നൊബേൽ നേടിയ കുലംകുത്തികൾ

david
ഡേവിഡ് കാർഡ്
SHARE

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്നു കേരളത്തിൽ മികച്ച അടിസ്ഥാനശമ്പളം കൈപ്പറ്റുന്നതിനു കാരണക്കാരായ മൂന്നുപേർക്കാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം ലഭിച്ചത്- ഡേവിഡ് കാർഡ്, ജോഷ്വ ആംഗ്രിസ്റ്റ്, ഗ്വിഡോ ഇംബൻസ്. തൊണ്ണൂറുകളിൽ ഇവർ മിനിമം വേതനവർധനയ്ക്ക് അനുകൂലമായി നടത്തിയ വിപ്ലവകരമായ കണ്ടെത്തലുകളാണ് പിന്നീടു ലോകമെങ്ങുമുള്ള കോടിക്കണക്കിനു മിനിമം വേതന ജീവനക്കാരുടെ ജീവിതം മെച്ചപ്പെടുത്തിയത്.

മൂന്നുവർഷം മുൻപ്, കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ശമ്പളവർധന ആവശ്യപ്പെട്ടു സമരം നടത്തിയപ്പോൾ ആശുപത്രി ഉടമകൾ ശക്തമായി എതിർത്തു. 2018 ഏപ്രിലിൽ സംസ്ഥാന സർക്കാർ ശമ്പളവർധന പ്രഖ്യാപിച്ചപ്പോൾ ജീവിതസൂചിക കണക്കാക്കി വേണം ശമ്പളവർധന നടപ്പാക്കാൻ എന്ന ധനശാസ്ത്രതത്വവും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, അതോടെ ആരോഗ്യരംഗത്തെ സേവനങ്ങൾ മെച്ചപ്പെടുകയും നഴ്സിങ് രംഗത്ത് കൂടുതൽ അവസരങ്ങൾ തുറക്കുകയുമാണു ചെയ്തത്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്നു കേരളത്തിൽ മികച്ച അടിസ്ഥാനശമ്പളം കൈപ്പറ്റുന്നതിനു കാരണക്കാരായ മൂന്നുപേർക്കാണു സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം ലഭിച്ചത് - ഡേവിഡ് കാർഡ്, ജോഷ്വ ആംഗ്രിസ്റ്റ്, ഗ്വിഡോ ഇംബൻസ്. തൊണ്ണൂറുകളിൽ ഇവർ മൂന്നുപേരുടെ നേതൃത്വത്തിൽ മിനിമം വേതനവർധനയ്ക്ക് അനുകൂലമായി നടത്തിയ വിപ്ലവകരമായ കണ്ടെത്തലുകളാണു പിന്നീടു ലോകമെങ്ങുമുള്ള കോടിക്കണക്കിനു മിനിമം വേതന ജീവനക്കാരുടെ ജീവിതം മെച്ചപ്പെടുത്തിയത്.

എന്നാൽ, കേരളത്തിലെ നഴ്സുമാരുടെ സമരത്തെക്കാൾ കഠിനവും ദീർഘവുമായിരുന്നു 1993ൽ ഡേവിഡ് കാർഡും സുഹൃത്ത് അലൻ ക്രൂഗറും സാമ്പത്തിക ശാസ്ത്രത്തോടു ചെയ്ത സമരം. ധനശാസ്ത്രത്തിന്റെ പിതാവായ ആഡം സ്മിത് മുതൽ സാമ്പത്തിക ശാസ്ത്രജ്ഞർ പിന്തുടരുന്ന വിശ്വാസ സത്യങ്ങൾക്കു നേരെയുള്ള പോരാട്ടം ഇരുവർക്കും ഉറ്റസുഹൃത്തുക്കളെ വരെ നഷ്ടപ്പെടുത്തി.

guido
ഗ്വിഡോ ഇംബൻസ്

1992, ന്യൂജഴ്സി:

കുറഞ്ഞ വേതനം മണിക്കൂറിൽ 4.25 ഡോളറിൽ നിന്ന് 5.05 ഡോളറാക്കി ഉയർത്താനുള്ള തീരുമാനത്തിനു മുന്നിൽ സാമ്പത്തിക വിദഗ്ധർ രണ്ടു തട്ടിലായി. മണിക്കൂറിൽ 5.05 ഡോളർ എന്നത് അന്ന് അമേരിക്കയിലെ ഏറ്റവും ഉയർന്ന മിനിമം വേതനമായിരുന്നു. വേതനവർധനയോടെ ജീവനക്കാർക്കു ശമ്പളം നൽകാനാവാതെ സ്ഥാപനങ്ങൾ ബുദ്ധിമുട്ടുകയും അങ്ങനെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ഇതു തൊഴിലില്ലായ്മയ്ക്കു വഴിവയ്ക്കുകയും ചെയ്യുമെന്നതായിരുന്നു പ്രധാന വാദം. ധനശാസ്ത്ര തത്വങ്ങൾ അനുസരിച്ച് അതാണ് ശരിയായ വാദം. അതാണു സംഭവിക്കേണ്ടതും. എന്നാൽ, വേതന വർധന നല്ലതാണെന്നു സ്ഥാപിക്കാൻ മറുഭാഗവുമുണ്ടായിരുന്നു. അതിങ്ങനെയാണ്: തൊഴിലാളികൾക്കു ശമ്പളം വർധിക്കുന്നു - വർധിച്ച ശമ്പളം അവർ സാധനങ്ങളും സേവനങ്ങളും വാങ്ങാൻ ഉപയോഗിക്കുന്നു - അങ്ങനെ സാധനങ്ങൾക്കും സേവനങ്ങൾക്കും ആവശ്യകത ഉയരുന്നു- ഉയർന്ന ആവശ്യകതയെ നേരിടാൻ കമ്പനികൾ സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപാദനം വർധിപ്പിക്കുന്നു- ഇതിനായി കൂടുതൽ ജീവനക്കാരെ ആവശ്യമായി വരുന്നു. തൊഴിലാളി യൂണിയൻ നേതാക്കന്മാർപോലും അവതരിപ്പിക്കാൻ മടിച്ചുനിന്ന മനോഹരമായ സ്വപ്നം!

സാമ്പത്തിക വിദഗ്ധർ രണ്ടുതട്ടിൽ നിൽക്കെ പ്രിൻസ്ടൻ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞരായ ഡേവിഡ് കാർഡ്, അലൻ ക്രൂഗർ എന്നിവർ പുതിയൊരു സാമ്പത്തികശാസ്ത്ര പരീക്ഷണം നടത്താൻ തീരുമാനിച്ചു. വൈദ്യശാസ്ത്രത്തിലോ ഭൗതികശാസ്ത്രത്തിലോ ഒക്കെ നടക്കുന്നതുപോലെ സ്വതന്ത്രവും സ്വാഭാവികവുമായ പരീക്ഷണങ്ങളെപ്പറ്റി സാമ്പത്തിക ശാസ്ത്രത്തിൽ ആരും ചിന്തിക്കാത്ത കാലം. പ്രത്യേകിച്ച് വിലയും ആവശ്യകതയും (price, demand) സംബന്ധിച്ച അടിസ്ഥാന തത്വങ്ങളെപ്പറ്റി ആരും ഒരു പരീക്ഷണത്തിനും മുതിരുകയുമില്ല. വില ഉയരുമ്പോൾ ആവശ്യകത കുറയും എന്നതാണു തത്വം. മിനിമം വേതനം അഥവാ തൊഴിലിന്റെ വില ഉയരുമ്പോൾ അതിനുള്ള ആവശ്യകത അഥവാ തൊഴിലവസരങ്ങൾ കുറയും. ഈ അടിസ്ഥാനതത്വം യഥാർഥലോകത്ത്, സ്വാഭാവിക അന്തരീക്ഷത്തിൽ പരീക്ഷിക്കുക എന്ന വിപ്ലവത്തിനാണു കാർഡും ക്രൂഗറും ഇറങ്ങിത്തിരിച്ചത്.

രസതന്ത്ര ലാബിൽ രണ്ടു ടെസ്റ്റ് ട്യൂബുകളിലായി ഒരേ ലായനി എടുത്ത് അതിലൊന്നിൽ പ്രത്യേക രാസവസ്തു ചേർത്ത് അതിന്റെ പ്രവർത്തനം ശാസ്ത്രീയമായി തെളിയിക്കുന്നതുപോലെ, ന്യൂജഴ്സിയെയും പെൻസിൽവേനിയയെയും അവർ ഓരോ ടെസ്റ്റ് ട്യൂബുകളാക്കി. ഒരേ സ്വഭാവമുള്ള തൊഴിൽമേഖലയാണ് അതിർത്തി പങ്കിടുന്ന രണ്ടു പ്രദേശത്തും. ഒരിടത്തു വേതനം വർധിക്കുന്നു, മറ്റൊരിടത്തു വർധിക്കുന്നില്ല. രണ്ടിടങ്ങളിലെയുമായി 410 ഫാസ്റ്റ്‌ഫുഡ് റസ്റ്ററന്റുകളെ അവർ പഠനത്തിനെടുത്തു. ന്യൂജഴ്സിയിൽ മിനിമം വേതനം വർധിക്കുന്നതിനു മുൻപും ശേഷവും രണ്ടിടത്തെയും തൊഴിൽമേഖലയിൽ ഉണ്ടായ ചലനങ്ങൾ അവർ അടയാളപ്പെടുത്തി. 1993ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അവർ മുഖ്യധാരാ സാമ്പത്തികശാസ്ത്രത്തെ വെല്ലുവിളിച്ചു.

വേതനം വർധിക്കാത്ത, മറ്റൊന്നിലും ഒരു മാറ്റവും വരാത്ത പെൻസിൽവേനിയയിൽ റസ്റ്ററന്റുകളിലെ തൊഴിലവസരങ്ങളിൽ ഇക്കാലയളവിൽ ഒരു മാറ്റവും വന്നില്ല. എന്നാൽ, വേതനവർധന നിലവിൽ വന്ന ന്യൂജഴ്സിയിൽ ധനശാസ്ത്ര തത്വങ്ങളെ അട്ടിമറിച്ചുകൊണ്ട് തൊഴിലവസരങ്ങളിൽ 13 ശതമാനം വർധനയാണ് ഉണ്ടായത്. പഠനം നടന്നതു സാമ്പത്തികമാന്ദ്യം നിലനിൽക്കെയാണെന്നതു മറ്റൊരു വസ്തുത.

വേതനവർധന എല്ലായ്പ്പോഴും തൊഴിലവസരങ്ങൾ വർധിപ്പിക്കും എന്നു തെളിയിക്കുകയായിരുന്നില്ല അവർ. മറിച്ച്, വേതനവർധന എല്ലായ്പ്പോഴും തൊഴിലില്ലായ്മയ്ക്കു കാരണമാകും എന്ന അടിസ്ഥാന ധനശാസ്ത്ര പാഠങ്ങളിലൊന്ന് തെറ്റാണെന്ന് അവർ തെളിയിച്ചു. എന്നാൽ, അതിന്റെ പ്രത്യാഘാതങ്ങൾ ചെറുതായിരുന്നില്ല.

സാമ്പത്തിക തത്വങ്ങളെ വെല്ലുവിളിക്കുന്ന പരീക്ഷണങ്ങൾക്ക് ഇറങ്ങിത്തിരിച്ച കാർഡിനെയും ക്രൂഗറെയും മുൻനിര സാമ്പത്തിക വിദഗ്ധർ കുലംകുത്തികൾ എന്നും ഒറ്റുകാരെന്നും വിശേഷിപ്പിച്ചു. വെള്ളം താഴെനിന്നു മുകളിലോട്ട് ഒഴുകും എന്ന് ഒരു ഭൗതികശാസ്ത്രജ്ഞനും പറയില്ലെന്നതുപോലെ മിനിമം വേതനം വർധിക്കുമ്പോൾ തൊഴിലവസരങ്ങൾ വർധിക്കും എന്ന് ആത്മാഭിമാനമുള്ള ഒരു ധനശാസ്ത്രജ്ഞനും പറയില്ല എന്നാണ് ഏറെ ആദരണീയനും 1886ലെ ധനശാസ്ത്ര നൊബേൽ ജേതാവുമായ ജയിംസ് ബുക്കാനൻ പറഞ്ഞത്. ഇത്തരം അവകാശവാദങ്ങൾ ധനശാസ്ത്രത്തിന്റെ രണ്ടു നൂറ്റാണ്ടിന്റെ പഠന പാരമ്പര്യത്തെയും ശാസ്ത്രീയ അടിത്തറയെയും തള്ളിപ്പറയുന്നതിനു തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡേവിഡ് കാർഡിന്റെയും അലൻ ക്രൂഗറിന്റെയും കണ്ടെത്തലുകളെ അബദ്ധ ജടിലമെന്നു വിശേഷിപ്പിച്ച് മുഖ്യധാരാ സാമ്പത്തിക ശാസ്ത്രജ്ഞർ തള്ളിക്കളഞ്ഞു. ഇത് ഇരുവരുടെയും വ്യക്തിജീവിതത്തെപ്പോലും ബാധിച്ചു. ഡേവിഡ് കാർഡ് വിശ്വസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞൻ ആണോ എന്നതിൽ പലർക്കും ആശയക്കുഴപ്പമായി. സമകാലികരായ സുഹൃത്തുക്കൾ അദ്ദേഹത്തിൽ നിന്നകന്നു. സ്വന്തം വിദ്യാർഥികൾപോലും അദ്ദേഹത്തെ സംശയത്തോടെയാണു നോക്കിയത്. ഒറ്റുകാരനെന്നു മുദ്രകുത്തപ്പെട്ടതോടെ അനുഭവ പരീക്ഷണത്തിലൂടെ കണ്ടെത്തിയ സത്യങ്ങൾ പറയുന്നതും പഠിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും വർഷങ്ങളോളം അദ്ദേഹം നിർത്തിവച്ചു. അതേസമയം, ന്യൂജനറേഷൻ ധനശാസ്ത്രജ്ഞർക്കിടയിൽ ഡേവിഡ് കാർഡിന്റെ കണ്ടെത്തലുകൾ ചർച്ചയായി. പോൾ ക്രുഗ്‌മാൻ ഉൾപ്പെടെയുള്ള ധനശാസ്ത്രജ്ഞർ കാർഡിന്റെ കണ്ടെത്തലുകൾ സ്വാഗതം ചെയ്തു. എന്നാൽ, പരീക്ഷണം നടത്താൻ ഡേവിഡ് കാർഡ് തിരഞ്ഞെടുത്ത മാർഗങ്ങളും മാനദണ്ഡങ്ങളും പൂർണമായി സ്വീകരിക്കപ്പെട്ടില്ല.

ഏതാണ്ട് ഇതേ കാലത്തുതന്നെ, മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) ജോഷ്വ ആംഗ്രിസ്റ്റും സ്റ്റാൻഫഡ് സർവകലാശാലയിലെ ഗ്വിഡോ ഇംബൻസും സ്വാഭാവിക പരീക്ഷണങ്ങൾക്കായി അവതരിപ്പിച്ച പുതിയ രീതീശാസ്ത്രമാണ് ഡേവിഡ് കാർഡിന്റെ പരീക്ഷണങ്ങൾ അംഗീകരിക്കാൻ സാമ്പത്തിക വിദഗ്ധരെ നിർബന്ധിതരാക്കിയത്. ഗിഗ് മേഖലയിലെ (ഊബർ ഡ്രൈവർമാർ, ഫുഡ് ഡെലിവറി ജീവനക്കാർ തുടങ്ങിയവർ) സ്വതന്ത്ര തൊഴിലാളികളുടെ മിനിമം വേതനവർധനയിലും തൊഴിൽസുരക്ഷയിലുമെല്ലാം നൊബേൽ പുരസ്കാര ജേതാക്കളായ മൂന്നുപേരുടെയും സംഭാവനകൾ ആണ് അടിസ്ഥാനമായുള്ളത്. ഡേവിഡ് കാർഡിനൊപ്പം പ്രവർത്തിച്ച, 2019ൽ അന്തരിച്ച അലൻ ക്രൂഗറും ഇവർക്കൊപ്പം തന്നെ പുരസ്കാരത്തിനർഹനാണ്. എന്നാൽ, നൊബേൽ സമ്മാനം മരണാനന്തര ബഹുമതിയായി നൽകാറില്ലാത്തതും ഒരേ പുരസ്കാരം മൂന്നിലേറെപ്പേർക്കു പങ്കുവയ്ക്കാത്തതുമാണ് ക്രൂഗറെ പട്ടികയിൽനിന്ന് ഒഴിവാക്കാൻ  കാരണം.

joshua
ജോഷ്വ ആംഗ്രിസ്റ്റ്

ജോഷ്വയുടെ പരീക്ഷണങ്ങൾ

സ്വാഭാവിക സാമ്പത്തികശാസ്ത്ര പരീക്ഷണങ്ങൾക്കായി ജോഷ്വ ആംഗ്രിസ്റ്റ് തിരഞ്ഞെടുക്കുന്ന വഴികൾ വ്യത്യസ്തമാണ്. ഊബർ ഡ്രൈവർമാരാണോ സാധാരണ ടാക്സി ഡ്രൈവർമാരാണോ കൂടുതൽ നേട്ടമുണ്ടാക്കുന്നത് എന്നറിയാൻ 2017ൽ യുഎസിലെ ബോസ്റ്റനിൽ ജോഷ്വ കുറേക്കാലം ഊബർ ഡ്രൈവറായി ജോലി ചെയ്തിരുന്നു. യുഎസിൽ ടാക്സി ഡ്രൈവർമാർ കാറിന് ഓട്ടം ഉണ്ടെങ്കിലും ഇല്ലെങ്കിലും കാറുടമയ്ക്ക് നിശ്ചിത പ്രതിമാസ വാടക നൽകുന്നതാണു രീതി. ഊബർ ഡ്രൈവർമാർ ഓരോ ഓട്ടത്തിനുമുള്ള ചാർജിന് ആനുപാതികമായുള്ള ഊബർഫീ നൽകിയാൽ മതി. ഏതാണു ഡ്രൈവർമാർക്കു ലാഭകരം എന്നറിയാൻ ജോഷ്വയും സംഘവും പ്രതിമാസ വാടകയും ഊബർ ഫീസും ഇല്ലാത്ത പുതിയൊരു ടാക്സി പ്ലാറ്റ്ഫോം തന്നെ അവതരിപ്പിച്ചു.

പഠനത്തിനൊടുവിൽ, യുഎസിലെ സാഹചര്യത്തിൽ ടാക്സി ഡ്രൈവർമാരെക്കാൾ നേട്ടം ഊബർ ഡ്രൈവർമാർക്കായിരുന്നെന്നാണ് കണ്ടെത്തിയത്. പഠനറിപ്പോർട്ടിനു നല്ല റേറ്റിങ് കിട്ടിയെങ്കിലും ഊബർ ഡ്രൈവർ എന്ന നിലയ്ക്ക് ജോഷ്വയ്ക്ക് യാത്രക്കാർ വളരെ മോശം റേറ്റിങ് ആണ് നൽകിയത്. ഗവേഷകനായ ജോഷ്വ ഡ്രൈവിങ് സമയത്തു യാത്രക്കാരെ ചോദ്യങ്ങൾ ചോദിച്ചു വശംകെടുത്തുമായിരുന്നത്രേ. ഈ ചോദ്യക്കൂടുതൽമൂലം ജോഷ്വയുടെ കാറിൽ കയറിയവർ മോശം റേറ്റിങ് നൽകുകയായിരുന്നു.

English Summary: A Nobel Prize for a revolution in economics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA