ADVERTISEMENT

ഒൻപതു വർഷം മുൻപ് ഒരു സാധാരണ ഉദ്യോഗാർഥി നേരിടേണ്ട സിലക്‌ഷൻ കടമ്പകളെല്ലാം പിന്നിട്ട് ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റന്റ് പദവി നേടിയ മുൻ കേന്ദ്രമന്ത്രി സച്ചിൻ പൈലറ്റിന് സ്ഥാനക്കയറ്റം. ഇനി അദ്ദേഹം ക്യാപ്റ്റൻ സച്ചിൻ പൈലറ്റാണ്. പിന്നിട്ട സൈനികവഴികളെക്കുറിച്ചു സച്ചിനു പറയാനുണ്ട്. 

2012

ബെംഗളൂരുവിൽ, ഇന്ത്യൻ ആർമിയുടെ സർവീസ് സിലക്‌ഷൻ ബോർഡ് ആസ്ഥാനം. പുലർച്ചെ ന്യൂഡൽഹിയിൽ നിന്നുള്ള വിമാനത്തിൽ എത്തിയ 35 വയസ്സുകാരൻ ടാക്സിയിൽ കയറി ആർമി ആസ്ഥാനത്തെത്തി റിപ്പോർട്ട് ചെയ്യുന്നു. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം യുവാക്കൾ അവിടെയുണ്ട്. എസ്എസ്ബി ഇന്റർവ്യു നടക്കുകയാണ്. അവരിലൊരാളായി ആർമിയുടെ പരിമിതമായ സൗകര്യങ്ങളിൽ കിടന്നുറങ്ങി, രാവിലെ നാലു മണിക്ക് എഴുന്നേറ്റ് ഒരു മണിക്കൂറോളം വരിനിന്നു ശുചിമുറിയിൽ പോയി, കായിക പരീക്ഷയും എഴുത്തു പരീക്ഷയും ഇന്റർവ്യൂവും പൂർത്തിയാക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന ഉദ്യോഗാർഥിക്ക് ഒരു സംശയം: എവിടെയോ കണ്ടിട്ടുണ്ടല്ലോ? 

സ്വയം ആരെന്നു വെളിപ്പെടുത്തരുതെന്നു തീരുമാനിച്ച് ഉറപ്പിച്ചിരുന്നതിനാൽ മറുപടി പറഞ്ഞു: ടിവിയിൽ കണ്ടതാകും. 

വീണ്ടും ചോദ്യം: ബിഗ് ബോസിൽ പങ്കെടുത്തിരുന്നോ? 

പെട്ടെന്നു തോന്നിയ മറുപടി ഇങ്ങനെ: അതെയതെ, സെമിഫൈനലിസ്റ്റ് ആയിരുന്നു

വെറുതയല്ല, ഞാൻ കണ്ടിട്ടുണ്ട്. നല്ല പെർഫോമൻസ് ആയിരുന്നു. 

ആർമി ക്യാംപിൽ മൊബൈൽ ഫോൺ ഇല്ലാത്തതു കൊണ്ടും സെൽഫി പ്രചാരത്തിലില്ലാതിരുന്നതു കൊണ്ടും മാത്രമാണ് അന്ന് ആ സുഹൃത്തിനൊപ്പമുള്ള ചിത്രം നഷ്ടമായതെന്നു പറഞ്ഞു ചിരിക്കുകയാണ് ക്യാപ്റ്റൻ സച്ചിൻ പൈലറ്റ്. സൈനികന്റെ പദവിക്കു പുറത്ത് നമ്മളറിയുന്ന കോൺഗ്രസ് നേതാവ്, മുൻ കേന്ദ്രമന്ത്രി, മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി, നിലവിൽ രാജസ്ഥാൻ നിയമസഭാംഗം. 

ഡോ. മൻമോഹൻ സിങ് മന്ത്രിസഭയിൽ കേന്ദ്ര ഐടി മന്ത്രിയായിരിക്കെയാണ് സാധാരണ ഒരു ഉദ്യോഗാർഥി കടന്നു പോകുന്ന സിലക്‌ഷൻ കടമ്പകളെല്ലാം പിന്നിട്ട് സച്ചിൻ പൈലറ്റ് ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റ്നന്റ് പദവിയിലെത്തിയത്. ഈയിടെ, സേവനത്തിന്റെ 9–ാം വർഷം ക്യാപ്റ്റൻ പദവിയിലേക്കു സ്ഥാനക്കയറ്റവും ലഭിച്ചു.   

നടൻ മോഹൻലാലും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്മാരായിരുന്ന കപിൽ ദേവും മഹേന്ദ്ര സിങ് ധോണിയുമൊക്കെ ടെറിട്ടോറിയൽ ആർമിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതെല്ലാം ഓണററി പദവി എന്ന നിലയിലാണ്.  

sachin
സച്ചിൻ പൈലറ്റ് സൈനികവേഷത്തിൽ.

പിന്നിട്ട സൈനികവഴികളെക്കുറിച്ച് സച്ചിന്റെ ഓർമ: 

ഡോ. മൻമോഹൻ സിങ് മന്ത്രിസഭയിൽ കേന്ദ്ര ഐടി മന്ത്രിയായിരിക്കെയാണ് സച്ചിൻ പൈലറ്റ് ടെറിട്ടോറിയൽ ആർമിയിലെ ലഫ്റ്റ്നന്റ് ആയത്. ആദ്യമായിട്ടാണ് ഒരു കേന്ദ്രമന്ത്രി ഇങ്ങനെയൊരു സാഹസത്തിനു മുതിരുന്നത്. അതിനു വഴി വച്ചതാകട്ടെ സൈന്യത്തോടുള്ള ആദരവും കുടംബപാരമ്പര്യവുമാണെന്നു സച്ചിൻ പൈലറ്റ് പറയുന്നു. 

സച്ചിന്റെ മുത്തച്ഛൻ കരസേനയിൽ ഹവിൽദാർ ആയിരുന്നു. അച്ഛൻ കോൺഗ്രസ് നേതാവായിരുന്ന രാജേഷ് പൈലറ്റ് വ്യോമസേനയിൽ സ്ക്വാഡ്രൻ ലീഡർ ആയിരുന്നു. 1971ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിൽ ബോംബർ പൈലറ്റ് ആയിരുന്നു അദ്ദേഹം. സ്വാഭാവികമായും ചെറുപ്പത്തിൽ തന്നെ സച്ചിനും സേനയിൽ ചേരാൻ മോഹമുദിച്ചു.  

 ഹരിയാനയിലെ ചണ്ഡിമന്ദിറിൽനിന്നു പ്രിലിമിനറി ഇന്റർവ്യു ബോർഡിന്റെ ആദ്യകടമ്പ കടന്നാണ് ബെംഗളുരുവിൽ എസ്എസ്ബിക്കു മുന്നിലെത്തിയത്. ഒരാഴ്ചയോളം നീണ്ട തിരഞ്ഞെടുപ്പു നടപടികൾ അതികഠിനമായിരുന്നെന്നു സച്ചിൻ പറയുന്നു.  

കേന്ദ്രമന്ത്രി എങ്ങനെ സല്യൂട്ട് ചെയ്യും? 

എസ്എസ്ബി കടമ്പ കഷ്ടപ്പെട്ടു പൂർത്തിയാക്കിയെങ്കിലും കമ്മിഷനിങ് വൈകി. കൂടെ യോഗ്യത നേടിയവരെല്ലാം ലഫ്റ്റനന്റ് പദവിയിൽ സേനയുടെ ഭാഗമായി. ഒരു മാസത്തോളം കാത്തിരുന്നിട്ടും അറിയിപ്പു വന്നില്ല. അച്ചടക്കമുള്ള സൈനികൻ എന്ന നിലയിൽ കാരണം തേടുന്നതു ശരിയല്ലെന്ന് ആദ്യം തോന്നിയെങ്കിലും അവസരം നഷ്ടമാകുമോയെന്ന ആശങ്ക വർധിച്ചതോടെ സേനാ അധികൃതരെ സമീപിച്ചു. 

കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന എ.കെ.ആന്റണി ഫയൽ പിടിച്ചു വച്ചിരിക്കുകയാണെന്നായിരുന്നു വിശീദകരണം ലഭിച്ചത്. കേന്ദ്ര സർക്കാരിൽനിന്നും പാർട്ടിയിൽനിന്നും അനുമതി വാങ്ങിയാണ് ഇന്റർവ്യൂവിൽ പങ്കെടുത്തത് എന്നതിനാൽ ആന്റണി ഇടപെട്ടതിന്റെ കാരണമെന്താകും എന്നായി ആശങ്ക. അദ്ദേഹത്തിനാണെങ്കിൽ തിരക്കോടു തിരക്ക്. ഒടുവിൽ ഒരു ദിവസം അദ്ദേഹത്തെ നേരിട്ടു കണ്ടു. കാരണം തിരക്കിയപ്പോൾ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആന്റണി ചൂണ്ടിക്കാട്ടിയത്. 

പ്രോട്ടോക്കോൾ പ്രകാരം കേന്ദ്രമന്ത്രി പദവി സേനാമേധാവികളെക്കാൾ മുകളിലാണ്. സച്ചിൻ ലഫ്റ്റനന്റ് പദവിയിൽ സേനയിൽ ചേരുമ്പോൾ സേനയിലെ ഉദ്യോഗസ്ഥരെ സല്യൂട്ട് ചെയ്യണം. കേന്ദ്രമന്ത്രിയായതിനാൽ അതു പ്രോട്ടോക്കോൾ വിരുദ്ധമാകും. എന്തു ചെയ്യും? 

 ഏറെ നേരത്തെ ചർച്ചകൾക്കൊടുവിൽ യുണിഫോമിലാണെങ്കിൽ സേനയിലെ ഉന്നത ഉദ്യോഗസ്ഥരെ സല്യൂട്ട് ചെയ്യാമെന്നും ഇല്ലെങ്കിൽ തിരിച്ചാകാമെന്നുമുള്ള നിർദേശം സച്ചിൻ മുന്നോട്ടു വച്ചു.  സേനാമേധാവികളുമായി ചർച്ച ചെയ്ത് ആന്റണി ആ നിർദേശം അംഗീകരിച്ചു. തുടർന്ന് 2012 സെപ്റ്റംബർ 6നു സച്ചിൻ പൈലറ്റിന്റെ സ്വപ്നം സഫലമായി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കരസേനാ മേധാവി  ജനറൽ ബിക്രം സിങ്, സച്ചിന്റെ അമ്മ രമ പൈലറ്റ് എന്നിവർ ചേർന്നു ലഫ്റ്റനന്റ് പദവി സമ്മാനിച്ചു. സിഖ് റജിമെന്റിലെ 124 ടിഎ ബറ്റാലിയനിൽ ആയിരുന്നു നിയമനം. 

അഭിമാനം, ഈ സേവനം 

ഒൻപതു വർഷത്തെ ടെറിട്ടോറിയൽ ആർമി സേവനത്തിനിടെ ഒരിക്കൽപ്പോലും പരിശീലനമോ ഏൽപ്പിച്ച ദൗത്യങ്ങളോ മുടക്കിയിട്ടില്ലെന്നു സച്ചിൻ  പൈലറ്റ് അഭിമാനത്തോടെ പറയുന്നു. എല്ലാ വർഷവും നിർബന്ധ പരിശീലനവും സേവനവുമുണ്ട്. പരിശീലനത്തിലൂടെ നേടിയെടുത്ത അച്ചടക്കം ജനപ്രതിനിധി എന്ന നിലയിലും രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലും കാര്യങ്ങളെ കുറെക്കൂടി എളുപ്പമാക്കുന്നതായും നാ‍ൽപത്തിനാലുകാരനായ സച്ചിൻ പറഞ്ഞു. 

English Summary: Sachin Pilot promoted as captain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com