ADVERTISEMENT

മരണത്തെ നേരിടുന്ന ഒരാത്മാവിന്റെ വിഹ്വലതകളും നെടുവീർപ്പുകളും വരച്ചുകാട്ടുന്ന ഒരു പ്രതീകാത്മക കഥ ഇപ്രകാരമാണ്.

ഒരു രാജാവ് ഒരാളെ കഴുവിലേറ്റാൻ വിധിച്ചു. മരണത്തിന് ഇനി നിമിഷങ്ങൾ മാത്രം. ഈ വിഹ്വലമുഹൂർത്തത്തിന് ആരാണ് തന്നെ സഹായിക്കുക? തന്റെ സ്നേഹിതന്മാരെക്കുറിച്ച് അയാൾ ഓർക്കുന്നു. നാല് സ്നേഹിതന്മാരാണ് അയാൾക്കുള്ളത്.

ആത്മാവ് ഒന്നാമത്തെ സ്നേഹിതന്റെ അടുത്തെത്തി. ജീവിതകാലം മുഴുവൻ ആ സ്നേഹിതനിൽ അഭിമാനിക്കുകയും അയാളെ ആദരിക്കുകയും ചെയ്തതാണ്. തനിക്ക് അറിവും അംഗീകാരവും നേടിത്തരുവാൻ കഴിവുള്ള ആ സ്നേഹിതൻ ഈ വിഷമഘട്ടത്തിൽ തന്നെ സഹായിക്കുമെന്ന് അയാൾ കരുതി. പക്ഷേ, ആ സ്നേഹിതൻ പറഞ്ഞു: പ്രിയ കൂട്ടുകാരാ ഈ അവസരത്തിൽ നിന്നെ സഹായിക്കാൻ എനിക്കു നിർവാഹമില്ല. മരണംവരെയുള്ള കാര്യങ്ങളല്ലാതെ മരണവും മരണം കഴിഞ്ഞുള്ള കാര്യങ്ങളും ഞാൻ കൈകാര്യം ചെയ്യാറില്ല. ദയവായി മടങ്ങിപ്പോയാലും!

ആത്മാവ് രണ്ടാമത്തെ സ്നേഹിതന്റെ അടുക്കലെത്തി. ഒട്ടേറെ ത്യാഗങ്ങൾ ആ സ്നേഹിതനുവേണ്ടി ചെയ്തുകൊടുത്തതാണ്. തന്റെ ആവശ്യം ഉന്നയിച്ചപ്പോൾ ആ സ്നേഹിതനും പറഞ്ഞു: നിന്റെ ദുരന്തത്തിൽ എനിക്കു ദുഃഖമുണ്ട്. എന്നാൽ വിധി തടയുവാൻ ഞാൻ അശക്തനാണ്.

നിസ്സഹായനായ ആത്മാവ് മൂന്നാമത്തെ സ്നേഹിതനെ പ്രതീക്ഷാപൂർവം ചെന്നു കണ്ടു. കൊച്ചുന്നാൾ മുതൽ ഒന്നിച്ചു കളിച്ചും കഴിച്ചും ജീവിച്ചവർ. ഈ മിത്രം തന്നെ ഉപേക്ഷിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാൽ അയാളുടെ മറുപടി ഇപ്രകാരമായിരുന്നു: മാന്യമിത്രമേ,  നിന്നെ ഈ സന്ദർഭത്തിൽ സഹായിക്കാൻ എനിക്ക് വളരെ ആഗ്രഹമുണ്ടെങ്കിലും എനിക്കതിനു കഴിയില്ല. മരണത്തിന്റെ ഈ അന്ത്യവേളവരെ നിന്നോടൊപ്പം ഞാൻ വരാം. അതിനപ്പുറം എനിക്കൊന്നും സാധ്യമല്ല. ഞാൻ നിസ്സഹായനാണ്. എന്നോടു ക്ഷമിക്കുക.

മൂന്നു സ്നേഹിതന്മാരും തന്നെ കൈവെടിഞ്ഞപ്പോൾ ആർത്തനും നിരാശനുമായ ആത്മാവ് മറ്റൊരു സ്നേഹിതൻ ഓടിയെത്തി. അയാൾ പറഞ്ഞു: ‘‘അല്ലയോ പ്രിയ സ്നേഹിതാ, താങ്കൾ ഒട്ടും വിഷമിക്കേണ്ട. ഞാൻ താങ്കളെ സഹായിക്കാം. മരണമാണല്ലോ മനുഷ്യരുടെ ഏറ്റവും വലിയ ദുഃഖഹേതു. ആ കഠിനദുഃഖവും ശമിപ്പിക്കാനുള്ള മരുന്ന് എന്റെ കൈവശമുണ്ട്. എന്റെ ശക്തി എന്തെന്ന് ഇന്നോളം നീ വേണ്ടതുപോലെ മനസ്സിലാക്കിയിട്ടില്ല. എന്റെ പേരുതന്നെ മൃത്യുഞ്ജയൻ എന്നാണ്. ഏതൊരാളെയും പുനർജീവിപ്പിക്കുവാൻ എനിക്കു കഴിയും. വിഷമിക്കാതിരിക്കുക. സങ്കടങ്ങൾ സന്തോഷമായി ഞാൻ പരിവർത്തിപ്പിക്കാം.

പ്രതീകാത്മകമായ ഈ കഥയിൽ മഹത്തായ ഒരു സന്ദേശമുണ്ട്. മരണം ചിറകുവിടർത്തി വന്നപ്പോൾ ആത്മാവ് ഭയചകിതമായി. അയാളുടെ സ്നേഹിതർ നാലുപേരുണ്ടല്ലോ. ഒന്നാമത്തെ സ്നേഹിതൻ ലോകമാണ്. ലോകത്തിന് ബഹുമാനം, സ്തുതി, ധനം മുതലായവകൊണ്ട് ഒരാളെ അനുഗ്രഹിക്കാമെങ്കിലും മരണത്തിന്റെ നഖങ്ങളിൽനിന്ന് രക്ഷിക്കുക സാധ്യമല്ല.

രണ്ടാമത്തെ സ്നേഹിതൻ സ്വജനങ്ങളാണ്. മരണമടയുന്നവനുവേണ്ടി കണ്ണീർ പൊഴിക്കാനും വിലപിക്കാനുമേ സ്വജനങ്ങൾക്കു കഴിയൂ. മൂന്നാമത്തെ സ്നേഹിതൻ, ജനനംമുതൽ ഓരോ വ്യക്തിയോടും ഒന്നിച്ചുവാഴുന്ന അയാളുടെ ശരീരമാണ്. മൃത്യുഭയത്തിൽനിന്നു മുക്തനാക്കുവാൻ പ്രപഞ്ചത്തിനോ, ബന്ധുജനങ്ങൾക്കോ, സ്വന്തംശരീരത്തിനോ കഴിയുകയില്ല.

നാലാമത്തെയും അവസാനത്തെയുമായ സ്നേഹിതൻ മനുഷ്യന്റെ സുകൃതമാണ്. മൃത്യുവേളയിൽ നമ്മെ സഹായിക്കാനും മരണഭയത്തിൽനിന്ന് മോചനം നൽകാനും സുകൃതങ്ങൾക്കു കഴിയും.

പ്രാപഞ്ചിക സ്നേഹത്തിലും സ്വജനങ്ങളിലും ശരീരത്തിന്റെ ശക്തിസൗന്ദര്യങ്ങളിലും ആശ്രയിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നത് തികഞ്ഞ വിഡ്ഢിത്തമാണ്. അതു പലരും തിരിച്ചറിയാതെ ജീവിക്കുന്നു. നിത്യരാജ്യത്തിലേക്കുള്ള വഴിയാത്രയിൽ നമ്മുടെ പാഥേയം സുകൃതങ്ങളാണ്.‌

തുരുമ്പും കീടവും നശിപ്പിക്കാത്തതും കള്ളൻ തുരന്നു മോഷ്ടിക്കാത്തതുമായ അക്ഷയനിക്ഷേപമാണ് സുകൃതങ്ങൾ. അന്ത്യന്യായവിധിക്കായി ദൈവമുമ്പാകെ നിലകൊള്ളുമ്പോൾ കണക്കിലെടുക്കുന്നത് എങ്ങനെ ജീവിച്ചു; എന്തു സുകൃതങ്ങൾ ചെയ്തു; ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധത്തിൽ എങ്ങനെ വർത്തിച്ചു; പ്രതികരിച്ചു എന്നുള്ളതാണ്. സ്മാരകങ്ങൾ പടുത്തുയർത്തിയാലും അത് കാലപ്പഴക്കത്തിൽ ദ്രവിച്ച് ഇല്ലാതാകും. എന്നാൽ ഒരുവന്റെ സുകൃതങ്ങൾ തലമുറകളിലേക്ക് അതിന്റെ സ്വാധീനവും വ്യാപ്തിയും കടന്നെത്തും.  

ടി.ജെ.ജെ. 

English Summary: Innathe Chintha Vishayam, Sunday special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com