ADVERTISEMENT

ഒരു നാടിന്റെ ആഘോഷത്തിനാകെ പൊട്ടിത്തെറിയോടെ തീപിടിച്ചതിന്റെ, നിലവിളികൾ തീക്കാറ്റുപോലെ പടർന്നതിന്റെ 5 വർഷങ്ങൾ. ഓർമയിൽ ഇനിയും തീവ്രത കുറയാത്ത മുഴക്കമാണ് പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തം. ആകാശത്തു വിസ്മയം തീർക്കാൻ കുതിച്ച അമിട്ട് പകുതി പൊട്ടി താഴേക്കു വന്നു നിലത്തിരുന്ന അമിട്ടുകളിൽ വീണ് ആളിയപ്പോൾ ഉയർന്നതു മരണത്തിന്റെ ഗന്ധം. കമ്പപ്പുരയിലെ കരിമരുന്നിലെല്ലാം ആ തീ പാഞ്ഞു കയറി. അരനിമിഷം മുൻപു വെടിക്കെട്ടിന്റെ വർണവെളിച്ചത്തിൽ ആവേശം കൊണ്ട ജനത്തിലേറെയും നിമിഷങ്ങൾക്കകം കത്തിക്കരിഞ്ഞു.

വെടിക്കെട്ടിനിടെ താഴേക്കു വീണ അമിട്ടിൽ നിന്നു തെറിച്ച തീപ്പൊരികളുമായി കമ്പക്കാരൻ വെടിക്കെട്ടു ശാലയിലേക്ക് ഓടിക്കയറുന്ന കാഴ്ച സമൂഹ മാധ്യമങ്ങളിൽ ആളിപ്പടർന്നിരുന്നു. അതായിരുന്നു വലിയൊരു ദുരന്തത്തിനു വഴിവച്ചത്. തിരുവനന്തപുരം കഴക്കൂട്ടം ആനൂർ വീട്ടിൽ എം. കണ്ണനായിരുന്നു അത്. മരിച്ച്, ഉയിർത്ത ആ രാത്രിയെക്കുറിച്ച് കണ്ണൻ പറയുന്നു, കണ്ണുനിറഞ്ഞു കൊണ്ട്....

ഹൃദയം വിറയ്ക്കുന്ന 2016 ഏപ്രിൽ 10

വൈകിട്ടു കമ്പം കാണാൻ പുറ്റിങ്ങൽ പോകണമെന്നേ കരുതിയിരുന്നുള്ളൂ. തലേന്നു രാവിലെ വെടിക്കെട്ട് ആശാൻ കഴക്കൂട്ടം സുരേന്ദ്രന്റെ വിളി. മൽസരക്കമ്പത്തിനു സഹായിയായി കൂടണം. ഹൃദ്രോഗിയായ അമ്മയ്ക്കു മരുന്നു വാങ്ങാൻ പണം തേടുമ്പോഴാണ് ആശാൻ ജോലിക്കു വിളിച്ചത്. മടങ്ങുമ്പോൾ മരുന്നു വാങ്ങാനുള്ള കുറിപ്പടി പോക്കറ്റിലിട്ടു പുറപ്പെട്ടു.

‘‘വൈകിട്ടു 4നു ഞങ്ങൾ ക്ഷേത്രമൈതാനത്ത് എത്തി. കോരിച്ചൊരിയുന്ന മഴ. പടക്കങ്ങൾ സൂക്ഷിക്കുന്ന കമ്പപ്പുരയുടെ പന്തൽ തുറസ്സായ സ്‌ഥലത്താണ്. ചുമരും മേൽക്കൂരയുമൊക്കെ കോൺക്രീറ്റ്. ഹാളിന്റെ ഒരറ്റത്തെ ഇടുങ്ങിയ മുറിയിലാണ് അമിട്ടുകൾ വച്ചിരിക്കുന്നത്. ഡയാലിസിസിന്റെ അവശതകൾ ഉള്ളതിനാൽ ആശാൻ കമ്പപ്പുരയുടെ വരാന്തയിൽ ഇരുന്നു സകലതും നിയന്ത്രിക്കും.

പുറ്റിങ്ങൽ വെടിക്കെട്ട് പ്രശസ്തമായതിനാൽ കാഴ്ചക്കാരായി ആയിരങ്ങൾ എത്തി. മത്സരക്കമ്പമാണ്. അവധി ദിവസവും. ആകാശാദ്ഭുതം കാണാൻ വലിയ തിരക്ക്. രാത്രി 11.55ന് എതിർ ടീമിലെ വെടിക്കെട്ട് ആശാൻ വർക്കല കൃഷ്ണൻകുട്ടി ശ്രീകോവിലിൽ പോയി ദീപം സ്വീകരിച്ചു. ആ സമയത്തെല്ലാം അമിട്ടു നിറയ്ക്കാനുള്ള ഇരുമ്പു കുഴലുകൾ സ്ഥാപിക്കാൻ കുഴിയെടുക്കുകയായിരുന്നു ഞാൻ. ഞങ്ങളുടെ ഭാഗത്തുനിന്ന് ആരാണു ദീപം സ്വീകരിക്കാൻ പോയതെന്ന് അറിയില്ല. ക്ഷേത്രത്തിനു ചുറ്റും കെട്ടിയ മാലപ്പടക്കങ്ങളിലാണ് ആദ്യം തീ പകർന്നത്. പതിവിൽനിന്നു വ്യത്യസ്തമായി മാലപ്പടക്കത്തിനൊപ്പം അമിട്ടുകളും കെട്ടിയിരുന്നു. അവ പൊട്ടിയപ്പോൾ തന്നെ വലിയ പ്രകമ്പനം ഉണ്ടായി.

10 മിനിറ്റു കൊണ്ടു മാലപ്പടക്കങ്ങൾ പൊട്ടിത്തീർന്നു. അഗ്നിശമന സേന വെള്ളം തളിച്ചശേഷം ക്ഷേത്രത്തിനു മുന്നിലെ വെടിക്കെട്ടുൽസവത്തിനു വട്ടിക്കെട്ടു പടക്കങ്ങൾ പൊട്ടിച്ചു തുടക്കമിട്ടു. ഒരു മണിക്കൂർ വേണ്ടി വന്നു അത് അവസാനിക്കാൻ. പിന്നാലെയാണ് അമിട്ടുകളുടെ വർണപ്രപഞ്ചം വിരിഞ്ഞത്. മണ്ണിൽ കുഴിച്ചു നിർത്തിയിരുന്ന ഇരുമ്പു കുഴലുകളിൽ അമിട്ടുകൾ നിറച്ചു. തെക്കേ കമ്പപ്പുരയിൽ ശേഖരിച്ചിരുന്ന അമിട്ടുകൾ നിരനിരയായി നിന്ന ആൾക്കാർ കൈമാറി ഇരുമ്പു കുഴലുകൾക്കടുത്ത് എത്തിച്ചു കൊണ്ടിരുന്നു. ആശാന്മാരും സഹായികളും അവ നിറച്ചു. നെഹ്റു ടോഫി വള്ളം കളിയുടെ ദൃക്സാക്ഷി വിവരണത്തെക്കാൾ ആവേശത്തിൽ ഓരോ അമിട്ടും വിരിയുമ്പോൾ തത്സമയ വിവരണം.

ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. കമ്പപ്പുരയുടെ ഭാഗത്തേക്കു പോകരുതെന്നു പലതവണ ഉച്ചഭാഷിണിയിലൂടെ അഭ്യർഥിച്ചെങ്കിലും ആൾക്കൂട്ടത്തിന്റെ ആവേശം കുറഞ്ഞില്ല. ഇരുളിൽ തീപ്പൊരികൾ മാരിവില്ലാകുന്ന കാഴ്ച കാണാൻ ജനം തിരക്കുകൂട്ടി. രാത്രി ഒന്നിനാണ് ആദ്യത്തെ അപകടം ഉണ്ടായത്. അമിട്ടു നിറച്ച ഇരുമ്പു പൈപ്പ് ചെരിഞ്ഞു. അമിട്ട് അതിനുള്ളിലിരുന്നു പൊട്ടി. ചീളുകൾ തെറിച്ചു രണ്ടുപേർക്കു പരുക്കേറ്റു. സാധാരണമല്ലാത്ത സംഭവമായതിനാൽ പൊലീസ് ഇടപെട്ടു. പട്ടാളത്തിന്റേതു പോലത്തെ തൊപ്പിവച്ച പൊലീസ് ഉദ്യോഗസ്ഥൻ കമ്പമേളം നിർത്തണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങൾ നിർത്താമെന്നു സമ്മതിച്ചെങ്കിലും ചുറ്റുമുള്ളവർ ബഹളം വച്ചു. ഇതൊക്കെ കമ്പമേളത്തിൽ സാധാരണയാണെന്ന് അവർ വാദിച്ചപ്പോൾ പൊലീസ് പിൻമാറി. അന്നു പൊലീസിന്റെ വാക്ക് കേട്ടിരുന്നെങ്കിൽ...

ജീവിതം മാറ്റിമറിച്ച മണിക്കൂറുകൾ

‘‘തുടക്കത്തിൽ കമ്പപ്പുരയ്ക്കുള്ളിൽ പടക്കങ്ങൾ എടുത്തു നൽകാനാണ് എന്നെ നിർത്തിയത്. ഞാൻ നൽകുന്ന പടക്കങ്ങൾ മറ്റൊരാൾ കമ്പത്തറയിലേക്കു കൊണ്ടുപോയി കൊടുക്കും. ‌കമ്പപ്പുരയ്ക്കുള്ളിൽ കൂരിരുട്ടാണ്. ചെറിയ വെളിച്ചം പോലും തീപ്പൊരിയുണ്ടാക്കാൻ സാധ്യത ഉള്ളതിനാൽ ലൈറ്റ് ഇടില്ല. മൊബൈലിന്റെ ഇത്തിരി വെട്ടത്തിൽ അമിട്ടുകൾ തിരഞ്ഞു കണ്ടു പിടിക്കണം. വെളുപ്പിനു 3 മണി ആയിട്ടുണ്ടാകണം. അമ്പലത്തിൽ ജോലിക്കു പോകാനായി തലേന്നു വെളുപ്പിനെ എണീറ്റതാണ്. കണ്ണുകൾ അടഞ്ഞു തുടങ്ങി. കുറച്ച് അമിട്ടുകൾ കൂടിയേ പൊട്ടിക്കാനുള്ളൂ.

എങ്ങനെയോ ഞാൻ എടുത്തു കൊടുത്ത പടക്കം മാറിപ്പോയി. ഇതു കണ്ടുപിടിച്ച ആശാൻ എന്റെ ജോലി മാറ്റി. പുറത്തേക്ക് അമിട്ടുകൾ എത്തിക്കാൻ അയച്ചു. ചാക്കുകളിൽ നിറച്ച പടക്കങ്ങൾ നെഞ്ചോടു ചേർത്തു ഞാൻ നടന്നു. ആകാശത്തേക്ക് ഉയർത്തിവിട്ട സൂര്യകാന്തി അമിട്ട് തിരികെ തീപ്പൊരിയായി താഴേക്കു വരുന്നു. പെട്ടെന്ന് എതിർകമ്പക്കാരുടെ മുകളിലേക്കുയർന്ന അമിട്ട് ചീറ്റി താഴേക്കു പതിക്കുകയും നിലത്തു വീണു പൊട്ടിച്ചിതറുകയും ചെയ്തു. ഉരുളക്കിഴങ്ങിന്റെ വലുപ്പത്തിലൊരു തീക്കട്ട എന്റെ ദേഹത്തു വീണു. പൊള്ളലിന്റെ വേദനയിൽ ഒരു നിമിഷം ഞാൻ സ്തംഭിച്ചുപോയി. ‘വേഗം തിരിച്ചുവാടാ...’ എന്ന ആശാന്റെ അലർച്ചയിൽ തിരികെ കമ്പശാലയിലേക്ക് ഓടി. നെഞ്ചോടു ചേർത്ത അമിട്ടുകളിൽ തീപ്പൊരി വീണതു ഞാൻ അറിഞ്ഞില്ല. ഓടിച്ചെന്നു കയ്യിലിരുന്ന പടക്കങ്ങൾ ഞാൻ മറ്റൊരു സഹായിക്കു കൈമാറി.

പൊള്ളലുകൾ നീറുന്നുണ്ടായിരുന്നു. അവ നോക്കുമ്പോൾ തന്നെ വലിയ ശബ്ദത്തോടെ ആ പടക്കങ്ങൾ പൊട്ടി. ശക്തമായി ആഞ്ഞടിക്കുന്നതു പോലെ പുറത്തു വേദന അനുഭവപ്പെട്ടു. ആ നിമിഷം ഞാൻ എതിർവശത്തേക്കു തെറിച്ചു വീണു. ചുറ്റും കരിയും പുകയും. പുറത്തു തൊട്ടു നോക്കിയപ്പോൾ മെഴുകു പോലെ എന്തോ കയ്യിൽ പുരണ്ടു. വേദന കൊണ്ടു ഞാൻ പുളഞ്ഞു. എന്നാൽ, അതൊരു തുടക്കം മാത്രമായിരുന്നു. കമ്പപ്പുരയ്ക്കു തീ പിടിച്ച് ആ ‘വലിയ അപകടം’ നടന്നത് അതിനു ശേഷമാണ്. തലയുയർത്തി ഒന്നു ശ്വാസം വലിച്ചുവിട്ട ഇടവേളയിൽ വലിയൊരു തീ വന്ന് എന്നെ വിഴുങ്ങി.

puttingal-fire-accident-kannan
ദേഹത്തെ പൊള്ളലേറ്റ പാടുകൾ ചൂണ്ടിക്കാട്ടുന്ന കണ്ണൻ.

അനിയനെ തേടി അലഞ്ഞ രാത്രി

‘‘ഉച്ചയ്ക്ക് അമ്മയ്ക്കു മരുന്നു വാങ്ങാനുള്ള ചീട്ടും കൊണ്ടു വീട്ടീന്ന് ഇറങ്ങിയതാ കണ്ണൻ. അവിടെന്തോ വലിയ അപകടം നടന്നെന്നു കേട്ടു. അവനെ വിളിച്ചിട്ടാണേൽ കിട്ടുന്നുമില്ല. അവനും മരിച്ചെന്നു ടിവിയിൽ കാണിക്കുന്നുണ്ട്. വാക്കുകൾ നിലച്ച് അമ്മ ബോധം കെട്ടു വീണു. വീട്ടിലേക്ക് ആളുകൾ ഒഴുകി. കുറച്ചു കഴിഞ്ഞു പൊലീസ് വിളിച്ചു. ‘വെടിക്കെട്ടപകടത്തിൽ കണ്ണനോടു സാദൃശ്യമുള്ളയാളെ കിട്ടിയിട്ടുണ്ട്. ശരീരം തിരിച്ചറിയാൻ ഉടൻ എത്തണം’. ഓടിപ്പിടിച്ചു ചെന്നപ്പോൾ മോർച്ചറി വരാന്തയിൽ കത്തിക്കരിഞ്ഞ ശരീരങ്ങൾ നിരത്തിയിട്ടിരിക്കുന്നു. അതിനിടയിൽ ഞങ്ങളുടെ കണ്ണനും...’’ ആ രാത്രിയെ കണ്ണന്റെ ജ്യേഷ്ഠൻ മണികണ്ഠൻ ഓർക്കുന്നത് ഇങ്ങനെയാണ്.
അവിടെ ആകെ വെന്ത ശരീരങ്ങളുടെ ഗന്ധമായിരുന്നു. ശ്വസിച്ചപ്പോൾ വയറ്റിൽനിന്നു തികട്ടി വന്നു. കണ്ണന്റെ മുഖം ആകെ പൊള്ളി നാശമായിരുന്നു. വീട്ടിൽ അവനു പന്തൽ ഒരുങ്ങി. എന്തൊക്കെയോ അവനോടു പറയാനുണ്ടായിരുന്നു. എല്ലാം പാതിവഴിയിലാക്കി അവൻ പോയല്ലോ എന്ന വേദനയോടെ ഞങ്ങൾ ശരീരം ഏറ്റു വാങ്ങാൻ നിന്നു.

ബന്ധുക്കൾക്കു ശരീരം വിട്ടുനൽകുന്നതിനു മുന്നോടിയായി പരിശോധിക്കാൻ എത്തിയവരുടെ കൂട്ടത്തിലെ നഴ്സ് ആണ് കണ്ണന്റെ ശരീരത്തിൽ നിന്നു രക്തമൊഴുക്കു നിലച്ചിട്ടില്ലെന്ന് ആദ്യം മനസ്സിലാക്കിയത്. സംശയം തോന്നി അവർ വീണ്ടും പരിശോധിച്ചപ്പോൾ ഞരമ്പുകളിൽ ചെറിയ അനക്കമുണ്ടെന്നറിഞ്ഞു. ഡോക്ടർമാരെ അറിയിച്ചു. അവിടെ നിന്നു നേരെ ഐസിയുവിൽ പ്രവേശിപ്പിച്ചു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ശരീരം പലയിടത്തും വെന്തുപോയിരുന്നു. കോൺക്രീറ്റ് പാളികളും കമ്പികളും തുളഞ്ഞു കയറിയ ശരീരത്തിൽ പലയിടത്തും കുഴികൾ.

കരിപുരണ്ട ഓർമകൾ

കണ്ണന്റെ ഓർമകൾ ആശുപത്രി മുറിയിൽനിന്നു തുടരുന്നു: ‘‘കണ്ണു തുറന്നപ്പോൾ ഞാൻ തീവ്ര പരിചരണ വിഭാഗത്തിലാണ്. 5 ദിവസമായി ഇവിടെ കിടക്കുകയാണെന്ന് അനിയൻ പറഞ്ഞു. ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. ആകെ മരവിപ്പ്. അന്ന് എന്തു സംഭവിച്ചു എന്നു ചോദിച്ചപ്പോൾ എനിക്കു മാത്രമേ പരുക്കു പറ്റിയുള്ളൂ എന്നാണു പറഞ്ഞത്. ആ ആശ്വാസത്തിൽ ദിവസങ്ങൾ പോയി. ആശാൻ കാണാൻ വരാത്തത് എന്നോടുള്ള ദേഷ്യം കൊണ്ടാകാമെന്നു കരുതി. തീവ്ര പരിചരണ വിഭാഗത്തിൽനിന്നു വാർഡിലേക്കു മാറ്റിയ ദിവസം പൊലീസ് ചോദ്യം ചെയ്യാനെത്തി. എനിക്കു പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പക്ഷേ, മരിച്ചവരുടെ എണ്ണം പറഞ്ഞപ്പോൾ താങ്ങാനായില്ല.

പൊട്ടിക്കരയുന്നതിനിടെ അവർ വീണ്ടും പറഞ്ഞു: വെടിക്കെട്ട് അപകടത്തിൽ പ്രതിയാണ് നിങ്ങൾ. ഉത്സവത്തിനു വന്ന ആരോ പകർത്തിയ വിഡിയോ പൊലീസിന്റെ കയ്യിലുണ്ട്. ഞാൻ തീപിടിച്ച അമിട്ടുമായി ഓടുന്നത് അതിൽ വ്യക്തമാണ്. ഞാൻ പടക്കങ്ങൾ കൈമാറിയതു കമ്പപ്പുരയുടെ പടി കയറുന്നതിന്റെ വശത്തു നിന്നായിരുന്നു. പടക്കമിരിക്കുന്ന മുറിയുടെ വാതിൽ മറുവശത്താണ്. പൊട്ടിയാലും വാതിൽ വരെയേ എത്തൂ എന്ന യാഥാർഥ്യം പലതവണ ചോദ്യം ചെയ്തു കഴിഞ്ഞപ്പോൾ പൊലീസുകാർക്കു ബോധ്യപ്പെട്ടു. അതോടെ കേസിൽ ഞാൻ സാക്ഷിയായി.

കേസ് അന്വേഷിച്ച കമ്മിഷൻ രണ്ടു തവണ വിളിപ്പിച്ചു. അവർക്കു മുന്നിലും ഈ കാര്യങ്ങൾ ബോധിപ്പിച്ചു. ആദ്യം വിളിച്ചതു കേന്ദ്രത്തിന്റെ കമ്മിഷൻ ആയിരുന്നു. കൊല്ലത്തു നടന്ന വിചാരണയിൽ പ്രതി സ്ഥാനത്താണ് എന്നാണു പറഞ്ഞത്. ജസ്റ്റിസ് പി.എസ്. ഗോപിനാഥ് കമ്മിഷനു മുന്നിലെത്തിയപ്പോൾ സാക്ഷി പറയാനാണു വിളിപ്പിച്ചതെന്ന് അറിഞ്ഞു.

കാലം അവശേഷിപ്പിച്ച ജീവിതം

ദുരന്തം നടന്നിട്ട് 5 വർഷം തികഞ്ഞു. വിചാരണയ്ക്കു കൊല്ലത്തു പ്രത്യേക കോടതി അനുവദിക്കാൻ ഹൈക്കോടതി നടപടി തുടങ്ങി. ദുരന്തത്തെ കൺമുന്നിൽ കണ്ട കണ്ണൻ ഒന്നര വർഷം മരണത്തോടു മല്ലിട്ടു ജീവിതത്തിലേക്കു വന്നു. ഉടലിൽ പല ഭാഗത്തെയും മാംസം ചിതറിപ്പോയി. വെന്ത മാംസം പൂർണമായി ഉണങ്ങാത്തതിനാൽ ഇന്നും വേദന തിന്നുന്നു.

ഒരു മാസം മുൻപാണ് കണ്ണൻ വീണ്ടും ചെരിപ്പിട്ടു തുടങ്ങിയത്. ഇങ്ങനെയൊക്കെ ആയതിനാൽ വിവാഹം നടന്നില്ല. കമ്പ പ്രേമിയായിരുന്ന കണ്ണന്റെ വീട്ടിൽ ഇപ്പോൾ ദീപാവലിക്കു പോലും പടക്കം പൊട്ടിക്കാറില്ല. ആ ദിവസങ്ങളിൽ കണ്ണൻ മുറിയിൽ കയറി വാതിലടയ്ക്കും. പുറ്റിങ്ങലിൽ മരിച്ച പലരും സ്ഥിരമായി രാത്രി ഉറക്കം കെടുത്താറുണ്ടെന്നു കണ്ണൻ പറയുന്നു.

ദുരന്തത്തിൽ പരുക്കേറ്റ, ക്ഷേത്രവുമായി ബന്ധപ്പെട്ടവരെ സഹായിക്കുമെന്ന് അപകടം നടന്ന് ഏതാനും മാസത്തിനുള്ളിൽ അന്നത്തെ ദേവസ്വം പ്രസിഡന്റ് പറഞ്ഞിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർ‌ഡും സഹായങ്ങൾ വാഗ്ദാനം ചെയ്തു. അതു പ്രകാരം 2017 മുതൽ സഹായത്തിനായി അലയുന്നു. അന്നത്തെ ദേവസ്വം മന്ത്രി മുതൽ സകല ഉദ്യോഗസ്ഥരെയും മാറിമാറി കണ്ടു. വാക്കുകൾ പാലിക്കപ്പെട്ടില്ല. ദേവസ്വം ബോർഡ് അംഗമായിരുന്ന കെ.രാഘവൻ മാനുഷിക പരിഗണനയിൽ കണ്ണനു ജോലി നൽകാമെന്ന് ഉത്തരവ് ഇറക്കി. സംസ്ഥാന സർക്കാരിൽ നിന്നു 2 ലക്ഷം രൂപ ലഭിച്ചു. കേന്ദ്ര സർക്കാർ സൗജന്യ ചികിത്സയും 50,000 രൂപയും നൽകി. സന്നദ്ധ സംഘടനകളും സഹായിച്ചു.

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കഴക്കൂട്ടം ആലുമ്മൂട് ഭഗവതി ക്ഷേത്രത്തിൽ ജോലിക്കു പോയിരുന്നു. ജീവിതത്തിൽ ദാരിദ്ര്യമേയുള്ളൂ. വിശപ്പിൽ ആളുന്ന വയറാണു കുട്ടിക്കാലത്തിന്റെ ഏക ഓർമ. ഇന്നും ആ ദാരിദ്ര്യം കൂടെയുണ്ട്. തരാമെന്നു പറഞ്ഞ ജോലിക്കായി ഉണങ്ങാത്ത കാലും വച്ച് ഞാൻ നടന്ന ദൂരം ചെറുതല്ല. വാടകവീട്ടിൽ എത്ര നാൾ എന്നറിയില്ല. ഇരുളിൽ ആകാശത്തു സൂര്യകാന്തി വിരിയിക്കാൻ ഇറങ്ങിയ കണ്ണന്റെ മനസ്സ് വെളിച്ചത്തിൽ കരിഞ്ഞു വീണ പൂവ് പോലെയാണിന്ന്.

പുറ്റിങ്ങൽ; ജീവനുള്ള ഓർമ

2016 ഏപ്രിൽ 10 പുലർച്ചെ 03.11ന് ആണ് ലോകത്തെ നടുക്കിയ കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തം നടന്നത്. പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവവുമായി ബന്ധപ്പെട്ടു നടത്തിയ വെടിക്കെട്ട് ഉത്സവം ഒരു കിലോമീറ്റർ അകലെ നിന്നവർ പോലും മരിച്ചു വീണു. 110 പേർ മരിച്ച ദുരന്തത്തിൽ 750 പേർക്കു ഗുരുതരമായി പരുക്കേറ്റു. കൈ, കാൽ, കണ്ണ് എന്നിവ നഷ്ടപ്പെട്ടവരാണ് ഏറെയും. 180 വീടുകൾ തകർന്നു. നൂറോളം കിണർ ഉപയോഗശൂന്യമായി. 92 കോടി രൂപയുടെ നാശനഷ്ടം വിലയിരുത്തി.

കേസിൽ 59 പ്രതികളും ആയിരത്തിലധികം സാക്ഷികളുമുണ്ട്. ഇത്രയേറെ സാക്ഷികളുള്ള കേസ് കേരളത്തിൽ ഇതാദ്യം. വെടിക്കെട്ടിനിടെ കോൺക്രീറ്റ് കമ്പപ്പുരയ്ക്കുള്ളിലെ പടക്ക സാമഗ്രികൾ കത്തിയുണ്ടായ അത്യുഗ്ര സ്ഫോടനത്തിൽ ചിതറിത്തെറിച്ച കോൺക്രീറ്റ് പാളികളും അതിലെ കമ്പികളുമാണു ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. ഉറങ്ങിക്കിടന്ന കേരളത്തിന്റെ നെഞ്ചിൽ തീഗോളമായി മാറിയ സംഭവത്തിന്റെ അഞ്ഞൂറോളം ജീവിക്കുന്ന രക്തസാക്ഷികൾ ഇപ്പോഴും കൊല്ലം ജില്ലയിലുണ്ട്.

Content Highlight: Puttingal fire accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com