ADVERTISEMENT

വായനക്കാരുടെ ശ്രദ്ധയ്ക്ക്:

പോളിയോ ബാധിച്ചു ദുർബലമായ കൈകാലുകളും ശരീരവുമായി ഒരു കസേരയിലേക്ക് ഒതുങ്ങിയിട്ടും ജീവിതത്തോടു തോൽക്കാത്ത ഒരു മനുഷ്യന്റെ അനുഭവങ്ങളാണ് ഇനിയുള്ള വരികളിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ നിരാശരാകേണ്ടി വരും. കാരണം, ഈ ജീവിതകഥ ഒരു പോരാളിയുടേതാണ്. ഒട്ടും സ്വാധീനമില്ലാത്ത കാലുകളും കുറച്ചുമാത്രം സ്വാധീനമുള്ള കൈകളും ദൂരക്കാഴ്ചയില്ലാത്ത കണ്ണുകളുമാണ് അയാളുടെ ശാരീരിക അവസ്ഥ. എല്ലാറ്റിനോടും അയാൾ നിരന്തരം പൊരുതി. ഇപ്പോൾ അൻപത്തിരണ്ടാം വയസ്സിൽ, സ്വന്തമായി കണ്ടുപിടിച്ച പല ഉൽപന്നങ്ങൾക്കു നടുവിലിരുന്ന് സ്വന്തം സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നു. ജീവനക്കാരും വിതരണക്കാരുമെല്ലാമായി അൻപതോളം പേർ ഒപ്പമുണ്ട്. പ്രവർത്തനങ്ങൾക്ക് അംഗീകാരമായി കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന്റെ ദേശീയ ഭിന്നശേഷി ശാക്തീകരണ പുരസ്കാരവും ഇവിടേക്ക് എത്തി.

പൂക്കളെൻ സമരായുധം

കോഴിക്കോട് പെരുവണ്ണാമൂഴി മഠത്തിനകത്ത് വീട്ടിലെ ആറു മക്കളിൽ അഞ്ചാമനായിരുന്നു എം.എ.ജോൺസൺ. തിരുവിതാകൂറിൽ നിന്നു കുടിയേറിയ കുടുംബം. കൃഷിയായിരുന്നു ജീവിതം. ആറുമാസം പ്രായമുള്ളപ്പോൾ ജോൺസണ് ഒരു പനി വന്നു. സാധാരണ പനിയായി വീട്ടുകാർ കരുതി. പക്ഷേ, ദിവസങ്ങളോളം വിട്ടുമാറാതെനിന്ന നി ഇരുകാലുകളെയും തളർത്തി ശരീരവളർച്ച കുറച്ച് പോളിയോ ആയാണ് അത് അവസാനിച്ചത്. ജോൺസന്റെ ജീവിതവും അതോടെ വീട്ടിലും പറമ്പിലുമായി അവസാനിച്ചു.

പുസ്തകത്താളുകളിലും കലണ്ടറിലുമെല്ലാം കാണുന്ന ചിത്രങ്ങൾ മാത്രമായിരുന്നു പുറത്തേക്കുള്ള ലോകം. കലണ്ടർ താളിലെ പൂന്തോട്ടത്തിന്റെ ചിത്രത്തിൽ മനസ്സുടക്കിയപ്പോൾ അതു പോലൊന്നു നിർമിക്കാനായി പിന്നീടുള്ള ശ്രമം. ഒടുവിൽ കലണ്ടറിലെ ചിത്രത്തിന്റെ മാതൃകയിൽ തന്നെ ആ പൂന്തോട്ടവും പൂർത്തിയായി. തനിക്കു കഴിവുകൾ ഉണ്ടെന്നും അധ്വാനിക്കാനുള്ള മനസ്സുണ്ടെന്നും സ്വയം മനസ്സിലാക്കാനും മറ്റുള്ളവരെ മനസ്സിലാക്കിക്കാനും ജോൺസൺ നടത്തിയ ആദ്യ സമരമായിരുന്നു ആ പൂന്തോട്ട നിർമാണം.

‘യ,അ,ന’

ചിത്രങ്ങൾ കാണുന്നതിനപ്പുറം കടലാസിലെ അക്ഷരങ്ങൾ വായിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും ജോൺസണു വിദ്യാഭ്യാസം നൽകാനുള്ള സാഹചര്യം അന്നു വീട്ടിലുണ്ടായിരുന്നില്ല. ഒടുവിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന ചേട്ടനാണ് ജോൺസന്റെ ‘വിദ്യാരംഭം’ നടത്തിയത്. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഒരു രാത്രി ചേട്ടൻ ജോൺസന്റെ ദുർബലമായ വിരലുകൾ പുസ്തകത്തിൽ വച്ച് മൂന്ന് അക്ഷരങ്ങൾ പരിചയപ്പെടുത്തിക്കൊടുത്തു. ‘യ,അ,ന’. പിന്നീടു പെൻസിൽ കൊണ്ടും മണലിലുമെല്ലാം എഴുതി ആ അക്ഷരങ്ങളും പുതിയ അക്ഷരങ്ങളും പഠിച്ചു തുടങ്ങി. അമ്മയും പഠനത്തിന് കൂട്ടായി.

അപ്പോഴേക്കും ജോൺസണു 16 വയസ്സായിരുന്നു. വല്ലാതെ അവഗണിക്കപ്പെടുന്നു എന്നു തോന്നിത്തുടങ്ങിയ സമയം. ‘എനിക്കു പോരായ്മകൾ ഉണ്ടെങ്കിലും എന്തൊക്കെയോ കഴിവുകളും ഉണ്ടെന്ന് അറിയാം. ‌ആ കഴിവുകളുടെ കരുത്തിൽ അവഗണനകളെ അതിജീവിക്കുക മാത്രമായിരുന്നു ഏക മാർഗം’ ജോൺസൺ പറയുന്നു. പ്ലാസ്റ്റിക് ഉരുക്കി ചക്രങ്ങൾ ഉണ്ടാക്കി കളിവണ്ടികൾ നിർമിച്ചായിരുന്നു പരീക്ഷണ ജീവിതത്തിന്റെ തുടക്കം. വീട്ടിലെ റേഡിയോയുടെ പച്ച എൽഇഡി ബൾബിന്റെ ചെറിയ പ്രകാശം ആ ജീവിതത്തിന് വെളിച്ചമായത് ആയിടയ്ക്കാണ്.

പച്ചവെളിച്ചം

എൽഇഡി ബൾബുകൾ കൊണ്ട് അലങ്കാര വസ്തുക്കൾ നിർമിക്കാനായിരുന്നു ആലോചന. ഇലക്ട്രോണിക്സ് സംബന്ധമായ ധാരാളം പുസ്തകങ്ങളും ഇക്കാലത്ത് വായിച്ചു തീർത്തു. വൈദ്യുതി ഉണ്ടെങ്കിലും എല്ലായിടത്തും വോൾട്ടേജ് പ്രശ്നം അതിരൂക്ഷമായിരുന്ന കാലമായിരുന്നു അത്. കുറഞ്ഞ വോൾട്ടേജിലും പ്രവർത്തിക്കുന്ന ചോക്ക് നിർമിക്കാൻ ജോൺസൺ ശ്രമം തുടങ്ങി. അഞ്ചു വോൾട്ടിൽ പ്രവർത്തിക്കുന്ന ചോക്ക് ഒടുവിൽ ജോൺസൺ ഉണ്ടാക്കി. പരീക്ഷണം വിജയിച്ചതോടെ ആവശ്യക്കാരും കൂടി. ഇതോടെ വ്യാവസായികാടിസ്ഥാനത്തിൽ ചോക്ക് നിർമിക്കാൻ തുടങ്ങി. അതു പിന്നീട് 30 വോൾട്ടിലും അഞ്ചു വോൾട്ടിലും പ്രവർത്തിക്കുന്ന സ്റ്റെബിലൈസർ നിർമാണത്തിലും എത്തി. ഒടുവിൽ‌ 22–ാം വയസ്സിൽ എം ടെക് എന്ന പേരിൽ വ്യവസായ നിർമാണ യൂണിറ്റിന് തുടക്കമിട്ടു. 1996 ആയപ്പോഴേക്കും 60 ജീവനക്കാരും 14 ജില്ലകളിലും വിതരണക്കാരും ഒക്കെയായി സ്ഥാപനം നല്ല നിലയിലായി.

MA-Johnson-Family-1248
ജോൺസൺ, ഭാര്യ ഉഷ, മകൻ ജെഷൂൺ

തീ എടുത്ത തണൽ

വീട്ടിൽ പ്രവർത്തിച്ചിരുന്ന നിർമാണ യൂണിറ്റ് തിരക്കു വർധിച്ചതോടെ മറ്റൊരിടത്തേക്കു മാറ്റാൻ തീരുമാനമായി. സിഎഫ്എൽ ബൾബുകളുടെ നിർമാണയൂണിറ്റും ഇതോടൊപ്പം ആരംഭിക്കാനായിരുന്നു പദ്ധതി. ലോൺ നൽകാമെന്നേറ്റ ബാങ്ക് അവസാന നിമിഷം പിന്മാറിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പുതിയ യൂണിറ്റിലേക്കുള്ള മാറ്റം. എന്നാൽ ഉദ്ഘാടനത്തിന് ഒരാഴ്ച മുൻപ് കാത്തുവച്ചിരുന്ന ആദ്യ പ്രഹരം വിധി ജോൺസണു നൽകി.യൂണിറ്റിനായി നിർമിച്ച കെട്ടിടവും ഉപകരണങ്ങളുമെല്ലാം തീപിടിത്തത്തിൽ കത്തി നശിച്ചു എന്ന വാർത്തയാണ് ഒരു ദിവസം ജോൺസണെ ഉറക്കമുണർത്തിയത്. അതുവരെ സമ്പാദിച്ചതും കടം വാങ്ങിയതു ചേർത്തൊരുക്കിയ സ്വപ്നം ചാരം മാത്രമായി മാറി.

ഈ പ്രതിസന്ധിഘട്ടത്തിലെല്ലാം ജോൺസണ് തണലായി ഒപ്പമുണ്ടായിരുന്നത് അമ്മയാണ്. ജോൺസന്റെ മുറിയിൽ തന്നെയായിരുന്നു അമ്മയും ഉറങ്ങിയിരുന്നത്. ആയിടയ്ക്ക് ഒരു രാത്രി ഉറക്കത്തിൽ നിന്നു ഞെട്ടിയുണർന്ന ജോൺസൺ വിളിച്ചെങ്കിലും അമ്മ വിളി കേട്ടില്ല. ആ കൈകൾ നിശ്ചലമായിരുന്നു. വിധിയുടെ രണ്ടാം പ്രഹരം.

പ്രകാശമായി ഉഷ

നിരാശയുടെയും തകർച്ചയുടെയും കാലമായിരുന്നു അത്. സിഎഫ്എൽ എമർജൻസി ലാംപുകൾ നിർമിച്ചു വിൽപന തുടങ്ങിയിരുന്നെങ്കിലും നിർമാണത്തിലും വിപണനത്തിലുമെല്ലാം ഓരോ ദിവസവും പുതിയ പുതിയ പ്രശ്നങ്ങൾ. ഒന്നു മനസ്സുതുറക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ. ഒരു കൂട്ടു വേണം എന്ന ചിന്ത. സ്ഥാപനത്തിൽ ട്രെയിനിയായിരുന്ന ഉഷയ്ക്ക് മുന്നോട്ടുള്ള ജീവിതത്തിൽ ഒപ്പമുണ്ടാകാൻ കഴിയും എന്നു ജോൺസണു തോന്നിയത് അക്കാലത്താണ്.

ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും ഉഷയോട് നേരിട്ടു തന്നെ പറഞ്ഞു. ജോൺസനെ അടുത്തറിയാമായിരുന്ന ഉഷയ്ക്ക് അമ്മയോട് മാത്രമേ സമ്മതം ചോദിക്കാൻ ഉണ്ടായിരുന്നുള്ളു. വിവാഹം കഴിക്കാൻ ജോൺസണും ഉഷയും തീരുമാനിച്ചെങ്കിലും എല്ലായിടത്തും എതിർപ്പായിരുന്നു. ഒടുവിൽ പൊലീസ് സംരക്ഷണത്തോടെ പള്ളിയിൽ വച്ച് വിവാഹം നടത്തി. അമ്മ നൽകിയ തണലിനു പകരമായും കരുത്തായും ആ യാത്ര ഇന്നും തുടരുന്നു. കൂട്ടായി രണ്ട് ആൺമക്കളും അവർക്ക് ഒപ്പമുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ ജെയൂണും പ്ലസ് വൺ വിദ്യാർഥി ജെഷൂണും.

വെളിച്ചം എന്ന വിപ്ലവം

സാങ്കേതിക വിദ്യയിൽ വന്ന മാറ്റങ്ങൾക്കനുസരിച്ച് ചോക്കും സ്റ്റെബിലൈസറുമെല്ലാം വിപണിയിൽനിന്ന് അപ്രത്യക്ഷമായിത്തുടങ്ങിയ കാലത്താണ് സിഎഫ്‌എൽ ബൾബുകൾ ഉപയോഗിച്ചുള്ള ഉൽപന്നങ്ങളിൽ ജോൺസൻ സജീവമായത്. എന്നാൽ സിഎഫ്എൽ ഉൽപന്നങ്ങളിൽ സജീവമായപ്പോഴാണ് അതു സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും ജോൺസൺ മനസിലാക്കിയത്. അതോടെ, ബദൽ വഴികളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. വീട്ടിലെ റേഡിയോയിലെ പച്ചവെളിച്ചം മനസ്സിലേക്ക് എത്തിയത് അപ്പോഴാണ്. എൽഇഡി ബൾബുകളെ പ്രകാശത്തിന് ഉപയോഗിക്കാനുള്ള പരീക്ഷണങ്ങളായി പിന്നീട്.

വിജയകരമായി നിർമിച്ച എൽഇഡി ബൾബുകളുമായി പത്രസമ്മേളനം നടത്തിയെങ്കിലും വാണിജ്യ അടിസ്ഥാനത്തിലുള്ള നിർമാണത്തിനു പിന്തുണ ലഭിച്ചില്ല. എൽഇഡി ബൾബ് എന്ന ആശയത്തെക്കുറിച്ച് ആരും ചിന്തിക്കുക പോലും ചെയ്യാതിരുന്ന 2004ൽ ആയിരുന്നു ജോൺസന്റെ ഈ പരീക്ഷണം. നിർമാണയൂണിറ്റിനുള്ള അനുമതി പഞ്ചായത്ത് നിഷേധിച്ചെങ്കിലും ഹൈക്കോടതിയിൽ കേസ് നൽകി അതു വാങ്ങിയെടുത്തു. എം ടെക് ഇലക്ട്രോ ഡിജിറ്റൽ ഇൻഡസ്ട്രി എന്ന പേരിലാണ് ഇപ്പോൾ ജോൺസന്റെ സ്ഥാപനം പ്രവർത്തിക്കുന്നത്. എൽഇഡി ഉൽപന്നങ്ങൾ, സോളർ പാനലുകൾ, വിളക്കുകൾ എന്നിവയാണ് നിർമിക്കുന്നത്. ഒപ്പം വിദ്യാർഥികൾക്ക് പരിശീലനവും നൽകുന്നു.

വനിതാ സംരംഭകർക്ക് ഉൽപന്നങ്ങൾ നിർമിക്കാൻ 5 യൂണിറ്റുകൾ സജ്ജീകരിച്ചു. ഈ മാതൃകയിൽ 500 യൂണിറ്റുകൾ തയാറാക്കണം എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. തന്റെ ഉൽപന്നങ്ങൾക്കൊന്നും പേറ്റന്റ് എടുക്കാത്ത ജോൺസൺ വലിയ സ്വപ്നങ്ങൾക്കു പിറകെയുള്ള യാത്രയിലാണ് ഇപ്പോൾ. ഒപ്പം ഇതുവരെ വന്നതിനൊക്കെ മുകളിലുള്ള ചില കണ്ടുപിടിത്തങ്ങൾ ഇനിയും വരാനുണ്ടെന്നുള്ള ആത്മവിശ്വാസവും.

English Summary: Life Story of MA Johnson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com