‘ആഘോഷ വേളകളിലെ സമ്മാനം യസീദി പെൺകുട്ടികൾ: അരക്ഷിതരുടെ അടയാളങ്ങൾ’

harsha-viswanath
ഡ‍ോ. ഹർഷ വിശ്വനാഥ്
SHARE

മൂന്നാംലോക രാജ്യങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതമാണ് ഡോ. ഹർഷ വിശ്വനാഥിന്റെ പഠനവിഷയം. ഗുജറാത്തിലെ ഗോധ്‌ര കലാപത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട അച്ഛന്റെ മകൾ, സംഘർഷഭൂമികളിൽ ആരുമറിയാതെ പോകുന്ന വേദനകളുടെയും വിഷാദങ്ങളുടെയും പിന്നാലെ നടത്തുന്ന യാത്രയാണിത്.

കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട മൃതദേഹങ്ങൾക്കിടയിൽ അച്ഛനുണ്ടോയെന്നു തിരയാൻ അവർ അടയാളം ആവശ്യപ്പെട്ടു. ഫോണിന്റെ അങ്ങേത്തലയ്ക്കൽ വിറങ്ങലിച്ചു നിന്ന ഇരുപതുകാരിക്ക് എന്താണു പറയേണ്ടതെന്ന് അറിയില്ലായിരുന്നു. ഒടുവിൽ ഓർത്തു പറഞ്ഞത് അച്ഛന്റെ വലംകയ്യിലെ നീലക്കല്ലുള്ള മോതിരം.’

ഗുജറാത്തിൽ ഗോധ്‌ര കലാപകാരികളുടെ കയ്യിലകപ്പെടുകയും തലനാരിഴയ്ക്കു ജീവൻ തിരിച്ചുപിടിച്ച് തിരികെയെത്തുകയും ചെയ്ത അച്ഛൻ വിശ്വനാഥപ്പണിക്കരുടെ ജീവിതാനുഭവങ്ങളാണ് എഴുത്തുകാരിയും അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ഡോ. ഹർഷ വിശ്വനാഥിനെ മൂന്നാംലോക രാജ്യങ്ങളിലെ യുദ്ധഭൂമികളിൽ സ്ത്രീകളും പെൺകുട്ടികളും അനുഭവിക്കുന്ന ചൂഷണങ്ങളെപ്പറ്റി പഠിക്കാനും എഴുതാനും പ്രേരിപ്പിച്ചത്. യുദ്ധങ്ങളും കലാപങ്ങളും ബാക്കിയാക്കുന്ന വേദനകൾ ഏറ്റവുമധികം അനുഭവിക്കുന്നതു സ്ത്രീകളും കുട്ടികളുമാണെന്നു ഹർഷ കണ്ടെത്തി. ഇംഗ്ലിഷ് സാഹിത്യത്തിലെ മികച്ച വനിതാ ഗവേഷകയ്ക്കുള്ള വീനസ് ഇന്റർനാഷനൽ വിമൻസ് അവാർഡ് (വിവ 2021) നേടി.

ജീവിതം മാറ്റിയ ഗോധ്‌ര

സൂറത്തിലെ ബറൂച്ചിൽ സ്വകാര്യ കമ്പനിയിലെ പ്രോജക്ട് മാനേജരായിരുന്നു വിശ്വനാഥൻ. അവധിക്കു ശേഷം തിരികെപ്പോകുമ്പോഴാണ് സൂറത്തിനു മുൻപുള്ള റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പിടിച്ചിടുന്നത്. ഗോധ്‌ര കലാപത്തിന്റെ ഭാഗമായുള്ള ലഹളകളായിരുന്നു പ്രദേശമാകെയും. ട്രെയിൻ ഇറങ്ങിയെന്നു പറയാനാണ് അദ്ദേഹം അവസാനമായി വീട്ടിലേക്കു വിളിച്ചത്. ദിവസവും മൂന്നു തവണയെങ്കിലും വിളിക്കുന്ന ആൾ പിന്നീടു വിളിച്ചില്ല. അങ്ങോട്ടു വിളിക്കാനും കഴിയുന്നില്ല. ഗുജറാത്തിലെ മലയാളി സമാജവുമായി ബന്ധപ്പെട്ടപ്പോൾ രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ അദ്ദേഹമില്ല. മരിച്ചവരുടെ കൂട്ടത്തിലും ഇല്ല. കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട മൃതദേഹങ്ങൾക്കിടയിലുണ്ടോ എന്നു തിരയാൻ അവർ അടയാളം ചോദിച്ചു. അച്ഛനെ നഷ്ടപ്പെട്ടു എന്നു മനസ്സിൽ ഉറപ്പിച്ച നിമിഷങ്ങൾ. അച്ഛൻ വിളിക്കുന്നതും കാത്തിരിക്കുന്ന അമ്മയോടു വിവരം പറഞ്ഞില്ല. വേദന ഉള്ളിലൊതുക്കി മൂന്നു ദിവസങ്ങൾ. അന്നനുഭവിച്ച അനിശ്ചിതത്വത്തിന്റെയും അരക്ഷിതാവസ്ഥയുടെയും തോത് അളന്നു പറയാൻ ഇന്നും കഴിയില്ല.

മൂന്നു ദിവസങ്ങൾക്കു ശേഷമാണ് അദ്ദേഹം വിളിക്കുന്നത്. പട്ടാളക്കാരെത്തി രക്ഷിച്ചു സുരക്ഷിതമായി ഒരു ഹോട്ടലിന്റെ ബേസ്മെന്റിലേക്കു മാറ്റുകയായിരുന്നു. കൺമുന്നിൽ കൊല്ലപ്പെട്ട അനേകം ആളുകളുടെ പിടച്ചിൽ ഉള്ളിൽനിന്നു മായാത്തതിനാലാവാം വിശ്വനാഥപ്പണിക്കർ പിന്നീട് ഇന്നുവരെ അന്നു നടന്ന സംഭവങ്ങളെപ്പറ്റി വീട്ടിൽ ചർച്ച ചെയ്യാൻ അനുവദിച്ചിട്ടില്ല. എപ്പോഴെങ്കിലും സംസാരത്തിൽ ഈ വിഷയം കടന്നു വന്നാൽ പിന്നീടുള്ള ദിവസങ്ങൾ മൗനത്തിന്റേതായിരിക്കും. അച്ഛനും അമ്മയും ഹർഷയും അടങ്ങുന്ന കുടുംബത്തിന്റെ 2002നു മുൻപുള്ള ജീവിതവും ശേഷമുള്ള ജീവിതവും രണ്ടായിരുന്നു.

harsha
ഡോ. ഹർഷ വിശ്വനാഥ് അച്ഛൻ വിശ്വനാഥിനും അമ്മ ഹേമയ്ക്കുമൊപ്പം. ചിത്രം: നിഖിൽരാജ് ∙ മനോരമ

അനുഭവങ്ങളുടെ ശേഖരങ്ങളിൽ വിങ്ങുന്നു, കലാപങ്ങൾ

കുട്ടിക്കാലം മുതൽ അച്ഛന്റെ ജോലി സ്ഥലങ്ങളിലൂടെ മാറിമാറി താമസിച്ചായിരുന്നു പഠനം. ജീവിതത്തിന്റെ ബഹുമുഖങ്ങൾ കണ്ടെത്താൻ സഹായകമായതും വിവിധ ദേശങ്ങളിലൂടെയുള്ള ഈ സഞ്ചാരമായിരുന്നു. പുതിയ ആളുകളെ പരിചയപ്പെട്ടു. പുതിയ സംസ്കാരങ്ങൾ അടുത്തറിഞ്ഞു.  ബിഹാറിലെ ബെഗുസരായിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. 1980കളിലെ ബിഹാർ, കൊള്ളക്കാരുടെ കേന്ദ്രമായിരുന്നു. ഹർഷയും കുടുംബവും താമസിച്ചിരുന്ന മേഖലയിൽ വൈകുന്നേരങ്ങളിൽ കുതിരപ്പുറത്തു കൊള്ളക്കാരെത്തും. മുന്നിൽ കാണുന്ന വീടുകളിൽ കയറി അവിടെയുള്ളതു കൊള്ളയടിക്കും. അമ്മ ഹേമയും താനും മുറിക്കുള്ളിൽ കയറി വാതിലടച്ചിരിക്കുന്നതു ഹർഷ ഇപ്പോഴും ഓർമിക്കുന്നുണ്ട്.

പിന്നീട് ആന്ധ്രയിലെ വിശാഖപട്ടണത്തേക്കു മാറി. അന്നു മൂന്നാം ക്ലാസിലാണ് ഹർഷ പഠിക്കുന്നത്. ഒരു രാത്രി ഉഗ്രസ്ഫോടനത്തിന്റെ ശബ്ദം കേട്ടാണ് ഉണരുന്നത്. ഒപ്പം മുറവിളികളും. പെട്ടെന്നു ഫ്ലാറ്റിന്റെ ജനാലകൾ തകർന്നു വീണു. എന്താണു സംഭവിക്കുന്നതെന്നറിയാതെ പരിഭ്രാന്തരായി ആളുകൾ ഓടുകയാണ്. അച്ഛനും അമ്മയും ഹർഷയെയും എടുത്തു കൊണ്ടു ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയോടി. അതൊരു നക്സൽ ആക്രമണമായിരുന്നു. തൊട്ടടുത്ത കെട്ടിടം സ്ഫോടനത്തിൽ തകർന്നു. ഹർഷയും കുടുംബവും താമസിച്ചിരുന്ന കെട്ടിടത്തിലും ബോംബ് വച്ചിരുന്നു. പിന്നീടു പൊലീസെത്തി നിർവീര്യമാക്കി. അന്നുണ്ടായ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കാണു കുടുംബം രക്ഷപ്പെട്ടത്. ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണ് ഈ സംഭവമെന്ന് ഹർഷ പറയുന്നു. ദുരന്തഭൂമികളിലൂടെയുള്ള സഞ്ചാരമായാണ് ഹർഷ തന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്നത്. 

തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ

കുറച്ചുനാൾ ഭർത്താവ് സജീവിനൊപ്പം വിദേശത്തായിരുന്നു ഹർഷ. ആ ദിവസങ്ങളിലൊന്നിലാണ് സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിൽവച്ച് കരഞ്ഞുതളർന്നു നിൽക്കുകയായിരുന്ന ഫിലിപ്പിനോ യുവതിയെ കണ്ടുമുട്ടുന്നത്.  അവിടെയുള്ള ഒരു സമ്പന്ന കുടുംബത്തിലെ വേലക്കാരിയായിരുന്നു അവർ. ആ രാജ്യക്കാരിയല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ അവർ കാലിൽ വീണ് ഇവിടെനിന്നു തന്നെ രക്ഷപ്പെടുത്തണമെന്ന് അപേക്ഷിച്ചു. ഭാഷ മനസ്സിലാകാതെ നിന്നപ്പോൾ അറിയാവുന്ന ഇംഗ്ലിഷിൽ അവർ അവസ്ഥ വിവരിച്ചു. ആ സ്ത്രീയുടെ വിഷമകഥകൾ കേൾക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഈ സംഭവത്തിനു ശേഷമാണു വീട്ടുജോലിക്കാരായി വിദേശങ്ങളിലെത്തുന്ന സ്ത്രീകൾ അനുഭവിക്കുന്ന പ്രതിസന്ധികളും യാതനകളും പഠന വിഷയമാക്കുന്നത്. ആകസ്മികമായ ഇത്തരം പരിചയപ്പെടലുകളാണു പിന്നീടു പഠനങ്ങൾക്കു വഴിതെളിച്ചത്.

അത്തരത്തിലുള്ള മറ്റൊരു കൂടിക്കാഴ്ചയിലാണ് മരുഭൂമിയിൽ തകരപ്പാട്ടകൊണ്ടുണ്ടാക്കിയ ഷെഡിൽ താമസിക്കുന്ന യസീദി വംശജരായ കുടുംബത്തെ പരിചയപ്പെട്ടത്. ഹൃദയഭേദകമായ യാഥാർഥ്യങ്ങളിലേക്കാണ് ആ കൂടിക്കാഴ്ച വാതിൽതുറന്നത്. ഐഎസ് ഭീകരർ തങ്ങളുടെ രാജ്യത്തുനിന്ന് യസീദികളെ പുറത്താക്കുകയും വധിക്കുകയും ചെയ്തിരുന്നു. യസീദി വംശത്തിൽപെട്ട ആൺകുട്ടികളെ അവരുടെ സൈന്യത്തിൽ ചേർക്കും. പെൺകുട്ടികളെയും സ്ത്രീകളെയും ലൈംഗിക അടിമകളാക്കി വിൽക്കും. അവരുടെ ആഘോഷവേളകളിലും വിശേഷ ദിവസങ്ങളിലും സുഹൃത്തുക്കൾക്ക് സമ്മാനമായി നൽകുന്നത് യസീദി പെൺകുട്ടികളെയാണ്. ക്രൂരപീഡനങ്ങളിൽ നിന്ന് കുടുംബത്തെ രക്ഷപ്പെടുത്തി മരുഭൂമിയിൽ എത്തിയതായിരുന്നു ആ കുടുംബം. യസീദികളുടെ ജീവിതാവസ്ഥകൾ പുറംലോകത്തെത്തുന്നത് നാദിയ മുറാദിന്റെ ‘ദ് ലാസ്റ്റ് ഗേൾ’ എന്ന ആത്മകഥാ പുസ്തകത്തിലൂടെയായിരുന്നു.

സുഹൃത്തുക്കൾ മുഖേന ഇത്തരം രാജ്യങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥകൾ മനസ്സിലാക്കുകയും ഗവേഷണത്തിനു ബലമേകാൻ അവിടത്തെ എഴുത്തുകാരുടെ ആത്മകഥകൾ കണ്ടെത്തി പഠനവിധേയമാക്കുകയും ചെയ്യുകയാണ് ഹർഷ. സൗദി, ഈജിപ്ത്, നൈജീരിയ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലദേശ്, കൊറിയ, ലിബിയ, സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലെ അവസ്ഥകൾ ഇതിനോടകം പഠന വിഷയമാക്കിയിട്ടുണ്ട്.

women

കഥകളുടെ ട്രാൻസിറ്റ്

സാൻവിജും കോഫിയുമായിട്ടാണു വിമാനത്താവളത്തിലെ ട്രാൻസിറ്റ് വെയ്റ്റിങ് ഏരിയയിൽ തനിച്ചിരിക്കുകയായിരുന്ന സ്ത്രീയുടെ അടുത്തെത്തിയത്. വേഷവും ഭാവവും കണ്ടപ്പോൾ തന്നെ അവർ ഒന്നും കഴിച്ചിട്ടില്ലെന്നു മനസ്സിലായി. സാൻവിജും കോഫിയും അവർക്കു നേരെ നീട്ടി. മുഖത്തു നേരിയ പരിഭ്രമമുണ്ടായിരുന്നെങ്കിലും അവരതു വാങ്ങി. പിന്നീടു പതിയെ സംസാരിച്ചു തുടങ്ങി. മുറി ഇംഗ്ലിഷാണ് ഭാഷ. ആഫ്രിക്കയിലെ നീഗർ ഡെൽറ്റയിൽ നിന്നുള്ള യുവതിയാണ്. ആ രാജ്യത്തെ സ്ത്രീകൾ അനുഭവിക്കുന്ന ദുരിത കഥകൾ ഒന്നൊന്നായി പറഞ്ഞു തുടങ്ങി. എണ്ണ പര്യവേക്ഷണത്തിനായി നിഗർ ഡെൽറ്റയിലേക്ക് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ എത്തുമായിരുന്നു. സ്വദേശികളായ പെൺകുട്ടികളെ ഇവർ വിവാഹം കഴിക്കും. എണ്ണ ഖനനം ചെയ്യുന്ന ജോലികൾ പൂർത്തിയാകുമ്പോൾ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് അവർ അവരുടെ നാട്ടിലേക്കു മടങ്ങും. ഇവിടത്തെ സ്ത്രീകളിൽ പലർക്കും ഭർത്താക്കന്മാരുടെ വിവരങ്ങൾ അറിയില്ല. ഇത്തരത്തിൽ വിവാഹിതയായ യുവതിയായിരുന്നു അവർ. 

ഭർത്താവ് ഫ്രാൻസിൽ നിന്നുള്ളയാളാണെന്നു മാത്രം അറിയാം. അമ്മയും സഹോദരങ്ങളുമെല്ലാം ഇത്തരത്തിൽ വിവാഹിതരായവരാണ്. ഭർത്താവ് പോയതോടെ കുടുംബം പട്ടിണിയായി. വിദേശത്തു ജോലി തേടി എത്തിയതായിരുന്നു അവർ. ഇക്കൂട്ടർ പലപ്പോഴും ട്രാൻസിറ്റിൽ മണിക്കൂറുകൾ കാത്തിരിക്കുന്നതു വിശപ്പു സഹിച്ചാണ്. ഭക്ഷണം കഴിക്കാൻ പോലും പണമുണ്ടാകാറില്ല.

കലാപങ്ങൾ ബാക്കിയാക്കുന്നത്

സിഖ് വിരുദ്ധ കലാപത്തിന്റെ ഇരകളായി ഇന്നും ദുരിതജീവിതം നയിക്കുന്ന ധാരാളം ആളുകൾ ഡൽഹിയിലുണ്ട്. ഇവർക്കു പുനരധിവാസ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല. ജീവിതത്തിലെ കറുത്ത നാളുകളുടെ ഓർമകൾ പങ്കുവയ്ക്കുവാൻ അവർക്കു ഭയമാണ്. ഇവരുടെ ജീവിതം പഠിക്കാനായി നടത്തിയ യാത്രയിലാണ് കലാപത്തിനിരയായ 60 വയസ്സുള്ള സ്ത്രീയെ പരിചയപ്പെട്ടത്. അന്ന് അവർക്കു ചെറിയ പ്രായമേ ഉണ്ടായിരുന്നുള്ളൂ. കലാപം മൂർഛിച്ചു നിൽക്കുന്ന സമയം. ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനു പാൽ കൊടുത്തു കൊണ്ടിരുന്നപ്പോളാണു വീട്ടിൽ കലാപകാരികൾ എത്തുന്നത്. 

കുഞ്ഞിനെ മുലയൂട്ടുന്നതു കണ്ട് അവർ ഉപദ്രവിക്കാതെ മുറിയിൽ നിന്നു പുറത്തുപോയി. എന്നാൽ അവരിലൊരാൾ തിരിച്ചുവന്ന് ആ സ്ത്രീയുടെ മാറിടത്തിൽ കത്തി കൊണ്ടു കുത്തി. ഇന്നും ആ ‘മുറിപ്പാട്’ നെഞ്ചിലേറ്റിയാണ് അവർ ജീവിക്കുന്നത്. അവിടെ കണ്ടുമുട്ടിയ ഓരോ സ്ത്രീക്കും ഓരോ കഥകൾ പറയുവാനുണ്ടായിരുന്നു. പക്ഷേ, എന്തുകൊണ്ടോ അവരുടെ ശബ്ദം പുറത്തു വന്നില്ല.

റെയിൽവേ ചിൽഡ്രൻ

ഡൽഹിയിലെ ഓൾഡ് റെയിൽവേ സ്റ്റേഷനിൽ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. തട്ടിപ്പുകാരും കൊള്ളക്കാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു തട്ടിക്കൊണ്ടു വന്ന കുട്ടികൾ റെയിൽവേ സ്റ്റേഷനിൽ ഭിക്ഷാടനം നടത്തുകയാണ്. ഉത്സവപ്പറമ്പുകളിലും ആരാധനാലയങ്ങൾക്കു മുന്നിലും ഭിക്ഷയെടുപ്പിക്കാനായി ഈ കുട്ടികളെ കൊണ്ടുപോകുന്നു. ട്രെയിൻ യാത്രയ്ക്കിടയിൽ കാണാതാകുന്ന കുട്ടികളും അവസാനം ഇവിടെയാണ് എത്തിച്ചേരുന്നത്. ഈ വിഷയത്തെപ്പറ്റി കൂടുതലറിയാൻ ഭർത്താവിനൊപ്പം റെയിൽവേ സ്റ്റേഷനിലെത്തി. ധാരാളം കുട്ടികളെ അവിടെ കാണാനിടയായി. മൂന്നു ദിവസം ഇവിടെ നിരീക്ഷണം നടത്തി. നാലാമത്തെ ദിവസം, ഇനിയും ഇവിടെ തുടരുന്നതു ജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പ് കിട്ടിയതിനാൽ തിരികെപ്പോരുകയായിരുന്നു.

രാത്രിയിലും പകലുമായുള്ള യാത്രകളിൽ ഭർത്താവ് സജീവും ഒപ്പമുണ്ട്. യാത്രകളിൽ കണ്ടെടുത്ത അനുഭവങ്ങളിൽ നിന്നു ‘സൈക്കോ സ്പേഷ്യൽ കൺസിസ്റ്റൻസീസ്’ എന്ന സിദ്ധാന്തവും രൂപീകരിച്ചു. മനുഷ്യന്റെ ജീവിതത്തിലുണ്ടാകുന്ന മാനസികാഘാതങ്ങൾ ഏതെങ്കിലുമൊരു സ്ഥലവുമായോ സമയവുമായോ ബന്ധപ്പെട്ടു കിടക്കുന്നതാണെന്നു സിദ്ധാന്തത്തിൽ പറയുന്നു.

കായംകുളം എംഎസ്എം കോളജ് ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണിപ്പോൾ ഹ‍ർഷ വിശ്വനാഥ്. ഇംഗ്ലിഷ് സാഹിത്യവുമായി ബന്ധപ്പെട്ട് ഇതിനോടകം നാലു പുസ്തകങ്ങളും എഴുതി. മികച്ച സാമൂഹിക പ്രവർത്തകയ്ക്കുള്ള ഡോ. അംബേദ്കർ അവാർഡ്, നവോത്ഥാന സാൻസ്ക്രിറ്റ് അവാർഡ് എന്നിവയും നേടിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ 20 വർഷങ്ങളിലായി സംഭവിച്ച മാറ്റങ്ങളെപ്പറ്റിയും അവിടത്തെ സ്ത്രീകളുടെ ഉന്നമനത്തെപ്പറ്റിയും പുസ്തകം എഴുതുകയാണിപ്പോൾ.

സ്വന്തമായി ജോലി ചെയ്തു സമ്പാദിച്ചു തുടങ്ങിയ നാൾ മുതൽ സാമൂഹിക സേവനം ജീവിതത്തിന്റെ ഭാഗമാക്കിയ ഹർഷ പഠനത്തിനും മറ്റും ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കു സഹായമെത്തിക്കുകയും തുടർ പഠനത്തിന് അവസരമൊരുക്കുകയും ചെയ്തു വരികയാണ്. നൂറിലധികം വിദ്യാർഥികൾക്കാണ് ഹർഷയുടെ സ്നേഹത്തണലിൽ പഠനത്തിനുള്ള വഴി തെളിഞ്ഞത്. അതോടൊപ്പം സാമൂഹികപരമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ കണ്ടെത്തി അവർക്കു ബോധവൽക്കരണവും കൗൺസലിങ്ങും നൽകി വരുന്നു. ആലപ്പുഴ ചെന്നിത്തലയാണ് സ്വദേശം. ഭർത്താവ് ദ്വാരകയിൽ സജീവ് ബിസിനസ് രംഗത്താണ്. ഏക മകൾ സഞ്ജന 10–ാം ക്ലാസ് വിദ്യാർഥിനി. അച്ഛൻ വിശ്വനാഥൻ ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു. എഴുത്തുകാരി കൂടിയാണ് അമ്മ ഹേമ വിശ്വനാഥ്.

English Summary: Life of Dr. Harsha Viswanath and studies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA