ആധുനികതയും പൗരാണികതയും ചേർന്ന ക്ഷേത്രസമുച്ചയം; കാശി, മോക്ഷ കവാടം

kashi-vishwanath-dham-corridor
നിർമാണം പൂർത്തിയാകുന്ന കാശിധാം ഇടനാഴിയുടെ ഒരുഭാഗം
SHARE

വാരാണസിയിൽ കാശി വിശ്വനാഥ ക്ഷേത്രവും ഗംഗാനദിയും തമ്മിൽ ബന്ധിപ്പിക്കുന്ന കാശി ധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിനു തുറന്നുകൊടുക്കും. ആധുനികതയും പൗരാണികതയും സമന്വയിക്കുന്ന ക്ഷേത്ര സമുച്ചയം വാരാണസിയുടെ മുഖഛായ തന്നെ മാറ്റിക്കഴിഞ്ഞു. ഗംഗാനദീ തീരത്തുനിന്ന് ഇനി 400 മീറ്റർ നടന്നാൽ ക്ഷേത്രത്തിലെത്താം.

മോക്ഷ കവാടമാണ് കാശി. ഗംഗാനദിയിൽ നിന്നു കരയിലേക്കു നോക്കുമ്പോൾ ഭഗവാൻ പരമശിവന്റെ ജടയിലെ ചന്ദ്രക്കല ഭൂമിയിലിറങ്ങി വന്നതു പോലെയാണ് കാശി നഗരത്തിന്റെ കിടപ്പ്. പരമപദം കാംക്ഷിച്ച് എരിഞ്ഞടങ്ങുന്ന നശ്വരജന്മങ്ങളുടെ ഭൗതികാവശിഷ്ടങ്ങളും പാപങ്ങളുമേറ്റുവാങ്ങിയൊഴുകുന്ന ഗംഗ.

തീരത്ത്, എരിഞ്ഞൊടുങ്ങാത്ത എണ്ണമറ്റ ചിതകൾക്കും, ശവഗന്ധത്തോടൊപ്പം മന്ത്രങ്ങളും മണക്കുന്ന കാറ്റിനുമപ്പുറത്ത്, ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ലാത്ത തിരക്കുകൾക്കപ്പുറത്ത് കാന്തം പോലെ വലിച്ചടുപ്പിക്കുന്ന എന്തോ ഉണ്ട് കാശിയിലെന്നു തോന്നും അവിടെയെത്തുമ്പോൾ. നഗരത്തിന്റെ ഹൃദയഭാഗത്ത്, ഗംഗയുടെ ഓരത്ത്, തിളങ്ങുന്ന ശ്രീകോവിലിൽ മഹാദേവനുണ്ട്. സംഹാരമൂർത്തിയായ രുദ്രനല്ല, ജ്ഞാനത്തിന്റെ വെളിച്ചം വിതറുന്ന മോക്ഷദായകനാണ് കാശിയിലെ ശിവൻ. ഗുരുവും രാജാവുമാണ് കാശി വിശ്വനാഥൻ.

ganga-shore
ഗംഗാതീരത്തേക്കുള്ള വഴിയിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നു

വിശ്വാസത്തിലെ കാശി

കാശിയിലെത്തിയാൽ ദേഹം കൈവിടുന്നതിനു മുൻപേ ദേഹി പഞ്ചഭൂതങ്ങൾക്കുമപ്പുറത്തെ പരമസത്യത്തിന്റെ പുണ്യമറിയുമെന്നാണ് വിശ്വാസം. ആ തരത്തിലാണ് കാശി നഗരത്തിന്റെ നിർമാണമെന്നു പറഞ്ഞു തരും ഗംഗാതീരത്തെ സന്യാസിമാർ. ത്രിശൂലത്തിന്റെ നടുവിലാണ് കാശിയുടെ സ്ഥാനം. അയോധ്യയും ഉജ്ജയിനുമടക്കമുളള പുണ്യസ്ഥലങ്ങളിൽ നിന്നെല്ലാം അന്തിമ മോക്ഷം തേടുന്ന ആത്മാക്കളെത്തിച്ചേരുന്നത് കാശിയിലാണെന്നാണ് സങ്കൽപം.

സകല കെട്ടുപാടുകളുമുപേക്ഷിച്ച് മണികർണിക ഘാട്ടിലൊരു ചിതയിലൊടുങ്ങാൻ കാത്തിരിക്കുന്ന ജന്മങ്ങളെയിപ്പോഴും തീരത്തും തെരുവുകളിലും കാണാം. രാജാവായ ശിവന്റെ മന്ത്രിമാരായ താരകേശ്വരനും ഭുവനേശ്വരനും മുഖ്യക്ഷേത്രത്തിനടുത്തുളള ക്ഷേത്രങ്ങളിലുണ്ട്. ഭക്തരുടെ പ്രാർഥനകൾക്ക് എങ്ങനെ പ്രതിഫലമെന്നു നിശ്ചയിക്കുന്ന അന്നപൂർണേശ്വരിയുമുണ്ട്. 12 ജ്യോതിർലിംഗങ്ങളിലൊന്നാണ് കാശിയിലേത്. അനന്തമായ പരമപ്രകാശത്തിന്റെ പ്രതിരൂപം.

kashi-vishwanath-temple
നവീകരണം പുരോഗമിക്കുന്ന കാശി വിശ്വനാഥ ക്ഷേത്രം. രാത്രികാഴ്ച.

ചരിത്രത്തിലെ കാശി

കാലാതീതമാണ് കാശി നഗരമെന്നാണ് ശിവപുരാണം പറയുന്നത്. കാലാന്തരത്തിൽ പല ആക്രമണങ്ങൾക്കും വിധേയമായിരുന്നു കാശിയും വിശ്വനാഥക്ഷേത്ര പരിസരവും. ക്ഷേത്രത്തിലെ ശിവലിംഗം മുൻപ് 5 ഇടങ്ങളിൽ പ്രതിഷ്ഠിച്ച ശേഷമാണ് ഇവിടെയെത്തിയതെന്നു കരുതുന്നവരുണ്ട്. 10–ാം നൂറ്റാണ്ടിൽ വൈദേശികാക്രമണങ്ങളിൽ ക്ഷേത്രത്തിനു കേടുപാടു സംഭവിച്ചു. 17–ാം നൂറ്റാണ്ടിൽ ക്ഷേത്രത്തോടു ചേർന്ന് ജ്ഞാൻവ്യാപി പള്ളിക്ക് മുഗൾ ചക്രവർത്തിയായ ഔറംഗസേബ് തറക്കല്ലിട്ടു. ഇപ്പോഴത്തെ ഗോപുരങ്ങൾ മറാഠാ രാജ്ഞി അഹല്യാബായ് ഹോൽക്കർ 1780ൽ നിർമിച്ചതാണ്. 1839ൽ മഹാരാജ രഞ്ജീത് സിങ് നൽകിയ സ്വർണത്താൽ ഗോപുരങ്ങൾ പൊതിഞ്ഞു. 920 കിലോ സ്വർണമാണ് ഇതിനുപയോഗിച്ചതെന്നു പറയുന്നു.

പുതിയ കാശി

ഇപ്പോൾ കാലത്തിനനുസരിച്ച് ക്ഷേത്രത്തെയും പരിസരങ്ങളെയും വീണ്ടെടുക്കുകയാണ് യുപി സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതികളിലൊന്ന്. ആധുനികതയ്ക്കനുസരിച്ചു മാറ്റങ്ങൾ വരുത്തുമ്പോഴും പൗരാണികതയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടു തന്നെയാണ് ‘കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി’ പദ്ധതി നടപ്പാക്കുന്നത്. നാളെ  പ്രധാനമന്ത്രി അത് ഉദ്ഘാടനം ചെയ്യുകയാണ്. ഗംഗാനദിയെ ക്ഷേത്രവുമായി ബന്ധിപ്പിക്കുകയാണ് കാശി ധാം ഇടനാഴിയുടെ മുഖ്യ ഉദ്ദേശ്യം.

varanasi
വാരാണസി നഗരം: ഫയൽ ചിത്രം

കൂറ്റൻ ക്ഷേത്ര കോംപ്ലക്സ്

വാരാണസിയുടെ മുഖഛായ മാറ്റുന്ന ഈ പദ്ധതിക്ക് 2019 മാർച്ചിലാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. ഇതിനായി ശ്രീ കാശി വിശ്വനാഥ് സ്പെഷൽ ഡവലപ്മെന്റ് ബോർഡ് രൂപവൽക്കരിച്ചു. 800 മുതൽ 1000 കോടി രൂപവരെയാണ് ചെലവു കണക്കാക്കുന്നത്. ഡൽഹിയിലെ‍ സെൻട്രൽ വിസ്റ്റ രൂപകൽപന ചെയ്ത ഗുജറാത്തിലെ ബിമൽ പട്ടേലിന്റെ എച്ച്സിപി ഡിസൈൻ എന്ന സ്ഥാപനം തന്നെയാണ് കാശി ധാമിന്റെയും രൂപകൽപന.

ഒരു മന്ദിർ ചൗക്ക്(കരകൗശല വസ്തുവിൽപനകേന്ദ്രങ്ങൾ, പ്രദർശന ഹാൾ, ക്ഷേത്ര ട്രസ്റ്റ് ഓഫിസ് എന്നിവ), സിറ്റി മ്യൂസിയം, കാശിയുടെ പുരാണം പറയുന്ന വാരാണസി വെർച്വൽ ഗ്യാലറി, ഓഡിറ്റോറിയം, ഭക്തജനങ്ങൾക്കും പുരോഹിതർക്കും വിശ്രമകേന്ദ്രങ്ങൾ, മോക്ഷം തേടിയെത്തുന്ന മുതിർന്നവർക്കായി മോക്ഷഭവനം, ഭക്തർക്കു വേണ്ട പൊതുസൗകര്യങ്ങൾ ഫുഡ്കോർട്ട്, ആധ്യാത്മിക ഗ്രന്ഥങ്ങളുള്ള ലൈബ്രറി, ടൂറിസ്റ്റ് സെന്റർ, ഗോദൗലിയ കവാടം എന്നിവയാണ് നിർമിക്കുന്നത്. ജോലികൾ 70 ശതമാനത്തോളം തീർന്നു കഴിഞ്ഞു, ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്താണ് ഗംഗ.

സദാസമയവും ചിതകളെരിയുന്ന മണികർണിക ഘാട്ടിൽ നിന്നും ജലാസൻ ഘാട്ട്, ലളിത ഘാട്ട് എന്നിവിടങ്ങളിൽ നിന്നും ഒരു നേർരേഖയിലെന്നോണം കാശി വിശ്വനാഥന്റെ ക്ഷേത്രം കാണാം. മണികർണിക, ലളിത ഘാട്ടുകളിൽ ഗംഗാ നദിയിലെ ക്രൂസ് സർവീസുകളിൽ വന്നിറങ്ങുന്നവർക്ക് ഇനി നേരേ ക്ഷേത്രത്തിലേക്കു കയറാവുന്ന വിധമാണ് ഇടനാഴി തയാറാക്കിയിരിക്കുന്നത്. 400 മീറ്റർ നടന്നാൽ ക്ഷേത്രത്തിലെത്താം. നടക്കാൻ പ്രയാസമുള്ളവർക്ക് എസ്കലേറ്ററുകളും വീൽചെയറുകളുമുണ്ടാകും.

ആധുനികതയും പൗരാണികതയും സമന്വയിക്കുന്ന ക്ഷേത്ര സമുച്ചയമാണ് കാശിധാം ഇടനാഴി നൽകുന്നത്. 5 ഹെക്ടർ സ്ഥലത്താണ് പദ്ധതി തയാറാവുന്നത്. മഹാറാണി അഹല്യാബായ് ഹോൽക്കറുടെ പ്രതിമയും ഇടനാഴിയിലുണ്ടാകും.

vishwanatha-temple
വിശ്വനാഥ ക്ഷേത്രത്തിലെ പൂജ

ഭക്തരുടെ സൗകര്യത്തിനു മുൻതൂക്കം

ഘാട്ടുകളിലേക്കുള്ള വഴികളും ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടങ്ങളും പൂർത്തീകരണ ഘട്ടത്തിലാണ്. ദശസ്വമേധ് ഘാട്ടിലേക്കുള്ള വഴിയിലെ കവാടത്തിൽ ആദിശങ്കരന്റെ പ്രതിമയാണുള്ളത്. കാശിയിലേക്കു വരാൻ 7 കടമ്പകൾ കടന്നെത്തണമെന്ന സങ്കൽപത്തിനനുസരിച്ച് 7 കൂറ്റൻ കവാടങ്ങളാണ് സമുച്ചയത്തിനുള്ളത്. ഓരോന്നിലും ഓരോ ദേവതകളുടെ രൂപങ്ങളുണ്ട്. ക്ഷേത്രസമുച്ചയത്തിന്റെ 70 ശതമാനം സ്ഥലവും നിർമാണ പ്രവർത്തനങ്ങളില്ലാതെ തുറന്നു കിടക്കുന്ന സ്ഥലങ്ങളാണ്. 10,000 പേർക്ക് ധ്യാനത്തിനു സൗകര്യമുണ്ട്.

ക്ഷേത്രത്തിനു ചുറ്റുമായി 24 കെട്ടിടങ്ങളുണ്ട്. ചുമരുകളിൽ വേദശകലങ്ങളും ശ്ലോകങ്ങളും കൊത്തിവച്ചിരിക്കുന്നു. 300 ചതുരശ്ര മീറ്ററിലായിരുന്ന ക്ഷേത്രസമുച്ചയത്തെ മാത്രം 3000 ചതുരശ്രമീറ്ററിൽ വിശാലമാക്കി. സാധാരണ ദിവസങ്ങളിൽ 5000ലേറെയും വിശേഷ ദിവസങ്ങളിൽ ഒന്നുമുതൽ മൂന്നുലക്ഷത്തോളവും ഭക്തർ വാരാണസിയിലെത്തുന്നുണ്ടെന്നാണ് ജില്ലാ അധികൃതരുടെ കണക്ക്. ജോലികൾ പൂർത്തിയാകുമ്പോൾ വിശ്വനാഥ ക്ഷേത്രപരിസരത്തു മാത്രം 50,000 പേരെയും ക്ഷേത്ര കോംപ്ലക്സിൽ 75,000 പേരെയും ഉൾക്കൊള്ളാനാകും.

kashi-street
പുതുക്കിപ്പണിത തെരുവുകളിലൊന്നിലെ തിരക്ക്

വേണ്ടി വന്നത് ഭഗീരഥപ്രയത്നം

മുൻപു നൂറുകണക്കിനു കടകൾക്കും വീടുകൾക്കുമിടയിലൂടെ തിക്കിത്തിരക്കി വേണമായിരുന്നു ക്ഷേത്രപരിസരത്തെത്താൻ. മണിക്കൂറുകൾ ക്യൂ നിന്നു കയറിയാൽത്തന്നെ ഏതാനും മിനിറ്റുകൾക്കപ്പുറം ശ്രീകോവിൽ പരിസരത്തു നിൽക്കാനാവുമായിരുന്നില്ല. സ്ഥലപരിമിതി തന്നെ കാരണം. ശ്രീ കാശി വിശ്വനാഥ് സ്പെഷൽ ഡവലപ്മെന്റ് ബോർഡ് ആദ്യ പ്ലാൻ തയാറാക്കുമ്പോൾ 197 കെട്ടിടങ്ങളായിരുന്നു കണക്കിലുണ്ടായിരുന്നത്. അവസാനഘട്ടത്തിലെത്തിയപ്പോൾ അതു മുന്നൂറിലേറെ ആയി.

ഒടുവിൽ പുനരധിവസിപ്പിക്കേണ്ടി വന്നതു സ്ഥാപനങ്ങളും കുടുംബങ്ങളുമടക്കം 1400 കെട്ടിടങ്ങളിലുള്ളവരെ. ഇവിടെനിന്നു കുടിയൊഴിപ്പിക്കപ്പെട്ടവർക്കു നഷ്ടപരിഹാരവും നഗരത്തിന്റെ മറ്റൊരു ഭാഗത്തു താമസസ്ഥലവും നൽകി. നിരന്തര ചർച്ചകളിലൂടെയാണ് ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. പലരുടെ പക്കലും രേഖകളുണ്ടായിരുന്നില്ല. തർക്കങ്ങളുണ്ടായെങ്കിലും ഒരു കേസുപോലുമുണ്ടായില്ലെന്നതു ഭരണകൂടത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു. ചില അവസരങ്ങളിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടി ചർച്ചകളിൽ പങ്കാളിയായി. മാറ്റിത്താമസിപ്പിക്കപ്പെട്ട കുടുംബങ്ങൾ കൂടി പ്രധാനമന്ത്രിക്കൊപ്പം ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

വീണ്ടെടുത്തത് 40 ക്ഷേത്രങ്ങൾ

വിശ്വനാഥ ക്ഷേത്രത്തിനു ചുറ്റും മാത്രം 314 കെട്ടിടങ്ങളാണ് ഏറ്റെടുത്തു പൊളിച്ചു നീക്കിയതെന്ന് നിർമാണ ബോർഡ് ചെയർമാനും വാരാണസി ഡിവിഷനൽ കമ്മിഷണറുമായ ദീപക് അഗർവാൾ പറയുന്നു. പല വീടുകളും കടകളും പൊളിച്ചപ്പോൾ കണ്ടെത്തിയത് വിവിധ ദേവതകളുടെ പ്രതിഷ്ഠകളുള്ള ചെറുതും വലുതുമായ 40 ക്ഷേത്രങ്ങളാണ്. ഇത് ഇഷ്ടികകൊണ്ടും മറ്റും മൂടി അതിനു ചുറ്റും കെട്ടിടമുണ്ടാക്കി കയ്യേറിയതായിരുന്നു പണ്ട്. ഇവയിലെ വിഗ്രഹങ്ങൾ നടവഴിയിലെ ഗാലറികളിൽ പ്രതിഷ്ഠിക്കും.

kashi-temple
കാശി വിശ്വനാഥ ക്ഷേത്രം. നവീകരിച്ച കവാടങ്ങളിലൊന്നിൽ ശങ്കരാചാര്യരുടെ പ്രതിമ.

നഗരമൊന്നാകെ ഒരുനിറം

ലോകത്തിന് അനന്തമായ പ്രകാശം പരത്തുന്നയിടമെന്നു കൂടി കാശിക്ക് അർഥമുണ്ട്. അത് അന്വർഥമാക്കുന്ന വിധത്തിലാണ് കാശിയെ മാറ്റിയെടുക്കുന്നത്. ഇടനാഴിയിൽ സ്കൈ ബീം ലൈറ്റ് സംവിധാനമേർപ്പെടുത്തുന്നുണ്ട്. കിലോമീറ്ററുകൾക്കപ്പുറത്തുനിന്ന് ആ പ്രകാശം കാണാം.

നടപ്പാതകളും പാതയോരങ്ങളും സമീപത്തെ കെട്ടിടങ്ങളുമെല്ലാം ഒരേ നിറമണിഞ്ഞിരിക്കുന്നു. കെട്ടിടങ്ങൾക്കെല്ലാം പിങ്ക് കലർന്ന നിറമടിക്കുന്നത് വാരാണസി നഗരസഭ തന്നെയാണ്. പല കെട്ടിടങ്ങളും പുതുക്കിപ്പണിതു. നഗരത്തിലെ പൊലിസ് കമ്മിഷണർ ഓഫിസിനു പോലും പൗരാണിക പ്രൗഢിയാണ്. ഗോദൗലിയ ചൗക്കിൽനിന്നു ക്ഷേത്രത്തിലേക്കും ഘാട്ടുകളിലേക്കും പോകുന്ന വഴികളിലെല്ലാം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു. ഗലികൾ വീതിയേറിയ റോഡുകളായിരിക്കുന്നു. കാസ്റ്റ് അയണിൽ എൽഇഡി വിളക്കുകൾ വെളിച്ചം വിതറുന്നു.

ഉദ്ഘാടനത്തിനു ശേഷം

നാളത്തെ ഉദ്ഘാടനത്തിനു ശേഷം ക്ഷേത്രവുമായി ബന്ധപ്പെട്ട വികസനം നടത്തിയ ഭാഗങ്ങൾ പൊതുജനങ്ങൾക്കു തുറന്നു കൊടുക്കും. രണ്ടാംഘട്ടമായി ഗംഗാതീരത്തെ കടവുകൾ വികസിപ്പിക്കുന്ന പദ്ധതിയുണ്ട്. അത് അടുത്ത മാസം അവസാനത്തോടെ പൂർത്തീകരിക്കുമെന്നാണ് കരുതുന്നത്. ഉദ്ഘാടന ശേഷം ഒരുമാസത്തോളം നീളുന്ന ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. നഗരം മുഴുവൻ ദീപാലങ്കാരം നടത്തിയിട്ടുണ്ട്. കാലങ്ങളെ ചേർത്തു വയ്ക്കുകയാണ് കാലാതീതമായ നഗരം.

English Summary: PM Modi to inaugurate Kashi-Vishwanath Corridor 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA