ADVERTISEMENT

വാരിക്കുന്തം കൊണ്ടു തോക്കിനെ നേരിടാൻ  തൊഴിലാളികൾക്കു ധൈര്യം നൽകിയ സഖാവായിരുന്നു ‘കുന്തക്കാരൻ പത്രോസ്’. കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ തിരുവിതാംകൂർ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി കെ.വി.പത്രോസ്. പാർട്ടി അധികാരത്തിലേക്കു വളർന്നപ്പോൾ പത്രോസിനു വെറുംകൈയോടെ പുറത്തേക്കു നടക്കേണ്ടി വന്നു. ഈയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം അവസാനിക്കുമ്പോൾ, മാർച്ച് 9ന് പത്രോസിന്റെ 42–ാം ചരമവ‍ാർഷിക ദിനം. പാർട്ടി സമ്മേളനവേദികളിൽ ഓർമിക്കപ്പെടാറില്ലാത്ത കെ.വി.പത്രോസിന്റെ ജീവിതത്തിലൂടെ ഒരു യാത്ര... 

1943 മേയ് 23. ബോംബെയിലെ കാംഗർ മൈതാനത്തിനടുത്തുള്ള ആർ.എം.ഭട്ട് സ്കൂൾ ഹാളിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ പാർട്ടി കോൺഗ്രസ്. 139 സമ്മേളന പ്രതിനിധികളിൽ കേരളത്തിൽ നിന്നുണ്ടായിരുന്നത് 10 പേർ. പി.കൃഷ്ണപിള്ള, ഇഎംഎസ്, സി.ഉണ്ണിരാജ, കെ.സി.ജോർജ്, കേരളീയൻ, ടി.സി.നാരായണൻ നമ്പ്യാർ, എ.കെ.തമ്പി, പി.യശോദ, പി.കെ.കുഞ്ഞനന്തൻ, കെ.വി.പത്രോസ്. കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേർന്ന് ഒരു പാട്ടുപാടി. കയ്യൂരിലെ പാർട്ടി െസൽ സെക്രട്ടറിയായിരുന്ന കേളുനായർ കയ്യൂർ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.

 

79 വർഷത്തിനു ശേഷം.

തൃശൂർ തൃക്കൂരിലെ കാട്ടുങ്കൽ വീട്ടിൽ അഡ്വ.കെ.പി.സെൽവരാജിന്റെ വീട്ടിലെ ഷോകെയ്സിൽ ഒരു താമ്രപത്രമുണ്ട്. സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി വർഷത്തിൽ കേന്ദ്ര സർക്കാർ നൽകിയത്. താമ്രപത്രത്തിന്റെ ഒരരികിൽ െക.വി.പത്രോസ് എന്നു മലയാളത്തിൽ വിളക്കിച്ചേർത്ത പേര് പകുതിയോളം മാഞ്ഞിരിക്കുന്നു; കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രങ്ങളിലെന്നതു പോലെ.

വാരിക്കുന്തം കൊണ്ടു യന്ത്രത്തോക്കിനെ നേരിടാൻ സാധാരണ തൊഴിലാളിക്കു ധൈര്യം നൽകി, കമ്യൂണിസ്റ്റ് പാർട്ടിയെ സാധാരണക്കാരിലേക്ക് എത്തിച്ചവരിലൊരാളായ ‘കുന്തക്കാരൻ പത്രോസ്’. കയർ ഫാക്ടറി തൊഴിലാളിയായി തുടങ്ങി കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരുവിതാംകൂർ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയായ കെ.വി.പത്രോസ്. പാർട്ടി അധികാരത്തിന്റെ പത്രാസിലേക്കു വളർന്നപ്പോൾ വെറുംകൈയോടെ പുറത്തേക്കു നടന്ന പത്രോസ്. തിരുവിതാംകൂർ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നിട്ടും ഔദ്യോഗിക ചരിത്രങ്ങളിൽ ഇന്നും പാർട്ടിയുടെ അംഗീകാരം കിട്ടാതെ പോയ പത്രോസ്.

23-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി ഈയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം അവസാനിക്കുമ്പോൾ, മാർച്ച് 9 ന് കെ.വി.പത്രോസിന്റെ 42–ാം ചരമവ‍ാർഷിക ദിനമാണ്. പാർട്ടിയെ പടുത്തുയർത്താൻ ജീവിതം നൽകിയിട്ടും പാർട്ടി സമ്മേളനങ്ങളിൽ ഒരുതരത്തിലും ഓർമിക്കപ്പെടാതെ പോയ പത്രോസിനെക്കുറിച്ച് ഒരന്വേഷണം.

 

ഒരു വ്യസനം

pathros-1
കെ.വി. പത്രോസിനു സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി വർഷത്തിൽ കേന്ദ്രസർക്കാർ നൽകിയ താമ്രപത്രം.

1980 മാർച്ച് 11 തിങ്കൾ. മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ ഡയറിയിൽ കുറിച്ചു: ‘സ.കെ.വി.പത്രോസ് മരിച്ച വാർത്ത കാലത്തെ പത്രങ്ങളിൽ കണ്ടു. വ്യസനം തോന്നി.’

പത്രോസ് ആരാണെന്നു പറയാൻ അച്യുതമേനോന്റെ വാക്കുകൾക്കു കഴിയും – ‘ഒരുകാലത്ത് ആ മനുഷ്യൻ തിരുവിതാംക‍ൂറിലെ തൊഴിലാളി പ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ് പാർട്ടിയിലും വലിയ ഒരു പങ്കുവഹിച്ച ആളായിരുന്നു. ഞാനും അദ്ദേഹവുമൊരുമിച്ച് ഒളിവുജീവിതകാലത്ത് ഒരേ സങ്കേതത്തിൽ രണ്ടു കൊല്ലത്തോളം കഴിഞ്ഞുകൂടിയിട്ടുണ്ട്. സഖാവ് കെ.വി.പത്രോസ്. ആറടിക്കു താഴെ പൊക്കം. സ്വൽപം അകത്തോട്ട് ഒരു വളവുണ്ടോ എന്നു സംശയം തോന്നിക്കുന്ന ശരീരം. ലോഹദണ്ഡകൾ പോലെയുള്ളതും ഞരമ്പുകൾ എഴുന്നു നിൽക്കുന്നതുമായ നീണ്ട കൈകൾ. തഴമ്പാർന്ന കൈപ്പത്തിയും വിരലുകളും. വിടർന്ന മൂക്ക്. കാലിൽ ആണിരോഗം പിടിപെട്ടവരുടേതുപോലെ കാൽ കവച്ചുവച്ചുള്ള നടപ്പ്. ഞാൻ എറണാകുളത്തെ കായലോര റോഡിൽ വച്ച് ആദ്യമായി പത്രോസിനെ കണ്ടപ്പോൾ എന്റെ ഹൃദയത്തിൽ പതിഞ്ഞ രൂപം ഇങ്ങനെയുള്ളതാണ്. അന്നു പത്രോസ് തിരുവിതാംകൂറിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും സമാരാധ്യനായ നേതാവായിരുന്നു.’

അക്കാലത്തു തിരുവിതാംകൂറിൽ പാർട്ടി നടത്തുന്ന സമരപരിപാടികളെപ്പറ്റി ഇഎംഎസ് ഉൾപ്പെടെയുള്ളവർ പത്രോസിന്റെ അഭിപ്രായം തേടിയിരുന്നു. 1949 മുതൽ 51 വരെ പന്തളം കൊട്ടാരത്തിൽ ഒളിവിൽ കഴിഞ്ഞ കാലത്തും കായലിൽ കെട്ടുവള്ളങ്ങളിൽ ഷെൽട്ടർ (ഒളിവുതാവളം) ഒരുക്കിയ കാലത്തും പത്രോസും അച്യുതമേനോനും ഒന്നിച്ചായിരുന്നു.

അച്യുതമേനോൻ അവസാനമായി പത്രോസിനെ കാണുന്നത് പാർ‍ട്ടിയും പത്രോസുമായുള്ള ബന്ധം അവസാനിച്ച് കാൽനൂറ്റാണ്ടിനു ശേഷമാണ്. 1979. തിരുവനന്തപുരം പുലയനാർകോട്ട ക്ഷയരോഗാശുപത്രിയിലെ ആറാം വാർഡിൽ ചുമച്ചു ചുമച്ചു തളർന്ന്, എല്ലിൻകൂടു പോലെ പത്രോസ് കിടന്നു. പത്രോസിനെ അന്ന് ആർക്കും അറിയില്ല. ഒരു ദിവസം സി.അച്യുതമേനോൻ ആശുപത്രിയിൽ വന്നു, പത്രോസിനെ കാണാൻ. പിന്നൊരു ദിവസം അന്നത്തെ ആരോഗ്യമന്ത്രി കെ.പി.പ്രഭാകരനെത്തി. കുറച്ചു ദിവസം കഴിഞ്ഞ് തൃശൂരിൽ നിന്ന് 100 രൂപയുടെ മണിയോർഡർ എത്തി; പഴയ സഖാവിന് അച്യുതമേനോൻ അയച്ചത്! പത്രോസ് നിസ്സാരനല്ലെന്ന് ആശുപത്രിയിലുണ്ടായിരുന്നവർ തിരിച്ചറിഞ്ഞത് അങ്ങനെയാണ്.

 

എഴുതപ്പെടാത്ത ജീവിതം

കെ.വി.പത്രോസിന്റെ പൂർണമായ ജീവചരിത്രം എഴുതപ്പെട്ടിട്ടില്ല. 1980 മാർച്ച് 9 ന് 70–ാം വയസ്സിലാണ് പത്രോസ് മരിച്ചത്. ആ പ്രായത്തിലൂടെ പിന്നോട്ടു പോയാൽ 1910 ൽ പത്രോസ് ജനിച്ചിട്ടുണ്ടാകണം. കയർ തൊഴിലാളിയായിരുന്ന കാരിക്കുഴി വർഗീസിന്റെയും അന്ന റോസയുടെയും മൂത്ത മകൻ പത്രോസ് ദാരിദ്ര്യം നിറഞ്ഞ കൗമാരത്തിൽ തന്നെ വില്യം ഗുഡേക്കർ കമ്പനിയിലെ കയർ തൊഴിലാളിയായി. കയർ ചവിട്ടുപായ നെയ്ത്തിൽ വിദഗ്ധനായി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ (സിഎസ്പി) പത്രോസ് രാഷ്ട്രീയം തുടങ്ങി.

‘ആലപ്പുഴയിലും ചേർത്തലയിലും സിഎസ്പി രൂപീകരണം പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്കും പ്രചാരണത്തിനും ആക്കം കൂട്ടി. ആലപ്പുഴയിലെ തൊഴിലാളി നടനകലാ സമിതിയുടെ ഓഫിസായിരുന്നു സിഎസ്പിയുടെ പ്രവർത്തന കേന്ദ്രം. കെ.എൻ.ദത്ത്, പി.കെ.പത്മനാഭൻ, പി.കെ.പുരുഷോത്തമൻ, കെ.വി.പത്രോസ്, സൈമണാശാൻ, പി.വി.ആൻഡ്രൂസ്, കെ.ജോസഫ്, വി.എ.സോളമൻ, സി.എ.മാത്യു, കെ.കെ.കുഞ്ഞൻ എന്നിവരായിരുന്നു സിഎസ്പി ഘടകത്തിലെ അംഗങ്ങൾ.’ (കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം, രണ്ടാം ഭാഗം)

സാധാരണ തൊഴിലാളിയായ പത്രോസ് നേതൃപാടവവും അധ്വാനവും കൊണ്ടാണ് തൊഴിലാളികളെ നയിക്കുന്ന പ്രസ്ഥാനത്തിന്റെ നേതാവായത്. മരണത്തിന് ഒരു വർഷം മുൻപ് പത്രോസ് ‘മനോരമ’യ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു: ‘തൊഴിലാളി പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർട്ടിയുമാണ് യഥാർഥത്തിൽ എന്നെ മനുഷ്യനാക്കിയത്. അതുവരെ ഞാൻ മൃഗമായിരുന്നു. അതുകൊണ്ടു തന്നെയാണ് ഞാൻ ഇതേവരെ പാർട്ടിയെ തള്ളിപ്പറയാത്തത്...’

റോയി മാത്യു എഴുതിയ ‘ഇന്നലെയുടെ സുവിശേഷങ്ങളി’ൽ വിപ്ലവഗായിക എ.കെ.അനസൂയയുടെ വാക്കുകൾ: ‘തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ നാലാം വാർഷികത്തിനു ശേഷം യൂണിയനു കീഴിൽ തൊഴിലാളി കലാകേന്ദ്രം തുടങ്ങി. 1943 കാലഘട്ടം. തകഴി ശിവശങ്കരപ്പിള്ളയാണ് കലാകേന്ദ്രം ഉദ്ഘാടനം ചെയ്തത്. പി.കെ.പത്മനാഭൻ പ്രസിഡന്റായ കലാകേന്ദ്രത്തിന്റെ സെക്രട്ടറി കെ.വി.പത്രോസ് ആയിരുന്നു. പത്രോസാണ് പുനലൂർ പേപ്പർ മില്ലിൽ പോയി അവിടെ ട്രേഡ് യൂണിയൻ സംഘടിപ്പിച്ചത്. തിരുവിതാംകൂറിലെ പല ഫാക്ടറികളിലും ട്രേഡ് യൂണിയൻ സംഘടിപ്പിക്കുന്നതിൽ കെ.വി.പത്രോസിനു പ്രധാന പങ്കുണ്ട്.

ആദ്യമൊക്കെ യോഗങ്ങൾക്കു മെഗാഫോൺ ആണ് ഉപയോഗിച്ചിരുന്നത്. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയനു സ്വന്തമായി ഒരു മൈക്ക് സെറ്റ് വേണമെന്നു തീരുമാനിച്ച് കെ.വി.പത്രോസ് ബോംബെയിൽ പോയി ഒരു നല്ല സെറ്റ് വാങ്ങി. അത് എന്നെക്കൊണ്ടു പാടിച്ചാണ് ഉദ്ഘാടനം ചെയ്തത്. പുന്നപ്ര വയലാർ‍ സമരത്തിനു ശേഷം കലാകേന്ദ്രം ഓഫിസ് പൊലീസ് റെയ്ഡ് ചെയ്ത് എല്ലാം എടുത്തുകൊണ്ടുപോയി. കെ.വി.പത്രോസ് വാങ്ങിക്കൊണ്ടുവന്ന പുത്തൻ മൈക്ക് സെറ്റ് പൊലീസ് എടുക്കാതിരിക്കാൻ സുതൻ ഭാഗവതരുടെ വീട്ടിൽ കുഴിച്ചിട്ടെങ്കിലും അതും പൊലീസ് കണ്ടെടുത്തു.’

 

നേതാക്കൾക്ക് അന്നമൂട്ടിയ അന്ന റോസ

പി.കൃഷ്ണപിള്ള, ഇഎംഎസ് നമ്പൂതിരിപ്പാട്, എകെജി തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കൾ ആലപ്പുഴയിലെത്തുമ്പോൾ ആദ്യ ആശ്രയം കൊമ്മാടിക്കു സമീപമുള്ള കാട്ടുങ്കൽ കണ്ടത്തിൽ പത്രോസിന്റെ കുടിലായിരുന്നു. പത്രോസിന്റെ അമ്മ അന്ന റോസയുടെ ഭക്ഷണം കഴിക്കാത്ത നേതാക്കൾ ചുരുക്കം. പക്ഷേ, ഇഎംഎസിന്റെയും എകെജിയുടെയും ആത്മകഥകളിലുൾപ്പെടെ പത്രോസിന്റെ പേരു പോലും പരാമർശിച്ചിട്ടില്ല.

പത്രോസിന്റെ അമ്മയെക്കുറിച്ച് എകെജി ‘എന്റെ ജീവിതകഥ’യിൽ പരാമർശിക്കുന്നത് ഇത്രമാത്രം : ‘ഒരു ക്രിസ്ത്യൻ തൊഴിലാളിയുടെ വൃദ്ധമാതാവ് അവരുടെ (സമരസേനാനികളുടെ) യൂണിഫോറം സൂക്ഷിക്കുകയും രാത്രിയിൽപ്പോലും പണിമുടക്കിനെ സഹായിക്കുകയും ചെയ്തു. ആ വൃദ്ധയായ അമ്മ ഇന്നും പാർട്ടിയുടെ സ്വന്തം അമ്മയാണ്’.

 

പത്രോസ് ഒരു തീപ്പൊരി തന്നെയായിരുന്നു!

കേരളത്തിൽ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആദ്യത്തെ വലിയ പണിമുടക്കുകളിലൊന്ന് 1938 ൽ ആലപ്പുഴയിൽ നടന്നു. ആ പശ്ചാത്തലം പി.കേശവദേവിന്റെ ആത്മകഥാപരമായ ‘എതിർപ്പ്’ എന്ന കൃതിയിൽ പറയുന്നു:

‘അങ്ങനെയിരിക്കുമ്പോഴാണ് ഒരുദിവസം രണ്ടുപേർ കേശവനെ (കേശവദേവ്) കാണാൻ വന്നത്. അവർ ആലപ്പുഴെ നിന്നാണു വന്നത്. അവരിലൊരാൾ, സ്വാമി പത്മനാഭൻ എന്നറിയപ്പെടുന്ന പി.കെ.പത്മനാഭനായിരുന്നു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കൽക്കട്ടാ തീസിസിന്റെ പ്രവർത്തനകാലത്ത് കേരള കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന പത്രോസായിരുന്നു മറ്റേ ആൾ.’ തിരുവിതാംകൂർ ലേബർ അസോസിയേഷൻ സെക്രട്ടറിയായി കേശവദേവിനെ നിശ്ചയിക്കാൻ അനുവാദം തേടിയാണ് അവർ വന്നത്. കേശവദേവിനു സന്തോഷമായി. അക്കാലത്ത് കൊല്ലം, കോട്ടയം ജില്ലകളിൽ കേശവദേവ് പ്രസംഗിച്ച‍ുകൂടെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. അതു ലംഘിക്കാൻ അവസരമായല്ലോ!

കേശവദേവ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ പണിമുടക്ക് തുടങ്ങി. ‘കേശവന്റെ ഏറ്റവും അടുത്ത സഹപ്രവർത്തകന്മാർ വി.കെ.അച്യുതനും സ്വാമി പത്മനാഭനും പത്രോസും ചെമ്പുകളത്തിൽ വേലായുധനും സൈമൺ ആശാനും കൊല്ലം ജോസഫും ആയിരുന്നു. പത്രോസ് ഒരു തീപ്പൊരി തന്നെ ആയിരുന്നു....’ കേശവദേവ് എഴുതി.

1938 ലെ തുലാം ഏഴിന് ആരംഭിച്ച പണിമുടക്ക് മൂന്നാഴ്ചയിലധികം നീണ്ടു. വെടിവയ്പിൽ കുറെപ്പേർ മരിച്ചു. പക്ഷേ, തൊഴിലാളികൾക്കു പല അവകാശങ്ങളും നേടിക്കൊടുക്കാൻ സംഘടനയ്ക്കു കഴിഞ്ഞു. പത്രോസ്, കെ.കെ.വാരിയർ, പി.കേശവദേവ് എന്നിവരുൾപ്പെടെ നൂറോളം പേർ 9 മാസം തടവിലായി.

പത്രോസ് കുന്തക്കാരൻ ആയത് എങ്ങനെ? 

 

പത്രോസ് കുന്തക്കാരനായതിനെക്കുറിച്ച് ടി.വി.തോമസിന്റെ ജീവചരിത്രത്തിൽ ടിവികെ പറയുന്നതിങ്ങനെ : ‘1938 ൽ ആലപ്പുഴയിൽ നടന്ന തൊഴിലാളി പണിമുടക്കിൽ നേതൃത്വം നൽകിയതിൽ പ്രമുഖനായിരുന്നു കെ.വി.പത്രോസ്. തുലാം 7 ന് ആലപ്പുഴയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു നേരെ പൊലീസ് ഭീകരമായ മർദ്ദനം നടത്തി. വെടിവച്ചു. ആ സമരത്തിലാണ് കമുക് വാരികൾ കൊണ്ടുള്ള കുന്തം തൊഴിലാളികൾ ആദ്യമായി ആയുധമാക്കിയത്. അതിനു നേതൃത്വം നൽകിയത് പത്രോസ് ആയിരുന്നു.’ അങ്ങനെയാണ് ‘കുന്തക്കാരൻ പത്രോസ്’ ജനിച്ചത്!

 

pathros-2
പത്രോസിന്റെ ചിത്രത്തിനരികെ മകൻ കെ.പി. സെൽവരാജ്.

തിരുവിതാംകൂറിലെ ആദ്യ കമ്യൂണിസ്റ്റ് യോഗം

തിരുവിതാംകൂറിൽ ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടിയുടെ കൊടിക്കീഴിൽ പൊതുയോഗം 1941 ൽ പുന്നപ്രയിൽ സംഘടിപ്പിച്ചതു കെ.വി.പത്രോസ് ആണെന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരുവിതാംകൂർ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കെ.സി.ജോർജ് എഴുതിയിട്ടുണ്ട്.

പുതുപ്പള്ളി രാഘവൻ 1940 ൽ ജയിൽ മോചിതനായി വന്ന കാലത്ത് ആലപ്പ‍ുഴയിലും തിരുവനന്തപുരത്തും ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ രണ്ടു ഘടകങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നും ആലപ്പുഴ ഘടകത്തിൽ ടി.വി.തോമസ്, കെ.കെ.കുഞ്ഞൻ, പി.എ.സോളമൻ, പി.കെ.പത്മനാഭൻ, ഒ.ജെ.ജോസഫ്, കെ.വി.പത്രോസ്, സി.ഒ.മാത്യു, സൈമൺ ആശാൻ എന്നിവരുണ്ടായിരുന്നുവെന്നും ‘വിപ്ലവ സ്മരണകളി’ൽ പറയുന്നു.

‘1942 മാർച്ച് 28. പി.കൃഷ്ണപിള്ള എടലാക്കുടി ജയിലിൽ നിന്നു മോചിപ്പിക്കപ്പെട്ട ശേഷം പ്രധാന നേതാക്കളുടെ യോഗം പന്തളത്ത് എം.എൻ.ഗോവിന്ദൻനായരുടെ കുടുംബമായ മുളയ്ക്കൽ വീട്ടിൽ ചേരാൻ തീരുമാനിച്ചു.’(വിപ്ലവ സ്മരണകൾ, പുതുപ്പള്ളി രാഘവൻ). ആ യോഗത്തിൽ, കെ.സി.ജോർജ് സെക്രട്ടറിയായി, എം.എൻ.ഗോവിന്ദൻ നായർ, പി.ടി.പുന്നൂസ്, കെ.വി.പത്രോസ്, കൃഷ്ണപിള്ള എന്നിവർ ചേർന്ന് താൽക്കാലിക തിരുവിതാംകൂർ പാർട്ടി കമ്മിറ്റിയായി പ്രവർത്തിക്കാൻ തീരുമാനിച്ചു.

 

പത്രോസ്; പാർട്ടി സെക്രട്ടറി

കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരുവിതാംകൂർ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയായിരുന്നു കെ.വി.പത്രോസ്. ഏതു കാലത്താണെന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രങ്ങളിലില്ല. പുന്നപ്ര– വയലാർ സമര കാലം മുതൽ കൽക്കത്ത തീസിസ് അവതരിപ്പിച്ച 1948 ന് തൊട്ടു മുൻപു വരെ പത്രോസ് കമ്യൂണിസ്റ്റ് പാർട്ടി തിരുവിതാംകൂർ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നുവെന്ന് ചില ആത്മകഥകളിലെയും ജീവചരിത്രങ്ങളിലെയും പരാമർശങ്ങളിൽ നിന്ന് ഊഹിക്കാം.

വി.എസ്.അച്യുതാനന്ദന്റെ ജീവചരിത്രമായ ‘വിഎസിന്റെ ആത്മരേഖ’യിൽ (പി.ജയനാഥ്) പറയുന്നു : ‘പാതിരാ കഴിഞ്ഞു. പനയ്ക്കൽ വളണ്ടിയർ ക്യാംപ് ഉറങ്ങിയിട്ടില്ല. പുറത്ത് ഏഴ്– എട്ട് വളണ്ടിയർമാർ ഇരുട്ടത്തു കാവലുണ്ട്. അകത്ത് ചെറിയൊരു പാട്ടവിളക്ക് എരിയുന്നു. അതിന്റെ വെട്ടത്ത് വിഎസിന്റെ ഗൗരവപൂർവമായ മുഖം. അടുത്ത് എച്ച്.കെ.ചക്രപാണിയും. കൂടിയാലോചന നടക്കുകയാണ്. രണ്ടു കാര്യങ്ങളായിരുന്നു ആലോചനാ വിഷയം: ഒന്ന് – വിഎസിനു മാറി നിൽക്കേണ്ടി വരും. പാർട്ടി സെക്രട്ടറി കെ.വി.പത്രോസിന്റെ ചിറ്റ് കിട്ടിയിരുന്നു– ‘മാറണം’.

സി.അച്യുതമേനോന്റെ ജീവചരിത്രത്തിൽ (ആരോമലുണ്ണി) പറയുന്നു: ‘1948 ൽ ഒളിവിൽ പോകുമ്പോൾ അച്യുതമേനോൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കൊച്ചിൻ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. 1949 മുതൽ 1950 വരെ ഒളിവിൽ പ്രവർത്തിച്ച പാർട്ടിയുടെ തിരു– കൊച്ചി സ്റ്റേറ്റ് ഹെഡ് ക്വാർട്ടേഴ്സ് പന്തളം കൊട്ടാരമായിരുന്നു. ഒരുകാലത്ത് പാർട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറിമാരായിരുന്ന കെ.വി.പത്രോസ്, പി.ടി.പുന്നൂസ് എന്നിവരായിരുന്നു അച്യുതമേനോനെ കൂടാതെ ഹെഡ്ക്വാർട്ടേഴ്സിൽ പ്രവർത്തിച്ചിരുന്നത്. അന്ന് ഓഫിസ് സെക്രട്ടറിയായിരുന്നു പിൽക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന പി.കെ.വാസുദേവൻ നായർ.’

‘പുന്നപ്ര – വയലാർ സമരത്തിനു മുന്നോടിയായുള്ള ക്യാംപിൽ കമ്യ‍ൂണിസ്റ്റ് പാർട്ടിയുടെ തിരുവിതാംകൂർ സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിൽ കെ.വി.പത്രോസ് എഴുതിയ ‘സർ സിപിയുടെ ആവനാഴിയിലെ അവസാന ആയുധം’ എന്ന തലക്കെട്ടിലുള്ള ലഘുലേഖ വായിച്ചു’ എന്ന് പുന്നപ്ര– വയലാർ സമര സേനാനി പി.ജെ.സെബാസ്റ്റ്യൻ ‘ഇന്നലെയുടെ സുവിശേഷങ്ങളി’ൽ റോയി മാത്യുവിനോടു പറഞ്ഞിട്ടുണ്ട്.

 

പുന്നപ്ര വയലാർ

1942 ൽ പുണെയിൽ ഒരു മാസത്തെ റഗുലർ ആർമി പരിശീലനത്തിന് കമ്യൂണിസ്റ്റ് പാർട്ടി റിക്രൂട്ട് ചെയ്ത തിരുവിതാംകൂറിൽ നിന്നുള്ള 9 അംഗ കെഡറ്റ് സംഘത്തിന്റെ നേതാവായിരുന്നു പത്രോസ്. ആ പരിശീലനം പുന്നപ്ര – വയലാർ സമരത്തിന് ഗുണകരമായി. പുന്നപ്ര വയലാർ സമരത്തിന്റെ അഞ്ചംഗ ആക്‌ഷൻ കൗൺസിൽ അംഗമായിരുന്ന പത്രോസ് ആലപ്പുഴയിലെ സമരത്തിന്റെ പൂർണ ഉത്തരവാദിത്തമുള്ള ‘ഡിക്ടേറ്ററു’മായിരുന്നു.

കെ.വി.പത്രോസ്, പി.ജി.പത്മനാഭൻ, സി.ജി.സദാശിവൻ, കെ.കെ.കുഞ്ഞൻ, കെ.സി.ജോർജ് എന്നിവരുൾപ്പെട്ട പാർട്ടി നേതൃത്വം ഒളിവിലും ടി.വി.തോമസ് (ട്രേഡ് യൂണിയൻ നേതൃത്വം), സി.കെ.കുമാരപ്പണിക്കർ (ബഹുജന നേതൃത്വം) തുടങ്ങിയവർ പരസ്യമായും പ്രവർത്തിച്ചു. ഒളിവിലുള്ള നേതൃത്വം കോഴിക്കോട്ടുള്ള കേന്ദ്ര പാർട്ടി നേതൃത്വവുമായി നിരന്തര ബന്ധം പുലർത്തിയിരുന്നു.

1946 ഒക്ടോബർ 22 ന് പുന്നപ്രയിൽ കമ്യൂണിസ്റ്റുകാർ പുന്നപ്ര പൊലീസ് ക്യാംപ് ആക്രമിച്ചു. പൊലീസുകാരും തൊഴിലാളികളും ഉൾപ്പെടെ ഏറ്റുമുട്ടലിൽ മരിച്ചു. തൊഴിലാളികൾ പൊലീസിന്റെ 9 തോക്കുകൾ പിടിച്ചെടുത്തു. പിന്നീട് പാർട്ടി നിർദേശ പ്രകാരം അതു കായലിൽ കെട്ടിത്താഴ്ത്തി. സമരത്തിനു ശേഷം പത്രോസ് ആറു വർഷത്തോളം ഒളിവിലായിരുന്നു. പത്രോസിനെ പിടിച്ചു കൊടുക്കുന്നവർക്ക് ദിവാൻ 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

 

നയം നടപ്പാക്കിയതിന് നടപടി

1948 ൽ വിവാദമായ കൽക്കത്ത തീസിസ് പാർട്ടിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അതനുസരിച്ച് പാർട്ടി നയം നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ നേതാവാണ് കെ.വി.പത്രോസ്. രാജ്യം സ്വതന്ത്രമായ ശേഷം പാർട്ടി പാർലമെന്ററി ശൈലിയിലേക്കു മാറിയപ്പോൾ പലർക്കും പത്രോസിനെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല; പത്രോസിനു തിരിച്ചും.

തിരുവിതാംകൂറിൽ ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ആലപ്പുഴയിൽ മാത്രം കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥികളെ നിർത്താനും മറ്റിടങ്ങളിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കാനുമുള്ള ഇഎംഎസിന്റെ നിർദേശവുമായി എത്തിയ ഉണ്ണിരാജയോട് പത്രോസ് പൊട്ടിത്തെറിച്ചുവെന്നാണ് കഥ. അതെപ്പറ്റി സി.അച്യുതമേനോൻ എഴുതി: ‘നാം നമുക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിറുത്തണമെന്ന പത്രോസിന്റെ നിലപാട് വളരെ ശരിയായിരുന്നുവെന്നാണ് തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത്. അങ്ങനെ ഒരു നയം സ്വീകരിക്കാൻ പത്രോസാണ് പാർട്ടിയെ പ്രേരിപ്പിച്ചതെങ്കിൽ നിശ്ചയമായും അതു തൊഴിലാളി വർഗത്തിന്റെ യാഥാർഥ്യബോധത്തെയും കോമൺസെൻസിനെയും പ്രകടമാക്കുന്ന ഒരു സംഭവമാണ്.’

രഹസ്യമായും പരസ്യമായും പത്രോസിനെതിരെ നീക്കങ്ങളുണ്ടായി. 1951 ൽ പാളയംകോട്ട് പാർട്ടി നേതൃയോഗം ചേർന്നു. ‘അവർ രാജ്യത്തിനു വേണ്ടി ജീവിച്ചു’ എന്ന പുസ്തകത്തിൽ അച്യുതമേനോൻ എഴുതുന്നു : ‘അകാലികങ്ങളും സാഹസികങ്ങളുമായ സമരാഹ്വാനങ്ങളുടെയും എടുത്തുചാട്ടങ്ങളുടെയും ഫലമായി പാർട്ടി ബഹുജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുവരികയായിരുന്നു. പാർട്ടി ലൈനിൽ ചില ഭേദഗതികൾ വരുത്തേണ്ടതിന്റെ ആവശ്യകത ഊന്നി അജയ് ഘോഷും ഡാങ്കേയും ഘാട്ടേയും പാർട്ടി നേതൃത്വത്തിനു കത്തയച്ചു. (ദ് ത്രീപീസ് ഡോക്യുമെന്റ്). 1951 ൽ പുതിയ സ്ഥിതിവിശേഷം ചർച്ച ചെയ്യാൻ പാർട്ടി നേതൃത്വ നിലവാരത്തിൽ തിരുനെൽവേലിയിൽ വച്ച് ഒരു യോഗം കൂടി. അനേകദിവസം നീണ്ട യോഗമായിരുന്നു. സി.അച്യുതമേനോൻ, എൻ.ഇ.ബലറാം, കെ.വി.പത്രോസ്, കെ.എ.കേരളീയൻ, പി.കെ.വാസുദേവൻ നായർ, എൻ.സി.ശേഖർ എന്നിവരും സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയിൽ ഇഎംഎസും ആ യോഗത്തിൽ പങ്കെടുത്തു.’

സംസ്ഥാന കമ്മിറ്റിയിൽനിന്നു ബ്രാഞ്ചിലേക്ക്; പിന്നെ പുറത്തേക്ക്

അന്നത്തെ തിരുനെൽവേലി യോഗത്തിന്റെയും കേന്ദ്രനേതൃത്വത്തിന് അയച്ചുകൊടുത്ത രേഖയുടെയുമെല്ലാം ഫലമായി പാർട്ടിയുടെ നയം മാറി. പക്ഷേ, പാർട്ടി നയം കർശനമായി നടപ്പാക്കിയതിന്റെ പേരിൽ പത്രോസിനെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ആറാട്ടുവഴി ബ്രാഞ്ചിലേക്കു തരംതാഴ്ത്താൻ തീരുമാനിച്ചു. കുറച്ചുകാലം ബ്രാഞ്ച് യോഗങ്ങളിൽ മൂകനായി പങ്കെടുത്ത പത്രോസ് പിന്നീടു പാർട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു.

pathross-death
പത്രോസ് ഉറങ്ങുന്ന മണ്ണ്: കെ.വി. പത്രോസിന്റെ സംസ്കാരം നടത്തിയ ആലപ്പുഴ കാഞ്ഞിരംചിറയിലെ ശ്മശാനം ഇപ്പോൾ. ചിത്രം: അരുൺ ശ്രീധർ ∙ മനോരമ

പത്രോസ് ആദ്യത്തെ തൊഴില‍ിലേക്കു മടങ്ങാൻ ശ്രമിച്ചു – കയർഫാക്ടറി തൊഴിലാളി എന്ന നിലയിൽ. പഴയ കമ്യൂണിസ്റ്റ് നേതാവിനെ ആരും ജോലിക്കെടുത്തില്ല. പത്രോസ് വഴിച്ചേരിയിൽ കയറ്റുപായയും ചകിരിത്തടുക്കും വിൽക്കുന്ന കട തുടങ്ങി. വൈകാതെ കച്ചവടം പൊളിഞ്ഞു. പ്രദർശന മേളകളിൽ പത്രോസിന്റെ കയർ സ്റ്റാൾ പ്രത്യക്ഷപ്പെട്ടു. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം. തിരുവനന്തപുരം പുത്തരിക്കണ്ടത്ത് പ്രദർശനം നടന്നു. അതു കാണാൻ മുഖ്യമന്ത്രി ഇഎംഎസും എത്തി. കയർ സ്റ്റാളിൽ നിന്ന പത്രോസിനെ കണ്ട ഭാവം നടിക്കാതെ ഇഎംഎസ് നടന്നു നീങ്ങിയെന്നാണ് കഥ.

പിന്നീട്, സോവിയറ്റ് നാട് എന്ന പ്രസിദ്ധീകരണത്തിന്റെ ഏജന്റായെങ്കിലും ഒരിക്കൽ ചിലർ പത്രോസിന്റെ സൈക്കിളിൽ നിന്ന് ഏജൻസി പണം സൂക്ഷിച്ചിരുന്ന ബാഗ് മോഷ്ടിച്ചു. ഏജൻസി പൊളിഞ്ഞു. പട്ടിണിക്കു പിന്നാലെ ക്ഷയവും ആസ്മയും പിടികൂടി. സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയിൽ അന്നത്തെ സർക്കാർ പത്രോസിന് തൃശൂരിൽ മൂന്നര ഏക്കറും കൊട്ടാരക്കരയ്ക്ക് അടുത്ത് രണ്ടര ഏക്കറും നൽകി.

പത്രോസ് വിപ്ലവകാരിയായിരുന്ന കാലത്താണ് പാർട്ടി നിർദേശപ്രകാരം ശാരദയെ വിവാഹം ചെയ്തത്. പാർട്ടിയിൽ നിന്ന് അപമാനിതനായി തരംതാഴ്ത്തപ്പെട്ട കാലത്ത് ആ വിവാഹബന്ധവും പിരിഞ്ഞു. ഈ ബന്ധത്തിലെ മൂത്ത മകൻ ചെറുപ്പത്തിൽ തന്നെ മരിച്ചു. രണ്ടാമത്തെ മകൻ മണി പത്രോസിനും അന്ന റോസയ്ക്കുമൊപ്പം വളർന്നു. കുറച്ചുകാലം കഴിഞ്ഞ് പത്രോസ് ആറു കുട്ടികളുടെ അമ്മയായ തങ്കമ്മയെ വിവാഹം ചെയ്തു.

രണ്ടാമത്തെ ഭാര്യ തങ്കമ്മയെയും മക്കളായ കെ.പി.സെൽവരാജിനെയും സെൽവിയെയും കൂട്ടി പത്രോസ് തൃശൂരിലേക്കു മാറി. അഭിഭാഷകനായ സെൽവരാജും സെൽവിയും കുടുംബത്തോടൊപ്പം ഇപ്പോൾ തൃശൂരിലാണ് താമസം. കൊട്ടാരക്കരയിലെ ഭൂമി ആദ്യഭാര്യയിലെ മകൻ മണിക്കു നൽകി. അതു വിറ്റ് മണി ആലപ്പുഴയിൽ വീടു വാങ്ങി. ഇപ്പോൾ ജീവിച്ചിരിപ്പില്ല.

 

മറഞ്ഞുപോയ പുന്നപ്ര – വയലാർ ചരിത്രം

പാതിരപ്പള്ളിയിലെ വീട്ടിൽ മണിയും അന്ന റോസയുമൊത്ത് താമസിച്ച കാലത്ത് പത്രോസിനെ കാണാൻ വയലാർ രാമവർമ്മ വന്നു, ‘ആലപ്പുഴയുടെയും പുന്നപ്ര – വയലാറിന്റെയും ചരിത്രം എഴുതാൻ ഏറ്റവും യോഗ്യൻ പത്രോസാണ്. എഴുതണം’ എന്നു പറഞ്ഞു. ‘എനിക്ക് എഴുതാൻ പറ്റില്ല’ എന്നു പത്രോസ്. ‘ആളെ വിട്ടുതരാം, പറഞ്ഞുകൊടുത്താൽ മതി’ എന്നു വയലാർ നിർബന്ധിച്ചു.

‘അതു വേണ്ട, എന്റെ ശൈലിയിൽ എഴുതിക്കൊള്ളാം’ എന്നു പറഞ്ഞ പത്രോസ് മകൻ മണിക്കു പറഞ്ഞുകൊടുത്ത് കുറെ എഴുതിച്ചു. ഇടയ്ക്ക് വിപ്ലവ ഗാനങ്ങളും ചേർത്തു. നൂറു പേജിന്റെയും ഇരുന്നൂറു പേജിന്റെയും ഓരോ ബുക്കിൽ മണി കേട്ടെഴുതിയ പുസ്തകം തെറ്റു തിരുത്താൻ പത്രോസ് ആരെയോ ഏൽപ്പിച്ചു. ഇന്നോളം ആ പുസ്തകം പുറത്തിറങ്ങിയില്ല!

 

ആർക്കു മുന്നിലും തലകുനിക്കാതെ

‘പക്ഷേ, എനിക്കതിൽ നിരാശയില്ല. ഒരിക്കലും ഞാൻ സ്ഥാനമാനങ്ങൾക്കു വേണ്ടി പോയിട്ടില്ല. ഒരുത്തന്റെയും മുൻപിൽ തലകുനിച്ചിട്ടുമില്ല’– പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടതിനെക്കുറിച്ച് മരണത്തിന് മുൻപ് ‘മലയാള മനോരമ’യ്ക്കു നൽകിയ അഭിമുഖത്തിൽ കെ.വി.പത്രോസ് പറഞ്ഞു.

മന്ത്രിയായിരുന്ന എം.എൻ.ഗോവിന്ദൻ നായരെ കാണാൻ ഒരിക്കൽ പത്രോസ് തിരുവനന്തപുരത്തു പോയി. തന്നെ ചികിത്സിക്കുന്ന ഡോക്ടറുടെ സ്ഥലംമാറ്റം റദ്ദാക്കാൻ മറ്റു ചില രോഗികളുടെ നിർബന്ധം കാരണമാണ് പോയത്. പത്രോസിനെ കണ്ട എം.എൻ.ഗോവിന്ദൻ നായർ ഓടിവന്നു ചേർത്തുപിടിച്ചു, കുശലം പറഞ്ഞു. പത്രോസ് നിവേദനത്തിന്റെ കോപ്പി മന്ത്രിക്കു കൊടുത്തു. വേണ്ടതു ചെയ്യാമെന്ന് അദ്ദേഹം ഉറപ്പു നൽകി.

അന്നു തന്നെ പത്രോസ് മുഖ്യമന്ത്രി അച്യുതമേനോന്റെ വസതിയിലെത്തി. സുരക്ഷാ ഭടൻ തടഞ്ഞു. മുഖ്യമന്ത്രിയെ കാണാനാകില്ല. ‘അമ്മിണിയമ്മയെ കണ്ടാൽ മതി, പത്രോസ് വന്നെന്നു പറയൂ’ എന്ന് പത്രോസ്. അകത്തു സന്ദേശമെത്തിയപ്പോൾ തന്നെ മുഖ്യമന്ത്രി പത്രോസിനെ വിളിപ്പിച്ചു. അര മണിക്കൂറോളം സംസാരിച്ച ശേഷമാണ് പത്രോസ് മടങ്ങിയത്. അന്നു നൽകിയ നിവേദനത്തിലെ ആവശ്യം നടപ്പായി, ഡോക്ടർ തിരികെയെത്തി.

 

മരിച്ച ശേഷം വഴക്കിനു വയ്യ

മരണത്തിനു മുൻപ് പത്രോസ് അടുത്ത സുഹൃത്തായ രാമൻകുട്ടിയെ വിളിച്ചു. അന്ന് കൊമ്മാടിയിലെ ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ സെക്രട്ടറിയായിരുന്നു രാമൻകുട്ടി എന്ന് ‘കെ.വി.പത്രോസ്: കുന്തക്കാരനും ബലിയാടും’ എന്ന പുസ്തകത്തിൽ ജി.യദുകുലകുമാർ പറയുന്നു. കാഞ്ഞിരംചിറയിലെ എസ്എൻഡിപി യോഗം വക ശ്മശാനത്തിൽ തന്നെ സംസ്കരിക്കണമെന്നായിരുന്നു രാമൻകുട്ടിയോട് പത്രോസിന്റെ ആവശ്യം. പുന്നപ്ര– വയലാർ കാലം മുതൽ പി.കൃഷ്ണപിള്ള ഉൾപ്പെടെയുള്ള പ്രധാന കമ്യൂണിസ്റ്റ് നേതാക്കളെ സംസ്കരിച്ച ‘വലിയചുടുകാട്ടിൽ എനിക്കു വയ്യ. അവരവിടെ (അന്തരിച്ച കമ്യൂണിസ്റ്റ് നേതാക്കൾ) ഉണ്ടല്ലോ. അവിടെയും കിടന്ന് ഇനി അവരോടു വഴക്കു വയ്യ. എനിക്കൽപം സ്വസ്ഥത വേണം’ എന്ന് അദ്ദേഹം പറഞ്ഞു.

ആഗ്രഹം പോലെ 1980 മാർച്ച് 10 ന് ആലപ്പുഴ കാഞ്ഞിരംചിറയിലുള്ള ശ്മശാനത്തിൽ പത്രോസിനെ സംസ്കരിച്ചു. ഇന്ന് കാടുമൂടിക്കിടക്കുന്ന ആ ശ്മശാനത്തിൽ, ‘പത്രോസ് ലയിച്ചു ചേർന്ന മണ്ണാണ് ഇത്’ എന്ന് ഓർമപ്പെടുത്തുന്ന ഒന്നും ബാക്കിയില്ല!

 

Content highlights: K.V Pathros Life story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com