സൊമാലിയൻ കൊള്ളക്കാരെ തുരത്തിയ നാവിക ദൗത്യം; ‘അറബിക്കടലിന്റെ സിംഹമായി’ മലയാളി

ashok-kumar
വൈസ് അഡ്മിറൽ ജി.അശോക് കുമാർ (റിട്ടയേഡ്).ചിത്രം: ജെ. സുരേഷ് ∙ മനോരമ
SHARE

അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർക്കെതിരായ പോരാട്ടം, കോവിഡ് കാലത്തെ രക്ഷാപ്രവർത്തനം, ആഭ്യന്തരയുദ്ധകാലത്ത് ലിബിയയിൽനിന്നുള്ള രക്ഷാപ്രവർത്തനം തുടങ്ങിയ ഇന്ത്യൻ നാവികസേനാ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ചത് ഒരു മലയാളിയാണ് – വൈസ് അഡ്മിറൽ ജി.അശോക് കുമാർ (റിട്ടയേഡ്)

2008 – 2010: അറബിക്കടലിലേക്കു സൊമാലിയൻ കടൽക്കൊള്ളക്കാർ തോക്കുചൂണ്ടിയ കാലം. ചരക്കുകപ്പലുകൾ ആക്രമിച്ച് കൊള്ളക്കാർ അഴിഞ്ഞാടിയ നാളുകളിൽ ലോകത്തിലെ ഏറ്റവും അപകടകരമായ കടൽപ്പാതകളിലൊന്നായി അതു മാറി. കൊള്ളക്കാരുടെ തോക്കിൻമുനയിൽ കപ്പലുകൾക്കു കോടികളുടെ നഷ്ടം നേരിട്ടു. 

സൊമാലിയൻ തീരത്തുള്ള ഏഡൻ കടലിടുക്കിൽ ആരംഭിച്ച കൊള്ളയാണു പതിയെ അറബിക്കടലിലേക്കും നീണ്ടത്. കപ്പലുകൾക്കു സുരക്ഷിതമായി സഞ്ചരിക്കാനാവില്ലെന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ എത്തിയതോടെ, കൊള്ളക്കാരെ നേരിടാനുള്ള ദൗത്യം ഇന്ത്യൻ നാവികസേന ഏറ്റെടുത്തു. അറബിക്കടലിൽ ഇന്ത്യയുടെ യുദ്ധക്കപ്പലുകൾ അണിനിരന്നു.

കടൽക്കൊള്ളയ്ക്കെതിരെ ലോകത്തിലെ ഏറ്റവും വലിയ ദൗത്യങ്ങളിലൊന്നാണ് അന്നു നാവികസേന വിജയകരമായി നടപ്പാക്കിയത്. അതിന്റെ മുൻനിരയിൽ നിന്നതൊരു മലയാളി ഉദ്യോഗസ്ഥനാണ് – മലപ്പുറം പൊന്നാനി സ്വദേശി വൈസ് അഡ്മിറൽ ജി.അശോക് കുമാർ. ഇന്ത്യൻ നാവികസേനയുടെ ഉപമേധാവിയായി ഉയർന്ന അദ്ദേഹം ഇക്കഴിഞ്ഞ ജൂലൈ 31നു സേനയിൽ നിന്നു പടിയിറങ്ങി. ഒൻപതാം വയസ്സിൽ സൈനിക് സ്കൂളിൽ ചേർന്ന നാൾ മുതൽ സൈന്യത്തിനൊപ്പം സഞ്ചരിച്ചു തുടങ്ങിയ അശോക്, പതിറ്റാണ്ടുകൾ നീണ്ട ഔദ്യോഗിക ജീവിതത്തിനു വിരാമമിട്ട് അറുപതാം വയസ്സിൽ പടിയിറങ്ങി.

അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർക്കെതിരായ പോരാട്ടം, ലിബിയയിൽ ആഭ്യന്തര യുദ്ധത്തിലകപ്പെട്ട ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യം, കോവിഡ് വേളയിലെ രക്ഷാപ്രവർത്തനം എന്നിവയടക്കമുള്ള സേനാ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ച അശോകിന്റെയുള്ളിൽ ഇന്നുമുണ്ട്; ഇരമ്പുന്ന ഓർമകളുടെ തിരയിളക്കം.

Lakshadweep
ലക്ഷദ്വീപ് (ഫയൽചിത്രം)

സൊമാലിയയിൽനിന്നു ലക്ഷദ്വീപിലേക്ക്

സൊമാലിയയിലെ കൊടും പട്ടിണിയിൽ നട്ടംതിരിഞ്ഞ മത്സ്യത്തൊഴിലാളികളാണ് ആയുധം കയ്യിലെടുത്തു കടൽക്കൊള്ളയ്ക്കിറങ്ങിയത്. യന്ത്രത്തോക്കുകളും സ്പീഡ് ബോട്ടും നൽകി അവരെ കൊള്ളയ്ക്കു സജ്ജരാക്കാൻ പിന്നിൽ വൻ സംഘങ്ങളുണ്ടായിരുന്നു. ഏഡൻ കടലിടുക്കിലൂടെ പോകുന്ന ചെറുകപ്പലുകളെയാണു കൊള്ളക്കാർ ആദ്യം ലക്ഷ്യമിട്ടത്. കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്ന കൊള്ളക്കാർ, തങ്ങൾക്കു ലക്ഷ്യമിടാവുന്നവയെ സ്പീഡ് ബോട്ടിൽ പിന്തുടരും. കപ്പലിനോടു ചേർന്നു സമാന്തരമായി സ്പീഡ് ബോട്ടിൽ നീങ്ങി, കയർ കൊണ്ടുള്ള ഏണി ഉപയോഗിച്ച് കപ്പലിലേക്കു കയറും. തോക്കു ചൂണ്ടി ജീവനക്കാരെ കീഴ്പ്പെടുത്തിയ ശേഷം കപ്പലിന്റെ നിയന്ത്രണമേറ്റെടുക്കുകയായിരുന്നു രീതി.

ഏഡൻ കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്കു സുരക്ഷയൊരുക്കാൻ 2008 ഒക്ടോബർ മുതൽ യുദ്ധക്കപ്പലുകളെ അവിടെ ഇന്ത്യ നിയോഗിച്ചു. ഇതോടെ, കടലിടുക്കിനു പുറത്തേക്ക്, അറബിക്കടൽ ലക്ഷ്യമിട്ടു കൊള്ളക്കാർ ഇറങ്ങി. സൊമാലിയൻ തീരത്ത് ആരംഭിച്ച കൊള്ള ക്രമേണ വ്യാപിച്ചു. കൂടുതൽ ലാഭം തേടി വലിയ കപ്പലുകളെയും കൊള്ളക്കാർ ലക്ഷ്യമിടാൻ തുടങ്ങി. ലക്ഷദ്വീപിനടുത്തു വരെ കൊള്ളക്കാർ എത്തിയതോടെ സേന അപകടം മണത്തു.

ഓപ്പറേഷൻ ഐലൻഡ് വാച്ച്

മുംബൈയിൽ നാവികസേനയുടെ പടിഞ്ഞാറൻ കമാൻഡിൽ ചീഫ് സ്റ്റാഫ് ഓഫിസർ – ഓപ്പറേഷൻസ് (സിഎസ്ഒ – ഓപ്സ്) പദവിയിൽ 2010ലാണ് അശോക് നിയമിതനാകുന്നത്.  നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാന കമാൻഡിൽ ഓപ്പറേഷൻസ് വിഭാഗത്തിന്റെ ചുമതലക്കാരനായി നിയമിതനായ അശോക്, കടൽക്കൊള്ളക്കാരെ തുരത്താനുള്ള സേനാ നടപടിയുടെ കടിഞ്ഞാൺ ഏറ്റെടുത്തു. ‘ഓപ്പറേഷൻ ഐലൻഡ് വാച്ച്’ എന്ന ദൗത്യത്തിനു തുടക്കമിട്ടു. കോസ്റ്റ് ഗാർഡിനെയും ദൗത്യത്തിലുൾപ്പെടുത്തി. ലക്ഷദ്വീപിനുള്ള സുരക്ഷ എന്ന അർഥത്തിലായിരുന്നു ആ പേര്. കമാൻഡ് ആസ്ഥാനത്തെ മാരിടൈം ഓപ്പറേഷൻസ് സെന്ററിലിരുന്ന് അശോക് സേനാ നടപടികൾ ഏകോപിപ്പിച്ചു.  

Malappuram News
അശോക് കുമാർ

കടലിലെ ആ രാത്രി

ഒരു രാത്രി കമാൻഡ് ആസ്ഥാനത്തു നിന്നിറങ്ങാൻ നിന്ന അശോകിനെ തേടി യുദ്ധക്കപ്പലുകളിലൊന്നിലെ ക്യാപ്റ്റന്റെ വിളിയെത്തി. ‘സർ, കടൽക്കൊള്ളക്കാരുടെ സംഘം സഞ്ചരിക്കുന്ന ഒരു ബോട്ട് ഞങ്ങൾ തകർത്തു. കൊള്ളക്കാരെല്ലാം കടലിൽ വീണുകിടക്കുന്നു. എന്തു ചെയ്യണം?’ രാത്രിയുടെ ഇരുട്ടിൽ കൊള്ളക്കാരെ കപ്പലിലേക്കു കയറ്റുക ദുഷ്കരമായിരുന്നു. 27 സേനാംഗങ്ങളാണു കപ്പലിലുണ്ടായിരുന്നത്. കടൽക്കൊള്ളക്കാരുടെ എണ്ണം 45. അവരെയെല്ലാം കപ്പലിലേക്കു കയറ്റിയാൽ, ആൾബലത്തിന്റെ കരുത്തിൽ ഒരുപക്ഷേ സേനാംഗങ്ങളെ ആക്രമിച്ചേക്കാം.

അൽപനേരത്തെ ആലോചനയ്ക്കു ശേഷം അശോക് മറുപടി നൽകി – ‘ഇന്നു രാത്രി ഒന്നും ചെയ്യണ്ട. കൊള്ളക്കാർ വെള്ളത്തിൽ കിടക്കട്ടെ. അവർക്കു ലൈഫ് ജാക്കറ്റുകൾ ഇട്ടുകൊടുക്കുക. ബാക്കി രാവിലെ നോക്കാം’.

ലൈഫ് ജാക്കറ്റുകൾ ധരിച്ച് കടലിൽ കിടന്ന 45 കൊള്ളക്കാർക്ക് അന്നു രാത്രി സേനാ കപ്പൽ കാവൽ നിന്നു. പിറ്റേന്നു രാവിലെ അഞ്ചരയോടെ അശോക് ഓപ്പറേഷൻസ് സെന്ററിൽ മടങ്ങിയെത്തി. കപ്പലിലെ ക്യാപ്റ്റനെ വിളിച്ചു. നേരം വെളുത്തുതുടങ്ങിയെന്ന് മറുപടി ലഭിച്ചു. കൊള്ളക്കാരെ ഒന്നൊന്നായി കപ്പലിലേക്കു കയറ്റാനും ഓരോരുത്തരെയും കെട്ടിയിട്ട ശേഷം മാത്രം അടുത്തയാളെ കയറ്റാനും അശോക് നിർദേശിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ 45 കൊള്ളക്കാരെയും കപ്പലിലെത്തിച്ചു. കൊച്ചി തീരത്തെത്തിച്ച ശേഷം അവരെ മുംബൈയിലേക്കു മാറ്റി. ഓപ്പറേഷൻ ഐലൻസ് വാച്ചിന്റെ ഭാഗമായി സേന പിടികൂടുന്ന ആദ്യ കൊള്ളസംഘമായിരുന്നു അവർ. ഒന്നര വർഷം നീണ്ട ദൗത്യത്തിൽ 119 കടൽക്കൊള്ളക്കാരെയാണ് സേന കീഴടക്കിയത്. 

ഓപ്പറേഷൻ ബ്ലോസം

പടിഞ്ഞാറൻ കമാൻഡിൽ ഓപ്പറേഷൻ ചുമതലയിലിരിക്കെ മറ്റൊരു ദൗത്യത്തിലും അശോക് പങ്കാളിയായി – ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം. മലയാളി നഴ്സുമാരടക്കമുള്ളവർ യുദ്ധത്തിനിടയിൽ അകപ്പെട്ടു. അവരുൾപ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷിക്കാൻ ഓപ്പറേഷൻ ബ്ലോസമിനു സേന തുടക്കമിട്ടു. വ്യോമ, നാവിക സേനകൾ രക്ഷാദൗത്യത്തിനായി രംഗത്തിറങ്ങി.

യുദ്ധമേഖലയിൽ നിരന്തരം വെടിവയ്പു നടക്കുന്നതിനാൽ അവിടേക്കു വിമാനങ്ങൾ അയയ്ക്കുക എളുപ്പമായിരുന്നില്ല. അതോടെ, രക്ഷാദൗത്യത്തിന്റെ മുൻനിരയിൽ യുദ്ധക്കപ്പലുകൾ അണിനിരന്നു. 

ലിബിയലിൽ നിന്ന് ഇന്ത്യക്കാരെ യുദ്ധക്കപ്പലുകളിൽ കയറ്റി വ്യോമതാവളത്തിലെത്തിക്കുക, അവിടെനിന്നു വിമാന മാർഗം ഇന്ത്യയിലെത്തിക്കുക എന്നതായിരുന്നു ദൗത്യം. ആഴ്ചകൾ നീണ്ട ദൗത്യത്തിൽ ആയിരക്കണക്കിനാളുകളെയാണ് സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചത്.

samudra-sethu
ഫയൽചിത്രം

ഓപ്പറേഷൻ സമുദ്ര സേതു

കഴിഞ്ഞ വർഷം ലോകം കോവിഡിന്റെ പിടിയിലായ നാളുകൾ; വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വന്ദേ ഭാരത് യജ്ഞത്തിന്റെ ഭാഗമായി വിമാനങ്ങൾക്കു പുറമെ നാവികസേനയുടെ യുദ്ധക്കപ്പലുകളെയും രക്ഷാദൗത്യത്തിനു രംഗത്തിറക്കി.

സേനയുടെ ഉപമേധാവിയെന്ന നിലയിൽ, ദൗത്യത്തിന്റെ ഏകോപനച്ചുമതലയുടെ നേതൃനിരയിൽ അശോകും പങ്കാളിയായി. നാവികസേനാ ദൗത്യത്തിന് ‘ഓപ്പറേഷൻ സമുദ്ര സേതു’ എന്നു പേരിട്ടു. 

കപ്പലിൽവച്ച് ആളുകൾക്കിടയിൽ കോവിഡ് പടരുന്ന സാഹചര്യം ഒഴിവാക്കേണ്ടത് അനിവാര്യമായിരുന്നു. ഒരാൾക്കു രോഗം ബാധിച്ചാൽ, കപ്പലിനുള്ളിലെ ചുരുങ്ങിയ സ്ഥലത്ത് അതു മറ്റുള്ളവരിലേക്ക് അതിവേഗം പടരും. ആളുകൾ കൂട്ടമായി ഇടപഴകുന്നത് ഒഴിവാക്കാൻ കപ്പലിനുള്ളിലെ ഘടനയിൽ മാറ്റങ്ങൾ വരുത്തി. സേനാ ഡോക്ടർമാരെയും കപ്പലിൽ നിയോഗിച്ചു.

മാലദ്വീപ്, ശ്രീലങ്ക, ഇറാൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യക്കാരെ സേന സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഈ വർഷമാദ്യം കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിച്ചപ്പോഴും സേവനസന്നദ്ധമായി സേന രംഗത്തിറങ്ങി. വിദേശത്തുനിന്ന് ലിക്വിഡ് മെഡിക്കൽ ഓക്സിജനും ഓക്സിജൻ ഉൽപാദനത്തിനുള്ള ജനറേറ്ററുകളും ഇന്ത്യയിലെത്തിക്കുകയായിരുന്നു ദൗത്യം. 

പരമവിശിഷ്ടം, ഈ സേവനം

1982ൽ നാവികസേനയിൽ ചേർന്ന അശോക്, സേനയുടെ സുപ്രധാന ദൗത്യങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചതിന്റെ തലയെടുപ്പോടെയാണ് ഉപമേധാവിയായി (വൈസ് ചീഫ്) വിരമിച്ചത്. സേനാ ദൗത്യങ്ങളുടെ (ഓപ്പറേഷൻസ്) പൂർണ ചുമതല വഹിക്കുന്ന സഹമേധാവി (ഡെപ്യൂട്ടി ചീഫ്) പദവിയിൽ ഏറ്റവുമധികം കാലം (2 വർഷവും 9 മാസവും) സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനെന്ന പെരുമ അശോകിന്റെ പേരിലാണ്.

സേവന മികവു കണക്കിലെടുത്ത് പരമോന്നത സൈനിക ബഹുമതിയായ പരമ വിശിഷ്ട സേവാ മെഡൽ നൽകി 2020ൽ രാജ്യം ആദരിച്ചു. ഭാര്യ: ഗീത. മക്കൾ: ശ്രുതി, സ്വാതി. മരുമകൻ: വിനീത്.

English Summary: Special story about vice admiral Ashok Kumar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA