ADVERTISEMENT

ബ്രിട്ടിഷ് യുദ്ധക്കപ്പലായ എച്ച്എംഎസ് മിൻഡൻ. അതിന്റെ ചരിത്രം കേരളത്തിന്റെ നഷ്ടമാണ്. കാരണം ആ കപ്പൽ ആദ്യം നി‍ർമിക്കാൻ തീരുമാനിച്ചതു ബേപ്പൂരിലായിരുന്നു. കപ്പൽ നിർമിക്കാൻ കേരളത്തിനു സാധിച്ചില്ലെങ്കിലും മലബാറിൽനിന്നുള്ള തേക്കുതടി ലോകമെമ്പാടും കപ്പൽ നിർമാണത്തിന് അവശ്യവസ്തുവായി മാറാൻ എച്ച്എംഎസ് മിൻഡൻ ഒരു നിമിത്തമായി. അധികം എഴുതപ്പെടാത്ത ആ ചരിത്രം...

യൂറോപ്പിനു പുറത്തു നിർമിച്ച ആദ്യ ബ്രിട്ടിഷ് യുദ്ധക്കപ്പലായിരുന്നു എച്ച്എംഎസ് മിൻഡൻ. യുദ്ധ സമയത്തെ മിൻഡനിലെ യാത്രയിൽ മനസ്സിൽ രൂപപ്പെട്ട ആശയംകവി ഫ്രാൻസിസ് സ്കോട്ട് കീ കവിതയാക്കി. ഈ കവിത പിന്നീടു യുഎസിന്റെ ദേശീയ ഗാനമായി, സ്റ്റാർ സ്പാങ്ൾഡ് ബാനർ. രണ്ടു ലോകോത്തര ശക്തികളുടെ ചരിത്രവുമായി ചേർന്നു നിൽക്കുന്ന ഈ കപ്പൽ നിർമിച്ചതു ഇന്ത്യയിലെ തന്നെ കപ്പൽശാലയിലാണ്; ബോംബെയിൽ. എഴുതപ്പെട്ട ചരിത്രമാണ് ഇത്രയും. എന്നാൽ അധികമാരും അറിയാത്ത കേരളത്തിനു നഷ്ടപ്പെട്ട ഒരു കഥ കൂടി മിൻഡനു പറയാനുണ്ട്. ഈ കപ്പൽ നിർമിക്കാൻ ബ്രിട്ടിഷ് ഭരണകർത്താക്കളെ ആദ്യം സമീപിച്ചതു ബേപ്പൂർ ആയിരുന്നു. ബേപ്പൂരിനെ കൈവിട്ടാണു മിൻഡൻ ബോംബെയിൽ പണി കഴിപ്പിച്ചത്. അപ്പോഴും നിർമാണത്തിനുപയോഗിച്ചതു ലോകത്തിലെ ഏറ്റവും മികച്ച തടിയായി കരുതുന്ന മലബാർ തേക്ക് തന്നെയായിരുന്നു.

തേക്കിൽ തീർത്ത കപ്പൽ

മിൻഡന്റെ ചരിത്രം കേരളവുമായി ബന്ധപ്പെടുന്നതു പോലെ അക്കാലത്തെ കപ്പൽ നിർമാണ രീതിയെയും അതിൽ തേക്കുതടി വരുത്തിയ മാറ്റങ്ങളെയും വ്യക്തമായി പറയുന്നു. മലബാർ തേക്ക് വളരെ വിലപ്പെട്ട തടി തന്നെയാണ് അന്നും ഇന്നും. പാശ്ചാത്യ രാജ്യങ്ങൾ അവരുടെ കപ്പലുകൾ നിർമിച്ചിരുന്നതു യൂറോപ്യൻ ഓക്ക് തടിയിലായിരുന്നു. ഓക്കിൽ തീർത്ത കപ്പലുകളിലാണ് അവർ പടപൊരുതി ലോകം കീഴ്പ്പെടുത്തിയത്. വർഷങ്ങൾ കഴിഞ്ഞാണു മലബാർ തേക്കിൽ തീർത്ത കപ്പൽ ഓക്ക് കപ്പലിനെക്കാൾ പല മടങ്ങു ബലവും ഈടും ഉള്ളവയാണെന്ന് അവർക്കു മനസ്സിലായത്. ‍

തേക്കിൽ കപ്പൽ പണിയാൻ കഴിയുമെന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയോടു നിരന്തരം പറയുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്തത് അലക്സാണ്ടർ മക്കണോക്കി എന്ന ഇടനിലക്കാരനാണ്. മലബാറിലെ കൂപ്പുകളിൽ നിന്നു തടിയെടുത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു വിൽപന നടത്തുന്നയാളായിരുന്നു മക്കണോക്കി. തേക്കിന്റെ ഗുണഗണങ്ങൾക്കു പുറമെ മക്കണോക്കിയിൽ കമ്പനിക്കുണ്ടായിരുന്ന വിശ്വാസമാണു തേക്ക് കപ്പൽ നിർമിക്കുന്നതിലേക്കു കാര്യങ്ങൾ അടുപ്പിച്ചത്.

ഒരു ഇടനിലക്കാരൻ എന്ന നിലയ്ക്കു പുറത്തേക്കും വ്യക്തിമുദ്ര പതിപ്പിക്കാൻ മക്കണോക്കിക്കു കഴിഞ്ഞിരുന്നു. സുഗന്ധ വ്യഞ്ജനങ്ങളുടെ ഇടനിലക്കാരനായി തുടങ്ങി പിന്നീടു തടി വ്യവസായത്തിലേക്കും വ്യാപിച്ച മക്കണോക്കി 1805ൽ ലണ്ടനിൽ വച്ച് ഒരു കപ്പൽ നിർമിക്കുകയും ചെയ്തു. പല മേഖലകളിൽ കഴിവു തെളിയിച്ച ആളെന്നതായിരുന്നു മക്കണോക്കിയുടെ കമ്പനി സ്വാധീനത്തിനു കാരണം. അതോടൊപ്പം തേക്ക് കപ്പൽ മികച്ച പ്രവർത്തനം നടത്തിയതും മക്കണോക്കിയുടെ വിജയമായി.

മിൻഡൻ: ലോകം വായിക്കുന്നു

ഇന്ത്യയിൽ നിന്നുള്ള തേക്ക് യൂറോപ്പിലെത്തിച്ച് കപ്പൽ പണിയുന്നതിന്റെ ചെലവായിരുന്നു മക്കണോക്കിയുടെ തുറുപ്പു ചീട്ട്. ഇന്ത്യയിൽ തന്നെ കപ്പൽ നിർമിച്ചാൽ ചെലവു ഗണ്യമായി കുറയ്ക്കാം. അക്കാലത്ത് ഇന്ത്യയിൽ കപ്പൽ നിർമാണം വികസിച്ചു വരികയുമായിരുന്നു. ബോംബെയിലും മറ്റും മികച്ച കപ്പൽ നിർമാണശാലയും തൊഴിലാളികളുമുണ്ടായിരുന്നു.  നിർബന്ധങ്ങൾക്കു വഴങ്ങി മക്കണോക്കിയുടെ നിർദേശം കമ്പനി അംഗീകരിച്ചു. 74 പീരങ്കികൾ ഉൾക്കൊള്ളാവുന്ന കപ്പൽ നിർമിക്കാനായിരുന്നു പദ്ധതി. മലബാർ തീരവും ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള വാണിജ്യ ബന്ധങ്ങളും കരാറിലേർപ്പെടാൻ സഹായിച്ചു.

കടലിന്റെ രാജാവാകാനുള്ള പദ്ധതിയാണു കമ്പനി മുന്നോട്ടു വച്ചത്. ബ്രിട്ടന്റെ ഏറ്റവും വലിയ യുദ്ധക്കപ്പൽ. യൂറോപ്പിനു പുറത്തു നിർമിക്കുന്ന അവരുടെ ആദ്യ യുദ്ധക്കപ്പൽ. അതും ഏറ്റവും മികച്ച തേക്കിൽ തീർത്തത്. യുദ്ധങ്ങളിൽ ബ്രിട്ടന്റെ പുതിയ കപ്പൽ മേൽക്കൈ നൽകുമെന്നതു തീർച്ചയായിരുന്നു.‌

കപ്പൽ നിർമിക്കാമെന്നു കമ്പനി സമ്മതിച്ചതോടെ എവിടെ നിർമിക്കും എന്നതായി അടുത്ത ചോദ്യം. ബേപ്പൂരിനായി മക്കണോക്കി വാദിച്ചു. കപ്പൽശാല ബേപ്പൂരിൽ പണിതു കപ്പൽ നിർമിക്കാമെന്നു പദ്ധതിയിട്ടു. എന്നാൽ തേക്കിന്റെ ലഭ്യതയ്ക്കപ്പുറം ബേപ്പൂരിനെ സഹായിക്കാൻ ഒന്നുമില്ലായിരുന്നു. മുൻപു കപ്പൽ നിർമിച്ചു പരിചയമില്ലാത്ത തൊഴിലാളികളെക്കൊണ്ടു ഭീമൻ കപ്പൽ നിർമിക്കാൻ ഇംഗ്ലിഷ് കമ്പനി തയാറായില്ല. അവർ പരിചയമുള്ള ബോംബെയിലെ കപ്പൽ നിർമാതാക്കൾ തന്നെ മതിയെന്നു തീരുമാനിച്ചു.

കപ്പലിനെക്കുറിച്ചുള്ള ചർ‍ച്ചകൾ തുടങ്ങിയ കാലം മുതൽ ഇതു വാർത്തകളിൽ ഇടംനേടി. ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ ബ്രിട്ടൻ ആദ്യമായി യൂറോപ്പിനു പുറത്തൊരു കപ്പൽ നിർമിക്കാൻ തീരുമാനിച്ചതു തന്നെ കാര്യം. ലോക മാധ്യമങ്ങളുടെ ശ്രദ്ധയിലേക്കു മിൻഡനൊപ്പം ബേപ്പൂരും കടന്നു വന്നു. കേരളത്തിലെ തേക്കും ലോകശ്രദ്ധ നേടി. കപ്പൽ നിർമാണത്തിന്റെ ഓരോ ഘട്ടവും അറിയാൻ കാത്തിരുന്നവരിൽ സൈനിക ശക്തികളായ രാജ്യങ്ങൾ തന്നെയുണ്ടായിരുന്നു. ഏറ്റവും വലിയ യുദ്ധക്കപ്പൽ എന്താവും എന്ന ആശങ്ക ഇംഗ്ലിഷ് കമ്പനിക്കുമുണ്ടായിരുന്നു.

alexander
അലക്സാണ്ടർ മക്കണോക്കി

ഇന്ത്യൻ നിർമിത കപ്പൽ

74 പീരങ്കികൾ സ്ഥാപിക്കാവുന്ന കപ്പൽ ഇന്ത്യയിൽ നിർമിക്കാൻ ഈസ്റ്റ് ഇന്ത്യാ കമ്പനി ഏൽപിച്ചത് ഇന്ത്യൻ കപ്പൽ നിർമാണത്തിലെ അധിപതിമാരായ വാഡിയ ഗ്രൂപ്പിനെയാണ്. ആദ്യം സൂററ്റിൽ കപ്പൽ നിർമാണം തുടങ്ങിയ അവർ ബോംബെയിലേക്കു നിർമാണശാല മാറ്റിയതു തന്നെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ക്ഷണം സ്വീകരിച്ചാണ്. ജാംസേട്ട്ജി ബൊമാൻജി വാഡിയയ്ക്കായിരുന്നു കപ്പലിന്റെ നിർമാണ മേൽനോട്ടം.

1808ലെ പുതുവർഷ ദിനത്തിൽ കപ്പലിന്റെ അടിമരവും തടികളും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവർത്തനം തുടങ്ങി. കപ്പലിനെ ഉറപ്പിച്ചു നിർത്തുന്ന ലോഹഭാഗമാണ് അടിമരം അല്ലെങ്കിൽ നൗകാധാരം. 1810 മേയിൽ കപ്പലിന്റെ നിർമാണം പൂർത്തിയായി. ജൂൺ 19നു കപ്പൽ ബോംബെ തീരം വിട്ടു. 150 വർഷം നീണ്ട വാഡിയ ഗ്രൂപ്പിന്റെ കപ്പൽ നിർമാണ ചരിത്രത്തിൽ അവർ ഏകദേശം 350 കപ്പലുകളും ജല വാഹനങ്ങളുമാണ് നിർമിച്ചത്. ഈസ്റ്റ് ഇന്ത്യാ കമ്പനി, ബ്രിട്ടന്റെ റോയൽ നേവി എന്നിവരായിരുന്നു പ്രധാന ആവശ്യക്കാർ.

1861ൽ ഹോങ്കോങ്ങിൽ വച്ചു പൊളിക്കുന്നതിനു മുൻപായി 51 വർഷമാണു മിൻഡൻ കടലിനെ കീറിമുറിച്ചു പാഞ്ഞത്. മിൻഡൻ നിർമിച്ച് 7 വർഷങ്ങൾക്കു ശേഷം ജാംസേട്ട്ജി ബൊമാൻജി വാഡിയ ഒരു ചെറുകപ്പൽ കൂടി നിർമിച്ചു. 26 പീരങ്കികൾ സ്ഥാപിക്കാവുന്ന കപ്പൽ. 204 വർഷങ്ങൾക്കു ശേഷം ഇന്നും ആ കപ്പലുണ്ട് എന്നു പറയുമ്പോൾ മനസ്സിലാകും അതിന്റെ നിർമാണ നിലവാരം. എച്ച്എംഎസ് ട്രിങ്കോമലി എന്ന ആ കപ്പൽ ഇപ്പോൾ യുകെയിലെ ഹാട്ടിൽപൂൾ മ്യൂസിയത്തിലെ പ്രദർശന വസ്തുവാണ്; 204 വയസ്സുള്ള കപ്പൽ മുത്തച്ഛൻ.

ബിസിനസുകാരൻ മക്കണോക്കി

മക്കണോക്കിയുടെ ഇന്ത്യയിലെ ജീവിതം ഉയർച്ചതാഴ്ചകളുടേതായിരുന്നു. മലബാറിലെ കലക്ടറായിരു‍ന്ന വില്യം ലോഗൻ എഴുതിയ ഗ്രന്ഥത്തിൽ ഇംഗ്ലിഷ് ഉദ്യോഗസ്ഥരുമായി അടുപ്പമുള്ള ജീവിതം നയിച്ച മക്കണോക്കിയെപ്പറ്റി പരാമർശിക്കുന്നുണ്ട്. ബേപ്പൂരിൽ തടിമില്ലും മറ്റു ചില വ്യവസായങ്ങളും അദ്ദേഹം നടത്തിയിരുന്നു. നദീതീരങ്ങളിൽ കാറ്റാടി യന്ത്രങ്ങൾ വച്ചു മില്ല് പ്രവർത്തിപ്പിക്കുകയാണു ചെയ്തത്. അരീക്കോടുള്ള ഒരു ഡിപ്പോയിൽ നിന്നാണു തേക്ക് എത്തിച്ചിരുന്നത്. ഒരു ലക്ഷം രൂപയ്ക്കായി മില്ല് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു പണയം വച്ചതു തിരിച്ചടിയായി. വർഷങ്ങൾക്കു ശേഷം കമ്പനി മില്ല് തിരികെ നൽകിയെങ്കിലും 1806ൽ മക്കണോക്കിയുടെ മരണശേഷം വീണ്ടും കമ്പനിയുടെ കൈകളിലെത്തി.

മലബാർ തേക്ക്

മിൻഡന്റെ നിർമാണത്തിനും വർഷങ്ങൾക്കു മുൻപു തന്നെ ബോംബെയിലെ കപ്പൽ നിർമാണ വ്യവസായം മലബാറിൽ നിന്നുള്ള തേക്കുതടി ഉപയോഗിച്ചു തുടങ്ങിയിരുന്നു. 1700കളിൽ തന്നെ മലബാറിന്റെ ഉൾപ്രദേശങ്ങളിലെ തേക്ക്, നദികളിലൂടെ ബേപ്പൂരിലും മറ്റും എത്തിച്ചു ബോംബെയിലേക്ക് അയയ്ക്കുന്ന രീതിയുണ്ടായിരുന്നു. 1790ൽ മാത്രം 10,000 തേക്കുകളാണ് മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വെട്ടി ബേപ്പൂരെത്തിച്ചതെന്നു കണക്കുകൾ പറയുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു കപ്പൽ പണിയാൻ തേക്കു വേണ്ടിവരുമ്പോൾ കരാർ നൽകുകയും അതെടുക്കുന്ന ആൾ ആവശ്യത്തിനു തേക്ക് എത്തിക്കുകയുമാണു ചെയ്തിരുന്നത്. പലപ്പോഴും കൊച്ചിയിൽ നിന്നുള്ള ആളുകൾ കരാർ എടുക്കുകയും മലബാറിലെ തേക്കു വെട്ടി വിൽക്കുകയും ചെയ്തിരുന്നതായി രേഖകൾ പറയുന്നു.

കപ്പൽ നി‍ർമിക്കാൻ ഓക്കിനെക്കാൾ മികച്ചതു തേക്കാണെന്നും തേക്കിനു കൂടുതൽ മികവുകളുണ്ടെന്നും ലോകം മനസ്സിലാക്കി. ലോഹ ഭാഗങ്ങളുടെ തേയ്മാനം, പീരങ്കിയുണ്ടയോടുള്ള ചെറുത്തു നിൽപ്, കാലാവസ്ഥാ മാറ്റത്തിലും കാര്യമായ പ്രശ്നങ്ങളില്ലാതെ തുടരുക എന്നിവയിലെല്ലാം ഓക്കിനെ തേക്ക് മലർത്തിയടിച്ചു. 

ഉപയോഗ കാലയളവാണെങ്കിൽ ഓക്കിനെ അപേക്ഷിച്ചു പലമടങ്ങായിരുന്നുവെന്നതും തേക്കിന്റെ ഗുണങ്ങളിലൊന്നായിരുന്നു. ഏറ്റവും മികച്ച കപ്പലുകളുണ്ടാക്കാൻ മലബാർ തേക്കു മാത്രം ഉപയോഗിക്കുന്ന സ്ഥിതി തേക്കിനെ ഏറ്റവും വിലപിടിപ്പുള്ള തടിയാക്കി മാറ്റി. കപ്പൽ നിർമിക്കാനുള്ള ചെലവ് കൂടിയാലും ഓക്കിനെക്കാൾ പലമടങ്ങു വർഷങ്ങൾ ഈടു നിൽക്കുമെന്നതിനാൽ തേക്കിനു വേണ്ടി ആളുകൾ കാത്തിരിക്കാനും തയാറായി. ചാൾസ് റാത്ബോൺ ലോയുടെ ‘ഹിസ്റ്ററി ഓഫ് ദി ഇന്ത്യൻ നേവി’ എന്ന പുസ്തകത്തിലും ബോംബെയിൽ നിർമിച്ച കപ്പലുകളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്.

English Summary: British battleship HMS Minden's Malabar relation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com