വാളല്ലെൻ സമരായുധം; ഗുരുവായൂരിൽ തുറന്നത് രാജ്യത്താകെ ക്ഷേത്രപ്രവേശനത്തിലേക്കുള്ള വാതിൽ

guruvayur-temple
ഗുരുവായൂർ ക്ഷേത്രം. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ ∙ മനോരമ
SHARE

ഗുരുവായൂരിൽ തുറന്നത് രാജ്യത്താകെ ക്ഷേത്രപ്രവേശനത്തിലേക്കുള്ള വാതിലാണ്. തൊട്ടുകൂടാത്തവർക്കുവേണ്ടി രാജ്യത്തു നടന്ന സമരങ്ങളുടെ ചരിത്രത്തിൽ എന്നും കേരളത്തിലെ ഈ സമരമുണ്ടാകും. എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടു ഗുരുവായൂരിൽ നടന്ന ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരത്തിന് നാളെ നവതി

ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറ്, കിഴക്ക്, തെക്ക് നടകളിലായി 1931 നവംബർ ഒന്നിനു സത്യഗ്രഹം തുടങ്ങി. മൂന്നു പേരെയാണ് ആദ്യഘട്ട സമരത്തിനായി ഗാന്ധിജി നേരിട്ടു ചുമതലപ്പെടുത്തിയത്. ക്ഷേത്ര പ്രവേശന സത്യഗ്രഹ കമ്മിറ്റി ചെയർമാനായ മന്നത്തു പത്മനാഭൻ, കെ.കേളപ്പൻ, സുബ്രഹ്മണ്യൻ തിരുമുമ്പ്. അതോടെ ഗുരുവായൂരിന്റെ നാലു വഴികളിലേക്കും ജനം ഒഴുകി. രാഷ്ട്രീയ, സാമൂഹിക വിപ്ലവങ്ങളുടെ ചെറിയ അരുവികളായിരുന്നു ഓരോ ജാഥയും...

കോൺഗ്രസിന്റെ മുംബൈ ദേശീയ സമ്മേളനത്തിൽ കേരളഗാന്ധി കെ.കേളപ്പൻ പ്രസംഗിച്ച് ഇരിപ്പിടത്തിലേക്കു തിരിച്ചു നടക്കുമ്പോൾ നിലയ്ക്കാത്ത കയ്യടിയായിരുന്നുവത്രെ. 1931 ജൂലൈ ഏഴിനായിരുന്നു അത്. സ്വാതന്ത്ര്യ സമരത്തിന്റെ മുന്നോട്ടുള്ള യാത്ര ചർച്ച ചെയ്യുന്നതിനു കൂടി ചേർന്ന സമ്മേളനമാണത്. ഹിന്ദുക്കൾക്കിടയിലെ വിഭജനത്തെക്കുറിച്ചു കേളപ്പൻ പറഞ്ഞതു പലർക്കും പുതിയ വെളിച്ചമായിരുന്നു.

അന്നു മഹാത്മാഗാന്ധി അദ്ദേഹത്തെ വിളിച്ച് ഏറെ നേരം സംസാരിച്ചു. സ്വാതന്ത്ര്യസമര പാതകളിലേക്കു പുത്തൻ സമരമുഖങ്ങളുടെ വാതിലുകൾ തുറന്ന കൂടിക്കാഴ്ചയായിരുന്നു അത്. പിന്നാക്കക്കാർക്കു മുന്നിൽ തുറക്കാതിരുന്ന എത്രയോ ക്ഷേത്ര വാതിലുകളിലാണ് കേളപ്പന്റെ വാക്കുകൾ ചെന്നലച്ചത്. ‘സമരം തുടങ്ങുക’ ഗാന്ധി പറഞ്ഞു.

പിന്നാക്കക്കാർക്കു പ്രവേശനമില്ലാത്ത ഗുരുവായൂർ ക്ഷേത്രനടയിൽനിന്നു കൊളുത്തിയതു കേരളത്തിലെ സാമൂഹിക വിപ്ലവത്തിന്റെ പുത്തൻ പന്തങ്ങളാണ്. അതു ഗുരുവായൂരിനു വേണ്ടി മാത്രമുള്ള സമരമായിരുന്നില്ല. രാജ്യം മുഴുവൻ ഈ ചെറിയ ഗ്രാമത്തിൽനിന്നുള്ള സമരവാർത്തകൾക്കു വേണ്ടി കാത്തിരുന്നു. ഗാന്ധിജിപോലും പല തവണ ഈ സമരത്തെക്കുറിച്ചന്വേഷിച്ചു. അതിനായി അദ്ദേഹം കസ്തൂർബ ഗാന്ധിയെ ചുമതലപ്പെടുത്തി.

guruvayur-akg
കെ. കേളപ്പനും എ.കെ.ജിയും (നടുവിൽ) ഗുരുവായൂർ സത്യഗ്രഹത്തിൽ (ഫയൽ ചിത്രം).

ക്ഷേത്ര കവാടം എല്ലാ ഹിന്ദുക്കൾക്കുമായി തുറക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം പാർട്ടിക്കകത്തുതന്നെ ഇടിമുഴക്കമുണ്ടാക്കി. വാതിലടയ്ക്കാൻ കൂട്ടുനിന്നവർ പാർട്ടിയിലുമുണ്ടായിരുന്നു.1931 മേയ് 21നു വടകര കോൺഗ്രസ് സമ്മേളനത്തിൽ കെ.കേളപ്പനാണ് ഇത്തരമൊരു സമരത്തിലേക്കു കടക്കണമെന്നാവശ്യപ്പെട്ടത്. സവർണർ പാർട്ടിയുടെ വലയിൽനിന്നു പോകുമെന്നു ഭയന്ന പലരും എതിർത്തു. അതോടെയാണു മഹാത്മാ ഗാന്ധിയുടെ അടുത്തു വിഷയം അവതരിപ്പിക്കാൻ തീരുമാനിച്ചത്. രാജ്യത്തു പലയിടത്തും നടക്കുന്ന ഇത്തരം സമരങ്ങളിലേക്കു കോൺഗ്രസിന്റെ ദേശീയ നേതൃത്വം ശക്തമായി ഇറങ്ങാൻ തീരുമാനിച്ചതും, കേളപ്പന്റെ പ്രസംഗത്തിനും മഹാത്മാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷമാണ്.

സമരത്തിനു മുന്നോടിയായി വിപുലമായ ഒരുക്കം നടത്തണമെന്നു കേളപ്പന് അറിയാമായിരുന്നു. എൻഎസ്എസ്, എസ്എൻഡിപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നായർ സമുദായ പരിഷ്കരണത്തിന്റെ തലയെടുപ്പായിരുന്ന മന്നത്തു പത്മനാഭൻ അതോടെ ഗുരുവായൂർ സത്യഗ്രഹത്തിന്റെ നേതൃത്വത്തിലെത്തി. എസ്എൻഡിപിയുടെ എല്ലാ ഘടകങ്ങളിലേക്കും സമര സന്ദേശമെത്തി. മന്നവും കേളപ്പനും കേരളത്തിലുടനീളം യാത്ര ചെയ്തു സമുദായ നേതാക്കളും വിപ്ലവകാരികളുമായി കൂടിക്കാഴ്ചകൾ നടത്തി. അതിനുമുൻപൊരിക്കലും ഇത്രയും വിപുലമായൊരു മണ്ണൊരുക്കൽ ഒരു സമരത്തിനു വേണ്ടിയും നടന്നിട്ടില്ല. നാടിനെ ഒരുക്കിയ ശേഷം സമരം തുടങ്ങുകയെന്ന ഗാന്ധിയൻ തന്ത്രംതന്നെയായിരുന്നു അത്. എ.കെ.ഗോപാലനെ സമര വൊളന്റിയർ ക്യാപ്റ്റനായി നിയമിച്ചു. കോൺഗ്രസിന്റെ കുടക്കീഴിലേക്ക് എല്ലാ പരിഷ്കരണ വാദികളും നീങ്ങിനിന്ന ദിവസങ്ങൾ.

സമരത്തിനു മുന്നോടിയായി മലബാറിൽനിന്നു സുബ്രഹ്മണ്യൻ തിരുമുമ്പും എ.കെ.ജിയും നയിക്കുന്ന ജാഥ തുടങ്ങി. ഭാഗവത പണ്ഡിതനും ആധ്യാത്മിക ഗുരുവും ഗുരുവായൂരപ്പന്റെ പരമ ഭക്തനുമായിരുന്നു സുബ്രഹ്മണ്യൻ തിരുമുമ്പ്. എ.കെ.ജിയാകട്ടെ കോൺഗ്രസ് യുവത്വത്തിലെ തീപ്പൊരി. സ്വാതന്ത്ര്യസമര പോരാട്ടത്തിലെ യുവ ചേതനകളിലൊന്ന്. ഈശ്വരനിൽനിന്നു വിപ്ലവത്തിലേക്ക് അത്ര അധികം ദൂരമില്ലെന്നു കേരളം കണ്ട യാത്രകൂടിയായിരുന്നു അത്.

ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറ്, കിഴക്ക്, തെക്ക് നടകളിലായി 1931 നവംബർ ഒന്നിനു സത്യഗ്രഹം തുടങ്ങി. 

guruvayur-gate
ഗുരുവായൂർ ക്ഷേത്രപ്രവേശന സ്മാരകത്തിന്റെ എ.കെ.ജി. കവാടം ചിത്രം: മനോരമ

മൂന്നു പേരെയാണ് ആദ്യഘട്ട സമരത്തിനായി ഗാന്ധിജി നേരിട്ടു ചുമതലപ്പെടുത്തിയത്. ക്ഷേത്ര പ്രവേശന സത്യഗ്രഹ കമ്മിറ്റി ചെയർമാനായ മന്നത്തു പത്മനാഭൻ, കെ.കേളപ്പൻ, സുബ്രഹ്മണ്യൻ തിരുമുമ്പ്. അതോടെ ഗുരുവായൂരിന്റെ നാലു വഴികളിലേക്കും ജനം ഒഴുകി. രാഷ്ട്രീയ, സാമൂഹിക വിപ്ലവങ്ങളുടെ ചെറിയ അരുവികളായിരുന്നു ഓരോ ജാഥയും. ക്ഷേത്രത്തിന്റെ ഉടമ സാമൂതിരി രാജയായിരുന്നു. അദ്ദേഹവും ഒരുക്കം നടത്തി. എല്ലാ വഴികളിലും കമ്പിവേലികൾ കെട്ടി. അകത്തു കടക്കുന്ന സമര സേനാനികളെ തടയാൻ പ്രത്യേക കാവൽ സംഘത്തെ ഏർപ്പെടുത്തി. സവർണ ഹിന്ദുവിന്റെ വക്താക്കളെന്നു പറയുന്ന വലിയൊരു സംഘം അകത്തളങ്ങളിൽ ചർച്ച നടത്തി. അവർക്കുറപ്പായിരുന്നു കയ്യൂക്കിന്റെയും അധികാരത്തിന്റെയും പ്രതിരോധം ജയിക്കുമെന്ന്.

കേരളം മാറി ചിന്തിച്ചുതുടങ്ങിയ കാര്യം പല നാലുകെട്ടുകൾക്കുള്ളിലും അറിഞ്ഞിരുന്നില്ല. മറുവശത്താകട്ടെ നമ്പൂതിരി സമുദായത്തിലെ വിപ്ലവകാരികൾതന്നെ കൂട്ടത്തോടെ സമരത്തിന്റെ പാതയിലേക്കു നടന്നു തുടങ്ങി. ഭാഗവത പണ്ഡിതനും പ്രഭാഷകനുമായ വൈശ്രവണത്തു രാമൻ നമ്പൂതിരിയെപ്പോലുള്ളവരും വിഷ്ണു ഭാരതീയനെപ്പോലുള്ളവരും സമരപ്പന്തലിൽ വന്ന് ആധ്യാത്മിക പ്രഭാഷണം തുടങ്ങി. ഗീതയും ഭാഗവതവും പഠിപ്പിച്ചു. മുദ്രാവാക്യങ്ങളെക്കാൾ ഉച്ചത്തിൽ ഭജനയും നാമജപവും കേട്ടു തുടങ്ങി. മനുഷ്യൻ ഒന്നാണെന്നു കേരളം ഭക്തിയിലൂടെയും സമരത്തിലൂടെയും പ്രഖ്യാപിക്കുകയായിരുന്നു. അതിനു മുൻപൊരിക്കലും ഭക്തി ഇതുപോലെ സമരായുധമായിട്ടില്ല.

1933 ഡിസംബർ 21നു ദീപാരാധന കഴിഞ്ഞപ്പോൾ ക്ഷേത്രത്തിനകത്തു മണ്ഡപത്തിൽ നിലയ്ക്കാത്ത മണിയടി ഉയർന്നു. സമര വൊളന്റിയറായ പി.കൃഷ്ണപിള്ള അടിച്ച മണിയായിരുന്നു അത്. അതുവരെ മുഴങ്ങാത്ത ഉച്ചത്തിൽ ആ ശബ്ദം നാടിന്റെ നാനാഭാഗത്തുമെത്തി. കൃഷ്ണപിള്ള പിന്നീടു കമ്യൂണിസ്റ്റ് നേതാവായി. ഭക്തരെന്നു സ്വയം പ്രഖ്യാപിച്ചവർ ഡിസംബർ 28ന് എ.കെ.ജിയെ ക്ഷേത്ര നടയിലിട്ടു ക്രൂരമായി മർദിച്ചു. മുള്ളുവേലികൾക്കിടയിലേക്ക് അദ്ദേഹത്തെ വലിച്ചിഴച്ചു. ആവോളം ചവിട്ടി. അദ്ദേഹം അബോധാവസ്ഥയിലായി. അതിനിടെ സത്യഗ്രഹപ്പന്തലിനടുത്ത് എന്തോ ചെറിയ സ്ഫോടനമുണ്ടായി. സമരവീര്യത്തിന് എണ്ണ പകരുകയായിരുന്നുവെന്ന് അതു ചെയ്തവർ മനസ്സിലാക്കിയില്ല. എ.കെ.ജി. ആറുമാസത്തെ ജയിൽവാസം കഴിഞ്ഞു ജൂണിൽ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ.

ഇതിനിടയിൽ എ.കെ.ജിയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിലേക്കൊരു ജാഥ പുറപ്പെട്ടു. അതു മന്നത്തു പത്മനാഭന്റെ നേതൃപാടവത്തിന്റെ ജാഥകൂടിയായിരുന്നു. മന്നമൊരുക്കിയ സാമൂഹിക വിപ്ലവത്തിന്റെ വഴിയിലൂടെ യുവ വിപ്ലവകാരികൾ നടന്ന ജാഥ. വൈക്കം സത്യഗ്രഹത്തിന്റെ പരിചയമുള്ള മന്നത്തിന് ഇതു പുത്തരിയായിരുന്നില്ല. മലബാറിലേക്കു പലതവണ മന്നവും കോൺഗ്രസ് നേതാക്കളും യാത്ര നടത്തി. കെ.മാധവൻ നായർക്കൊപ്പം നടത്തിയ യാത്രയിൽ വി.ടി.ഭട്ടതിരിപ്പാടിന്റെ ഇല്ലം താമസിക്കാനായി തുറന്നു കൊടുത്തതു മന്നം എഴുതിയിട്ടുണ്ട്. സമര നേതാക്കൾക്കെല്ലാം വച്ചു വിളമ്പിയിരുന്ന വി.ടി.യുടെ അന്തർജനത്തെ അദ്ദേഹം ആദരവോടെയാണ് ഓർക്കുന്നത്. ജാതിമത ഭേദമെന്യേ തുറന്നിട്ട വീടിനെക്കുറിച്ചും മന്നം ഓർക്കുന്നു.

kelappan
കെ കേളപ്പൻ, മന്നത്തു പത്മനാഭൻ, സുബ്രഹ്മണ്യം തിരുമുമ്പ്

സമരം കൊടുമ്പിരിക്കൊള്ളുകയും നാടിന്റെ എല്ലാ സ്ഥലത്തും ചെറുയോഗങ്ങൾ നടക്കാൻ തുടങ്ങുകയും ചെയ്തു. പതിനായിരങ്ങളാണു സമരത്തിനായി ഗുരുവായൂർ ക്ഷേത്ര നടയിലെത്തിയിരുന്നത്. ഗാന്ധിജി ഓരോ ദിവസവും സമരത്തിൽ ഇടപെട്ടു തുടങ്ങി. ഡിസംബർ മൂന്നിനു കസ്തൂർബ ഗാന്ധി കേരളത്തിലെത്തി. കൂടെ രാജഗോപാലാചാരിയും. കേരളത്തിലുടനീളം കസ്തൂർബയുടെ കൂടെ യാത്ര ചെയ്തതു കോൺഗ്രസ് നേതാക്കളായിരുന്നില്ല. മന്നത്തു പത്മനാഭനായിരുന്നു. തോണിയിൽ പൊന്നാനിക്കടവിലൂടെ ഗുരുവായൂർക്കു വന്നതു മന്നം പിന്നീട് എഴുതിയിട്ടുണ്ട്. ഡിസംബർ 5നു കസ്തൂർബ ഗുരുവായൂർ ക്ഷേത്ര നടയിൽ സമര സേനാനികളെ അഭിസംബോധന ചെയ്തു. കേളപ്പൻ കൊളുത്തിയ പന്തത്തിൽനിന്നു പടർന്ന തീ രാജ്യത്തിന്റെ നാനാ ഭാഗത്തേക്കും പടരുകയായിരുന്നു.

കസ്തൂർബയുടെ സാന്നിധ്യം കാണിക്കുന്നതു സമരത്തോടു ഗാന്ധിജി കാണിച്ച കരുതലാണ്. ദിവസങ്ങളോളം യാത്ര ചെയ്തു മാത്രം കേരളത്തിലെത്തേണ്ട കാലമായിരുന്നത്.

ഗാന്ധിജി യർവാദ ജയിലിൽ തടവിൽ കഴിയുകയായിരുന്നു. ഹിന്ദു സമുദായത്തിലെ ജാതി വേർതിരിവിനെതിരെ ഗാന്ധിജി നിരാഹാരം തുടങ്ങി. അപ്പോഴേക്കും ഗുരുവായൂർ സത്യഗ്രഹം ദേശീയ തലത്തിൽ കത്തിത്തുടങ്ങിയിരുന്നു. ഗുരുവായൂരിൽ കേളപ്പൻ നിരാഹാരം പ്രഖ്യാപിച്ചു. ജവാഹർലാൽ നെഹ്റു, ജി.ഡി.ബിർല, ഡോ.ബാബാ സാഹേബ് അംബേദ്കർ, മദൻ മോഹൻ മാളവ്യ, സി.രാജഗോപാലാചാരി തുടങ്ങിയവരെല്ലാം കേളപ്പനു ടെലിഗ്രാം ചെയ്തു. അവർ സമരത്തെക്കുറിച്ചു പലയിടത്തും പ്രസംഗിച്ചു. കേളപ്പനെ നിരാഹാരത്തിൽനിന്നു പിൻതിരിപ്പിക്കാൻ ഗാന്ധിജി ശ്രമിച്ചു. കാരണം, ഗുരുവായൂരിൽ കേളപ്പന്റെ സാന്നിധ്യം എന്നും വേണമെന്നു ഗാന്ധിജിക്കറിയാമായിരുന്നു.

കോൺഗ്രസ് കേരള ഘടകം നിരോധിക്കപ്പെട്ടു. നേതാക്കളെ അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ടായിരുന്നതിനാൽ അതുവരെയുണ്ടായിരുന്ന ഗുരുവായൂർ സത്യഗ്രഹ സമരസമിതി ഉടൻ അഴിച്ചുപണിതു. മന്നത്തു പത്മനാഭൻത്തന്നെ വീണ്ടും അധ്യക്ഷനാക്കി. സവർണ സമുദായക്കാർ ക്ഷേത്രത്തിനകത്തു കയറി സത്യഗ്രഹം നടത്തിയതോടെ സമരം പുതിയ മുഖം കണ്ടെത്തി. സാമൂതിരി രാജയ്ക്കും മനസ്സിലായി തന്റെ ചുറ്റും നിൽക്കുന്നവർ പറയുന്നതു മാത്രമല്ല സത്യമെന്ന്. സമരത്തിൽനിന്നു പിന്മാറണമെന്നും എല്ലാവരുമായി സംസാരിച്ചു പ്രശ്നപരിഹാരമുണ്ടാക്കാമെന്നും സാമൂതിരിതന്നെ കേളപ്പനു ടെലിഗ്രാം ചെയ്തു. നേരത്തേ കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചപ്പോൾ സാമൂതിരി വഴങ്ങിയിരുന്നില്ല.

സാമൂതിരിയുടെ വാഗ്ദാനം സംഘത്തിനു സ്വീകാര്യമായിരുന്നില്ല. തൽക്കാലം നിരാഹാര സമരത്തിൽനിന്നു പിന്മാറാൻ കേളപ്പനോടു ഗാന്ധിജിയും ആവശ്യപ്പെട്ടു. മൂന്നു മാസത്തിനകം ക്ഷേത്രം എല്ലാവർക്കുമായി തുറന്നില്ലെങ്കിൽ താൻ ഗുരുവായൂരിലെത്തി നിരാഹാരം തുടങ്ങുമെന്നു ഗാന്ധിജി പ്രഖ്യാപിച്ചതോടെ എല്ലാവരും തൽക്കാലം സത്യഗ്രഹം നിർത്തി. സമരം അവസാനിപ്പിക്കുമ്പോൾ കേളപ്പൻ പറഞ്ഞു, ‘നിർത്തുന്നതു സമരമല്ല, സത്യഗ്രഹമാണ്. നമ്മളിതു തുടരും.’

ക്ഷേത്രം എല്ലാവർക്കുമായി തുറക്കണോ എന്നു ജനകീയ വോട്ടെടുപ്പു നടത്താൻ കോൺഗ്രസ് ആഹ്വാനം ചെയ്തു. ക്ഷേത്രം ഉൾപ്പെട്ട പൊന്നാനി താലൂക്കിൽ ഹിത പരിശോധന നടത്താനായിരുന്നു തീരുമാനം. 8461 വീടുകളിൽപോയി വോട്ടു ചെയ്യിച്ചു. 77% പേർ ക്ഷേത്രം എല്ലാവർക്കുമായി തുറക്കണമെന്നാവശ്യപ്പെട്ടു. ഇതിൽ നല്ലൊരു ശതമാനവും സവർണ വിഭാഗ വോട്ടുകളായിരുന്നു.

നിയമത്തിന്റെ നൂലാമാലകൾക്കു വേണ്ടി വീണ്ടും കാത്തിരുന്നു. മദ്രാസ് സംസ്ഥാന മലബാർ ക്ഷേത്ര പ്രവേശന ബിൽ സഭയിൽ പാസായി. 1947നു ജൂൺ രണ്ടിനു ഗുരുവായൂർ ക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കുമായി വാതിലുകൾ തുറന്നു. സമരം തുടങ്ങി 16 വർഷം പിന്നിട്ടിരുന്നു. 16 വർഷവും മുടങ്ങാതെ അവിടെ സമരം ചെയ്യുകയല്ല ചെയ്തത്. തങ്ങളുടെ ലക്ഷ്യം പുതിയൊരു ബോധമാക്കി വളർത്തുകയാണ് അവർ ചെയ്തത്. അതു സ്വാതന്ത്ര്യ സമരത്തിലെ പല തട്ടുകളിലുമുണ്ടാക്കിയ ആവേശം വലുതാണ്. എല്ലാവർക്കുമായി വാതിൽ തുറന്നതോടെ ശംഖ, ചക്ര, ഗദാ, പത്മവുമായി സർവാഭരണ ഭൂഷിതനായ ഭഗവാനു മുന്നിൽ ഉയർച്ച താഴ്ചകളില്ലാതെ ജനം ഒഴുകിയെത്തി.

guruvayur-satyagraha
ഗുരുവായൂരിലെ സത്യഗ്രഹസ്മാരകം

ഇതെല്ലാം ചരിത്രമാണ്. രേഖകളുള്ള ചരിത്രം. ഈ സമരത്തിൽ മുഖമില്ലാത്ത എത്രയോ പേർ പങ്കെടുത്തിട്ടുണ്ട്. അവരുടെ പട്ടിണിയും സമർപ്പണവുമില്ലായിരുന്നുവെങ്കിൽ ആ വാതിലുകൾ അന്നു തുറക്കുമായിരുന്നില്ല. ക്ഷേത്രത്തിൽ കടക്കാൻ അനുമതിയുണ്ടായിരുന്നവർ അതില്ലാത്തവരുമായി കൈകോർത്തു നടത്തിയ സമരം.

90 വർഷത്തിനു ശേഷം ഗുരുവായൂർ കിഴക്കേനടയിൽ മഞ്ജുളാൽത്തറയ്ക്കു സമീപമുള്ള സത്യഗ്രഹ സ്മാരകത്തിനു മുന്നിൽ നിൽക്കുമ്പോൾ ഈ ചരിത്രമെല്ലാം മനസ്സിലൂടെ കടന്നുപോകും. കഴിഞ്ഞ ഇടതുപക്ഷ സർക്കാരാണ് ഈ സ്മാരകം തുറന്നത്. എ.കെ.ജിയുടെ പേരിലാണു പ്രധാന കവാടം, പിറകുവശത്തെ കവാടം കെ.കേളപ്പന്റെ പേരിൽ. സമരം നയിച്ച മന്നത്തു പത്മനാഭൻ, സുബ്രഹ്മണ്യൻ തിരുമുമ്പ്, വോട്ടെടുപ്പു നയിച്ച കെ.മാധവൻ നായർ, എം.പി.മന്മഥൻ, എ.സി.രാമൻ അങ്ങനെ മുൻനിരയിലുണ്ടായിരുന്നവരുടെ പേരുകൾപോലും ഈ പുതിയ ചരിത്ര സ്മാരകത്തിൽ ഇല്ല. ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്നുകൂടി ഗുരുവായൂർ സത്യഗ്രഹം 90 വർഷത്തിനു ശേഷം ഓർമിപ്പിക്കുകയാണ്.

ഊർജം പകർന്നത് വൈക്കം സത്യഗ്രഹം

ഗുരുവായൂർ സത്യഗ്രഹത്തിന്റെ യഥാർഥ ഊർജ്ജം വൈക്കം സത്യഗ്രഹമായിരുന്നു. തിരുവിതാകൂറിന്റെ ചരിത്രം തിരുത്തിയ ആ സമരം മലബാറിലുണ്ടാക്കിയ ഓളം ചെറുതല്ല. ശ്രീനാരായണ ഗുരു നേരിട്ടാണു വൈക്കത്ത് എത്തിയത്.വൈക്കം സത്യഗ്രഹത്തിനു ഫണ്ടു കണ്ടെത്താനായി വർക്കല ശിവഗിരി ആശ്രമത്തിൽ ഗുരു പ്രത്യേക ഭണ്ഡാരം ഏർപ്പെടുത്തി. സന്യാസിമാർ വീടുകളിൽ പോയി സംഭാവന ചോദിച്ചു. ഗുരു വൈക്കത്ത് എത്തിയപ്പോൾ തന്റെ സംഭാവനയായി 1000 രൂപ നൽകിയതു ധനത്തെക്കാളുപരി സമരശക്തിയുടെ അടയാളമായി. സമരത്തിന്റെ ഓരോ ഘട്ടത്തിലും അവർ ഗുരുവുമായി ചർച്ച നടത്തി. കോൺഗ്രസും സത്യഗ്രഹി നേതാക്കളും ഗുരുവായൂരിൽ പിൻതുടർന്നതു വൈക്കം മാതൃകയാണ്. വൈക്കത്തു ശ്രീനാരായണ ഗുരുവിന്റെ നേരിട്ടുള്ള പവിത്ര സാന്നിധ്യമുണ്ടായിരുന്നുവെന്നുമാത്രം. ഗുരുവായൂർ സത്യഗ്രഹം തുടങ്ങുന്നതിനു മുൻപു ഗുരു സമാധിയായിരുന്നു.

English Summary: Guruvayur Satyagraha anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA