ADVERTISEMENT

കാഞ്ഞിരംചിറ സോമരാജൻ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടവർ 22 പേരാണ്; അതിൽ അവസാനത്തെയാളും ശിക്ഷ പൂർത്തിയാക്കിയതു 2 വർഷം മുൻപ്. ദീർഘകാലം ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയവരിൽ പലരും നിരപരാധികളായിരുന്നുവെന്ന വെളിപ്പെടുത്തൽ വീണ്ടും... !

കാഞ്ഞിരംചിറ’, കേരള ചരിത്രത്തിലെ കയ്പുള്ളൊരു അധ്യായമാണ്. കേരളത്തിലെ നക്സൽ ആക്രമണങ്ങളുടെ ചരിത്രത്തിലെ അവസാനത്തെ കൊലപാതകങ്ങളിലൊന്ന് നടന്നതിവിടെയാണ്. ഉന്മൂലനം നടപ്പാക്കാൻ നക്സലൈറ്റുകൾ കണ്ടെത്തിയ ‘മർദ്ദകനായ ജന്മി’ സോമരാജന്റെ കൊലപാതകവും പിന്നീടുണ്ടായ സംഭവങ്ങളും ചരിത്രത്തിലിടം പിടിച്ചു.

ഒരാളെ വീടുകയറി ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഏറ്റവും കൂടുതൽ പേർക്കു ജീവപര്യന്തം ശിക്ഷിക്കപ്പെട്ടത് കാഞ്ഞിരംചിറ കേസിലാണ്. ജില്ലാ കോടതി 16 പേർക്കും ഹൈക്കോടതി 7 പേർക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജില്ലാ കോടതി ജീവപര്യന്തം നൽ‍കിയ ഒരാളെ ഹൈക്കോടതി വിട്ടയച്ചതോടെ ആകെ ജീവപര്യന്തം തടവുകാരുടെ എണ്ണം 22 ആയി. അപൂർവമായ ശിക്ഷാവിധിയിൽ അവസാനത്തെയാൾ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയത് രണ്ടുവർഷം മുൻപാണ്. 1980 മാർച്ച് 29നു നടന്ന സോമരാജൻ കൊലപാതകക്കേസ് പൊലീസിന്റെ അന്വേഷണ ചരിത്രത്തിൽ തിളങ്ങി നിൽക്കുമ്പോൾ, നിരപരാധികളായ ചിലർ ബലിയാടാക്കപ്പെട്ടതിന്റെ പിന്നാമ്പുറം ക്ലാവു പിടിച്ചുവെന്നു മാത്രം.

ഉന്മൂലനത്തിന്റെ തുടക്കം

ആലപ്പുഴ കാഞ്ഞിരംചിറ മംഗലത്ത് സോമരാജൻ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് സ്വപ്രയത്നത്താൽ കയർ ഫാക്ടറി ഉൾപ്പെടെയുള്ള വ്യവസായ സംരംഭങ്ങളുടെ ഉടമയായി. പണക്കാരനായി. ചിലർക്ക് വെറുക്കപ്പെട്ടവനുമായി. സോമരാജന്റെ കയർ ഫാക്ടറിയിൽ ഒട്ടേറെപ്പേർ ജോലി ചെയ്തിരുന്നു. ഒരു ദിവസം ഫാക്ടറിയിൽനിന്ന് കയർ തടുക്ക് മോഷ്ടിക്കപ്പെട്ടു. സിപിഎം അനുഭാവിയായ തോമസ് എന്ന തൊഴിലാളിയെ മോഷണക്കുറ്റം ആരോപിച്ച് സോമരാജന്റെ ആളുകൾ മർദിച്ചു. തോമസ് ആശുപത്രിയിലായി. മർദനത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. ‘സോമരാജൻ എന്ന തൊഴിലാളി മർദ്ദകനെ’ക്കുറിച്ചു വലിയ വാർത്തകൾ പ്രചരിച്ചു.

നക്സൽ സംഘടനയായ സിപിഐ(എംഎൽ) ആലപ്പുഴയിൽ നിലയുറപ്പിച്ചു തുടങ്ങിയ കാലം. ആ സമയത്തായിരുന്നു ‘തൊഴിലാളി മർദ്ദകനായ ജന്മി’യായി സോമരാജന്റെ ഉദയം. 

1980 മാർച്ച് 31 ന് മലയാള മനോരമയിൽ വന്ന വാർത്ത:

‘ഒരുസംഘം ഭീകര പ്രവർത്തകർ മാരകായുധങ്ങള‍ുമായി ഇവിടെ ടൗണിന്റെ തെക്കു ഭാഗത്ത് കാഞ്ഞിരംചിറ വാർഡിലെ ഒരു വീട് ആക്രമിച്ച് കയർ വ്യവസായിയായ വീട്ടുടമ സോമരാജനെ (35) വെട്ടിയും ക‍ുത്തിയും കൊലപ്പെടുത്തി. അക്രമത്തിൽ പരുക്കേറ്റ മൂന്നുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 10 മണിക്കാണു സംഭവം. 

‘കഴുത്തിൽ വെട്ടും നെഞ്ചിൽ കുത്തുമേറ്റാണ് സോമരാജൻ അന്ത്യശ്വാസം വലിച്ചത്. സോമരാജന്റെ വൃദ്ധമാതാവ് ഗൗരി(70), കയർ ഫാക്ടറ‍ി ജോലിക്കാരനായ ആനന്ദൻ (40), സോമരാജന്റെ ഭാര്യാബന്ധുവായ ബാബു (36) എന്നിവരാണ് വെട്ടേറ്റ് ആശുപത്രിയിൽ കഴിയുന്നത്. 

‘അൻപതോളം അക്രമികൾ തൊഴിലാളി ഐക്യം സിന്ദാബാദ്, മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ്് സോമരാജന്റെ വീട്ടുവളപ്പിൽ പ്രവേശിച്ചത്. നക്സൽ മോഡലിലുള്ള ഈ ആക്രമണത്തിനു ശേഷം അവർ സ്ഥലം വിട്ടതും നക്സൽബാരി സിന്ദാബാദ്, തൊഴിലാളി ഐക്യം സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടായിരുന്നു.’

നക്സൽ ആക്രമണം

മൂന്നു സംഘങ്ങളായി, മുദ്രാവാക്യം മുഴക്കിയാണ് അക്രമിസംഘം അകത്തു കടന്നത്. തടയാൻ ശ്രമിച്ച സോമരാജന്റെ സഹായികൾക്കു മർദ്ദനമേറ്റു, ചിലർക്കു വെട്ടേറ്റു. വടിവാൾ, കൈക്കോടാലി, മുളവടി തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവം കഴിഞ്ഞു പോകുമ്പോൾ അക്രമികൾ നാടൻ ബോംബുകളും പടക്കങ്ങളും പൊട്ടിച്ചു. ഒച്ചയും ബഹളവും കേട്ട അയൽവാസികൾ പേടിച്ചു പുറത്തിറങ്ങിയില്ല.

വീടിനുള്ളിൽ മുറിയിൽ കിടക്കുകയായിരുന്ന സോമരാജൻ പുറത്തെ ബഹളം കേട്ട് അപകടം മനസ്സിലാക്കി. മക്കളെയും കൂട്ടി രക്ഷപ്പെടാൻ ഭാര്യ ഉമയമ്മയോട് നിർദേശിച്ചു. അമ്മാവനും അമ്മയും സോമരാജനും കൂടി പൂമുഖത്തെ വാതിലനടുത്തു നിൽക്കുകയായിരുന്നു. വാതിൽ തകർത്ത് അകത്തു കയറിയവർ ആയുധങ്ങളുമായി സോമരാജനെ ആക്രമിച്ചു. തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു. 

newspape
സോമരാജൻ കൊലക്കേസുമായി ബന്ധപ്പെട്ട് പത്രത്തിൽ വന്ന വാർത്തകൾ

നക്സലൈറ്റ് മാതൃകയിലുള്ളതായിരുന്നു സോമരാജൻ വധമെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി ടി.കെ.രാമകൃഷ്ണൻ അടുത്ത ദിവസം നിയമസഭയെ അറിയിച്ചു. സോമരാജന്റെ ഭാര്യ ഉമയമ്മയും മക്കളായ ശ്രീജിത്തും അജിത്തും അവരുടെ കുടുംബവും ഇപ്പോഴും കാഞ്ഞിരംചിറയിലുണ്ട്. 42 വർഷം മുൻ‍പു സംഭവിച്ച ദുരന്തം ഇവരുടെ ജീവിതത്തെയാകെ ബാധിച്ചു. ഇവർ മാധ്യമങ്ങൾക്കു മുന്നിലെത്താൻ ആഗ്രഹിക്കുന്നില്ല.

തളർന്ന വലംകൈയും കേസിലെ തുമ്പും

ഭക്ഷണം കഴിക്കാനും റേഡിയോ ട്യൂൺ ചെയ്യാനും ഇടതുകൈ ഉപയോഗിക്കുന്നയാളാണ് സംഘനേതാവ് എന്ന് നാട്ടുകാരിൽനിന്നു പൊലീസിനു തുമ്പ് ലഭിച്ചു. സൂചനകൾ പ്രകാരം പൊലീസ് കുതിരപ്പന്തി പണിതീരാത്തവീട്ടിൽ സുധാകരനെ അറസ്റ്റ് ചെയ്തു. പിന്നാലെ, 28 പ്രതികളെ പൊലീസ് പിടികൂടി.

സുധാകരനാണ് സംഘടനയുടെ നിർദേശപ്രകാരം കൊലപാതകത്തിനു മുൻപ് സോമരാജനെ നിരീക്ഷിക്കാൻ ദിവസങ്ങൾക്കു മുൻപു തന്നെ കാഞ്ഞിരംചിറയിലെത്തിയത്. അതു കേസിലെ നിർണായക തെളിവായി. ആദ്യകാലത്ത് സിപിഎം പ്രവർത്തകനായിരുന്ന സുധാകരൻ സിപിഎം– സിപിഐ സംഘർഷം സജീവമായിരുന്ന ആലപ്പുഴ നഗരത്തിന്റെ തെക്കൻ പ്രദേശത്ത് സിപിഎമ്മിന്റെ എന്തിനും പോന്ന ‘ആയുധ’മായിരുന്നു. സുധാകരനെ ഒതുക്കാൻ സിപിഐ പ്രവർത്തകനായിരുന്ന കല്ലൻ ശിവന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ 32 വെട്ടേറ്റ് സുധാകരന്റെ വലതുകൈയിലെ വിരലുകൾ ഭൂരിഭാഗവും നഷ്ടമായി. വിരലുകൾ പിന്നീട് തുന്നിപ്പിടിപ്പിച്ചെങ്കിലും വലതുകൈ ഏറെക്കുറെ നിർജീവമായി. നീണ്ടനാൾ ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത സുധാകരനും സംഘവും കല്ലൻ ശിവനെ വീടുകയറി ആക്രമിച്ചു കൊലപ്പെടുത്തി. ഈ കേസിൽ സുധാകരനെ കോടതി വിട്ടയച്ചു. 

കേസിന്റെ വഴി

1985 മാർച്ചിൽ കാഞ്ഞിരംചിറ കേസ് ആലപ്പുഴ ജില്ലാ കോടതിയിൽ വിചാരണ തുടങ്ങി. കരിക്കൻവില്ല കേസിലൂടെ പ്രശസ്തയായ പബ്ലിക് പ്രോസിക്യൂട്ടർ പി.വി.രാജമ്മയും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എ.മുഹമ്മദും പ്രോസിക്യൂഷനെ നയിച്ചു. 63 സാക്ഷികളെ അണിനിരത്തി. ആലപ്പുഴയിൽ ആദ്യം വാദം കേട്ട ജഡ്ജി സ്ഥലംമാറിപ്പോയപ്പോൾ അവിടത്തെ കോടതിയിൽ തങ്ങൾക്കു നീതി ലഭിക്കില്ലെന്ന പരാതിയുമായി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. അങ്ങനെ കേസ് തൊടുപുഴ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലേക്കു മാറ്റി. 1985 ഡിസംബർ 19 ന് വിസ്താരം പൂർത്തിയായി.

ആലപ്പുഴയിൽ കേസിന്റെ തുടക്കത്തിൽ വിചാരണ കേട്ട വി.രവി തന്നെ, തൊടുപുഴ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജിയെന്ന നിലയിൽ കേസിലെ 16 പ്രതികൾക്കു ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിൽ ആകെ 24 പ്രതികളെ ശിക്ഷിച്ചു, 3 പേരെ വിട്ടയച്ചു.

അപ്പീൽ ഹൈക്കോടതിയിലെത്തിയതോടെയാണ് 7 പേർക്കു കൂടി ജീവപര്യന്തം തടവ് വിധിച്ചത്. തൊടുപുഴ കോടതി ജീവപര്യന്തം ശിക്ഷ നൽകിയ കുതിരപ്പന്തി സുധാകരനെ വിട്ടയയ്ക്കുകയും ചെയ്തു. 

പൊലീസിനു തുമ്പ്, സുധാകരനു രക്ഷ– ആ വലംകൈ

കാഞ്ഞിരംചിറ സോമരാജൻ വധക്കേസിൽ നേരിട്ടു പങ്കെടുത്ത്, ജില്ലാ കോടതി ജീവപര്യന്തം ശിക്ഷിച്ച കുതിരപ്പന്തി സുധാകരനെ ഹൈക്കോടതി വിട്ടയയ്ക്കാൻ കാരണമായത് പൊലീസിനു തുമ്പുണ്ടാക്കിയ നിർജീവമായ വലതുകൈ തന്നെയാണ്. വലതു കൈ തളർന്ന ഒരാൾക്ക് എങ്ങനെയാണ് ആക്രമണത്തിൽ പങ്കെടുക്കാൻ കഴിയുകയെന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ച ഹൈക്കോടതി സുധാകരനെ വിട്ടയയ്ക്കുകയായിരുന്നുവെന്ന് ഭാര്യ മണിയമ്മ പറഞ്ഞു. കഴിഞ്ഞ വർഷമാണു സുധാകരൻ മരിച്ചത്.

മരണത്തിനു മുൻപ് സോമരാജൻ വധത്തിന്റെ ആസൂത്രണത്തെക്കുറിച്ച് സുധാകരൻ പറഞ്ഞത് ഇങ്ങനെ:

‘(സിപിഐഎംഎൽ) ജില്ലാ കമ്മിറ്റിയിൽ കാഞ്ഞിരംചിറ സോമരാജൻ എന്ന കയർ മുതലാളി നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് 36 പേർ ഒപ്പിട്ട പരാതി ലഭിച്ചു. ഇയാൾക്കെതിരെ എന്തും ചെയ്യാൻ ജനം തയാറാണ്. പാർട്ടി ഇതിൽ ഇടപെടണം. ഉന്മൂലന സമരത്തെ സായുധസമരമാക്കി വളർത്തണമെന്ന പാർട്ടി പരിപാടി നടപ്പാക്കാൻ യാദൃച്ഛികമായി വീണുകിട്ടിയ സംഭവമായിരുന്നു കാഞ്ഞിരംചിറ. ഇക്കാര്യം സംസ്ഥാന നേതാക്കളുമായി ചർച്ച നടത്താൻ ജില്ലയുടെ ചുമതലക്കാരനായിരുന്ന ഭാസുരേന്ദ്രബാബുവിനെ ചുമതലപ്പെടുത്തി.’ 

കേസിലെ പ്രതികളെ പാർട്ടി കയ്യൊഴിയുകയും നിരപരാധികളെ വിട്ടുകൊടുക്കുകയും ചെയ്തതോടെയാണ് വ്യാജ തെളിവുകളുണ്ടാക്കിയും സാക്ഷികളെ സൃഷ്ടിച്ചും പൊലീസ് കേസ് ജയിച്ചതെന്നു സുധാകരൻ പറഞ്ഞിരുന്നു.

kanjiramchira
ചേലാട്ട് ജോസഫ്, കുതിരപ്പന്തി സുധാകരൻ, സുധാകരന്റെ ഭാര്യ മണിയമ്മ (മുകളിൽ),പി.ജി ഗോപിദാസ് (താഴെ)

നിരപരാധികളെ കുടുക്കിയത് ആർക്കുവേണ്ടി?

പൊലീസ് അന്വേഷണത്തിൽ 28 പ്രതികളെ കണ്ടെത്തി. അതിൽ ഉൾപ്പെട്ട പകുതിയിലധികം പേരും കേസുമായി ബന്ധമില്ലാത്തവരായിരുന്നുവത്രേ. നക്സൽ കേസെന്നു പൊലീസ് റിപ്പോർട്ട് നൽകിയ കാഞ്ഞിരംചിറ സോമരാജൻ വധക്കേസിൽ പിടിയിലായവരിൽ ചിലർ കോൺഗ്രസ് പ്രവർത്തകരാണ്. അന്നത്തെ ഇടതുപക്ഷ സർക്കാരിനു വേണ്ടി യഥാർഥ പ്രതികളിൽ പലരെയും ഒഴിവാക്കി നിരപരാധികളെ കുടുക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട നാടകപ്രവർത്തകൻ പി.എം.ആന്റണിയെ സാംസ്കാരിക പ്രവർത്തകരുടെ നിവേദനത്തെത്തുടർന്ന് 1992 ൽ എ.കെ.ആന്റണി സർക്കാർ പ്രത്യേക ഇളവ് നൽകി പുറത്തിറക്കി. കൊലപാതകം നടക്കുമ്പോൾ താൻ ക്ഷേത്രപ്പറമ്പിൽ നാടകം അവതരിപ്പിക്കുകയായിരുന്നുവെന്ന് ആന്റണി പറഞ്ഞിട്ടുണ്ട്. പത്തു വർഷം മുൻപ് അദ്ദേഹം അന്തരിച്ചു.

‘‘രാഷ്ട്രീയപ്രേരിതമായി വൈരാഗ്യം തീർക്കാനും നക്സലൈറ്റുകളെ ഭയമായിരുന്നതുകൊണ്ടും അന്നത്തെ സർക്കാരും പൊലീസും നിരപരാധികളെ പ്രതിചേർക്കുകയായിരുന്നു. ശിക്ഷിക്കപ്പെട്ട 22 പേരിൽ 7 പേർക്കു മാത്രമേ കൊലപാതകവുമായി ബന്ധമുള്ളൂ. കൊലപാതകത്തിൽ പങ്കെടുത്തവർ കുറ്റം ഏറ്റുപറയാൻ തയാറായിരുന്നെങ്കിലും അഭിഭാഷകർ സമ്മതിച്ചില്ല. ചെറിയ ശിക്ഷ മാത്രം നൽകി വിട്ടയയ്ക്കുമെന്നു പറഞ്ഞു നിരപരാധികളെ വഞ്ചിക്കുകയായിരുന്നു.’’

കൊലപാതകം നടന്ന കാലത്ത് കാഞ്ഞിരംചിറ വാർഡ് കൗൺസിലറും ഡിസിസി അംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്നു പുളിക്കൽ പി.ജി.ഗോപിദാസ് (71). ഗോപിദാസും സഹോദരങ്ങളായ ഭാസിയും ബാബുവും ഈ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരാണ്.

‘കൊലപാതകം നടന്ന രാത്രി ഞാൻ തുമ്പോളി വാർഡിൽ ഒരു റോഡ് പണി നടക്കുന്ന സ്ഥലത്തു നിൽക്കുമ്പോഴാണ് അതുവഴി വന്ന ഒരാൾ മംഗലത്ത് വെടിപൊട്ടുന്ന ശബ്ദം കേട്ടെന്നു പറഞ്ഞത്. 

എന്റെ അനുജൻ ഭാസി അന്നു വീടിനടുത്തുള്ള മുളക്കട ക്ഷേത്രത്തിലെ ഉത്സവക്കമ്മിറ്റി ഭാരവാഹിയായിരുന്നു. കൊലപാതകം നടക്കുമ്പോൾ അയാൾ ക്ഷേത്രത്തിലുണ്ടായിരുന്നു. ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥിയായിരുന്ന മുൻമന്ത്രി കെ.പി.രാമചന്ദ്രൻ നായരുടെ നിയമസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സെക്രട്ടറിയും ട്രഷററുമായി ഭാസിയും സോമരാജനും പ്രവർത്തിച്ചിട്ടുണ്ട്. അവർ തമ്മിൽ നേരത്തേ എന്തോ വാക്കുതർക്കം നടന്നിട്ടുണ്ടെന്ന വിവരം അന്വേഷിച്ചാണ് പൊലീസ് ഭാസിയെയും പിന്നാലെ എന്നെയും മറ്റൊരു സഹോദരൻ ബാബുവിനെയും പ്രതികളാക്കിയത്. ബാബു ആ ദിവസം പളനിയിലേക്കു തീർഥയാത്ര പോയിരിക്കുകയായിരുന്നു.

ചോദ്യം ചെയ്യാനെന്ന പേരിൽ വിളിപ്പിച്ച് ഞങ്ങളെ തന്ത്രപൂർവം പ്രതികളാക്കുകയായിരുന്നു. ആക്രമണത്തിനു നേതൃത്വം നൽകിയ സുധാകരനെ എനിക്കറിയില്ല. കേസ് കോടതിയിലെത്തിയപ്പോഴാണ് ഞാൻ സുധാകരനെ പരിചയപ്പെട്ടത്’– ഗോപിദാസ് പറയുന്നു.

സുപ്രീംകോടതിയിൽ വരെ ഹർജി നൽകി. നക്സൽ കേസ് എന്ന ഒറ്റവാക്ക് കാരണം എല്ലായിടത്തും നീതി നിഷേധിക്കപ്പെട്ടുവെന്ന് ഗോപിദാസ് പറയുന്നു. 

അവസാനത്തെ ജയിൽപ്പുള്ളി

കാഞ്ഞിരംചിറ സോമരാജൻ വധക്കേസിൽ അവസാനം ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയത് ആലപ്പുഴ കളപ്പുര ചേലാട്ട് ജോസഫ് (ജോയി) ആണ്. കേസിനെക്കുറിച്ച് ജോസഫ് പറയുന്നു : 

‘നക്സൽ മൂവ്‍മെന്റിൽ ഞങ്ങൾ അംഗമായിരുന്നു. കെ.വേണു, കെ.എൻ.രാമചന്ദ്രൻ, എം.എൻ.രാവുണ്ണി തുടങ്ങിയവരായിരുന്നു നേതാക്കൾ. അപ്പച്ചായി എന്നയാളാണ് ഞങ്ങളെ സിപിഐ(എംഎൽ) പ്രസ്ഥാനവുമായി ബന്ധപ്പെടുത്തിയത്.

സംഘടന ശക്തിപ്പെടുത്താനുള്ള നീക്കം നടത്തുമ്പോഴാണ് സോമരാജനെക്കുറിച്ചു പരാതി കിട്ടിയത്. അദ്ദേഹത്തെ ഉന്മൂലനം ചെയ്യാൻ സംഘടന തീരുമാനിച്ചു. 1980 ലെ കയ്യൂർ രക്തസാക്ഷി ദിനം അതിനായി തിരഞ്ഞെടുത്തു. കുതിരപ്പന്തി സുധാകരനെ പാർട്ടി ചുമതലപ്പെടുത്തി. സംഘത്തിൽ ഞാനുൾപ്പെടെ മുപ്പതോളം പേരുണ്ടായിരുന്നു. പ്രാദേശികമായി ചിലരുടെ പിന്തുണയും കിട്ടി. സോമരാജന്റെ വീട്ടിൽ കയറി വെട്ടുകയായിരുന്നു. ഞങ്ങളുടെ വീടുകളിൽ നിന്ന് ആയുധമെടുത്തു. സോമരാജന്റെ വീട്ടിൽ നിന്ന് ഒരു കോട‍ാലിയുമെടുത്തു. ആക്രമണത്തിനു ശേഷം ‘നക്സൽ ബാരി സിന്ദാബാദ്, സോമരാജൻമാർ ഇനിയും വധിക്കപ്പെടും’ എന്നിങ്ങനെ മുദ്രാവാക്യം മുഴക്കിയാണ് പുറത്തിറങ്ങിയത്. പിന്നെ എല്ലാവരും ഒളിവിൽ പോയി.

ഒരു വർഷത്തോളം ഞാൻ ഇടുക്കിയിൽ ഒളിവിലായിരുന്നു. അതിനിടയിൽ സിപിഐ(എംഎൽ) പിളർന്നു. ഞങ്ങൾ പാർട്ടി വിട്ട് പി.എം.ആന്റണിയുടെ സൂര്യകാന്തി തിയറ്ററിൽ അംഗമായി. വിവാദമായ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ നാടകത്തിൽ അഭിനയിച്ചു. പിടികിട്ടാപ്പുള്ളിയായി പത്രത്തിൽ ഫോട്ടോ വരുമ്പോഴൊക്കെ ഞാൻ നാട്ടിൽത്തന്നെയായിരുന്നു. നാട്ടുകാർക്കും പൊലീസുകാർക്കും അതറിയാം. ആദ്യം ആറു മാസത്തേക്കാണ് എന്നെ ശിക്ഷിച്ചത്. പിന്നീട് ഹൈക്കോടതിയാണ് ശിക്ഷ ജീവപര്യന്തമാക്കിയത്’– ജോസഫ് പറഞ്ഞു. 2020 മാർച്ചിലാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.

അന്വേഷണോദ്യോഗസ്ഥനായിരുന്ന ആലപ്പുഴ ഡിവൈഎസ്പി കെ.എൻ.ബാൽ പിന്നീട് എസ്പിയായി വിരമിച്ചു. ഇപ്പോൾ വിശ്രമജീവിതത്തിലുള്ള അദ്ദേഹം, നിരപരാധികളെ കുടുക്കിയെന്ന ആരോപണങ്ങൾ നിഷേധിക്കുന്നു.

‘പ്രതികളാക്കപ്പെട്ടവരെല്ലാം യഥാർഥത്തിൽ സംഭവത്തിൽ ഉൾപ്പെട്ടവർ തന്നെയാണ്. യഥാർഥ പ്രതികളിൽ ചിലർ യാദൃശ്ചികമായി ചിത്രത്തിൽ നിന്നു മാറിപ്പോയിട്ടുണ്ട്. ഭാസുരേന്ദ്രബാബു അതിനൊരുദാഹരണമാണ്. അന്ന് അദ്ദേഹത്തിന്റെ പങ്ക് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഞാൻ‍ വളരെ അന്വേഷണം നടത്തിയാണ് പ്രതികളെയെല്ലാം പിടികൂടുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രഗൽഭരായ അഭിഭാഷകരെയുൾപ്പെടെ നിരത്തി കേസ് വാദിച്ചിട്ട‍ും എന്തുകൊണ്ട് പ്രതികൾ ശിക്ഷിക്കപ്പെട്ടു എന്ന് ആലോചിച്ചാൽ മതി. ശിക്ഷ കഴിഞ്ഞിറങ്ങിയവർ വീണ്ടും അവർ നിരപരാധികളാണെന്ന് ആവർത്തിക്കുന്നത് നിലനിൽപ്പിനു വേണ്ടിയുള്ള വാദമാണ്. ആവശ്യമില്ലാത്ത വാഗ്ദാനങ്ങൾ നൽകി പല നേതാക്കളും പ്രതികളെ ഒരു ജീവപര്യന്തത്തിന്റെ സ്ഥാനത്ത് മൂന്നു ജീവപര്യന്തത്തിന്റെ അത്രയും കാലം ജയിലിൽ കിടക്കേണ്ട അവസ്ഥയുണ്ടാക്കുകയല്ലേ ചെയ്തത്?’

English Summary: Spcial story on Kanjiramchira somarajan murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com