ADVERTISEMENT

ഇറ്റാലിയൻ നൃത്തനാടക രൂപമായ ബേലെസ്കിന് അൽപം എരിവു കലർന്ന ആക്ഷേപഹാസ്യ സ്വഭാവമാണ്. സ്ത്രീശരീരത്തിന്റെ രാഷ്ട്രീയം നിറയുന്ന ചുവടുകളാണ് അതിലുള്ളത്. സിംഗപ്പൂരിൽ സ്വീകാര്യമായ കലയായ ബേലെസ്കിലെ യൂത്ത് ഐക്കണാണ് സുക്കി മേനോൻ എന്ന മലയാളി യുവതി. ഭൂരിപക്ഷം മലയാളികൾക്കും പരിചിതമല്ലാത്ത ബേലെസ്കിനെക്കുറിച്ചു സുക്കി മേനോൻ സംസാരിക്കുന്നു... 

ഹാസ്യവും പരിഹാസവും ചേർത്തെഴുതുന്ന സാമൂഹികവിമർശനമാണ് സാഹിത്യത്തിൽ ബേലെസ്ക്. ഇറ്റാലിയൻ നൃത്തനാടക രൂപമായ ബേലെസ്കിനു പക്ഷേ അൽപം എരിവു കലർന്ന ആക്ഷേപഹാസ്യ സ്വഭാവമാണ്, ഒപ്പം സ്ത്രീശരീരത്തിന്റെ രാഷ്ട്രീയം നിറയുന്ന ചുവടുകളും! പല ഏഷ്യൻ രാജ്യങ്ങളും ബേലെസ്ക് അംഗീകരിക്കാൻ മടികാണിച്ചപ്പോൾ ഒരു മലയാളി പെൺകൊടിക്കു മുന്നിൽ സിംഗപ്പുർ അധികൃതർ അടിയറവു പറഞ്ഞു. സിംഗപ്പൂരിൽ സ്വീകാര്യമായ കലയായി ബേലെസ്ക് ഇടംനേടിയപ്പോൾ, ആഗോള യൂത്ത് ഐക്കൺ എന്ന ബഹുമതിയോടെയാണ് സുക്കി മേനോൻ എന്ന മുപ്പത്തൊന്നുകാരിയെ ലോകം അംഗീകരിക്കുന്നത്.

അച്ഛൻ മലയാളി, അമ്മ ബ്രിട്ടിഷ്– ഇരുവരും ഡോക്ടർമാർ. മകൾക്കു കലയോടായിരുന്നു താൽപര്യം. വീട്ടിലെയും നാട്ടിലെയും എതിർപ്പുകളോടു പൊരുതിയാണ് സുക്കി മേനോൻ ‘സുക്കി സിംഗപ്പൂര’യായത്. യുകെയിലും സിംഗപ്പുരിലും മാറിമാറി താമസിക്കുന്ന സുക്കി, ഓരോ വർഷവും അവധിക്കാലത്ത് തൃശൂരിലേക്ക് ഓടിയെത്തുന്നു.

sukki
സുക്കി മേനോന്‍

ബേലെസ്ക് മലയാളികൾക്കു പരിചിതമായ കലയല്ല. എന്തുകൊണ്ടാണ് സുക്കി ഇതു തിരഞ്ഞെടുത്തത് ?

സിംഗപ്പൂരിൽ താമസിക്കുന്ന മലയാളി കുടുംബമാണ് എന്റേത്, അങ്ങേയറ്റം യാഥാസ്ഥിതികരും. അതേ കാരണം കൊണ്ടു തന്നെയാണ് ബേലെസ്ക്പോലുള്ള കലാരൂപത്തിലേക്ക് ഞാനെത്തിയത്. കുട്ടിക്കാലത്തു സ്ത്രീ ശരീരത്തെക്കുറിച്ചൊന്നും സംസാരിക്കാവുന്ന സാഹചര്യമായിരുന്നില്ല വീട്ടിൽ. കലയോടു താൽപര്യമുണ്ടായിരുന്നിട്ടും പരിശീലിക്കാനായില്ല. പകരം സയൻസ് പഠിക്കേണ്ടിവന്നു, ഒടുവിലെത്തിയത് ഐടി രംഗത്ത്. പക്ഷേ, സാവധാനമാണെങ്കിലും ഞാൻ കലയിൽ തന്നെയെത്തി. വിന്റേജ് ഫാഷനിലാണ് ഞാൻ ആദ്യം ആവിഷ്കാര സ്വാതന്ത്ര്യം കണ്ടെത്തിയത്. പിന്നീട് ബേലെസ്കിലെത്തി. വളരുന്ന കാലത്ത് എവിടെനിന്നൊക്കെയാണോ എന്നെ മാറ്റിനിർത്തിയത്– ഗ്ലാമർ, കല, നൃത്തം, സ്ത്രീശരീരം– എല്ലാം ബേലെസ്കിൽ കണ്ടെത്തി. അതിശയകരമായ, ബോൾഡായ കലയാണത്.  പ്രാദേശിക തിയറ്ററിൽ ആദ്യം അവസരം കിട്ടി, സ്വയം ബേലെസ്ക് പഠിച്ചു, ആ നിമിഷം മുതൽ ഞാനതിന്റെ ഭാഗമായി. പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.

യാഥാസ്ഥിതിക കുടുംബം, ഡോക്ടർമാരായ മാതാപിതാക്കൾ– ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം എത്രത്തോളം പ്രയാസകരമായിരുന്നു?

ഐടി രംഗത്തു ജോലിചെയ്യുമ്പോഴും എന്റെ വഴിയതല്ല, വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഏതൊരു ഉദ്യോഗത്തെയും പോലെ കലാരംഗവും ബഹുമാനിക്കപ്പെടേണ്ടതാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണം. ‘‘എനിക്കു ഡോക്ടറാകേണ്ട!’’ എന്നു പറയാനുള്ള ധൈര്യം ഉണ്ടാകണം. സ്വന്തം സ്വപ്നം സുസ്ഥിരമായ വരുമാനമാർഗമാക്കാമെന്ന് നിങ്ങൾ തന്നെ അവരെ കാണിച്ചുകൊടുക്കണം. ഒട്ടേറെ അവസരങ്ങളുണ്ട്, പ്രത്യേകിച്ചു സ്ത്രീകൾക്ക്. ലോകം മാറുകയാണ്, തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ, കഠിനാധ്വാനം ചെയ്യാൻ തയാറാണെങ്കിൽ എന്തും വിജയകരമായ ജോലിയാക്കി മാറ്റാം. സമൂഹത്തിന്റെ സങ്കുചിത മനോഭാവം തിരുത്താനും മറ്റുള്ളവർക്ക് പ്രചോദനമാകാനും എനിക്കു കഴിയുമെന്നു വിശ്വസിക്കുന്നു.

ബേലെസ്ക് വേഷങ്ങൾ ഞാൻ തന്നെയാണ് ഡിസൈൻ ചെയ്യുന്നത്. ഓരോ വസ്ത്രത്തിലും സാരിയുടെ ഒരുഭാഗമെങ്കിലും തുന്നിച്ചേർക്കും. ഇതുവഴി എന്റെ സാംസ്കാരിക പൈതൃകവും എന്റെ കലയും ഒരുമിക്കുന്നു.

ബേലെസ്ക് വിദേശ നൃത്തമാണ്. അതിൽ സുക്കിയുടെ ശൈലിയെന്താണ് ?

ഞാൻ ഈ രംഗത്തെത്തുമ്പോൾ മാതൃകയാക്കാൻ ഇരുണ്ടനിറക്കാരായ കലാകാരികൾ അധികമുണ്ടായിരുന്നില്ല. എന്റേതായ ശൈലിയിൽ ബേലെസ്ക് രൂപപ്പെടുത്തുകയായിരുന്നു. ഇന്ത്യൻ പാരമ്പര്യവും സിംഗപ്പുരിലെ വേരുകളും ഒരുപോലെ എന്റെ പ്രകടനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുക്കി സിംഗപ്പൂര എന്ന പേരിലാണ് ബേലെസ്ക് ചെയ്യുന്നത്. വേഷങ്ങൾ ഞാൻ തന്നെയാണ് ഡിസൈൻ ചെയ്യുന്നത്. ഓരോ വസ്ത്രത്തിലും സാരിയുടെ ഒരുഭാഗമെങ്കിലും തുന്നിച്ചേർക്കും. ഇതുവഴി എന്റെ സാംസ്കാരിക പൈതൃകവും എന്റെ കലയും ഒരുമിക്കുന്നു. മുടിയലങ്കാരങ്ങളാണ് മറ്റൊരു പ്രത്യേകത.

നാട്ടിൽ വസ്ത്രങ്ങളെന്ന പോലെ മുടിയുടെ കാര്യത്തിലും സമൂഹത്തിന്റേതായ നിഷ്കർഷകളുണ്ടല്ലോ. സ്ത്രീകൾക്ക് നീണ്ട മുടിയാണു ഭംഗി, മുടിയെങ്ങനെ കെട്ടിവയ്ക്കണം എന്നിങ്ങനെ. മുടിയുടെ കാര്യത്തിൽ റിബൽ ആകാനെനിക്ക് ഇഷ്ടമാണ്. മുടി മുറിച്ചിട്ടും ഇഷ്ടമുള്ള നിറങ്ങൾ നൽകിയും ഞാൻ എന്നെത്തന്നെ പ്രകടിപ്പിക്കുന്നു. വളരെയധികം കളർഫുള്ളായ വ്യക്തിയാണ് ഞാൻ. അതുകൊണ്ടു തന്നെ മുടിയിൽ നിറങ്ങൾ പരീക്ഷിക്കുമ്പോൾ, എന്റെ വ്യക്തിത്വം തലയിൽ തന്നെ തിളങ്ങുന്നതായി തോന്നുമെനിക്ക്. കഴിഞ്ഞ വർഷം എൽറ്റൺ ജോണിന്റെ ഓസ്കർ പാർട്ടിയിലെ മുടിയലങ്കാരമാണ് ഞാൻ തിരഞ്ഞെടുത്തത്. അന്ന് അഞ്ചു മീറ്റർ നീളമുള്ള റെയിൻബോ വിഗ് ധരിച്ചാണ് ബേലെസ്ക് ചെയ്തത്. 

ഒരു പ്രകടനത്തിനു മുൻപ് എത്രത്തോളം തയാറെടുപ്പു നടത്തേണ്ടിവരും?

ബേലെസ്കിനു പിന്നിൽ പല മേഖലയിലെ വൈദഗ്ധ്യം ആവശ്യമുണ്ട്. കോസ്റ്റ്യൂംസ് ഡിസൈൻ ചെയ്യണം, മ്യൂസിക് മിക്സ് ചെയ്യണം, കോറിയോഗ്രഫി ഒരുക്കണം, ബാക്ക് അപ് നർത്തകരെ പരിശീലിപ്പിക്കണം, ലൈറ്റിങ് എങ്ങനെ വേണമെന്നു നിശ്ചയിക്കണം, ഒപ്പം ഷോയ്ക്കു മുന്നോടിയായുള്ള പ്രമോഷൻ തിരക്കുകളും കൈകാര്യം ചെയ്യേണ്ടിവരും. വർഷങ്ങളുടെ ഒരുക്കങ്ങളും ഏറെനാളത്തെ റിഹേഴ്സലും നടത്തിയാണ് പലപ്പോഴും ഒരു പെർഫോമൻസ് വേദിയിലെത്തിക്കുന്നത്. ചെറിയ ആശയത്തിൽ നിന്ന് അല്ലെങ്കിൽ ഒരു പകൽ സ്വപ്നത്തിൽ നിന്ന്, ഏറെനാളത്തെ പതിവുകളിലേക്കു നീണ്ടാണ് ബേലെസ്ക് പിറവിയെടുക്കുന്നത്. പക്ഷേ, ഈ നീണ്ട തയാറെടുപ്പെല്ലാം വേദിയിലെ ഏതാനും നിമിഷങ്ങളിലേക്കു മാത്രമായിട്ടുള്ളതാകും.

സ്ത്രീകൾ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതു നിയന്ത്രിക്കപ്പെടുന്ന, കയ്യോ കാലോ അൽപം പുറത്തുകണ്ടാൽ അസ്സഹനീയത കാണിക്കുന്ന സമൂഹത്തിൽ നഗ്നതയുടെ രാഷ്ട്രീയം പറയുന്ന കലാകാരിയെന്ന നിലയിൽ എങ്ങനെയാണിതു നോക്കിക്കാണുന്നത് ?

മറ്റുള്ളവർ പറയുന്നതെന്ത് എന്നതു കേൾക്കാതെ സ്ത്രീകൾ കരുത്തരാകുകയാണു വേണ്ടത്. അതു പ്രയാസകരമായിരിക്കാം, ചിലപ്പോഴെങ്കിലും അപകടകരവുമായിരിക്കാം. പക്ഷേ, ഓരോ ചെറുത്തുനിൽപ്പും, അത് എത്ര തന്നെ ചെറുതായാലും പ്രധാനമാണ്. സ്ത്രീകളോട് എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നു പറയേണ്ടതില്ല. അത് അവരുടെ തിരഞ്ഞെടുപ്പാണ്. സ്ത്രീകളുടെ അവകാശം യഥാർഥത്തിൽ മനുഷ്യാവകാശം തന്നെയാണ്. 

sukki-burlesque
സുക്കി മേനോൻ

ബേലെസ്കിൽ തുടങ്ങി, നെറ്റ്ഫ്ലിക്സ് താരമായി, ബക്കിങ്ങാം കൊട്ടാരം വരെയെത്തിയ യാത്രയെക്കുറിച്ച് ?

2011ലാണ് മാഞ്ചസ്റ്ററിലെ പ്രാദേശിക തിയറ്ററിൽ നർത്തകിമാരിലൊരാളാകാൻ അവസരം ലഭിച്ചത്. പിന്നീട് ഒട്ടേറെ സോളോ പെർഫോമൻസ് വേദികൾ ലഭിച്ചു. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ബേലെസ്കിന് അംഗീകാരം നേടിയെടുക്കാൻ 4 വർഷത്തെ ക്യാംപെയിനാണ് നടത്തിയത്. 2015ൽ സിംഗപ്പുരിൽ ബേലെസ്ക് നടത്തുന്ന ആദ്യത്തെ സ്ത്രീയെന്ന പേരുനേടി. ബക്കിങ്ങാം കൊട്ടാരത്തിലെ വിരുന്നിലേക്കുള്ള ക്ഷണം, യുഎന്നിന്റെ ഹിഫോർഷി പുരസ്കാരം എന്നിവ ബർലെസ്കിനൊപ്പമെത്തിയതാണ്. 2019ൽ നെറ്റ്ഫ്ലിക്സ് ഷോ ‘സിംഗപ്പുർ സോഷ്യലി’ന്റെ ഭാഗമായത് ഏറെ ശ്രദ്ധനേടിയിരുന്നു.

കേരളത്തിലേക്കു വരുന്നതെപ്പോഴാണ് ?

കോവിഡിനു മുൻപാണ് ഞാൻ നാട്ടിലെത്തിയത്. തൃശൂരിലെ ചെറിയൊരു ഗ്രാമത്തിലാണ് എന്റെ കുടുംബവീട്. ദീപാവലിക്കാലത്തു നാട്ടിലെത്തുന്നത് ഞാനേറെ ആസ്വദിക്കുന്ന കാര്യമാണ്.  ഈ വർഷം തൃശൂരിലെത്താൻ ഏറെ ആഗ്രഹമുണ്ട്. കുടുംബത്തിലെ ഒത്തുചേരലുകൾ ഏറ്റവും പ്രധാനമാണെനിക്ക്. 

എന്തൊക്കെയാണ് ഭാവി പദ്ധതികൾ. ബോളിവുഡിലും മലയാള സിനിമയിലും എത്തുമോ ?

ഏതാനും നല്ല പ്രോജക്ടുകൾ ഉടനെ വരുന്നുണ്ട്. ബോളിവുഡിൽ പുതുമയുള്ള ചിലതു പ്രതീക്ഷിക്കാമെന്ന് ഞാനുറപ്പു പറയുന്നു. മലയാള സിനിമയുടെ ഭാഗമാകാൻ ഏറെ ആഗ്രഹമുണ്ട്. ജെല്ലിക്കെട്ടും അങ്കമാലി ഡയറീസും കുമ്പളങ്ങി നൈറ്റ്സും പോലുള്ള സിനിമകൾ ഏറെ ആസ്വദിച്ചു കണ്ടതാണ്. ജിയോ ബേബിയുടെ ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ മികച്ച ഫെമിനിസ്റ്റ് സിനിമയാണ്. ഫഹദ് ഫാസിലിന്റെ ‘ജോജി’ താരതമ്യമില്ലാത്ത സിനിമയാണ്; ഫഹദ് അസാമാന്യ നടനും.

English Summary: Burlesque dancer Sukki Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com