ADVERTISEMENT

വരയിൽ ഒതുങ്ങിപ്പോയ ഒരു പ്രതിമയുടെ കഥയാണിത്; ബ്രിട്ടിഷുകാരനായ രാജാവിന്റെ പ്രതിമയ്ക്കു സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഇരിപ്പിടം നഷ്ടപ്പെട്ട ചരിത്രവും ഇതിലുണ്ട്. സ്ഥലംവിട്ട പ്രതിമയുടെയും പിറക്കാതെ പോയ പ്രതിമയുടെയും കഥ...

ഇന്ത്യാ ഗേറ്റ് ഇന്ത്യയുടെ അടയാളമാണ്. ഒന്നാം ലോകയുദ്ധത്തിന്റെ ഭാഗമായ മെസപ്പട്ടേമിയൻ പോരാട്ടത്തിൽ സ്വജീവൻ ബലി നൽകേണ്ടി വന്ന വീര സൈനികരുടെ പേരുകൾ പതിഞ്ഞ തൂണുകളിൽ ഉയർന്നു നിൽക്കുന്ന അഭിമാനം. അതു കാണാൻ മോഹിക്കാത്തവർ, ഇന്ത്യാ ഗേറ്റിനു മുന്നിൽ നിന്നു ചിത്രം പകർത്താൻ കൊതിക്കാത്തവർ കുറവ്. ഇന്ത്യാ ഗേറ്റ് കാണാൻ ഡൽഹിയിൽ വന്നിട്ടുള്ളവർക്കറിയാം ശൂന്യമായിപ്പോയൊരു പീഠം. ‌ആ പീഠത്തിന്റെ ഭൂതവും ഭാവിയും വർത്തമാനവും ബ്രിട്ടിഷ് ഇന്ത്യയുടെയും സ്വതന്ത്ര ഇന്ത്യയുടെയുംകൂടി ചരിത്രമാണ്. ഡൽഹി രാജ്യതലസ്ഥാനമായി മാറിയ ശേഷമുള്ള ആ കഥയിൽ ആദ്യമറിയേണ്ടത് ഒരു രാജാവിനെക്കുറിച്ചാണ്.

ഡൽഹി ദർബാർ

കാലങ്ങളോളം അടിച്ചമർത്തി ഭരിച്ച ഇന്ത്യയിലേക്കു കിരീടധാരിയായി എത്തിയ ഏക രാജാവ് ജോർജ് അഞ്ചാമനാണ്. അദ്ദേഹത്തിന്റെ വരവിനോട് അനുബന്ധിച്ചു വൻ ദർബാർ സംഘടിപ്പിക്കപ്പെട്ടു. നാട്ടുരാജാക്കന്മാരുടെയും ബ്രിട്ടിഷ് ഭരണത്തോടു വിധേയത്വം പുലർത്തുന്നവരുടെയും പടുകൂറ്റൻ സമ്മേളനമാണ് ദർബാർ കൊണ്ടുദ്ദേശിച്ചത്. ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്‌ഥാനം അന്നുവരെ കൊൽക്കത്തയായിരുന്നു. എന്നാൽ, മുൻപു നടന്ന രണ്ടു ദർ‍ബാറുകളെയും പോലെ ഡൽഹിയിൽ ദർബാർ നടത്താനായിരുന്നു വൈസ്രോയിയും ഗവർണർ ജനറലുമായിരുന്ന ചാൾസ് ഹാർഡിങ്ങിന്റെ തീരുമാനം. 1911 ഡിസംബർ 12നു നടന്ന ഡൽഹി ദർബാർ സംഘടിപ്പിക്കപ്പെട്ടു. മലബാറിൽ അടക്കം അന്നത്തെ നാട്ടുരാജ്യങ്ങളിലും ആഘോഷവും ബ്രിട്ടിഷ് വിധേയത്വ യോഗങ്ങളും നടന്നുവെന്നതു ചരിത്രം. ഏതായാലും ഡൽഹി ദർബാറിലേക്കു ജോർജ് അഞ്ചാമനും രാജ്ഞിയുമെത്തി. ആ സദസ്സിൽ രാജ്യതലസ്ഥാനമായി ഡൽഹി വിളംബരം ചെയ്യപ്പെട്ടു. പിന്നീടുള്ള വർഷങ്ങളിൽ ഡൽഹിയുടെ മുഖഛായ തന്നെ മാറിപ്പോയ പ്രഖ്യാപനം. തലസ്ഥാന നഗരിയുടെ മട്ടും ഭാവവുമില്ലാതിരുന്ന ഡൽഹിയുടെ ഹൃദയത്തിൽ പുതിയ കെട്ടിടങ്ങൾ തലയുയർത്തി. ഡൽഹിയുടെ പ്രൗഢിക്കു മാറ്റു കൂടി.

india-gate
ന്യൂഡൽഹിയിലെ ഇന്ത്യാഗേറ്റ്. ഗേറ്റിനുള്ളിലൂടെ കാണുന്നത് കാനപ്പി.

ഇന്ത്യാ ഗേറ്റ് വിട്ട ‘രാജാവ്’

ഇന്ത്യൻ ശക്‌തിയുടെ വീരസ്‌മരണകളുറങ്ങുന്ന സ്മാരകമാണ് ഇന്ത്യാ ഗേറ്റ്. ജോർജ് അഞ്ചാമൻ രാജാവിന്റെ അമ്മാവനും ഡ്യൂക് ഓഫ് കൊണാട്ടുമായിരുന്ന ആർതർ രാജകുമാരൻ 1921ൽ തറക്കല്ലിട്ട് 10 വർഷം കൊണ്ടു പണിതുയർത്തിയ അഭിമാന നിർമിതി. 1931 ഓഗസ്‌റ്റ് ഒൻപതിന് അന്നത്തെ വൈസ്രോയിയായിരുന്ന ലോഡ് ഇർവിൻ ഇന്ത്യാ ഗേറ്റ് ഉദ്ഘാടനം ചെയ്തു. ഒന്നാം ലോകയുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ സ്മരണയിലായിരുന്നു ഇന്ത്യാ ഗേറ്റിന്റെ നിർമാണം. ഡൽഹിയിലെ കെട്ടിടങ്ങൾക്ക് ഓരോന്നിനുമെന്ന പോലെ ഇന്ത്യാ ഗേറ്റിനുമുണ്ട് കഥകളുടെ കെട്ടുറപ്പ്. രാഷ്ട്രപതി ഭവനെ(പഴയ വൈസ്രോയി ഹൗസ്) നോക്കി നിൽക്കുന്ന ഇന്ത്യ ഗേറ്റിന്റെ നിർമാണ ഘട്ടത്തിൽ അതിനു സ്ഥാന നിർണയം നടത്താൻ സഹായിച്ചത് മഴപെയ്തൊഴിഞ്ഞൊരു പകലായിരുന്നത്രേ. ആധുനിക ഡൽഹിയുടെ മുഖഛായ മാറ്റിയ വാസ്തുശിൽപി എഡ്വിൻ ലട്യൻസിന്റെ സഹായി ഹെർബർട്ട് ബേക്കർ രാഷ്ട്രപതി ഭവൻ നിലകൊള്ളുന്ന റയ്സിന കുന്നിൽ നിന്നു മഴ ആസ്വദിക്കുകയായിരുന്നു. മഴ തോർന്ന നേരം ആകാശത്തു മഴവില്ലു തെളിഞ്ഞുവന്ന സ്ഥലമാണ് ഇന്ത്യ ഗേറ്റിനായി തിരഞ്ഞെടുത്തതെന്നത് അതിലൊരു കഥ മാത്രം.

കാനപ്പിയെന്ന മേലാപ്പ്

1911–ൽ ജോർജ് അഞ്ചാമന്റെ വരവും തലസ്ഥാനമാറ്റ പ്രഖ്യാപനവുമായിരുന്നു ഡൽഹി പിന്നീടു കണ്ട മാറ്റങ്ങളുടെയെല്ലാം തുടക്കം. ഇന്ത്യാ ഗേറ്റിനു മുന്നിൽ നിന്നു നോക്കിയാൽ കാണാവുന്ന വിധം, കിഴക്കു ഭാഗത്തൊരു പീഠവും അതിനു ചന്തം നൽകി ഒരു കൂറ്റൻ മേലാപ്പും എഡ്വിൻ ലട്യൻസ് നിർമിച്ചിരുന്നു. ആധുനിക ഡൽഹിയുടെ ചരിത്രത്തിലേക്ക് കിരീടം വച്ചെത്തിയ ജോർജ് അഞ്ചാമന്റെ മരണ ശേഷം 1936ലാണ് കാനപ്പിക്കുള്ളിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടത്. ചാൾസ് സർഗീയന്റ് ജഗ്ഗാർ എന്ന ശിൽപി ലണ്ടനിൽ വച്ചു പണി തീർത്ത പ്രതിമയാണ് ഏറെ നാൾ ഡൽഹിയിൽ തലയുയർത്തി നിന്നത്.

പ്രക്ഷോഭം, പ്രതിമ മാറ്റൽ

നൂറ്റാണ്ടുകൾ നീണ്ട അടിച്ചമർത്തലിൽ നിന്നു ശ്വാസം വിട്ടു തുടങ്ങിയ നാൾ മുതൽ ബ്രിട്ടന്റെ അധികാരം പ്രതിഫലിപ്പിച്ച അടയാളങ്ങൾ മായ്ക്കാൻ സ്വതന്ത്ര ഇന്ത്യയുടെ ഭരണകർത്താക്കൾ ശ്രദ്ധിച്ചിരുന്നു. നോർത്ത്, സൗത്ത് ബ്ലോക്കുകളിൽ അന്നുണ്ടായിരുന്ന ബ്രിട്ടിഷ് കോട്ട് ഓഫ് ആംസിനു പകരം, അശോക സ്തംഭം സ്ഥാപിച്ചത് ഉദാഹരണം. അതേസമയം, അവർ നിർമിച്ച കെട്ടിടങ്ങളും അതിൽ പതിഞ്ഞ ബ്രിട്ടിഷ് പേരുകളും ചില പ്രതിമകളുമൊന്നും മാറ്റേണ്ടതില്ലെന്നും പൈതൃകമന്ദിരങ്ങളും സ്മാരകങ്ങളുമായി, ഇന്ത്യയുടെ ഭൂതകാല ഓർമകളായി അവ‍ നിലനിൽക്കട്ടെയെന്നും അന്നത്തെ സർക്കാർ കരുതി. എന്നാൽ, സാമ്രാജ്യത്വ അടയാളങ്ങൾ, പ്രത്യേകിച്ചു രാജാധികാരത്തിന്റെ ശേഷിപ്പുകൾ മാറ്റണമെന്ന ആവശ്യം പതിയെ ഒരു മുന്നേറ്റമായി മാറി. അൻപതുകളുടെ അവസാനം തുടങ്ങിയ പ്രതിഷേധം അറുപതുകളുടെ പകുതിയോടെ ശക്തമായി.

1965 ഓഗസ്റ്റിലെ ഒരു സംഭവം അവയിൽ പ്രധാനമാണ്. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരിൽ ചിലർ പുലർകാല ഇരുട്ടിൽ, ആളൊഴിഞ്ഞ ‍ഡൽഹി തെരുവുകളിൽ നിറഞ്ഞാടി. കയ്യിൽ ചുറ്റികയും ഉളിയും ഏണിയും ടാറുമെല്ലാമുണ്ടായിരുന്നു. ഇന്ത്യാ ഗേറ്റിനു സമീപത്തെ കാനപ്പിയിൽ സ്ഥാപിച്ചിരുന്ന 70 അടി പൊക്കമുള്ള മാർബിൾ പ്രതിമയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ‘ജോർജ് അഞ്ചാമനു’ മേൽ ഏണി ചാരി സംഘം പണി തുടങ്ങിയപ്പോഴേക്ക് രണ്ടു പൊലീസുകാരെത്തി. അങ്ങോട്ടുമിങ്ങോട്ടും ഉന്തും തള്ളുമായി. ആൾബലം കൂടുതലുണ്ടായിരുന്ന പ്രതിഷേധക്കാർ പൊലീസുകാരെ തറയിലിട്ടു ചവിട്ടി. ഒരാൾ അബോധാവസ്ഥയിലായി. കൂടുതൽ ധൈര്യം സംഭരിച്ചു പ്രതിഷേധക്കാർ ജോർജ് അഞ്ചാമന്റെ മേൽ ടാറൊഴിച്ചു. മൂക്കരിഞ്ഞു, ചെവി തകർത്തു. കിരീടത്തിനും കേടുപാടുകൾ വരുത്തി. കൂടുതൽ പൊലീസുകാരെത്തുമെന്ന സൂചന കിട്ടുമ്പോഴേക്ക് ഇവർ ഇരുട്ടിലേക്കു മറ‍ഞ്ഞു. അതിനു തൊട്ടു മുൻപ് തങ്ങളുടെ പ്രതിഷേധവും പ്രഖ്യാപനവും എന്ന മട്ടിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഒരു ചിത്രം കൂടി അവിടെ ചാരിവച്ചിരുന്നുവെന്നു പഴയകാല പത്രങ്ങളും അനുബന്ധ ചരിത്രക്കുറിപ്പുകളും വ്യക്തമാക്കുന്നു. പിറ്റേന്ന് ഇന്ത്യയിലെ തന്നെ ചില പത്രങ്ങൾ ഈ സംഭവത്തെ ‘നെറികെട്ട വിപ്ലവം’ എന്നു വിശേഷിപ്പിച്ചു. ഏതായാലും പിന്നീട് അധിക കാലം ഇന്ത്യാ ഗേറ്റ് പരിസരത്തു ജോർജ് അഞ്ചാമൻ നിലയുറപ്പിച്ചില്ല.

george
കൊറനേഷൻ പാർക്കിലേക്കു മാറ്റിയ, ജോർജ് അഞ്ചാമന്റെ മൂക്കും ചെവിയും അരിഞ്ഞു മാറ്റപ്പെട്ട പ്രതിമ.

ഇന്നും മുളയ്ക്കാത്ത മൂക്ക്

ഇന്ത്യാ ഗേറ്റ് പരിസരത്തു നിന്നു നോർത്ത് ഡൽഹി ബുറാറിയിലെ കൊറനേഷൻ പാർക്കിലേക്കായിരുന്നു ജോർജ് അഞ്ചാമൻ പ്രതിമയുടെ സ്ഥാനമാറ്റം. 1911ലെ ഡൽഹി ദർബാർ നടന്ന അതേ സ്ഥലം, അതുകൊണ്ടാണ് കൊറനേഷൻ(രാജാഭിഷേകമഹോത്സവം) നടന്ന പാർക്കായി അതു മാറിയത്. പാർക്കിന്റെ ഒത്ത നടുവിലായി 21 മീറ്റർ പൊക്കത്തിൽ കൊറനേഷൻ പില്ലറും ബ്രിട്ടിഷ് അധികാരവാഴ്ചയുടെ ഓർമപ്പെടുത്തലായി ഇപ്പോഴുമുണ്ട്. ഹാർഡിങ്, ഇർവിൻ, വെല്ലിങ്ഡൻ, ചെംസ്ഫഡ് എന്നീ വൈസ്രോയിമാരുടെ പ്രതിമകളും ഈ 52 ഏക്കർ സ്ഥലത്തുണ്ട്. ഒപ്പം, 1910 മുതൽ 1936 വരെ ഇന്ത്യ ഭരിച്ച ജോർജ് അഞ്ചാമന്റെ പ്രതിമയും വെയിൽകൊണ്ടു നിൽക്കുന്നു. സോഷ്യലിസ്റ്റുകളുടെ പ്രതിഷേധത്തിന്റെ ശേഷിപ്പ് ചെവിയും മൂക്കുമില്ലാതെ വികൃത മുഖമായി ഇന്നും ആ പ്രതിമയിൽ അവശേഷിക്കുന്നു.

ഒരു കാലഘട്ടം ഇന്ത്യയെ അടക്കിഭരിച്ചവരുടെ ഓർമകൾ നിലനിൽക്കുന്ന ആ പാർക്ക് 2012–ലാണ് ഒരുവിധം മോടിപിടിപ്പിച്ചത്. ഇതിനെ ടൂറിസം കേന്ദ്രമായി വികസിപ്പിച്ചെടുക്കാനുള്ള ഡൽഹി വികസന അതോറിറ്റിയുടെ ശ്രമങ്ങൾ ഇപ്പോഴും തുടങ്ങിയിടത്തു തന്നെ. മ്യൂസിയം, ഭക്ഷണശാല തുടങ്ങി വൻ വികസന പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഒന്നും എങ്ങുമെത്തിയില്ല. കൊറനേഷൻ പാർക്കിൽ കഴിഞ്ഞ ദിവസമെത്തുമ്പോൾ അർധ സൈനിക വിഭാഗങ്ങളുടെ ക്യാംപായി അതു മാറിയിരിക്കുന്നു. പൊലീസ് യൂണിഫോമുകൾ ഉണങ്ങാനിട്ടിരിക്കുന്നു; പൊതുജനങ്ങൾക്കു പ്രവേശനം വിലക്കിയിരിക്കുന്നു.

 ഇന്ത്യ കാണാത്ത പ്രതിമ

ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടു കുറേ വർഷങ്ങൾക്കു ശേഷമാണ് ജോർജ് അഞ്ചാമൻ ഇന്ത്യാ ഗേറ്റ് പരിസരത്തെ കനോപ്പി വിട്ടൊഴിഞ്ഞത്. അതിൽ പിന്നെ, അവിടെ മറ്റൊരു പ്രതിമയും ഉയർന്നിട്ടില്ല. അവിടെ പകരം പ്രതിമ സ്ഥാപിക്കാനുള്ള ശ്രമം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് തുടങ്ങിയത്. ആരുടെ പ്രതിമ സ്ഥാപിക്കുമെന്ന കാര്യത്തിൽ അന്നാർക്കും സംശയമുണ്ടായില്ല. –മഹാത്മാഗാന്ധി!

ഇന്ത്യാ ഗേറ്റ് പരിസരത്തിനു പറ്റിയ പ്രതിമയ്ക്കായി സർക്കാർ ക്വട്ടേഷൻ ക്ഷണിച്ചു. പലരും അപേക്ഷിച്ചു. പിൽക്കാലത്തു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ നിർമിച്ചു (നർമദാ തീരത്തെ സർദാർ പട്ടേൽ പ്രതിമ) പ്രശസ്തനായ ശിൽപി റാം സുതാർ സമർപ്പിച്ച പ്രതിമകളുടെ ചിത്രമാതൃകകളാണ് അന്തിമമായി പരിഗണിക്കപ്പെട്ടത്.

രണ്ടു വ്യത്യസ്ത പ്രതിമകളാണ് പദ്ധതിയിട്ടിരുന്നതെന്ന് റാം സുതാർ ‘മനോരമ’യോടു പറഞ്ഞു. ഒന്ന്, നിൽക്കുന്ന ഗാന്ധിയും മറ്റൊന്ന് ഇരിക്കുന്ന ഗാന്ധിയും. അതിൽ നിൽക്കുന്ന ഗാന്ധിക്കൊപ്പം രണ്ടു നിർധന കുട്ടികൾ കൂടിയുണ്ടായിരുന്നു. അതിൽ ആൺകുട്ടി വെള്ളരിപ്രാവിനെയും പെൺകുട്ടി പൂക്കളും പിടിച്ചു നിൽക്കുന്നതായിരുന്നു റാം സുതാർ വരച്ചത്. ഭൂഗോളത്തിനു മുകളിൽ സ്ഥാപിച്ചിരിക്കുന്നതായാണ് പ്രതിമ. എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന ഗാന്ധിവചനവും അതിൽ കുറിച്ചിരുന്നു. ഗാന്ധിയൻ ആശയങ്ങളുടെയും ദരിദ്രരുടെ പുരോഗതിയും ലോകത്തിനാകെയുള്ള വഴിവെളിച്ചവുമായി ഗാന്ധിയെ അവതരിപ്പിക്കുകയായിരുന്നു പ്രതിമയുടെ ലക്ഷ്യം. മറ്റൊന്ന്, ധ്യാനത്തിലാണ്ടിരിക്കുന്ന ഗാന്ധി. അത് ഇന്ത്യാ ഗേറ്റ് പരിസരത്തു നിർമിക്കാമെന്ന തീർപ്പു വന്നു. പ്രതിമ നിർമാണം മുന്നോട്ടുപോയി. സർക്കാരുകൾക്കൊപ്പം വിവാദങ്ങളും പലതു വന്നു. ഇന്ത്യാ ഗേറ്റ് പരിസരമാണെങ്കിലും ഗാന്ധിയെ വഴിയിലിരുത്തുന്നതു ശരിയല്ലെന്ന വിമർശനം ഉയർന്നതോടെ ധ്യാനനിമഗ്നനായി ഇരിക്കുന്ന ഗാന്ധി ഇന്ത്യാ ഗേറ്റ് പരിസരം കാണാതെ പോയി. കാനപ്പി അന്നും ഇന്നും ഒഴിഞ്ഞു തന്നെ കിടന്നു. കാനപ്പിയിലേക്ക് നിർമിച്ച ‘ധ്യാനത്തിലിരിക്കുന്ന ഗാന്ധി പ്രതിമ’ പിന്നീടു പാർലമെന്റ് വളപ്പിലെത്തിയതു മറ്റൊരു ചരിത്രം.

മാറ്റങ്ങൾ വീണ്ടും

പുതിയ പാർലമെന്റ് മന്ദിരത്തിനുള്ള നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കെ ഗാന്ധി പ്രതിമ പാർലമെന്റ് വളപ്പിൽ നിന്നു വീണ്ടും മാറ്റിയിരുന്നു. താൽക്കാലികമാണ് മാറ്റമെന്നും പുതിയ മന്ദിരമാകുന്നതോടെ ഗാന്ധി തിരിച്ചെത്തുമെന്നുമാണ് നഗര വികസനകാര്യ മന്ത്രാലയം വിശദീകരിക്കുന്നത്. മാറ്റം പാർലമെന്റ് വളപ്പിൽ മാത്രമല്ല. ദേശീയതലസ്ഥാന മേഖലയുടെയാകെ മുഖഛായ മാറ്റുകയാണ്. പുതിയ നിർമിതികൾ വരികയാണ്. ഭൂതകാലപ്പാടുകൾ മായ്ച്ചുകളയേണ്ടതാണെന്ന് ഒരു കൂട്ടർ. ഭാവിയിലേക്കുള്ള ചുവടിൽ ഓർമയായി ചരിത്രമുണ്ടാകണമെന്ന് മറ്റൊരു കൂട്ടർ. വാദമുഖങ്ങൾക്കു മുകളിൽ മണ്ണുമാന്തികൾ കൈ നീട്ടുന്ന ഒച്ചയാണ് ഇപ്പോൾ രാജ്പഥിൽ. 2024ന് മുൻപു സെൻട്രൽ വിസ്റ്റയുടെ പണി പൂർണമായും തീർക്കുമെന്നു സർക്കാർ പറയുന്നു.

ചരിത്രപരമായ ഈ മാറ്റത്തിൽ ഇന്ത്യാ ഗേറ്റ് പരിസരത്തെ കാനപ്പി ബാക്കിയുണ്ടാകുമോ? ഉണ്ടെങ്കിൽ ഇന്ത്യാ ഗേറ്റിനെ നോക്കി നിൽക്കാൻ പുതിയൊരു പ്രതിമയുണ്ടാകുമോ? റാം സുതാർ വരച്ച് കടലാസിൽ ഒതുങ്ങിപ്പോയ ‘നിൽക്കുന്ന ഗാന്ധി’ ഭാവനയിൽനിന്ന് ഇറങ്ങി നടന്ന് ഇന്ത്യാ ഗേറ്റ് പരിസരത്തെത്തുമോ? നാളെകൾ ഉത്തരം പറയേണ്ട ചോദ്യങ്ങളുടെ എണ്ണം നീളുകയാണ്.

English Summary: India Gate and George 5th statue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com