അക്കാദമികളിൽനിന്നും പുരസ്കാരങ്ങളിൽനിന്നും ഒളിച്ചു നടന്ന ‘വിശ്വഭാരതീയൻ’

pe-thomas-sosamma
പി.ഇ.തോമസും ഭാര്യ ശോശാമ്മയും (ഫയൽ ചിത്രം)
SHARE

കലാഭവനിൽ എത്തുമ്പോൾ  നേരം ഉച്ചയാകുന്നതേയുള്ളൂ.  മരത്തണലിനു താഴെ നിഴലുകൾ അലസമായി വീണുകിടക്കുന്നു.  ഈ 23 ന് 100 വർഷം തികയുകയാണെങ്കിലും കൊൽക്കത്ത ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലാ ക്യാംപസിൽ ആഘോഷങ്ങളുടെ പൂ വിരിഞ്ഞിട്ടില്ല.  പതിവുപോലെ നിശബ്ദസാന്നിധ്യമായി ടഗോറും ഗാന്ധിജിയും. മൗനത്തിന്റെ ക്ഷമ പരീക്ഷിച്ച്  ശിൽപ്പങ്ങളും ചുവർ ചിത്രങ്ങളും. 

കലാഭവനിലൂടെ കടന്നുപോയ മലയാളികളെപ്പറ്റി ആർട്ട് ഹിസ്റ്ററി പ്രഫസറായ  ആർ. ശിവകുമാറിന് നല്ല ധാരണയുണ്ട്. എന്നാൽ ശാന്തിനികേതനിലെ ആദ്യ മലയാളി ശിൽപ്പകലാ വിദ്യാർഥിയുടെ  കാര്യമായ ഒരു വിവരവും ഉണ്ടാകാനിടയില്ല എന്ന് അദ്ദേഹം ക്ഷമാപൂർവം സൂചിപ്പിച്ചു. എങ്കിലും ആർക്കൈവ്സിൽ ഒരു അന്വേഷണമാകാമെന്നായി. പല ഫോൾഡറുകളും ഫയലുകളും തപ്പി ഒടുവിൽ ആ മലയാളിപ്പേര് കണ്ടപ്പോൾ അത്ഭുതം– പി. ഇ. തോമസ്. ശാന്തിനികേതൻ പോലെ ശാന്തനായ കലാകാരൻ.

കലാഭവനിലെ 817–ാമത്തെ പ്രദർശന വസ്തു  കടലാസിൽ തോമസ് വരച്ച ഒരു ജലഛായാ ചിത്രമാണ്. A village women with a pitcher on her head is running with her child on the bank of the river എന്ന് അടിക്കുറിപ്പ്. ഇതിൽ തോമസിന്റെ കയ്യൊപ്പും കാണാം. കലാഭവൻ ആർക്കൈവ്സിൽ ഇടം പിടിക്കുക എന്നതു ചെറിയ കാര്യമല്ല.

thomas-work
ഗൂഡല്ലൂരിലെ വീടിന്റെ ഭിത്തിയിൽ പി.ഇ. തോമസ് ലോഹത്തിൽ നിർമിച്ച ശിൽപം. പശ്ചാത്തലത്തിൽ തോമസിന്റെ കുടുംബചിത്രം. ചിത്രം:ഫഹദ് മുനീർ∙മനോരമ

ഒരു വിദ്യാർഥിയുടെ പഠനകാലത്തെ ‘വർക്ക്’ ആദ്യമായി ശാന്തിനികേതനിലെ കലാഭവനിൽ സ്ഥാപിച്ചത് പി.ഇ. തോമസിന്റേതായിരുന്നു എന്നാണു ചരിത്രം. 1956 ൽ നിർമിച്ച ‘സന്തുഷ്ട കുടുംബം’ എന്ന ശിൽപ്പത്തിനായിരുന്നു ആ ഭാഗ്യം. കലാഭവൻ ആർക്കൈവ്സിൽ നിന്ന് ഇതു നഷ്ടമായി.

ശാന്തിനികേതനിൽ പഠിച്ചും പഠിപ്പിച്ചും ലോകപ്രശസ്തരായ മലയാളി കലാകാരന്മാരായ  കെ.ജി. സുബ്രഹ്മണ്യൻ, കെ.എസ്. രാധാകൃഷ്ണൻ, എ. രാമചന്ദ്രൻ തുടങ്ങിയവരുടെ  നിരയിലേക്ക് എടുത്തുകാട്ടാവുന്ന ആളായിട്ടും  സ്കൂളിൽ ശിൽപ്പകലാ അധ്യാപകനായി കഴിയുന്നതിലായിരുന്നു തോമസിന്റെ സന്തോഷം. ഇതിനിടയിലെ ഇടവേളകളിൽ അദ്ദേഹം നിർമിച്ച ശിൽപ്പങ്ങളുടെയും ആദ്യകാലങ്ങളിൽ വരച്ച ചിത്രങ്ങളുടെയും എണ്ണം ആ പ്രതിഭയുടെ കാണാപ്പുറങ്ങളിലേക്കു വെളിച്ചം വീശുന്നു.

അക്കാദമികളിൽ നിന്നും പുരസ്കാരങ്ങളിൽ നിന്നും തോമസ് ഒളിച്ചു നടന്നു. ഒരു കലാ പ്രദർശനം പോലും നടത്തിയില്ല. ഊട്ടി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒഴികെ  ഒരു ഗാലറിയിലും തോമസിന്റെ ശിൽപ്പങ്ങൾ അധികം കാണാനാവില്ല. മല്ലപ്പള്ളി പൊയ്കമണ്ണിൽ പി.എം. ഈപ്പന്റെയും അന്നമ്മയുടെയും മകനായ പി. ഇ തോമസ് 1954 ലാണ് ശാന്തിനികേതനിലെത്തുന്നത്. കോട്ടയം സിഎംഎസ് ഹൈസ്കൂളിലും കോളജിലുമായിരുന്നു പ്രാഥമിക പഠനം. മാതൃസഹോദരൻ മനോരമ മുൻ പത്രാധിപ സമിതിയംഗം ടി. ചാണ്ടിയും ബന്ധുവും ഹെഡ്‌മാസ്റ്ററും ആയിരുന്ന കെ.വി. മത്തായിയുമാണ് തോമസിനെ ശാന്തിനികേതനിലേക്ക് അയച്ചത്. 

thomas-sosamma

∙ പക്ഷിക്കൂടിന് അവധി ഞായറല്ല, ബുധൻ 

രവീന്ദ്രനാഥ ടഗോർ 1921 ഡിസംബർ  23 നു തുടക്കമിട്ട ശാന്തിനികേതൻ അറിയപ്പെടുന്നതു ‘ലോകത്തിന്റെ പക്ഷിക്കൂട്’ എന്നാണ്. രബീന്ദ്രസംഗീതം ചിറകടിക്കുന്ന ഈ വടവൃക്ഷം തോമസിന് നന്നേ ഇഷ്ടപ്പെട്ടു; ഞായറാഴ്ചയ്ക്കു പകരം ബുധനാഴ്ച അവധി നൽകുന്നതു മുതൽ മഴക്കാലത്തു നൃത്തം ചെയ്ത്  ചെടിനടുന്നതുവരെയുള്ള രീതികൾ തോമസിന്റെ ഉള്ളിലേക്കു കലാദർശനത്തിന്റെ നിലാവൊഴുക്കി.

കലാഭവൻ ശിൽപ്പവിഭാഗം മേധാവിയും ഇന്ത്യൻ ശിൽപ്പകലയുടെ ആചാര്യനുമായ രാം കിങ്കർ ബേജിന്റെ മുന്നിലേക്കാണ് തോമസ് ആദ്യം തന്നെ എത്തിയത്. ടഗോറിന്റെയും  ഐതിഹാസിക ശിൽപകലാകാരൻ നന്ദാലാൽ ബോസിന്റെയും  ശിഷ്യനായിരുന്നു രാം കിങ്കർ. ഇദ്ദേഹം നിർമിച്ച സുജാത (1935), സന്താൾ കുടുംബം, (1938), മില്ലിലെ വിളി (1956) തുടങ്ങിയ ഏതാനും ശിൽപ്പങ്ങൾ ശാന്തിനികേതന്റെ ഭാഗമായ കലാഭവൻ പരിസരത്ത് ഇപ്പോഴും കാണാം. കിങ്കറിന്റെ മാസ്റ്റർപീസ് ശിൽപ്പങ്ങൾ തോമസിനെ ആകർഷിച്ചു. ന്യൂഡൽഹി സൻസദ്മാർഗിലെ റിസർവ് ബാങ്ക് കവാടത്തിൽപോലും രാം കിങ്കർ നിർമിച്ച നിർമിച്ച യക്ഷ (1967)  പ്രതിമ കാണാം. 

thomas-sclupture
തോമസ് നിർമിച്ച ശിൽപങ്ങൾ.

പ്രകൃതിയിലേക്കു നോക്കി ശിൽപ്പങ്ങളും രൂപങ്ങളും മെനയാനായിരുന്നു ആദ്യ പരിശീലനം. കളിമണ്ണ് വിട്ട് പരീക്ഷണം നടത്താനും സ്വാതന്ത്യം കിട്ടി. ഒടുവിൽ ഒരു സ്റ്റുഡിയോമുറിയുടെ താക്കോൽ ഗുരു ശിഷ്യനെ ഏൽപ്പിച്ചു. പരമ്പരാഗത സങ്കൽപ്പങ്ങളെ അട്ടിമറിച്ച്, വില കുറഞ്ഞ സിമന്റിലും തുണിയിലും കലാരൂപങ്ങൾ സൃഷ്ടിച്ച് ഇന്ത്യൻ ശിൽപ–ചിത്ര കലയ്ക്ക് നവോത്ഥാന മാനം പകർന്ന ഗുരുവിന്റെ സവിശേഷതകകൾ തോമസിലേക്കും സംക്രമിച്ചു.

മോഡേണിസം (ആധുനികത), എക്സ്പ്രഷനിസം (ആവിഷ്കാരവാദം), ക്യൂബിസം (ജ്യാമിതീയ ഘടനാവാദം) അബ്സ്ട്രാക്ട് (അമൂർത്തം) തുടങ്ങി ശിൽപ്പകലയുടെ സങ്കേതങ്ങളെല്ലാം അതിൽ അലിഞ്ഞുചേർന്നു. പ്രതിമവൽക്കരണത്തിൽ നിന്നു ചലനാത്മകതയിലേക്കു ശിൽപകലയെ വഴിമാറ്റിയ പ്രതിഭയായിരുന്നു കിങ്കർ. ശിഷ്യനും ആ വഴി തന്നെ തിരഞ്ഞെടുത്തു. പണത്തിനപ്പുറം  കലയുടെ വഴിയിലൂടെ മാത്രം അവർ സഞ്ചരിച്ചു.

ഫ്രോയിഡിന്റെയും കാൾ യുങിന്റെയും മനഃശാസ്ത സങ്കൽപ്പങ്ങൾക്കും കലയിൽ സ്ഥാനമുണ്ടെന്നും ആദിരൂപങ്ങൾ മനുഷ്യഹൃദയങ്ങളെ സ്വാധീനിക്കുന്നു എന്നും മനസ്സിലാക്കിയത് വിശ്വഭാരതയിലെ ക്ലാസ് മുറികളിൽ നിന്നാണ്.  മീഡിയത്തിൽ (സിമന്റ്, കല്ല്, തടി, മണ്ണ്) ഒളിച്ചിരിക്കുന്ന ചാരുശിൽപ്പങ്ങളെ പുറത്തെടുക്കുന്ന മാന്ത്രികദണ്ഡുകളായി മാറി തോമസിന്റെ വിരലുകൾ. 

scribus_temp_zMnrjk
വിശ്വഭാരതി സർവകലാശാല ക്യാംപസിലെ ശാന്തിനികേതൻ ബാടി.

∙ മന്നം, രാമവർമ രാജ പിന്നെ 31 അടിയിലെ ഊട്ടി ജിംനാസ്റ്റ്   

മാവേലിക്കര രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർ‌ട്‌സിൽ സ്ഥാപകനായ രാമവർമ രാജയുടെ ഒരു ശിൽപ്പമുണ്ട്.  ശിൽപ്പിയെപ്പറ്റി കാര്യമായ രേഖകകളൊന്നുമില്ല. ഗ്ലാസ് ചില്ലിനിടയിലൂടെ ഒരു പേര് കഷ്ടിച്ച് വായിച്ചെടുക്കാം – തോമസ് പി.ഇ. ഇനി ഫ്ലാഷ് ബാക്ക്. 

വിശ്വഭാരതിയിൽ നാലുവർഷ പഠനം പൂർത്തിയാക്കി 1958 ൽ നാട്ടിലെത്തിയ തോമസ് സ്വന്തമായി പല വർക്കുകൾ ഏറ്റെടുത്തു. മന്നത്തു പത്മനാഭൻ, രാമവർമരാജ, കണ്ടത്തിൽ വർഗീസ് മാപ്പിള, കെ. സി. മാമ്മൻ മാപ്പിള തുടങ്ങിയവരുടെ  മുഖശിൽപ്പങ്ങൾ തയാറാക്കി. അന്ന് മന്നത്തു പത്മനാഭൻ തോമസിന് നേരിട്ടു സമ്മാനം നൽകിയ കാര്യം ബന്ധുക്കൾ ഓർക്കുന്നു. 

1963 ലാണ് രാമവർമ രാജയുടെ സിമന്റ് ശിൽപം നിർമിക്കുന്നത്. മനഃശാസ്ത്രപരമായ ഉൾക്കാഴ്ചയോടെ നിർമിച്ച ശിൽപം എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രശസ്ത ചിത്രകാരൻ രാജാ രവിവർമയുടെ മകനാണ് രാമവർമ രാജ. 1962 ൽ കഴക്കൂട്ടത്ത് സൈനിക് സ്കൂൾ ആരംഭിച്ചപ്പോൾ തോമസ് അവിടെ ശിൽപകലാ അധ്യാപകനായി. പക്ഷേ തോമസിന്റെ ഉള്ളിൽ സൈനിക സ്കൂളിന്റെ അന്തരീക്ഷം മടുപ്പുളവാക്കി. ജോലി ഉപേക്ഷിച്ച് ഊട്ടി ലവ്ഡേൽ ലോറൻസ് പബ്ലിക് സ്കൂളിൽ ശിൽപ്പകലാ അധ്യാപകനായി.

thomas-old
തോമസ്

ലൊറൻസ് സ്കൂളിലെ തന്നെ അധ്യാപികയായ പുതുപ്പള്ളി അഞ്ചേരി ഓത്താപ്പള്ളിൽ ശോശാമ്മയുമായി 1964 ൽ വിവാഹം. ശിൽപ്പനിർമിതിയും പഠിപ്പിക്കലുമായി മുന്നേറിയ കലാജീവിതത്തിലെ സുവർണകാലം. 1964 ൽ മഹാത്മാ ഗാന്ധി എന്ന സിമന്റ് ശിൽപ്പം സ്കൂളിനു വേണ്ടി നിർമിച്ചു. ഹെൻറി ലോറൻസിന്റെ ശിൽപ്പവും (1965) പൂർത്തിയാക്കി.

1966 ൽ പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച റിഥം, 1966 ൽ തന്നെ പ്ലാസ്റ്റർ ഓഫ് പാരിസിൽ സൃഷ്ടിച്ച ‘ഡാൻസ് ഓഫ് ഡെത്ത്’, സ്കൂൾ മുറ്റത്ത് തന്നെ നിർമിച്ച 18.5 അടിയുടെ കുടുംബം (1975) തുടങ്ങിയവ ഇന്നും ശ്രദ്ധേയങ്ങളാണ്. ഉയരണം നിങ്ങൾ നാടാകെ എന്ന് ആകാശത്തേക്ക് വിരൽ ചൂണ്ടി മക്കളോട് പറയുന്ന ശക്തിയുടെ പ്രതീകമായ ഗൃഹനാഥനാണ് ഇതിലെ കഥാപാത്രം. കുടുംബത്തിന്റെ തണലായ അമ്മയെയും കാണാം. 1991 ലാണ് ജിംനാസ്റ്റ് എന്ന 31 അടി ഉയരമുള്ള മാസ്റ്റർപീസ് സിമന്റിൽ ഉയരുന്നത്.

ഒരു വശത്തു നിന്നു നോക്കിയാൽ ആറ് ജിംനാസ്റ്റുകളെന്നും മറുവശത്തു നിന്നുനോക്കിയാൽ എട്ടോ പത്തോ പേരെന്നും തോന്നും.  സൂക്ഷിച്ചു നോക്കിയാൽ   ജിംനാസ്റ്റുകളുടെ 15 നിൽപ്പുകൾ തിരിച്ചറിയാം.

ഊട്ടി കന്താൽക്രോസ് തീർഥാടന കേന്ദ്രത്തിലെ ഗദ്സമനയിലെ ക്രിസ്തു, കേട്ടി സൂചി ഫാക്ടറിയിലെ കുതിരക്കുട്ടി, വെല്ലിങ്ടണിലെ മദ്രാസ് റെജിമെന്റ് ആശുപത്രിക്കു മുൻപിലെ പതഞ്ജലി മഹർഷിയും പാമ്പും, തെപ്പക്കാട് ടൂറിസ്റ്റ് കേന്ദ്രത്തിൽ തപാൽവകുപ്പിനു വേണ്ടി നിർമിച്ച ആന തുടങ്ങി തോമസിന്റെ സൃഷ്ടികൾ കലാമൂല്യവും മനശാസ്ത്രപരമായ സൂക്ഷ്മത കൊണ്ടും മിഴിവുറ്റതായി. 

കോഴിക്കോട് കക്കോടി മാർത്തോമ ധ്യാന ആശ്രമത്തിലെ ശിൽപം.

∙ മാർത്തോമ്മാ മെത്രാപ്പൊലീത്ത കണ്ടെത്തിയ പൂർവ വിദ്യാർഥി 

കോഴിക്കോട് കക്കോടിയിൽ മാർത്തോമ്മാ സഭാ ഭദ്രാസന ആസ്ഥാനത്ത് രണ്ടര ടൺ കോൺക്രീറ്റിൽ നിർമിച്ച നല്ല ഇടയൻ (1998) എന്ന ശിൽപം അന്ന് ഭദ്രാസന ബിഷപ്പായിരുന്ന ഇപ്പോഴത്തെ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ  പ്രേരണയിലാണ് പൂർത്തിയായത്. ഗൂഡല്ലൂരിൽ നിർമിച്ച് ലോറിയിൽ കോഴിക്കോട്ട് എത്തിക്കുകയായിരുന്നു. എൺപതുകളിൽ ശാന്തിനികേതനിലെ വിദ്യാർഥിയായിരുന്ന മെത്രാപ്പൊലീത്ത സഭാംഗത്തെ ആദരിക്കുക കൂടിയായിരുന്നു ഇതിലൂടെ. തോമസിന്റെ പല ശിൽപ്പങ്ങളിലും ക്രിസ്തു ബിംബത്തിന്റെ ലാഞ്ചന  മിന്നിമറയുന്നതു കാണാം. 

സത്യത്തെയും മിഥ്യയെയും താളബോധത്തോടെ കൂട്ടിക്കുഴച്ചെടുത്തവയാണ് തോമസിന്റെ ഓരോ ശിൽപ്പങ്ങളും; അവയ്ക്ക് ആത്മീയ മുഖവും തനയായ ഭാഷയുമുണ്ട്. അനേകം കാലുകളുള്ള ക്രിസ്മസ് വിളക്കുകൾ മുളയിൽ നിർമിക്കുന്നത് ബാലനായ തോമസിന്റെ വിനോദമായിരുന്നു. ചെറുപ്പത്തിൽ പല കലാരൂപങ്ങളിലും കൈവച്ചെങ്കിലും ശിൽപ്പകലയിലായിരുന്നു തോമസിന്റെ  ഭാഗ്യനക്ഷത്രം ഒളിഞ്ഞിരുന്നത്. ആ നിധി കണ്ടെത്താൻ  ശാന്തിനികേതൻ നിമിത്തമായി. ശിൽപി ഫൊട്ടോഗ്രഫറല്ല, ഫിലോസഫറാണ് എന്ന് ഈ ശിൽപ്പാചാര്യൻ വിശ്വസിച്ചു. 

thomas-gandhi
ഊട്ടി ലോറൻസ് സ്കൂളിലെ ശിൽപങ്ങൾ.

∙ പാലുകാച്ചലിനു സമ്മാനം തോമസിന്റെ ശിൽപ്പം 

ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും തോമസിന്റെ ശിൽപ്പങ്ങൾ പലരും പല സമയങ്ങളിലായി കൊണ്ടുപോയിട്ടുണ്ട്. ആകെ എത്ര ശിൽപ്പം എന്നു ചോദിച്ചാൽ കൃത്യമായ ഉത്തരമില്ല. 1994 ൽ ലോറൻസ് സ്കൂളിൽ നിന്നു 30 വർഷത്തെ സേവനത്തിൽ നിന്നു വിരമിച്ച കുട്ടികളുടെ ‘ആർട് മാസ്റ്റർ’ ഗുഡല്ലൂർ തുറപ്പള്ളി റൂട്ടിലെ മാർത്തോമ്മാ നഗറിൽ വീടുനിർമിച്ച് സ്റ്റുഡിയോ തുറന്നു.

2017 മേയ് ഏഴിന് 83–ാം വയസ്സിൽ ഓർമയാകും വരെ ഇവിടെ ശിൽപ്പനിർമാണവുമായി കഴിഞ്ഞു. സ്റ്റുഡിയോയുടെ ബാക്കിപത്രമെന്നോണം ഏതാനും ശിൽപ്പങ്ങൾ ഇവിടെ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു. ഈ വീട്ടിൽ ഇപ്പോൾ ഭാര്യ ശോശാമ്മ ടീച്ചറുണ്ട്. ഒമാനിൽ പ്രസ് നടത്തുന്ന സ്റ്റീഫൻ ഏക മകൻ. പുതിയ വീടിന്റെ പാലുകാച്ചലോ മറ്റു വിശേഷമോ വന്നാൽ തോമസുകുട്ടിച്ചായന്റെ ഒരു ശിൽപ്പം ബന്ധുക്കൾക്കു സമ്മാനമായി പ്രതീക്ഷിക്കാം. ഓരോ ബന്ധുവീടിനെയും തോമസ് ഓരോ ആർട്ട് ഗാലറിയാക്കി എന്നു പറയാം. 

thoams-art

∙ ചിത്രരചന ഉപേക്ഷിച്ചു

ആദ്യകാലത്ത് ശകുന്തള ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങൾ വരച്ചിരുന്ന തോമസ് ഇടയ്ക്ക് ചിത്രരചന ഉപേക്ഷിച്ചതിനു കാരണമുണ്ട്. സഹ ചിത്രകാരന്റേതിനേക്കാൾ മികച്ച ചിത്രങ്ങളാണ് തന്റേതെന്ന  കമന്റിനെ തുടർന്നായിരുന്നു അത്. സഹപ്രവർത്തകന് പ്രയാസം ഉണ്ടാകാതിരിക്കാൻ വേണ്ടി ചിത്രരചന തന്നെ ഉപേക്ഷിക്കുക ! വിചിത്രമായിരുന്നു തോമസിന്റെ വഴികൾ.

മക്കളെ ആരും വിൽക്കില്ലല്ലോ. അതുപോലെയാണ് കലാസൃഷ്ടിയും. അത് വിൽക്കാനല്ല. സംരക്ഷിക്കാനും സൂക്ഷിക്കാനുമാണ് എന്നതായിരുന്നു തോമസിന്റെ ദർശനം. ലോറൻസ് സ്കൂളിലെ വിദ്യാർഥികൾ ശിൽപ്പ–ചിത്ര പ്രദർശനം നടത്താൻ പലതവണ നിർബന്ധിച്ചെങ്കിലും വഴങ്ങിയില്ല. ഓരോ നഗരങ്ങളും ശിൽപ്പങ്ങൾകൊണ്ടു  ജനകീയമാക്കണമെന്ന പക്ഷക്കാരനായിരുന്ന തോമസ്.  ഇതിനായി ഒമാനിൽ വരെ ചിത്രകലാപരിശീലന കളരി നടത്തി. 

thomas-1
തോമസ് ഗൂഡല്ലൂരിലെ സ്റ്റുഡിയോയിൽ

∙ ലോകത്തിലെ നാലു മികച്ച ശിൽപ്പികളിൽ ഒരാൾ 

ലോകത്തെ 4 മികച്ച ശിൽപ്പികളിൽ ഒരാളായി ഒരു ഘട്ടത്തിൽ അറിയപ്പെട്ട തോമസിനെ പ്രശസ്ത കലാനിരൂപകൻ പത്മനാഭൻ തമ്പി വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: പ്രതിഭയുടെ നിറകുടമായിരുന്നിട്ടും പ്രശസ്തി പേടിച്ച് ഉൾവലിയുന്ന സ്വഭാവക്കാരൻ. പ്രിയപ്പെട്ടവരുടെ ‘PET’ പബ്ലിസിറ്റിയെ ഭയപ്പെട്ടു. ശിൽപ്പകലയുടെ പ്രപഞ്ചത്തെ തനിക്കു ചുറ്റും കറക്കാൻ തക്ക സർഗശേഷിയുണ്ടായിട്ടും  ഏകാകിയായി.  പ്രതിഭയുടെ മിന്നലാട്ടം അടയാളപ്പെടുത്താതെ പോകുന്നതു ദേശത്തിന്റെ നഷ്ടം തന്നെയാണ്.

ഡൽഹിയിലെ നാഷനൽ ഗാലറി ഓഫ് മോഡേൺ ആർടിൽ ഉൾപ്പെടെ സ്ഥാനം പിടിക്കേണ്ടവയായിരുന്നു അവയിൽ പലതും. തോമസിനെപ്പോലെയുള്ള ഭാരതീയ കലാകാരന്മാരുടെ നഷ്ടസ്മൃതികളെ വിളച്ചുണർത്താനുള്ള മുഹൂർത്തം കൂടിയാണ് ഈ ശതാബ്ദി വേള.  ഇലകൊഴിയുന്ന ഈ ശൈത്യകാലത്ത് വിശ്വഭാരതിക്കും അക്കാദമികൾക്കും ഈ തിരിച്ചറിവ് ആരു പകർന്നു നൽകും? പി. ഇ. തോമസ്  എന്നു ചോദിച്ചാൽ  കൈമലർത്തുന്ന സ്ഥിതി കേരളത്തിലെങ്കിലും  മാറുമോ? 

English Summary: Remembering PE Thomas the sculpture master from Kala Bhavan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS