ADVERTISEMENT

ടിവിയിൽപോലും ഒരു ഫുട്ബോൾ മത്സരം കാണാത്ത പെൺകുട്ടിയായിരുന്നു ഷബ്നം. ഫുട്ബോ‍ൾ ജീവശ്വാസമായ ഹക്കിമിനെ ആ പെൺകുട്ടി എങ്ങനെ പ്രണയിച്ചു എന്നതിലായിരുന്നു കൂട്ടുകാർക്കും വീട്ടുകാർക്കും അദ്ഭുതം. ‘ഒറ്റ രാത്രികൊണ്ടുണ്ടായ പ്രണയമല്ല ഞങ്ങളുടേത്. 5 വർഷത്തോളം ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. പരസ്പരം നന്നായി മനസ്സിലാക്കി. അങ്ങനെയാണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്’, ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു. ഹക്കിമിനുവേണ്ടി ഷബ്നം ഇംഗ്ലിഷും ഷബ്നത്തിനു വേണ്ടി ഹക്കിം ഹിന്ദിയും പഠിച്ചു.

യുഗാണ്ടയുടെ തലസ്ഥാനമായ കംപലയിൽനിന്ന് ഉത്തർപ്രദേശിലെ ഖരഗ്പുരിലേക്ക് ഏതാണ്ട് 10500 കിലോമീറ്റർ ദൂരമുണ്ട്. പക്ഷേ, യുഗാണ്ടക്കാരൻ ഹക്കിം സെൻഗാഡോയുടെയും ഖരഗ്പുരുകാരി ഷബ്നത്തിന്റെയും മനസ്സുകൾ തമ്മിൽ ഉണ്ടായിരുന്നത് ഒരു കടുകുമണി ദൂരം മാത്രം! ജീവിതത്തിൽ ഫുട്ബോൾ കഴിഞ്ഞാൽ ഹക്കിം ഹൃദയത്തോടു ചേർത്തുവച്ചതു ഷബ്നത്തെ മാത്രമായിരുന്നു. പാലക്കാട് കൊപ്പത്ത് പ്രവർത്തിക്കുന്ന ഐഫ ഫുട്ബോൾ അക്കാദമിയുടെ മുഖ്യ പരിശീലകനായ ഹക്കിമിനും ഭാര്യ ഷബ്നത്തിനും പറയാനുള്ളത് ഒരു ഇന്റർനാഷനൽ ലവ് സ്റ്റോറിയാണ്, ജീവിതവും ഫുട്ബോളും പ്രണയവും എല്ലാം നിറഞ്ഞ ഒരു ഫാമിലി എന്റർടെയ്നർ...

അതിജീവനത്തിന്റെ കളി

കംപലയിലെ തെരുവുകൾക്ക് ഒരു ലാറ്റിൻ അമേരിക്കൻ സ്വഭാവമുണ്ട്. ഫുട്ബോൾ അവർക്ക് അതിജീവനത്തിന്റെ കളിയാണ്. വിശപ്പും വിഷമവുമെല്ലാം അവർ മറക്കുന്നതു ഫുട്ബോൾ മൈതാനത്ത് പന്തു തട്ടുമ്പോഴാണ്. അങ്ങനെ കളിച്ചുവളർന്ന ബാല്യമായിരുന്നു ഹക്കിമിന്റേതും. ഓർമവച്ച കാലംതൊട്ട് ഫുട്ബോൾ ഹക്കിമിന്റെ കാലിനോടും ഹൃദയത്തോടും ചേർന്നുകിടക്കുന്നു. ‘ഫുട്ബോൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. പ്രാദേശിക ക്ലബ്ബായ വിക്ടർ എഫ്സിയിലായിരുന്നു തുടക്കം. അവരുടെ ജൂനിയർ ടീമിലും സീനിയർ ടീമിലും കളിച്ചു. ഗോൾ കീപ്പറായാണ് കരിയർ തുടങ്ങിയത്. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയിലേക്കു വന്നതോടെയാണ് ഫുട്ബോളിൽനിന്നു ബ്രേക്ക് എടുക്കുന്നത്’ ഹക്കിം പറഞ്ഞു.

പഠനത്തിനായി ഇന്ത്യയിലേക്ക്

2012ൽ ബിരുദ പഠനത്തിന്റെ ഭാഗമായാണ് ഹക്കിം ഇന്ത്യയിലേക്കു വരുന്നത്. നാട്ടുകാരിൽ ഒരാൾ ഭോപാലിൽ ഫിസിയോതെറപ്പി പഠിക്കുന്നുണ്ടായിരുന്നു. ആ സുഹൃത്തു വഴിയാണ് ഹക്കിമും ഇന്ത്യയിൽ എത്തുന്നത്. പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം പൂർത്തിയാക്കി എംബിഎ പഠിക്കാനായി ഭോപാലിലേക്കു പോയി. ഭോപാൽ ആർകെഡിഎഫ് യൂണിവേഴ്സിറ്റിയിൽനിന്നു ഹ്യൂമൻ റിസോഴ്സിൽ എംബിഎ പൂർത്തിയാക്കി. ഇതിനിടെ ചെറുകിട ക്ലബ്ബുകളിൽ സന്ദർശക താരമായി കളിക്കാൻ പോകാറുണ്ടായിരുന്നു. ‘യുഗാണ്ടയിൽ വിദ്യാഭ്യാസം എന്നാൽ പ്ലസ് ടു വരെയാണ്. അതിനു മേലെ പഠിക്കണമെങ്കിൽ വിദേശത്തു പോകണം. യൂറോപ്യൻ രാജ്യങ്ങളിലും ചൈനയിലുമൊക്കെയാണ് സാധാരണ അവിടത്തുകാർ പോകാറ്. അത്തരം രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ പഠനച്ചെലവ് കുറവാണ്. പിന്നെ ഇന്ത്യയിലെ ഐടി, മെഡിക്കൽ പഠനമേഖലകളെക്കുറിച്ച് പുറത്തൊക്കെ നല്ല മതിപ്പാണ്’, ഹക്കിം പറയുന്നു.

hakkim-uganda-football
ഹക്കിം സെൻഗാഡോ കൊപ്പത്തെ ഐഫ ഫുട്ബോൾ അക്കാമദിയിൽ ചിത്രം: വിബി ജോബ് ∙ മനോരമ

വിദേശികളോട് വിമുഖത

ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യക്കാർക്ക് വിദേശ ഫുട്ബോൾ താരങ്ങളെ, പ്രത്യേകിച്ച് ആഫ്രിക്കൻ താരങ്ങളെ പ്രാദേശിക ലീഗുകളിൽ കളിപ്പിക്കാൻ വിമുഖതയുള്ളതായി ഹക്കിം പറയുന്നു. പഠനകാലത്ത് പലപ്പോഴും ഈ വിവേചനം നേരിട്ടിരുന്നതായും ഹക്കിം പറഞ്ഞു. ‘ഭോപാലിലും പഞ്ചാബിലുമൊക്കെ പ്രാദേശിക ലീഗുകളിൽ കളിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ചിലരൊക്കെ കളിപ്പിക്കാൻ തയാറാകും. പക്ഷേ. ഭൂരിപക്ഷം പേരും നിങ്ങൾ വിദേശിയല്ലേ എന്നു പറഞ്ഞു മാറ്റിനിർത്താറാണ് പതിവ്. പക്ഷേ, കേരളത്തിൽ വന്നപ്പോൾ അത്തരമൊരു വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ല. ഇവിടെ വിദേശ കളിക്കാർക്ക് നല്ല സ്വീകാര്യതയുണ്ട്.’

പ്രണയത്തിന്റെ കിക്കോഫ്

ഡിഗ്രി പഠനകാലത്ത് ഇംഗ്ലിഷ് പരിജ്ഞാനം മെച്ചപ്പെടുത്താനായി ഹക്കിമിന്റെ സുഹൃത്തുക്കൾ ചേർന്ന് ഒരു ഫെയ്സ്ബുക് ഗ്രൂപ്പ് ആരംഭിച്ചിരുന്നു. ഗ്രൂപ്പ് അംഗങ്ങൾ ഭൂരിഭാഗവും ഉത്തരേന്ത്യക്കാർ തന്നെയായിരുന്നു. താൻ അയയ്ക്കുന്ന ഇംഗ്ലിഷ് മെസേജുകൾ കൃത്യമാണോ അതിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്താനുണ്ടോ എന്നൊക്കെ നോക്കാൻ ഒരു സുഹൃത്ത് ഹക്കിമിനെയും ഗ്രൂപ്പിൽ അംഗമാക്കി. ഈ ഗ്രൂപ്പ് വഴിയാണ് യുപി ഖരഗ്പുർ സ്വദേശിയായ ഷബ്നത്തെ ഹക്കിം പരിചയപ്പെടുന്നത്. അവിടെ തുടങ്ങുന്നു, പ്രണയത്തിന്റെ കിക്കോഫ്...

ലവ് ഗോൾ..!

ഗ്രൂപ്പ് ചാറ്റിൽനിന്ന് ഹക്കിമിന്റെയും ഷബ്നത്തിന്റെയും പരിചയം പ്രൈവറ്റ് ചാറ്റിലേക്കു തിരിഞ്ഞു. ഖരഗ്പുരിലെ ഒരു ഉൾനാടൻ ഗ്രാമത്തിലായിരുന്നു ഷബ്നത്തിന്റെ വീട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം. ബിഎ ഇംഗ്ലിഷ് ബിരുദധാരിയായ ഷബ്നത്തിന് പക്ഷേ, ഇംഗ്ലിഷ് ഭാഷ തീരെ വശമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഷബ്നം ഈ ഗ്രൂപ്പിന്റെ ഭാഗമാകുന്നതും ഹക്കിമുമായി അടുക്കുന്നതും. ഫുട്ബോളിനെക്കുറിച്ച് ഒന്നും അറിയാത്ത ആളായിരുന്നു ഷബ്നം. ടിവിയിൽപോലും ഒരു ഫുട്ബോൾ മത്സരം കാണാത്ത പെൺകുട്ടി. അങ്ങനെയുള്ള ഷബ്നം ഫുട്ബോ‍ൾ ജീവശ്വാസമായ ഹക്കിമിനെ എങ്ങനെ പ്രണയിച്ചു എന്നതായിരുന്നു കൂട്ടുകാർക്കും വീട്ടുകാർക്കും അദ്ഭുതം. ‘ഒറ്റ രാത്രികൊണ്ടുണ്ടായ പ്രണയമല്ല ഞങ്ങളുടേത്. 5 വർഷത്തോളം ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. പരസ്പരം നന്നായി മനസ്സിലാക്കി. അങ്ങനെയാണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്’, ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു. ഹക്കിമിനുവേണ്ടി ഷബ്നം ഇംഗ്ലിഷും ഷബ്നത്തിനു വേണ്ടി ഹക്കിം ഹിന്ദിയും പഠിച്ചു.

വിവാഹത്തിന് ക്ലീൻ ചിറ്റ്

5 വർഷത്തോളം സൗഹൃദവും പ്രണയവുമായി പോയെങ്കിലും ഈ വർഷം ആദ്യം, കല്യാണം ആലോചിച്ച് ഷബ്നത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും നേരിൽക്കാണുന്നത്. ഷബ്നത്തെ കാണുന്നതിനു മുൻപു ഹക്കിം പോയിക്കണ്ടത് ഷബ്നത്തിന്റെ മാതാപിതാക്കളെയായിരുന്നു. അവരോടു കാര്യം അവതരിപ്പിച്ചു. ഒരു പൊട്ടിത്തെറിയാണ് അവിടെ ഹക്കിം പ്രതീക്ഷിച്ചത്. പക്ഷേ, അവർ യാതൊരു എതിർപ്പും പറയാതെ വിവാഹത്തിനു സമ്മതിച്ചു. ‘മകളുടെ സന്തോഷമാണ് ഞങ്ങൾക്കു വലുത്’, ഇതു മാത്രമായിരുന്നു അവർ നൽകിയ മറുപടി. സെപ്റ്റംബർ 30ന് അങ്ങനെ ഇരുവരും വിവാഹിതരായി. ഒരു വിദേശിയെ വിവാഹം കഴിക്കാൻ അനവധി നിയമക്കുരുക്കുകൾ ഉണ്ടായിരുന്നു. അതെല്ലാം മുന്നിൽനിന്നു പരിഹരിച്ചതു ഹക്കിം തന്നെയായിരുന്നു.

കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഹക്കിമിന്റെ കുടുംബത്തിന‌ു കല്യാണത്തിനു പങ്കെടുക്കാൻ സാധിച്ചില്ല. ‘വീട്ടിൽ അമ്മയും ചേച്ചിയും മാത്രമാണുള്ളത്. ഇരുവർക്കും കല്യാണത്തിൽ പങ്കെടുക്കണമെന്നു വലിയ ആഗ്രഹമായിരുന്നു. പക്ഷേ, കോവിഡ് സാഹചര്യമായതിനാൽ ഇവിടെ വന്നു തിരിച്ചുപോയാൽ 14 ദിവസം അവിടെ ക്വാറന്റീനിൽ ഇരിക്കണം. 14 ദിവസത്തേക്ക് ഒരാൾ 50 ഡോളറാണ് ക്വാറന്റീൻ ഇരിക്കാൻ ചെലവ്. അത്രയും പണം ചെലവാക്കാനുള്ള സാഹചര്യം ഞങ്ങൾക്കില്ല’, ഇതു പറയുമ്പോൾ ഹക്കിമിന്റെ മുഖം പെനൽറ്റി മിസ് ചെയ്ത കളിക്കാരനെപ്പോലെയായി.

ഐഫയിലേക്കുള്ള വഴി

ഡൽഹിയിലെ സുദേവ ഫുട്ബോൾ ക്ലബ്ബിൽ സഹപരിശീലകനായി ജോലി ചെയ്യുന്നതിനിടെയാണ് ഹക്കിമിന് ദുബായിയിലേക്കു പോകാൻ അവസരം ലഭിക്കുന്നത്. അവിടെ ഒരു ക്ലബ്ബിൽ പരിശീലകനായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് കോവിഡിന്റെ വരവ്. അതോടെ ജോലി അനിശ്ചിതത്വത്തിലായി. കോവിഡ് മാറുന്നതുവരെ പിടിച്ചുനിൽക്കാൻ എന്തുചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് തന്റെ കയ്യിലെ എംബിഎ ബിരുദത്തിന്റെ കാര്യം ഓർമവന്നത്. അങ്ങനെ ഒരു ഐടി കമ്പനിയിൽ ഹക്കിം ജോലിക്കു ചേർന്നു. നല്ല ശമ്പളം ഉണ്ടായിരുന്നെങ്കിലും ആ ജോലിയിൽ ഹക്കിം സന്തുഷ്ടനല്ലായിരുന്നു. ഫുട്ബോൾ ആണ് തന്റെ ജീവിതമെന്ന തിരിച്ചറിവ് ഹക്കിമിനെ അലട്ടിക്കൊണ്ടിരുന്നു. അപ്പോഴാണ് ഐഫയിലേക്കുള്ള ക്ഷണം വരുന്നത്. കായികാധ്യാപകനും സി ലെവൽ ഫുട്ബോൾ പരിശീലകനും ഐഫയുടെ സാരഥികളിൽ ഒരാളുമായ സി. ഷൗക്കത്താണു ക്ഷണവുമായി ഹക്കിമിനെ സമീപിക്കുന്നത്. ഇന്ത്യയിൽ പരിശീലകനായി ജോലി ചെയ്ത കാലത്ത് ഇരുവർക്കും പരിചയമുണ്ടായിരുന്നു. അങ്ങനെ ഐഫയുടെ ഹെഡ് കോച്ചായി നേരെ പാലക്കാട് കൊപ്പത്തേക്ക്.

ചെൽസിയും മോഡ്രിച്ചും

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ് ഏതാണെന്നു ചോദിച്ചാൽ രണ്ടാമതൊന്നു ചിന്തിക്കാതെ ഹക്കിം പറയും, ചെൽസി! അല്ലെന്ന് ആരൊക്കെ, എത്രയൊക്കെ വാദിച്ചാലും ഹക്കിം വിട്ടുകൊടുക്കില്ല. ഓർമവച്ച കാലം മുതൽ കടുത്ത ചെൽസി ആരാധകനാണ് ഹക്കിം. ഇഷ്ടതാരത്തെക്കുറിച്ചു ചോദിച്ചാൽ ഹക്കിമിന്റെ മറുപടി ഇങ്ങനെയാണ്, ‘ ഞാൻ ഒരു ഗോൾ കീപ്പറാണെങ്കിലും ഫുട്ബോളിൽ എന്റെ ഇഷ്ടതാരം ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ചാണ്. 2008ൽ ലൂക്ക ടോട്ടനത്തിൽ എത്തിയതു മുതൽ അദ്ദേഹത്തിന്റെ കളി ശ്രദ്ധിക്കാറുണ്ട്. പിന്നീട് റയൽ മഡ്രിഡിലേക്കു മാറിയപ്പോൾ ലോകം കണ്ട എക്കാലത്തെയും മികച്ച മിഡ്ഫീൽഡറാണെന്ന് അദ്ദേഹം തെളിയിച്ചു’.

വളരും, ഇന്ത്യൻ ഫുട്ബോൾ

ഫുട്ബോൾ താരങ്ങൾക്ക് അവസരങ്ങളുടെ അക്ഷയ ഖനി തുറന്നിട്ട രാജ്യമായാണ് ഇന്ത്യയെ ഹക്കിം കാണുന്നത്. ‘ഐഎസ്എൽ ഉൾപ്പെടെയുള്ള ലീഗുകൾ ഇന്ത്യൻ താരങ്ങളുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കും. ലക്ഷക്കണക്കിനു കഴിവുറ്റ ഫുട്ബോൾ താരങ്ങൾ ഇന്ത്യയിലുണ്ട്. അവർക്ക് അവസരം ലഭിക്കാത്തതായിരുന്നു ഇതുവരെയുള്ള പ്രശ്നം. എന്നാൽ ഇത്തരം ലീഗുകളിലൂടെ അതു മറികടക്കാൻ സാധിക്കും’, ഹക്കിം പറയുന്നു. എല്ലാ ഇന്ത്യൻ ഫുട്ബോൾ ലീഗ് മത്സരങ്ങളും കാണാറുണ്ടെന്നും ഇതുവഴി ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് അറിയാൻ സാധിച്ചതായും ഹക്കിം പറഞ്ഞു. നിലവിൽ സി ലവൽ കോച്ചിങ് സർട്ടിഫിക്കറ്റ് ലഭിച്ച ഹക്കിം, ബി ലവൽ കടക്കാനുള്ള തയാറെടുപ്പിലാണ്.

English Summary: Football player Uganda native Hakkim Sengado marries Indian women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com