ADVERTISEMENT

നന്മ ആഗ്രഹിക്കുന്നവനേ നന്മ പ്രവർത്തിക്കാനാവൂ. തനിക്കും സഹജർക്കും നന്മ വരുവാൻ ആത്മാർഥമായി അഭിലഷിക്കുന്നവൻ അവസരം വരുമ്പോൾ നന്മ പ്രവർത്തിക്കുകതന്നെ ചെയ്യും. നന്മയുടെ അംശമെങ്കിലും അന്യരിൽ കണ്ടാൽ അത് എടുത്തുകാട്ടാനും അവരെ അഭിനന്ദിക്കാനും അവർ മടിക്കുകയില്ല. പ്രതിബന്ധങ്ങൾ എത്രമാത്രം ശക്തമായാലും, സാഹചര്യം എത്രമാത്രം കഠിനമായാലും നന്മ വിജയിച്ചു കാണുവാൻ അവർ പരിശ്രമിക്കും.

ഭാരതീയരുടെ ജീവിതത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ആശയമാണ് ലോകഃസമസ്താഃ സുഖിനോഃ ഭവന്തു... എല്ലാ മനുഷ്യർക്കും സുഖവും സമാധാനവും കൈവരട്ടെ എന്ന ആശംസയാണ് ഇതിലടങ്ങുന്നത്.

ലയണോർഡോ ദ വിഞ്ചിയുടെ ഗുരുനാഥൻ ഒരിക്കൽ അസുഖം ബാധിച്ചു കിടപ്പായി. അദ്ദേഹം വരച്ചു മുഴുമിക്കാതിരുന്ന ഒരു ചിത്രം പൂർത്തീകരിക്കേണ്ടിയിരുന്നു. അക്കാര്യം ചെയ്യാൻ ലയണോർഡോയോടു നിർദേശിച്ചെങ്കിലും, ആ ശിഷ്യൻ മടിച്ചു. വീണ്ടും വീണ്ടും ഗുരു നിർബന്ധിച്ചതുകൊണ്ട് അദ്ദേഹം ആ ചിത്രം പൂർത്തിയാക്കാമെന്നു സമ്മതിച്ചു.

യുവാവായ ലയണോർഡോ ദ വിഞ്ചി വരച്ചു പൂർത്തിയാക്കിയ ചിത്രം കണ്ടു ഗുരു വിസ്മയിച്ചു. അത്യന്തം മനോഹരമായ ആ ചിത്രം ആസ്വദിച്ച് അദ്ദേഹം ശിഷ്യനെ അഭിനന്ദിച്ചു. എന്നു മാത്രമല്ല, പിന്നീടൊരിക്കലും ചിത്രമെഴുതുകപോലും ചെയ്തില്ല. തന്റെ ശിഷ്യർ നേടുന്ന ശ്രേയസ് തനിക്കെന്നും അഭിമാനമായിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്.

ഹൃദയനൈർമല്യമുള്ളവർക്കേ അന്യരുടെ നന്മ കണ്ടെത്താനും അഭിനന്ദിക്കാനും കഴിയൂ. പകരം അസൂയയും പകയുമാണു നമ്മിലുള്ളതെങ്കിൽ ഒരു നന്മയും നാം മറ്റുള്ളവരിൽ കാണുകയില്ല. അഥവാ കണ്ടാലും അംഗീകരിക്കാനോ പ്രശംസിക്കാനോ സന്നദ്ധമാവുകയില്ല.

ഒരു മനഃശാസ്ത്രജ്ഞൻ കുറെ ആളുകളെ പരീക്ഷിക്കുകയായിരുന്നു. വെളുത്ത വലിയ ഒരു തുണി ഒരു ഓഡിറ്റോറിയത്തിൽ വലിച്ചു കെട്ടി. അതിന്റെ മധ്യഭാഗത്തു കടുകുമണിയുടെ ആകൃതിയിൽ മഷികൊണ്ട് കറുത്ത അടയാളമിട്ടു. പരീക്ഷണത്തിനു വിധേയരായവരോടു തങ്ങൾ എന്തു കാണുന്നു എന്നു പറയാൻ ആവശ്യപ്പെട്ടു. വിരിച്ചുകെട്ടിയ വലിയ വെള്ളത്തുണി കാണുന്നു എന്നു ചുരുക്കം ചിലർ പറഞ്ഞു. എന്നാൽ മറ്റുള്ളവർ പറഞ്ഞു: ഞങ്ങൾ കറുത്ത മഷിയടയാളം കാണുന്നു എന്ന്. വലിയ വെള്ളത്തുണി കാണാൻ അവർക്കു കണ്ണില്ല. അവർ കണ്ടത് കറുത്ത ചെറിയ പൊട്ടുമാത്രം!

നമ്മുടെ അവസ്ഥയുടെയും നിലവാരത്തിന്റെയും ഒരു യഥാർഥ ചിത്രം നൽകുന്ന സംഭവമാണിത്.  

താൻ മറ്റുള്ളവരുടെ നന്മ ദർശിക്കുകയും അംഗീകരിക്കുകയും ചെയ്താൽ തന്റെ നന്മയും ഔന്നത്യവും വൈശിഷ്ട്യവും ആരും കാണാതെയും അംഗീകരിക്കാതെയും പോകുമെന്ന ഭയമാണ് പലർക്കുമുള്ളത്. സ്വാർഥതയും അഹന്തയും വലിയ സ്വാധീനശക്തിയായി ഉള്ളിൽ വ്യാപരിക്കുന്നുണ്ടാവും. അതുകൊണ്ടു മറ്റുള്ളവരെ തരംതാഴ്ത്തിക്കാണിക്കാൻ ഉൽസുകരാകുന്നു. ഓർക്കുവാനുള്ളത്, തിന്മ വിതച്ചാൽ തിന്മ തന്നെ കൊയ്യും. നന്മ വിതച്ചാൽ നന്മയും.

സഹജരിലെ നന്മ കണ്ടെത്താൻ കഴിയാത്തതു യഥാർഥ സ്നേഹത്തിന്റെ അഭാവംമൂലമാണ്. നിസ്വാർഥ സ്നേഹം ഒരു വലിയ വരദാനമാണ്. പൗലോസ് അപ്പോസ്തോലൻ എഴുതുന്നു: ‘‘സ്നേഹം ക്ഷമയും കാരുണ്യവും കലർന്നതാണ്. അത് ഒരിക്കലും അസൂയപ്പെടുന്നില്ല. അസഹിഷ്ണുത കാണിക്കുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല. അഹങ്കരിക്കുന്നില്ല’’ ഒരുവനെ നിങ്ങൾ യഥാർഥത്തിൽ സ്നേഹിക്കുന്നപക്ഷം എന്തു വിലകൊടുത്തും അയാളോടു നിങ്ങൾ വിശ്വസ്തത പുലർത്തും. അയാളെ എപ്പോഴും വിശ്വസിക്കുകയും അയാളെപ്പറ്റി ഏറ്റവും ഉന്നതമായതു പ്രതീക്ഷിക്കുകയും അയാളെ സഹായിക്കാൻവേണ്ടി എന്തും സഹിക്കയും ചെയ്യും.

നമ്മുടെ നയനങ്ങൾ നന്നായി പ്രവർത്തിക്കണമെങ്കിൽ നമ്മുടെ ഹൃദയവ്യാപാരം ആശാസ്യവും ശ്രേഷ്ഠവുമായിരിക്കണം. ആന്തരികമായ ഭാവത്തിന്റെ ബഹിർസ്ഫുരണമാണത്.  

–ടി.ജെ.ജെ.

Content highlights: Innathe chintha vishayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com