ADVERTISEMENT

കോടങ്കി എന്നു പറഞ്ഞാൽ തൃപ്പൂണിത്തുറക്കാർക്ക് അറിയാം! ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ഒരു വൃശ്ചികമാസ ഉത്സവക്കാഴ്ചയാണ്. എഴുന്നള്ളിച്ചു നിർത്തിയ ആനകൾക്കു മുന്നിൽ വിക്രിയകൾ കാട്ടി ആൾക്കൂട്ടത്തെ രസിപ്പിക്കുന്ന ഹനുമാൻ വേഷധാരിയാണ് കോടങ്കി. തൃപ്പൂണിത്തുറക്കാരനായ സുരേഷ് എറിയാട്ടിന് ഈ കോടങ്കിയും പുലികളിക്കാരുമൊക്കെ കുട്ടിക്കാലത്തെ വലിയ പേടികളായിരുന്നു. അച്ഛന്റെ ‘ഭൂതകഥ’കളിലെ മാടനെയും മറുതയെയുമൊക്കെപ്പോലെ. ഇന്ന്, ലോകപ്രശസ്തനായ ഈ ഇന്ത്യൻ അനിമേറ്റർക്കു മുന്നിൽ കോടങ്കികളും ആനയും ഉറുമ്പും അറുകൊലയും എന്നുവേണ്ട, ഭൗമമും അഭൗമവുമായ സകല ചരാചരങ്ങളും ഊഴം കാത്തുനിൽക്കുന്നു; സിനിമയിൽ ഒരു റോളിനായി.

അനിമേറ്ററായ ഭാര്യ നീലിമയുമൊത്ത് മുംബൈ സാന്താക്രൂസ് ഈസ്റ്റിൽ ഈ മലയാളി സ്ഥാപിച്ച ഈക്സോറസ് എന്ന, ഇതിനകം ഏറെ വിഖ്യാതമായ, സ്റ്റുഡിയോയിലും കാണാം ഇതുപോലെ ഒരുപാടൊരുപാടു കഥാപാത്രങ്ങളെ. നേർത്ത കമ്പിയിലും കടലാസിലും ‘അസ്ഥികൂടവും’ കളിമൺ ശരീരവുമായി നിൽക്കുന്ന മനുഷ്യരും പക്ഷിമൃഗാദികളും. ആരും നിസ്സാരരല്ല. ലോകസിനിമയിൽ ഏറ്റവും അഭിമാനകരമായ പല പല പുരസ്കാരങ്ങളും നേടിയ സിനിമകളിലെ നായികാ നായകന്മാരാണ് അവർ!

ഭാവനയിലും ഹൃദയത്തിലും അവരെ ചേർത്തടക്കി സുരേഷ് എറിയാട്ട് നടത്തിയ ജൈത്രയാത്ര 25– ാം വർഷത്തിലെത്തുകയാണ്. ഇതിനകം പരസ്യം,അനിമേഷൻ, ഹ്രസ്വചിത്രങ്ങൾ, സിഗ്നേച്ചർ ഫിലിമുകൾ, ബോധവൽക്കരണ ക്യാംപെയ്ൻ വിഭാഗങ്ങളിലായി സുരേഷ് സൃഷ്ടിച്ചത് ഏതാണ്ട് അഞ്ഞൂറോളം ചിത്രങ്ങൾ. ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ അവ വാരിക്കൂട്ടിയത് 150 ലേറെ പുരസ്കാരങ്ങൾ. ഏറ്റവും പഴക്കമുള്ളതും പ്രശസ്തവുമായ ഫ്രാൻസിലെ ആനെസി രാജ്യാന്തര ചലച്ചിത്രമേളയിൽ തുടർച്ചയായി 7 വർഷം നാമനിർദേശം കിട്ടി ഏഴാം വർഷം അനിമേറ്റർമാരുടെ ‘ഓസ്കർ’ ആയ ആനെസി ക്രിസ്റ്റൽ അവാർഡ് 2015 –ൽ സുരേഷ് ഏറ്റുവാങ്ങുമ്പോൾ, ആദ്യമായി ഈ പുരസ്കാരം ഇന്ത്യയിലെത്തുകയായിരുന്നു.

2016 ലും 2018 ലും മികച്ച അനിമേഷൻ ചിത്രത്തിനുള്ള ദേശീയ അവാർഡും കിട്ടി. ക്ലിയോ, ഏഷ്യ ഇമേജ് അപോളോ, ഡിആൻഡ്എഡി, ഏഷ്യ പസിഫിക് ആഡ് ഫെസ്റ്റ് ഉൾപ്പെടെ ഗംഭീരമായ 25 ലേറെ ചലച്ചിത്രമേളകളിൽ ജൂറിയുമാണ് സുരേഷ്. ഒരു അനിമേഷൻ ചിത്രത്തിലെ വിസ്മയിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന കഥാപാത്രം പോലെ (രൂപത്തിൽ മാത്രമല്ല) തന്നെയാണ് സുരേഷ് എറിയാട്ടും അദ്ദേഹത്തിന്റെ കഥയും. കഥ എന്നു പ്രത്യേകം പറയണം. കാരണം, സാങ്കേതികവിദ്യയുടെ പരീക്ഷണഭ്രമങ്ങളിൽ കുടുങ്ങിക്കിടക്കുന്നതല്ല അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഒന്നു പോലും. അവയ്ക്കെല്ലാം ഓരോ കഥ പറയാനുണ്ട്. ശക്തമായ കഥ.

‘‘നമുക്കു ചുറ്റും കഥകളുണ്ട്. അതു കാണാൻ പറ്റണം. നർമരസം കൈമോശം വരികയുമരുത്. ഏതു ചെറിയ സംഭവത്തിലും ഞാൻ ഒരു കഥ കാണും. രസം തോന്നിയാൽ അന്നു തന്നെ സ്കെച്ച് ചെയ്യും. ചിലതെല്ലാം ഇൻസ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യും. ചിലതു ഡവലപ് ചെയ്തു സിനിമയാക്കും’’. സുരേഷിനു ദേശീയ പുരസ്കാരങ്ങളും ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങളും നേടിക്കൊടുത്ത രണ്ടു ഹ്രസ്വചിത്രങ്ങളിലെ–‘ടോക്റി’യും ‘ഫിഷർവുമൻ ആൻഡ് ടുക്–ടുക്കും’– കഥാപാത്രങ്ങൾ അങ്ങനെ മുന്നിൽ വന്നു നിന്നു കഥയായവരാണ്. അക്കഥ സുരേഷ് ഇങ്ങനെ പറയും:

കൂട(ടോക്റി)യിൽ നിന്നൊരു കഥ

മുംബൈയിൽ തിരക്കു പിടിച്ചൊരു യാത്രയ്ക്കിടെ കാർ ട്രാഫിക് സിഗ്നലിൽ കാത്തുകിടക്കുന്നു. അപ്പോൾ ഒരു കൊച്ചു പെൺകുട്ടി അടച്ചിട്ട വിൻഡോ ഗ്ലാസിൽ തട്ടിവിളിച്ചു, കയ്യിൽ കുറെ വള്ളിക്കുട്ടകൾ. ഒന്നും വേണ്ട, പോ..പോ... എന്നു ഞാൻ ഓടിച്ചുവിട്ടു. പിന്നീടു കാറിൽ അൽപദൂരം പോയപ്പോഴാണ് ഞാൻ അത് ഓർമിച്ചത്. അവൾ ധരിച്ചിരുന്നത് സ്കൂൾ യൂണിഫോമാണ്. കഷ്ടിച്ച് എന്റെ മകളുടെ പ്രായം. എന്റെ രൂപവും ഉണ്ടക്കണ്ണുകളും അലർച്ചയും...അവൾ എന്തുമാത്രം പേടിച്ചിരിക്കും. ഏതു ജീവിതസാഹചര്യമാകാം റോഡരികത്ത് അവളെ കൊണ്ടുനിർത്തിയത്. കുറ്റബോധം കൊണ്ടു ഞാൻ എരിഞ്ഞു. അവളുടെ കഥ എന്തായിരിക്കാമെന്നു ഞാൻ സ്കെച്ച് ചെയ്തു. 8 വർഷമെടുത്ത് വളരെയേറെ അധ്വാനിച്ച് ഞാൻ ആ ചിത്രമെടുത്തു: അതാണ് ടോക്റി (ദ് ബാസ്കറ്റ്). അതെന്റെ പ്രായശ്ചിത്തമാണ്. അതു കാണുന്ന ഒരു മനുഷ്യനും അത്തരമൊരു കുട്ടിയോടു ‘ദൂരെപ്പോ’ എന്നു പറയില്ല എന്നാണെന്റെ പ്രതീക്ഷ.

ചേരിയിലെ ചെറ്റപ്പുരയിലെ പെൺകുട്ടിയുടെ കഥയാണ് ടോക്റി. അച്ഛൻ അമൂല്യ സമ്പാദ്യമായി കരുതുന്ന, മുൻപെങ്ങോ അംഗീകാരമായി ലഭിച്ച ഒരു പോക്കറ്റ്‌ വാച്ച്, അവളുടെ കൈപ്പിഴ കൊണ്ടു പൊട്ടിത്തകരുന്നു. അച്ഛനതു പൊറുക്കാനാകുന്നില്ല. അങ്ങനെ താൻ നെയ്ത കുട്ടകളുമായി അവൾ റോഡിൽ എത്തുന്നു. മനുഷ്യബന്ധങ്ങളുടെ അതിമനോഹര കഥയായി ഈ സ്റ്റോപ് മോഷൻ അനിമേഷൻ ചിത്രം. ഇതിനകം നൂറോളം രാജ്യാന്തര മേളകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം 30 ലേറെ അവാർഡുകളും നേടി. യുട്യൂബിൽ ഒരു വർഷം മുൻപ് അപ്‌‌ലോഡ് ചെയ്ത ‘ടോക്റി’ ഇതിനകം കണ്ടത് 50 ലക്ഷത്തോളം പേർ!

മീൻകുട്ടയിൽ നിന്നു മറ്റൊരു കഥ

‘‘ഇതും കാർ യാത്രയ്ക്കിടെയുണ്ടായ അനുഭവമാണ്. ഗതാഗതക്കുരുക്കിൽ പെട്ടു കിടക്കുകയാണ് എല്ലാ വണ്ടികളും. അപ്പോഴാണ് എന്നെക്കാൾ വണ്ണവും ഉയരവുമുള്ള ഒരു മീൻകാരി തലയിൽ വലിയൊരു കുട്ടയുമായി വന്നു പെടുന്നത്. എന്റെ കാറിനും തൊട്ടുമുന്നിലെ കാറിനുമിടയിലൂടെ അപ്പുറത്തേക്കു കടക്കാൻ അവരൊരു ശ്രമം നടത്തി. പക്ഷേ, വണ്ടികൾക്കിടയിൽ തിങ്ങിഞെരുങ്ങി. ദേഷ്യത്തോടെ അവരെന്നെ വായിൽ തോന്നിയതെല്ലാം വിളിച്ചു. അമ്പരപ്പോടെ ഞാൻ കേട്ടിരുന്നു. എന്തു തെറ്റാണാവോ ഞാൻ ചെയ്തത്! പക്ഷേ, ആ സ്ത്രീ, ലോകത്തോടു മുഴുവനുമുള്ള അവരുടെ ദേഷ്യം, അതെന്റെ മനസ്സിൽ കിടന്നു. മുഷിപ്പൻ ജീവിതമാണോ അവരെ ഇങ്ങനെയാക്കിയായത്? അങ്ങനെ പിറന്ന കഥയാണ് ഫിഷർവുമൻ ആൻഡ് ടുക്–ടുക്’’.

ദേശീയ പുരസ്കാരത്തിനു പുറമേ വിഖ്യാതമായ ടോക്കിയോ ഫെസ്റ്റ് ഉൾപ്പെടെ 30 രാജ്യാന്തര മേളകളിൽ നിന്നായി 10 അവാർഡും നേടിക്കഴിഞ്ഞ ഈ അനിമേഷൻ ചിത്രം 10 മാസത്തിനിടെ യുട്യൂബിൽ കണ്ടതാകട്ടെ രണ്ടേകാൽ കോടി സിനിമാ ആസ്വാദകരാണ്! വിരസമായ, ഏകാന്തമായ ജീവിതം നയിക്കുന്ന, പതിവു നായികാ സങ്കൽപങ്ങളിലൊന്നും പെടാത്ത ഒരു മീൻകാരിയുടെ കഥയാണിത്. അവരുടെ സ്വപ്നവും രക്ഷയും പ്രണയവുമെല്ലാമാണ് പിന്നീട് അത്ഭുതം പോലെ അവർക്കു സ്വന്തമാകുന്ന ആ ഓട്ടോറിക്ഷ. അടിച്ചേൽപിക്കപ്പെട്ട എല്ലാ വ്യവസ്ഥിതികളെയും അട്ടിമറിക്കുന്ന ഒരു സ്ത്രീയെ ഇതിൽ കാണാം.

ഇനി സുരേഷിന്റെ കഥ കേൾക്കാം:

1991 ൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (അഹമ്മദാബാദ്) പ്രവേശനം കിട്ടി ചെല്ലുമ്പോൾ, ഇത് എന്താണു സംഭവമെന്നു സുരേഷിനോ തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷനിലെ എറിയാട്ട് വീട്ടുകാർക്കോ വലിയ പിടിയില്ലായിരുന്നു. വരയുണ്ട് എന്നു മാത്രമറിയാം. വീട്ടിൽ പാഠംപഠിപ്പു പോലെ സ്വാഭാവികമായിരുന്നു പടംവരപ്പ്. സ്റ്റേറ്റ് വെയർഹൗസിങ് കോർപ്പറേഷനിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ പാഴുമാടത്തിൽ നാരായണപ്പണിക്കർ കേശവപ്പണിക്കർ (ഇത്ര നീട്ടി പറയുന്നതിനു പിന്നിലെ കഥ അവസാനം പറയാം) കലാരസികൻ. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ യേശുദാസ് ഉൾപ്പെടെ സെലിബ്രിറ്റികളുടെ അധ്യാപികയായിരുന്ന അമ്മ കമലാവതിയും ഒട്ടും മോശമല്ല. വലിയൊരു ചിത്രകാരനും കുടുംബത്തിലുണ്ട്. ‘ദ് വീക്കി’ൽ ഉൾപ്പെടെ ഇലസ്ട്രേറ്ററായി പ്രവർത്തിച്ചിരുന്ന അമ്മാവൻ മാധവൻ എറിയാട്ട്. സുരേഷിന്റെ രണ്ടു ചേച്ചിമാരും– ജലജയും നളിനിയും– ചിത്രരചനയിലും സംഗീതത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടിയപ്പോൾ സുരേഷും അതേ വഴി പിന്തുടർന്നു.

പക്ഷേ, എൻഐഡിയിൽ എത്തിയപ്പോഴാണ് ഇതു വര വേറെ എന്നു മനസ്സിലായത്. സൂപ്പർ സ്പെഷ്യൽറ്റി തിരഞ്ഞെടുക്കേണ്ട സമയത്ത് ജൂറിയാണ് സുരേഷിനെ അനിമേഷനിലേക്കു തിരിച്ചുവിട്ടത്. കംപ്യൂട്ടർ സാധാരണമായിട്ടില്ലാത്ത അക്കാലത്ത് ഒരു സെക്കൻഡ് സിനിമ കാണിക്കാൻ കാൽലക്ഷത്തോളം ചിത്രങ്ങൾ വരച്ചുകൂട്ടേണ്ട ഭഗീരഥപ്രയത്നമായിരുന്നു അനിമേഷൻ. അസാധ്യമാണെന്ന് ആദ്യം കരുതി. പക്ഷേ, 5 വർഷ കോഴ്സ് പൂർത്തിയാക്കിയപ്പോഴേക്കും അനിമേഷന്റെ ലോകം സുരേഷിനെ കീഴടക്കിയിരുന്നു. പിന്നെയങ്ങോട്ടുള്ള 25 വർഷം ആ ലോകത്തെ സുരേഷും കീഴടക്കി.

കോഴ്സിന്റെ ഭാഗമായി തിരുവനന്തപുരം സി–ഡിറ്റിൽ എത്തി എയ്ഡ്സിനെതിരായ ബോധവൽക്കരണ ചിത്രങ്ങൾ സുരേഷ് ചെയ്തിരുന്നു. അന്നു കെഎസ്എഫ്ഡിസി ചെയർമാൻ ആയിരുന്ന പി.ഗോവിന്ദപ്പിള്ള, സി–ഡിറ്റിൽ അനിമേഷൻ വിഭാഗം രൂപീകരിക്കാൻ സുരേഷിനു കത്തും നൽകി. അഹമ്മദാബാദിൽ തിരിച്ചെത്തി കോഴ്സിന്റെ കാര്യങ്ങളെല്ലാം പൂർത്തിയാക്കി വന്നപ്പോഴേക്കും അൽപം വൈകിപ്പോയി. ആ പദ്ധതി തന്നെ വേണ്ടെന്നു വച്ചിരുന്നു. വീണ്ടും മുംബൈയി‍ൽ. പ്രശസ്തമായ ഫേമസ് സിനി ലാബിലായിരുന്നു ആദ്യ നിയമനം. അവിടെ അനിമേഷൻ വിഭാഗത്തിനു സുരേഷ് എറിയാട്ട് തുടക്കമിട്ടു. പരസ്യകലയെ ഭാവനാപൂർണമായ പരീക്ഷണങ്ങളും അനിമേഷനുകളും കൊണ്ട് അടിമുടി മാറ്റിമറിച്ചു പ്രതിഭയുടെ കയ്യൊപ്പിട്ട 11 വർഷങ്ങളായിരുന്നു അവിടെ. അതിന്റെ കരുത്തിലാണ് ഈക്സോറസ് സ്റ്റുഡിയോ സ്ഥാപിക്കുന്നത്.

ഇന്ന് അനിമേഷൻ, ഡിസൈൻ, പരസ്യചിത്ര നിർമാണ രംഗത്തെ ഏറ്റവും കനവും കാമ്പുമുള്ള പേരുകളിലൊന്നാണ് സുരേഷ് എറിയാട്ടും സ്റ്റുഡിയോ ഈക്സോറസും. ലോകപ്രശസ്ത ബ്രാൻഡുകൾക്കെല്ലാം വേണ്ടി ഇവർ പരസ്യം ചെയ്തു കൊണ്ടിരിക്കുന്നു. പലതും കാലത്തെ അതിജീവിക്കുന്നു. ഐസിഐസിഐ പരസ്യത്തിലെ ചിന്താമണി, കാഡ്ബറി ഡെയറി മിൽക്ക് വൺ ഇൻ വൺ, പാർക്ക് അവന്യു ബീയർ ഷാംപൂ, കാഡ്ബറി ജെംസ് സൂപ്പർ ഹീറോസ്, കുർകുറെ, ഡോമിനോസ്, ലെവിസ്... മലയാളികൾ മറന്നിട്ടില്ലാത്ത ഒരു പരസ്യമുണ്ട്– ഫൈബർ ടെക്നോളജിയുള്ള പെയിന്റ് (ഏഷ്യൻ പെയിന്റ്സ് അപ്പെക്സ് അൾട്ടിമ) അടിച്ച ജോസേട്ടന്റെ വീട്– അതും സുരേഷിന്റെ വകയാണ്.

പലതിലും നമ്പർ വൺ..!

ഇന്ത്യയിൽ സ്റ്റോപ് മോഷൻ അനിമേഷൻ പരസ്യങ്ങളുടെ തുടക്കക്കാരൻ സുരേഷാണ്. ആമറോൺ ബാറ്ററി ലോഞ്ച് ചെയ്യുന്നത് അത്തരം പരസ്യവുമായാണ്. ടോക്റി സിനിമയിലെന്ന പോലെ കളിമണ്ണു കൊണ്ടാണു മനുഷ്യർ, നിത്യോപയോഗ സാധനങ്ങൾ, മൃഗങ്ങൾ, വാഹനങ്ങൾ, റോഡുകൾ, കടകൾ എന്നു വേണ്ട നമുക്കു ചുറ്റുമുള്ള സകലതിന്റെയും ചെറുരൂപങ്ങൾ ഉണ്ടാക്കുന്നത്. കൈ കൊണ്ടു തൊട്ട് അവയെ പതുക്കെ ചലിപ്പിച്ചാണു ഷൂട്ടിങ്. ‘‘രണ്ടു സെക്കൻഡ് വരുന്ന ഭാഗം ഷൂട്ട് ചെയ്യാൻ ഒരു ദിവസമെടുക്കും. 15 മിനിറ്റ് നീളമുള്ള ഹ്രസ്വചിത്രം രാപകൽ ഷൂട്ട് ചെയ്ത് എടുത്തു തീർക്കാൻ 3 വർഷമെങ്കിലും വേണം. അത്രയേറെ അധ്വാനിക്കണം; അതുപോലെ ചെലവും. എങ്കിലും ഞാൻ ഏറ്റവുമധികം ആസ്വദിക്കുന്നത് ഈ അനിമേഷനാണ്. വിരൽ തൊടുന്നതോടെ അവർക്കെല്ലാം ജീവൻ ലഭിക്കുകയാണ്. അതെന്തൊരു ദൈവികമായ അനുഭൂതിയാണ്. കംപ്യൂട്ടർ സ്ക്രീനിൽ ചെയ്യുന്ന ഏത് അഭ്യാസത്തെക്കാളും അതിനു വിലയുണ്ട്. ചെലവ് ഭീമമായതിനാൽ അതു വേണ്ടെന്നു സാമ്പത്തിക വിദഗ്ധർ ഉപദേശിച്ചിരുന്നു ആദ്യ കാലത്ത്. നീലിമ സമ്മതിച്ചില്ല. എനിക്കൊപ്പം നിന്നു’’

ബിന്ദു..രേ.. ബിന്ദു.. എന്ന കിഷോർ കുമാറിന്റെ സർവകാല ഹിറ്റായ ഹിന്ദി സിനിമാഗാനം അനിമേഷൻ മ്യൂസിക് വിഡിയോ ആക്കുമ്പോൾ, അതും ഇന്ത്യയിലെ ആദ്യ പരീക്ഷണമായിരുന്നു. കൂട്ടിയിട്ട മണലിൽ നിന്നു മരുഭൂമിയും ഒട്ടകവും രാജസ്ഥാനി നൃത്തവും സംഗീതവും ചിത്രകലയും കോട്ടകളുമെല്ലാം രൂപപ്പെടുന്ന അനിമേഷൻ പരസ്യം രാജസ്ഥാൻ ടൂറിസത്തിനു വേണ്ടി ചെയ്തതും അവാർഡുകൾ വാരിക്കൂട്ടിയ മറ്റൊരു പരീക്ഷണം.

‘ഭാഗ്യരേഖ’യ്ക്കപ്പുറം

റോട്ടറി ഇന്റർനാഷനലിനു വേണ്ടി ബാലവേലയ്ക്കെതിരെ സുരേഷ് ചെയ്ത ‘ഫെയ്റ്റ്‍ലൈൻ’ എന്ന കാംപെയ്ൻ ചിത്രമാണ് ഈ അനിമേറ്ററെ ആദ്യമായി ലോകപ്രശസ്തനാക്കിയത്. കൈവെളളയിലെ ‘ഭാഗ്യരേഖ’യെ വിധിയുടെ പരിമിതിയായി കാണുന്ന ചിന്തകൾക്കെതിരായ ശക്തമായ സന്ദേശവുമായിരുന്നു ആ ചിത്രം. ഒരു ബാലതൊഴിലാളി പലവട്ടം ശ്രമിച്ച് ഒടുവിൽ ആ ഭാഗ്യരേഖ മറികടന്ന് ഉയരങ്ങളിലെത്തുന്നതാണ് ചിത്രം. വിഖ്യാത ആനെസി ക്രിസ്റ്റൽ പുരസ്കാരം നേടുമ്പോൾ ആദ്യമായി ഈ അവാർഡ് കിട്ടുന്ന ഇന്ത്യക്കാരൻ എന്ന പോലെ, ഒരു ക്യാംപെയ്ൻ ചിത്രം ഈ പുരസ്കാരം നേടുന്നതും ആദ്യമായിട്ടായിരുന്നു. ‘ഫെയ്റ്റ്‍ലൈനി’ൽ ഒരു പാട്ടുണ്ട്. മുംബൈയിലെ ചേരിയിലെ കുട്ടികളാണ് അതു പാടിയത്. പിന്നീടു റോട്ടറിയുമായി ചേർന്നു ചേരിയിലെ കുട്ടികൾക്കായി വിദ്യാഭ്യാസ പദ്ധതി നടപ്പാക്കിയതാണ് ആനെസി പുരസ്കാരം പോലെ തന്നെ സുരേഷിനെ സന്തോഷിപ്പിച്ചതും.

സ്ത്രീസുരക്ഷയ്ക്കു വേണ്ടിയുള്ള 103 എന്ന ഹെൽപ്‌ലൈൻ നമ്പർ പ്രചരിപ്പിക്കാൻ മുംബൈ പൊലീസിനു വേണ്ടി ചെയ്ത ക്യാംപെയ്ൻ സീരീസും ഹിറ്റ് ആയിരുന്നു. സ്ത്രീകൾ ആക്രമിക്കപ്പെടുന്നു, 103ൽ വിളിക്കുന്നു, സഹായമെത്തുന്നു എന്ന പതിവു ശൈലിയല്ല ഈ പരസ്യങ്ങളിൽ. ആക്രമണമുണ്ടാകുമ്പോൾ അത്യാധുനിക ഗാഡ്ജറ്റുകൾ സ്ത്രീയുടെ സഹായത്തിനെത്തുന്നു. ഒപ്പം പരസ്യവാചകം– ഇത് 2214 ൽ വിപണിയിലെത്തും. അതുവരെ 103ൽ വിളിക്കുക.

‘‘ഇന്ത്യൻ അനിമേഷൻ രംഗത്തെ വിദേശികൾ കണ്ടിരുന്നത് അവരുടെ ആശയങ്ങൾ നിറവേറ്റിക്കൊടുക്കുന്ന മികച്ച സാങ്കേതിക വിദഗ്ധരായാണ്. ഇപ്പോഴും ഈ രംഗത്തെ 90% ജോലികളും അങ്ങനെ തന്നെയാണ്. എന്നാൽ പൂർണമായും സ്വന്തം ആശയങ്ങൾ വച്ച്, നമ്മുടെ ജീവിതപരിസരങ്ങളിൽ നിന്നുള്ള കഥകൾ വച്ച്, കൃത്യമായ സന്ദേശം നൽകിയാണു ഞാൻ ആദ്യം മുതൽ ചിത്രങ്ങളെടുത്തത്. അതു വിദേശമേളകിൽ അംഗീകരിക്കപ്പെടുമ്പോൾ രാജ്യത്തിനുള്ള അംഗീകാരമാണ്. പരമാവധി മേളകളിൽ പങ്കെടുക്കുന്നതും അതുകൊണ്ടാണ്. ഇന്ത്യൻ അനിമേഷന്റെ മാറിയ ഭാവം പരമാവധി പ്രചരിപ്പിക്കണമല്ലോ.

അനിമേഷൻ രംഗത്തെ തുടക്കാരുടെ ‘മെന്ററിങ്’ ഞങ്ങളുടെ ഒരു പ്രധാന ദൗത്യമാണ്. ആശയമുണ്ടെങ്കിൽ ഇങ്ങോട്ടു വരാം, പ്രഫഷനൽ മികവോടെ ചിത്രം ഇറക്കാൻ എല്ലാ സഹായവും പിന്തുണയും നൽകും. ഇനി ആശയം ഇല്ലെങ്കിലും ഇങ്ങോട്ടു വരാം, ഇവിടെ നിറയെ ആശയങ്ങളുണ്ട്’’– സുരേഷ് പൊട്ടിച്ചിരിക്കുന്നു.
ഏക മകൾ അനന്യ കാനഡയിൽ വാൻകൂവറിൽ വിഷ്വൽ കമ്യൂണിക്കേഷൻ വിദ്യാർഥിനിയാണ്. മുംബൈയിലെ വീട്ടിൽ സുരേഷിനും നീലിമയ്ക്കുമൊപ്പം ഒരാൾ കൂടിയുണ്ട്. സുരേഷിന്റെ ഇലസ്ട്രേഷനുകളിലെ സ്ഥിരം താരമായ ഡൂഫി എന്ന നായ്ക്കുട്ടി.

അവസാനമായി ഒരു ‘ഭൂതകഥ’ കൂടി

ചേർത്തലയിലുള്ള അച്ഛന്റെ വീട്ടിൽ അവധിക്കു പോകുമ്പോൾ, കോടങ്കിക്കു മുന്നിലെന്ന പോലെ സുരേഷ് എന്ന കുട്ടി മറ്റൊരു ലോകത്തെത്തും. മറുതയെയും മാടനെയുമൊക്കെ ‘ദാ.. ഇന്നലെ കണ്ടതേയുള്ളൂ’ എന്നു സ്വാഭാവികമായി പറയുന്നവർ. ഏതു കഥയും, സിനിമാക്കഥ പോലും, നാടനും നർമവും നുണയുമെല്ലാം ചേർത്തു മറ്റൊരു കഥയായി അവതരിപ്പിക്കുന്നതിൽ മിടുക്കനായ അച്ഛനാണ് ഈ ഭൂതകഥകൾ പറയുന്നതെങ്കിൽ വിശ്വസിക്കാതെങ്ങനെ.

6 വർഷം മുൻപ് അച്ഛനും അമ്മയുമൊത്ത് മഹാരാഷ്ട്രയിലെ കൊലാടിൽ ഒരു യാത്രയ്ക്കിടെ അച്ഛനോടു പഴയ ഭൂതകഥകൾ സുരേഷ് ചോദിച്ചു. അന്ന് 85 വയസ്സുണ്ടെങ്കിലും അച്ഛന് ഒരു മറവിയുമില്ല. ഓരോ തരം ഭൂതങ്ങൾ, അവരുടെ പൊക്കം, വണ്ണം, കണ്ണിന്റെ വലിപ്പം, നിറം, ഇറങ്ങിനടക്കുന്ന സമയം, പ്രതിരോധ മാർഗങ്ങൾ– എല്ലാം അദ്ദേഹം വിശദമായി പറഞ്ഞു കൊടുത്തു. സുരേഷ് അതെല്ലാം റെക്കോർഡ് ചെയ്തു.

ഏറ്റവുമൊടുവിൽ ഈക്സോറസ് പുറത്തിറക്കിയ പ്രഥമ മലയാളം അനിമേഷൻ ചിത്രം: കണ്ടിട്ടുണ്ട് ഉടലെടുക്കുന്നത് ആ കഥകളിൽ നിന്നാണ്. 2 വർഷമെടുത്താണു തയാറാക്കിയത്. അച്ഛന്റെ ശബ്ദം അതേപടി ഉപയോഗിച്ചു. ഈക്സോറസിൽ അനിമേറ്ററായ അദിതി കൃഷ്ണദാസ് ആണു സംവിധാനം ചെയ്തത്. ‘എന്റെ അച്ഛൻ, പാഴുമാടത്തിൽ നാരായണപ്പണിക്കർ കേശവപ്പണിക്കർ’ എന്നു സുരേഷ് പരിചയപ്പെടുത്തിക്കൊണ്ടാണ് ആ ചിത്രം ആരംഭിക്കുന്നത്.

മറ്റൊരു ഹിറ്റ് ആവുകയാണ് 11 മിനിറ്റ് ദൈർഘ്യമുള്ള ഈ അനിമേഷൻ ചിത്രം. യുട്യൂബിൽ അപ്‌ലോഡ് ചെയ്ത ശേഷം രണ്ടര മാസത്തിനിടെ ചിത്രം കണ്ടത് രണ്ടു ലക്ഷത്തിലേറെ പേർ. മാധ്യമങ്ങൾ ഈ ഭൂതകഥ ആഘോഷിക്കുമ്പോൾ, 91–ാം വയസ്സിൽ മകൻ വഴി ലഭിച്ച പ്രശസ്തി ആസ്വദിക്കുകയാണ് വീട്ടിലിരുന്ന് അച്ഛൻ. സുരേഷ് മുംബൈയിൽ വലിയ തിരക്കുകളിലായതിനാൽ കേശവപ്പപണിക്കരെ ഇന്റർവ്യൂ ചെയ്താണ് ഫീച്ചറുകളത്രയും. വന്നുവന്ന്, സിനിമ സുരേഷിന്റെയാണെന്ന കാര്യം അച്ഛനും മറന്നു. ‘‘എന്റെ സിനിമ കണ്ടോ’’ എന്നാണ് അദ്ദേഹമിപ്പോൾ എല്ലാവരോടും ചോദിക്കുന്നത്. അച്ഛൻ കഥകൾ ധാരാളം ഉള്ളതിനാൽ സ്നിപ്പറ്റ്സ് പോലെ ഭാവിയിൽ അതെല്ലാം ഒന്നൊന്നായി ഇറക്കാനാണു മകന്റെ പ്ലാൻ. തിങ്കളാഴ്ച അമ്മയുടെ 91–ാം പിറന്നാൾ. അതു പ്രമാണിച്ചു സുരേഷ് തൃപ്പൂണിത്തുറയിലുണ്ട്. ഭൂമിമലയാളത്തിലെ സകല മാടൻ, മറുത സെറ്റിനും റോൾ വേണമെങ്കിൽ മുന്നിൽ ചെന്നൊന്നു നിൽക്കാം. ഒരു കഥയുണ്ടാകണമെന്നു മാത്രം!

Content Highlight: Santhosh Eriyatt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com