ADVERTISEMENT

ആരോടും യാത്ര പറയുകപോലും ചെയ്യാതെ സ്ഥലം വിടാനായി തയാറെടുക്കുമ്പോൾ 1000 കിലോമീറ്റർ നീണ്ട ഇറാഖ് മരുഭൂമിയിലൂടെ ജോർദാനിലേക്കുള്ള ആ യാത്രയിൽ ഒരു ആസൂത്രിത വാഹനാപകടത്തിൽ ഞാൻ വധിക്കപ്പെടും എന്ന വ്യക്തമായ സൂചന ലഭിച്ചു. സദ്ദാമിന്റെ കുപ്രസിദ്ധമായ രഹസ്യാന്വേഷണ സംഘം എന്റെ ഓരോ നീക്കവും നിരീക്ഷിക്കുന്നതായി ഞാൻ മനസ്സിലാക്കി... 

ഐക്യരാഷ്ട്രസംഘടനയിലെ സേവനത്തിൽനിന്നു വിരമിച്ച ശേഷം തിരിഞ്ഞുനോക്കുമ്പോൾ ഇളകുന്നൊരു വർണരാജി പോലെ മനസ്സിന്റെ കണ്ണാടിയിൽ തെളിഞ്ഞുനിൽക്കുന്ന അനുഭവങ്ങൾ ഒട്ടേറെ. ജീവൻ മുൾമുനയിൽ നിർത്തിയ, സ്തോഭജനകമായ ആ ഇറാഖ് അനുഭവം തന്നെയാണ് മുന്നിൽ. യുഎൻ വാഹനത്തിൽ ആയിരം കിലോമീറ്ററോളം മരുഭൂമിയിലൂടെ മറ്റൊരാളെന്ന മട്ടിലുള്ള യാത്ര ജോർദാൻ അതിർത്തിയിൽ എത്തി നിൽക്കുമ്പോൾ തോൽപിച്ചതു മരണത്തെയാണ്; തിരിച്ചുപിടിച്ചത് ജീവനാണ്. 

പ്രധാനമന്ത്രിമാരുടെ സുരക്ഷയ്ക്കുള്ള എസ്‌പിജിയിൽ അംഗമായിരിക്കെയാണ് 1997 ൽ യുഎൻ പീസ് കീപ്പിങ് ഫോഴ്സിലേക്ക് എനിക്കു മൂന്നു മാസത്തേക്കുള്ള നിയോഗം വന്നത്. ബോസ്നിയയിലെ ആ ദൗത്യത്തിനു ശേഷം കോൺട്രാക്ട് നീട്ടിക്കിട്ടിയതിനൊപ്പം ഇറാഖിലേക്കു സ്ഥലം മാറ്റവും വന്നു. ഭക്ഷണത്തിനു പകരം എണ്ണ (oil for food) എന്ന ദൗത്യത്തിലാണു പ്രവർത്തിക്കേണ്ടിയിരുന്നത്. സദ്ദാം ഹുസൈന്റെ നിയന്ത്രണത്തിൽ നിന്ന് എണ്ണപ്പാടങ്ങൾ യുഎൻ നിയന്ത്രണത്തിലാക്കുകയും അവിടുത്തെ എണ്ണ വിറ്റു കിട്ടുന്ന പണം ഇറാഖിലെ ജനങ്ങൾക്കു ഭക്ഷണമെത്തിക്കാൻ ഉപയോഗിക്കുന്നതുമായിരുന്നു പദ്ധതി. 

ഇറാഖിലെ യുഎന്നിന്റെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിൽ ഇറാഖിലെ ആണവ, ജൈവ, രാസായുധ ശേഖരങ്ങളെ തിരയാനുള്ള സ്പെഷൽ കമ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ എനിക്കറിയാമായിരുന്നു. ചില തന്ത്രപ്രധാന കേന്ദ്രങ്ങൾ അമേരിക്കൻ മിസൈൽ ആക്രമണത്തിൽ തകർക്കപ്പെട്ടതും ഇറാഖിൽ ഇറാനിയൻ വിമത പോരാട്ട സംഘടന മുജാഹിദ്ദീൻ ഖൽഖ് ഓർഗനൈസേഷൻ പ്രവർത്തിക്കുന്നതു സംബന്ധിച്ച അറിവുകളും ഇറാഖി സർക്കാരിനു സന്ദേഹമുളവാക്കിയിരുന്നു. ഇതിനിടെ ഓയിൽ ഫോർ ഫുഡ് പദ്ധതിയിൽ ഉണ്ടായ ശതകോടികളുടെ കുംഭകോണം ( മുൻ കേന്ദ്ര മന്ത്രി നട്‌വർസിങ് അടക്കമുള്ളവർ രാജി വയ്ക്കാനിടയാക്കിയ ആരോപണം ) സംബന്ധിച്ച എന്റെ ചില അന്വേഷണങ്ങളും ഭരണകൂടത്തിന് അലോസരമുളവാക്കി. അതേ സമയം അമേരിക്കൻ ബോംബാക്രമണങ്ങളിൽ നിരപരാധികളായ ജനങ്ങൾ, പ്രത്യേകിച്ചും കുട്ടികൾ കൊല്ലപ്പെടുന്നതായ എന്റെ റിപ്പോർട്ടുകൾ യുഎൻ രക്ഷാസമിതിയിൽ ചർച്ചയ്ക്കു വന്നതിൽ സദ്ദാം സന്തുഷ്ടനുമായിരുന്നു.  

ഇങ്ങനെ കാര്യങ്ങൾ നീങ്ങുന്നതിനിടെ യുഎൻ നിയന്ത്രണങ്ങൾ മറികടന്ന് സദ്ദാമിന്റെ മകൻ ഉദയ് നടത്തിയിരുന്ന എണ്ണ കള്ളക്കടത്തു സംബന്ധിച്ച സൂചനകൾ ഞാൻ യുഎൻ ആസ്ഥാനത്തേക്കു കൈമാറിയതായി ഭരണകൂടത്തിനു സംശയമുണർന്നു.

പിന്നാലെ അന്തരീക്ഷത്തിൽ പിരിമുറുക്കം കനക്കുന്നത് ഉള്ളിൽ അറിയാനായി. ഇറാഖിന്റെ രഹസ്യാന്വേഷണ സ്ഥാപനമായ ‘ മുഖാബറത്തുമായി അടുത്തു പ്രവർത്തിച്ചിരുന്ന ഇറാഖികളായ സഹപ്രവർത്തകർ എനിക്കു മുന്നറിയിപ്പു നൽകി – ഓഫിസിൽനിന്നു നേരെ യുഎൻ വാഹനത്തിൽ ഹോട്ടൽ മുറിയിലെത്തുന്നതല്ലാതെ പുറത്തിറങ്ങരുത്. മനസ്സ് ജാഗരൂകമായി. തന്ത്രപ്രധാനവിവരങ്ങൾ ഒരുപാടു കൈവശമുള്ളവരെ അപകടങ്ങളുടെ മറവിൽ വധിക്കുക അന്ന് ഇറാഖിൽ സ്ഥിരസംഭവമായിരുന്നു. ഉയർന്ന ജനറൽമാരും മറ്റും പൊടുന്നനെ അപകട മരണത്തിനിരയായ എത്രയോ കഥകൾ മൂന്നു വർഷത്തിനിടെ ഞാൻ കേട്ടിരിക്കുന്നു!

അങ്ങനെയിരിക്കെ അവിചാരിതമായി ഇറാഖിലെ യുഎൻ തലവനായ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ബഗ്ദാദിലെ ഓഫിസ് മുറിയിലേക്കു കടന്നു വന്നപ്പോൾ എന്തോ പന്തികേടുണ്ടെന്നെനിക്കു തോന്നി. രാവിലെ ഇറാഖ് വിദേശകാര്യമന്ത്രി  കാണണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് പോയിക്കണ്ട് അവിടെനിന്നു  നേരെ വന്നതാണ് എഎസ്ജി.   ‘സോറി ഏബ്രഹാം, 24 മണിക്കൂറിനുള്ളിൽ താങ്കൾ രാജ്യം വിടണമെന്നാവശ്യപ്പെടാനാണ് മന്ത്രി എന്നെ വിളിപ്പിച്ചത് ’. അതിനപ്പുറം എന്റെ സുരക്ഷയ്ക്ക് ഒരു ഉറപ്പും നൽകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തത്രെ. കാര്യങ്ങൾ ഇങ്ങനെയെല്ലാമായി പരിണമിക്കും എന്ന എന്റെ വിചാരങ്ങൾ ശരിയാകുകയായിരുന്നു. സുരക്ഷയ്ക്ക് ഉറപ്പൊന്നുമില്ല എന്നു പറഞ്ഞതിൽ ഒരുപാടു കാര്യങ്ങൾ വായിക്കാനുണ്ടായിരുന്നു.

ആരോടും യാത്ര പറയുകപോലും ചെയ്യാതെ സ്ഥലം വിടാനായി തയാറെടുക്കുമ്പോൾ 1000 കിലോമീറ്റർ നീണ്ട ഇറാഖ് മരുഭൂമിയിലൂടെ ജോർദാനിലേക്കുള്ള ആ യാത്രയിൽ ഒരു ആസൂത്രിത വാഹനാപകടത്തിൽ ഞാൻ വധിക്കപ്പെടും എന്ന വ്യക്തമായ സൂചന എനിക്കു ലഭിച്ചു. സദ്ദാമിന്റെ കുപ്രസിദ്ധമായ രഹസ്യാന്വേഷണ സംഘം എന്റെ ഓരോ നീക്കവും നിരീക്ഷിക്കുന്നതായി ഞാൻ മനസ്സിലാക്കി. ഒരു നാടകമല്ലാതെ ഇനി വേറെ വഴിയില്ല.  

അന്നത്തെ ഇന്ത്യൻ അംബാസഡറായിരുന്ന ആർ. ദയാകർ എനിക്ക് ഒരു യാത്രയയപ്പു സൽക്കാരം നടത്താനായി ചില അംബാസഡർമാരെയും ഇറാഖിലെ ഉന്നത ഉദ്യോഗസ്ഥരെയും വേഗം ക്ഷണിച്ചു. ഇതിനായി രാജ്യം വിടാനുള്ള കാലാവധി മൂന്നു ദിവസത്തേക്കു നീട്ടണമെന്ന അഭ്യർഥന സർക്കാർ അംഗീകരിച്ചു. എന്നാൽ, പിറ്റേന്നു വെളുപ്പിനുതന്നെ മറ്റൊരു യുഎൻ ഉദ്യോഗസ്ഥനുവേണ്ടി വരുത്തിയ യുഎൻ വാഹനത്തിൽ ഞാൻ രാജ്യം വിട്ടു. വണ്ടിയിൽ കയറി ജോർദാൻ അതിർത്തിയിലേക്കു യാത്ര തിരിക്കാനാവശ്യപ്പെട്ടപ്പോൾ മാത്രമാണ് ഡ്രൈവർക്കുപോലും ലക്ഷ്യസ്ഥാനം മനസ്സിലായത്. (രഹസ്യാന്വേഷണ പൊലീസ് ഡ്രൈവറെ ശല്യപ്പെടുത്താതിരിക്കണമല്ലോ). യാത്രയയപ്പ് സൽക്കാരം കണക്കിലെടുത്ത മുഖാബറാത്ത് ഞാൻ പെട്ടെന്ന് അപ്രത്യക്ഷനാകുമെന്ന് ഒട്ടുമേ കരുതിയില്ല.  ജോർദാൻ അതിർത്തി കടക്കുമ്പോഴാണ് ഞാൻ കാറിനകത്തുള്ള കാര്യം ഇറാഖ് ബോർഡർ ഗാർഡ്സ് അറിയുന്നത്. മുഖാമുഖം നിന്ന ആ നിമിഷത്തിൽ ഇറാഖ് കമാൻഡർ പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു. "we will see you" -‘നിന്നെ പിന്നെ കണ്ടോളാം’ എന്നുതന്നെ.

നാടകീയ രക്ഷപ്പെടലിനൊടുവിൽ ഞാൻ ന്യൂയോർക്കിൽ എത്തി ഒരാഴ്ചയ്ക്കം ഞെട്ടിക്കുന്ന അതിദാരുണ വാർത്തയാണ് എന്നെ തേടിയെത്തിയത്. എന്നോടേറ്റവും അടുത്തു പ്രവർത്തിച്ചിരുന്ന ഒരു ഇറാഖ് ഉഗ്യോഗസ്ഥനെ വീട്ടിൽ നിന്ന് അർധരാത്രി വിളിച്ചിറക്കി അജ്ഞാതരായ മൂവർ സംഘം ഭാര്യയുടെ മുന്നിലിട്ടു വെടിവച്ചു കൊന്നു.  ഒരു മുന്നറിയിപ്പോ താക്കീതോ–   ആർക്കു വേണ്ടിയായിരുന്നു അത്?

(ഇന്ത്യൻ പൊലീസ് സർവീസിൽ പ്രധാനമന്ത്രിമാരുടെ വ്യക്തിഗത സുരക്ഷാചുമതലയുള്ള എസ്‌പി‌ജി വിഭാഗം മേധാവിയായിരിക്കെ ഐക്യരാഷ്ടസംഘടനയുടെ സെക്രട്ടേറിയറ്റിലേക്കു നിയോഗിക്കപ്പെട്ട ഏബ്രഹാം മത്തായി നൂറനാൽ യുഎൻ സെക്യൂരിറ്റി വിഭാഗത്തിൽ ഉന്നത പദവികളിലും നയതന്ത്ര ദൗത്യങ്ങളിലും 25 വർഷം  പ്രവർത്തിച്ച ശേഷം രണ്ടു മാസം മുൻപ് വിരമിച്ചു. വയനാട് ബത്തേരി സ്വദേശിയാണ്)

English Summary: Abraham Mathai: Chief security advisor, Geneva

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com