യമായ, അന്നേ ദിവസം വാങ്ങിയാൽ ഫലം ഗാരന്റി നൽകുന്ന ഗണേശ വിഗ്രഹങ്ങൾക്കു സമീപിക്കുക......’’ അങ്ങനെ ചുരുങ്ങിയ കാലയളവിൽ ബെംഗളൂരുവിലെ ഇടത്തരക്കാരുടെ നല്ലൊരു ശതമാനം വീടുകളിലെ പൂജാമുറികളിലും സുൽത്താന്റെ ഗണേശന്മാർ എത്തിച്ചേർന്നു. അതോടൊപ്പം സിറ്റിയിലെ വീടുകളുടെയും  ഓഫിസുകളുടെയും സ്വീകരണ മുറികളിലും സുൽത്താന്റെ ഗണേശന്മാർ സ്ഥാനമുറപ്പിച്ചു.  പ്രവാസികളിലൂടെയും വിനോദസഞ്ചാരികളിലൂടെയും സുൽത്താന്റെ ഗണേശന്മാർ വിദേശ രാജ്യങ്ങളിൽ കൂടുതലായി എത്താൻ തുടങ്ങിയതോടെ ഓർഡറുകളുടെ എണ്ണവും കൂടിക്കൂടി വന്നു. പിന്നീടൊരിക്കൽ സ്വപ്‍നത്തിലെത്തിയ ഗണേശൻ തന്റെ വിഗ്രഹങ്ങൾ രൂപകൽപന ചെയ്യാൻ സുൽത്താനോട് ആവശ്യപ്പെട്ടു. അങ്ങനെ സുൽത്താൻ രൂപകൽപന ചെയ്ത ഗണപതി രൂപങ്ങൾ ഇന്ന് എണ്ണമില്ലാത്തത്രയുണ്ട്. നൃത്തം ചെയ്യുന്ന, വീണ വായിക്കുന്ന, പുസ്തകം വായിക്കുന്ന, ലാപ്ടോപ് ഉപയോഗിക്കുന്ന, ടെന്നിസ് കളിക്കുന്ന, അങ്ങനെ മനുഷ്യർ ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന എന്തും ചെയ്തുകൊണ്ടിരിക്കുന്ന ഗണപതിമാർ സുൽത്താന്റെ സമുച്ചയത്തി‍ൽ കാണാം.

പിന്നെ ഒരുകാര്യം സുൽത്താനു നിർബന്ധമാണ്. ഗണേശ വിഗ്രഹം വാങ്ങുന്നയാൾക്കു നൽകുന്നതിനു മുൻപ്, ഒരു നിശ്ശബ്ദ പ്രാർഥന. അത് അയാളുടെ രഹസ്യം. അതോടൊപ്പം വളരെ ചെറിയൊരു ഗണേശവിഗ്രഹവും സമ്മാനമായി നൽകും. മത്സര പരീക്ഷകൾക്കു മുൻപു മക്കളെയും കൊണ്ടുവന്നു ചെറിയൊരു ഗണേശവിഗ്രഹം വാങ്ങി അതു സുൽത്താനെക്കൊണ്ടു പൂജിച്ചു വാങ്ങുന്ന അമ്മമാരെ കണ്ടിട്ടുണ്ട്.ചെറിയ സംരംഭങ്ങൾ തുടങ്ങുന്ന ചിലരും അതേ പോലെ ചെയ്യുന്നതു കാണാം. ഇതൊന്നും അഞ്ചു നേരവും കൃത്യമായി നിസ്കരിക്കാറുള്ള, റമസാൻ വ്രതം ഒരുദിവസം പോലും മുടക്കാത്ത സുൽത്താനു തെറ്റായി തോന്നിയിട്ടില്ല.

കഴിഞ്ഞ തവണ കാണുമ്പോൾ സുൽത്താന്റെ ഏക മകൻ എം.ബി.ബി.എസ്. കഴിഞ്ഞു പിജിയുടെ എൻട്രൻസിനു തയാറെടുക്കുകയായിരുന്നു. അപ്പോൾ ഇത്ര വലിയ സ്ഥാപനത്തിന്റെയും ബൃഹത്തായ ഗണേശവിഗ്രഹ ശേഖരത്തിന്റെയും ഭാവി? തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗണേശവിഗ്രഹത്തെ നോക്കി ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു: അത് അവൻ തന്നെ നിശ്ചയിക്കട്ടെ. അപ്പറഞ്ഞതു മകനെ ഉദ്ദേശിച്ചാണോ അതോ ഗണേശനെക്കുറിച്ചാണോ എന്നു ചോദിക്കുന്നതു മര്യാദയല്ലെന്ന് എനിക്കു തോന്നി.

സുൽത്താന്റെ സ്വപ്നത്തിൽ വരുന്ന ഗണേശൻ അയാളുടെ മനസ്സിന്റെ തോന്നലാണെന്നേ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആർക്കും പറയാനാകൂ. നാം ശാന്തമായി ഉറങ്ങുമ്പോൾ നമ്മുടെ മനസ്സ് ഉറങ്ങുന്നില്ല. വ്യാപൃതമാകാൻ മറ്റു കാര്യങ്ങൾ കുറവായതിനാൽ നാം ഉറങ്ങുമ്പോൾ മനസ്സിനു കൂടുതൽ വിശദമായും കൃത്യതയോടെയും പ്രശ്നങ്ങൾ അപഗ്രഥിക്കുവാൻ കഴിയുമത്രേ. അതുകൊണ്ടു കൂടിയാണ് പലപ്പോഴും നാം കാണുന്ന സ്വപ്നങ്ങൾ സത്യമായി ഭവിക്കുന്നതെന്നു പല പഠനങ്ങളും പറയുന്നു. സുൽത്താന് ഇതിനെക്കുറിച്ച് എന്താണാവോ പറയുവാനുള്ളത്?

(ചൈനയിലും ഹോങ്കോങ്ങിലും സിംഗപ്പുരിലും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ ഉദ്യോഗസ്ഥനായിരുന്നു ലേഖകൻ)

English Summary: Story of Sulthan, and his Ganapathi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com