ADVERTISEMENT

ആഗോള കോർപറേറ്റ് രംഗത്തെ വിസ്മയം ഇന്ദ്ര നൂയി. മാറുന്ന അതിവേഗ ലോകരുചിയുടെ സിഇഒയായി വിഭവങ്ങളുടെ വിപണനത്തിരക്കിനിടയിലും ആ മനസ്സ് ഇന്ത്യയിൽ ഓടിക്കളിക്കുകയായിരുന്നു. മദ്രാസിലെ മറക്കാനാകാത്ത ബാല്യം, ലോകാകാശത്തേക്കു ചിറകുവിടർത്തിയ തീക്ഷ്ണയൗവനം. ഇവയുടെയെല്ലാം നിറവും രുചിയും ഗന്ധവും ചേർത്തൊരു വായനാവിഭവമാണ് പെപ്‌സികോ സിഇഒ സ്ഥാനമൊഴിഞ്ഞ ശേഷം ഇന്ദ്ര ലോകത്തിനു സമ്മാനിച്ചിരിക്കുന്നത് - മൈ ലൈഫ് ഇൻ ഫുൾ എന്ന ഗ്രന്ഥത്തിൽ.

ഇന്ദ്ര കൃഷ്ണമൂർത്തിയുടെ ബാല്യം ഊയലാടുന്നത് ഈട്ടിത്തടിയിൽ തീർത്തൊരു ആട്ടുകട്ടിലിലാണ്. ചെന്നൈയിൽ ലക്ഷ്മി നിലയമെന്ന ഇരുനില വീടിന്റെ ആത്മാവും ഹൃദയവുമായിരുന്ന നടുത്തളത്തിലെ ആട്ടുകട്ടിൽ. ചേച്ചി ചന്ദ്രികയും അനുജൻ നന്ദുവുമൊത്ത് ഇന്ദ്രയെന്ന തമിഴ് ബ്രാഹ്മണപ്പെൺകുട്ടി തിമിർത്തുകളിച്ചതും ഉരുണ്ടുവീണതും സാഹസികമായി ചാടിയെഴുന്നേറ്റതുമെല്ലാം ഇവിടെയാണ്.

വർഷങ്ങൾക്കിപ്പുറം, 1970കളിൽ, യുഎസിലെ യേൽ സർവകലാശാലയിലെ വിജനമായ ഡോർമിറ്ററിയിലെ കട്ടിലിലിരുന്ന്, കരച്ചിലിന്റെ വക്കോളമെത്തിയ അപരിചിത കുടിയേറ്റക്കാരി. പിറ്റേന്നു തന്നെ നാട്ടിലേക്കു വിമാനം കയറി, ആശ്വാസത്തിന്റെ വീടണയാനുള്ള വെമ്പൽ ചെറുത്തതും ഇന്ദ്രയിലെ പഴയ സാഹസികമനസ്സായിരുന്നു. ഉലകം മുഴുവൻ ചുറ്റിയുള്ള രണ്ടു ദിവസത്തെ യാത്രയുടെ ക്ഷീണവും പിന്നെ വിശപ്പും. ആദ്യം തന്നെ നാവു കൊതിച്ചത് ഒരു പാത്രം തൈരിനു വേണ്ടിയായിരുന്നു. യേലിലെ ആ ഏകാന്തസന്ധ്യയിൽ തെരുവിലെ കടയിലേക്കു കയറി. തൈരു തപ്പി നടന്നു പരാജയപ്പെട്ടപ്പോൾ ബ്രഡും തക്കാളിയും ഉരുളക്കിളങ്ങു വറുത്തതും വാങ്ങി അവിടെനിന്നിറങ്ങി. എരിവോ പുളിയോ ഇല്ലാതെ, നാവിൽവയ്ക്കാൻ കൊള്ളാത്ത സാൻവിച്ച് കഴിച്ചെന്നു വരുത്തുമ്പോൾ, കടയിലെ അലമാരയിൽ തൈരു പാത്രങ്ങൾ നിരന്നിരുപ്പുണ്ടായിരുന്നു. ഇന്ത്യയിലെ ‘കേർഡ്’ അമേരിക്കയിൽ ‘യോഗർട്ട്’ ആണെന്നു മനസ്സിലാക്കാതെ അന്നു കാണിച്ച മണ്ടത്തരം അതേ പുളിയോടെ ഓർത്തെടുത്തു പങ്കുവയ്ക്കാനുള്ള ഇന്ദ്രയുടെ വിനയത്തിനുണ്ട് ഇന്ദ്രനീലത്തിന്റെ ശോഭ.

ഇന്ദ്ര നൂയിയും ഭർത്താവ് രാജ് നൂയിയും മക്കളായ പ്രീതയ്ക്കും താരയ്‍ക്കുമൊപ്പം.
ഇന്ദ്ര നൂയിയും ഭർത്താവ് രാജ് നൂയിയും മക്കളായ പ്രീതയ്ക്കും താരയ്‍ക്കുമൊപ്പം.

ജനനം കൊണ്ടു പാലക്കാട്ടുകാരനും ജോലിയും ജീവിതവും കൊണ്ടു ചെന്നൈക്കാരനുമായ റിട്ട. ഡിസ്ട്രിക്ട് ജഡ്ജി എ. നാരായണശർമയുടെ മകൻ കൃഷ്ണമൂർത്തിയുടെയും ശാന്തയുടെയും മകളാണ് ഇന്ദ്ര. 1955 ഒക്ടോബറിൽ മദ്രാസിൽ ജനനം. ഇന്ദ്രയെ പ്രസവിക്കുമ്പോൾ ശാന്തയ്ക്ക് 22 വയസ്സുണ്ട്. കൃഷ്ണമൂർത്തിക്ക് 33 വയസ്സും. വലയ്ക്കു മുകളിലൂടെ റബർ റിങ് എറിഞ്ഞുള്ള ടെന്നിക്കോയ് ചുറുചുറുക്കോടെ കളിക്കുമായിരുന്ന ശാന്തയെ കല്യാണം കഴിക്കാനുള്ള മോഹം കൃഷ്ണമൂർത്തി വീട്ടിൽ അറിയിച്ച്, അങ്ങനെ നടന്ന ആലോചനയായിരുന്നു. ഒരായുസ്സിന്റെ സമ്പാദ്യം മുഴുവൻ ചെലവാക്കി നാരായണശർമ പണിത ലക്ഷ്മി നിലയത്തിൽ, കൃഷ്ണമൂർത്തിയുടെ നിശ്ചിത വരുമാനത്തിലെങ്കിലും പട്ടിണിയില്ലാത്ത ജീവിതം, സന്തുഷ്ട ദാമ്പത്യം.

ഹോളി എഞ്ചൽസ് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് മ്യൂസിക് ബാൻഡിലെ മിന്നും താരമായും മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദകാലത്ത് വനിതാ ക്രിക്കറ്റ് ടീം ഓപ്പണിങ് ബാറ്ററായും ഇന്ദ്ര വേറിട്ടുനിന്നു (അമേരിക്കയിലേക്കു കുടിയേറിയതിനുശേഷം ബേസ്‌ബോളിനോടായി ഇഷ്ടം). പ്രസംഗം, ഡിബേറ്റ്, സ്‌കൗട്‌സ് എന്നു വേണ്ട, എല്ലാ പാഠ്യേതരപ്രവർത്തനങ്ങളിലും കുഞ്ഞുന്നാൾതൊട്ടേ മികവു തെളിയിച്ചിരുന്നു. എങ്കിലും സംഗീതജ്ഞ കൂടിയായ ചേച്ചി ചന്ദ്രികയാണ് എല്ലാറ്റിനും വഴിവിളക്കായത്. അന്നത്തെ കാലത്ത് അഹമ്മദാബാദ് ഐഐഎമ്മിൽ പോയി പഠിക്കണമെന്നു വാശിപിടിച്ച ചന്ദ്രികയോടാണ് തന്റെ പിൻകാലനേട്ടങ്ങൾക്കെല്ലാം ഇന്ദ്ര നന്ദി പറയുന്നത്.

ചേച്ചിയുടെ വഴിയേ അനുജത്തി ഐഐഎം കൽക്കട്ടയിൽ പഠിച്ചു. ഇന്ത്യയിലെ ബിസിനസ് സ്‌കൂളുകളിൽ അന്നൊക്കെ വനിതകൾ പഠിക്കുന്നതു സാധാരണമായിട്ടില്ല. കൊൽക്കത്തക്കാലത്ത് ആണവോർജ വകുപ്പിൽ സമ്മർ ഇന്റേൺഷിപ് കിട്ടി ബോംബെയിലായിരുന്നു അ‍ൽപകാലം. ഇതിനിടെയായിരുന്നു പ്രിയപ്പെട്ട മുത്തച്ഛന്റെ വിയോഗം. ഇന്ദ്ര എത്തുമ്പോഴേക്കും മൃതദേഹം ചിതയിലേക്ക് എടുത്തുകഴിഞ്ഞിരുന്നു. അന്നത്തെ നാട്ടുനടപ്പനുസരിച്ച് സ്ത്രീകൾക്ക് അവിടെ പ്രവേശനമില്ല. പക്ഷേ ഇന്ദ്രയ്ക്കു പുരോഹിതൻ അനുവാദം നൽകി. എരിയുന്ന ആ ചിത ഇന്ദ്രയ്ക്ക് ഒരിക്കലും മറക്കാനാകില്ല.

ഇന്ദ്ര നൂയിയുടെ മാതാപിതാക്കളായ ശാന്തയുടെയും കൃഷ്ണമൂർത്തിയുടെയും വിവാഹചിത്രം.
ഇന്ദ്ര നൂയിയുടെ മാതാപിതാക്കളായ ശാന്തയുടെയും കൃഷ്ണമൂർത്തിയുടെയും വിവാഹ ചിത്രം.

ഇന്ദ്ര നൂയി

1955  മദ്രാസിൽ ജനനം

1976 മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബിരുദം

1977 ജോൺസൻ ആൻഡ് ജോൺസൻ പ്രോഡക്ട് മാനേജർ

1978 ഐഐഎം കൽക്കട്ടയിൽനിന്ന് എംബിഎ; യുഎസിലേക്ക് 

1980 യേൽ യൂണിവേഴ്‌സിറ്റിയിൽനിന്നു മാസ്റ്റേഴ്‌സ്; ബിസിജിയിൽ ചേരുന്നു, രാജ് നൂയിയുമായി വിവാഹം. (കർണാടകയിലെ മംഗളൂരുവിനടുത്തുള്ള ഗ്രാമത്തിന്റെ പേരാണ് നൂയി.)

1983 അച്ഛൻ കൃഷ്ണമൂർത്തിയുടെ മരണം 

1984 മൂത്ത മകൾ പ്രീതയുടെ ജനനം

1986 കാറപകടത്തിൽനിന്നു ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുന്നു. മോട്ടറോളയിൽ ചേരുന്നു

1990 അസിയ ബ്രൗൺ ബൊവേറി (എബിബി)യിലേക്ക് 

1992 രണ്ടാമത്തെ മകൾ താര പിറക്കുന്നു 

1994 ന്യൂയോർക്കിലെ പർചേസിലുള്ള പെപ്‌സികോയിൽ ചേരുന്നു (അന്ന് 2500 കോടി ഡോളറാണ് കമ്പനിയുടെ വാർഷിക വരുമാനം)

2000 കമ്പനി പ്രസിഡന്റ്

2006 പെപ്‌സികോ സിഇഒ 

2007 പത്മഭൂഷൺ ബഹുമതി 

2018 പെപ്‌സികോയിൽനിന്നു വിരമിക്കുന്നു (കമ്പനി വാർഷിക വരുമാനം അപ്പോൾ 6400 കോടി ഡോളർ). 

വഴി തിരിച്ചുവിട്ട ന്യൂസ്‌വീക്ക് വാരിക

ഐഐഎമ്മിനു ശേഷം മേട്ടൂർ ബിയഡ്‌സെൽ ടെകസ്‌റ്റൈൽ കമ്പനിയിൽ അസിസ്റ്റന്റ് പ്രോഡക്ട് മാനേജരായി ഇന്ദ്ര ജോലി ചെയ്തിരുന്നു. തൊഴിലാളി സമരം കാരണം കമ്പനി പ്രവർത്തനം നിലച്ചതോടെ ജോൺസൻ ആൻഡ് ജോൺസനിലേക്കു മാറി. സ്ത്രീകൾക്കുള്ള സാനിറ്ററി പാഡ് ഉൾപ്പെടെ പുത്തൻ ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിലെത്തിക്കാൻ ഇന്ദ്രയും ചുക്കാൻ പിടിച്ചു. അങ്ങനെയിരിക്കെയാണ്, മദ്രാസിലെ ഒരു അവധിക്കാലത്ത്, 1977 ഡിസംബറിൽ, ഇഷ്ട സങ്കേതമായ അമേരിക്കൻ ലൈബ്രറിയിൽ പോയത്. 1976 സെപ്റ്റംബറിലെ ന്യൂസ്‌വീക്ക് വാരിക അവിടെ കിടപ്പുണ്ടായിരുന്നു. ജിമ്മി കാർട്ടറും ജെറൾഡ് ഫോർഡും മുഖചിത്രമായുള്ള ആ ലക്കത്തിലെ ‘എ ഷേഡ് ഓഫ് ഡിഫറൻസ്’ എന്ന ലേഖനം കൗതുകത്തോടെ വായിച്ചു. യുഎസിലെ കനറ്റിക്കട്ട് സംസ്ഥാനത്തുള്ള യേൽ യൂണിവേഴ്‌സിറ്റിയിൽ ആരംഭിക്കുന്ന പുതിയ ബിസിനസ് സ്‌കൂളിനെക്കുറിച്ചായിരുന്നു അത്. പൊതു, സ്വകാര്യ മേഖലകളിലെ മാനേജ്‌മെന്റ് വൈദഗ്ധ്യം ലക്ഷ്യമിട്ടുള്ള കോഴ്‌സുകൾ ആകർഷകമായി തോന്നിയപ്പോൾ ഇന്ദ്ര അപേക്ഷ അയച്ചു. ധനസഹായവാഗ്ദാനവുമായി പ്രവേശനക്കത്ത് ഏതാനും ആഴ്ചയ്ക്കുള്ളിൽ വന്നു. പഠനച്ചെലവിന്റെ 50 ശതമാനം വായ്പയായും 20 ശതമാനം വർക് ടു പേ പദ്ധതിയിൽപ്പെടുത്തിയും ബാക്കി സ്‌കോളർഷിപ്പായും നൽകാമെന്നായിരുന്നു സർവകലാശാല അധികൃതരുടെ ഉറപ്പ്. 

വായ്പയുടെ കാര്യത്തിൽ വീട്ടിൽ ആശങ്കയുണ്ടായിരുന്നു. പഠനം പൂർത്തിയാക്കിയശേഷമുള്ള കടം വീട്ടാൻ അച്ഛന്റെ ഒരു വർഷത്തെ വരുമാനം പോലും തികയില്ല. അപ്പോഴാണ്, യേൽ മോഹം വേണ്ടെന്നു വയ്ക്കാൻ വരട്ടെയെന്നു പറഞ്ഞ് പഴയ ടെക്‌സറ്റൈൽ കമ്പനി മാനേജിങ് ഡയറക്ടർ നോർമൻ വേഡിന്റെ പ്രോത്സാഹനം. ചെന്നൈയിലെ യുഎസ് കോൺസുലേറ്റിൽ വിദ്യാർഥി വീസ അഭിമുഖത്തിനു വേഡും കമ്പനിയിലെ മാർക്കറ്റിങ് ഡയറക്ടർ എസ്.എൽ. റാവുവും വേണ്ട സഹായങ്ങളെല്ലാം ചെയ്തു. ‍

കോൺസുലേറ്റിൽ പുലർച്ചെ 6നു വിതരണം ചെയ്യുന്ന ടോക്കൺ വാങ്ങാൻ ക്യൂ നിൽക്കാനായി തലേന്നു രാത്രി 9ന് ഇന്ദ്രയെത്തി. വരിനിൽക്കുന്നവരുടെ എണ്ണം ഒരു മണിക്കൂറിനകം അറുപതു കടന്നു. ഏക പെൺതരിയായി ഇന്ദ്ര. അൽപം കഴിഞ്ഞപ്പോൾ വെളുത്ത നിറമുള്ള മെഴ്സിഡീസ് കാറിൽ വേഡ് എത്തി. ഉറക്കമിളയ്ക്കുന്ന ഇന്ദ്രയ്ക്കുള്ള കാപ്പി നിറച്ച ഒരു ഫ്ലാസ്‌ക് കൈമാറിയ ശേഷം വാത്സല്യനിധിയായ അദ്ദേഹം മടങ്ങി. പുലർച്ചെ രണ്ടു മണിക്ക് അടുത്ത ഫ്ലാസ്‌കുമായി അദ്ദേഹത്തിന്റെ ഡ്രൈവർ വന്നുപോയി. രാവിലെ 5നു പ്രഭാതഭക്ഷണവുമായി റാവുവും. രാവിലെ തന്നെ ടോക്കണെടുത്തു. കാർക്കശ്യത്തിനു പേരു കേട്ട ജെയിംസ് ഇ. ടോഡ് എന്ന ഇന്റർവ്യൂ ഓഫിസർക്കു മുന്നിൽ പതറാതെ, അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കു തൃപ്തികരമായ മറുപടികൾ നൽകിയതോടെ വീസ ഉറപ്പായി. 1978 ഓഗസ്റ്റിൽ ഇന്ദ്ര യുഎസിലേക്കു പറന്നു. കന്നിയാത്രയിലും രസകരമായ ഓർമകളുണ്ട്. വിമാനത്തിൽവച്ച് അമേരിക്കക്കാരനായ യുവ ബിസിനസുകാരൻ ഇന്ദ്രയെ പരിചയപ്പെട്ടു. കനക്ടിക്കട്ടിലെ സർവകലാശാലയിൽ പഠിക്കാൻ പോകുകയാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഒരു നിമിഷം നിശ്ശബ്ദനായി. കനറ്റിക്കട്ട് ആണ് ശരിയായ ഉച്ചാരണം, കനക്ടികട്ട് അല്ല. മറക്കരുതു കേട്ടോ - അദ്ദേഹം സൗമ്യനായി വിശദീകരിച്ചു. ആ അപരിചതൻ കാട്ടിയ കാരുണ്യവും സ്‌നേഹവും ഇന്ദ്ര ഇപ്പോഴും ഓർമയിൽ സൂക്ഷിക്കുന്നു.

രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിൽ നിന്ന് പത്മഭൂഷൺ ബഹുമതി സ്വീകരിക്കുന്നു.
രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾ കലാമിൽ നിന്ന് പത്മഭൂഷൺ ബഹുമതി സ്വീകരിക്കുന്നു.

എത്ര സുന്ദരമായ ധിക്കാരം, എത്ര വേറിട്ട പഠനം

ഇന്ത്യൻ പഠനാന്തരീക്ഷങ്ങളിൽനിന്നു തീർത്തും വേറിട്ടതായിരുന്നു യേൽ ക്ലാസ് മുറികൾ. അമേരിക്കൻ വിദ്യാർഥികളുടെ ആത്മവിശ്വാസവും പ്രസരിപ്പും ഇന്ദ്രയെ ആദ്യമൊക്കെ ഞെട്ടിച്ചു കളഞ്ഞു. അധ്യാപകർ പഠിപ്പിക്കുന്നതിനിടെ വിദ്യാർഥികൾ സാൻവിച്ച് കഴിക്കും. ഡെസ്‌ക്കിനു മുകളിൽ കാൽ കയറ്റിവച്ചിരിക്കും. കൂട്ടുകാരോടെന്ന പോലെ പേരു വിളിച്ച് അധ്യാപകരോടു സംസാരിക്കും, സംവാദങ്ങൾ നടത്തും. താമസിച്ചു കയറിവരും, ക്ലാസ് തീരും മുൻപു സ്ഥലം വിടും.

ഇന്ത്യയിലാകട്ടെ, ക്ലാസിലേക്ക് അധ്യാപകർ വരുമ്പോൾ വിദ്യാർഥികൾ ഭയഭക്തിയോടെ എഴുന്നേറ്റു നിൽക്കുകയാണല്ലോ പതിവ്. ഒരകലമിട്ടു നിൽക്കുന്നതാണ് ഇവിടത്തെ ശീലം. എന്നാൽ, യുഎസിലെ അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള തുറന്ന സംവാദങ്ങൾ പഠനനിലവാരത്തെ പതിന്മടങ്ങു വർധിപ്പിക്കുമെന്ന് ഇന്ദ്ര മെല്ലെ തിരിച്ചറിഞ്ഞു. തിയറിയെക്കാളുപരി യഥാർഥ സന്ദർഭങ്ങൾ വിശകലനം ചെയ്തുള്ള പഠന രീതിയും വേറിട്ടതായി. ബ്ലേഡ് നിർമാതാക്കളായ ജിലറ്റിന്റെ വളർച്ച, ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് നേരിട്ട സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ മുൻനിർത്തി പേപ്പറുകൾ തയാറാക്കി. 

1972ലും 1976ലും യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ഡമോക്രാറ്റ് പാർട്ടിയിൽ മത്സരിച്ചു പരാജയപ്പെട്ട ഹെന്റി ‘സ്‌കൂപ്’ജാക്‌സന്റെ തിരഞ്ഞെടുപ്പ് വിദഗ്ധൻ എറിക് മാർഡറുമായി സംസാരിച്ചു റിപ്പോർട്ട് തയാറാക്കിയതും ഇന്ദ്രയ്ക്കു വേറിട്ട അനുഭവമായി. എന്നിരിക്കിലും, അധ്യാപകരായി യുഎസിൽപോലും വനിതകൾ ഏറെയില്ലാത്തത്, സ്ത്രീമുന്നേറ്റത്തിന്റെ അഭാവം നേരിട്ട അക്കാലത്തെ ആഗോള അവസ്ഥയുടെ പ്രതിഫലനമായിരുന്നു.

‘കമ്പനിയുടെ പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ച സന്തോഷവാർത്ത അറിയിക്കാനായി വീട്ടിലേക്കു പാഞ്ഞെത്തിയതായിരുന്നു ഞാൻ. അമ്മയ്ക്ക് ഒട്ടും കേൾക്കേണ്ട. വീട്ടിൽ പാൽ തീർന്നു. ഞാൻ കടയിൽ പോകണം. ദേഷ്യത്തോടെ കാറിന്റെ കീയെടുത്തു ഞാൻ സ്ഥലം വിട്ടു. തിരിച്ചുവന്നു പാൽക്കുപ്പി ശബ്ദത്തോടെ വച്ചശേഷം ഞാൻ പറഞ്ഞു- ഞാൻ പെപ്‌സികോ പ്രസിഡന്റായ വാർത്ത കേൾക്കാനുള്ള ക്ഷമ പോലും അമ്മയ്ക്കില്ല. പാലു വാങ്ങാൻ വിട്ടിരിക്കുന്നു! അമ്മ എന്നെയൊന്നു നോക്കി. എടീ, നീ പെപ്‌സികോയുടെ പ്രസിഡന്റായാലും ശരി, മറ്റാരായാലും ശരി, വീട്ടിൽ വരുമ്പോൾ ഭാര്യയും അമ്മയും മകളുമാണ്. നിനക്കു പകരമാകാൻ മറ്റാർക്കും പറ്റില്ല. അതുകൊണ്ട്, തലയിൽ എത്ര വലിയ കിരീടമായാലും ശരി, പുറത്ത് ആ വണ്ടിപ്പുരയിൽവച്ചിട്ട് അകത്തു വന്നാൽ മതി. ’

വിദേശരാജ്യത്തു യോജിച്ചയിനം വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും അവ വാങ്ങാനുള്ള പണം കണ്ടെത്തുന്നതിലും ആദ്യകാലത്തു നേരിട്ട പ്രയാസങ്ങളെല്ലാം ഇന്ദ്ര തുറന്നു പറയുന്നുണ്ട്. ഒടുവിൽ, സാരി ധരിക്കുന്നതാണു സൗകര്യമെങ്കിൽ അങ്ങനെ ചെയ്യൂ എന്ന അമേരിക്കൻ സുഹൃത്തിന്റെ ഉപദേശം സ്വീകരിക്കുകയായിരുന്നു. ബൂസ് അലൻ ഹാമിൽറ്റൻ കൺസൽറ്റിങ് കമ്പനിയിൽ ഇന്റേൺഷിപ്പിനായി ഷിക്കാഗോയിൽ എത്തിയപ്പോഴാണ് മാംഗളൂരുകാരൻ എൻജിനീയർ രാജ് നൂയിയുമായി പരിചയപ്പെടാനിടയായത്. ടെക്‌സസ് യൂണിവേഴ്‌സിറ്റിയിൽനിന്നു ബിരുദാനന്തര ബിരുദത്തിനുശേഷം ഈറ്റൻ എന്ന നിർമാണക്കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു രാജ്. ഇരുവരും സുഹൃത്തുക്കളായി. ഷിക്കാഗോയിൽ ഇന്ദ്രയുടെ ഇന്റേൺഷിപ് അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കേ ഇരുവരും സിൽവർ സ്ട്രീക്ക് സിനിമ കാണാൻ പോയി. പിന്നെ റസ്റ്റന്റിൽനിന്ന് അത്താഴം. ഭക്ഷണം കഴിച്ചുതീരുമ്പോഴേക്കും വിവാഹത്തിന്റെ കാര്യം തീരുമാനമായി. ആര് ആരോടു വിവാഹാഭ്യർഥന നടത്തിയെന്നത് ഇപ്പോഴും തനിക്കും രാജിനുമിടയിലെ തർക്കവിഷയമായി തുടരുന്നു എന്നാണ് ഇന്ദ്രയുടെ ഫലിതം. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി, ഷിക്കാഗോയിലെ ഫ്ലോസ്മൂറിലുള്ള ബന്ധുവീട്ടിൽവച്ച് 40 അതിഥികളെ മാത്രം ക്ഷണിച്ചായിരുന്നു വിവാഹം. അതിനുള്ള പണമേ അന്നു കയ്യിലുണ്ടായിരുന്നുള്ളൂ. പ്രീതയും താരയുമാണു മക്കൾ.

യേൽ കടന്ന് ജോലിയിലേക്ക്

ബോസ്റ്റൻ കൺസൽറ്റിങ് ഗ്രൂപ്പ് (ബിസിജി)യിലെ ജോലി യേൽ പഠനകാലത്തെ ഇന്ദ്രയുടെ സ്വപ്‌നമായിരുന്നു. മാനേജ്‌മെന്റ് കൺസൽറ്റന്റായി 6 വർഷം അവിടെ ജോലി ചെയ്തു. സേർവസ് റബർ, ലെക്‌സിസ് നെക്‌സിസ്, ട്രേൻ തുടങ്ങിയ കമ്പനികൾ ബിസിജിയുടെ സേവനം തേടിയപ്പോൾ ഇന്ദ്ര നിയോഗിക്കപ്പെട്ടു. ജി.ഡി. സേൾ എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി വികസിപ്പിച്ച കൃത്രിമ മധുരപദാർഥത്തിന്റെ വാണിജ്യ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള പദ്ധതിയിൽ ഇന്ദ്രയ്ക്കു തുണയായത് കോളജ് കാലത്തെ കെമിസ്ട്രി പഠനമാണ്. ആർട്ടിഫിഷൽ സ്വീറ്റ്‌നർ തന്റെ പിൽക്കാല കരിയറിൽ മുഖ്യചേരുവയായി മാറുമെന്ന് അന്നൊന്നും സ്വപ്‌നത്തിൽപോലും വിചാരിച്ചില്ല. പെപ്‌സികോ ഉൽപന്നങ്ങളുടെ മുഖ്യചേരുവ!

ബറാക് ഒബാമയ്‌ക്കൊപ്പം.
ബറാക് ഒബാമയ്‌ക്കൊപ്പം

‘ജീവനക്കാരുടെ പിന്നിലെ ശക്തിസ്രോതസ്സായ മാതാപിതാക്കളെക്കുറിച്ചു ചിന്തിച്ചപ്പോഴാണ്, അവർക്കെല്ലാം കത്തെഴുതിയാലോ എന്നാലോചിച്ചത്. മക്കളെ ഈ കമ്പനിക്കു സമ്മാനിച്ചതിനു നന്ദി പറഞ്ഞ്, സീനിയർ എക്‌സിക്യൂട്ടീവുകളുടെ മാതാപിതാക്കൾക്കു പത്തു വർഷത്തോളം ഞാൻ കത്തെഴുതി. പങ്കാളികളെ അഭിസംബോധന ചെയ്തും കത്തുകളയച്ചു. വികാരാധീനരായി ഏതാണ്ടെല്ലാവരും തന്നെ എനിക്കു മറുപടി തന്നു.’ 

പ്രിയങ്കരിയായ ഇന്ത്യക്കാരി

ബഹുരാഷ്ട്ര കമ്പനി സിഇഒയായി ഇന്ദ്ര നൂയി ഒരിക്കൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഗ്രാമവസതിയായ ചെക്കേഴ്‌സ് സന്ദർശിക്കുകയായിരുന്നു. 30 കൊല്ലം മുൻപ് ഇന്ദ്ര എന്തുകൊണ്ടാണ് യുകെയ്ക്കു പകരം യുഎസിലേക്കു കുടിയേറിയതെന്നു പ്രധാനമന്ത്രി സൗഹാർദഭാവത്തിൽ ചോദിച്ചു. യുകെയിലേക്കാണു വന്നിരുന്നതെങ്കിൽ എനിക്കിന്ന് ഇവിടെ താങ്കൾക്കൊപ്പം ഊണുകഴിക്കാൻ ആകുമായിരുന്നില്ല എന്നായിരുന്നു പുഞ്ചിരിയോടെ ഇന്ദ്രയുടെ മറുപടി.

2009 നവംബറിൽ വാഷിങ്ടൻ ഡിസിയിൽ ഇന്ത്യ-യുഎസ് ബിസിനസ് എക്‌സിക്യൂട്ടീവുകളുടെ യോഗം നടക്കുമ്പോൾ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുറിയിലേക്കു കയറിവന്നു. അമേരിക്കൻ പ്രതിനിധികളെ ഓരോരുത്തരെയായി ഒബാമ മൻമോഹനു പരിചയപ്പെടുത്തി. ഇന്ദ്രയെ പരിചയപ്പെടുത്താൻ തുടങ്ങിയപ്പോൾ മൻമോഹൻ ചിരിച്ചുകൊണ്ടുപറഞ്ഞു- ഇന്ദ്രയെ പരിചയപ്പെടുത്തണോ, ഞങ്ങളിലൊരാളല്ലേ.

ഒബാമ വിട്ടില്ല. ആയിരിക്കാം, പക്ഷേ ഇന്ദ്ര ഞങ്ങളിലൊരാളുകൂടിയാണ്.

ജന്മനാടും കുടിയേറിയ നാടും ഒരുപോലെ സ്‌നേഹം ചൊരിഞ്ഞ ആ വാത്സല്യനിമിഷം ഇന്ദ്രയ്ക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു.

മൈ ലൈഫ് ഇൻ ഫുൾ- വർക്, ഫാമിലി ആൻഡ് ഔർ ഫ്യൂച്ചർ എന്ന സ്മരണകളുടെ തുടിപ്പുകൾ ഇന്ദ്രയെന്ന ഇന്ത്യക്കാരിയുടെ തുറന്ന ഹൃദയത്തിന്റേതാണ്. പെപ്‌സികോയിലെ ഇന്ദ്ര നൂയിക്കപ്പുറം അറിയപ്പെടാത്ത ഇന്ദ്രയെക്കുറിച്ചു കൂടിയാണ് ഈ പുസ്തകം. 12 കൊല്ലത്തെ സിഇഒ പദവിയിൽ, പെപ്‌സികോ കമ്പനിയുടെ വരുമാനം 3500 കോടി ഡോളറിൽനിന്ന് 6400 കോടി ഡോളറാക്കി ഉയർത്തിയ വിസ്മയവനിതയുടെ ഹൃദയസ്മരണകൾക്ക് അതിലേറെ ഹൃദ്യമായ എഴുത്തുരൂപം പകർന്നത് ലിസ കാസെനർ. ഫോട്ടോഗ്രഫിയിലെ കിരീടമില്ലാത്ത റാണിയായ ആനി ലേബോവിറ്റ്‌സ് ചാരുതയോടെ പകർത്തിയ ചിരിതൂവും ഇന്ദ്രയാണു പുസ്തത്തിന്റെ പുറംചട്ടയിൽ. അമ്മയുടെ ചിരിയാണു മകൾക്കു പകർന്നു കിട്ടിയിരിക്കുന്നത്. മികവിന്റെയും ആത്മവിശ്വാസത്തിന്റെയും ആ വിടർന്ന പുഞ്ചിരി ലോകത്തിനോടാണ്.

English Summary: Special story about Indra Nooyi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com