ADVERTISEMENT

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടും മുൻപ്, പാക്കിസ്ഥാൻ അടർന്നുമാറും മുൻപ്, ലോക സ്കൗട്ട് ആൻഡ് ഗൈഡ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ 165 അംഗ അവിഭക്ത ഇന്ത്യൻ സംഘത്തെ നയിച്ചത് ഒരു മലയാളിയായിരുന്നു– ജി.ടി.ജെ. തദേവൂസ്. മലയാളി അമരക്കാരനായ ആ യാത്രയുടെ കഥ ഇന്നും കോരിത്തരിപ്പിക്കും. മുംബൈയിൽനിന്ന് എസ്എസ് ഇലക്ട്രാന എന്ന ഇറ്റാലിയൻ യുദ്ധക്കപ്പലിൽ പുറപ്പെട്ട സംഘം തിരികെയെത്തിയപ്പോഴേക്കും ഇന്ത്യ വിഭജിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

ജി.ടി.ജെ. തദേവൂസ് 1947 ഓഗസ്റ്റിൽ ലണ്ടനിൽ വച്ചാണ് ആ വിവരമറിഞ്ഞത്: ഓഗസ്റ്റ് 14നും 15നും ഇടയിലുള്ള രാത്രി ഇന്ത്യയും പാക്കിസ്ഥാനും രണ്ടു രാജ്യങ്ങളാകാൻ പോകുന്നു. പാരിസിൽ ലോക സ്കൗട്ട് ആൻഡ് ഗൈഡ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ‘അവിഭക്ത’ ഇന്ത്യൻ കുട്ടിസംഘത്തിനു സ്കൗട്ട് ഫ്ലാഗിനൊപ്പം രണ്ടു പതാകകൾകൂടി ഉയർത്തേണ്ടിവരും!

പിന്നീട് ഇന്ത്യൻ ഹൈക്കമ്മിഷണറായിത്തീർന്ന വി.കെ.കൃഷ്ണമേനോൻ അന്നു ലണ്ടനിലുണ്ട്. അദ്ദേഹം തദേവൂസിനായി ഒരു ഇന്ത്യൻ പതാക കൊടുത്തയച്ചിട്ടുണ്ട്. പക്ഷേ, പാക്കിസ്ഥാൻ പതാക സംഘടിപ്പിക്കാൻ, ആ വൈകിയ വേളയിൽ എന്തുചെയ്യും? ഇന്ത്യൻ സ്കൗട്ട് സംഘനേതാവായ തദേവൂസ് ആലോചനയിൽ മുഴുകി.

റാവു ബഹാദൂർ ബഹുമതി നേടിയിട്ടുള്ള മലയാളി യൂറോപ്പിലെ സന്ദർഭത്തിനൊത്ത് ഉയർന്നു. മുൾട്ടാനിൽ നിന്നുള്ള ഖുർഷിദ് അബ്ബാസ് ഗർദേസിയും കറാച്ചിയിൽനിന്നുള്ള ഇഖ്ബാൽ ഖുറേഷിയും സംഘത്തിലുണ്ട്. പാക്കിസ്ഥാൻ പതാക തയാറാക്കാൻ തദേവൂസ് അവരെ ഏൽപിച്ചു. ഗർദേസി സ്വന്തം വെള്ളക്കുപ്പായം മുറിച്ചെടുത്തു. മുഷ്താഖ് ഹുസൈൻ എന്ന മറ്റൊരു സംഘാംഗത്തിന്റെ പച്ച ത്തലപ്പാവിൽ നിന്നുള്ള ഒരു കഷണവും ചീന്തിയെടുത്തു. ശ്രദ്ധയോടെ രണ്ടും കൂട്ടിത്തുന്നിയപ്പോൾ പാക്ക് പതാക തയാർ.

സ്കൗട്ട് സംഘത്തിന്റെ അന്നത്തെ പതാകയുയർത്തൽ ചടങ്ങ് ഗംഭീരമായതും ലോകശ്രദ്ധ നേടിയതും ഇന്നുമോർത്തു കോൾമയിർ കൊള്ളുന്ന ഒരാളുണ്ട്: നാടകകൃത്ത് രൺവീർസിങ്. ഇപ്പോൾ 93 വയസ്സുള്ള അദ്ദേഹം 1947ലെ ആ സ്കൗട്ട് സംഘത്തിലുണ്ടായിരുന്നു. സമ്മേളനം കഴിഞ്ഞു തിരികെ വന്ന സംഘത്തെ വരവേറ്റത് ഇന്ത്യയും പാക്കിസ്ഥാനുമായി വേർപെട്ട രാജ്യത്തെ കലാപവും കണ്ണീരുമാണെന്നും ജയ്പുരിൽ താമസിക്കുന്ന രൺവീർസിങ് മറന്നിട്ടില്ല.

ranveer
രൺവീർ സിങ്

പാരിസിൽ ഇന്ത്യൻ സംഘത്തിന്റെ അന്നത്തെ പതാക ഉയർത്തൽ ചടങ്ങ് വേറിട്ട കാഴ്ചയായിരുന്നു. ബിബിസിയും ഫ്രഞ്ച് റേഡിയോയും ആ അപൂർവാഘോഷം റെക്കോർഡ് ചെയ്തു. ഇന്ത്യൻ സ്കൗട്ട് സംഘത്തലവൻ തദേവൂസ് മറ്റൊരു മഹനീയ ആശയവും നടപ്പാക്കിയിരുന്നു. അജ്മേറുകാരൻ ദൻമാൽ മാഥുറിനെ പാക്ക് പതാക ഉയർത്താൻ ചുമതലപ്പെടുത്തി. കറാച്ചിക്കാരൻ ഇഖ്ബാൽ ഖുറേഷി ഇന്ത്യൻ പതാക ഉയർത്തി. സ്കൗട്ട് പതാകയുടെ ഇരുവശങ്ങളിലുമായിട്ടായിരുന്നു ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പതാകകൾ. എല്ലാവരും ജനഗണമനയും സാരേ ജഹാം സെ അഛായും പാടി. പാക്കിസ്ഥാൻ ദേശീയഗാനം അന്ന് എഴുതപ്പെട്ടിട്ടില്ല. കേക്കും വിഭവങ്ങളുമൊക്കെയായി സ്വാതന്ത്ര്യത്തിന്റെ ആഘോഷമാണ് പാരിസിൽ അന്നുനടന്നത്.

ഇംഗ്ലണ്ടിലെ സതാംപ്ടണിൽനിന്നു ബോംബെയിലേക്കുള്ള 15 ദിവസത്തെ മടക്കയാത്രയിലാണ്, അന്തരീക്ഷം ആകെ മാറിക്കഴിഞ്ഞെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടത്. കപ്പലിൽ ഭയപ്പെടുത്തുന്നൊരു നിശബ്ദത തളംകെട്ടി നിന്നു.

ഇന്ത്യാ വിഭജനം അസംഖ്യം ദുരന്തങ്ങളുടെ തുടക്കമായിരുന്നു. സൗഹൃദങ്ങൾ വീണ്ടെടുക്കാനാകാത്തവിധം മുറിഞ്ഞുപോയി. ഉറ്റമിത്രങ്ങൾ അപരിചതരെപ്പോലെ മുഖംതിരിച്ചു. കപ്പലിൽ കലഹം ഉണ്ടായാൽ ആളുകൾ പരസ്പരം കടലിൽ തള്ളിയിടുമോ എന്നുപോലും എല്ലാം നിരീക്ഷിക്കുകയായിരുന്ന തദേവൂസിനു തോന്നിപ്പോയി. തന്റെ സെക്രട്ടറി കൂടിയായിരുന്ന രൺവീർ സിങ്ങിനും മറ്റുചിലർക്കും അദ്ദേഹം നിർദേശങ്ങൾ നൽകി. കപ്പലിൽ സമാധാനം കാത്തുസൂക്ഷിക്കണം. ചെറിയൊരു പ്രശ്നംപോലും ഉണ്ടാകരുത്. ജാഗ്രത ഫലം കണ്ടു. മടക്കയാത്ര മംഗളമായി അവസാനിച്ചു. ബോംബെ തുറമുഖത്ത് അവർ കപ്പലിറങ്ങി.

gtj-flag
പാരിസിൽ ലോക സ്കൗട്ട് ആൻഡ് ഗൈഡ് സമ്മേളനത്തിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പതാകകൾ ഒരുമിച്ചുയർത്തിയപ്പോൾ. (ഫയൽ ചിത്രം)

പക്ഷേ, പുതിയ പ്രശ്നങ്ങളുടെ തുടക്കമായിരുന്നു അത്. ഇന്ത്യയിലും പാക്കിസ്ഥാനിലും ഹിന്ദു–മുസ്‌ലിം ലഹളകൾ ആളിക്കത്തുന്നതായി വിവരമെത്തി. തുറമുഖത്തെ ഉദ്യോഗസ്ഥർ ഓരോരുത്തരുടെയും പേരു ചോദിച്ചു. ഹിന്ദുവാണോ മുസ്‌ലിമാണോ എന്നു വ്യക്തമാക്കാൻ ആവശ്യപ്പെട്ടു.‘മുസ്‌ലിം കുട്ടികൾ കറാച്ചിയിലേക്കു പോകണം’: ഉദ്യോഗസ്ഥർ അറിയിച്ചു. അതറിഞ്ഞ് ഇന്ത്യൻ സംഘത്തിലുണ്ടായിരുന്ന രണ്ടു മുസ്‌ലിം ബാലന്മാർ ധർമസങ്കടത്തിലായത് രൺവീർസിങ് ഓർക്കുന്നു:

‘‘അഫ്താബ് ഹുസൈൻ എന്ന അജ്മേർകാരനും ഗുജറാത്തിലെ സച്ചിനിൽ നവാബായിരുന്ന നസറുല്ല മുസ്തഫറാനും ഇന്ത്യയിൽ തുടരാനാണ് ഇഷ്ടം. നസറുല്ലയുടെ പിതാവ് ബോംബെയിൽ താമസിച്ചിരുന്നതിനാൽ അദ്ദേഹം നേരിട്ടെത്തി മകനെ കൊണ്ടുപോയി. അഫ്താബ് മാത്രം ശേഷിച്ചു. പാക്കിസ്ഥാനിലേക്കു പോകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ അവൻ വിങ്ങിപ്പൊട്ടി. അഫ്താബിന് അജ്മേറിലുള്ള മാതാപിതാക്കളുടെ അടുത്തേക്കു പോകാൻ അനുവാദം നൽകണമെന്ന് ഉദ്യോഗസ്ഥരോട് ഞങ്ങൾ കേണപേക്ഷിച്ചു. അവർ ആദ്യം സമ്മതിച്ചില്ല. ഞങ്ങൾ പക്ഷേ ആവശ്യത്തിൽ ഉറച്ചുനിന്നു. 

വാഗ്വാദത്തിനൊടുവിൽ അഫ്താബിന് അജ്മേറിലേക്കു യാത്ര തുടരാൻ അനുവാദം കിട്ടി. കലാപകാരികളുടെ കയ്യിൽപ്പെടാതെ അവനെ പൊന്നുപോലെ നോക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾ സധൈര്യം ഏറ്റെടുത്തു. ബോംബെയിൽനിന്ന് അജ്മേറിലേക്കുള്ള ട്രെയിൻ യാത്രയ്ക്കായി ഞങ്ങളവന് ഒരു ഹിന്ദു പേരുനൽകി. യാത്രക്കാരിൽ മുസ്‌ലിംകൾ ഉണ്ടോയെന്നറിയാൻ കംപാർട്മെന്റുകൾ അരിച്ചു പെറുക്കുന്ന കലാപകാരികളിൽനിന്ന് ഞങ്ങൾ അവനെ ഒളിപ്പിച്ചു. അജ്മേറിലെത്തി, മാതാപിതാക്കളുടെ കയ്യിൽ അഫ്താബിനെ ഏൽപിക്കുമ്പോൾ യാത്ര പറയാനാകാതെ എല്ലാവരും കരയുകയായിരുന്നു. അവനും കുടുംബവും പിന്നീടു പാക്കിസ്ഥാനിലേക്കു കുടിയേറിയെന്നറിഞ്ഞു’.

ഓർമകളുമായി രൺവീർ സിങ് കരഞ്ഞു. ഹോക്കി കമന്റേറ്ററായി ഇന്ത്യയിലും പാക്കിസ്ഥാനിലും പേരെടുത്ത, പരേതനായ ജസ്ദേവ് സിങ്ങും അന്നത്തെ ലോക സ്കൗട്ട് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹവും ആ അസാധാരണ യാത്രയുടെ അനുഭവങ്ങൾ ഒരിക്കൽ പങ്കുവച്ചിട്ടുണ്ട്: പാരിസിൽ പോകുമ്പോൾ ഞങ്ങൾക്കു പാരതന്ത്ര്യമായിരുന്നു. പക്ഷേ തിരിച്ചെത്തിയത് സ്വതന്ത്രരായിട്ടാണ്!

English Summary: GTJ Thaddeus; World Scout and Guid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com