സാരിയോടും വൃന്ദയോടും തോറ്റ എയർ ഇന്ത്യ

brinda
വൃന്ദ ലണ്ടനിലെ എയർ ഇന്ത്യ നാളുകളിൽ (ഫയൽ ചിത്രം)
SHARE

ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയിൽ പലവിധ സമരങ്ങൾ പലതവണ അരങ്ങേറി; അവയിൽ നിന്നെല്ലാം വൃത്യസ്തമായിരുന്നു 54 വർഷം മുൻപു നടന്ന ഒറ്റയാൾ പോരാട്ടം; എയർ ഇന്ത്യയെ സാരിയുടുപ്പിച്ച സമരം.

സാരിയുടുത്തു ചെന്നപ്പോൾ അതു സമരമായി. ബ്രിട്ടിഷ് മണ്ണിലെ വിമാനത്താവളത്തിൽ സാരിയുടുക്കാനുള്ള സമരം. 54 വർഷം മുൻപുനടന്ന, മൂന്നാഴ്ചയിലേറെ നീണ്ട ഒറ്റയാൾ സമരം അവസാനിക്കുന്നത് ഇന്ത്യയിൽനിന്നൊരു കത്ത് ചെല്ലുന്നതോടെയാണ്. ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലെ എയർ ഇന്ത്യ മാനേജർ അലൻ പറഞ്ഞു: ‘വൃന്ദാ ദാസ്, നിങ്ങൾ വിജയിച്ചിരിക്കുന്നു. ഇവിടെ എയർ ഇന്ത്യയിൽ നിങ്ങൾക്കെന്നല്ല, ആർക്കും സാരിയുടുക്കാം.’

‘സാരി ദേശീയത’യാണ് വൃന്ദ പറഞ്ഞത്. ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ ജീവനക്കാർക്ക് ഇന്ത്യൻ വസ്ത്രം ധരിക്കാനുള്ള അവകാശം. അത് ഇന്ത്യക്കാരി എന്നതിനാൽ തന്റെ അവകാശമാണെന്ന്.

‘‘മറ്റു വസ്ത്രങ്ങളോട് എനിക്കു വിയോജിപ്പൊന്നും ഇല്ലായിരുന്നു. എയർ ഇന്ത്യയിൽ ലണ്ടനിൽ ജോലി ചെയ്യണമെങ്കിൽ സ്ത്രീകൾ പാവാടയും കോട്ടും ധരിക്കണം എന്നു നിർദേശിച്ചപ്പോൾ ഞാൻ എതിർത്തു. ഇന്ത്യക്കാരിയായ ഞാൻ എന്തുകൊണ്ട് എന്റെ ദേശീയ വസ്ത്രമായ സാരിയുടുത്തുകൂടാ? എല്ലാ ദിവസവും സാരിയുടുത്ത് ജോലിക്കു ചെന്നായിരുന്നു എന്റെ സമരം. ആരും എന്റെ കൂടെക്കൂടിയില്ല. സാരിക്കുവേണ്ടി സമരം ചെയ്തു എന്നുപറഞ്ഞ് എന്നെ പിരിച്ചുവിടാൻ പറ്റില്ലായിരുന്നു.’’

brinda-karat
വൃന്ദ കരാട്ട്

ഈയിടെ കൊൽക്കത്തയിൽനിന്നെത്തിയ യുവതി സാരിയേ ധരിക്കൂ എന്നു വാശിപിടിക്കുന്നുവെന്ന് അലൻ അന്നത്തെ എയർ ഇന്ത്യ കമേഴ്സ്യൽ ഡയറക്ടർ ബോബി കൂക്കയ്ക്ക് കത്തെഴുതി. ഉമേഷ് റാവു എന്ന ആർട്ടിസ്റ്റുമായി ചേർന്ന് എയർ ഇന്ത്യയുടെ പ്രതീകമായി ‘മഹാരാജ’യെ അണിയിച്ചൊരുക്കുകയും പല വേഷങ്ങളിൽ അവതരിപ്പിക്കുകയും ചെയ്തയാളാണ് ബോബി. മുഖത്തിന്റെ അതിരുകൾ കടന്നു വശങ്ങളിലേക്കു നീളുന്ന മീശയുള്ള മഹാരാജയെ സൃഷ്ടിച്ച ബോബി ആറുമുഴം വസ്ത്രത്തെ എന്തു പറഞ്ഞ് എതിർക്കാൻ?

ബോബി, അലനു മറുപടി നൽകി: ‘എയർ ഇന്ത്യയെന്നത് ഇന്ത്യയുടെ നാഷനൽ കാരിയറാണ്. വിദേശത്തുള്ള അതിന്റെ ജോലിക്കാർ ഇന്ത്യയുടെതന്നെ പ്രതിനിധികളാണ്. ഇന്ത്യൻ വസ്ത്രങ്ങൾ ഇന്ത്യൻ ദേശീയതയുടെ ഭാഗമാണ്. അതിനാൽ, ഇന്ത്യക്കാർക്കെന്നല്ല, എയർ ഇന്ത്യയിൽ ജോലി ചെയ്യുന്ന വിദേശികൾക്കും ഇന്ത്യൻ വസ്ത്രം ധരിക്കാം.’

അവസാന വാചകം വായിച്ചശേഷം അലൻ, വൃന്ദയോടു പറഞ്ഞു: ‘എന്റെ പ്രശ്നം തീർന്നു. ഇനി നിനക്കാണു പ്രശ്നം.’ പിറ്റേന്ന് ഡ്രസിങ് റൂമിൽ ചെല്ലുമ്പോഴാണ് അതെന്തെന്നു വൃന്ദയ്ക്കു മനസ്സിലാവുന്നത്. സാരിയുടുക്കാൻ പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടിഷ് യുവതികളുടെ നിര. അങ്ങനെ വൃന്ദ ബ്രിട്ടിഷുകാരെയും സാരിയുടുപ്പിച്ചു. ബിരുദം കഴിഞ്ഞപ്പോൾ, സ്വന്തം കാലിൽ നിൽക്കണമെന്നാണ് അച്ഛൻ സൂരജ് ലാൽ ദാസ് മകളോടു പറഞ്ഞത്. അതിനാലാണ് വൃന്ദ എയർ ഇന്ത്യയിൽ ജോലി നേടിയത്. അവിടെ സ്വന്തം സാരിയിൽ നിൽക്കാൻ സമരം ചെയ്തു. 1967 മുതൽ 1970വരെ വൃന്ദ എയർ ഇന്ത്യയിൽ ജോലി ചെയ്തു. രാജിവച്ചശേഷം കൊൽക്കത്തയിലേക്കു മടങ്ങുകയും സിപിഎമ്മിൽ ചേരുകയുമായിരുന്നു. ആ വൃന്ദ ഇപ്പോൾ സിപിഎം പൊളിറ്റ്ബ്യൂറോ അംഗമാണ്; വൃന്ദ കാരാട്ട്. സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഭാര്യ. കൊച്ചുപാവാട വലുപ്പമുള്ള ലാഭത്തിൽനിന്നു സാരിനീളമുള്ള നഷ്ടത്തിൽ വീണുപോയ എയർ ഇന്ത്യ ഇനിയിപ്പോൾ ടാറ്റയുടെ കുപ്പായമിട്ടു പറക്കാൻ പോകുകയാണ്.

English summary: Brinda Karat's saree protest in Air India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA