ADVERTISEMENT

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കാർട്ടൂണിസ്റ്റ് ആർ.കെ. ലക്ഷ്മണിന്റെ ജന്മശതാബ്ദി ഇന്ന്. ഇന്ത്യയിലെ സാധാരണക്കാരന്റെ പ്രതീകമായ ‘ദ് കോമൺ മാൻ’ എന്ന കാർട്ടൂൺ കഥാപാത്രത്തിലൂടെ അദ്ദേഹം വരച്ചിട്ട സാമൂഹിക വിമർശനത്തിന് ഇന്നും മരണമില്ല.

സാധാരണക്കാരന്റെ ആഗ്രഹങ്ങളും അസാധാരണ ജീവിതങ്ങളുടെ ദുരാഗ്രഹങ്ങളും വരച്ചുവരച്ച്, വരയിൽ വലിയവനായൊരാൾ– രാശിപുരം കൃഷ്ണസ്വാമി അയ്യർ ലക്ഷ്മൺ. ആ പേരിനെ ആർ.കെ. ലക്ഷ്മൺ എന്നു ചുരുക്കിയാൽ ‘കോമൺ മാനിന്’ മനസ്സിലാകും. ആ പരിധിയിൽ ജീവിക്കുന്ന ബഹുഭൂരിപക്ഷത്തിന്റെയും ഓർമയിൽ ആ മുഖം തെളിയും. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച കാർട്ടൂണിസ്റ്റുകളിലൊരാൾ.

ഇന്ത്യയിലെ ഏറ്റവും നല്ല കാർട്ടൂണിസ്റ്റ് ആരെന്നു ചോദിച്ചാൽ ആർ.കെ. ലക്ഷ്മൺ സ്വന്തംപേരു പറയും. അതിൽ അഹംഭാവത്തിന്റെ നിഴൽ കടുകുമണിയോളം പോലുമില്ലെന്ന് അദ്ദേഹത്തിന്റെ വരകൾ സാക്ഷ്യംപറയും. എങ്കിൽ രാജ്യത്തെ മികച്ച രണ്ടാമത്തെ കാർട്ടൂണിസ്റ്റിന്റെ പേരു പറയണമെന്നു ലോകപ്രശസ്ത അമേരിക്കൻ കാർട്ടൂണിസ്റ്റ് ലൂറി വാശിപിടിച്ചു. ആദ്യ അഞ്ചു സ്ഥാനങ്ങളിലും താൻ തന്നെയെന്ന് കുസൃതി ചേർത്ത് ആർ.കെ. ലക്ഷ്മൺ മറുപടി പറഞ്ഞു. 

സാധാരണക്കാരനെ ഇരുത്തിയും കിടത്തിയും നടത്തിയും ചിന്തിപ്പിച്ച ‘ദ് കോമൺ മാൻ’ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവിന്റെ ജന്മശതാബ്ദിയാണ് ഇന്ന്. വർത്തമാനകാല രാഷ്ട്രീയ വേലിയേറ്റങ്ങളിൽ ഇന്നും ആർ.കെ ലക്ഷ്മൺ എന്ന പ്രതിഭയുടെ മുഖവും കോമൺ മാൻ എന്ന പ്രതീകവും പലപ്പോഴും തെളിഞ്ഞു നിൽക്കുന്നു. കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യം നിറഞ്ഞ വരകൾ ആ പ്രതിഭയോടുള്ള ആദരമായി മാറുന്നു. 

അനിയന്റെ മാൽഗുഡിക്കാലം

മൈസൂരിലെ യാഥാസ്ഥിതിക കുടുംബത്തിൽ എട്ടു മക്കളിൽ ഇളയവനായിട്ടാണ് 1921 ഒക്ടോബർ 24നു ആർ.കെ. ലക്ഷ്മണിന്റെ ജനനം. മൂന്നാം വയസ്സിൽതന്നെ വര തുടങ്ങി. നിലത്ത്, ചുമരിൽ, കടലാസിൽ. എലി, പൂച്ച, അടുക്കളപ്പാത്രങ്ങൾ ഇങ്ങനെ കണ്ണിൽക്കണ്ടതെല്ലാം വരച്ചു. പഠനത്തിനിടെ തന്നെ 'ദ് ഹിന്ദു' ദിനപത്രത്തിൽ സഹോദരൻ ആർ.കെ. നാരായണന്റെ കഥകൾക്കു വരച്ച സ്‌കെച്ചുകൾ ഏറെ ശ്രദ്ധ നേടി. ഒരു വേനലവധിക്കു മദ്രാസിലെ ജെമിനി സ്റ്റുഡിയോയിൽ ജോലി ചെയ്തിട്ടുണ്ട്.

സ്‌കൂൾ പഠനത്തിനുശേഷം മുംബൈയിലെ പ്രശസ്തമായ ജെ.ജെ സ്‌കൂൾ ഓഫ് ആർട്‌സിലെത്തിയെങ്കിലും കഴിവില്ലെന്നു പറഞ്ഞു തിരിച്ചയച്ചു. അവർ തനിക്കൊരു സഹായം ചെയ്യുകയായിരുന്നെന്നാണു റീഡേഴ്‌സ് ഡൈജസ്റ്റിനു 2004ൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇതെക്കുറിച്ചു പറഞ്ഞത്. വർഷങ്ങൾക്കു ശേഷം അതേ സ്ഥാപനത്തിന്റെ ബിരുദദാനത്തിൽ മുഖ്യാതിഥിയായി എത്തിയെന്നതു മറ്റൊരു ചരിത്രം. മൈസൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നാണു പിന്നീട് ബിരുദം നേടിയത്.

laxman
മന്ത്രി റോം, പാരിസ്, ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ വഴി കൽക്കട്ടയിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ പോവുകയാണ്. (ആർ.കെ. ലക്ഷ്മണിന്റെ പ്രശസ്തമായ ‘ദ് കോമൺമാൻ’ കാർട്ടൂണുകളിൽ ഒന്ന്)

നിഷേധിച്ചു തന്നെ തുടക്കം

ബിരുദത്തിനുശേഷം ജോലിതേടി ഡൽഹിയിൽ, ഹിന്ദുസ്ഥാൻ ടൈംസിലെത്തി. പത്രമുടമയായ ദേവദാസ് ഗാന്ധിയെ കാണാൻ പറഞ്ഞു. വരകൾ ഇഷ്ടപ്പെട്ട അദ്ദേഹം തങ്ങളുടെ കീഴിലുള്ള ബിഹാറിലെ 'ടോർച്ച്‌ലൈറ്റി'ൽ ചേരാൻ നിർദേശിച്ചു. എന്നാൽ ബിഹാറിലേക്കില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. എങ്കിൽ എച്ച്ടിയിലെ കാർട്ടൂണിസ്റ്റായ എൻവർ അഹമ്മദിനെ കാണാൻ ദേവദാസ് ഗാന്ധിയുടെ നിർദേശം. 'നിങ്ങൾ വളരെ ചെറുപ്പമാണ്. ഇപ്പോഴേ ഇങ്ങനെ തലസ്ഥാനത്ത് കയറിപ്പറ്റാൻ ശ്രമിക്കരുത്. ഏതെങ്കിലും പ്രാദേശികപത്രത്തിൽ കുറച്ചുകാലം ജോലിചെയ്യുക' എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. അങ്ങനെ ഡൽഹി ഉപേക്ഷിച്ച് മദ്രാസിലേക്കു വണ്ടി കയറി. യാത്രയ്ക്കിടെ മുംബൈയിലിറങ്ങി. 'ബോംബെ ക്രോണിക്കി'ളിൽ ജോലിചെയ്യുന്ന സുഹ്യത്തുമൊത്ത് അലയുമ്പോഴാണു 'ഫ്രീ പ്രസ് ജേണലി'ന്റെ ബോർഡ് കണ്ടത്. അങ്ങനെയൊരു പത്രത്തിന്റെ പേരുതന്നെ കേൾക്കുന്നത് ആദ്യമായിട്ടായിരുന്നു. സുഹ്യത്തിന്റെ നിർബന്ധത്തിനു വഴങ്ങി അങ്ങോട്ടുചെന്നു.

പത്രാധിപർക്കു ലക്ഷ്മണിന്റെ രചനകൾ ബോധിച്ചു. അന്നുതന്നെ ജോലിയും കിട്ടി; വർഷം 1947. ശിവസേനാ നേതാവ് ബാൽ താക്കറെയും അന്ന് ഫ്രീ പ്രസ് ജേണലിലെ കാർട്ടൂണിസ്റ്റായിരുന്നു. ജീവിതാന്ത്യംവരെ നീണ്ടൊരു സൗഹൃദത്തിന്റെ തുടക്കവുമായിരുന്നു അത്. പത്രം ഉടമയുമായി തർക്കത്തെ തുടർന്ന് 6 മാസത്തിനു ശേഷം അവിടെ നിന്നിറങ്ങി. പിന്നീടു ടൈംസ് ഓഫ് ഇന്ത്യയിലേക്കു ചേക്കേറി. ബാക്കി ചരിത്രം.

 ഏതു കാലത്തിനും പാകം

പഴയ തലമുറയിൽപ്പെട്ടയാളെങ്കിലും ഇന്നും ആർ.കെ. ലക്ഷ്മണിന്റെ കാർട്ടൂണുകൾ പ്രസക്തമാണെന്ന് ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിലെ ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി പറയുന്നു. ‘അടിമുടി ഒരു കാർട്ടൂണിസ്റ്റ്. നല്ല വികൃതി നിറഞ്ഞ വർത്തമാനം. അപാരമായ സ്‌കെച്ചിങ്. ദിവസം 6 മണിക്കൂറിലേറെ ഒരു കാർട്ടൂണിനുവേണ്ടി അധ്വാനിക്കുന്ന മനസ്സ്. കാർട്ടൂൺ, രാഷ്ട്രീയം തുടങ്ങി പല വിഷയത്തിലുമുള്ള ജിജ്ഞാസ. ഇങ്ങനെ പലതുമുണ്ട് അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് അടയാളമായി' ഇ.പി. ഉണ്ണി പറയുന്നു. ഇന്നും ചർച്ച ചെയ്യുന്ന ആർ.കെ. ലക്ഷ്മൺ കാർട്ടൂണുകൾ കാരണമാണ് അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകത്തിനു 'ബാക്ക് വിത്ത് എ പഞ്ച്' എന്നു പേരു നൽകിയതെന്നും ഇ.പി. ഉണ്ണിയുടെ വാക്കുകൾ.

കോമൺ മാൻ വരുന്നു

ടൈംസ് ഓഫ് ഇന്ത്യയിലെ കാലത്താണ് ‘ദ് കോമൺ മാൻ’ എന്ന കഥാപാത്രത്തിന് ആർ.കെ. ലക്ഷ്മൺ രൂപം നൽകുന്നത്. ആദ്യ പഞ്ചവത്സര പദ്ധതിക്കാലം. പല കർമപരിപാടികളുടെയും പേരിൽ സർക്കാരും ഉദ്യോഗസ്ഥരും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും തീരുമാനിച്ചു. 1951ൽ 'യു സെഡ് ഇറ്റ്' എന്ന പോക്കറ്റ് കാർട്ടൂണിലൂടെ 'കോമൺ മാൻ' എന്ന കഥാപാത്രം പിറവിയെടുത്തു. ആദ്യം ഒരു സംഘമായിരുന്നു. തലപ്പാവുവച്ച രാജസ്ഥാൻകാരനും താടിയുള്ള പഞ്ചാബിയും കൈലിയുടുത്ത മദ്രാസിയുമെല്ലാം. പല സമയങ്ങളിൽ കോമൺമാനായി. പിന്നീടാണു ദോത്തിയുടുത്ത്, വട്ടക്കണ്ണട വച്ച കഷണ്ടിക്കാരനിലേക്കു രൂപാന്തരപ്പെടുന്നത്.

50 വർഷത്തിലേറെ ഈ സാധാരണക്കാരൻ നേരിടാത്ത ദുരിതങ്ങളില്ല. ഒരക്ഷരംപോലും മിണ്ടാതെ എല്ലാം കാണുക മാത്രം. വാക്കുകൾ മറ്റുള്ളവർക്കായി മാറ്റിവച്ചു. കയ്യടിച്ചും ഭീഷണിപ്പെടുത്തിയും കത്തുകൾ പത്രമോഫിസിലേക്ക് ഒഴുകി. 

 അടിയന്തരാവസ്ഥയും അവധിയും

ജവാഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുമായെല്ലാം വ്യക്തിപരമായ ബന്ധം പുലർത്തിയിരുന്ന ആർ.കെ. ലക്ഷ്മൺ അടിയന്തരാവസ്ഥക്കാലത്താണു യഥാർഥത്തിൽ പ്രതിസന്ധിയിലായത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ദിരാഗാന്ധിയെ കണ്ട ആർകെ ആക്ഷേപഹാസ്യത്തിലാണു തന്റെ ജോലി നിലനിൽക്കുന്നതെന്ന് ബോധിപ്പിച്ചു. 'ജനാധിപത്യത്തിൽ കാർട്ടൂണുകൾ ഏറെ ആവശ്യമാണ്. നിങ്ങൾ മുന്നോട്ടു പോകൂ. ഒന്നും പേടിക്കേണ്ട' എന്നായിരുന്നു ഇന്ദിരയുടെ മറുപടി.

അതിനു പിന്നാലെ ഒരു കാർട്ടൂണിനെതിരെ അന്നത്തെ വാർത്താവിതരണ മന്ത്രി വി.സി. ശുക്ല രംഗത്തെത്തി.  മന്ത്രി താക്കീതു നൽകി. വരയ്ക്കാൻ ഇന്ദിരാഗാന്ധി അനുമതി നൽകിയിട്ടുണ്ടെന്നു മറുപടി. ഇന്ദിരയുടെ പേര് ഉപയോഗിക്കരുതെന്നു ശുക്ലയുടെ തിരിച്ചടി.   ആർ.കെ. ലക്ഷ്മണൻ പിന്നെ ഇന്ത്യയിൽ നിന്നില്ല. അവധിയെടുത്ത് മൊറീഷ്യസിലേക്ക്. പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷമാണ് തിരിച്ചെത്തിയത്.

തളരാത്ത, തീരാത്ത വര

പക്ഷാഘാതം ബാധിച്ചു 2003ൽ ഇടതുവശം തളർന്നതോടെ ഇടക്കാലത്തു രചനകളിൽനിന്നു വിട്ടുനിന്നു. രോഗത്തിൽനിന്നു മടങ്ങിവന്ന അദ്ദേഹം വീണ്ടും കാർട്ടൂൺ വരയ്ക്കാനാരംഭിച്ചതു മനഃശക്തിയുടെ കൂടി തെളിവായി. പത്മവിഭൂഷൺ, പത്മഭൂഷൺ, മാഗ്സസെ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ ഇതിനിടെ അദ്ദേഹത്തിനു ലഭിച്ചു.  2015 ജനുവരി 27നു 94–ാം വയസിൽ അന്തരിക്കുന്നതുവരെ അദ്ദേഹം വരച്ചുകൊണ്ടേയിരുന്നു, സാധാരണക്കാരനു വേണ്ടി. 

English Summary: Cartoonist RK Laxman's birth anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com