കേരള ചരിത്രത്തിലെ രക്തത്തുള്ളിയായ പുന്നപ്ര– വയലാർ: ഓർമയിൽ ചുവക്കുന്ന ഒക്ടോബർ

vayalar
വയലാർ രക്തസാക്ഷി മണ്ഡപം ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി ∙ മനോരമ
SHARE

കേരളത്തിന്റെ ചരിത്രത്തിലെ രക്തത്തുള്ളിയാണ് പുന്നപ്ര– വയലാർ സമരം. 1946 ഒക്ടോബർ 24നു പുന്നപ്രയിലും 27നു വയലാറിലുമുണ്ടായ രക്തച്ചൊരിച്ചിലിൽ എത്രപേർ മരിച്ചെന്ന് ഇന്നും കൃത്യമായ  കണക്കില്ല. ജന്മിത്തത്തിന്റെയും അടിച്ചമർത്തലിന്റെയും ദുരിതം അനുഭവിച്ച ആലപ്പുഴയിലെ തൊഴിലാളികളും തിരുവിതാംകൂർ ദിവാന്റെ പട്ടാളവും തമ്മിലുണ്ടായ പോരാട്ടത്തിന് 75 വയസ്സ്. 

75 വയസ്സായി, ചോര കൊണ്ട് ഒപ്പുവച്ച ആ പോരാട്ടത്തിന്. രണ്ടു സ്ഥലപ്പേരുകൾ മാത്രമായിരുന്ന പുന്നപ്രയും വയലാറും പുന്നപ്ര – വയലാർ എന്ന ഒറ്റ വാക്കായതിന്റെ മുക്കാൽ നൂറ്റാണ്ട്.

ആദ്യം ആകാശത്തു നിന്നൊരു മുന്നറിയിപ്പു വന്നു. പട്ടാള നിയമത്തിന്റെ പ്രഖ്യാപനം. മാരകായുധങ്ങൾ കൊണ്ടുനടക്കരുത്, കൂട്ടംകൂടരുത്, പ്രസംഗവും പ്രകടനവും പാടില്ല – പട്ടാളത്തിന്റെ ലഘുലേഖകൾ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ പാറി വീണു.

ആലപ്പുഴയിൽ സമാധാനപരമായ പണിമുടക്ക്, പ്രകടനം. അതു ‌പൊലീസിന്റെയും പട്ടാളത്തിന്റെയും മുന്നിലൊരു മറ പിടിച്ചു. അപ്പുറത്തു ചെറുജാഥകൾ തിടംവച്ച് പുന്നപ്രയിലെ പൊലീസ് ക്യാംപിലേക്കു കുത്തിയൊഴുകി.

ജാഥക്കാർ തിരുവമ്പാടിയിൽ ഒരു പട്ടാള ട്രക്ക് തടഞ്ഞു. തർക്കത്തിനൊടുവിൽ രണ്ടു സമരക്കാരെ പട്ടാളം വെടിവച്ചു. അപ്പോഴേക്കും പുന്നപ്രയിലെ ക്യാംപിൽ‍ മറ്റൊരു സംഘം സമരക്കാർ‍ ഇൻസ്പെക്ടർ വേലായുധൻ നാടാരെയും ചില പൊലീസുകാരെയും വധിച്ചിരുന്നു.

പൊലീസിന്റെ വെടിവയ്പിൽ ഏകദേശം 75 സമരക്കാർ മരിച്ചു. വാരിക്കുന്തം പിടിച്ച അവരുടെ മുഷ്ടികൾ അയഞ്ഞിരുന്നില്ല. പതിറ്റാണ്ടുകളെ ചുവപ്പിക്കാൻ പോന്ന ചോര അന്ന് അവരൊഴുക്കി.

രണ്ടു ദിവസം കഴിഞ്ഞു പട്ടാളം വയലാറിന്റെ മൂന്നു വശങ്ങളെയും കായലിലൂടെ വളഞ്ഞു. തോക്കുകൾക്കു മുന്നിലെ തുരുത്തിൽ നിന്ന് അവർ മൂന്നുപാടും പൊരുതി. വാരിക്കുന്തവും ഇരുമ്പുവടിയും വെട്ടുകത്തിയും കോടാലിയും കരിങ്കല്ലും തോക്കുകളോടേറ്റുമുട്ടി. നൂറ്റൻപതോളം പോരാളികൾ വെടിയുണ്ടകൾക്കു നെഞ്ചു കാട്ടി. വെടിയൊച്ചകൾക്കു ശേഷം നിലവിളികളല്ല, നിശ്ശബ്ദതയായിരുന്നു. മുദ്രാവാക്യങ്ങളായി ഉരുണ്ടുകൂടാനുള്ള സാധകം.

പുന്നപ്രയിലെയും വയലാറിലെയും ചോരച്ചാലുകൾ ചേർന്നൊഴുകി പിൽക്കാലമിത്രയും പോരാട്ടങ്ങളുടെ കൊടികളെ ചുവപ്പിച്ചു. അന്നത്തെ നിശ്ശബ്ദത പിന്നെയിങ്ങോട്ട് അടിച്ചമർത്തലിനെതിരെ മുദ്രാവാക്യങ്ങളുടെ തരംഗം സൃഷ്ടിച്ചു.

1946ൽ ആയിരുന്നു കേരളത്തിന്റെ ആ ഒക്ടോബർ വിപ്ലവം. 24–ാം തീയതി മുതൽ 27 വരെ (1122 തുലാം 7 മുതൽ 10 വരെ) നീണ്ട രക്തച്ചൊരിച്ചിൽ. 24നു പുന്നപ്രയിലും 27നു വയലാറിലും. എത്രപേർ മരിച്ചെന്ന് ഇന്നും കൃത്യമായ കണക്കില്ല. നൂറുകണക്കിന് എന്നു മാത്രം പറയാം. പുന്നപ്ര, കാട്ടൂർ, മാരാരിക്കുളം, മുഹമ്മ, വയലാർ, ഒളതല, മേനാശേരി എന്നിവിടങ്ങളിലായിരുന്നു വെടിവയ്പ്. ചെത്തിക്കൂർപ്പിച്ച വാരിക്കുന്തങ്ങളും കല്ലും വടിയും കൊണ്ടു പട്ടാളത്തിന്റെ തോക്കുകളെ നേരിടാനിറങ്ങിയവർ രക്തം കൊണ്ടു ചരിത്രത്തെ സാക്ഷ്യപ്പെടുത്തി.

punnapra-vayalar

അമേരിക്കൻ മോഡലിനെതിരെ 

പുന്നപ്രയിലും വയലാറിലും മറ്റും തൊഴിലാളികൾ കമ്യൂണിസ്റ്റ് കൊടിക്കീഴിൽ സംഘടിച്ച് വിപ്ലവത്തിനൊരുങ്ങിയതിനു പല കാരണങ്ങളുണ്ടായിരുന്നു. തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കി അമേരിക്കൻ മോഡൽ ഭരണഘടന നടപ്പാക്കാനുമുള്ള ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ നീക്കത്തോടുള്ള എതിർപ്പായിരുന്നു പ്രധാനം. രണ്ടാം ലോകയുദ്ധം കഴിഞ്ഞ, ക്ഷാമത്തിന്റെ കാലമായിരുന്നു. പട്ടിണിയാണ്. ആഴ്ചയിൽ ഒരു ദിവസം അരിയാഹാരം. മറ്റു ദിവസങ്ങളിൽ കപ്പ മാത്രം.

കൂലിയും ഭക്ഷണവുമില്ലാതെ കഷ്ടപ്പെട്ട തൊഴിലാളികളെ ജന്മിമാരും ഗുണ്ടകളും പൊലീസും ഒരുപോലെ ആക്രമിച്ചിരുന്നു. റേഷൻ പോലും കരിഞ്ചന്തയിലേക്കു പോയ കാലം. സ്ത്രീ തൊഴിലാളികൾക്കും കൊടിയ പീഡനം.

കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനകൾ സജീവമാകുന്നുണ്ടായിരുന്നു. 1946 ജൂലൈയിൽ മുഹമ്മയിലും ചേർത്തലയിലും തൊഴിലാളികൾ 3 ദിവസം പണിമുടക്കി. ആ സമരത്തിൽ നിന്നു തൊഴിലാളി സംഘടനകൾ കൂടുതൽ കരുത്തു നേടി.

വിപ്ലവ നീക്കം മണത്ത പട്ടാളം സെപ്റ്റംബർ ആദ്യവാരം മുതൽ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ റോന്തു ചുറ്റി. ഒക്ടോബർ ആദ്യവാരം ചില കമ്യൂണിസ്റ്റ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാന തൊഴിലാളി നേതാക്കളെയും കമ്യൂണിസ്റ്റ് നേതാക്കളെയും വീട്ടുതടങ്കലിലാക്കി. തിരുവിതാംകൂറിൽ ഘോഷയാത്രകളും പണിമുടക്കു യോഗങ്ങളും നിരോധിച്ചു.

പുന്നപ്രയിൽ ജന്മിഭവനങ്ങൾക്കു നേരെ തൊഴിലാളികളുടെ ആക്രമണമുണ്ടായി. തുടർന്ന് 1122 കന്നി 29 ന് (1946 ഒക്ടോബർ 15) പുന്നപ്രയിൽ അപ്ലോൻ അറോജ് എന്ന നാട്ടുപ്രമാണിയുടെ വീട്ടിൽ ഇൻസ്പെക്ടർ വേലായുധൻ നാടാരുടെ നേതൃത്വത്തിൽ റിസർവ് പൊലീസിന്റെ ക്യാംപ് തുടങ്ങി. അതോടെ തൊഴിലാളി കുടുംബങ്ങൾ വാടയ്ക്കൽ വാർഡിലേക്കു മാറി. അവിടെയാണ് കമ്യൂണിസ്റ്റ് ക്യാംപുകൾ രൂപപ്പെട്ടത്.

punnapra
പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി സ്മാരകം.

മെയ്യും മനസ്സുമൊരുക്കി ക്യാംപുകൾ

സമരത്തിനു മുന്നോടിയായി അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ പലയിടങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ക്യാംപുകൾ തുടങ്ങിയിരുന്നു. പട്ടാളത്തിൽ നിന്നു പിരിഞ്ഞവർ കായിക പരിശീലനം നൽകി. ധീരമായ മരണത്തിനു മനസ്സിനെ പാകപ്പെടുത്താൻ രാഷ്ട്രീയ ക്ലാസും. എല്ലാ വിഭാഗം തൊഴിലാളികളെയും യോജിപ്പിച്ചുള്ള ട്രേഡ് കൗൺസിലുകൾക്കായിരുന്നു ക്യാംപിന്റെ നേതൃത്വം. ആക്‌ഷൻ കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരുന്നു അവ.

പുന്നപ്രയിലെ ക്യാംപുകൾ: പുന്നപ്ര, പറവൂർ, വണ്ടാനം, വട്ടയാൽ, വാടയ്ക്കൽ, കളർകോട്.

ചേർത്തലയിലെ ക്യാംപുകൾ: തെക്കുകിഴക്ക് ഒളതല, വയലാർ, വടക്കൻ വയലാർ, വരകാട്, കളവംകോടം. ക്യാംപുകളിലെ അംഗസംഖ്യ: 1122 തുലാം ഒന്നിനു ചേർത്തലയിലെ 5 ക്യാംപുകളിലായി 2378 സമര ഭടൻമാർ ഉണ്ടായിരുന്നു.

തൊഴിലാളി ക്യാംപുകളിലേക്കു പാർട്ടിയുടെ സന്ദേശങ്ങളെത്തിക്കുന്നവരെ കൊറിയർ എന്നാണു വിളിച്ചിരുന്നത്. ക്യാംപിലേക്കു വരുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക വൊളന്റിയർമാരുണ്ട്. ‘നിൽക്ക‍ൂ, ആരാണു പോകുന്നത്? മിത്രമോ ശത്രുവോ?’ എന്നതാണ് കോഡ് വാക്ക്. മിത്രമാണെങ്കിൽ കൃത്യമായ അടയാളം കാണിച്ചാലേ അകത്തേക്കു കടത്തിവിടൂ.

പോരാട്ടത്തിന്റെ കുന്തമുനകൾ പുന്നപ്രയിലേക്ക്

തുലാം 3 (ഒക്ടോബർ 20): തുലാം 5നു പണിമുടക്കുമെന്നു കമ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചു. യൂണിയനുകളെ സർക്കാർ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. സ്വത്തുക്കൾ കണ്ടുകെട്ടി. ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ, മത്സ്യത്തൊഴിലാളി യൂണിയൻ, തിരുവിതാംകൂർ കമ്യൂണിസ്റ്റ് പാർട്ടി, അമ്പലപ്പുഴ താലൂക്ക് മത്സ്യത്തൊഴിലാളി യൂണിയൻ എന്നിവയും തിരുവിതാംകൂറിലെ മറ്റു തൊഴിലാളി, കർഷക സംഘടനകളും നിയമവിരുദ്ധമാക്കി ഓഫിസുകൾ മുദ്രവച്ചു.

തുല‍ാം 5 (ഒക്ടോബർ 22): പൊതു പണിമുടക്ക്. രാവിലെ 10 മണിയോടെ ഡിഎസ്പി വൈദ്യനാഥയ്യരുടെ നേതൃത്വത്തിൽ പുന്നപ്രയിൽ പട്ടാളം മാർച്ച് ചെയ്തു. പിറ്റേന്നും പണിമുടക്കു തുടർന്നു.

തുലാം 7 (ഒക്ടോബർ 24): തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിര‍ുനാളിന്റെ പിറന്നാൾ. ആലപ്പുഴ നഗരത്തിൽ 2 സംഘമായി തൊഴിലാളികളുടെ സമാധാനപരമായ പ്രകടനം. എന്നാൽ, പുന്നപ്രയിലെ പൊലീസ് ക്യാംപ് ആക്രമിക്കുന്നതിനു മുന്നോടിയായി പൊലീസിന്റെയും പട്ടാളത്തിന്റെയും ശ്രദ്ധ തിരിക്കാനായിരുന്നു അത്.

ഉച്ചയ്ക്കു 12 മണിയോടെ പറവൂരിൽ നിന്നു വിമുക്തഭടന്മാരുടെ നേതൃത്വത്തിൽ ഒരു സംഘം പാർട്ടി പ്രവർത്തകർ ആലപ്പുഴ പട്ടണത്തിലേക്കു മാർച്ച് ചെയ്തു. അതേസമയം തന്നെ ബീച്ച്, ആലിശേരി വാർഡുകളിലെ തൊഴിലാളികളും നാട്ടുകാരും വട്ടയാൽ വാർഡിലെ മൽസ്യത്തൊഴിലാളി യൂണിയൻ ഓഫിസിൽ നിന്നു കടൽത്തീരത്തു കൂടി പുന്നപ്രയിലേക്ക്. കൈതവന, കളർകോട്, വണ്ടാനം ഭാഗങ്ങളിൽ നിന്നുള്ളവർ മറ്റൊരു ജാഥയായി.

പുന്നപ്രയിലെ അപ്ലോൻ അറോജിന്റെ വീട്ടിലെ പൊലീസ് ക്യാംപ് ലക്ഷ്യമാക്കിയ അവർ വാരിക്കുന്തങ്ങൾ ഏന്തിയിരുന്നു.

വിമുക്ത ഭടന്മാരുടെ നേതൃത്വത്തിലുള്ള സമരക്കാർ തിരുവമ്പാടിയിൽ ഇപ്പോഴത്തെ രക്തസാക്ഷി മണ്ഡപത്തിനു സമ‍ീപമെത്തിയപ്പോൾ അതുവഴി വന്ന പട്ടാളലോറി തടഞ്ഞു. തർക്കത്തിനിടയിൽ 2 സമരക്കാരെ പട്ടാളക്കാർ വെടിവച്ചു. ഇതേസമയം പുന്നപ്ര ക്യാംപിൽ സമര നേതാക്കളായ പി.കെ. ചന്ദ്രാനന്ദനും എ.ആർ. ശ്രീധരനും ഇൻസ്പെക്ടർ വേലായുധൻ നാടാരുമായി സംസാരിക്കുകയായിരുന്നു. അൽപം കഴിഞ്ഞപ്പോൾ ആദ്യ വെടി പൊട്ടി. ക്ലാസിൽ പഠിപ്പിച്ചതു പോലെ സമരഭടൻമാർ കമിഴ്ന്നു കിടന്നു നീന്തി മുന്നോട്ടു നീങ്ങി. വാരിക്കുന്തം കൊണ്ടു പൊലീസിനെ ആക്രമിച്ചു. പൊലീസിന്റെ തോക്കുകളിൽ നിന്നു മാലപ്പടക്കം പൊട്ടും പോലെ വെടിയുതിർന്നു. പൊലീസുകാർ ക്യാംപിനുള്ളിൽ കയറി വാതിലടച്ചു ജനാലകളിലൂടെയും വെടിവച്ചു. പറമ്പാകെ ശവങ്ങൾ നിറഞ്ഞു. ഏകദേശം 75 സമരഭടൻമാർ മരിച്ചു. 29 പൊലീസുകാരാണു ക്യാംപിലുണ്ടായിരുന്നത്.

red-flag-cpm

വയലാർ ചുവക്കുന്നു

തുലാം 8 (ഒക്ടോബർ 25): പുന്നപ്ര സംഭവത്തെ തുടർന്നു ചേർത്തല, അമ്പലപ്പുഴ താല‍ൂക്കുകളിൽ പട്ടാളഭരണം പ്രഖ്യാപിച്ചു. ഉച്ചയോടെ കാട്ടൂരിൽ കുന്തം ജോസഫ് എന്നറിയപ്പെട്ടിരുന്ന പാർട്ടി പ്രവർത്തകൻ പട്ടാളക്കാരുടെ വെടിയേറ്റു മരിച്ചു. വയലാറിലേക്കു കൂടുതൽ പട്ടാളമെത്തുമെന്നു കണ്ടു രാത്രി തന്നെ മാരാരിക്കുളം പാലം കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ പൊളിച്ചു.

തുലാം 9 (ഒക്ടോബർ 26): പട്ടാള ട്രക്കുകൾ മാരാരിക്കുളത്തെത്തി. പൊളിച്ച പാലത്തിനു തെക്ക് ട്രക്കുകൾ പോകാൻ താൽക്കാലിക പാലത്തിന്റെ പണി തുടങ്ങി. ഇതറിഞ്ഞു കണ്ണർകാട് ക്യാംപിൽ നിന്നെത്തിയ സമരഭടന്മാരും പട്ടാളക്കാരും ഏറ്റുമുട്ടി. ആറുപേർ മരിച്ചെന്നും അവരെ പട്ടാളം മാരാരിക്കുളം പാലത്തിനടിയിൽ കുഴിച്ചിട്ടെന്നും തൊഴിലാളി സംഘത്തിലുണ്ടായിരുന്ന അന്നത്തെ വിദ്യാർഥി നേതാവും പിന്നീടു നാടക, തിരക്കഥാകൃത്തുമായ എസ്എൽ പുരം സദാനന്ദന്റെ ഓർമക്കുറിപ്പിൽ പറയുന്നു. എന്നാൽ, ഒൻപതു പേരാണു മരിച്ചതെന്നു കെ.സി. ജോർജിന്റെ പുന്നപ്ര വയലാർ എന്ന പുസ്തകത്തിൽ സൂചനയുണ്ട്.

തുലാം 10 (ഒക്ടോബർ 27): വേമ്പനാട്ടു കായലിലൂടെ ബോട്ടിൽ പട്ടാളവും പൊലീസും ചേർത്തല താലൂക്കിലേക്ക്. വയലാറിലെ തൊഴിലാളികളുടെ ക്യാംപ് ആയിരുന്നു ലക്ഷ്യം. അതിനിടയിൽ ഒളതലയിലും മേനാശേരിയിലും അവർ ആക്രമണം നടത്തി. മേനാശേരിയിലും ഒളതലയിലുമായി നൂറ്റൻപതോളം സമരഭടന്മാർ കൊല്ലപ്പെട്ടെന്നാണു വിവരം.

വയലാറിനെ കരയിലൂടെ ആക്രമിക്കാൻ പ്രയാസമായതിനാലാണ് പട്ടാളവും പൊലീസും കായലിലൂടെ വളഞ്ഞത്. പന്ത്രണ്ടരയോടെ 4 ബോട്ടുകളിലായി വയലാറിന്റെ മൂന്നു ഭാഗവും പട്ടാളക്കാർ വളഞ്ഞു. വാരിക്കുന്തം, ഇരുമ്പുവടി, വെട്ടുകത്തി, കോടാലി, കരിങ്കൽച്ചീളുകൾ... കിട്ടിയതെല്ലാം ആയുധമാക്കി തൊഴിലാളികൾ പോരാടി. നൂറ്റൻപതോളം പേർ വയലാറിലും രക്തസാക്ഷികളായി.

തുലാം 11 (ഒക്ടോബർ 28): തൊഴിലാളി ക്യാംപുകൾ പിരിച്ചുവിട്ടു. പലരും ഒളിവിൽ പോയി. വെടിയേറ്റ് ആശുപത്രികളിലെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. 14നു തൊഴിലാളി യൂണിയനുകൾ പണിമുടക്ക് പിൻവലിച്ചു. 26നു പട്ടാള ഭരണവും പിൻവലിച്ചു.

sir-cp-ramaswami
സി.പി. രാമസ്വാമി

എത്രപേർ മരിച്ചു?

പുന്നപ്ര, കാട്ടൂർ, മുഹമ്മ, മാരാരിക്കുളം, വയലാർ, മേനാശേരി എന്നിവിടങ്ങളിൽ മരിച്ചവരുടെ എണ്ണമെത്രയെന്നു കൃത്യമായ കണക്കില്ല. കമ്യൂണിസ്റ്റ് പാർട്ടി സ്റ്റേറ്റ് കൗൺസിലിന്റെ അംഗീകാരത്തോടെ സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗവും വയലാർ സമരഭടനുമായിരുന്ന കെ.സി. ജോർജ് എഴുതിയ ‘പുന്നപ്ര വയലാർ’ എന്ന പുസ്തകത്തിൽ പറയുന്നത് ഏകദേശം 500 രക്തസാക്ഷികൾ ഉണ്ടെന്നാണ്. കൊല്ലപ്പെട്ട പല സമരഭടന്മാരെയും പട്ടാളം ബോട്ടുകളിൽ കയറ്റി കടലിൽ കളഞ്ഞതായി അഭ്യൂഹമുണ്ട്.

ആകാശത്തു നിന്നുള്ള അറിയിപ്പ്

വെടിവയ്പിനു മുൻപു തൊഴിലാളി ക്യാംപുകളിലേക്കു പട്ടാളം വ‍ിമാനത്തിൽ നിന്നു വിതരണം ചെയ്ത സർക്കാരിന്റെ മുന്നറിയിപ്പ് ഇങ്ങനെ:

‘‘ചില ആളുകളും സംഘങ്ങളും ചേർത്തലയും അമ്പലപ്പുഴയും താലൂക്കുകളിൽ നാനാപ്രകാരത്തിലുള്ള അക്രമ പ്രവൃത്തികൾ ചെയ്യുന്നതായി അറിവു കിട്ടിയതു കൊണ്ട് ഈ രണ്ടു താലൂക്കുകളിലും സൈനിക നിയമം ഗവൺമെന്റിൽ നിന്നു പ്രഖ്യാപിച്ചിരിക്കുന്നു. നിയമസമാധാനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള സൈന്യത്തിന്റെ ശ്രമങ്ങളിൽ സഹകരിക്കണമെന്ന് ഈ താലൂക്കുകളിലെ ജനങ്ങളോട് ആവശ്യപ്പെടുന്നു. സമാധാനപരവും സാധാരണഗതിയിലുള്ളതുമായ സ്വന്ത വൃത്തികളിൽ മാത്രമേ അവർ ഏർപ്പെടാവ‍‍ൂ. അവർ ഏതെങ്കിലും സ്ഥലത്തു കൂട്ടം കൂടുകയോ പ്രസംഗം ചെയ്കയോ പ്രകടനം നടത്തുകയോ സമാധാനത്തിന്റെ പുനഃസ്ഥാപനത്തിനു വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള നടപടികളെ വിഘാതപ്പെടുത്തുന്നതായി സംശയം ജനിപ്പിക്കുന്ന എന്തെങ്കിലും പ്രവർത്തിക്കുകയോ ചെയ്യരുത്. ഏതെങ്കിലും മരണകരമായ ആയുധമോ ആക്രമണത്തിനു തക്ക ആയുധമോ അല്ലെങ്കിൽ ഏതെങ്കിലും സ്ഫോടകസാധനങ്ങളോ അവർ കൊണ്ടുനടക്കരുത്. ലഭ്യമായ സകല വിവരങ്ങളെപ്പറ്റിയും ഇതിൽ സംബന്ധപ്പെട്ട അധികാരസ്ഥന്മാർക്ക് അറിവു കൊടുക്കുകയും സാധ്യമായ സകല സഹായങ്ങളും അവർക്കു ചെയ്തുകൊടുക്കയും ചെയ്യേണ്ടത് തങ്ങളുടെ കർത്തവ്യമാണെന്നും ജനങ്ങൾ മനസ്സിലാക്കണം.

ഹജൂർക്കച്ചേരി, തിരുവനന്തപുരം 

വി. രാമ‍ാനുജനയ്യങ്കാർ

1946 ഒക്ടോബർ 25–ാം തീയതി 

ഗവൺമെന്റ് സെക്രട്ടറി

ഇഎംഎസിന്റെ കായൽ ചർച്ച

പുന്നപ്ര – വയലാർ സമരത്തിനു മുന്നോടിയായി കായലിനു നടുവിൽ, കെട്ടുവള്ളത്തിൽ ഒരു രാഷ്ട്രീയ ചർച്ച നടന്നു. നേതൃത്വം നൽകിയതു കമ്യൂണിസ്റ്റ് പാർട്ടി നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്. 1946 ഒക്ടോബർ രണ്ടാം വാരം പുന്നപ്രയിലെയും ചേർത്തലയിലും അവസ്ഥ നേരിട്ടു മനസ്സിലാക്കാനെത്തിയതാണ് ഇഎംഎസ്. ആലപ്പുഴയിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായുള്ള ആ ചർച്ച പട്ടാളക്കാരെയും ഒറ്റുകാരെയും പേടിച്ചാണ് കെട്ടുവള്ളത്തിലാക്കിയത്.

vayalar-ravi
വയലാർ രവി

വയലാർ രവിയുടെ ഓർമയിൽ ആ നാളുകൾ

ഒരു സ്കൂൾ കുട്ടിയുടെ ഓർമയായി വയലാർ വെടിവയ്പ് കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മനസ്സിലുണ്ട്. തൊഴിലാളികളുടെ ജാഥകൾ സംഗമിച്ച, പട്ടാളമിറങ്ങിയ വയലാറിൽ നിന്നു കുടുംബം കായലിനക്കരെ അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലേക്കു പോയതും മൃതദേഹങ്ങൾക്കു മീതെ മൺകൂന ഉയർന്ന ശേഷം തിരിച്ചെത്തിയതുമാണ് ആ അനുഭവം.

‘‘ഞാൻ ചേർത്തല സ്കൂളിൽ പ്രിപ്പറേറ്ററി ക്ലാസിൽ പഠിക്കുമ്പോഴാണ്. ഒരു ദിവസം രാവിലെ മുദ്രാവാക്യം വിളിച്ച് ആളുകൾ വയലാറിലേക്കു വന്നുകൊണ്ടിരുന്നു. അവർ ഞങ്ങളുടെ കുടുംബക്ഷേത്രമായ കോയിക്കൽ ക്ഷേത്രത്തിന്റെ മൈതാനത്തു കൂടാരം കെട്ടി. പ്രസംഗങ്ങൾ നടക്കുന്നു. അവിടം സമരകേന്ദ്രമായെന്നു പിന്നീടറിഞ്ഞു’’ – വയലാർ രവി ഓർക്കുന്നു.

ഞങ്ങളോടു സ്ഥലം വിട്ടുകൊള്ളാൻ അച്ഛൻ പറഞ്ഞു. ഞങ്ങൾ കായലിനക്കരെ അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലേക്കു മാറി. അപ്പോൾ വയലാറിൽ പട്ടാളഭരണം പ്രഖ്യാപിച്ചിരുന്നു. കൂട്ടം കൂടുന്നതും ആയുധം കയ്യിൽ വയ്ക്കുന്നതുമൊക്കെ തടഞ്ഞു സൈന്യം വിമാനത്തിൽ നിന്നു ലഘുലേഖ വിതരണം ചെയ്തു. അപ്പോഴേക്കും അച്ഛന്റെ അടുത്ത നിർദേശം വന്നു: എവിടെയെങ്കിലും പൊയ്ക്കൊള്ളുക. ഞങ്ങൾ 3 കുടുംബങ്ങളുണ്ടായിരുന്നു. നാലഞ്ചു കുട്ടികളുണ്ട്. ചെറിയൊരു വള്ളം സംഘടിപ്പിച്ചു പുറപ്പെട്ടു. മുട്ടം കായലിലൂടെ വൈക്കം കായൽ കടന്നു പോകാനായിരുന്നു തീരുമാനം. അവിടെയും ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്.

കായലിൽ ഞങ്ങളുടെ വള്ളമല്ലാതെ ഒന്നുമില്ല. ഇടയ്ക്ക് അഞ്ചാറു പൊലീസുകാർ കരയിലൂടെ വന്നു. വള്ളം അടുപ്പിക്കാൻ പറഞ്ഞു. ആരാ, എന്താ എന്നൊക്കെ അന്വേഷിച്ചു. എന്റെ അമ്മ ദേവകി കൃഷ്ണൻ ധൈര്യമായി അവരോടു സംസാരിച്ചു. അച്ഛന്റെ പേരു പറഞ്ഞു. വൈക്കത്ത് ആരാണുള്ളതെന്നായി പൊലീസ്. അമ്മ ബി. മാധവൻ വക്കീലിന്റെ പേരു പറഞ്ഞു. അദ്ദേഹം കോൺഗ്രസ് എംഎൽഎയായിരുന്ന പ്രമാണിയാണ്. അദ്ദേഹത്തിന്റെ കത്തു കൊണ്ടുവന്നാൽ വിടാമെന്നു പൊലീസ്. ആളെ അയച്ചു വക്കീലിന്റെ കത്ത് എത്തിച്ചപ്പോൾ ഞങ്ങളെ വിട്ടു.

ഒരാഴ്ച കഴിഞ്ഞപ്പോൾ തിരിച്ചു പോരാൻ അച്ഛൻ അറിയിച്ചു. ഞങ്ങൾ വലയാറിലെത്തുമ്പോൾ വെടിവയ്പു കഴിഞ്ഞ് 7 ദിവസമായിരുന്നു. മൃതദേഹങ്ങൾ സംസ്കരിച്ച സ്ഥലത്ത് മൺകൂനകൾ. അച്ഛൻ ആളെ നിർത്തി കുമ്മായവും മറ്റും ഇട്ട് ഉയർത്തി ശവകുടീരമാക്കി.

അന്നൊക്കെ അവിടത്തെ നായ്ക്കളുടെ നോട്ടവും മുരളലും ഭയപ്പെടുത്തി. അവ മനുഷ്യ മാംസം തിന്നിട്ടുണ്ട്. നട്ടുച്ചയ്ക്കും പുറത്തിറങ്ങാൻ ഭയമായിരുന്നു. തെങ്ങുകളിൽ വെടികൊണ്ട പാടുണ്ടായിരുന്നു.

വെടിവയ്പിനെപ്പറ്റി അച്ഛൻ വീട്ടുകാരും പറഞ്ഞത് ഇങ്ങനെയാണ്: അവിടെ നൂറോളം സമരക്കാരുണ്ടായിരുന്നു. ഇന്നത്തെ രക്തസാക്ഷി മണ്ഡപത്തിനടുത്തായിരുന്നു ഏറെപ്പേരും. വെടിവയ്പു തുടങ്ങിയപ്പോൾ 36 പേർ അടുത്തുള്ള കുളത്തിലിറങ്ങി. പട്ടാളക്കാർ കുളത്തിലേക്കും വെടിവച്ചപ്പോൾ അവർ അവിടെക്കിടന്നു മരിച്ചു. വീണു കിടന്നവരെ പട്ടാളം സമരക്കാരുടെ വാരിക്കുന്തങ്ങൾ കൊണ്ടു കുത്തി. നിലവിളിച്ചവരെ വീണ്ടും വെടിവച്ചു. മരിക്കാത്തവരെ പട്ടാളം വലിച്ചു ബോട്ടിൽ കയറ്റി ചേർത്തലയിലേക്കു കൊണ്ടുപോയി.

വെടിവയ്പിനു മുൻപു ക്ഷേത്ര മൈതാനത്തെ സമരക്കാരുടെ ക്യാംപിൽ പരിശീലനം നൽകിയതു സായിപ്പ് കുമാരൻ എന്നു വിളിപ്പേരുള്ള കുമാരൻ ചേട്ടനാണ്. പട്ടാളത്തിൽ നിന്നു പിരിഞ്ഞയാളാണ്. ക്ഷേത്രവളപ്പിൽ എപ്പോഴും ‘ലെഫ്റ്റ് റൈറ്റ്’ കേട്ടിരുന്നു. ഫയർ എന്നു പറയുമ്പോൾ എല്ലാവരും കമിഴ്ന്നു കിടന്നു മുന്നോട്ടു നീന്തും. അറ്റാക്ക് എന്നു പറയുമ്പോൾ വാരിക്കുന്തം കൊണ്ടു മുന്നിലെ സാങ്കൽപിക ശത്രുവിനെ കുത്തും. ക്ഷേത്രത്തെ പൊലീസ് സ്റ്റേഷനായാണ് അവർ സങ്കൽപിച്ചത്.

അന്തരിച്ച സിപിഐ നേതാവ് സി.കെ. ചന്ദ്രപ്പന്റെ പിതാവ് സി.കെ. കുമാരപ്പണിക്കരായിരുന്നു വിപ്ലവത്തിന്റെ ഏറ്റവും വലിയ നേതാവ്. ഞങ്ങളുടെ കുടുംബങ്ങൾ വളരെ അടുപ്പമുള്ളതായിരുന്നു. നേതാക്കളിൽ രണ്ടാമൻ ഞങ്ങളുടെ അയൽവാസി കെ.സി. വേലായുധൻ. എൻ.പി. തണ്ടാർ വൊളന്റിയർ ക്യാപ്റ്റനായിരുന്നു. വേലായുധൻ ചാച്ചനെ പിന്നീട് അറസ്റ്റ് ചെയ്തു ക്രൂരമായി മർദിച്ചു. കുമാരപ്പണിക്കരെ പിടികിട്ടിയില്ല. അദ്ദേഹം ഒളിവിലിരുന്ന് എംഎൽഎയൊക്കെയായി.

sathyan
സത്യൻ

അഭിനയമല്ല, ആക്‌ഷൻ

അനശ്വര നടൻ സത്യൻ സമരസേനാനികൾക്കു കണ്ണിൽ ചോരയില്ലാത്ത മർദനത്തിന്റെ ആൾരൂപമാണ്. പുന്നപ്ര – വയലാർ സമരകാലത്ത് ആലപ്പുഴ ടൗൺ പൊലീസ് സ്റ്റേഷനിലെ (ഇപ്പോഴത്തെ സൗത്ത് പൊലീസ് സ്റ്റേഷൻ) സബ് ഇൻസ്പെക്ടറായിരുന്നു എം. സത്യനേശൻ നാടാർ എന്ന സത്യൻ. മർദനം അദ്ദേഹത്തിനു ലഹരി പോലെയായിരുന്നെന്നു സമരസേനാനി എൻ.കെ. ഗോപാലൻ പറഞ്ഞിട്ടുണ്ട്. രണ്ടാം ലോകയുദ്ധകാലത്തു പട്ടാള സേവനം നടത്തിയതിന്റെ വീറും സത്യനേശൻ നാടാർക്കുണ്ടായിരുന്നു. വാരിക്കുന്തവുമായി സ്റ്റേഷൻ ആക്രമിക്കാനെത്തിയവരെ അദ്ദേഹം നേരിട്ടു.

പിന്നീട്, പുന്നപ്ര – വയലാർ സമരകഥ സിനിമയാക്കാൻ തീരുമാനിച്ച കുഞ്ചാക്കോ അതിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ സത്യൻ ഒഴിഞ്ഞു. പൊലീസുകാരനായിരിക്കെ സമരക്കാരെ അമർച്ച ചെയ്യാനിറങ്ങിയ താൻ ആ സിനിമയിൽ അഭിനയിക്കാൻ അർഹനല്ലെന്നായിരുന്നു സത്യന്റെ നിലപാട്.

English Summary: Punnapra-Vayalar uprising anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA